“നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന്‍ പോലും നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ ആണ്. അവയ്ക്കും താഴെ മാത്രമാണ് 5G വരിക. ഇതുമൂലം എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പരിഗണിക്കേണ്ടതായ യാതൊരു ആരോഗ്യപ്രശ്‌നവും ഇതുമൂലം ഉണ്ടാവില്ല.”- ടോമി സെബ്യാസ്റ്റിയന്‍ എഴുതുന്നു |
എന്താണ് 5G; അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
5G ഇന്ന് വലിയ ചര്‍ച്ചാവിഷയമാണ്. എന്താണ് 5G എന്ന് പരിശോധിക്കാം. മൊബൈല്‍ ഫോണുകളുടെ കാലഘട്ടത്തെ 2G, 3G, 4G, 5G എന്നിങ്ങനെ വിവിധ തലമുറകളായി തരം തിരിച്ചിരിക്കുന്നു. അതില്‍ അവസാനത്തേതാണ് 5G.
5G വന്നാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരും എന്നാണ് ഇപ്പോള്‍ പരക്കുന്ന ആശങ്ക. എന്നാല്‍ ഇതിന്റെ പിന്നില്‍ ഉള്ള വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
നമ്മള്‍ ജീവിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങള്‍ക്ക് നടുവിലാണ്. ദൃശ്യപ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണ്. ചിത്രത്തില്‍ കൊടുത്തിരിക്കുന്ന സ്‌പെക്ട്രം പരിശോധിച്ചാല്‍ ദൃശ്യ പ്രകാശത്തിന്റെ ഇടതുഭാഗത്തായി റേഡിയോ തരംഗങ്ങള്‍, മൈക്രോവേവ് തരംഗങ്ങള്‍, ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ എന്നിവയും വലതുവശത്തേക്ക് പോകുമ്പോള്‍ അള്‍ട്രാവയലറ്റ്, എക്‌സ് റേ, ഗാമ എന്നിവയും കാണാം. എന്താണ് ഇവയെ തമ്മില്‍ വേര്‍തിരിക്കുന്നത്? ഇവയുടെ തരംഗദൈര്‍ഘ്യവും ആവൃത്തിയും ആണ് ഓരോതരം വൈദ്യുത കാന്തിക തരംഗങ്ങളെയും വേര്‍തിരിക്കുന്നത്.
തരംഗദൈര്‍ഘ്യം കൂടിയ വൈദ്യുത കാന്തിക തരംഗങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. അവരുടെ മുന്നിലുള്ള തടസ്സങ്ങളെ അവയ്ക്ക് ചുറ്റി സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ് അതിനു കാരണം. അതുകൊണ്ടുതന്നെ വളരെ ദൂരത്തേക്ക് ഒരു ആശയവിനിമയം നടത്തുന്നതിന് തരംഗദൈര്‍ഘ്യം കൂടിയ വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിക്കുകയാണ് സാധാരണയായി ചെയ്യുന്നത്.
നമ്മള്‍ 2G എന്നു വിളിച്ചിരുന്ന ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ സിഗ്‌നലുകളില്‍ ഒരു സെക്കന്‍ഡില്‍ 14-64 kb ഡേറ്റകള്‍ മാത്രമേ ട്രാന്‍സ്മിറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ 3G ആയപ്പോള്‍ അതിന് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുന്ന ഡേറ്റ് യുടെ അളവ് 2mb/Second ആയി. കാരണം അതിന് ഉപയോഗിക്കുന്ന ഇലക്ട്രോമാഗ്‌നെറ്റിക് സ്‌പെക്ട്രം 2ജി ക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ കുറഞ്ഞ വേവ് ലെങ്ങ്തും കൂടിയായ ആവൃത്തിയും ഉള്ളതാണ്.
ഇതിനേക്കാള്‍ കൂടിയതാണ് 4G, അതില്‍ 200 mb/sec എന്ന വേഗതയില്‍ ഡേറ്റ കൈമാറാന്‍ സാധിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്രയും സ്പീഡില്‍ കാര്യങ്ങള്‍ ലഭിക്കും. 3G ക്കും 4G ക്കും ഇടയില്‍ വരുന്നതാണ് 4G LTE. Long Term Evolution എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതായത് 3G കഴിഞ്ഞു എന്നാല്‍ 4G ആയിട്ടില്ല.
4Gയില്‍നിന്ന് 5Gയിലേക്ക്
ഇതില്‍ പറയുന്ന ഓരോ സ്‌പെക്ട്രത്തിലും സേവനം നടത്തണമെങ്കില്‍ മൊബൈല്‍ഫോണ്‍ ടവറുകളില്‍ അത്രയധികം ശക്തിയായി സിഗ്‌നല്‍ സ്വീകരിക്കാനും അയക്കാനുള്ള സംവിധാനം ആവശ്യമാണ് എന്നാണ്. അതുപോലെതന്നെ നമ്മുടെ കൈവശമിരിക്കുന്ന ഫോണിനും ആ കഴിവുകള്‍ ഉണ്ടാവണം. ഈ സംവിധാനങ്ങള്‍ ഉണ്ടാക്കുക എന്നത് വളരെ ചെലവേറിയ കാര്യം ആയതു കൊണ്ടാണ് ചില കമ്പനികള്‍ അവരുടെ സിഗ്‌നലില്‍നോടൊപ്പം 4G LTE എന്ന് എഴുതുന്നത്.
ഇതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും 4G സേവനം ഇനിയും ആയിട്ടില്ല എന്ന് മാത്രമാണ്. റേഡിയോ സ്‌പെക്ട്രത്തില്‍ ഇടത്തുനിന്നും വലത്തോട്ട് പോകുമ്പോള്‍ തരംഗ ത്തിന്റെ തരംഗദൈര്‍ഘ്യം കുറയുകയും ആവൃത്തി കൂടുകയും ചെയ്യും. അതുകൊണ്ടാണ് അവയ്ക്ക് കൂടുതല്‍ ഡേറ്റ വഹിക്കാന്‍ കഴിയുന്നത്. പക്ഷേ അപ്പോള്‍ മറ്റൊരു പ്രശ്‌നം അവിടെ ഉണ്ടാവും. തരംഗദൈര്‍ഘ്യം കുറഞ്ഞതും ആവര്‍ത്തി കൂടിയതുമായ തരംഗങ്ങള്‍ക്ക് വിസരണം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് ഈ സിഗ്‌നലുകള്‍ അയക്കാവുന്ന ദൂരം വളരെ കുറവ് മുന്‍പ് ഉള്ളവയെ അപേക്ഷിച്ച് കുറവ് ആയിരിക്കും.
ഓരോ മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും ഈ സ്‌പെക്ട്രത്തില്‍ ഒരു പ്രത്യേക ഭാഗം മാത്രമായിരിക്കും ഉപയോഗിക്കാന്‍ അവകാശമുള്ളത്. അതില്‍ ഏറ്റവും ക്വാളിറ്റി ഉള്ള സ്‌പെക്ട്രം കൈവശപ്പെടുത്താന്‍ കമ്പനികള്‍ തമ്മില്‍ മത്സരിക്കും. അപ്പോള്‍ അത് ലേലത്തിന് വയ്ക്കുകയും ഏറ്റവും ഉയര്‍ന്ന തുക പറയുന്ന ആള്‍ക്ക് ആ സ്‌പെക്ട്രം നല്‍കുകയും ചെയ്യും. ഇന്ത്യയില്‍ സാധാരണയായി ഇത് വലിയ തുകയ്ക്കാണ് ലേലത്തില്‍ പോവുക. അതുമൂലം പുതിയ സേവനത്തിന് സേവന ദാതാക്കള്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കും. കാരണം അതിന്റെ ഒരു ഭാഗം സര്‍ക്കാരിന് ലേലം വക കൊടുത്ത തുകയാണ്.
ഇത് ക്യാന്‍സര്‍ വരുത്തുമോ?
റേഡിയോ സിഗ്‌നല്‍ നിന്നും ഏറ്റവും അകന്ന് മൈക്രോവേവ് സിഗ്‌നല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന ഭാഗമാണ് 5G സ്‌പെക്ട്രത്തില്‍ വരുന്നത്. 3 മുതല്‍ 300 വരെ GHz ആണ് ഇതിന്റെ ആവൃത്തി. ഇതിന് ഒരു സെക്കന്‍ഡില്‍ 1gb ഡേറ്റ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 1gb വലിപ്പമുള്ള ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വെറും ഒരു സെക്കന്‍ഡ് മാത്രം മതിയാവും.
ഇലക്ട്രോമാഗ്‌നെറ്റിക് സ്‌പെക്ട്രത്തെ അയോണൈസിംഗ് റേഡിയേഷന്‍ എന്നും നോണ്‍ അയോണൈസിംഗ് റേഡിയേഷന്‍ എന്നും രണ്ടായി തിരിക്കാം. കൊടുത്തിരിക്കുന്ന ചിത്രത്തില്‍ അള്‍ട്രാവയലറ്റ് മുതല്‍ ഇടതു ഭാഗത്തേക്ക് ഉള്ളവ നോണ്‍ അയണൈസിംഗ് എന്ന സ്‌പെക്ട്രത്തില്‍ ആണ് വരുന്നത്. അതിനു വലത്തോട്ടുള്ളവ എക്‌സറെ, ഗാമ റേ എന്നിവയാണ് അയോണൈസിംഗ് റേഡിയേഷനുകള്‍.
നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന്‍ പോലും നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ ആണ്. അവയ്ക്കും താഴെ മാത്രമാണ് 5G വരിക. ഇതു മൂലം എന്തെങ്കിലും ആരോഗ്യ പ്രശ്‌നം ഉണ്ടാകുമോ എന്ന് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പരിഗണിക്കേണ്ടതായ യാതൊരു ആരോഗ്യപ്രശ്‌നവും ഇതുമൂലം ഉണ്ടാവില്ല. മൈക്രോവേവ് സ്‌പെക്ട്രത്തോട് കൂടുതല്‍ അടുത്തത് ആയതുകൊണ്ട് കൂടുതല്‍ സമയം ഉപയോഗിക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന ജലാംശമുള്ള വസ്തുക്കളില്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഒരല്‍പ്പം കൂടുതല്‍ ചൂട് ഉണ്ടാക്കിയേക്കാം എന്നു മാത്രമാണ് കാണുന്ന ഒരേയൊരു സാധ്യത. പക്ഷേ അതില്‍ പോലും ഒരു പൊള്ളല്‍ ഉണ്ടാക്കാന്‍ പറ്റില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.