മത അന്ധവിശ്വാസവും സാമ്പത്തിക അന്ധവിശ്വാസവും; ഏതാണ് കൂടുതല്‍ അപകടകരം? ടോമി സെബ്യാസ്റ്റിയന്‍ എഴുതുന്നു


”മുതലാളിയുടെ സമ്പത്തുണ്ടാക്കുന്നത് ചൂഷണത്തിലൂടെയാണ് എന്നുള്ള സാമ്പത്തിക അന്ധവിശ്വാസം, കേരളത്തില്‍ പ്രബലമാണ്. അതുകൊണ്ടാണ് ക്യാപിറ്റലിസം എന്ന വാക്കിനെ മുതലാളിത്തം എന്ന തര്‍ജ്ജമയിലൂടെ മലയാളികളെ കബളിപ്പിച്ചത്! എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നത് ഒരു വലിയ വിഷയമാണ്. അതു മനസ്സിലായെങ്കില്‍ മാത്രമേ മലയാളി മനസ്സുകളില്‍ രൂഢമൂലമായിരിക്കുന്ന സാമ്പത്തിക അന്ധവിശ്വാസത്തെ തകര്‍ക്കാന്‍ സാധിക്കൂ.”- ടോമി സെബാസ്റ്റിയന്‍ എഴുതുന്നു

പണം ഉണ്ടാകുന്നത് ചൂഷണത്തിലൂടെയോ!

മത അന്ധവിശ്വാസവും സാമ്പത്തിക അന്ധവിശ്വാസവും താരതമ്യം ചെയ്താല്‍ സാമ്പത്തിക അന്ധവിശ്വാസമാണ് ഏറ്റവും അപകടകരമായത്. കാരണം മത അന്ധവിശ്വാസം ആ മതവിശ്വാസികളുടെ ഉള്ളില്‍ മാത്രം നില്‍ക്കുമ്പോള്‍, സാമ്പത്തിക അന്ധവിശ്വാസം മത-ദേശ ഭേദമന്യേ ലോകത്തിലുള്ള സകല മനുഷ്യരെയും ബാധിക്കുന്ന ഒന്നാണ്. ഇത് സാമാന്യേന എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല. ഈ പ്രപഞ്ചം നമ്മള്‍ക്ക് അറിയാന്‍ പാടില്ലാത്ത ഏതോ ഒരു അദൃശ്യശക്തി ഉണ്ടാക്കിയതാണ് എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും ലളിതമായ വിശ്വാസ രീതി. എന്നാല്‍ അത് ശാസ്ത്രീയ വസ്തുതകള്‍ക്ക് കടകവിരുദ്ധമാണ്. അതേ പോലെ മറ്റൊരു അന്ധവിശ്വാസമാണ്  ഒരാളുടെ കയ്യിലുള്ള പണം മറ്റൊരാളെ ചൂഷണം ചെയ്യുന്നതിലൂടെ ഉണ്ടാക്കുന്നതാണ് എന്നത്.

മുതലാളിയുടെ സമ്പത്തുണ്ടാക്കുന്നത് ചൂഷണത്തിലൂടെയാണ് എന്നുള്ള സാമ്പത്തിക അന്ധവിശ്വാസം, കേരളത്തില്‍ പ്രബലമാണ്. അതുകൊണ്ടാണ് ക്യാപിറ്റലിസം എന്ന വാക്കിനെ മുതലാളിത്തം എന്ന തര്‍ജ്ജമയിലൂടെ മലയാളികളെ കബളിപ്പിച്ചത്! എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നത് ഒരു വലിയ വിഷയമാണ്. അതു മനസ്സിലായെങ്കില്‍ മാത്രമേ മലയാളി മനസ്സുകളില്‍ രൂഢമൂലമായിരിക്കുന്ന സാമ്പത്തിക അന്ധവിശ്വാസത്തെ തകര്‍ക്കാന്‍ സാധിക്കൂ. അതിന് മനുഷ്യ ചരിത്രം അല്‍പ്പം മനസ്സിലാക്കുന്നത് നന്നായിരിക്കും.

എന്താണ് പണം? അത് എങ്ങനെ ഉണ്ടായി?

മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ അവരുടെയിടയില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിരുന്നു. പണം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ബാര്‍ട്ടര്‍ സമ്പ്രദായം ആയിരുന്നു നിലനിന്നിരുന്നത്. അതായത് എനിക്ക് കുറേ ചക്ക ഉണ്ട്. പക്ഷേ എനിക്ക് കുറച്ച് അരിയും തേങ്ങയും ആവശ്യമുണ്ട്. ഞാന്‍ ചക്ക നല്‍കുന്നു, പകരം കുറേ അരിയും തേങ്ങയും അങ്ങനെ പലവിധ വസ്തുക്കളും കുറെ സേവനങ്ങളും തിരികെ ലഭിക്കുന്നു. ചക്ക ഉള്ളവന്‍ കുറേ ചക്ക നല്‍കി പകരം കുറേ നെല്ല് പകരം വാങ്ങുന്നു. അല്ലെങ്കില്‍ കുറച്ച് തേങ്ങ പകരം വാങ്ങുന്നു. ഇങ്ങനെ സാധനങ്ങള്‍ കൈമാറ്റം ചെയ്തിരുന്ന രീതിയാണ് ബാര്‍ട്ടര്‍ സമ്പ്രദായം.

അവനു ചുറ്റുമുള്ള പ്രശ്‌നങ്ങളെ മനസ്സിലാക്കി അതില്‍ നിന്നും ഏറ്റവും മികച്ച മറ്റൊരു സാമൂഹ്യ അവസ്ഥ ഉണ്ടാക്കുകയാണ് മനുഷ്യവംശത്തിലെ ഉന്നമനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവിടെ മേല്‍പ്പറഞ്ഞ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ ഒരുപാടു പ്രശ്‌നങ്ങള്‍ ഉണ്ട് . എനിക്ക് വില്‍ക്കാന്‍ ഉള്ളത് ചക്കയാണ്, പക്ഷേ എനിക്ക് പകരം വേണ്ടത് നെല്ല് ആണ്. പക്ഷേ നെല്ല് ഉള്ള ആള്‍ക്ക് ചക്ക വേണ്ട.  നെല്ല് ഉള്ള ആള്‍ കൃഷി ചെയ്ത് നല്ല വിളവ് ഉണ്ടാക്കുന്നു. അയാള്‍ അതു കൊടുത്ത് നെയ്ത്തുകാരന്റെ കയ്യില്‍ നിന്നും തുണി വാങ്ങുന്നു. നെയ്ത്തുകാരന്‍ നെല്ല് കൊടുത്ത് തേങ്ങയോ മാങ്ങയോ വാങ്ങുന്നു. ഈ രീതി ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നു. പക്ഷേ ഇവിടെ ഒരു വലിയ പ്രശ്‌നമുള്ളത് ഞാന്‍ കൊടുക്കുന്ന ചക്കക്ക് പകരമായി എത്ര നെല്ല് കിട്ടും? ചക്കയുടെ വലിപ്പം നെല്ലിന്റെ ഗുണമേന്മ എന്നിവ ഒക്കെ പ്രശ്‌നമാകും. തേങ്ങ കൊടുത്താല്‍ ആടിനെ കിട്ടും. പക്ഷേ എത്ര വലിപ്പമുള്ള ആട്? ഒരു ആടിനെ കിട്ടാന്‍ കൊടുക്കേണ്ട തേങ്ങയുടെ എണ്ണം എത്ര വലിപ്പം എത്ര? ഈ വക കാര്യങ്ങളൊക്കെ പിന്നീട് പ്രശ്‌നമായി വരാന്‍ തുടങ്ങി.

ബാര്‍ബറുടെ അടുക്കല്‍ രണ്ടു തേങ്ങയുമായി ചെല്ലുമ്പോള്‍ അയാള്‍ പറയുന്നു, ദേ ഇവിടെ പത്തിരുപത്തഞ്ച് തേങ്ങ വെറുതെ കിടക്കുന്നു. എനിക്ക് ഈ തേങ്ങാ കൊണ്ട് ആവശ്യമില്ല എനിക്ക് വേണ്ടത് ഒരു ജോഡി ചെരിപ്പാണ്. തേങ്ങയുമായി ചെരുപ്പുകുത്തിയുടെ അടുക്കല്‍ ചെയ്യുമ്പോള്‍ അയാള്‍ക്കും തേങ്ങ വേണ്ട, നെല്ലു തന്നാല്‍ ചെരുപ്പ് ഉണ്ടാക്കി തരാം എന്നാണ്. ഇത് വലിയ സങ്കീര്‍ണമായ പ്രശ്‌നമായി തീരുന്നു. ആവശ്യക്കാരന് വില്‍ക്കാന്‍ ഉള്ള സാധനം വില്‍ക്കാന്‍ പറ്റുന്നില്ല. വേണ്ട സാധനം വാങ്ങാനും സാധിക്കുന്നില്ല. തന്റെ തൊഴിലിന് പ്രതിഫലമായി ലഭിക്കുന്ന വസ്തു, തനിക്ക് ആവശ്യമുള്ള വസ്തു ആക്കി മാറ്റാന്‍ ആളുകള്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നു.

ചിപ്പികളില്‍നിന്ന് സ്വര്‍ണ്ണനാണയങ്ങളിലേക്ക്

ഇതിനിടയിലാണ് പണം എന്ന സങ്കല്പം ആദ്യമായി കടന്നുവരുന്നത്. ആദ്യകാലത്ത് വളരെ ദുര്‍ലഭമായി ലഭിച്ചിരുന്ന ചിപ്പികള്‍ ആയിരുന്നു തേങ്ങയ്ക്കും മാങ്ങക്കും പകരമായി ഉപയോഗിച്ചിരുന്നത്. പിന്നീട് വളരെ ദുര്‍ലഭമായി ലഭിച്ചിരുന്ന നിറമുള്ള കല്ലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഒരു പശുവിനെ കൊടുത്താല്‍ പകരം വെളുത്ത നിറത്തിലുള്ള ഇത്ര കല്ല്! കുതിരകളെ കൊടുത്താല്‍ പകരം മഞ്ഞ നിറത്തിലുള്ള കല്ല്. ഇങ്ങനെ കല്ലുകള്‍ കഥ പറയാന്‍ തുടങ്ങി!

കല്ലുകള്‍ എന്നുപറഞ്ഞാല്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ ഒലിച്ചുവരുന്ന ലാവ തണുത്തുറയുമ്പോള്‍ അതിനിടയില്‍ ചില ലോഹങ്ങളുടെ ഒരു പാളി കാണാം. വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഇവയിലാണ് മൂല്യം ഇരിക്കുന്നത്! പിന്നീട് ഇങ്ങനെ വെളുത്ത കല്ലുകള്‍ അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള കല്ലുകള്‍ കുറെ കൂടി ശുദ്ധമായ രൂപത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടു തുടങ്ങി.

അങ്ങനെയാണ് വെള്ളി നാണയങ്ങള്‍ സ്വര്‍ണ്ണനാണയങ്ങള്‍ എന്നിങ്ങനെയുള്ള നാണയ വ്യവസ്ഥകള്‍ ഉണ്ടായി വന്നത്. ഇത്രതൂക്കം മഞ്ഞ ലോഹത്തിന് പകരമായി ഇത്ര അളവ് നെല്ല്, അല്ലെങ്കില്‍ ഇത്ര എണ്ണം തേങ്ങ! അതുമല്ലെങ്കില്‍ ഇത്ര മുഴം തുണി എന്നിങ്ങനെ അല്‍പമെങ്കിലും നിശ്ചിതമായ വ്യവസ്ഥ ഉണ്ടായി വന്നത്.

പക്ഷേ ചരിത്രം ഒരിക്കലും അവസാനിക്കാത്ത നദിയാണ് എന്നു പറയുന്നതുപോലെ, ഇവിടം കൊണ്ടൊന്നും അതിന്റെ ഏടുകള്‍ അവസാനിക്കുന്നില്ല. മഞ്ഞലോഹം കൊടുത്താല്‍ പകരം വിലയേറിയ മറ്റുപലതും ലഭിക്കും എന്നറിഞ്ഞ ആളുകളില്‍ ചിലര്‍ വിലകുറഞ്ഞ ഇരുമ്പ് പോലെയുള്ള ലോഹത്തിന് ചുറ്റും ഈ മഞ്ഞലോഹം പൊതിഞ്ഞ് ആളുകളെ പറ്റിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനു പരിഹാരമായി രാജാവ് മറ്റൊരു മാര്‍ഗം കണ്ടു.

നിങ്ങളുടെ കൈവശമുള്ള മഞ്ഞലോഹം ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരിക, നിങ്ങള്‍ കൊണ്ടുവരുന്ന തൂക്കത്തിന്റെ അത്രയും തൂക്കം രാജാവിന്റെ മുദ്രപതിപ്പിച്ച മഞ്ഞലോഹം തിരികെ തരും. രാജാവിന്റെ മുദ്രപതിപ്പിച്ച മഞ്ഞ ലോഹത്തിന് ആളുകള്‍ കൂടുതല്‍ വില നല്‍കാന്‍ തുടങ്ങി. കാരണം അത് ഒറിജിനല്‍ ആണ് . അല്‍പ്പംപോലും മായമില്ല. ഇങ്ങനെ രാജമുദ്ര പതിപ്പിച്ച സ്വര്‍ണ്ണത്തിന് ആളുകള്‍ കൂടുതല്‍ വില കല്‍പ്പിച്ചു തുടങ്ങി. പകരമായി അവര്‍ രാജാവിന് അധിക തുക അഥവാ നികുതി നല്‍കാന്‍ തുടങ്ങി.

രാജമുദ്ര വ്യാജമായി നിര്‍മ്മിക്കുന്നത് രാജാവിനോടും രാജ്യത്തോടും ജനങ്ങളോടും ഉള്ള വലിയ ക്രിമിനല്‍ കുറ്റമായി കരുതാന്‍ തുടങ്ങി. അങ്ങനെ രാജമുദ്രയുള്ള സ്വര്‍ണ്ണം കൂടുതല്‍ അംഗീകരിക്കപ്പെടാന്‍ തുടങ്ങി. അതായത് ചക്കയ്ക്കും മാങ്ങയ്ക്കും തേങ്ങയ്ക്കും പകരം രാജമുദ്രയുള്ള സ്വര്‍ണനാണയങ്ങളും വെള്ളിനാണയങ്ങളും ഉപയോഗിക്കാന്‍ തുടങ്ങി.

രാജാവിന്റെ ശീട്ടില്‍നിന്ന് സ്മിത്തിന്റെ ശീട്ടിലേക്ക്

ചരിത്രം ഒഴുകുന്ന നദി പോലെയാണ്, ഒരിക്കലും അവസാനിക്കുന്നില്ല! ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേക്ക് കുടിയേറുന്ന ആളെ സംബന്ധിച്ചിടത്തോളം രാജമുദ്രയുള്ള സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോവുക വലിയ ബാധ്യതയായി മാറി. ഒരു വലിയ കൃഷി ഭൂമിക്കു പകരമായി ലഭിക്കുന്ന സ്വര്‍ണനാണയങ്ങളുമായി യാത്ര ചെയ്യുക എന്നതൊക്കെ വലിയ ബുദ്ധിമുട്ടായി. പിന്നീട് വന്ന രാജാക്കന്മാരില്‍ ഏതോ ഒരാള്‍ അതിനു പരിഹാരം കണ്ടു പിടിച്ചു.

നിങ്ങളുടെ കൈവശമുള്ള നാണയങ്ങള്‍ ഇവിടെ ഖജനാവില്‍ ഏല്‍പ്പിക്കുക. പകരം നിങ്ങളുടെ നാണയങ്ങളുടെ തുല്യമായ രാജമുദ്രയുള്ള ചീട്ട് നല്‍കും. രാജമുദ്രയുള്ള ഈ ചീട്ട് സ്വര്‍ണ നാണയത്തിന് തുല്യമായി പരിഗണിക്കും. ആദ്യമൊക്കെ ആളുകള്‍ അല്‍പ്പം ഒന്ന് പരിഭ്രമിച്ചു, എങ്കിലും സംഗതി സത്യമാണ്. 10 ഗ്രാം സ്വര്‍ണ്ണം കൊടുത്താല്‍ അത്രയും സ്വര്‍ണത്തിന്റെ വില ഞാന്‍ ഉറപ്പു നല്‍കുന്നു എന്ന രാജാവ് മുദ്രവെച്ച കടലാസ് കിട്ടും. ആ കടലാസ് കൊടുത്താല്‍ വേണമെങ്കില്‍ ഒരു പശുവിനെ വാങ്ങാം. അല്ലെങ്കില്‍ നെല്ലോ, തേങ്ങയോ, തുണിയോ എന്തും വാങ്ങാം.
അതായത് ആദ്യത്തെ ചക്കക്ക് പകരമായി ഇപ്പോള്‍ ഒരു കടലാസു കഷണം അതേ കാര്യം ചെയ്യാന്‍ തുടങ്ങി.

ഇതിനിടയില്‍ യൂറോപ്പില്‍ വ്യാവസായിക വിപ്ലവം വന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റു പല രാജ്യങ്ങളെയും കോളനിവത്ക്കരിച്ചു. കോളനികളിലേക്ക് പോകാന്‍ തയ്യാറാവുന്ന ആളുകള്‍ക്ക് അവര്‍ വലിയ പ്രതിഫലം വാഗ്ദാനം ചെയ്തു. അങ്ങനെ പോകുന്നവര്‍ തങ്ങളുടെ വസ്തുവകകള്‍ നാട്ടിലെ ആദരണീയരായ ഏതാനും ആളുകള്‍ക്ക് തീറെഴുതി.

ഇയാളുടെ ഇന്നയിന്ന വസ്തുക്കള്‍ക്ക് പകരമായി ഇത്ര ഗ്രാം സ്വര്‍ണ്ണം ഞാന്‍ ഉറപ്പു നല്‍കുന്നു എന്ന ചീട്ട് ഇംഗ്ലണ്ടിലെ സ്മിത്തുമാര്‍ നല്‍കാന്‍ തുടങ്ങി. ഒരു സ്മിത്തിന്റെ ശീട്ട് മറ്റൊരു സ്മിത്ത് വിശ്വാസത്തിലെടുക്കാന്‍ തുടങ്ങി. ഈ ശീട്ടുമായി അടുത്ത സ്വര്‍ണക്കടയില്‍ ചെന്നാല്‍ അവര്‍ ശീട്ട് വാങ്ങി പകരം സ്വര്‍ണ്ണം കൊടുക്കാന്‍ തുടങ്ങി. അതായത് സ്മിത്തുമാര്‍ എഴുതിക്കൊടുക്കുന്ന കടലാസിന് സ്വര്‍ണ്ണത്തിന്റെ അതേ വില ഉണ്ടാവാന്‍ തുടങ്ങി.

സ്മിത്ത്മാര്‍ ഒപ്പിടുന്ന കടലാസ് ഉണ്ടെങ്കില്‍ ആരും എന്തും കൊടുക്കുന്ന അവസ്ഥ ആയി. പക്ഷേ വെറുതെ സ്മിത്തുമാര്‍ ഒപ്പിടുകയുമാല്ല. പക്ഷേ ക്രമേണ ചില സ്മിത്തുമാര്‍ക്ക് ചില കാര്യങ്ങള്‍ മനസ്സിലാകാന്‍ തുടങ്ങി. തന്റെ അടുക്കല്‍ വസ്തു പണയം വെച്ച എല്ലാവരും ഒരേ സമയം അവ തിരികെയെടുക്കാന്‍ വരുന്നില്ല. അതായത് ഉടമസ്ഥനും ആവശ്യക്കാരനും ഇടയില്‍ ഒരു വലിയ സമയത്തിന്റെ അന്തരം ഉണ്ടാവുന്നു. ഈ സമയം കൊണ്ട് സ്വാഭാവികമായും ഇത്ര ആളുകള്‍ വരാം എന്നത് കണക്കുകൂട്ടി ചില സ്മിത്തുമാര്‍ തന്റെ കൈവശമില്ലാത്ത സ്വര്‍ണ്ണം ഉണ്ടെന്നു കാട്ടി ചീട്ട് എഴുതി നല്‍കാന്‍ തുടങ്ങി. അതില്‍ ഒരു തട്ടിപ്പ് പറയാന്‍ പറ്റില്ല. സ്മിത്ത് ഇവിടെ ഓഫര്‍ ചെയ്യുന്നത് ഈ ശീട്ടുമായി വരുന്ന ആള്‍ക്ക് ഞാന്‍ എത്ര ഗ്രാം സ്വര്‍ണ്ണം വാഗ്ദാനം ചെയ്യുന്നു എന്നാണ്. അത് പാലിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ട് എങ്കില്‍ അവിടെ ഒരു പ്രശ്‌നവുമില്ല.

രാജാവ് എഴുതുന്നതും വ്യാജശീട്ടോ?

ഇക്കാര്യങ്ങളാണ് പിന്നീട് രാജാവ് ഏറ്റെടുത്തത്. രാജ ഖജനാവില്‍ ഉള്ള സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ രാജാവ് കടലാസില്‍ ഒപ്പിട്ടു നല്‍കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ ഇവിടെ രാജാവ് ചെയ്യുന്നത് ഒരു വിശ്വാസ വഞ്ചനയാണ് എന്ന് വ്യാഖ്യാനിക്കാമെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ആളുകള്‍ക്ക് കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ആവശ്യമാണ്. ഇവയ്ക്ക് തത്തുല്യമായ സ്വര്‍ണ്ണം നിലവില്‍ ഇല്ല താനും. അപ്പോള്‍ രാജാവ് എഴുതുന്ന വ്യാജ ശീട്ട് ജനങ്ങള്‍ക്ക് ഉപകാരമുള്ള ആയി മാറുന്നു. ഒരേ ഒരു നിബന്ധന. ആളുകള്‍ ഈ ശീട്ടുമായി വരുമ്പോള്‍ രാജാവ് കൈമലര്‍ത്താന്‍ പാടില്ല!

രാജാവിന് ഇങ്ങനെ എത്രമാത്രം ശീട്ടുകള്‍ ഒപ്പിട്ട് നല്‍കാന്‍ സാധിക്കും? രാജാവ് ഒപ്പിട്ടു നല്‍കുന്ന ശീട്ടുകളുടെ എണ്ണം കൂടിപ്പോയാല്‍ ശീട്ടിന്റെ വില ഇടിയും. കുറഞ്ഞാല്‍ ആവശ്യത്തിന് പണം ഇല്ലാതെയാവും. അത് കണ്ടുപിടിക്കാന്‍ എന്താണ് ഒരു മാര്‍ഗം.

ഒരു രാജ്യത്തിലെ ഉല്‍പ്പാദനത്തിന്റേയും സേവനത്തിന്റേയും ആകെത്തുക എത്രയോ അത്രമാത്രം രാജാവിന് അധികമായി ഒപ്പിട്ടു നല്‍കാം. അതായത് ഈ വര്‍ഷം ആയിരം ചക്ക ഉണ്ടായി എന്നിരിക്കട്ടെ. അടുത്തവര്‍ഷം 1500 ചക്ക ഉണ്ടായാല്‍ 50 ശതമാനം അധിക ഉത്പാദനം ഉണ്ട് എന്നാണ് അര്‍ത്ഥം. അത്രയും ചീട്ടുകള്‍ ചക്കയുടെ പേരില്‍ ഒപ്പിട്ട് നല്‍കാം. തേങ്ങയുടെ ഉല്‍പാദനം കുറവാണെങ്കില്‍ അതില്‍നിന്നും അത്രയും കുറയുകയും വേണം. സിമ്പിളായി പറഞ്ഞാല്‍ ഇതാണ് ഒരു രാജ്യത്തിന്റെ കറന്‍സി നയം.

ഒരു രാജ്യത്ത് അടുത്തവര്‍ഷം അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്ന് കരുതുക. അടുത്തവര്‍ഷം ആ രാജ്യത്തെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഇപ്പോള്‍ നിലവിലുള്ള രാജാവ് ഒപ്പിട്ട കടലാസുകള്‍ തികയാതെ വരും. കീറിപ്പോയ, പഴയ നോട്ടുകള്‍ എന്നിവക്ക് പകരമായി അച്ചടിക്കുന്നതോടൊപ്പം മേല്‍പ്പറഞ്ഞ അഞ്ച് അധികമായി അച്ചടിച്ചില്ലെങ്കില്‍ ആ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. ഇനി കൂടുതലായി അടിച്ചാലോ? അപ്പോള്‍ ആ കടലാസിന് വേണ്ടത്ര വില ഇല്ലാതെയാകും.

ഒരു രാജ്യത്തെ രാജാവ് ഒപ്പിട്ട ഒരുപാട് കടലാസുകളുമായി മറ്റൊരു രാജ്യത്ത് വ്യാപാരബന്ധത്തിന് എത്തുന്നു എന്ന് വിചാരിക്കുക. അപ്പോള്‍ അടുത്ത രാജ്യത്തെ ആള്‍ പറയുന്നു നിങ്ങളുടെ രാജാവ് ഒപ്പിട്ട് കടലാസുകളാണ് ഈ കാണുന്നത് എല്ലാം. അതുകൊണ്ട് കൂടുതല്‍ കടലാസുകള്‍ തന്നാല്‍ മാത്രമേ ഞങ്ങള്‍ ഇനിമേല്‍ നിങ്ങള്‍ക്ക് സാധനം തരൂ. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ആ രാജ്യത്തിന്റെ നാണയത്തിന് വില കുറയും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതായത് ഏതെങ്കിലും രാജ്യം ആ രാജ്യത്തെ മൊത്തം ഉല്‍പ്പാദനത്തിനും സേവനത്തിനും ആനുപാതികമായിട്ടല്ലാതെ നോട്ട് അച്ചടിച്ചാല്‍ തല്‍ക്കാലം പിടിച്ചു നില്‍ക്കാമെങ്കിലും, അത് ആ രാജ്യത്തിന്റെ നാണയത്തിന്റെ വിലയിടിക്കും.

എല്ലാം ഉല്‍പ്പാദനത്തില്‍ അധിഷ്ഠിതം

ഒരു ഡോളര്‍ കൊടുത്താല്‍ കിട്ടുന്ന സാധനത്തിനെ വില പത്തു വര്‍ഷം മുന്‍പും ഇപ്പോഴും ഏതാണ്ട് ഒന്നുതന്നെയാണ്. എന്നാല്‍ അതിനു തുല്യമായ 70 രൂപ പത്തു വര്‍ഷം മുമ്പ് കൊടുത്താല്‍ കിട്ടുന്നതും ഇപ്പോള്‍ കിട്ടുന്നതും എന്തൊക്കെയാണ് എന്ന് ആലോചിച്ചാല്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം എവിടെ നില്‍ക്കുന്നു എന്നു മനസ്സിലാക്കാം.

ഇനി ഇതില്‍ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. ഒരു രാജ്യത്തിന്റെ നാണയത്തിന്റെ വില കുറയാതെ കൂടുതല്‍ പണം ആ രാജ്യത്ത് ഉണ്ടാവാന്‍ മറ്റൊരു മാര്‍ഗം കൂടി ഉണ്ട്. ആ രാജ്യത്തെ മൊത്തസേവന ഉല്‍പ്പാദന അളവ് വര്‍ദ്ധിപ്പിക്കുക. ഇത് 10 ശതമാനം വര്‍ധിച്ചാല്‍ നാണയത്തിന് മൂല്യത്തില്‍ യാതൊരു മാറ്റവും ഇല്ലാതെ തന്നെ 10 ശതമാനം അധികം നാണയം ജനങ്ങള്‍ക്കിടയില്‍ കൈമാറ്റത്തിന് ലഭ്യമാകും. ഇനി ഇത് 50 ശതമാനം ആണ് എന്ന് കരുതുക. അപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ മൂല്യം നഷ്ടപ്പെടാതെ തന്നെ 50 ശതമാനം അധികം പണം ഉണ്ടാവും.

അതായത് അധികമായി ഉണ്ടാവുന്ന പണം ഏതെങ്കിലും മുതലാളി ഏതെങ്കിലും തൊഴിലാളിയെ ചൂഷണം ചെയ്തുണ്ടാക്കുന്ന പണമല്ല. മറിച്ച് മൊത്ത ഉല്‍പ്പാദന സേവനരംഗത്ത് ഉണ്ടാകുന്ന വര്‍ധനവിന്റെ ഫലമായി ഉണ്ടാകുന്ന ഫലം ആണ്. അതായത് ഒരു രാജ്യത്ത് ഒരുവര്‍ഷം ഉണ്ടാകുന്ന, പൂര്‍ത്തിയാക്കിയ ഉല്‍പ്പാദനത്തിന്റേയും സേവനത്തിന്റേയും കൈമാറ്റം ചെയ്യാന്‍ പറ്റുന്ന വിധത്തിലുള്ള മറ്റൊരു പ്രതിനിധീകരിച്ച രൂപമാണ് നോട്ട് !

കൂടുതല്‍ ഉല്‍പ്പാദനവും സേവനവും ഉണ്ടായാല്‍ കൂടുതല്‍ രാജമുദ്രപതിപ്പിച്ച ശീട്ടുകള്‍ ഉണ്ടാകും. മുതലാളിയുടെ ലാഭം തൊഴിലാളിയെ ചൂഷണം ചെയ്തു ഉണ്ടാക്കുന്നതാണ് എന്നുള്ള ഏറ്റവും വലിയ അന്ധവിശ്വാസം ഏറ്റവും പ്രബലമായി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇക്കാര്യം മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ഒരു രാജ്യത്ത് കൂടുതല്‍ മുതല്‍ മുടക്കാന്‍ കഴിവുള്ള മുതലാളിമാര്‍ ഉണ്ടാവുകയും അവര്‍ മുതല്‍ മുടക്കുകയും അതില്‍ നിന്നും കൂടുതല്‍ ഉല്‍പ്പാദനവും സേവനവും ഉണ്ടാവുകയും ചെയ്താല്‍ അത് മുതല്‍ മുടക്കുന്ന ആളുടെ കയ്യില്‍ രാജ മുദ്രപതിപ്പിച്ച കടലാസുകള്‍ ആയി വന്നു ചേരും.

60 ട്രില്യണ്‍ ഡോളര്‍ പണം എവിടെനിന്ന്

ഈ കടലാസുകള്‍ മറ്റാരെയും ചൂഷണം ചെയ്തു പിടിച്ചുപറിച്ച് കൊണ്ടു വരുന്നതല്ല. മറിച്ച് മുതലാളി അയാളുടെ സ്ഥാപനത്തില്‍ ഉണ്ടാക്കുന്ന ഉല്‍പ്പാദനത്തെയും സേവനത്തിനേയും കൈമാറ്റം ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ മാറ്റിയെടുക്കുന്ന ഒരു രൂപമാണ് പണം.

പതിനഞ്ചാം നൂറ്റാണ്ടില്‍ ലോകത്താകമാനം ഉണ്ടായിരുന്ന പണം 250 മില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ 60 ട്രില്യണ്‍ ഡോളറാണ് ലോകത്തുള്ള ആകെ പണം . ഇത്രയും പണം എവിടെനിന്നു വന്നു? ഇത് ഏതെങ്കിലും പാവപ്പെട്ടവനെ ചൂഷണം ചെയ്ത് ഉണ്ടാക്കിയ പണമല്ല. ഉല്‍പ്പാദന ഉപഭോഗ മേഖല വികസിച്ചപ്പോള്‍ അതിന്റെ ഫലമായി ഉണ്ടായതാണ് ഈ പണം. ഇനിയും പണം ഉണ്ടാകണമെങ്കില്‍ എന്താണ് മാര്‍ഗം. ഇതുതന്നെയാണ് മാര്‍ഗം. ഉല്‍പ്പാദന സേവനമേഖല വികസിക്കുക. കൂടുതല്‍ ഉല്പാദനവും സേവനവും ഉണ്ടാവുമ്പോള്‍ അവ വിറ്റഴിക്കപ്പെടാന്‍ വേണ്ടി അവയെ രാജ്യത്തിന്റെ മുദ്രപതിപ്പിച്ച കടലാസുകള്‍ അഥവാ നോട്ടുകള്‍ ആയി പുറത്തിറങ്ങും. ഈ കടലാസുകള്‍ ബാര്‍ബറുടെ കയ്യില്‍ എത്തും, അവിടെനിന്ന് നെയ്ത്തുകാരന്റെ കയ്യിലും തെങ്ങുകയറ്റക്കാരന്റെ കയ്യിലും അവിട തൊഴിലാളിയുടെ കയ്യിലും ചുമട്ടുതൊഴിലാളിയുടെ കയ്യിലും എത്തും. ഇങ്ങനെയാണ് സാമ്പത്തിക മേഖല വികസിക്കുന്നത്.

ഈ അടിസ്ഥാനപരമായ സാമ്പത്തിക ശാസ്ത്രത്തെ തള്ളിപ്പറയുന്നവര്‍, മുതല്‍ മുടക്കുന്നവനെ ശത്രുവായി കാണുകയും ചൂഷകന്‍ എന്ന് മുദ്രകുത്തി ആക്രമിക്കുകയും ആണ് ചെയ്യുന്നത്. മുതലാളിമാരില്‍ ചിലരെങ്കിലും അവിഹിതമായി നിയമത്തെ വെട്ടിച്ച് സ്വന്തം ലാഭത്തിനു വേണ്ടി കൃത്രിമം നടത്തുന്നവര്‍ ഉണ്ടാവാം. പക്ഷേ അതാണ് യഥാര്‍ത്ഥ സാമ്പത്തിക ശാസ്ത്രം എന്ന് കരുതുന്നത് പരമ അബദ്ധമാണ്.


Leave a Reply

Your email address will not be published. Required fields are marked *