അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ക്ഷേത്രങ്ങളായി മാറുകയാണ്; വിശ്വാസികള്‍ രക്തം തിളക്കേണ്ട കാര്യമില്ല; അത് വെറും ഒരു റിയല്‍ എസ്റ്റേറ്റ് കൈമാറ്റം മാത്രമാണ്; നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എഴുതുന്നു


‘അമേരിക്കയിലും യൂറോപ്പിലും ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കുറഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ പല പള്ളികളും മേല്‍പ്പറഞ്ഞ പോലെ ഉള്ള ഇളവുകള്‍ കിട്ടിയിട്ട് പോലും  ലാഭകരമായി നടത്തികൊണ്ട് പോകാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് വലിയ തുകയ്ക്ക് പള്ളികള്‍ മറ്റുളളവര്‍ക്ക് വില്‍ക്കുന്നത്. പള്ളി പണിയാന്‍ വിശ്വാസി പൈസ കൊടുക്കണം എങ്കിലും പള്ളി വിറ്റാല്‍ വിശ്വാസിക്ക് പൈസ കിട്ടുമോ എന്നെനിക്ക് വലിയ ഉറപ്പൊന്നും ഇല്ല. പക്ഷെ അമ്പലം പള്ളി ആകുന്നതോ , പള്ളി അമ്പലം ആകുന്നതു നമ്മള്‍ പേടിക്കേണ്ട കാര്യമില്ല, അത് വെറും ഒരു റിയല്‍ എസ്റ്റേറ്റ് കൈമാറ്റം മാത്രമാണ്. അതില്‍ വിശ്വാസികള്‍ക്ക്  രക്തം തിളക്കേണ്ട കാര്യമില്ല.’-  നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.  
ഹിന്ദു ക്ഷേത്രങ്ങളായി മാറുന്ന ക്രിസ്ത്യന്‍ പള്ളികള്‍

ഈ ഫോട്ടോയില്‍ കാണുന്ന കെട്ടിടം എന്താണെന്നു പിടികിട്ടിയോ?
ഞങ്ങള്‍ താമസിക്കുന്ന ന്യൂ ജേഴ്‌സിയില്‍ ഉള്ള ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രമാണിത്. ഞങ്ങള്‍ ഇടക്ക് ഫ്രീ ആയി കിട്ടുന്ന ഫുഡ് കഴിക്കാനും, വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഡാന്‍സ് പരിപാടി കാണാനും എല്ലാം പോകാറുണ്ട്. പക്ഷേ പുറത്തു നിന്ന് കണ്ടാല്‍ ഇത് ഒരമ്പലം ആണെന്ന് തോന്നുകയേ ഇല്ല. കാരണം ഇത് മുന്‍പ് ഒരു ഗ്രീക്ക് ഓര്‍ത്തഡോക്ള്‍സ് പള്ളിയായിരുന്നു. പള്ളിയില്‍ ആളുകള്‍ കുറഞ്ഞപ്പോള്‍ നടത്തികൊണ്ടുപോകുന്നത് നഷ്ടം ആണെന്ന് കണ്ട പള്ളി അധികാരികള്‍ ന്യൂ ജേഴ്‌സിയില്‍ വളര്‍ന്നു വരുന്ന വിഭാഗമായ ഹിന്ദുക്കള്‍ക്ക് ഈ പള്ളി വില്‍ക്കുകയായിരുന്നു.

ഒരമ്പലം പുതിയതായി പണിയുന്നതിനേക്കാള്‍ ചിലവ് കുറവാണു പള്ളി വാങ്ങി അമ്പലം ആക്കി മാറ്റിയാല്‍. വലിയ പള്ളികള്‍ക്കും ഇതുപോലെ വേറെ മുസ്ലിം പള്ളി ആയോ ഹിന്ദു അമ്പലം ആയോ മാറ്റാന്‍ വേണ്ടി നടക്കുന്നവര്‍ക്ക് വില്കുന്നതാണ് നല്ലത്. പലപ്പോഴും നഗരഹൃദയത്തില്‍ നിന്ന് മാറി നിര്‍മിച്ചിരിക്കുന്ന ഇത്തരം വലിയ പള്ളികള്‍ ഒരു ബാര്‍ ആക്കി മാറ്റാന്‍ ഒക്കെ ബുദ്ധിമുട്ടാണ്. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എല്ലാം കിട്ടുന്നത് കൊണ്ട് മറ്റൊരു ആരാധനാലയം ആക്കി മാറ്റുന്നതിന് വലിയ ബുദ്ധിമുട്ടില്ല.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല. ഒരു വര്‍ഷത്തില്‍ അനേകം ക്രിസ്ത്യന്‍ പള്ളികള്‍ ഇതുപോലെ ഹിന്ദു ക്ഷേത്രങ്ങള്‍ ആയി മാറുന്നുണ്ട്. ന്യൂ ജേഴ്‌സിയില്‍ തന്നെ പ്ലെയിന്‍ഫീല്‍ഡില്‍ ഉള്ള 2015 ല്‍ ഉത്ഘാടനം ചെയ്യപ്പെട്ട ഹരേ രാമ ഹരേ കൃഷ്ണ അമ്പലം 2014 ല്‍ 1.4 മില്യണ്‍ ഡോളര്‍ കൊടുത്ത് വാങ്ങിയ ഒരു ക്രിസ്ത്യന്‍ പള്ളിയാണ്. ഡെലാവെയറിലെ സ്വാമി നാരായണ്‍ അമ്പലവും പഴയ പള്ളിയാണ്.   വിര്‍ജിനിയയിലെ അന്‍പത് വര്‍ഷം പഴക്കമുള്ള ഒരു ചര്‍ച്ച് ഈയടുത്ത് സ്വാമിനാരായണ്‍ ക്ഷേത്രം ആക്കി മാറ്റിയിരുന്നു. അമേരിക്കയില്‍ അങ്ങോളമിങ്ങോളം കുറഞ്ഞത് അമ്പത്  ക്രിസ്ത്യന്‍ പള്ളികള്‍ എങ്കിലും ക്ഷേത്രങ്ങള്‍ ആയി മാറിക്കാണണം.

നിസ്‌കരിക്കുന്ന ദിശ പ്രധാനപ്പെട്ട ഒരു കാര്യം ആയതുകൊണ്ട് മാത്രം ആയിരിക്കണം മുസ്ലിങ്ങള്‍ ക്രിസ്ത്യന്‍ പള്ളികള്‍ വാങ്ങാത്തത്, അല്ലെങ്കില്‍ അവരും വാങ്ങിയേനെ. ചില ചര്‍ച്ചുകള്‍ ബുദ്ധിസ്റ്റ്  കേന്ദ്രങ്ങള്‍ ആയും മാറിയിട്ടുണ്ട്.

ഇതെല്ലം കേട്ടിട്ട് ഇവിടെ  ആരുടേയും മതവികാരം വൃണപ്പെടുകയോ രക്തം തിളക്കുകയോ ചെയ്യാറില്ല. കാരണം ലോകത്തിലെ ഏറ്റവും ലാഭകരമായ, എളുപ്പം നടത്തികൊണ്ടുപോകാവുന്ന ബിസിനെസ്സ് മാത്രമാണ് മതം. ലോകത്ത് ആകമാനം 1.2 ട്രില്യണ്‍ ഡോളര്‍ ബിസിനെസ്സ് ആണ് മതം. ഇന്ത്യയുടെ ജിഡിപിയുടെ പകുതി വരും ഈ സംഖ്യ. കത്തോലിക്കാ സഭയ്ക്ക് കണക്കാക്കാന്‍ കഴിയാത്ത അത്ര വരുമാനവും സ്വത്തും ഉണ്ടെന്നാണ് പറയപ്പെടുന്നത്. പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കള്‍ കൃത്യമായി ഓഡിറ്റ് ചെയ്യാന്‍ തന്നെ ബുദ്ധിമുട്ടാണ്.

അമേരിക്കയില്‍ കൊറോണ കാരണം ബുദ്ധിമുട്ടിലായി ബിസിനസ്സുകാര്‍ക്ക് ഇവിടെ ഉള്ള സര്‍ക്കാര്‍ ധനസഹായം നല്‍കിയപ്പോള്‍ ആദ്യം തന്നെ അപേക്ഷ കൊടുത്ത് നികുതിദായകരുടെ എട്ട് മില്യണ്‍ ഡോളര്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയത് ഏതാണ്ട് പത്ത് ബില്യണ്‍ ഡോളര്‍ ക്യാഷ് ആയി കൈയില്‍ ഉണ്ടായിരുന്ന ഷാര്‍ലറ്റ് അതിരൂപതയാണ്. പുരോഹിതന്മാര്‍  കുട്ടികളെ പീഡിപ്പിച്ച കേസില്‍ വലിയ സംഖ്യ നഷ്ടപരിഹാരം നല്‍കേണ്ടി വന്ന ന്യൂയോര്‍ക്ക് അതിരൂപതയും സര്‍ക്കാരിന്റെ കൊറോണ റിലീഫ് ഫണ്ടില്‍  നിന്ന് 1.5 ബില്ല്യന്‍ ഡോളേഴ്സ് നേടിയെടുത്തു.
ഇവ ബിസിനസുകളാണെന്ന് കാണാന്‍ ഇതിലും വലിയ തെളിവുകള്‍ വേണ്ട.

മുഹമ്മദിന്റെ മുടി കാണിച്ചു പണം തട്ടുന്ന കേരളത്തിലെ പുരോഹിതന്‍ മുതല്‍ കെട്ടിപ്പിടിക്കാന്‍ പൈസ വാങ്ങുന്ന അമ്മ വരെ കോടികള്‍ ആസ്തിയുള്ള ബിസിനസ്സുകള്‍ നടത്തിക്കൊണ്ടു പോകുന്നവരാണ്. ഇവരുടെ ആശുപത്രിയില്‍ പൈസ വാങ്ങാതെ കുറെ ഡോക്ടര്‍മാര്‍ വിദേശത്തു നിന്നും മറ്റും ജോലി ചെയ്യുന്നുണ്ട്, പക്ഷെ സൗജന്യമായി ചികിത്സ എത്ര പേര്‍ക്ക് ലഭിക്കുന്നു എന്നത് കണ്ടറിയേണ്ട കാര്യമാണ്. കാരണം ആവശ്യമുള്ള ആളുകള്‍ക്ക് സൗജന്യ ചികിത്സ കൊടുക്കുന്ന ഒരു സ്ഥാപനങ്ങള്‍ക്കും ഇതുപോലെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ കഴിയില്ല.   (അമ്മ ന്യൂ യോര്‍ക്കില്‍  വരുമ്പോള്‍  ഒരു കെട്ടിപിടുത്തതിന് $250 ആയിരുന്നു കൊറോണ വരുന്നതിനു മുന്‍പുള്ള റേറ്റ്, അതും കെട്ടിപ്പിടുത്തം കിട്ടും എന്ന് ഉറപ്പൊന്നും ഇല്ല, കൊറോണ കഴിഞ്ഞു റേറ്റ് കൂടുമോ എന്നറിയില്ല.  ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ചോദിച്ചാല്‍ ചൂടാകുന്ന സദ്ഗുരുവും ഇരുന്നൂറ്റി അമ്പത് ഡോളര്‍ തന്നെയാണ് വാങ്ങുന്നത്, ഇവര്‍ മാര്‍ക്കറ്റ് സ്റ്റഡി ഒക്കെ നടത്തി തീരുമാനിച്ച റേറ്റ് ആണെന്ന് തോന്നുന്നു).

പക്ഷെ അമേരിക്കയിലും യൂറോപ്പിലും ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കുറഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ പല പള്ളികളും മേല്‍പ്പറഞ്ഞ പോലെ ഉള്ള ഇളവുകള്‍ കിട്ടിയിട്ട് പോലും  ലാഭകരമായി നടത്തികൊണ്ട് പോകാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് വലിയ തുകയ്ക്ക് പള്ളികള്‍ മറ്റുളളവര്‍ക്ക് വില്‍ക്കുന്നത്. പള്ളി പണിയാന്‍ വിശ്വാസി പൈസ കൊടുക്കണം എങ്കിലും പള്ളി വിറ്റാല്‍ വിശ്വാസിക്ക് പൈസ കിട്ടുമോ എന്നെനിക്ക് വലിയ ഉറപ്പൊന്നും ഇല്ല. പക്ഷെ അമ്പലം പള്ളി ആകുന്നതോ , പള്ളി അമ്പലം ആകുന്നതു നമ്മള്‍ പേടിക്കേണ്ട കാര്യമില്ല, അത് വെറും ഒരു റിയല്‍ എസ്റ്റേറ്റ് കൈമാറ്റം മാത്രമാണ്. അതില്‍ വിശ്വാസികള്‍ക്ക്  രക്തം തിളക്കേണ്ട കാര്യമില്ല.

മതം അധികാരത്തിനു വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കുകയും, രാഷ്ട്രീയം അധികാരം കിട്ടാന്‍ മതം ഉപയോഗിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ആണ് നമ്മള്‍ പേടിക്കേണ്ടത്. കേരളത്തിലെ  ചില രാഷ്ട്രീയപാര്‍ട്ടികള്‍  ശബരിമലയുടെ പേരില്‍ നടത്താന്‍ നോക്കുന്ന അതെ രാഷ്ട്രീയ മുതലെടുപ്പ്  തന്നെയാണ് തുര്‍ക്കിയില്‍ ദീര്‍ഘകാല (കുഴഞ്ഞു മറിഞ്ഞ) ചരിത്രമുള്ള, യുനെസ്‌കോ ചരിത്ര സ്മാരകമായി  പ്രഖ്യാപിച്ചിട്ടുള്ള ഹാഗിയ സോഫിയ വിഷയത്തില്‍ എര്‍ദോഗാനും പയറ്റുന്നത്. മതത്തെ അധികാരത്തിനു വേണ്ടി ഉപയോഗിക്കുന്ന വൃത്തികെട്ട നീക്കം. അതിന്റെ അനുരണനങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ പല സമുദായങ്ങള്‍ക്കും അകത്തു നടക്കുന്നുണ്ട്. വിശ്വാസികളെ മണ്ടന്മാരാക്കി , മതം ഉപയോഗിച്ച് രാഷ്ട്രീയ അധികാരം നിലനിര്‍ത്താന്‍ പുരോഹിതന്‍മാര്‍ നടത്തുന്ന ശ്രമങ്ങളെ നമ്മള്‍ തോല്‍പ്പിക്കേണ്ടതുണ്ട്. അരമനകള്‍ കയറി ഇറങ്ങുന്ന, സ്വാമിമാരെയും, തങ്ങള്‍മാരെയും കാണാന്‍ പോകുന്ന  രാഷ്ട്രീയക്കാരെ തീര്‍ച്ചയായും വോട്ടു ചെയ്തു തോല്‍പിക്കണം. പുരോഹിതന്മാര്‍ക്ക് ഏറ്റവും ലാഭകരമായ  ബിസിനസ്സ് നടത്താനായി വിശ്വാസികള്‍ എല്ലാക്കാലവും നിന്ന് കൊടുക്കരുത്.

മുസ്ലിം ക്രിസ്ത്യന്‍ പള്ളികള്‍ നഷ്ടത്തില്‍ ആകുമ്പോള്‍ അമ്പലങ്ങള്‍ ആവുകയും അമ്പലങ്ങള്‍ ഇതുപോലെ നഷ്ടത്തിലാകുന്ന സമയത്ത് മുസ്ലിം ക്രിസ്ത്യന്‍ പള്ളികള്‍ ആവുകയും രണ്ടും നഷ്ടത്തില്‍ ആകുമ്പോ അവ മ്യൂസിയങ്ങളോ, ലൈബ്രറികളോ, പറ്റിയാല്‍ ഡാന്‍സ് ബാറുകളോ ഒക്കെ ആകുന്ന ഒരു കിനാശ്ശേരി ആണ് ഞാന്‍ സ്വപ്നം കാണുന്നത്. ഡാന്‍സ് ബാര്‍ ആണെങ്കില്‍  പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ എന്തായാലും കാണും ??

(അമേരിക്കന്‍ മലയാളിയായ ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)


About Nazeer Hussain Kizhakkedathu

View all posts by Nazeer Hussain Kizhakkedathu →

Leave a Reply

Your email address will not be published. Required fields are marked *