അദ്ധ്യാപക
രാജ്യത്ത് പലയിടങ്ങളിലും മതപരമായ വിഭജനവും ധ്രൂവീകരണവും അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നു എന്ന സൂചനയാണ് ഉത്തര്‍പ്രേദേശില്‍ ഒരു അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് ചെകിടത്ത് അടിപ്പിക്കുന്ന രംഗം പകര്‍ത്തിയ വൈറല്‍ വീഡിയോ നല്‍കുന്നത്. പരമത വിദ്വേഷമാണ് അദ്ധ്യാപികയെ കൊണ്ട് ഈ ഹീനകൃത്യം ചെയ്യിക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. മുസ്സാഫര്‍ബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ഈ സംഭവം നടന്നത്. അടിക്കുന്ന കുട്ടികള്‍ക്കും അപമാനം ഏറ്റുവാങ്ങുന്ന കുട്ടിക്കും അദ്ധ്യാപികയുടെ മനസ്സിലെ വര്‍ഗ്ഗീയവിദ്വേഷവും വിവരക്കേടും മനസ്സിലാക്കാനുള്ള പ്രായമില്ല. കൃത്യം നിര്‍വഹിക്കുന്നതിനിടെ അദ്ധ്യാപിക പറയുന്ന വ്യക്തവും അവ്യക്തവുമായ വാചകങ്ങളില്‍ മതവിദ്വേഷം തുളുമ്പി നില്‍ക്കുന്നു. കുട്ടികളെ ഹിന്ദുക്കളായും മുസ്‌ളിംങ്ങളുമായാണ് അവര്‍ കാണുന്നത്. മുസ്‌ളിംകുട്ടികളെ താന്‍ സ്ഥിരം ശിക്ഷിക്കാറുണ്ടെന്ന് വീമ്പിളക്കുന്ന അദ്ധ്യാപിക ‘വേണ്ടത്ര ശക്തി’യില്‍ അടിക്കാത്തതിന് മറ്റ് വിദ്യാര്‍ത്ഥികളെ ശകാരിക്കുന്നുമുണ്ട്. സ്വന്തം മതവിശ്വാസമാണ് ഈ അകാരണമായ പക അവരില്‍ സൃഷ്ടിക്കുന്നത്. This is not only a violation of a code of conduct, but also an unpardonable faith-induced crime. Without the installed religious software, she would be sober and saner for sure.
വീഡിയോ ഷൂട്ട് ചെയ്ത വ്യക്തി ഒരേസമയം സംഭവം വിശദീകരിക്കുകയും അദ്ധ്യാപികയോട് സംസാരിക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. എത്ര മുസ്ലിം കുട്ടികളുണ്ടോ അവരെയെല്ലാം ശിക്ഷിക്കാന്‍ പറഞ്ഞിട്ടുണ്ട് (‘I have declared jitne bhi Mohammedan bachhe hai…’) എന്ന് വീഡിയോഗ്രാഫറോട് പറയുന്നത് കേള്‍ക്കാം. മുസ്‌ളിം അമ്മമാര്‍ കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിക്കാത്തത് കാരണം കുട്ടികളുടെ ഭാവി നശിക്കുകയാണെ് ആരോപണം അദ്ധ്യാപിക നടത്തിയതായി മുസ്സാഫര്‍ബാദ് പോലീസ് സൂപ്രണ്ട് സത്യാനാരായണ്‍ പ്രജാപതും പറയുന്നു. വീഡിയോഗ്രാഫര്‍ ഈ ഹീനകൃത്യം തടയാന്‍ ശ്രമിക്കുന്നില്ല എന്നതില്‍ നിന്നും അയാളും അദ്ധ്യാപികയുടെ മനോഭാവത്തോട് യോജിക്കുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കാം. സംഭവം ആസ്വദിക്കുന്ന കമന്റുകളാണ് അയാളുടെ ഭാഗത്ത് നിന്ന് കേള്‍ക്കാനാകുന്നത്. വീഡിയോ എടുത്ത ആളിന്റെ അനുവാദമില്ലാതെയാവും വീഡിയോ ക്ലിപ്പ് പുറത്തു വന്നത്.
രാജ്യത്ത് മതം സമൂഹത്തെ അപരിഹാര്യമായ തോതില്‍ വിഭജിക്കുകയാണ്. മതവിഭജനവും ധ്രൂവീകരണവും അധികാരത്തിലേക്കുള്ള കുറുക്ക് വഴിയായി മാറുന്നു. അധികാരസംരക്ഷണത്തിനായി വിഭജനത്തിന്റ പുണ്ണുകള്‍ സദാ മാന്തിപൊളിക്കുന്നു. വിദ്യാര്‍ത്ഥികളെ കൊണ്ട് പരസ്പരം പീഡിപ്പിക്കുന്നത് എത്ര ഭയാനകമാണ്! അങ്ങനെ ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒരു അദ്ധ്യാപിക തന്റെ തൊഴില്‍പരമായ ദൗത്യത്തെ കുറിച്ചും നിയമങ്ങളെക്കുറിച്ചും പൗരാവകാശങ്ങളെ കുറിച്ചും സമ്പൂര്‍ണ്ണമായ അജ്ഞതയുള്ള വ്യക്തിയാണ്. ഒന്നുകില്‍ അറിയില്ല, അല്ലെങ്കില്‍ അറിഞ്ഞുവെച്ചുകൊണ്ട് പരമതവിദ്വേഷത്താല്‍ അവരത് മറക്കുന്നു. അപമാനിതനായ കുട്ടിയുടെ പിതാവ് അടച്ച ഫീസും വാങ്ങി പോലീസില്‍ പരാതി ഉന്നയിക്കില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങിയത് മുസ്സഫര്‍ബാദില്‍ നിലനില്‍ക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ്. ഒത്തുതീര്‍പ്പുകളില്‍ ഇതവസാനിക്കാന്‍ പാടില്ല. വീഡിയോയുടെ നിജസ്ഥിതി അന്വേഷിച്ച് നിയമപരമായും വകുപ്പ് തലത്തിലും ശക്തവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ബുള്‍ഡോസറല്ല, നിയമമാണ് പ്രവര്‍ത്തിക്കേണ്ടത്.
വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ അദ്ധ്യാപകര്‍ക്ക് അവകാശമുണ്ടോ? ഉണ്ടെന്നത് ഒരു അന്ധവിശ്വാസമാണ്. ശിക്ഷയുടെ കാരണങ്ങളിലൊന്ന് പരമതവിദ്വേഷമാകുമ്പോള്‍ അതൊരു ഹീനമായ ക്രൈം ആയി മാറുന്നു. കുട്ടികളെ സ്‌നേഹിക്കാനും സഹായിക്കാനും അവരുടെ ഉദ്യമങ്ങള്‍ക്ക് സദാ പിന്തുണ നല്‍കാനുമാണ് അദ്ധ്യാപകരെ ചുമതലപെടുത്തിയിരിക്കുന്നത്. അദ്ധ്യാപനം വേറേതൊരു തൊഴിലും പോലെയാണ്. അവിടെ തൊഴില്‍പരമായ ധാര്‍മ്മികത പാലിക്കപെടണം. അദ്ധ്യാപകരെല്ലാം ഒരു കാലത്ത് വിദ്യാര്‍ത്ഥികളായിരുന്നു എന്നോര്‍ക്കണം. I can recount many similar incidents. ഇന്നുമോര്‍ക്കുമ്പോള്‍ മറക്കാനാവാത്ത ആഴത്തിലുള്ള മുറിവുകളാണവ. എങ്കിലും പരമതവിദ്വേഷം അത്തരം പീഡനങ്ങളുടെ ചേരുവ ആയതായി തോന്നിയിട്ടില്ല.
ഇന്ന് കേരളത്തില്‍ സ്ഥിതിവിശേഷം ഏറെ മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അടിമകളായി കാണുന്ന രീതി ഏറെക്കുറെ അവസാനിച്ചു. വീടുകള്‍ക്കുള്ളിലും അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും കൂടിയ അളവില്‍ മാനിക്കപെടുന്നു. പക്ഷെ അതല്ല രാജ്യമെമ്പാടുമുള്ള സ്ഥിതി. നിരവധി സുമനസ്സുകള്‍ അദ്ധ്യാപകവൃത്തിയിലുണ്ട്. സ്വന്തം മക്കളെക്കാള്‍ വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുന്നവരും ത്യാഗബുദ്ധിയോടെ അവരെ പിന്തുണയ്ക്കുന്നവരും ഒട്ടനവധിയുണ്ട്. എങ്കിലും ദുഷിച്ച അധികാരബോധത്തിന്റെ ഹാങ്ങോവര്‍ മാറാത്ത കൂട്ടര്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല ഇവിടെയുമുണ്ട്, ഇപ്പോഴും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ അധികാരമോ അവകാശമോ ഇല്ലെന്നും ചെയ്യുന്നത് ഒരു ക്രൈമാണെന്ന് അദ്ധ്യാപക സമൂഹം തിരിച്ചറിയണം. അവരെ അത് സദാ ബോധ്യപെടുത്താന്‍ സ്റ്റേറ്റ് തയ്യാറാകേണ്ടതുണ്ട്. അദ്ധ്യാപക സംഘടനകള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട മേഖല കൂടിയാണിത്. ചന്ദ്രയാന്‍-3 നേട്ടത്തിന് ശേഷം രാജ്യത്തിന് വേദനയയും അപമാനവും സമ്മാനിക്കുന്ന സംഭവമാണിത്. അദ്ധ്യാപകയും മതവെറിയും കൂടിച്ചേരുമ്പോള്‍ പരിക്കേല്‍ക്കുന്നത് സെക്കുലര്‍ ഭരണഘടനയ്ക്കാണ്, മാനവികതയ്ക്കാണ്.