‘മാതൃഭൂമി പത്രാധിപര്‍ക്ക്; എന്‍ഡോസള്‍ഫാന്‍ ‘ദുരന്തത്തിന്’ വല്ല തെളിവുമുണ്ടോ’; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു


”അജ്ഞാന രോഗങ്ങളുടെ വിളനിലമായ കാസര്‍ഗോഡ് എന്നൊക്കെ മാതൃഭൂമി ആഴ്ചപതിപ്പ്പോലുള്ള ഏറ്റവും ഉയര്‍ന്ന വിശ്വാസ്യതയുള്ള മാഗസിന്‍ എഴുതുമ്പോള്‍ അത് എത്ര ഭീകരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് അല്‍പ്പമെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇപ്പറഞ്ഞതിന് വല്ല തെളിവുമുണ്ടോ?”- ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു.
‘കൊല്ലപ്പെട്ടവര്‍ ജീവിച്ചിരിക്കുന്ന ദേശം’ എന്ന തട്ടിപ്പ്!

16ാം ലക്കത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍വന്ന ശ്രീ മധുരാജിന്റെ ‘കൊല്ലപ്പെട്ടവര്‍ ജീവിച്ചിരിക്കുന്ന ദേശം’ എന്ന ലേഖനത്തോടുള്ള പ്രതികരണം

ബഹു: മാതൃഭൂമി ആഴ്ചപതിപ്പ് പത്രാധിപര്‍ക്ക്, 16-ാം ലക്കത്തില്‍ ശ്രീ മധുരാജിന്റെ ‘കൊല്ലപ്പെട്ടവര്‍ ജീവിച്ചിരിക്കുന്ന ദേശം’ എന്ന ലേഖനം വായിച്ചു. ഇതിനുമുമ്പും പലതവണ ഈ വിഷയത്തില്‍ മധുരാജ് എഴുതിയിട്ടുണ്ടല്ലോ? മധുരാജ് മാത്രമല്ല, ഇ. ഉണ്ണികൃഷ്ണനും, അംബികാസുതനും എം.എ. റഹ്‌മാനും മറ്റും എഴുതിയിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യപ്രശ്നത്തെക്കുറിച്ചാകുമ്പോള്‍ ഒരു ആരോഗ്യവിദഗ്ധനല്ലേ എഴുതേണ്ടത്?. ഫോട്ടോഗ്രാഫര്‍ക്കും മലയാളം സാഹിത്യകാരന്‍മാര്‍ക്കും ആരോഗ്യരംഗത്തെക്കുറിച്ച് എന്തറിയാം? ഞങ്ങള്‍, വായനക്കാര്‍ മാതൃഭൂമിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്ല സാഹിത്യകൃതികളാണ്. കഥകളും കവിതകളും മറ്റും. സാഹിത്യമൊഴിച്ചുള്ള വിഷയമാണെങ്കില്‍ അത് അതതു രംഗത്തെ വിദഗ്ധരെകൊണ്ടെഴുതിക്കണം. സാഹിത്യകാരന്മാരെകൊണ്ടാകരുത്. ഫോട്ടോകളാവാം. ഫോട്ടോഗ്രാഫറെ കൊണ്ടെഴുതിക്കരുത്. നാലു കഥകളെഴുന്ന സാഹിത്യകാരന്‍ സര്‍വ്വജ്ഞാനിയാണെന്നൊന്നും ഞങ്ങള്‍ കരുതുന്നില്ല. വൈകാരികമായ വയറ്റിളക്കമല്ല ഞങ്ങള്‍ക്കു വേണ്ടത്, മറിച്ച് വൈചാരികമായ, തെളിവധിഷ്ഠിതമായ, വസ്തുതാപരമായി കൃത്യതയുള്ള ലേഖനങ്ങളാണ്.

കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മാതൃഭൂമി ചെയ്യുന്നത് നിരന്തരമായി വായനക്കാരെ തെറ്റിദ്ധരിപ്പിക്കലാണ്. പത്രാധിപര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയില്ല. എന്‍.വി. കൃഷ്ണവാര്യര്‍ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന് പത്രാധിപര്‍ ഇടയ്ക്കിടെ ഓര്‍ക്കുന്നതുനന്ന്.

ഇനി ഈ എന്‍ഡോസള്‍ഫാന്‍ എഴുത്തുകാരുടെ പരിപാടിയൊന്നു പരിശോധിക്കാം. കാസര്‍ഗോട്ടെ ഗ്രാമാന്തരങ്ങളില്‍ നടക്കുക. അവിടെ ഡൗണ്‍സിന്‍ഡ്രോം, ഹൈഡ്രോകെഫാലസ്, പോളിയോ, എല്ലുപൊട്ടുന്ന രോഗം, സെറിബ്രല്‍ പാല്‍സി തുടങ്ങിയ ശാരിരിക-മാനസിക പരിമിതകളുള്ള രോഗികളെ കാണാം. അതൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കീടനാശക മാത്രയില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റിട്ടാണ് എന്ന് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ ശ്രമിക്കുക. രോഗികള്‍ ജനിച്ചത് എന്‍ഡോസള്‍ഫാന്‍ തളിക്കും വര്‍ഷങ്ങള്‍ക്ക് മുമ്പാവാം, തളി അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാവാം. അതേ പോലെ കശുമാവിന്‍ തോട്ടങ്ങളുടെ അടുത്താവാം കിലോമീറ്ററുകള്‍ അകലെയാകാം. ഒന്നും പ്രശ്നമല്ല. ആരും ചോദിക്കാനൊന്നും വരില്ലല്ലോ?

ഉദാഹരണത്തിന് മുഖചിത്രമായ കാസര്‍ഗോഡ് അണങ്കൂരിലെ ഉദ്ദേശ് കുമാറും വിദ്യാനഗറിലെ ഹസ്സനും, ഷംനയും. അണങ്കൂറും വിദ്യാനഗറും കശുമാവിന്‍ തോട്ടത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ചെറുവത്തൂര്‍ പൊന്‍മാലത്തെ അമൃത, പൊന്‍മാലം കശുമാവ് എസ്റ്റേറ്റിനും 3-4 കി.മി അകലെയാണ്. കല്ലൂരാവിയിലെ സാനിയ. കല്ലൂരാവി എസ്റ്റേറ്റില്‍ നിന്നും 4-5 കി.മി അകലെയാണ്. 1980 ല്‍ തുടങ്ങി 2000 ത്തില്‍ എന്‍ഡോസള്‍ഫാന്‍ വായുമാര്‍ഗ്ഗേണയുള്ള തളി അവസാനിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ഉഷ്ണമേഖലാ പ്രദേശത്ത് പരമാവധി 12-15 ദിവസം കൊണ്ട് അനുവദനീയമായ അളവായ 2 പി.പി.എം-ലും താഴെയെത്തും. എന്നാല്‍ മധുരാജിന്റെ കണക്കില്‍ 11 വയസ്സുള്ള സൗപര്‍ണ്ണികയും 17 വയസ്സുള്ള അഭിനവ് കൃഷ്ണനും ഒന്നരവയസ്സുള്ള ഹര്‍ഷിതയും 8 വയസ്സുള്ള ഹസ്സനും 20 വയസ്സുള്ള ഷംനയും മൂന്നര വയസ്സുള്ള അമ്മദും, 16 വയസ്സു വീതമുള്ള മിഥുന്‍രാജും സാനിയയുമൊക്കെ ദുരിത ബാധിതര്‍. എന്‍ഡോസള്‍ഫാന്‍ സിംബലായി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച, വളര്‍ച്ച മുരടിപ്പുള്ള നാരായണ നായിക്കിന്റെ ചിത്രം ഓര്‍ക്കുമല്ലോ? നാരായണനായക്കിന്റെ താമസം കശുമാവിന്‍ തോട്ടത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ്. അദ്ദേഹം ജനിച്ചത് 1978 ല്‍. എന്‍ഡോസള്‍ഫാന്‍ തളി തുടങ്ങുന്നതിന് 2 വര്‍ഷം മുമ്പ്! ഇവര്‍ക്കൊക്കെ എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റെന്നുള്ളതിന് എന്താണ് തെളിവെന്ന് മധുരാജും മാതൃഭൂമിയും പറയണം.

1950 ല്‍ രജിസ്റ്റര്‍ ചെയ്ത് 50-60 കൊല്ലങ്ങളോളം യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലം വായുമാര്‍ഗ്ഗേണയും അല്ലാതെയും പഴങ്ങളിലും, പച്ചക്കറികളിലും പരുത്തിയിലും, തേയിലയിലും ടണ്‍കണക്കിന് ഉപയോഗിച്ചിട്ടുള്ളതാണ് എ ന്‍ഡോസള്‍ഫാന്‍. 180 ഓളം രാജ്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് സ്ഥാവര കാര്‍ബണിക വിഷമാണെന്ന് കണ്ടതിനാലാണ് സ്റ്റോക്ക് ഹോം ഉടമ്പടി ഒപ്പിട്ട എണ്‍പതോളം അംഗരാജ്യങ്ങള്‍ ഇത് നിരോധിച്ചത്. അല്ലാതെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടല്ല. ചൈനയും ഇസ്രായേലും ഇപ്പോഴും ഉപയോഗിക്കുന്നു. ആഫ്രിക്കയില്‍ ഉറക്കരോഗം പരത്തുന്ന ത്സെത്സെ ഈച്ചകളെ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളോളം വായുമാര്‍ഗ്ഗേണ ജലാശയങ്ങള്‍ക്ക് സമീപത്തും മനുഷ്യവാസമുള്ള പ്രദേശങ്ങളിലും തളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ 1985-2000 വരെ പരുത്തികൃഷിയില്‍ വായുമാര്‍ഗ്ഗേണ വര്‍ഷത്തില്‍ പലതവണ തളിച്ചിട്ടുണ്ട്.

ജനവാസ പ്രദേശങ്ങള്‍ക്കടുത്തുള്ള തോട്ടങ്ങളില്‍ വായുമാര്‍ഗ്ഗേണ വര്‍ഷത്തില്‍ 6-7 തവണ തളിക്കുന്നത് ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ഒടുവില്‍ സര്‍ക്കാന്‍ എപ്പിസെമിയോളജി പഠനം നടത്തി തോട്ടങ്ങള്‍ക്കു സമീപം താമസിക്കുന്നവരില്‍ അധികമായി ആരോഗ്യ പ്രശ്നങ്ങളില്ല എന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. (Frager and Temperly, 2008 ) ഇന്ത്യയില്‍ തേയില, പരുത്തികൃഷികളില്‍ ഒരു വര്‍ഷം പല തവണ ഉപയോഗിച്ചിട്ടുണ്ട്. ശീതമേഖലയിലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പോളിഹൗസുകളില്‍ എത്രയോ തവണ ഉപയോഗിച്ചിട്ടുണ്ട്. ഇതിനൊക്കെ ശേഷം പഠനങ്ങള്‍ നടത്തി. ആകെപ്പാടെ രണ്ടേ രണ്ട് രോഗങ്ങള്‍ മാത്രമേ എന്‍ഡോസള്‍ഫാന്റെ രക്തത്തിലുള്ള അളവുമായി നേരിയ ബന്ധമെങ്കിലും (സംഖ്യാശാസ്ത്രപരമായി തെളിയിക്കപ്പെടാത്ത) കാണിക്കുന്നുള്ളു. അത് ക്രിപ്റ്റോര്‍ക്കിഡസവും ഹൈപ്പോസ്പാഡിയാസുമാണ്. അപ്പോള്‍ ഡൗണ്‍സിന്‍ഡ്രോം, ഹൈഡ്രോകെഫാലസ്, പോളിയോ, സെറിബ്രല്‍ പാല്‍സി, ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്ട, കാന്‍സര്‍, തുടങ്ങിയ ലേഖനത്തിലെ ചിത്രങ്ങളില്‍ കാണിച്ചിട്ടുള്ള രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണ് സംഭവിച്ചെതെന്ന് മധുരാജും മാതൃഭൂമിയും എങ്ങനെ വിധിയെഴുതി എന്നു വിശദമാക്കണം.

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള ഡോക്ടര്‍മാരും ഇത് വിശദീകരിക്കണം. കാരണം അവരാണല്ലോ മുപ്പതിലധികം മെഡിക്കല്‍ ക്യാമ്പുകള്‍ വഴി മൂന്നൂറില്‍പരം രോഗങ്ങളുള്ള 6728 പേരെ എന്‍ഡോസള്‍ഫാന്‍ രോഗികളാക്കിയത്. മുട്ടുവേദനയും ഉപ്പൂറ്റിവിണ്ടുകീറലും പ്രമേഹവും പ്രഷറും ത്വക്രോഗങ്ങളും എല്ലാം എന്‍ഡോസള്‍ഫാന്‍ജന്യം! ഈ 6728 പേര്‍ക്കും അഞ്ചുലക്ഷം വീതം ധനസഹായം കൊടുക്കുവാന്‍ സുപ്രിംകോടതി വിധിച്ചത് തെളിവല്ലേ എന്നാണ് ചില സാഹിത്യകാരന്‍മാരുടെ ചോദ്യം. ശാസ്ത്രത്തില്‍ ഒരു കോടതി വിധിയും തെളിവല്ല. മറിച്ച്, കോടതിയില്‍ ശാസ്ത്രീയ തെളിവുകള്‍ പരിഗണക്കപ്പെടും. ഡി.വൈ.എഫ്.ഐ. സംസ്ഥാന സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് ധനസഹായത്തിനായി കൊടുത്ത കേസില്‍ എങ്ങനെയാണ് ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രതികൂല മായ നിലപാട് എന്ന് വളരെ എളുപ്പം വ്യാഖ്യാനിക്കപ്പെടുന്ന നിലപാടെടുക്കുക? അതുകൊണ്ട്തന്നെ എതിരായ തെളിവുകളൊന്നും തന്നെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അതിനാലാണ് സുപ്രീംകോടതി വിധി ഇങ്നെയായത് എന്ന് മനസ്സിലാക്കണം.

അജ്ഞാന രോഗങ്ങളുടെ വിളനിലമായ കാസര്‍ഗോഡ് എന്നൊക്കെ മാതൃഭൂമി ആഴ്ചപതിപ്പ്പോലുള്ള ഏറ്റവും ഉയര്‍ന്ന വിശ്വാസ്യതയുള്ള മാഗസിന്‍ എഴുതുമ്പോള്‍ അത് എത്ര ഭീകരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് അല്‍പ്പമെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇപ്പറഞ്ഞതിന് വല്ല തെളിവുമുണ്ടോ?. ഇങ്ങനെയൊക്കെ ഒരു കാര്യത്തെക്കറുച്ച് ആരോഗ്യവകുപ്പ് എപ്പോഴെങ്കിലും പരാമര്‍ശിച്ചിട്ടുണ്ടോ? കാസര്‍ഗോഡ് മുന്‍ ജില്ലാ കലക്ടര്‍ ഡോ: സജിത്ത്ബാബു കോവിഡ് കാലത്ത് അടച്ചിട്ട മുറിയിലിരുന്ന് ഉണ്ടാക്കിയ റിപ്പോര്‍ട്ട് എന്നൊക്കെ ആരോപിക്കുന്നതിനും തെളിവില്ല. വില്ലേജ് ഓഫീസര്‍മാരും ആശാവര്‍ക്കര്‍മാരും വഴി ഏറ്റവും താഴ്ന്ന തലത്തില്‍ തന്നെ വിവരശേഖരണം നടത്തി കൃത്യമായ തെളിവുസഹിതമാണ് ആ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. സര്‍ക്കാരിന്റെ ഒരു രൂപാപോലും ദുരുപയോഗം ചെയ്യപ്പെടരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആ ഉദ്യോഗസ്ഥന്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ട് കോടിക്കണക്കിന് രൂപയുടെ തിരിമറികളും ഒരെലിയെപ്പോഴും കൊല്ലാന്‍ തക്ക ഗാഢതയില്ലാത്ത എന്‍ഡോസള്‍ഫാന്‍ ലായനി ഏറ്റതുമൂലം മരണപ്പെട്ട ചിലര്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം കിട്ടിയതിനു ശേഷം വീണ്ടും മെഡിക്കല്‍ ക്യാമ്പുകളില്‍ ഹാജരായ അത്ഭുതങ്ങളും ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും മംഗലാപുരത്തെ ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ചുള്ള സൂചനകളും അടങ്ങുന്നതാണ്. ആ റിപ്പോര്‍ട്ടിന്‍മേല്‍ ഒരന്വേഷണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല എന്നാണ് എനിക്ക് കിട്ടിയ വിവരാവകാശ രേഖ കാണിക്കുന്നത്.

കേരളത്തില്‍ കാസര്‍ഗോട്ട് മാത്രമേ മാനസിക-ശാരീരിക ഭിന്നശേഷികളുള്ള ആള്‍ക്കാരുള്ളൂ എന്നാണോ മാതൃഭൂമിയും മധുരാജും കരുതുന്നത്? എങ്കില്‍ ദയവായി അംഗപരിമിതസെന്‍സസ് 2015 (Disability census, 2015) എന്ന ആരോഗ്യ- സാമൂഹ്യ നീതിവകുപ്പ് രേഖ നെറ്റില്‍ നന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കുക. കേരളത്തിലെ വിടുവിടാന്തരം നടത്തിയ സര്‍വ്വേയില്‍ 22 തരത്തിലുള്ള മാനസിക-ശാരീരിക പരിമിതികളുള്ള 7,75,723 പേരെയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ മധുരാജിന്റെ ഫോട്ടോകളില്‍ കാണുന്ന അംഗപരിമിതരൊക്കെ വരും. ഓരോ ജില്ലയിലുമുള്ള അവരുടെ പ്രാബല്ല്യം പരിശോധിച്ചപ്പോള്‍ സംഖ്യാശാസ്ത്രപരമായി വ്യത്യാസമില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനര്‍ത്ഥം മധുരാജ് ക്യാമറയുമായി ഏതു ജില്ലയില്‍ ഇറങ്ങിയാലും ഇതു പോലുള്ള നിര്‍ഭാഗ്യവാന്‍മാരെ കണ്ടെത്താനാകും. അവരുടെ വിലാസം കിട്ടണമെങ്കില്‍ പഞ്ചായത്ത് ഓഫീസിലെ വികലാംഗപെന്‍ഷന്‍ സെക്ഷനില്‍ അന്വേഷിച്ചാല്‍ മതിയാകും. അത് ചെയ്യാന്‍ മധുരാജ് തയ്യാറാണോ? പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയും?

ഈ അംഗപരിമിതരുടെ ഡാറ്റ ശേഖരിച്ച് പത്തു ഗ്രാമപഞ്ചായത്തുകളിലെ പി.സി .കെ.യുടെ കശുമാവ് എസ്റ്റേറ്റുകള്‍ക്കു ചുറ്റുമുള്ള 48 വാര്‍ഡുകളും ദൂരെയുള്ള 115 വാര്‍ഡുകളും തമ്മില്‍ സംഖ്യാശാസ്ത്രപരമായി ‘ദ ‘ടെസ്റ്റ് വച്ച് പരിശോധിച്ച് വ്യത്യാസമൊന്നുമില്ലെന്ന് കാണിക്കുന്ന എന്റെ പ്രബന്ധം എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി ഒക്ടോബര്‍ 9, 2021 – ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കുവാന്‍ മാതൃഭൂമി തയ്യാറാകുമോ? ജനങ്ങള്‍ക്ക് ഒരു പ്രശ്നത്തിന്റെ മറുപുറം കൂടി എത്തിച്ചുകൊടുക്കുക. എന്നത് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനതത്വമല്ലേ?

കീടനാശിനി ഉപയോഗത്തിന്റെ അടിസ്ഥാന തത്വവും മനുഷ്യശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെകുറിച്ചുള്ള വിവരവും അറിയാത്തതുകൊണ്ടാണ് ഒരു കീടനാശിനി വായുമാര്‍ഗ്ഗേണയോ താഴെനിന്നോ തളിച്ചാല്‍ ജനിതക രോഗങ്ങളടക്കം വരുമെന്ന ചിന്ത ഉണ്ടായിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് പഠിച്ചു കഴിഞ്ഞാല്‍ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിഞ്ഞേക്കും. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ജീവന്‍. അത് കോടിക്കണക്കിന് വര്‍ ഷങ്ങളിലൂടെ നിരവധി പ്രതിബന്ധങ്ങളെ നേരിട്ട് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. സസ്യങ്ങള്‍ സ്വയം പ്രതിരോധത്തിനായി ഉണ്ടാക്കുന്ന ലക്ഷക്കണക്കിന് തരം വിഷങ്ങളെ പ്രതിരോധിച്ചും വിഘടിപ്പിച്ചുമാണ് ഒരോ ജന്തുവും നിലനിന്നതും ജീവന്‍ പന്തലിച്ചതും. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ പോലുള്ള ഓര്‍ഗാനോക്ലോറിന്‍ സംയുക്തങ്ങള്‍ 2500- ല്‍ പരം എണ്ണം പ്രകൃതിയില്‍ തന്നെ ഉണ്ടാവുന്നുണ്ട്. ജീവന് ഇതൊന്നും പുതുമയേ അല്ലെന്നര്‍ത്ഥം. ഇവയെ വിഘടിപ്പിക്കാനുള്ള മിക്സഡ് ഫങ്ഷന്‍ ഓക്സിഡേസ് ഗ്രൂപ്പില്‍പ്പെട്ട രാസാഗ്‌നികള്‍ ആയിരക്കണക്കിന് എണ്ണം നമ്മുടെ ഓരോ കോശത്തിലുമുണ്ട്. അതുകൊണ്ടാണ് ഏറ്റവും പുതിയ ആന്റി ബയോട്ടിക്കുപോലും സ്ഥിരമായി ഉപയോഗിച്ചാല്‍ ബാക്റ്റീരിയയ്കും കീടനാശിനിയായാല്‍ കീടങ്ങള്‍ക്കും പ്രതിരോധം സാധിക്കുന്നത്.

ഈ ലോകത്തെ ലക്ഷക്കണക്കിന് ഹെക്ടര്‍ കൃഷി സ്ഥലത്ത് ലക്ഷകണക്കിന് കൃഷിക്കാര്‍ ലക്ഷക്കണക്കിന് ലിറ്റര്‍ കീടനാശിനികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നുമുണ്ട്. എവിടെ നിന്നും തന്നെ കാസര്‍ഗോഡ് സംഭവിച്ചതായി പറയപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ആയിരത്തിലൊന്നുപോലും സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. താല്കാലിക വിഷബാധ ഉണ്ടാകും. അങ്ങനെ മരണം സംഭവിക്കാം. പക്ഷേ ജനിത രോഗങ്ങളും സെറി ബ്രല്‍ പല്‍സിയും ഹൈഡ്രോകെഫാലസവും മറ്റും എവിടെയും സംഭവിച്ചതായി ഒരു മെഡിക്കല്‍ ശാസ്ത്ര പ്രബന്ധം പോലുമില്ല. കീടങ്ങളെ കൊല്ലുന്ന മാത്രയിലുള്ള രാസവിഷം മനുഷ്യന് യാതൊരു പ്രത്യാഘാതവുമുണ്ടാക്കാനും പര്യാപ്തമല്ല എന്നതാണ് കീടനാശിനി ഉപയോഗത്തിന്റെ അടിസ്ഥാന തത്വം തന്നെ. കാരണം കീടത്തിന്റെ ശരാശരി ശരീരഭാരം 6 മില്ലീഗ്രാം ആയാല്‍ മനുഷ്യന്റെത് 60 കി.ഗ്രാം ആണ്. 10 ലക്ഷം മടങ്ങ് കൂടുതല്‍. ഭ്രൂണത്തിന് പ്ലാസെന്റാബാരിയറും തലച്ചോറിന് ബ്ലഡ്-ബ്രെയിന്‍ ബാരിയറുമുണ്ട്. ഡി.ഡി.ടി. മലമ്പനി നിയന്ത്രണത്തിനായി വര്‍ഷങ്ങളോളം വീടിന് ചുറ്റം, കൂടാതെ വീടിനകത്തും (കിറീീൃ ഞലശെറൗമഹ ടുൃമ്യശിഴ കഞട) ഇന്ത്യയടക്കം എത്രയോ രാജ്യങ്ങളില്‍ തളിച്ചിട്ടില്ലേ?. എന്നിട്ടെന്തുണ്ടായി?. റേച്ചല്‍ കാര്‍ബണ്‍ നിശബ്ദ വസന്തത്തില്‍ പറഞ്ഞതുപോലെ കാന്‍സര്‍ പൊട്ടിപുറപ്പെട്ടോ അതോ മധുരാജ് പറയുന്നത് പോലെ അംഗപരിമിതരുടെ എണ്ണം കൂടിയോ അതോ, ലക്ഷക്കണക്കിന് പേര്‍ മലമ്പനിയില്‍ നിന്നും രക്ഷപ്പെട്ടോ?. സര്‍വ്വ വിജ്ഞാനികളെന്നു കരുതുന്നവര്‍ അതുകൂടെ പഠിച്ചാല്‍ നന്ന്.

അതുകൊണ്ട് മധുരാജും മറ്റു മലയാളം സാഹിത്യകാരന്‍മാരും മാതൃഭൂമിയും പാവപ്പെട്ട കാസര്‍ഗോഡ്കാരെ തെളിവില്ലാതെ അപമാനിക്കുന്നതു ഇനിയെങ്കിലും നിര്‍ത്തുക. മാതൃഭൂമി ഈ ചെയ്യുന്നത് ഭിക്ഷാടന മാഫിയയുടെ മറ്റൊരു രൂപമാണ്. മാതൃഭൂമിയുടെയും മറ്റു മാധ്യമങ്ങളുടെയും നിരന്തര പ്രചരണം സത്യമാണെന്ന് വിശ്വസിച്ച് ദുരിതബാധിതരെ വിദേശരാജ്യങ്ങളിലെയും ഇന്ത്യയിലെ നഗരങ്ങളിലെയും എത്രയോ മനഷ്യസ്നേഹികള്‍ കോടിക്കണക്കിനു രൂപ കൈയയച്ചു സഹായിച്ചിട്ടുണ്ട്. അതൊന്നും കൂടാതെയാണ് ലക്ഷക്കണക്കിന് രൂപയുടെ ധനസഹായം ഇവര്‍ക്ക് ലഭിക്കുന്നത്. കാസര്‍ഗോട്ടെ ഈ പത്തു പഞ്ചായത്തുകളില്‍ മാത്രമല്ല മാനസിക- ശാരീരിക പരിമിതിയുള്ളവര്‍ എന്ന് മാതൃഭൂമി മനസ്സിലാക്കണം. കേരളത്തിലെ 7,75,723 പേര്‍ സഹായത്തിന് അര്‍ഹരാണ്. ഇതിന്റെ ഒരു ശതമാനം കിടപ്പുരോഗികളാണെന്നു കണക്കാക്കിയാല്‍തന്നെ 77500 പേരുണ്ട്. ഞാന്‍ മരിച്ചാല്‍ എന്റെ മക്കളുടെ ഗതിയെന്താകും എന്ന് ചിന്തിക്കുന്ന ഈ 77500 അമ്മമാരുടെ അടുത്തേക്ക് മധുരാജിന്റെ ക്യാമറ കടന്നുചെല്ലട്ടെ. മാതൃഭൂമിയുടെ താളുകളില്‍ അവരുടെ കഥ നിറയട്ടെ. കാസര്‍ഗോട്ടുകാരെ ഇനിയെങ്കിലും വെറുതേവിടുക.

ഇപ്പോള്‍ നവതി ആഘോഷിക്കുന്ന മാതൃഭൂമി ആഴ്ചപതിപ്പ് സാഹിത്യകേരളത്തിന് ഒരു കൂട്ടാണെന്ന കാര്യത്തില്‍ സംശയമില്ല. മാതൃഭൂമിയില്‍ കൂടി എത്രയോ സാഹിത്യകാരന്മാര്‍ എഴുതി തെളിഞ്ഞു. ലക്ഷോപലക്ഷം വായനക്കാര്‍ അതാസ്വദിച്ചു. പക്ഷേ എഴുത്തുകാര്‍ക്ക് അവര്‍ അര്‍ഹിക്കു ന്നതിലുപരി പ്രശംസകൊടുത്തുകൊണ്ട് അവരെ സര്‍വ്വജ്ഞാനികളെന്നു വാഴ്ത്തിയതും മാതൃഭൂമിതന്നെയായിരുന്നു. അങ്ങനെ അല്പം കഥയും കവിതയുമെഴുതുന്നവന്‍ സകലമേഖലയിലും കയറി അഭിപ്രായം പറയാന്‍ തുടങ്ങി. അതതു രംഗത്തെ വിദഗ്ദരുടെ ആഴത്തിലുള്ള ലേഖനങ്ങള്‍ മാതൃഭൂമിക്കു വേണ്ടാതായി. അല്പജ്ഞാനികള്‍ ആധുനിക വൈദ്യത്തെയും ആധുനിക കൃഷിയേയും തള്ളിപ്പറഞ്ഞു. ജൈവസാങ്കേതിക വിദ്യ നാളെയുടെ വാഗ്ദാനമെന്നതിനു പകരം സര്‍വ്വതും മുടിക്കുന്ന ഭീകരസത്വമായി (ഓര്‍ക്കുന്നുവോ ജീവന്‍ ജോബ് തോമസിന്റെ ലേഖനം?). വാക്സിന്‍ വിരുദ്ധത മാതൃഭൂമിയാണ് ഉണ്ടാക്കിതും കൊണ്ട്‌നടന്നതും. അതിവൈകാരികത ആവോളം വിളമ്പുന്ന ആക്ടിവിസ്റ്റുകളായി പ്രധാനഎഴുത്തുകാര്‍. യാഥാര്‍ത്ഥ്യബോധം അല്പം പോലുമില്ലാത്ത പരിസ്ഥിതി പ്രേമമായി പ്രധാന മുഖമുദ്ര. കേവലം ഫാഷന്‍ ഷോ മാത്രമായ ജൈവ കൃഷിയായി പ്രധാന കൃഷി. അത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ക്ക് പകരം ഉപരിപ്ലവമായ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനായി ശ്രമങ്ങള്‍. ചുരുക്കം പറഞ്ഞാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാന്‍ കൊള്ളാതായി. പരിണിതപ്രജ്ഞനായ ആ പഴയകാല പത്രാധിപര്‍ തന്റെ ശവക്കല്ലറക്കുള്ളില്‍ കിടന്നു തിരിയാനും മറിയാനും തുടങ്ങി.

എന്നാല്‍ അടുത്തകാലത്ത് സ്ഥിതി ഒരല്‍പ്പം മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മധുരാജിന്റെ ലേഖനം വന്നത്. ഏകദേശം 47 കൊല്ലമായി മാതൃഭൂമിയുടെ വായനക്കാരനാണ്. അതുകൊണ്ട് പ്രതികരിച്ചുപോയതാണ്.
(ഡോ.കെ എം . ശ്രീകുമാര്‍, പ്രൊഫസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസര്‍കോട് )


Leave a Reply

Your email address will not be published. Required fields are marked *