ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു


“നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്‍വിന്‍ പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു വന്നവര്‍ ആണെന്ന് ഡോക്കിന്‍സ് പറയുന്നതു പോലെ ആണ് റീഡിന്റെ പെന്‍സില്‍ അതിന്റെ ജന്മകഥയിലൂടെ ‘നാമെല്ലാം ഒന്ന് ‘ എന്ന അമൂല്യമായ ആശയം ലോകത്തിന് മുന്നില്‍ വെക്കുന്നത്. മതം, ദേശം, നിറം, ആശയം, ജാതി, നിറം, ജെന്‍ഡര്‍, രാഷ്ട്രീയം തുടങ്ങിയ എല്ലാവിധ വര്‍ഗീയ ചിന്തകളുടെയും അവസാനത്തിന് ഈ ഒരൊറ്റ പെന്‍സില്‍ കഥ മതി.” – അഭിലാഷ് കൃഷ്ണണ്‍ എഴുതുന്നു
പെന്‍സിലിന്റെ വംശവൃക്ഷം

ഞാനൊരു പെന്‍സില്‍ ആണ്. എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്നെ അറിയാം. എഴുതുക. അതാണ് എന്റെ ജോലി. അത് മാത്രമാണ് എന്റെ ജോലി.

ഞാന്‍ എന്തിന് എന്റെ വംശചരിത്രം നിങ്ങളോട് പറയുന്നു എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകാം. പക്ഷേ എന്റെ കഥ വളരെ രസകരമാണ്. അതേ സമയം നിഗൂഢവും. സൂര്യനെക്കാളും മിന്നലിനെക്കാളും നിഗൂഢം. പക്ഷേ എല്ലാവരും എന്നെ ഒരു നിസാരവസ്തു ആയി ആണ് കാണുന്നത്.

വളരെ സിമ്പിള്‍ ആയി കാണുന്നെങ്കിലും ഞാന്‍ എങ്ങനെ ഒരു അത്ഭുത പ്രതിഭാസം ആയി എന്ന് നിങ്ങള്‍ക്ക് തെളിയിച്ചു തരാം. അത് മനസിലാക്കിയാല്‍, മനുഷ്യവംശത്തിന് അതിവേഗം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം വീണ്ടുക്കാന്‍ നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും. ഒരു കാറിനോ വിമാനത്തിനോ വാഷിംഗ് മെഷീനോ പറയാന്‍ കഴിയുന്നതിനേക്കാള്‍ നന്നായി എനിക്ക് നിങ്ങളോട് ഈ സന്ദേശം പറയാന്‍ കഴിയും. കാരണം ഞാന്‍ വെറുമൊരു സാദാ പെന്‍സില്‍ ആണ്.

അതെ. നിസാരനായ പെന്‍സില്‍. പക്ഷേ ഈ ഭുമിയിലെ ഒരാള്‍ക്ക് പോലും എന്നെ എങ്ങനെ നിര്‍മിക്കണം എന്നറിയില്ല. അതിശയകരം. അല്ലേ. ! പക്ഷേ എന്നിട്ടു പോലും ദിവസേന കോടി കണക്കണക്കിന് പെന്‍സിലുകള്‍ നിര്‍മിക്കപെടുന്നുണ്ട് .നിങ്ങള്‍ എന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കു . എന്താണ് കാണുന്നത് – തടി, അതിനു മുകളില്‍ കുറച്ചു പെയിന്റ് കോട്ടിംഗ്. ഒരു ലെഡ്. , കുറച്ചു മെറ്റല്‍, ഒരു ഇറേസര്‍. കാക്കതൊള്ളായിരം മുന്‍ഗാമികള്‍:

നിങ്ങള്‍ക്ക് നിങ്ങളുടെ ഫാമിലി ട്രീ ഒരു പാട് പിന്നോട്ട് അറിയാത്തതു പോലെ എനിക്കും എന്റെ എല്ലാ മുന്‍ഗാമികളെ ലിസ്റ്റ് ചെയ്യുക എന്നത് അസാധ്യമാണ്.

പെന്‍സിലിന്റെ ഫാമിലി ട്രീ

എന്റെ ഫാമിലി ട്രീ തുടങ്ങുന്നത് ഒരു സീഡര്‍ മരത്തില്‍ നിന്നാണ്. ഇനി ആ മരം വളര്‍ത്തി വലുതാക്കി അതിനെ തടി കഷ്ണങ്ങളാക്കി ഒരു ട്രയിനില്‍ എത്തിക്കാന്‍ ആവശ്യമായ കത്തിയും, ട്രക്കും കയറും തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത മറ്റ് ടൂളുകളെ പറ്റി നിങ്ങള്‍ ഓര്‍ക്കുക. ആ ടൂളുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അനവധി അറിവുകളെപറ്റിയും സ്‌കില്ലുകളെ പറ്റിയും ഓര്‍ക്കുക. മൈനിംഗ് മുതല്‍ സ്റ്റീല്‍ നിര്‍മ്മാണവും അത് ഉപയോഗിച്ച് കത്തിയും വാളും മോട്ടറുകളും ഉണ്ടാക്കുന്ന ആ വലിയ പ്രോസസ്. ചകിരിയില്‍ നിന്ന് വളരെ കട്ടിയുള്ള കയറുകള്‍ ഉണ്ടാക്കുന്ന മറ്റൊരു വലിയ പ്രോസസ്. ഈ തൊഴിലാളികള്‍ വിശ്രമിക്കുന്ന മുറിയിലെ കട്ടിലിലുകള്‍, അവരുടെ മെസ് ഹാളിലെ ഭക്ഷണം തയ്യാറാക്കാല്‍. തടി മുറിക്കുന്നവരുടെ വിശ്രമ വേളയിലെ ഓരോ കപ്പ് കാപ്പിയിലും ഉള്‍പ്പെട്ടിട്ടുള്ള അറിയപ്പെടാത്ത ആയിരക്കണക്കിന് മനുഷ്യര്‍.

ഇനി ഈ തടികള്‍ എല്ലാം മറ്റൊരു സ്ഥലത്തെ മില്ലിലേക്ക് ട്രയിനില്‍ കൊണ്ടുപോകും. നിങ്ങള്‍ക്ക് ആ ട്രയിനിന്റെ ബോഗികള്‍, റെയില്‍ ട്രാക്ക്, എന്‍ജിന്‍, ഇവയൊക്കെ സങ്കല്‍പ്പിക്കാന്‍ ആകുന്നുണ്ടോ. അവയൊക്കെ നിര്‍മ്മിച്ച അനേകായിരം മനുഷ്യര്‍ . റെയില്‍വേ സിഗ്‌നല്‍ സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കാന്‍ കാരണമായവര്‍. ഇവരെല്ലാവരും എന്റെ മുന്‍ഗാമികള്‍ ആണ്.

ഇനി ആ മില്ലിലേക്ക് നോക്കു. അവിടെ വലിയ തടി കഷ്ണങ്ങള്‍ വെട്ടി ഒതുക്കി ചെറിയ സുന്ദര കഷ്ണങ്ങള്‍ ഉണ്ടാക്കുന്നു. ചൂളയില്‍ ഇട്ട് ഈര്‍പ്പം മാറ്റുന്നു. ഇതിനൊക്കെ ആവശ്യമായ ചൂടിന്, പ്രകാശത്തിന്, വൈദ്യുതിയ്ക്ക്, ബെല്‍റ്റിന്, മോട്ടറിന് തുടങ്ങി ആ മില്ലിലെ ഓരോന്നിന്നിനൃേ എത്ര സ്‌കില്ലുകള്‍ ആവശ്യമായിട്ടുണ്ട്.! ആ മില്ലിലെ തൂപ്പുകാര്‍ എന്റെ മുന്‍ഗാമികകളാണോ?! അതെ.! അത് പോലെ ആ മില്ലിലേക്ക് വൈദ്യുതി എത്തിക്കുന്ന ഹൈഡ്രോ കമ്പനിയിലെ ഡാമിന് കോണ്‍ക്രീറ്റ് തേച്ചവനും എന്റെ മുന്‍ഗാമിയാണ്.ഈ കുഞ്ഞു കഷ്ണങ്ങള്‍ ട്രക്കിലാക്കി ലോകത്തുള്ള പെന്‍സില്‍ ഫാക്ടറകളില്‍ എത്തിക്കുന്ന നിരവധി ജോലിക്കാരെ മറക്കരുത്.

ഇനി പെന്‍സില്‍ ഫാക്ടറിയില്‍ എത്തിയാല്‍ അവിടെ ലക്ഷക്കണക്കിന് വിലയുള്ള മെഷീനുകള്‍ ഉണ്ട്. അതൊക്കെ സമ്പാദ്യശീലമുള്ള എന്റെ രക്ഷകര്‍ത്താക്കളുടെ സ്വത്താണ് . ഒന്നിനു പുറകെ ഒന്നായി ഓരോ മെഷീനുകളും പണിയടുത്ത് പല തടി കഷ്ണങ്ങള്‍ക്കിടയില്‍ ലഡ് വച്ച് ചെറിയ പെന്‍സിലുകള്‍ ഉണ്ടാക്കും.

എന്റെ ലെഡിനെ പറ്റി പറയുകയാണെങ്കില്‍ അത് ഇതിലും സങ്കീര്‍ണമായ ചരിത്രമാണ്. ശ്രീലങ്കയില്‍ നിന്നാണ് ഗ്രാഫൈറ്റ് മൈന്‍ ചെയ്യുന്നത്. ആ മൈനേഴ്‌സിനെ സങ്കല്‍പിക്കുക. ഗ്രാഫൈറ്റ് ഷിപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ചാക്കുകളും ആ ചാക്കില്‍ കെട്ടുന്ന വള്ളിയും ആലോചിക്കുക. കപ്പല്‍ ഉണ്ടാക്കിയവരെ പറ്റി ചിന്തിക്കുക. ലൈറ്റ്ഹൗസ് കീപ്പേഴ്‌സും ഹാര്‍ബര്‍ പൈലറ്റുമാരും പോലും എന്റെ മുന്‍ഗാമികളാണ്.

മിസിസിപ്പിയില്‍ നിന്നുള്ള ക്ലെ ഈ ഗ്രാഫൈറ്റുമായി മിക്‌സ് ചെയ്യും. അമോണിയം ഹൈഡ്രോക്‌സൈഡാണ് ഈ റിഫൈനിംഗ് പ്രോസസില്‍ ഉപയോഗിക്കുന്നത്. പിന്നെ സല്‍ഫ്യൂറിക് ആസിഡും ആനിമല്‍ ഫാറ്റും ചേര്‍ന്ന ഒരു വെറ്റിംഗ് ഏജന്റ് ചേര്‍ക്കും. പിന്നീട് ഒരു പാട് മെഷീനുകളില്‍ കുടി കേറിയിറങ്ങി അവസാനം 1850 ഫാരന്‍ഹീറ്റ് ചൂടില്‍ ബേക്ക് ചെയ്യും. സ്ട്രന്‍ഗ്ത്തും സ്മൂത്ത്‌നെസും കൂട്ടാന്‍ കാന്‍ഡലില വാക്‌സും പാരഫിന്‍ വാക്‌സും ഹൈഡ്രജനേറ്റഡ് നാച്ചുറല്‍ ഫാറ്റും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കും.

എന്റെ പുറത്ത് ആറ് കോട്ട് ലാക്കര്‍ ഉണ്ട്. നിങ്ങള്‍ക്ക് അതില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ട് എന്നറിയാമോ?! അതില്‍ ആവണക്കണ്ണ വരെയുണ്ട്. ആരാണ് എന്റെ ഫാമിലി ട്രീയില്‍ ആവണക്ക് കൃഷിക്കാരും അതിന്റെ ഓയില്‍ റിഫൈനേഴ്‌സും ഉണ്ടെന്ന് കരുതിയത്.

ആ ലേബലിംഗ് ശ്രദ്ധിക്കു. കാര്‍ബണ്‍ ബ്ലാക്കും റെസിനും തമ്മില്‍ മിക്‌സ് ചെയ്ത് ചൂടാക്കി ആണ് ആ ഫിലിം ഉണ്ടാക്കിയിരിക്കുന്നത്. എങ്ങനെയാണ് കാര്‍ബണ്‍ ബ്ലാക്കും റസിനും ഉണ്ടാക്കുന്നത്. ഇനി ആ ലാക്കറില്‍ നിന്നും ഒരു മനോഹര മഞ്ഞ നിറം സൃഷ്ടിക്കാന്‍ ഒരാള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളുടെ സ്‌കില്‍ ആവശ്യം ആണ്.

ഇനി മുകളിലായി നിങ്ങള്‍ക്ക് കുറച്ചു മെറ്റല്‍ കാണാം.- പിച്ചള. കോപ്പറും സിങ്കും മൈന്‍ ചെയ്യുന്ന നിരവധി ആളുകളെയും അതില്‍ നിന്ന് പിച്ചള ഷീറ്റുകള്‍ ഉണ്ടാക്കുന്നവരെ പറ്റിയും ആലോചിക്കു. പിച്ചളയ്ക്കിടയില്‍ നിങ്ങള്‍ക്ക് കുറച്ചു കറുത്ത നിക്കല്‍ കാണാം. എന്താണ് ബ്ലാക്ക് നിക്കല്‍? എങ്ങനെയാണ് അത് നിര്‍മ്മിക്കുന്നത്.

ഇനി എന്റെ കിരീടം. ആളുകള്‍ അവരുടെ തെറ്റ് തിരുത്താന്‍ ഉപയോഗിക്കുന്ന ഇറേസര്‍. ഫാക്ടീസ് എന്ന് പറയുന്ന ഒരു ഐറ്റമാണ് ഇറേസറിനെ മായ്ക്കാന്‍ സഹായിക്കുന്നത്. റബര്‍ പോലെ ഇരിക്കുന്ന ഈ സംഭവം ഉണ്ടാക്കുന്നത് ഇന്തോനേഷ്യയില്‍ നിന്നുള്ള റേപ്‌സീസ് ഓയിലും സള്‍ഫര്‍ ക്ലോറൈഡും ചേര്‍ന്നാണ്. പിന്നെ അതിന്റെ കൂടെ ചേര്‍ക്കുന്ന പ്യൂമിസ് എന്ന പദാര്‍ത്ഥം ഇറ്റലിയില്‍ നിന്നാണ് വരുന്നത്. കാഡ്മിയം സള്‍ഫൈഡ് എന്ന വസ്തുവാണ് ഇറേസറിന് നിറം കൊടുക്കുന്നത്.

ആര്‍ക്കും അറിയില്ല

ഭൂമിയിലുള്ള ഒരാള്‍ക്ക് പോലും എന്നെ എങ്ങനെ നിര്‍മിക്കണം എന്നറിയില്ല എന്ന വാദത്തെ വെല്ലുവിളിക്കാന്‍ നിങ്ങള്‍ ആരെങ്കിലും തയ്യാറാണോ ?

യഥാര്‍ത്ഥത്തില്‍ കോടി കണക്കിന് മനുഷ്യര്‍ക്ക് എന്റെ നിര്‍മാണത്തില്‍ പങ്കുണ്ടെങ്കിലും അവരില്‍ ആര്‍ക്കും മറ്റുള്ളവര്‍ക്ക് അറിയാവുന്നതിനേക്കാള്‍ കൂടുതലായി ഒന്നുമറിയില്ല. നിങ്ങള്‍ പറഞ്ഞേക്കാം, എന്റെ ജനനത്തെ എവിടെയോ ഉള്ള കാപ്പി കര്‍ഷകനോട് പോലും കൂട്ടി കെട്ടുന്നത് ഒരു കടന്ന കൈയ്യാണ് എന്ന്. പക്ഷേ ഞാന്‍ എന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. പെന്‍സില്‍ ഫാക്ടറിയുടെ പ്രസിഡന്റ് ഉള്‍പ്പെടെ ഈ കോടി കണക്കിന് മനുഷ്യരില്‍ എല്ലാവരും എന്റെ നിര്‍മാണത്തില്‍ വളരെ ചെറിയ ഒരു പങ്ക് മാത്രമേ വഹിക്കുന്നുള്ളു. ശ്രീലങ്കയിലെ ഗ്രാഫറ്റ് മൈനറിനും ഒറിഗോണിലെ തടി മുറിക്കുന്നവനും തമ്മിലുള്ള വ്യത്യാസം അവരുടെ അറിവിലും കഴിവിലും ഉള്ള വ്യത്യസ്തത മാത്രമാണ്. എന്റെ സൃഷ്ടിയില്‍ നിന്ന് മൈനറിനേയോ, തടി വെട്ടുകാരനേയോ ഒഴിവാക്കാന്‍ ആവില്ല. അത് പോലെ ഫാക്ടറിയിലെ കെമിസ്റ്റിനെയോ ഓയില്‍ ഫീല്‍ഡിലെ ജോലിക്കാരനെയോ ഒഴിവാക്കാന്‍ ആവില്ല. (എന്റെ നിര്‍മ്മാണത്തിന് ആവശ്യമായ പാരഫിന്‍ ഒരു പെട്രോളിയം ബൈ പ്രൊഡക്റ്റ് ആണ്.)

ഇതാണ് രസകരമായ കാര്യം. ഓയില്‍ ഫീല്‍ഡിലെ ജോലിക്കാരനോ , തടി ചുമക്കുന്നവനോ, ട്രയിനും കപ്പലും നിര്‍മിച്ചവനോ, ഫാക്ടറിയുടെ പ്രസിഡന്റോ അവരുടെ ജോലി ചെയുന്നത് അവര്‍ക്ക് എന്നെ ആവശ്യം ഉണ്ടായിട്ടല്ല. അവരേക്കാള്‍ കൂടുതല്‍ ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് എന്നെ കൊണ്ട് ആവശ്യമുണ്ടാകും. എന്റെ ഫാമിലി ട്രീയിലെ കോടികണക്കിന് മനുഷ്യരില്‍ പലര്‍ക്കും ഒരു പെന്‍സില്‍ എങ്ങനെ ഉപയോഗിക്കണം എന്നു പോലും അറിയില്ല. അവരുടെ പ്രചോദനം ഞാന്‍ അല്ല. ഈ കോടി കണക്കിന് മനുഷ്യര്‍ അവരുടെ അറിവും കഴിവും കൈമാറ്റം ചെയ്യുന്നത് അവര്‍ക്ക് ആവശ്യമുള്ള ഉത്പന്നങ്ങളും സേവനങ്ങളും പകരം വാങ്ങാന്‍ ആണ്. അതില്‍ ചിലപ്പോള്‍ ഞാന്‍ ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.

നോ മാസ്റ്റര്‍ മൈന്‍ഡ്

ഇതിലും രസകരമായ കാര്യം ഒരു മാസ്റ്റര്‍ മൈന്‍ഡിന്റെ അഭാവമാണ്. ഇതെല്ലാം പ്ലാന്‍ ചെയ്ത് ഡിസെന്‍ ചെയ്ത് ഏകോപനം നടത്തുന്ന ഒരു മാസ്റ്റര്‍ മൈന്‍ഡ് എന്നെ നിര്‍മ്മിക്കുന്ന പ്രകൃയയില്‍ ഇല്ല. പകരം നിങ്ങള്‍ കാണുന്നത് മാര്‍ക്കറ്റിന്റെ ആദ്യശ്യ കരങ്ങളാണ്. ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ നിഗൂഢത.

പെന്‍സില്‍ ആയ ഞാന്‍ ഒരു പാട് അത്ഭുതകളുടെ സങ്കീര്‍ണമായ ഒരു കൂടി ചേരല്‍ ആണ്. മരം, സിങ്ക്, കോപ്പര്‍, ഗ്രാഫൈറ്റ് അങ്ങനെ നിരവധി അത്ഭുതങ്ങള്‍. ഇതിനേക്കാള്‍ അസാധരണമായ അത്ഭുതമാണ് ഒരു മാസ്റ്റര്‍ മൈന്‍ഡിന്റെയും ഇടപെടല്‍ ഇല്ലാതെ കോടി കണക്കിന് ചെറിയ അറിവുകളും കഴിവുകളും സ്വാഭാവികമായി സ്വതസിദ്ധമായി കുടി ചേര്‍ന്ന് മനുഷ്യന്റെ സര്‍ഗാത്മമായ എനര്‍ജി ഉപയോഗിച്ച് അവന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നു എന്നത്.

മുകളില്‍ പറഞ്ഞ കാര്യമാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍. ‘അത് മനസിലാക്കിയാല്‍, മനുഷ്യവംശത്തിന് അതിവേഗം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം വീണ്ടുക്കാന്‍ നിങ്ങള്‍ക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും’ എന്ന് ആദ്യം പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. അതായത് കോടികണക്കിന് ചെറിയ അറിവുകള്‍ സ്വഭാവികമായും സ്വതസിദ്ധമായും ഒന്നിച്ചു ചേര്‍ന്ന് മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കും ആവശ്യത്തിനും അനുസരിച്ചുള്ള ക്രിയേറ്റീവും പ്രൊഡക്റ്റീവും ആയുള്ള പാറ്റേണുകള്‍ രൂപപെടുന്നു- അവിടെ ഒരു ഗവര്‍ണ്‍മന്റിന്റേയോ, മറ്റ് ഏതെങ്കിലും അധികാര സ്ഥാപനങ്ങളുടെ മാസ്റ്റര്‍ മൈന്‍ഡോ ,പ്ലാനിംഗോ ആവശ്യമില്ല. ഇത് മനസിലാക്കിയാല്‍ സ്വാതന്ത്യം എന്ന ആശയത്തിന് വേണ്ട ഏറ്റവും അടിസ്ഥാനം നമുക്ക് മനസിലാക്കാം . സ്വതന്ത്രരായ മനുഷ്യരിലുള്ള വിശ്വാസം. ഈ വിശ്വാസം ഇല്ലാതെ സ്വാതന്ത്ര്യം എന്ന ആശയം നിലനില്‍ക്കില്ല.

ഗവര്‍മന്റിന് ഏതെങ്കിലും ക്രിയേറ്റീവ് ആക്റ്റിവിറ്റിയില്‍ കുത്തക ഉണ്ടായാല്‍ പിന്നെ സ്വതന്ത്രരായ മനുഷ്യര്‍ക്ക് ആ ജോലി കാര്യക്ഷമമായി ചെയ്യാന്‍ ആവില്ല എന്ന് നമ്മള്‍ തെറ്റിദ്ധരിക്കാറുണ്ട്. ഉദാഹരണത്തിന് തപാല്‍. തപാല്‍ ഗവര്‍ണ്‍മന്റ് കുത്തക ആണ് . നമ്മള്‍ക്ക് ഒറ്റയ്ക്ക് ഒരു കത്ത് ഡെലിവറി ചെയ്യാന്‍ ആകില്ല എന്ന് നമ്മള്‍ക്ക് അറിയാം. അത് കൊണ്ട് തന്നെ മറ്റുള്ളവര്‍ക്കും അത് അറിയില്ല എന്ന് നമ്മള്‍ കരുതുന്നു. ഇത് ശരിയായ തോന്നല്‍ ആണ്. ഒരു പെന്‍സില്‍ ഉണ്ടാക്കാന്‍ അറിയാവുന്ന ഒരാള്‍ പോലും ഇല്ല എന്നത് പോലെ ഒരു കത്ത് ഡെലിവര്‍ ചെയ്യാനുള്ള പ്രോസസ് അറിയാവുന്ന ഒരാള്‍ പോലും ഈ ഭൂമിയില്‍ ഇല്ല. സ്വതന്ത്ര മനുഷ്യരില്‍ വിശ്വാസമില്ല എങ്കില്‍ ,നിരവധി ചെറിയ അറിവുകള്‍ ചേര്‍ന്ന് സ്വാഭാവികമായി തപാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും എന്ന സത്യം നമ്മള്‍ മനസിലാക്കില്ല. പകരം ഗവര്‍മന്റ് എന്ന മാസ്റ്റര്‍ മൈന്‍ഡ് ഉണ്ടെങ്കിലേ തപാല്‍ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളു എന്ന് തെറ്റിദ്ധരിക്കും.

നിരവധി സാക്ഷ്യങ്ങള്‍

ഒരു സാധാ പെന്‍സിലിന്റെ കാര്യത്തില്‍ മാത്രമല്ല , നിങ്ങള്‍ ദിവസേന ഉപയോഗിക്കുന്ന എല്ലാ കാര്യങ്ങളിലും മനുഷ്യരെ സ്വതന്ത്രരായി പെരുമാറാന്‍ അനുവദിക്കുമ്പോള്‍ ഉള്ള നേട്ടങ്ങളുടെ ഉദാഹരണങ്ങള്‍ കാണാം. അവയില്‍ പലതും തപാല്‍ സംവിധാനത്തെ അപേക്ഷിച്ച് വളരെ സങ്കീര്‍ണമാണ്. ഒരു കമ്പ്യൂട്ടര്‍, കാര്‍, വിമാനം, വലിയ മെഷീനുകള്‍ . നിമിഷ നേരം കൊണ്ട് സന്ദേശങ്ങള്‍ അടുത്ത വന്‍കരയില്‍ എത്തിക്കാന്‍, മനുഷ്യരെ മണിക്കൂറുകള്‍ക്കുള്ളില്‍ കടല്‍ കടന്ന് യാത്ര ചെയ്യാന്‍, തല്‍സമയം ദൃശ്യങ്ങള്‍ സംപ്രക്ഷണം ചെയ്യാന്‍, പെട്രോളും ഗ്യാസും കൃത്യമായി എത്തിക്കാന്‍. ഇതില്‍ പലതും ഗവര്‍ണ്‍മന്റ് ചെയ്യുന്നതിനെക്കാള്‍ കാര്യക്ഷമമായി ആരുടെയും മാസ്റ്റര്‍ മൈന്‍ഡ് ഇല്ലാതെ ഗവര്‍ണ്‍മന്റ് ഒരു കത്ത് ഡെലിവറി ചെയ്യാന്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ചെറിയ ചിലവില്‍ നടക്കുന്നു.

അത് കൊണ്ട് ഞാന്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പാഠം ഇതാണ്. എല്ലാ ക്രിയേറ്റിവ് ആക്ടിവിറ്റികളെയും അതിന്റെ വഴിക്ക് വിടുക. അതിനെ തടസപ്പെടുത്തുന്ന നിയമ കുരുക്കുകള്‍ പരമാവധി ഒഴിവാക്കുക. എല്ലാ കുഞ്ഞു കുഞ്ഞു അറിവുകളെയും സ്വതന്ത്രമായി ഒഴുകാന്‍ വിടുക. മാര്‍ക്കറ്റിന്റെ ആദ്യശകരങ്ങളോട് സ്വതന്ത്രരായ മനുഷ്യര്‍ പ്രതികരിക്കും എന്ന് വിശ്വസിക്കുക.

വളരെ സിമ്പിള്‍ ആയ ഞാന്‍ എന്ന പെന്‍സില്‍ എന്റെ സൃഷ്ടിയുടെ പിറകിലെ മായാജാലം, സ്വാതന്ത്ര്യം എന്ന മനോഹര ആശയത്തിന് സാക്ഷ്യമായി സമര്‍പ്പിക്കുന്നു.

I, Pencil : My Family Tree as Told to Leonard E. Read

നമ്മള്‍ ഒരുമിച്ച് റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നു

I, pencil സ്വാതന്ത്ര്യം എന്ന മനോഹര ആശയത്തിന് വേണ്ടി എഴുതപ്പെട്ട ലേഖനമാണ്. സ്വതന്ത്ര വിപണിയുടെ ആദ്യശകരങ്ങളുടെ ശക്തി ഒരു സാദാ പെന്‍സിലിന്റെ കഥയിലൂടെ വിവരിക്കുമ്പോള്‍ റീഡ് നേരിടുന്നത് ഗവര്‍ണ്‍മെന്റ്, സെന്‍ട്രല്‍ പ്ലാനിംഗ് തുടങ്ങിയ വ്യവസ്ഥകളെയാണ്. സ്വതന്ത്ര വിപണിയുടെ പ്രചാരണത്തിന് വേണ്ടി എഴുതപ്പെട്ടതാന്നെങ്കിലും പെന്‍സിലിന്റെ കഥയില്‍ നിന്നു മനസിലാക്കാവുന്ന മറ്റ് ചില നല്ല ആശയങ്ങളുമുണ്ട്.

നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്‍വിന്‍ പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു വന്നവര്‍ ആണെന്ന് ഡോക്കിന്‍സ് പറയുന്നതു പോലെ ആണ് റീഡിന്റെ പെന്‍സില്‍ അതിന്റെ ജന്മകഥയിലൂടെ ‘നാമെല്ലാം ഒന്ന് ‘ എന്ന അമൂല്യമായ ആശയം ലോകത്തിന് മുന്നില്‍ വെക്കുന്നത്.
മതം, ദേശം, നിറം, ആശയം, ജാതി, നിറം, ജെന്‍ഡര്‍, രാഷ്ട്രീയം തുടങ്ങിയ എല്ലാവിധ വര്‍ഗീയ ചിന്തകളുടെയും അവസാനത്തിന് ഈ ഒരൊറ്റ പെന്‍സില്‍ കഥ മതി. ഏത് ആശയത്തിന്റെ പേരിലുള്ള കടുംപിടിത്തങ്ങള്‍ ഒഴിവാക്കാന്‍, യഥാര്‍ത്ഥ തുല്യത എന്തെന്ന് മനസിലാക്കാന്‍ ഒക്കെ ഒരു പെന്‍സില്‍ കഥ മതി.

മനുഷ്യന്റെ വ്യവഹാരങ്ങള്‍ എത്രമാത്രം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ശ്യംഖല ആണെന്ന് മനസിലാക്കുന്ന ഒരു ഭരണാധികാരിക്കും മറ്റൊരു രാജ്യത്തിനു മേല്‍ യുദ്ധത്തിന് പോകാന്‍ കഴിയില്ല. സ്വന്തം രാജ്യത്തെ ജനത മാത്രം എന്തോ വിശേഷപ്പെട്ട മനുഷ്യര്‍ എന്ന അതി തീവ്ര ദേശീയത ബോധം ഉണ്ടാകില്ല.

ആദം സ്മിത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സമാനമായ ഒരു ഉദാഹരണം പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും പാവപ്പെട്ട ഒരു കൂലി പണിക്കാരന്റെ കാലിലെ ബൂട്ട് പോലും സുഷ്ടിക്കപെടുന്നത് ഇത് പോലെ പതിനായിര കണക്കിന് സ്വതന്ത്ര മനുഷ്യരുടെ പരസ്പര കൂട്ടായ്മയുടെ, മാര്‍ക്കറ്റിന്റെ ആദ്യശകരങ്ങളുടെ വലിയ ശ്യംഖലയുടെ ഭാഗമായാണ്. ഇതാണ് സ്മിത്ത് മുന്നോട്ട് വെക്കുന്ന തുല്യതയും. അവിടെ ആരും മുകളിലോ താഴയോ അല്ല. തുടക്കമോ ഒടുക്കമോ ഇല്ല .

അതെ, കേവലം ഒരു തടി പെന്‍സില്‍ പോലും നിര്‍മ്മിക്കാന്‍ അറിയാവുന്ന ഒരാള്‍ പോലും ഈ ഭൂമിയില്‍ ഇല്ല. പക്ഷേ നമ്മള്‍ ഒരുമിച്ച് റോക്കറ്റുകള്‍ വരെ നിര്‍മിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *