കൊക്കക്കോള ചൂടാക്കിയാല്‍ അത് ടാര്‍ ആവുമോ; അതാണോ നാം കുടിക്കുന്നത്; ഇപ്പോള്‍ വൈറലായ വീഡിയോയുടെ വസ്തുതയെന്താണ്?; ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു


കൊക്കക്കോള ചൂടാക്കിയാല്‍ അത് ടാര്‍ ആയി മാറുമോ? ലക്ഷക്കണക്കിന് പേര്‍ സബ്‌സ്‌ക്രൈബര്‍മാര്‍ ആയിട്ടുള്ള ഒരു പ്രമുഖ യൂട്യൂബ് ചാനലിലെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇതിന്റെ യാഥാര്‍ഥ്യം പരിശോധിക്കയാണ് ശാസ്ത്രപ്രചാരകനും പ്രഭാഷകനുമായ ബൈജുരാജ്. അദ്ദേഹത്തിന്റെ പേജ് ആയ ‘ശാസ്ത്രലോക‘ത്തില്‍ വന്ന പ്രതികരണം ഇങ്ങനെ

“കൊക്കക്കോള ചൂടാക്കിയാല്‍ എന്താ ഉണ്ടാവുക?

കൊക്കക്കോള ചൂടാക്കിയാല്‍ അത് റോഡ് പണിക്കു ഉപയോഗിക്കുന്ന ടാര്‍ ആവുമോ..?
അതാണോ നാം കോള കുടിക്കുമ്പോള്‍ അകത്താക്കുന്നത്… എന്ന രീതിയിലുള്ള സംസാരം ഉള്ള വീഡിയോ ഇപ്പോള്‍ വൈറലാണല്ലോ..

എന്താണ് ഇവിടെ സംഭവിക്കുന്നത്?

നമ്മള്‍ ക്രിസ്തുമസ്സിനും മറ്റും കേക്ക് ഉണ്ടാക്കുമ്പോള്‍ കേക്കിനു ഡാര്‍ക്ക് നിറം കൊടുക്കാന്‍ എന്താ ചെയ്യുക. പഞ്ചസാര ലായനി തീയില്‍വച്ചു കുറുക്കി എടുക്കും. Caramelize ചെയ്യുക എന്ന് പറയും. നിറം ഇല്ലാത്ത പഞ്ചസാര ആവശ്യത്തിന് ചൂട് കിട്ടുമ്പോള്‍ ആദ്യം ഇളം മഞ്ഞ നിറത്തിലേക്കും, പിന്നെ ബ്രൗണ്‍ നിറത്തിലേക്കും, പിന്നെ കറുത്ത നിറത്തിലേക്കും ആവും. അതുതന്നെയാണ് കൊക്കോകോളായിലും സംഭവിക്കുന്നത്.
കൂടാതെ കോളയ്ക്കുഅതിന്റെ സ്വാഭാവികമായ ബ്രൗണ്‍ നിറം കിട്ടുവാനായി കാരമേലും ചേര്‍ത്തിട്ടുണ്ട്.

കോളയിലും, അതുപോലത്തെ മറ്റു പാനീയങ്ങളിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഏതാണ്ട് 10% ഇൽ അധികം പഞ്ചസാര ! അത് Caramelize ചെയ്യുമ്പോള്‍ ഇതുപോലെ നിറം വരും. കൂടാതെ ടാര്‍ പോലെ ആവുകയും ചെയ്യും. അത്രേ ഉള്ളൂ കാര്യം. കോളയ്ക്കു പകരം ദോശ പാനില്‍ വച്ച് കരിച്ചിട്ട് ഇതാണോ നമ്മള്‍ രാവിലെ കഴിച്ചുകൊണ്ടിരുന്നത് എന്ന് പറയുന്ന ലാഘവത്തോടെ ഇതും കണ്ടാല്‍ മതി.

മുന്നറിയിപ്പ്:
കോളയും, അതുപോലുള്ള മറ്റു പാനീയങ്ങളും കൂടുതല്‍ കുടിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. കാരണം അതില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്.

 


Leave a Reply

Your email address will not be published. Required fields are marked *