‘എല്ലാവരും എന്തുകൊണ്ടാണ് മതവിമര്‍ശനത്തില്‍ നിന്നും ഓടി പോകുന്നത്? മതം നല്ല സാധനമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണോ? അല്ല… മതത്തോടു കളിച്ചാല്‍ വിവരമറിയും. നിങ്ങളിവിടെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കാലുമടക്കി അടിക്കുന്നവരൊക്കെ ആയിരിക്കും, അത് അമേരിക്ക മൈന്‍ഡ് ചെയ്യില്ല. പക്ഷെ നിങ്ങളൊരു ലോക്കല്‍ മതഅണ്ണനെതിരെ ആണെങ്കില്‍ വിവരമറിയും..’ – യുക്തിവാദികള്‍ പതിവായി കേള്‍ക്കുള്ള ഒരു ആരോപണമാണ് ‘എന്തിനാ എപ്പോഴും മതാവിമര്‍ശനം’ എന്ന ചോദ്യം. ഇതിന് മറുപടി പറയുകയാണ് പ്രശസ്ത സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രന്‍. പ്രസക്തഭാഗങ്ങള്‍ വായിക്കാം.
എന്തിനാ എപ്പോഴും മതവിമര്‍ശനം?
‘യുക്തിവാദം പറയുന്നു, റാഷണലിസം പറയുന്നു, നാസ്തികത പറയുന്നു… നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ? എപ്പോഴും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ലോകത്തുള്ള സമസ്തപ്രശ്നങ്ങളുടേയും കാരണം മതമാണോ? ചിലര്‍ വളരെ വികാരപരമായി ചോദിക്കും.
ചില ടീമുകള്‍ ഇവിടെ നടപ്പുണ്ട്, എല്ലാറ്റിന്റെയും കാരണം മൂലധനമാണെന്ന് പറഞ്ഞ്. എല്ലാറ്റിന്റെയും കാരണം മൂലധനമാണോ എന്ന് ചോദിച്ച് ആരെങ്കിലും അവരെ ചോദ്യം ചെയ്ത് കണ്ടിട്ടുണ്ടോ? പരിസ്ഥിതിവാദികള്‍ ഇവിടെയുണ്ട്, നിങ്ങള്‍ക്ക് പണിയൊന്നുമില്ലേ? ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് പ്രശ്‌നം കിടക്കുന്നു, മറ്റുപ്രശ്‌നങ്ങള്‍ നടക്കുന്നു, ചേരിയിലെ പ്രശ്‌നങ്ങള്‍ നടക്കുന്നു, ക്യാപിറ്റലിസത്തിന്റെ പ്രശ്‌നങ്ങള്‍… നിങ്ങളീ പരിസ്ഥിതി, പരിസ്ഥിതി എന്ന് പറഞ്ഞ് നടക്കേണ്ടതിന്റെ കാര്യമെന്താ, എന്ന് ആരെങ്കിലും ചോദിക്കുന്നത് കേട്ടിട്ടുണ്ടോ? ഗാന്ധിയന്മാരോട് നിങ്ങള്‍ എന്തുകൊണ്ട് ഗാന്ധിസം മാത്രം മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് ചോദിക്കുന്നത് കേട്ടിട്ടുണ്ടോ? പക്ഷെ യുക്തിവാദികളോടും, നിരീശ്വരവാദികളോടും സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് നിങ്ങള്‍ക്കീ മതത്തെ ഇട്ട് ചൊറിയൽ മാത്രമേയുള്ളോ, വേറെ പണിയൊന്നുമില്ലേ?
എന്തുകൊണ്ടാണ് ആ ചോദ്യം വരുന്നത്? ഞാന്‍ പറയുന്നത് ഈ relentless religious radiation എന്നു പറയുന്ന സാധനം മതം മാത്രമല്ല. നമ്മുടെ സാംസ്‌കാരിക നായകന്മാര്‍, ആക്ടിവിസ്റ്റുകള്‍ ഇവരെല്ലാം മതഉത്പന്നങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ മോഡേണ്‍ മെഡിസിന്‍ നേരിടുന്ന പ്രധാന ഭീഷണികള്‍ എവിടെ നിന്നുമാണ്. നിങ്ങള്‍ വിചാരിക്കും മോഡേണ്‍ മെഡിസിന്‍ നേരിടുന്ന പ്രധാന ഭീഷണി ഇവിടുത്തെ പാരമ്പര്യവൈദ്യത്തില്‍ നിന്നുമാണെന്ന്. അല്ല അശാസ്ത്രീയ മനോഭാവം, ആ മനോഭാവത്തിന്റെ ബേസിക് സ്‌പോണ്‍സര്‍ എന്നു പറഞ്ഞാല്‍ മതാത്മകമായ ചിന്താഗതിയാണ്. ഇപ്പോള്‍ പലരുമായൊക്കെ തര്‍ക്കിക്കുമ്പോള്‍, അവര്‍ ആത്മാവിലേക്ക് കയറി പിടിക്കും. ആത്മാവ് ഉണ്ടെങ്കില്‍ പിന്നെ മോഡേണ്‍ മെഡിസിന്റെ കാര്യം ഇല്ല. ശാസ്ത്രവിരുദ്ധമായ, യുക്തിഹീനമായ, അശാസ്ത്രീയമായിട്ടുള്ള മനോവൃത്തി ഉണ്ടാക്കുന്നതില്‍ മതത്തിനുള്ള പങ്ക് മറ്റൊരു ഇന്‍സ്റ്റിട്യൂഷനും ഇല്ല എന്നുള്ളതാണ്.
അതൊരു വലിയ ഇന്‍സ്റ്റിട്യൂഷന്‍ ആണ്. അതിനെതിരെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ കുറച്ചു പേര് മാത്രമാണുള്ളത്. എല്ലാവരും എന്തു കൊണ്ടാണ് മതവിമര്‍ശനത്തില്‍ നിന്നും ഓടി പോകുന്നത്. മതം നല്ല സാധനമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണോ? അല്ല… മതത്തോടു കളിച്ചാല്‍ വിവരമറിയും. ഒരു സാധ്യതയെയും അതവശേഷിപ്പിക്കില്ല. നിങ്ങളിവിടെ അമേരിക്കന്‍ സാമ്രാജ്വത്തത്തെ കാലു മടക്കി അടിക്കുന്നവരൊക്കെ ആയിരിക്കും, അത് അമേരിക്ക മൈന്‍ഡ് ചെയ്യില്ല, പക്ഷെ നിങ്ങളൊരു ലോക്കല്‍ മത അണ്ണനെതിരെ ആണെങ്കില്‍ വിവരമറിയും… അപ്പൊള്‍ മതവിമര്‍ശനം ആരും ചെയ്യുന്നില്ല, ഞങ്ങളും ചെയ്യുന്നില്ല. നിങ്ങള്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് ഇഷ്ടവും അല്ല. അങ്ങനെ എതിരാളികളില്ലാത്ത ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിട്ട് മതം തുടരണം. അതാണ് ഇത്തരക്കാരുടെ വാദങ്ങളുടെ പൊരുള്‍.
കുറെനാള്‍ യുക്തിവാദികളോട് ചിലര്‍ പറഞ്ഞോണ്ടിരുന്നത് ചാരിറ്റിചെയ്യാനായിരുന്നു. ‘നിങ്ങള്‍ക്ക് ആളുകളുടെ മുന്നില്‍ മുഖം മിനുക്കാന്‍ നല്ല പരിപാടിയാണ് ചാരിറ്റി. കുറെ പൈസയൊക്കെ പിരിച്ചിട്ട് ഓരോരുത്തര്‍ക്ക് കൊടുക്കൂ, അപ്പോള്‍ നിങ്ങള്‍ക്കുള്ള അസ്വീകര്യതയൊക്കെ പോകും. നിങ്ങള്‍ പൈസ പിരിക്കൂ, ആളുകള്‍ക്ക് കൊടുക്കൂ, അപ്പോള്‍ നിങ്ങള്‍ക്ക് പേരും പെരുമയുമൊക്കെ കിട്ടും. അപ്പോള്‍ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നവരാണ് നിങ്ങള്‍ എന്നു പറയും.’ – ഇതായിരുന്നു ചിലരുടെ ഉപദേശം. പണം പിരിക്കുന്നതിനെന്താ പ്രശ്‌നം. പണം പിരിച്ചാണ് സേവനം ചെയ്യാന്‍ കഴിയുന്നതെങ്കില്‍, ഹാജിമസ്താന്‍ ആയാലും, ആള്‍ദൈവങ്ങള്‍ ആയാലും, മണിച്ചന്‍ ആയാലും പ്രശ്‌നമല്ല. ദാവൂദ് ഇബ്രാഹിം ചെയ്യുന്ന സേവനങ്ങളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നമ്മള്‍ കൂട്ടിയാലൊന്നും അവിടെ എത്തില്ല. ചാരിറ്റി തെറ്റായ കാര്യമല്ല. ചാരിറ്റി ചെയ്യാനുള്ളവര്‍ക്ക് വ്യക്തിതലത്തില്‍ ചെയ്യാം. പക്ഷെ ഈ മതവിമര്‍ശനം എന്ന സാധനം നടത്താന്‍ ഇവിടെ വേറെ ആരുമില്ല. ഒരാള്‍ക്കും താല്‍പര്യമില്ല. അപ്പോള്‍ അങ്ങനെ ചെയ്യുന്ന കുറെ ആള്‍ക്കാരോട്, നിങ്ങള് വാ, മുഖം മിനുക്കാനായിട്ടു ഞാന്‍ ചാരിറ്റിയുടെ ഓപ്ഷന്‍ തരാം, അപ്പോള്‍ എല്ലാവരും പറയും യുക്തിവാദികള്‍ മതവിമര്‍ശനമൊക്കെ നടത്തും എങ്കിലും ചാരിറ്റിയും കൂടെ ചെയ്യും കേട്ടോ എന്ന്.
പണ്ട് പറഞ്ഞതെന്താണ്? നിങ്ങള്‍ വെറുതെ യുദ്ധം ചെയ്താല്‍ പോര, നിങ്ങള്‍ ക്യാപിറ്റലിസത്തിനെതിരെ യുദ്ധം ചെയ്യുക. വര്‍ഗ്ഗബോധത്തിനെതിരെ, വര്‍ഗ്ഗബോധത്തിന്റെ മുന്നണിപടയാളികളായിട്ടു മാറുക. അപ്പോള്‍ നിങ്ങള്‍ മതത്തിനെതിരെയാണ്, പിന്നെ നല്ലൊരു കാര്യവും ചെയ്യുന്നുണ്ട്. ആകെയൊരു, മൊത്തത്തിലൊരു acceptance ഉണ്ടാകും. ഇങ്ങനെ വരുന്ന എല്ലാവരേയും അവരുടെ ബുദ്ധിയെയും ചിന്തയെയും മരവിപ്പിക്കാനായിട്ട് ഓരോരോ ഐറ്റംസ് ഉണ്ട്. നിങ്ങള്‍ അതിലേക്ക് പോയി പണിയെടുക്കൂ, ഇതിലേക്ക് പണിയെടുക്കൂ. പിന്നെ വേറെയാര്‍ക്കും ഇങ്ങനെ മറ്റിടത്തു പണിയെടുക്കേണ്ട കാര്യമില്ല. എന്റെ ഒരു ചോദ്യം നിസ്സാരം. ഇതാണ് ഈ ഏകകാരണമെന്നുള്ള സാധനം നസ്തികതക്ക് കടകവിരുദ്ധമാണ്. നമ്മളൊരിക്കലും ഏക കാരണം പറയുന്നില്ല.
ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം മതമാണെന്ന് ആരാണ് പറയുന്നത്? ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കാപ്പിറ്റലിസം ആണ് എന്നു പറയുന്ന ആള്‍ക്കാര്‍ ഉണ്ടാകും, നമ്മള്‍ അങ്ങിനെ പറയുന്നില്ല. മതം ലോകത്തിലെ പ്രധാന പ്രശ്‌നങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നാണ്. നമുക്കൊരു പ്രയോറിറ്റി ലിസ്റ്റ് ഉണ്ട്. നമുക്ക് എല്ലാ ഒളിമ്പിക്‌സ് ഐറ്റത്തിലും ഒരേ സമയം പങ്കെടുക്കാന്‍ പറ്റില്ല. നമ്മള്‍ കുറെ ഐറ്റത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കും. അതാണ് നമ്മുടെ പ്രയോറിറ്റി ലിസ്റ്റ്. ആ പ്രയോറിറ്റി ലിസ്റ്റില്‍ ആദ്യം വരുന്ന സാധനങ്ങള്‍ ആണ് നമ്മള്‍ ചെയ്യുന്നത്. അപ്പൊള്‍ ഇതങ്ങോട്ട് മാറ്റിവെച്ചിട്ട്, നിങ്ങള്‍ പോയി വേറെ എന്തെങ്കിലും ചെയ്യാന്‍ പറയുന്നത്, നിങ്ങള്‍ ചെയ്യുന്നതിനുള്ള അസംതൃപ്തിയും എതിര്‍പ്പുമാണത്. നിങ്ങളെ വഴിമാറ്റി വിടുകയാണ്. പണ്ട് യക്ഷിയൊക്കെ വരുമ്പോഴുണ്ടാല്ലോ… ചുണ്ണാമ്പ് കയ്യില്‍ കരുതിയാല്‍ യക്ഷി പിടിക്കത്തില്ല എന്നാണ് പറയുന്നത്. അപ്പോള്‍ ഇച്ചിരി ചുണ്ണാമ്പുമായി നടക്കുന്നത് നല്ലതാ… ഇങ്ങനെ കുറെ യക്ഷിമാരിറങ്ങുമ്പോള്‍ നിങ്ങള്‍ വഴിതെറ്റിപോകാതിരിക്കാന്‍ വളരെ നല്ലതാ…
ഏക കാരണം എന്നുപറയുന്നൊരു സാധനം നാസ്തികതയ്ക്ക് വിരുദ്ധമാണ്. ഏകകാരണമല്ല, ബഹുകാരണ സംബന്ധിയാണ് ഈ പ്രപഞ്ചം. കാര്യകാരണ ബന്ധങ്ങളുടെ ശൃംഖലയാണ് ഈ പ്രപഞ്ചം, എല്ല സംഭവങ്ങളും എന്നാണ് നമ്മള്‍ പറയുന്നത് . അല്ലാതെ മതമാണ് എല്ലാ കാരണവും എന്നല്ല, മതം പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് നമ്മള്‍ എതിര്‍ക്കും അത് നമ്മുടെ മുന്‍ഗണനയാണ്.’ – സി രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വെളിച്ചപ്പാടിന്റെ ഭാര്യ എന്ന ഈ പ്രഭാഷണം കേൾക്കാം, ലിങ്ക് – https://youtu.be/tuteSFHnL0E