പാവാട, ഫെമിനിച്ചി, സംഘി, കമ്മി, കൊങ്ങി, സുഡാപ്പി… അഭിപ്രായം പറയുന്നവരെ ചാപ്പയടിക്കുന്നതിന്റെ പുറകിലെന്തായിരിക്കാം; സി എസ് സുരാജ് എഴുതുന്നു


ചാപ്പകളും, ലേബലുകളുമെല്ലാം, സ്ഥലത്തിനനുസരിച്ചും കാലത്തിനനുസരിച്ചും മാറ്റം വരാവുന്ന ഒന്നാണ്. ഏതെങ്കിലുമൊരു കാലത്ത്, യുക്തിവാദത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍, അന്ന് മറ്റുള്ളവരെ കളിയാക്കാനായി, ചാപ്പ കുത്തി കൊടുക്കുന്ന, വാക്കെന്നു പറയുന്നത് ‘ഈശ്വരവിശ്വാസി’യെന്നതാവും! ലിംഗ സമത്വത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍ അന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ പോവുന്നത്, ‘പാട്രിയാര്‍ക്കി’ ചാപ്പയാവും!’- സി എസ് സുരാജ് എഴുതുന്നു
ചാപ്പയടിയുടെ ശാസ്ത്രം!

അഭിപ്രായം രേഖപ്പെടുത്താന്‍ ഏതെങ്കിലും കോളങ്ങളില്‍  അംഗമായിരിക്കണമെന്നുണ്ടോ?! അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ കോളങ്ങളില്‍ വലിച്ചിടുന്നതിന്റെയും, അവര്‍ക്ക് ചാപ്പകള്‍ അടിച്ചു നല്‍കുന്നതിന്റെയും, പുറകിലെന്തായിരിക്കാം?! തങ്ങള്‍ക്ക് പറയാനുള്ളത് പറയുന്നവരെ ഏതെങ്കിലും കോളങ്ങളില്‍ പിടിച്ചിടുകയെന്നത് നിലവില്‍ കണ്ടുവരുന്നൊരു അനാവശ്യ വാശിയാണ്. ഒരുപരിധി വരെ ആരും ഇതില്‍ നിന്നും മുക്തരാണെന്ന് തോന്നുന്നില്ല.

ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയെയോ, അവരുടെ പ്രത്യയശാസ്ത്രത്തേയോ വിമര്‍ശിച്ചാലുടനേ തന്നെ, ഈ വിമര്‍ശനം നടത്തിയ ആളെ പിടിച്ച്, ഈ പ്രസ്തുത പാര്‍ട്ടിയുടെ പ്രമുഖ ശത്രുവായ മറ്റൊരു പാര്‍ട്ടിയുടെ ലേബലില്‍ കൊണ്ടു ചെന്നിടുക, ഒരു മതത്തെ വിമര്‍ശിച്ചാല്‍ മറ്റൊരു മതത്തിലെ അംഗമാക്കുക, ഗവണ്മെന്റ് കൊണ്ടു വരുന്ന ഏതെങ്കിലുമൊരു ബില്ലിനെ അനുകൂലിച്ചാല്‍, ഭരണകക്ഷിക്ക് ഓശാന പാടിയതാണെന്ന് വരുത്തി തീര്‍ക്കുക, ചില കാര്യങ്ങള്‍ പറയുമ്പോള്‍ ചില പ്രത്യേക ചാപ്പകള്‍ കൊണ്ട് വന്ന് വ്യക്തികളുടെ മുകളില്‍ പതിച്ചു കൊടുക്കുക, സമൂഹത്തിലുള്ള ലിംഗ അസമത്വത്തെ കുറിച്ച് പുരുഷന്മാര്‍ എഴുതിയാല്‍ അവരെ ‘പാവാട’യെന്നും, സ്ത്രീകള്‍ എഴുതിയാല്‍ അവരെ ‘ഫെമിനിച്ചി’കളെന്നും വിളിക്കുക,.. തുടങ്ങിയവയെല്ലാം, അഭിപ്രായം പറയുന്നവരെ ഏതെങ്കിലും കോളങ്ങളില്‍, ഏതെങ്കിലും ലേബലുകളില്‍, കൊണ്ടു ചെന്നിടാന്‍ നമ്മളിന്നു കാണിക്കുന്ന പണികളുടെ ഉദാഹരണങ്ങളാണ്.

ഇത്തരത്തില്‍ നല്‍കപ്പെടുന്ന ചാപ്പകളും, ലേബലുകളുമെല്ലാം, സ്ഥലത്തിനനുസരിച്ചും കാലത്തിനനുസരിച്ചും മാറ്റം വരാവുന്ന ഒന്നാണ്. ഏതെങ്കിലുമൊരു കാലത്ത്, യുക്തിവാദത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍, അന്ന് മറ്റുള്ളവരെ കളിയാക്കാനായി, ചാപ്പ കുത്തി കൊടുക്കുന്ന, വാക്കെന്നു പറയുന്നത് ‘ഈശ്വരവിശ്വാസി’യെന്നതാവും! ലിംഗ സമത്വത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍ അന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ പോവുന്നത്, ‘പാട്രിയാര്‍ക്കി’ ചാപ്പയാവും! സംഘപരിവാറിന് സ്വീകാര്യതയില്ലാത്തയിടങ്ങളില്‍ ഉപയോഗിക്കുന്ന ചാപ്പകളല്ല, സംഘപരിവാറിന് സ്വീകാര്യതയുള്ളയിടങ്ങളില്‍ ഉപയോഗിക്കുന്ന ചാപ്പകള്‍! മാംസം കഴിക്കുന്നത്, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്, ചോദ്യങ്ങള്‍ ചോദിക്കുന്നത്, വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം തെറ്റാണെന്ന പൊതു ബോധമുള്ള സ്ഥലങ്ങളിലെ ചാപ്പകളും, ലേബലുകളും മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് വിഭിന്നമാവാം. അതായത് സ്ഥലങ്ങള്‍ക്കും കാലത്തിനുമനുസരിച്ച് മാറാന്‍ സാധ്യതയുള്ള ഒന്നാണീ കോളങ്ങളും, ചാപ്പകളും, ലേബലുകളുമെല്ലാം!

ഒരാളെഴുതുന്ന, അല്ലെങ്കില്‍ പറയുന്ന  കാര്യങ്ങള്‍ സമയം മെനക്കെടുത്തിയിരുന്ന് കേട്ട്, അവര്‍ക്കനുയോജ്യമായ ചാപ്പകള്‍ അച്ചടിച്ചുണ്ടാക്കി വിതരണം ചെയ്യുകയെന്നത് അത്ര നിസ്സാരമായ പണിയൊന്നുമല്ല! ഈ കഷ്ടപ്പാട് ചുമ്മാ ഒരു രസത്തിനു വേണ്ടിയാണെന്ന് കരുതുന്നുണ്ടോ? ഇതില്‍ നിന്നും ഇക്കൂട്ടര്‍ക്ക് യാതൊന്നും ലഭിക്കുന്നില്ലെന്ന് വിചാരിക്കുന്നുണ്ടോ?അത്തരത്തിലുള്ള വിചാരങ്ങളൊന്നും തന്നെ വേണ്ട! അവര്‍ക്ക് കിട്ടേണ്ട റിവാര്‍ഡ് (reward) വളരെ ഹൃദ്യമായ തരത്തില്‍ തന്നെ അവര്‍ക്കെല്ലാം ലഭിക്കുന്നുണ്ടെന്നതാണ് വാസ്തവം. ഇത്തരം പണികളിലൂടെ ഇക്കൂട്ടര്‍ക്ക് കിട്ടുന്ന റിവാര്‍ഡുകള്‍ എന്താണെന്നും, ഈ പണികള്‍ ചെയ്യാനായി ഇവരെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ എന്താണെന്നും നമുക്കൊന്ന് പരിശോധിക്കാം.

മസ്തിഷ്‌കം കുറച്ചൊന്ന് ഫ്രീയായിയിരിക്കുന്ന സമയത്ത്  ‘അളിയാ.. നിനക്കീ അറിയാത്ത കാര്യങ്ങള്‍ അതേപടി നിലനിര്‍ത്തുന്നതിനും, എവിടെയെങ്കിലും ചില വിടവുകള്‍ കണ്ടാല്‍ അത് അതേപടി ഒഴിച്ചിടുന്നതിനും ഇഷ്ട്ടമാണോ? അതിന് നീ തയ്യാറാണോ?’ എന്നൊന്ന് ചോദിച്ചു നോക്കുക. ‘ഇല്ല! എനിക്കത് ഇഷ്ട്ടമല്ലെടാ.! അത് മാത്രമല്ല, എനിക്കില്ലേ.. ഒരു കാര്യത്തെ മനസ്സിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതും ഇഷ്ട്ടമല്ല. അതുകൊണ്ട് തന്നെ നമ്മളെങ്ങനാ ഒരു കാര്യം വേഗം മനസ്സിലാക്കുന്നതെന്നറിയോ? നമ്മള്‍ പണ്ട് സ്റ്റോര്‍ ചെയ്തു വെച്ചിട്ടുള്ള ചില കാര്യങ്ങള്‍ ഇല്ലേ അത് വെച്ചാണ് നമ്മള്‍ പല കാര്യങ്ങളേയും മനസ്സിലാക്കുന്നത്. അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും എളുപ്പ വഴികള്‍ സ്വീകരിക്കും. നമ്മുടെ ഊര്‍ജ്ജമധികം നഷ്ട്ടപ്പെടുത്താതിരിക്കാനും, പെട്ടന്ന് തന്നെ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി, ഇങ്ങനെയുള്ള എളുപ്പവഴികളുപയോഗിച്ചു കൊണ്ട് കിട്ടുന്ന ഉത്തരമെപ്പോഴും ശരിയാവണമെന്ന നിര്‍ബന്ധമൊന്നും പിടിക്കരുത് കേട്ടോ.! എന്നുകരുതി പേടിക്കണ്ട!  പരമാവധി ശരിയാക്കാന്‍ ഞാന്‍ നോക്കാം!’

ഇത്തരത്തിലൊരുത്തരം വലിയ താമസമൊന്നുമില്ലാതെ നിങ്ങള്‍ക്കപ്പോള്‍ കിട്ടും! ഇനിയൊരു ചോദ്യം – ഒരാള്‍ ഒരു വിഷയത്തെ പറ്റി എഴുതിയിടുമ്പോള്‍ മുന്‍വിധികളെല്ലാം ഒഴിവാക്കി നിര്‍ത്തി, അതിരുന്ന് വായിച്ചു നോക്കി, മനസ്സിലായില്ലെങ്കില്‍ ഒന്നുകൂടി വായിച്ച് നോക്കി, ഏത് പശ്ചാത്തലത്തിലാണ് ഇതെഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കി, ഇതില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അറിയാത്തവയുണ്ടെങ്കില്‍ അതാദ്യം പോയി തപ്പി കണ്ടുപിടിച്ചു മനസ്സിലാക്കി വന്ന് വീണ്ടും കുറിപ്പ് വായിച്ചൊക്കെ ആ എഴുതിയിരിക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ നില്‍ക്കുന്നതാണോ, അതോ അതെഴുതിയിരിക്കുന്നയാളെ ഏതെങ്കിലുമൊരു കോളത്തില്‍ പിടിച്ചിട്ട ശേഷം അയാളെഴുതിയിരിക്കുന്ന കാര്യം വായിച്ചു മനസ്സിലാക്കാന്‍ നില്‍ക്കുന്നതാണോ എളുപ്പം?

എന്താണിതിലിത്ര സംശയം രണ്ടാമത്തെ മാര്‍ഗ്ഗം തന്നെയാണെളുപ്പം! ഇങ്ങനെ ചെയ്യുന്നതിലൂടെ,  കോണ്‍ഗ്രസ്സുകാരന്‍ കമ്മ്യൂണിസ്റ്റുകാരെ പറ്റിയും, കമ്മ്യൂണിസ്റ്റുകാരന്‍ ബിജെപിയെ പറ്റിയും, ബിജെപി മറ്റുള്ളവരെ പറ്റിയുമൊക്കെ പറയുന്നതും, നിരീശ്വരവാദി വിശ്വാസിയെ പറ്റിയും, വിശ്വാസി നിരീശ്വരവാദിയെ പറ്റിയുമൊക്കെ  പറയുന്നതും  കേള്‍ക്കുമ്പോള്‍, എന്താണിവര്‍ പറയുന്നതെന്നും,  എന്തിനാണങ്ങനെ പറയുന്നതെന്നും മുതലായ കാര്യങ്ങളും, ഭക്ഷണത്തിന്റെ ചിത്രം കണ്ടാല്‍ അതൊരു ഹോട്ടലാണെന്നും, വാഷ്‌റൂമിനു മുന്നില്‍ പുരുഷന്മാരെ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടാല്‍ അതവര്‍ക്ക്  ഉപയോഗിക്കാനുള്ളതാണെന്നും പോലുള്ള കാര്യങ്ങളും, കൂടുതല്‍ അധ്വാനിക്കാതെ തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

മസ്തിഷ്‌ക്കത്തിന്റെ ഈയൊരു കഴിവ് ഇത്തരം സാഹചര്യങ്ങളില്‍ അദ്ധ്വാനം കുറയ്ക്കുമെങ്കിലും, ആവശ്യമില്ലാത്തിടത്ത് ഈ എളുപ്പ വഴി ഉപയോഗിക്കാന്‍ നിന്നാല്‍, അതില്‍ നിന്നും കിട്ടുന്ന ഉത്തരം തെറ്റായിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും ചില വ്യക്തികള്‍ അവരുടെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ആ വ്യക്തികളെ ഏതെങ്കിലും കോളങ്ങളില്‍ പിടിച്ചിട്ടു കൊണ്ട്, അവര്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതുമിതു തന്നെ!

ഇത്തരത്തില്‍ വ്യക്തികളെ ചില കോളങ്ങളില്‍ പിടിച്ചിട്ടു കഴിഞ്ഞാല്‍,  ശരിയാണെന്നുറപ്പില്ലെങ്കില്‍ കൂടി, നിങ്ങള്‍ക്കിതു വഴി, നിങ്ങളെ തൃപ്തിപ്പെടുത്തുന്ന ചില ഉത്തരങ്ങള്‍ മസ്തിഷ്‌ക്കം സമ്മാനിക്കുമെന്ന് കണ്ടു കഴിഞ്ഞു. ആരെങ്കിലുമെന്തെങ്കിലും പറയുമ്പോള്‍, ചിന്താപരമായി അദ്ധ്വാനിച്ചു മനസിലാക്കാന്‍ നില്‍ക്കാതെ, അവര്‍ പറഞ്ഞതെന്തായിരിക്കാമെന്ന് ഊഹിച്ചെടുക്കാനായി,  അവരെയെല്ലാം ചില കോളങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കാണിക്കുന്ന വെപ്രാളത്തിനു പിന്നിലെ പരിണാമപരമായൊരു കാരണം മനസ്സിലായി കാണുമെന്നു കരുതുന്നു.

ഇതല്ലാതെ മറ്റൊരു തരത്തില്‍ കൂടി നമുക്ക് ചാപ്പകള്‍ അടിച്ചു നല്‍കാം. ഒരു വ്യക്തി പറയുന്ന കാര്യങ്ങളെ ആരും വിലകൊടുക്കരുതെന്നും, അയാള്‍ ഇനിയൊന്നും പറയരുതെന്നും പോലുള്ള  ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ട് അയാള്‍ക്ക് ചാപ്പകള്‍ ചാര്‍ത്തി കൊടുക്കുകയും, അയാളെ ഏതെങ്കിലും കോളങ്ങളില്‍ പിടിച്ചിടുകയും ചെയ്യാം. അവന്‍ മാംസം കഴിക്കുന്നവനാണെന്നും, അവന്‍ സംഘി/കമ്മി/കൊങ്ങിയാണെന്നും, അവന്‍ കോര്‍പ്പറേറ്റ് ഭക്തനും, കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും പോലുള്ള ചാപ്പകള്‍ ഇതിനുദാഹരണമാണ്.

പരിണാമപരമായി കിട്ടിയയൊരു സവിശേഷത വെച്ച് വ്യക്തികളെ കോളങ്ങളില്‍ പിടിച്ചിടാന്‍ ശ്രമിക്കുന്നത്, അബോധപൂര്‍വ്വമായി നടക്കുന്ന ഒന്നാണെങ്കില്‍, ഈ രണ്ടാമത് പറഞ്ഞ രീതിയിലൂടെ ചാപ്പകള്‍ നല്‍കുന്നത് തീര്‍ത്തും  ബോധപൂര്‍വ്വമായൊരു പ്രവൃത്തിയാണ്.

ഇതിലൂടെ എന്ത് റിവാര്‍ഡ് ആണ് നമുക്ക് കിട്ടുന്നതെന്ന് ചോദിച്ചാല്‍, മനസ്സിലാവാത്ത കാര്യങ്ങളായി നമ്മളില്‍ പലതുമുണ്ടാവാതെയിരിക്കാനും, പല കാര്യങ്ങളിലും വിടവുകള്‍ അവശേഷിപ്പിക്കാതിരിക്കാനും, എളുപ്പം കാര്യങ്ങള്‍ മനസ്സിലാക്കാനും ഈ ‘കോളത്തില്‍ ഉള്‍പ്പെടുത്തല്‍’ മാര്‍ഗ്ഗം നമ്മെ സഹായിക്കും. അതോടൊപ്പം തന്നെ, മറ്റുള്ളവരുടെ ശബ്ദമില്ലാതാക്കുക പോലുള്ള ചില ലക്ഷ്യങ്ങള്‍ മുന്നോട്ടു വെച്ചു കൊണ്ട്, വ്യക്തികളെ മനഃപൂര്‍വം ചില കോളത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരുപരിധി വരെ നമുക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞെന്നും വരും! എന്നാലിതിലുള്ള പ്രശ്‌നമെന്താണെന്നു വെച്ചാല്‍, ഇങ്ങനെ കിട്ടുന്ന ഉത്തരങ്ങള്‍ ശരിയാവാനുള്ള സാധ്യത കുറവായത് കൊണ്ട് തന്നെ അവ നമ്മളെ പല  അബദ്ധങ്ങളില്‍ കൊണ്ടു ചാടിക്കാനും, ഇവയെല്ലാം ചേര്‍ന്ന് നമ്മെ തന്നെ തിരിഞ്ഞു കൊത്താനുമുള്ള സാധ്യതയും വളരെ കൂടുതലാണ്.

രാള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അയാള്‍ ഏതെങ്കിലും അംഗീകൃത കോളങ്ങളില്‍ അംഗമായിരിക്കണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. അയാള്‍ പറയുന്നതില്‍ വസ്തുതയുണ്ടോയെന്ന് മാത്രം പരിശോധിച്ചാല്‍ മതിയാവും. അങ്ങനെ വസ്തുതകള്‍ പരിശോധിച്ച് മനസ്സിലാക്കാന്‍ നമ്മുടെ തന്നെ ചില പരിമിതികളെ തിരിച്ചറിയുകയും, അതിനെ മറികടക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള ഊര്‍ജ്ജം ചിലവാക്കാന്‍ താല്പര്യമില്ലാത്തവരോടും, ചില പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കൊണ്ട് ചാപ്പയടികള്‍ നടത്തുന്നവരോടും ഒന്നേ പറയാനുള്ളൂ.., നിങ്ങളുടെ പണി യാതൊരു മുടക്കവും കൂടാതെ നിങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നോളൂ… കാരണം, ഇത്തരം ചാപ്പയാടികളെ ഭയന്ന് കൊണ്ട്, ആര്‍ത്തിരമ്പി വരുന്ന ശബ്ദങ്ങളോ, എഴുതികൊണ്ടിരിക്കുന്ന കൈകളോ നിശ്ചലമാവാന്‍ പോവുന്ന യാതൊരു ലക്ഷണവും കാണുന്നില്ല


Leave a Reply

Your email address will not be published. Required fields are marked *