പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു


‘ബലി നടത്താന്‍ തുനിയുന്ന ഒരു വിശ്വാസിയുടെ ‘വിശ്വാസം’ ആണ് പ്രശ്‌നം. ആന്ധ്രയിലെയും പാലക്കാട്ടെയും ബലിയെ വിമര്‍ശിച്ചവര്‍ ഇസ്ലാമായീലിന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷണതയെ കാണാതെ പോയിരുന്നു. തന്റെ വിശ്വാസത്തെ കൂട്ട് പിടിച്ച്, സ്വന്തം കുട്ടികളെ കഴുത്ത് അറുത്ത് കൊല്ലുവാന്‍ ഒരാള്‍ തുനിയുന്നുണ്ട് എങ്കില്‍, അത് വിശ്വാസ തീക്ഷണതയെയാണ് പ്രതിനിധീകരിക്കുന്നത്.  മത വിശ്വാസം മസ്തിഷ്‌കത്തെ ആഴത്തില്‍ ബാധിച്ചു എന്ന് പറയാം. അതൊരു മനോരോഗം ആയി ആണ് കണക്കാക്കുക.  Hyper religiosity or Religious Mania എന്നൊക്കെ ആണ് മനോരോഗ വിദഗ്ധര്‍ അതിനെ വിശേഷിപ്പിക്കാറുള്ളത്.’- ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു.
മഹാ ബലികള്‍…!

മൂന്ന് നരബലി ശ്രമങ്ങള്‍, മൂന്നിലും കുട്ടികള്‍. ഒന്നില്‍ മാത്രം  കുട്ടി രക്ഷപ്പെട്ടു. പകരം ഒരു ആടിന്റെ ജീവന്‍ പോയത്രേ. അത് നടന്നത് പ്രാചീന മോറിയ മലമ്പ്രദേശത്ത്, ഇബ്രാഹിം എന്ന പടുകിളവന്റെ വകയായിരുന്നു അത്. രണ്ടെണ്ണം ഇങ്ങു മഹാഭാരതത്തില്‍ ആണ്. ഈ അടുത്ത ദിവസങ്ങളില്‍ തന്നെ. ഒന്ന് ഇന്നും നടന്നിരിക്കുന്നു. അത് പക്ഷെ ഉത്തരേന്ത്യയില്‍ അല്ല, കേരളത്തിന്റെ അയല്‍പക്കത്തും അല്ല. ഇവിടെ തന്നെ, ഇങ്ങു പാലക്കാട്ട്. നമ്മുടെ പാലക്കാട് തന്നെ.

ആന്ധ്രയിലെ ബലി നടന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ആ ബലി നടത്താന്‍ തുനിയുന്ന ഒരു വിശ്വാസിയുടെ ‘വിശ്വാസം’ ആണ് പ്രശ്‌നം എന്ന്. അത് മത വിശ്വാസ ഭേദമന്യേ വിമര്‍ശിക്കപ്പെടണം എന്ന്. അത്തരം ‘വിശ്വാസത്തില്‍’ നല്ലത് തിരയുന്നത് ജീരകത്തോലി നീക്കുന്നതിന് തുല്യം ആണ് എന്ന്.

ആന്ധ്രയിലെയും ഇപ്പോള്‍ പാലക്കാടും നടന്ന ബലിയെ വിമര്‍ശിക്കുന്നവര്‍ ഇസ്ലാമിയിലിനെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണതയെ കാണാതെ പോയിരുന്നു. ഒരിടത്ത് കുട്ടികള്‍ കൊല്ലപ്പെടുന്നതും, മറ്റൊരിടത്ത് ആടിനെ പകരം അറുത്തതും പിന്നെ ബിരിയാണി വെച്ചതും എല്ലാം കഥയിലെ രണ്ടാം ഭാഗം മാത്രം ആണ് എന്ന് ഓര്‍ക്കാതെ പോകുന്നു.

തന്റെ വിശ്വാസത്തെ കൂട്ട് പിടിച്ച്, സ്വന്തം കുട്ടികളെ കഴുത്ത് അറുത്ത് കൊല്ലുവാന്‍ ഒരാള്‍ തുനിയുന്നുണ്ട് എങ്കില്‍, അറുത്തതോ അറുക്കാത്തതോ മാറ്റിവെച്ചാലും, അത് വിശ്വാസ തീക്ഷണതയെയാണ് പ്രതിനിധീകരിക്കുന്നത്. സ്വതന്ത്രചിന്തകരുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്ധവിശ്വാസത്തിന്റെ ആഴം, അല്ലെങ്കില്‍ മത വിശ്വാസം മസ്തിഷ്‌കത്തെ ആഴത്തില്‍ ബാധിച്ചു എന്ന് പറയും. അതൊരു മനോരോഗം ആയി ആണ് കണക്കാക്കുക.  Hyper religiosity or Religious Mania എന്നൊക്കെ ആണ് മനോരോഗ വിദഗ്ധര്‍ അതിനെ വിശേഷിപ്പിക്കാറുള്ളത്.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഉഴലുന്ന സമയത്ത് പലരും പലതും ചെയ്യും. അക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും കഥ കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട് എങ്കില്‍, അവര്‍ക്ക് സ്വപ്നത്തില്‍ വെളിപാട് ഉണ്ടാകുവാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. സ്വപ്നങ്ങളുടെ ശാസ്ത്രം അതാണ് നമ്മോടു പറയുന്നത്.

പക്ഷെ, പ്രശ്‌നം അതല്ല. വിഷയവും അതല്ല. ഈ സംഭവം നടന്നത് ഈ ആധുനിക കാലത്ത് ആണ് എന്നതാണ് വിഷയം. അല്ലായിരുന്നു എങ്കില്‍, ഇബ്രാഹിം ചെയ്തതിന്റെ പോരിശ പറഞ്ഞു സബ്സിഡി വരെ നേടി കൊല്ലാ കൊല്ലം മക്കയിലേക്ക് ഹജ്ജിനു പോയിരുന്ന പോലെ, ഒരു ഹജ്ജ് പാലക്കാട്ടേക്കും തരപ്പെടുത്തി എടുക്കാമായിരുന്നു… ഇതിപ്പോ, പോലീസ് പിടിച്ചു അകത്തായി. മനോരോഗി എന്ന വിളിപ്പേര് വേറെ. എന്തായാലും, ഇബ്രാഹിം ജീവിച്ച കാലം തന്നെ ആണ് ബെസ്റ്റ്…

ഒരു ബലി അര്‍പ്പിക്കാനും സമ്മതിക്കില്ല ജന്തുക്കള്‍… നന്നായിക്കൂടെ മനുഷ്യന്മാരെ നിങ്ങൾക്കൊക്കെ?


About Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

View all posts by Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT) →

Leave a Reply

Your email address will not be published. Required fields are marked *