അഭയക്കേസില്‍ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം; പക്ഷേ മുഖ്യകാരണം മതമാണ്; മതം ഹൈമനോപ്ലാസ്റ്റിയാണ്; ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട് – സി രവിചന്ദ്രന്‍ എഴുതുന്നു


‘മതസംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ് പ്രതികള്‍ക്ക് ഇത്രയും കാലം നിരപരാധിത്വത്തിന്റെ കുരിശ് ചുമക്കേണ്ടിവന്നതെന്ന് എല്ലാവരും ആണയിടുന്നു. പക്കമേളം ചമച്ചത് മതം തന്നെയാണ് എന്നര്‍ത്ഥം. പക്ഷെ അതാരും പരിഗണിക്കുന്നില്ല. പകരം പ്രതികളായ വ്യക്തികളെ കൂക്കിവിളിക്കുന്നു. മതംതിന്നുന്ന എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ന്യായീകരണം വാരിവിതറുന്നു. പ്രായപൂര്‍ത്തിയായ രണ്ട് മനുഷ്യര്‍ക്കിടയില്‍ സംഭവിക്കുന്ന സ്വാഭാവികവും ജൈവികവും സാമൂഹികവുമായ ബന്ധങ്ങള്‍ മലിനവും പാപവുമാണെന്ന് പ്രതികള്‍ക്ക് തോന്നിയെങ്കില്‍ അതിന് കാരണം മതം അവരുടെ മസ്തിഷ്‌കത്തില്‍ അടിച്ചേല്‍പ്പിച്ച കപട ബോധ്യങ്ങള്‍ തന്നെയാണ്. പ്രതികളും ഇരയും അറിഞ്ഞോ അറിയാതെയോ അവരുടെ ജീവിതത്തിലെ ഒരു സവിശേഷ സന്ദര്‍ഭത്തില്‍ കണ്ടുമുട്ടുന്നതാണ് കൊലപാതകം അനിവാര്യമാക്കിയത്. ആദ്യ ‘കുറ്റകൃത്യം’ മറയ്ക്കാന്‍ രണ്ടാമത്തെ കുറ്റകൃത്യം പിറന്നു. ആദ്യത്തെ ‘കുറ്റകൃത്യം’ കഴമ്പില്ലാത്ത മതവിഹ്വലതയും രണ്ടാമത്തേത് കരള്‍ പിളര്‍ക്കുന്ന യാഥാര്‍ത്ഥ്യവും.’ – സി രവിചന്ദ്രന്‍ എഴുതുന്നു.
മരണാനന്തര നീതി

28 വര്‍ഷത്തിന് ശേഷം അഭയക്ക് നീതി ലഭിച്ചു എന്ന വാചകമാണ് വര്‍ത്തമാനകാലത്തെ കറുത്തഫലിതം. നീതി എന്ന വാക്കിന് ഇത്ര വിചിത്രമായ അര്‍ത്ഥമുണ്ടോ? എന്താണ് ഇവിടെ ലഭ്യമായ നീതി? അഭയയുടെ മരണദിവസം നടന്ന സംഭവമാണോ? 28 വര്‍ഷങ്ങള്‍ക്ക് ശേഷം സി.ബി.ഐ. പ്രത്യേക കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതോ? മൂന്ന് ദശകത്തോളം മതം ഒട്ടിച്ചുവെച്ച നിരപരാധിത്വം ചുമന്ന് പ്രതികള്‍ ജീവിച്ചതോ? അതോ, കോടതി കുറ്റം വിധിച്ചിട്ടും, പേടിക്കാനില്ല, ദൈവം രക്ഷിക്കും എന്ന മുഖ്യപ്രതി ആത്മവിശ്വാസം ചൊരിഞ്ഞതോ?!…

രണ്ടു തലമുറയില്‍പെട്ട മനുഷ്യര്‍ പ്രതികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്, ആയിരക്കണക്കിന് തിരുഹൃദയങ്ങള്‍ മെഴുകുതിരി പോലെ ഉരുകിയൊലിച്ചിട്ടുണ്ട്, വിചിത്ര ന്യായീകരണങ്ങള്‍ തലങ്ങും വിലങ്ങും പ്രസരിച്ചിട്ടുണ്ട്. കുറച്ച് മനുഷ്യര്‍ക്ക് ഐതിഹാസികമായ നിയമപോരാട്ടം സാര്‍ത്ഥകമായി തീര്‍ന്നതിന്റെ ആഹ്ളാദവും അഭിമാനബോധവും ഉണ്ടാവും. വൈകിയെങ്കിലും നീതി ലഭിച്ചു എന്നവര്‍ ആശ്വസിക്കും.They did a great job. അതിനപ്പുറം? മരണാനന്തരനീതി നിറംകെട്ട മതസങ്കല്‍പ്പമാണ്. സംഭവിച്ചത് അനീതിയും അന്യായവുമാണ്. 28 വര്‍ഷം കഴിഞ്ഞപ്പോള്‍ അത് പലമടങ്ങ് ഇരട്ടിച്ചു.

അഭയക്കേസില്‍ കുറ്റകൃത്യത്തിന് നിരവധി കാരണങ്ങളുണ്ടാവാം. മുഖ്യകാരണം മതം ആണെന്ന് സൂചിപ്പിച്ചാല്‍ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പൊതു സമൂഹത്തിന് രുചിച്ചേക്കില്ല. കന്യാസ്ത്രീകളെ എടുത്ത് കിണറ്റില്‍ ഇടാന്‍ പറയുന്ന ആയത്ത് കാണിച്ചു തരാമോ എന്ന വരണ്ട ചോദ്യം ഇവിടെയും പ്രതീക്ഷിക്കാം. പരസ്പരം സ്നേഹിച്ച് മോഹാലസ്യപെടാനാണ് മതം ആക്രോശിക്കുന്നതെന്നു പലരും വിളിച്ചുകൂവും. പക്ഷെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്: പ്രതികളും ഇരയും ഒരു സവിശേഷ സാഹചര്യത്തില്‍ എത്തിപെട്ടതാണ് കൊലപാതകത്തിന്റെ മുഖ്യ പ്രേരണ. അവരെ അവിടെയെത്തിച്ച ഏജന്‍സി മതമാണ്.

ബ്രഹ്മചാരിയായ പുരോഹിതനും കന്യാസ്ത്രീയും മതനിര്‍മ്മിതികളാണ്. മതാന്ധ വൈകാരികത ആളിപ്പടരുമ്പോള്‍ എത്തിപെടുന്ന അബദ്ധ നിഗമനങ്ങള്‍ക്ക് അനുനിമിഷം വ്യക്തി അവനവനോട് തന്നെ കലഹിക്കേണ്ടിവരും. നിരന്തരം സ്വയം അമര്‍ച്ച ചെയ്യേണ്ടിവരുന്ന ദൈന്യതയാണത്. മസ്തിഷ്‌ക്കം കയ്യൊഴിയുന്നു, ശരീരം കലുഷിതമായി പ്രതിഷേധിക്കുന്നു. അപ്പോഴും പഴംകഥകളും മതതത്വവും മുറുകെ പിടിച്ച് മറ്റുള്ളവരെ ബോധിപ്പിക്കാനായി കാട്ടിക്കൂട്ടലുകളുടെ ആഘോഷമായി ജീവതം കെട്ടിയാടാന്‍ മതജീവി നിര്‍ബന്ധിതനാകുന്നു. സ്വന്തം ചങ്ങല കിലുക്കി ആനന്ദിക്കുന്ന മനുഷ്യരാകുന്നു, മതലഹരിയില്‍ മഹാദു:ഖങ്ങള്‍ മറക്കുന്നു…

പൗരോഹിത്യത്തിന് എതിരെയാണ് എല്ലാവരും വാളെടുക്കുന്നത്. വാട്ട് എ ഹൊറിബിള്‍ പൗരോഹിത്യം?! സഭയുടെ തുണി പോയി എന്നു പറയുമ്പോള്‍ അവരെന്തോ മറച്ചിരുന്നു എന്നതിനപ്പുറം അര്‍ത്ഥമൊന്നുമില്ല. മഠവും സെമിനാരികളും തമ്മിലുള്ള ചരിത്രപരമായ ബന്ധം മതപരമായി നിര്‍വചിക്കപെട്ടിരിക്കുന്നു. ശരിയാണ്, പൗരോഹിത്യം മര്യാദ കാട്ടിയാല്‍ മഠക്കിണറുകള്‍ കുടിവെള്ള സ്രോതസ്സുകളായി പരിമിതപെടും. അത്തരമൊരു മര്യാദ എല്ലാവര്‍ക്കും സാധ്യമായെന്നു വരില്ല. മോഷണത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് പലരിലെയും മോഷ്ടാവിനെ പുറത്തു കൊണ്ടുവരുന്നത്. സമാനമാണ് അഭയക്ക് വേണ്ടി മതമൊരുക്കിയ ചതിക്കുഴികള്‍.

അഭയ എന്ന കന്യാസ്ത്രീ കൊലപെടുത്തി കിണറ്റില്‍ തള്ളപെട്ട ആദ്യത്തെയോ അവസാനത്തെയോ മനുഷ്യജീവിയല്ല. 1991 ന് ശേഷം മറ്റു പലര്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. പൊതുസമൂഹവും വിശ്വാസികളും എതിര്‍പ്പുയര്‍ത്തിയാല്‍ ആവര്‍ത്തനനിരക്ക് കുറഞ്ഞേക്കും. അവിടെ സംഭവിക്കുന്നത് മതപരിഷ്‌കരണമാണ്. പരിഷ്‌കരിക്കപെടുന്ന മതങ്ങള്‍ക്ക് വര്‍ദ്ധിച്ച അതിജീവനശേഷിയുണ്ടാവും. പരിഷ്‌കൃത പൗരോഹിത്യം (priesthood mutation) മതസംരക്ഷണോപാധിയാണ്. അത് മതത്തെ മിനുക്കി കൊഴുപ്പിക്കും. അതിന്റെ അമാനവികതയും അന്ധതയും അപ്രസക്തമാണെന്ന പൊതുബോധം സൃഷ്ടിക്കും. ചാരിറ്റിയും ദാനവും പരിചയാക്കി മതം അതിന്റെ സഹജമായ വന്യതയും അന്ധതയും മറയ്ക്കുമ്പോള്‍ സമൂഹം മറ്റൊരു വിഭാന്തിക്ക് അടിപെടുകയാണ്.

മതസംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ് പ്രതികള്‍ക്ക് ഇത്രയും കാലം നിരപരാധിത്വത്തിന്റെ കുരിശ് ചുമക്കേണ്ടിവന്നതെന്ന് എല്ലാവരും ആണയിടുന്നു. പക്കമേളം ചമച്ചത് മതം തന്നെയാണ് എന്നര്‍ത്ഥം. പക്ഷെ അതാരും പരിഗണിക്കുന്നില്ല. പകരം പ്രതികളായ വ്യക്തികളെ കൂക്കിവിളിക്കുന്നു. മതംതിന്നുന്ന എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ന്യായീകരണം വാരിവിതറുന്നു. കുറ്റകൃത്യം അനിവാര്യമാക്കിയ, അതിനെ കൂട്ടമായി പ്രതിരോധിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന കിരാത മതസാഹചര്യങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുന്നു. പ്രായപൂര്‍ത്തിയായ രണ്ട് മനുഷ്യര്‍ക്കിടയില്‍ സംഭവിക്കുന്ന സ്വാഭാവികവും ജൈവികവും സാമൂഹികവുമായ ബന്ധങ്ങള്‍ മലിനവും പാപവുമാണെന്ന് പ്രതികള്‍ക്ക് തോന്നിയെങ്കില്‍ അതിന് കാരണം മതം അവരുടെ മസ്തിഷ്‌കത്തില്‍ അടിച്ചേല്‍പ്പിച്ച കപട ബോധ്യങ്ങള്‍ തന്നെയാണ്. പ്രതികളും ഇരയും അറിഞ്ഞോ അറിയാതെയോ അവരുടെ ജീവിതത്തിലെ ഒരു സവിശേഷ സന്ദര്‍ഭത്തില്‍ കണ്ടുമുട്ടുന്നതാണ് കൊലപാതകം അനിവാര്യമാക്കിയത്. ആദ്യ ‘കുറ്റകൃത്യം’ മറയ്ക്കാന്‍ രണ്ടാമത്തെ കുറ്റകൃത്യം പിറന്നു. ആദ്യത്തെ ‘കുറ്റകൃത്യം’ കഴമ്പില്ലാത്ത മതവിഹ്വലതയും രണ്ടാമത്തേത് കരള്‍ പിളര്‍ക്കുന്ന യാഥാര്‍ത്ഥ്യവും.

ദൈവം തെളിയിച്ചു, സാക്ഷികളെ പറഞ്ഞുവിട്ടു, തെളിവുകള്‍ അവശേഷിപ്പിച്ചു..എന്നൊക്കെയുള്ള മതഫലിതങ്ങള്‍ വിളമ്പുന്നവരോട് ഒരു ചോദ്യം: മതം എന്തിന് സത്യംപറയണം? ‘ദൈവം’ എന്തിന് ശിക്ഷിക്കണം? ദൈവം ശിക്ഷിക്കുന്ന നീതിമാനാണെങ്കില്‍ മതമോ മതവിശ്വാസമോ ഉണ്ടാകുമായിരുന്നില്ല. മതം എന്നാല്‍ നുണ എന്നര്‍ത്ഥം. മതത്തില്‍ നുണയല്ലാതെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവയെല്ലാം മതേതരമാണ്. നുണയ്ക്ക് സത്യം പ്രസവിക്കാനാവില്ല, വസ്തുതകള്‍ പരിഗണിക്കാനും. അഭയക്കേസില്‍ ഐതിഹാസികമായ ഒറ്റയാള്‍ നിയമപോരാട്ടം നടത്തിയ വ്യക്തിപോലും പറയുന്നത് ദൈവം കള്ളനായി പ്രത്യക്ഷപെട്ടു, വേളാങ്കണ്ണിയില്‍ പോയി നന്ദിപറയണം എന്നൊക്കെയാണ്. 28 വര്‍ഷത്തിന് ശേഷം കള്ളനായി വന്ന് സാക്ഷിപറഞ്ഞ ഒരു മതദൈവത്തിന് വേണ്ടിയാണ് അഭയ സ്വജീവിതം പരിത്യജിച്ചത് എന്നാണ് അപ്പറഞ്ഞതിന്റെ സാരം. നീതി നടപ്പിലാക്കുന്ന ദൈവം!!

പുരോഹിതര്‍ ചൊവ്വാമനുഷ്യരല്ല. വിശ്വാസി മനോഘടനയുടെ സൃഷ്ടിയാണവര്‍. ലഹരിപ്രേമികളാണ് മദ്യശാല ഉണ്ടാക്കുന്നത്. വിശ്വാസികളില്‍ നിന്നാണ് സഭയുണ്ടാകുന്നത്, തിരിച്ചല്ല. സഭയും വിശ്വാസികളും തമ്മിലുള്ള ദൂരം മതകല്‍പ്പിതം. സഭയ്ക്ക് ലഭിക്കുന്ന പ്രിവിലേജുകള്‍ വിശ്വാസി മസ്തിഷ്‌കത്തിന്റെ ദാനമാണ്. ഹസ്തദാനത്തിന് പകരം കൈമുത്ത് വരുന്നത് അങ്ങനെയാണ്. സഭ കൈക്കൂലി കൊടുത്ത് കേസ് ഒതുക്കിയെന്ന് പലരും ആക്ഷേപം ഉന്നയിക്കുന്നു. കൈക്കൂലി മതവിശ്വാസിയുടെ മാതൃമൂല്യമാണ്. That is the foundation software of Religion. പ്രാര്‍ത്ഥനയും വഴിപാടും നേര്‍ച്ചയും വഴി സത്യാസത്യങ്ങള്‍ക്കതീതമായി തനിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് സാങ്കല്‍പ്പികജീവികളോട് ഇരക്കലാണ് മതവിശ്വാസത്തിന്റെ കാതല്‍. വിശ്വാസികളില്‍ നല്ലൊരു പങ്കും പ്രതികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതു മതപരമായി സാധുവാണ്. ഹൈമനോപ്ലാസ്റ്റി നടത്തി നിയമത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചതും മത സോഫ്റ്റ് വെയറില്‍ കോഡ് ചെയ്ത കാപട്യത്തിന്റെ ജന്യരാഗമാണ്. മതത്തിന് ആഴത്തില്‍ അടിപെടുന്നവര്‍ ഇതൊക്കെ സന്തോഷപൂര്‍വം നിര്‍വഹിക്കും. മതം നേര്‍പ്പിച്ചുപയോഗിക്കുന്നവര്‍ സഹജമായ മനുഷ്യധാര്‍മ്മികത ഉയര്‍ത്തിപിടിക്കും.

എന്താണിവിടെ സംഭവിച്ചത്? കൊല്ലരുത്, വ്യഭിചരിക്കരുത്, കള്ളസാക്ഷി പറയരുത് എന്നിങ്ങനെ മൂന്ന് മതകല്‍പ്പനകള്‍ ലംഘിച്ച തീവ്രമതജീവികള്‍ മതം നുണയാണ് എന്ന പരമസത്യം വിളിച്ചുപറഞ്ഞു; മതബാധ്യത മറന്നയാള്‍ (മോഷ്ടിക്കരുത് എന്നത് വേറൊരു മതകല്‍പ്പന!) സത്യവും. 28 വര്‍ഷം കേസ് അപ്രസക്തമാക്കാന്‍ മതനേതൃത്വത്തിന് കഴിഞ്ഞു. വരാനിരിക്കുന്ന നിയമയുദ്ധങ്ങളുടെ സിലബസ്സും മുന്നില്‍ തെളിയുകയാണ്. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് കൊല നടന്ന മഠത്തിന് പിന്നില്‍ ദൈവം അടയക്കാമരം നട്ടതുകൊണ്ടാണ് സത്യം പുറത്തുവന്നത് എന്നു വാദിക്കാനും കള്ളന്‍ വിശുദ്ധനാണ് എന്നൊക്കെ ഭംഗിവാക്ക് പറയാനും പലരേയും പ്രേരിപ്പിക്കുന്ന സോഫ്റ്റ് വെയറാണ് ആത്യന്തികമായി പരിഷ്‌കരിക്കപെടേണ്ടത്. അനിവാര്യമായ പല ദുരന്തങ്ങളും ഒഴിവാക്കാന്‍ അത്തരമൊരു പരിഷ്‌കരണത്തിന് സാധിക്കും.സഹജമായ മനുഷ്യധാര്‍മ്മികതയെ സമ്പൂര്‍ണ്ണമായും തച്ചുടയ്ക്കാന്‍ മതത്തിന് സാധിച്ചില്ല എന്നതാണ് മനുഷ്യരാശിയുടെ മുന്നേറ്റ രഹസ്യം.
ഏതു പൊട്ടക്കഥയില്‍ വിശ്വാസിച്ചാലും എത്രമാത്രം കപടസിദ്ധാന്തങ്ങള്‍ തിന്നുതീര്‍ത്താലും വിഷംതീണ്ടാതെ രക്ഷപെടുന്ന മനസ്സുകള്‍ നിരവധിയുണ്ടാവും. അവരെല്ലാം വിളിച്ചു പറയുന്നത് ഒരു കാര്യം തന്നെയാണ്: മതം ഹൈമനോപ്ലാസ്റ്റിയാണ്, ഇല്ലാത്തതിന്റെ ആഘോഷം, നുണയുടെ ആറാട്ട്.

 


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *