കുരങ്ങ് പൊടുന്നനെ മനുഷ്യനാകുന്നത് പരിണാമമല്ല; അതിന് ഗ്രാഫിക്‌സ് വര്‍ക്ക് എന്നാണ് പറയേണ്ടത്; സുരന്‍ നൂറനാട്ടുകര എഴുതുന്നു


‘പരിണാമത്തെ അംഗീകരിക്കാതിരുന്നാല്‍ നിങ്ങളെ നരകത്തിലിട്ടു പൊരിക്കാനോ തിളച്ച എണ്ണയിലിട്ടു വറുക്കാനോ ആരും വരില്ല. പരിണാമത്തെ അംഗീകരിച്ചതു കൊണ്ട് ഹൂറികളോ മദ്യപുഴയോ മോക്ഷമോ നിങ്ങള്‍ക്കു ലഭിക്കുകയുമില്ല. പരിണാമത്തെ പരസ്യമായി അവഹേളിച്ചാല്‍ ആരും കുരു പൊട്ടി പൊട്ടിത്തെറിക്കുകയോ ആയുധമെടുത്ത് തെരുവിലിറങ്ങുകയോ ഇല്ല. നിയമപരമായി പോലും നടപടി നേരിടേണ്ടിവരില്ല. എന്നിട്ടും പരിണാമം മുന്നോട്ടു തന്നെ പോകുന്നു. Michael Shermer പറയുന്നു – Darwin matters because evolution matters. Evolution matters because science matters. Science matters because it is preeminent story of our age, an epic saga about who we are, where we came from, and where we are going.’ – സുരന്‍ നൂറനാട്ടുകര എഴുതുന്നു
ആര്‍ക്കും തകര്‍ക്കാനാവാതെ പരിണാമം എന്ന മഹാസൗധം!

70 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയിലെ ഒരു വനാന്തരത്തില്‍ അപൂര്‍വ്വമായി തരപ്പെടുന്ന ഒരു ശാപ്പാടിനു ശേഷം വൃക്ഷശിഖരത്തില്‍ ചാരിയിരുന്ന് ഒരു കുരങ്ങന്‍ ചിന്തിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ ശരിയാവില്ല. മരത്തിലെ ചാട്ടം, കായ്കനികള്‍ തീറ്റി – വിരസമായ പ്രണയങ്ങള്‍, ഇണ ചേരലിലെ ശീല്‍ക്കാരങ്ങള്‍…. മടുത്തു. എല്ലാം തനിയാവർത്തനങ്ങൾ മാത്രം… എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം..?

What is Chinese wall..? എന്താണ് ഒക്ടോബര്‍ വിപ്ലവം? എവിടെയാണ് ജി സ്‌പോട്ട്..? പക്ഷേ ഈ മരത്തില്‍ ചാരിയിരുന്നതു കൊണ്ടോ നാലു കാലില്‍ ചാടി നടന്നതു കൊണ്ടാ അതൊന്നും താന്‍ മനസ്സിലാക്കാന്‍ പോകുന്നില്ലായെന്ന സത്യം കുരങ്ങള്‍ തിരിച്ചറിഞ്ഞു….

വിപ്ലവം വരണം. എന്താണ് വിപ്ലവ ത്തിന്റെ ചാലക ശക്തി…. അദ്ധ്വാനമാണ് വിപ്ലവത്തിന്റെ ഗതിയെ നയിക്കുന്നത്. എന്തായാലും കുരങ്ങന്‍ നൈസായി ഒന്നു പരിണമിച്ചേക്കാം എന്ന് കരുതി. ചില തീരുമാനങ്ങളെടുത്ത ശേഷം കുരങ്ങന്‍ മരത്തില്‍ നിന്നും താഴെയിറങ്ങി…. പതിയെ നാലു കാലില്‍ നിന്നും രണ്ടു കാലിലേക്ക് ഉയര്‍ന്നു നിന്നു. കൊള്ളാം പരിണാമത്തിന്റെ ആദ്യ കടമ്പ കടന്നു. ഇനിയും ഒരുപാടു ദൂരം മുന്നേറേണ്ടതുണ്ട്. പക്ഷേ ഒറ്റക്കു ഈ ദൂരം താണ്ടുക എളുപ്പമല്ല – കുരങ്ങന്‍ തന്റെ പ്രത്യേക തരം സിഗ്‌നലിലൂടെ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിന്നു മയങ്ങുന്ന പെണ്‍ കുരങ്ങുകളെ ഉണര്‍ത്തി. അവര്‍ വെറുതെ തല ഉയര്‍ത്തി രണ്ടു കാലില്‍ നില്‍ക്കുന്ന അവനെ നോക്കി…..

കുരങ്ങന്‍ പറഞ്ഞു – ‘ഞാന്‍ പോകുകയാണ്… പുതിയൊരു വിപ്ലവത്തിന്റെ പാത തേടി… എന്നോടൊപ്പം വരാന്‍ തയ്യാറായാല്‍ നിങ്ങള്‍ക്ക് ജൈവലോകത്തിന്റെ പരിണാമ ദശയിലേക്കു പ്രവേശിക്കാം.

ആര്‍ക്കും പ്രത്യേകമായി ഒന്നും തോന്നിയില്ല. അവര്‍ വീണ്ടും മയങ്ങാന്‍ തുടങ്ങി. കുരങ്ങന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി… അപ്പോള്‍ അത്ര സുന്ദരിയല്ലാത്ത ഒരുത്തി മരത്തില്‍ നിന്നും താഴേക്ക് ഊര്‍ന്നിറങ്ങി….

‘ഹേ . ധീര വനിതേ… എന്റെ ക്ഷണം സ്വീകരിച്ചതിനു നന്ദി .. ഈ പരിണാമ പ്രക്രിയയില്‍ നീ എന്റെ ജീവാത്മാവും പരമാത്മാവും ആയിരിക്കും … രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കു… പെണ്‍കുരങ്ങ് രണ്ടു കാലില്‍ നിവര്‍ന്നു നിന്നു.

‘കാര്യം നീ വിളിച്ചപ്പോള്‍ വന്നു എന്ന് കരുതി നിന്റെ അടിമയാണെന്ന് നീ കരുതരുത്… അടിച്ചു കോണ്‍ തെറ്റി വരുമ്പോള്‍ നിന്റെ തല്ലുകൊള്ളാനൊന്നും എനിക്കു പറ്റില്ല… ആണത്ത അധികാരം എന്റെടുത്ത് എടുക്കരുത്… ഒരു മെയില്‍ ഷോവനിസ്റ്റ് ആയി എന്റെടുത്ത് പെരുമാറിയാല്‍ നിന്റെ മെയിന്‍ അവയവം കടിച്ച് ഞാന്‍ മുറിക്കും… ഈക്വാലിറ്റി മുഖ്യം ബീഗിലേ ….

ആണ്‍ കുരങ്ങ്… പല്ലിറുമ്മി എന്തോ പിറുപിറുത്തു… ആ പറഞ്ഞ വാക്ക് ഏറ്റവും വലിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്ന് തെളിയിക്കാന്‍ ദശലക്ഷക്കണക്കിന് സംവത്സരങ്ങള്‍ പിന്നെയും കഴിയേണ്ടതുണ്ടായിരുന്നു… അങ്ങിനെ പരിണമിക്കാന്‍ തയറായ ആ മര്‍ക്കട ഇണകള്‍ മുന്നോട്ട് പ്രയാണം ആരംഭിച്ചു. അപ്പോള്‍ ഇതെല്ലാം കണ്ടും കേട്ടും മുകളില്‍ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. മറ്റാരുമല്ല അവരുടെ തലവന്‍ – തലമൂത്ത കാരണവര്‍. എല്ലാ പ്രായമായവരേ പോലെയും ചെറുപ്പകാരെ കാണുമ്പോള്‍ ഫ്രീയായി ഉപദേശം കൊടുക്കാനുള്ള ഒരു ത്വര അങ്ങേരില്‍ ഉണ്ടായി.

‘ഹെന്റെ മെക്കളേ… നിങ്ങള്‍ പരിണമിക്കരുത്… വരാനിരിക്കുന്നത് കൊടും ശാപ കാലമാണ്. കെട്ട കാലത്തേക്കാണ് നിങ്ങളുടെ പോക്ക്… നിങ്ങള്‍ പരിണമിച്ചു മറ്റൊരു സ്പീഷീസ് ആകുന്നതോടു കൂടി നേരിടാന്‍ പോവുന്നത് മഹായുദ്ധങ്ങളെയും ക്ഷാമങ്ങളെയും പകര്‍ച്ചവ്യാധികളെയുമാണ്… ഭൂമിയില്‍ അതിരുകള്‍ക്കു വേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യും… അധിനിവേശങ്ങള്‍ നടത്തും അഭയാര്‍ത്ഥികളാവും… സൊസൈറ്റി എന്തു ചിന്തിക്കും എന്നു കരുതി ഓരോ നിമിഷവും നിങ്ങള്‍ക്കു ജീവിക്കേണ്ടി വരും. ഒരു ആണും പെണ്ണും ഒരിടത്തു ഇരിക്കുന്നതു കണ്ടാല്‍ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും… ആചാര സംരക്ഷണത്തിനായി തെരുവിലിറങ്ങേണ്ടിവരും… ഒരു പെണ്ണിന്റെ മുടി പുറത്തു കണ്ടാല്‍ വരെ നരകത്തില്‍ ഇടുന്ന ദൈവങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും – ഒന്നുങ്കില്‍ ബിക്കിനി അല്ലെങ്കില്‍ പര്‍ദ്ദ ഈ രണ്ട് ഓപ്ഷനുകളേ നിങ്ങള്‍ക്കുണ്ടാവൂ – മരുന്ന് മാഫിയകള്‍ നിങ്ങളുടെ രക്തം ഊറ്റും… അധികാര വടംവലിയും, ഫാസിസവും ഉണ്ടാകും… ഇതൊരു ഉപദേശമായി കരുതണ്ട. ഒരു വാണിംങ്ങ് ആയി കണ്ടാല്‍ മതി…

പരിണമിക്കാന്‍ തയ്യാറായ ആണ്‍കുരങ്ങ് കൈ വയറില്‍ കെട്ടി തലകുനിച്ചു…..
‘ഓ നീയാണല്ലോ കോടതി…
‘പോടാ :
എന്നിട്ട് പെണ്‍ കുരങ്ങിനൊപ്പം പരിണാമത്തിന്റെ കല്ലും മുള്ളും നിറഞ്ഞ പാതയിലേക്കു നടന്നു കയറി.

ആ രാത്രിയില്‍ കാടിനപ്പുറം മറ്റൊരു ഗുഹയില്‍ അവര്‍ ഒരുമിച്ച് തങ്ങി… പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ തങ്ങള്‍ക്കുണ്ടായ രൂപ മാറ്റത്തെ ഞെട്ടലോടെയാണ് അവര്‍ തിരിച്ചറിഞ്ഞത്. രോമമെല്ലാം ഇരുവര്‍ക്കും നഷ്ടപ്പെട്ടിരുന്നു. ശരീരത്തിന് മിനുസം ഉണ്ടായിരിക്കുന്നു. ആണിന് മേല്‍ മീശ. പെണ്ണിന് നിറഞ്ഞ സ്തനങ്ങള്‍, കറുത്ത നീണ്ട മുടി…

അവര്‍ക്ക് പരസ്പരം ‘നാണ്‍’ വന്നു. തല്‍ക്കാലം ഇലകള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്‌തെങ്കിലും അവള്‍ക്ക്  V-Star ന്റെ ചുരിദാറും തനിക്ക് Raymond ന്റെ സ്യൂട്ടും താമസിക്കാതെ നിര്‍മ്മിച്ചെടുക്കേണ്ട ആവശ്യകത അവനിലുണ്ടായി – പക്ഷേ ആദ്യം തീ കണ്ടു പിടിക്കണം – പിന്നെ ഭാഷ – ചക്രങ്ങള്‍, കൃഷി – എന്തെല്ലാം കണ്ടുപിടിക്കാന്‍ കിടക്കുന്നു. വാനരന്‍ നരനായ കര്‍മ്മം പൂര്‍ത്തിയായിരിക്കുന്നു. പുതിയൊരു സ്പീഷീസ് ഉദയം ചെയ്തിരിക്കുന്നു.

ഇതാണ് പരിണാമം; ആരുടെ പരിണാമം?

തങ്ങള്‍ പരിണാമത്തെ കുറിച്ച് തികച്ചും മനസ്സിലാക്കി എന്നു കരുതി യമണ്ടന്‍ ചോദ്യങ്ങള്‍ എഴുതി വിടുന്ന കളിമണ്ണ് വാദക്കാരുടെ പരിണാമം? കുരങ്ങ് പൊടുന്നനെ പരിണമിച്ച് മനുഷ്യനാകുന്നത് പരിണാമമല്ല. അതിന് ഗ്രാഫിക്‌സ് വര്‍ക്ക് എന്നാണ് പറയേണ്ടത്.ആനിമേഷനിലൂടെ നമുക്ക് ഇത് ചെയ്യാന്‍ സാധിക്കും.

JBS Haldane പറയുന്ന ഒരു കാര്യമുണ്ട്. കേംബ്രിയൻ (Cambrian) കാലഘട്ടത്തിനു മുന്‍പുള്ള സ്പീഷീസുകളുടെ ഫോസിലുകളില്‍ നിന്ന് ഒരു മുയലിന്റെ ഫോസില്‍ കൊണ്ടുവന്നാല്‍ പരിണാമം തകര്‍ന്നടിയും. അല്ലെങ്കില്‍ ഡൈനോസറിന്റെ ഫോസിലുകളോടൊപ്പം ഒരു മനുഷ്യന്റെ ഫോസില്‍ ലഭിച്ചാല്‍. പരിണാമം തെറ്റാണന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരം ആണത്. പക്ഷേ ആര്‍ക്കും തകര്‍ക്കാനാവാത്ത നിലയില്‍ പരിണാമം എന്ന മഹാസൗധം ഉയര്‍ന്നു നില്‍ക്കുന്നു. ഫോസിലുകള്‍ ഇന്ന് പരിണാമത്തിലെ ബോണസ്സുകളാണ്. ജനിതകശാസ്ത്രം മാത്രം മതി ഇന്നു പരിണാമം ശരിയാണെന്നു തെളിയിക്കാന്‍.

Theodosius Dobzhansky പറയുന്നു – Nothing biology makes sense expect in the light of Evolution. പരിണാമത്തെ അംഗീകരിക്കാതിരുന്നാല്‍ നിങ്ങളെ നരകത്തിലിട്ടു പൊരിക്കാനോ തിളച്ച എണ്ണയിലിട്ടു വറുക്കാനോ ആരും വരില്ല. പരിണാമത്തെ അംഗീകരിച്ചതുകൊണ്ട് ഹൂറികളോ മദ്യപുഴയോ മോക്ഷമോ നിങ്ങള്‍ക്കു ലഭിക്കുകയുമില്ല. പരിണാമത്തെ പരസ്യമായി അവഹേളിച്ചാല്‍ ആരും കുരു പൊട്ടി പൊട്ടിത്തെറിക്കുകയോ ആയുധമെടുത്ത് തെരുവിലിറങ്ങുകയോ ഇല്ല. നിയമപരമായി പോലും നടപടി നേരിടേണ്ടിവരില്ല. എന്നിട്ടും പരിണാമം മുന്നോട്ടു തന്നെ പോകുന്നു. Michael Shermer പറയുന്നു – Darwin matters because evolution matters. Evolution matters because science matters. Science matters because it is preeminent story of our age, an epic saga about who we are, where we came from, and where we are going.


About Suran Nooranattukara

Suran Nooranattukara is a painting artist by profession. He is a free thinker. Hobbies: Book Reading, Cinema

View all posts by Suran Nooranattukara →

Leave a Reply

Your email address will not be published. Required fields are marked *