‘ബാര്‍ബഡോസിലെ പാട്ടുകാരി കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു പോലും. തീര്‍ച്ചയായും ആ ഗായികയ്ക്ക് സമരത്തെ അനുകൂലിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ വെസ്റ്റിന്‍ഡീസ് പാട്ടുകാരിയെ ലോകം അറിഞ്ഞത് ആഗോളവത്കരണത്തിന്റെ ഫലമായാണ്. പിന്നെയാ സ്വീഡിഷ് ത്വറ്റംബെര്‍ഗ്. വിമാനത്തില്‍ കയറിയാല്‍ പ്രകൃതി നശിച്ചുപോകും എന്നതിനാല്‍ പായക്കപ്പലില്‍ അറ്റ്ലാന്റിക് സമുദ്രം കടന്ന് അമേരിക്കയിലെത്തിയ ആ പെണ്‍കുട്ടിക്ക് പരിസ്ഥിതി തീവ്രവാദ അസുഖമാണ്. അവരെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയിലോ കഴുതപ്പുറത്തോ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു |
കര്‍ഷകസമരവും പരിസ്ഥിതി തീവ്രവാദവും
നീ തീര്‍ന്നെടാ, തീര്‍ന്നു!
കര്‍ഷക സമരത്തെ കേരളത്തിലിരുന്ന് എതിര്‍ത്താല്‍ നീ തീര്‍ന്നെടാ, തീര്‍ന്നു!
അതെന്താ ജനാധിപത്യവാദിച്ചേട്ടാ അങ്ങനെ..? നീ കൂടുതലൊന്നും പണയണ്ട ഞങ്ങള് പറയുന്നത് അങ്ങോട്ടങ്ങ് കേട്ടാ മതി.
ഇതാണ് ഇവിടുത്തെ നടപ്പ് അഭിപ്രായസമത്വം.
ഭരണഘടന ആര്‍ട്ടിക്കിള്‍സ് അംബേദ്കര്‍ നെഹ്‌റു എന്നൊക്കെ സദാസമയവും ഉരുട്ടിമറിക്കുന്നവര്‍ തന്നെ ദില്ലിയില്‍ നടക്കുന്ന ഖാപ് പഞ്ചായത്ത് സമരത്തെ എതിര്‍ക്കുന്നവരെ കശാപ്പ് ചെയ്യണമെന്ന് കട്ടായം വാദിക്കുന്നു. പോലീസുകാര്‍ക്ക് നേരെ അതിവേഗത്തില്‍ ട്രാക്ടറുകള്‍ ഓടിച്ചുകയറ്റി അക്രമം അഴിച്ചുവിട്ട് റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പിടിച്ചെടുത്ത് അവിടെനിന്ന് ത്രിവര്‍ണ്ണ പതാക വലിച്ചെറിഞ്ഞ് സിഖ് മതപതാക ഉയര്‍ത്തിയ കൊടും തീവ്രവാദികളെ രൂക്ഷമായി വിമര്‍ശിച്ച് എഴുതേണ്ടത് എന്റെ പൗരധര്‍മ്മമാണെന്ന് തന്നെയാണ് വിശ്വാസം.
എന്റെയാ പോസ്റ്റെടുത്ത് വില്ലേജാപ്പീസറുടെ അതിക്രമം എന്നരീതിയില്‍ വാട്ട്‌സ്ആപില്‍ വ്യക്തിപരമായ ആക്രമണം ഒരുസംഘം അഴിച്ചുവിട്ടിരുന്നു. മാതൃരാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെടുമ്പോള്‍, എത് ആപ്പീസര്‍ കസേരയിലിരുന്നാലും, അതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ഭാരതപൗരന്റെയും കടമയും കര്‍ത്തവ്യമാണ്.
പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല, പെണ്‍കുട്ടികള്‍ അന്യജാതിക്കാരെ പ്രണയിക്കാന്‍ പാടില്ല, അന്യമതസ്ഥരെ വിവാഹം കഴിക്കാന്‍ പാടില്ല എന്നൊക്കെ തിട്ടുരമിറക്കുന്ന പഞ്ചാബ്-ഹരിയാന ഖാപ് ഫ്യൂഡല്‍ പ്രാകൃതര്‍ കാര്‍ഷിക മേഖലയെ മാര്‍ക്കറ്റുമായി കണക്ട് ചെയ്യുന്ന സ്വതന്ത്ര വ്യാപാരനിയമത്തെ എതിര്‍ത്ത് രാജ്യതലസ്ഥാനം ഉപരോധിക്കുമ്പോള്‍ അവര്‍ക്ക് കീജെയ് വിളിക്കാന്‍ മനസ്സില്ല.
പരിഷ്‌കൃത ജനാധിപത്യ രാജ്യങ്ങളില്‍ ഒരിടത്തും കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്ക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. ഒരുപറ്റം ഫ്യൂഡല്‍ ജന്മിമാരും അവരുടെ കങ്കാണികളും പിണിയാളുകളും നിയന്ത്രിക്കുന്ന ഉത്തരേന്ത്യന്‍ മണ്ഡി പ്രാപ്പിടയന്മാരില്‍ നിന്ന് കൃഷിക്കാരെ വിമോചിപ്പിക്കുന്ന വിപ്ലവകരമായ പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചാല്‍ കേരളീയ പുരോഗമനത്തിന്റെ പുറമ്പോക്കില്‍ പോലും നിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. എന്നാലും സാരമില്ല സത്യത്തിനൊപ്പം തന്നെ നില്ക്കും.
ബാര്‍ബഡോസിലെ പാട്ടുകാരി കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു പോലും. തീര്‍ച്ചയായും ആ ഗായികയ്ക്ക് സമരത്തെ അനുകൂലിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ വെസ്റ്റിന്‍ഡീസ് പാട്ടുകാരിയെ ലോകം അറിഞ്ഞത് ആഗോളവത്കരണത്തിന്റെ ഫലമായാണ്. ബാര്‍ബഡോസിലെ ഒരു പ്രത്യേക സ്ഥലത്ത് മാത്രമേ അവര്‍ക്ക് പാടാന്‍ അനുവാദമുണ്ടായിരുന്നുള്ളു എങ്കില്‍ അവര്‍ പുറംലോകം അറിയാത്ത വെറുമൊരു പ്രാദേശിക ഗായികയായി ചുരുങ്ങിപ്പോകുമായിരുന്നു.
പിന്നെയാ സ്വീഡിഷ് ത്വറ്റംബെര്‍ഗ് പെങ്കൊച്ച്.വിമാനത്തില്‍ കയറിയാല്‍ പ്രകൃതി നശിച്ചുപോകും എന്നതിനാല്‍ പായക്കപ്പലില്‍ അറ്റ്ലാന്റിക് സമുദ്രം കടന്ന് അമേരിക്കയിലെത്തിയ ആ പെണ്‍കുട്ടിക്ക് പരിസ്ഥിതി തീവ്രവാദ അസുഖമാണ്. അവരെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയിലോ കഴുതപ്പുറത്തോ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.
സച്ചിന്റെ ക്‌ളാസ് ബാറ്റിംഗിനേക്കാള്‍ വീരേന്ദ്ര സെവാഗിന്റെ സാഹസികതയെ ആരാധിച്ചവനാണ് ഈയുള്ളവന്‍. എന്നാല്‍ രാജ്യത്തിനെതിരെ കള്ളപ്രചരണം ദുഷ്ടലാക്കോടെ അഴിച്ചുവിടപ്പെടുമ്പോള്‍ അതിനെതിരെ ക്‌ളാസ് ട്വീറ്റിലൂടെ പ്രതികരിച്ച സച്ചിനോട് കുറച്ച് കൂടുതല്‍ ഇഷ്ടം തന്നെ തോന്നുന്നു.
ജാതീയതയുടെ പ്രാകൃതാചാരങ്ങളുടെ ഫ്യൂഡലിസത്തിന്റെ ജന്മിത്വത്തിന്റെ കേന്ദ്രങ്ങളാണ് മഹാപഞ്ചായത്തുകള്‍. അവിടുത്തെ കിരീടമണിഞ്ഞ രാജാവായിരുന്നു മഹേന്ദ്രസിംഗ് ടിക്കായത്ത്. അയാളുടെ മകനാണ് ഇപ്പോള്‍ ദില്ലി പിടിച്ചെടുക്കാന്‍ നടക്കുന്ന രാകേഷ് ടിക്കായത്ത്. ഇന്ത്യന്‍ കൃഷിക്കാരെ മണ്ഡി ഡ്രാക്കുളമാരുടെ പിടിയില്‍ നിന്ന് രക്ഷപെടുത്താനുള്ള ഒരു ചെറിയ കാല്‍വയ്പാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍.
ആദ്യത്തെ ഇഎംഎസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷിക-വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കെതിരെ നടന്ന വിമോചനസമരം പോലെ എല്ലാ പ്രതിലോമശക്തികളും ഒന്നിച്ചുനടത്തുന്ന ഈ തോന്യാസസമരം പരാജയപ്പെടുക തന്നെ വേണം.
എന്നും എന്നെന്നും, ആധുനികതയ്ക്ക് ഒപ്പം.