വൈവിധ്യത്തേക്കാളും ഭംഗി സ്വാതന്ത്ര്യമുള്ള ഏകതയ്ക്കാണ്; വിമല്‍ വിനോദ് എഴുതുന്നു


“inclusiveness കൈവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു സമൂഹവും മെച്ചപ്പെട്ടതാകുന്നില്ല. വ്യക്തിസ്വാതന്ത്ര്യം, സ്ത്രീപുരുഷ അവസരസമത്വം, ലൈംഗികപരമായ സ്വാതന്ത്ര്യം, ജനാധിപത്യപരമായ ഭരണക്രമം, ശാസ്ത്രസാങ്കേതിക വിദ്യകള്‍ വഴിയുള്ള പുരോഗതി, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയൊക്കെ ഉറപ്പു നല്‍കുന്ന ഒരു exclusive സമൂഹം, ആ സമൂഹത്തില്‍ നിന്ന് പുറത്തു പോകാനുള്ള അവസരം കൂടി തരുന്നുണ്ടെങ്കില്‍, അവര്‍ exclusive ആണ് എന്ന ഒറ്റക്കാരണം കൊണ്ട് അവര്‍ ഇതൊന്നും നല്‍കാത്ത ഒരു inclusive കൂട്ടത്തെക്കാളധികം മോശപ്പെട്ടവരാകുന്നില്ല.”- വിമല്‍ വിനോദ് എഴുതുന്നു.

സ്വാതന്ത്ര്യമുള്ള ഏകത

Inclusiveness അഥവാ മറ്റുള്ളവരെ അവരുടെ വൈവിധ്യത്തെ ആദരിച്ച് മാനസികവും സാമൂഹികവും രാഷ്ട്രീയവുമായി ഉള്‍ക്കൊള്ളുന്ന നിലപാടുകളെ വളരെ മഹത്തരമായിട്ടാണ് പുരോഗമനരാഷ്ട്രീയക്കാര്‍ കരുതുന്നത്. ഇടത് – വലത് ദ്വന്ദപരമായ ചിന്തകള്‍ പോലെ ഇതിന് വിരുദ്ധമായി exclusive രാഷ്ട്രീയത്തെ ഇവര്‍ പ്രതിഷ്ഠിക്കുന്നു. വാസ്തവത്തില്‍ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ചപ്പാടിനിടയിലാണ് പോസ്റ്റ് മോഡേണിസത്തിന്റെ ചാരം കനലൊരു തരിയായി ഉലയുന്നത്.

ഈ ലേഖകന്റെ അഭിപ്രായം ആദ്യമേ പറയാം; വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, എന്നാല്‍ പുറത്തേക്ക് കടക്കാനുള്ള സാദ്ധ്യതകളെ കൊട്ടിയടച്ച ഗോത്രങ്ങളെ/ആള്‍ക്കൂട്ടങ്ങളെക്കാളും മെച്ചമാണ്, വൈവിധ്യങ്ങള്‍ കുറഞ്ഞ എന്നാല്‍ ബഹിഷ്‌കരിക്കാന്‍ അവകാശമുള്ള ഗോത്രങ്ങള്‍/ആള്‍ക്കൂട്ടങ്ങള്‍.

ശ്രീരാമന് യഹോവയുമായി എന്ത് ബന്ധം?

രണ്ട് ഉദാഹരണങ്ങള്‍ നോക്കാം; (1) വനവാസം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് മടങ്ങുന്ന വഴി ശ്രീരാമന്‍ യഹോവയുടെ പ്രവാചകനാണെന്ന കാര്യം വിശ്വസിക്കാത്ത ഭാനുക്കുലുസു എന്ന ഗോത്രത്തെക്കുറിച്ച് ലക്ഷ്മണന്‍ അദ്ദേഹത്തെ ഉണര്‍ത്തിച്ചു. അരിശം മൂത്ത ശ്രീരാമന്‍ അവര്‍ക്ക് അവസാനമായൊരു അവസരം കൊടുക്കുന്നതായി അറിയിച്ചു. ഭാനുക്കുലുസു ഗോത്രക്കാര്‍ എത്രയും പെട്ടെന്ന് അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയുടെ പ്രവാചകനാണ് ശ്രീരാമനെന്ന് ഏറ്റു പറയണമത്രേ. ഭാനുക്കുലുസുക്കാര്‍ക്ക് ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിച്ചില്ല. അവര്‍ പറഞ്ഞു: “മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന് യഹോവയുമായി എന്ത് ബന്ധം?” ശ്രീരാമന് കലിപ്പടക്കാനായില്ല. ഉടനടി ഒന്നടങ്കം ഭാനുക്കുലുസുക്കാരായ ആണുങ്ങളുടെ തലയറുക്കാന്‍ ശ്രീരാമന്‍ ഉത്തരവിട്ടു. പെണ്ണുങ്ങളെയാകട്ടെ പിടിച്ചുകൂട്ടി ലൈംഗിക അടിമകളാക്കാനും പീഢിപ്പിക്കാനും ശ്രീരാമന്‍ ആജ്ഞാപിച്ചു. അവര്‍ അപ്രകാരം ഭാനുക്കുലസ്ത്രീകളെ ബലാല്‍ഭോഗിച്ചു.

ശ്രീരാമന്‍ പറഞ്ഞത് പോലെ ഭാനുക്കുലര്‍ ജീവിച്ചിരുന്നുവെങ്കില്‍ അവരെ ശ്രീരാമനിസ്റ്റുകള്‍ ഉപദ്രവിക്കില്ലായിരുന്നു. അവരുടെ വൈവിധ്യത്തെ അംഗീകരിക്കുമായിരുന്നു. അവര്‍ക്ക് തമിഴരോ പഞ്ചാബിയോ കാനഡക്കാരനോ ചൈനാക്കാരോ ഒക്കെയായി ജീവിക്കാം, പക്ഷേ ശ്രീരാമനെ യെഹോവയുടെ പ്രവാചകനായി അംഗീകരിച്ചാല്‍ മാത്രം മതി. (ഈ ഉദാഹരണം മനഃപൂര്‍വ്വം നല്‍കിയതാണ്, വേറെ വല്ല ദൈവത്തിന്റെയും പ്രവാചകന്മാരുടെയും പേരായിരുന്നുവെങ്കില്‍ നമ്മുടെ പുരോഗാമികള്‍ തുടര്‍ന്ന് വായിക്കില്ല. കാരണം ഇസ്ലാമിന്റെ സ്ത്രീവിരുദ്ധത, ഹോമോഫോബിയ, മാനവികവിരുദ്ധത, അടിമഭോഗം, ജനാധിപത്യവിരുദ്ധത, ശാസ്ത്രവിരുദ്ധത, ബഹുദൈവാരാധക വിരുദ്ധത, ജൂതവിദ്വേഷം എന്നിവയെ എതിര്‍ക്കാനുള്ള അകാരണമായ ഭയമാണ് ഇസ്ലാമോഫോബിയ, അതിന്റെ ഇരകള്‍ മാത്രമാണ് മുസ്ലിങ്ങള്‍. പക്ഷേ, ആ ഭയം പല ബുദ്ധിജീവികള്‍ക്കുമുണ്ട്, എന്നാല്‍ തുറന്നു പറഞ്ഞാല്‍ തങ്ങളുടെ തലകൊയ്യപ്പെട്ടേക്കാം അല്ലെങ്കില്‍ കൈകള്‍ എതിര്‍ദിശയില്‍ വെട്ടപ്പെട്ടേക്കാം എന്നവര്‍ യുക്തിഭദ്രമായി ഭയക്കുന്നു – ഇതിനെ ഇസ്ലാമോഫ്രൈറ്റ് എന്ന് വിളിക്കാം. കേരളത്തില്‍ അതുകൊണ്ട് തന്നെ ഹിന്ദുയിസം അല്ലെങ്കില്‍ ബ്രാഹ്‌മണിക്കല്‍ ഹെജമണി എന്ന ആര്‍ക്കും എളുപ്പത്തില്‍ ഇടിച്ചു തോല്പിക്കാവുന്ന, അനേക നവോത്ഥാനശ്രമങ്ങള്‍ക്ക് വിധേയമായ മതമാണ് ഇവരുടെ പ്രധാന പഞ്ച് ബാഗ്.)

ഇനി അടുത്ത ഉദാഹരണത്തിലേക്ക് കടക്കാം; (2) മുഹമ്മദ് എന്ന ഒരാള്‍ പറയുന്നു; “നിങ്ങള്‍ എന്നില്‍ വിശ്വസിക്കുകയാണെങ്കില്‍ മാംസം തിന്നരുത്, പ്രോട്ടീന്‍ മറ്റു രീതിയില്‍ കണ്ടെത്തുക. നിങ്ങള്‍ നമ്മുടെ സമൂഹത്തിന് പുറത്തു പോയി കല്യാണവും കഴിക്കരുത്. നമ്മള്‍ അഹിംസാവിരുദ്ധരായ, ധാര്‍മ്മികമായി ഒരല്‍പം മുന്‍തട്ടില്‍ നില്‍ക്കുന്ന ഒരു കൂട്ടരായി മാറണം. Founder effect തടയാനായി കൃത്രിമബീജസങ്കലനങ്ങളൊക്കെ ഉപാധികളോടെ നടത്താം. നമുക്ക് പുറമെ നിന്ന് വേറെ ആരെയും കൂടെ കൂട്ടേണ്ട. അവര്‍ വേണമെങ്കില്‍ നമ്മുടെ മാര്‍ഗം അനുവര്‍ത്തിച്ച് അഹിംസാവിരുദ്ധരാകട്ടെ, പക്ഷെ നമുക്ക് ഒരു ചെറിയ മലയാളികളായ തറവാട്ടുകൂട്ടരായി, ഒരു കുഞ്ഞുസമൂഹമായി ജീവിച്ചാല്‍ മതി. ഇങ്ങനെയൊക്കെയാണെങ്കില്‍പ്പോലും, നമ്മുടെ ഈ നവമൊഹമ്മദിയന്‍ സമൂഹത്തേ എതിര്‍ക്കുന്ന ഏതെങ്കിലും അംഗം നമുക്കിടയിലുണ്ടെങ്കില്‍, അവന്/അവള്‍ക്ക് പുറത്തു കടക്കുകയുമാകാം. പക്ഷെ, നമ്മുടെ ഒരംഗമായിരിക്കുമ്പോള്‍ നമ്മുടെ നാട്ടുകൂട്ടം വിധിക്കുന്ന ഉപാധികളല്ലാതെ സവിശേഷ അധികാരം ആഗ്രഹിക്കരുത്.”

ഈ രണ്ട് കൂട്ടരെയും എടുത്ത് നോക്കിയാല്‍ ആദ്യത്തെ ശ്രീരാമനിസ്റ്റുകള്‍ വൈവിധ്യത്തെ അംഗീകരിക്കുന്നു. അവിടെ നിങ്ങള്‍ക്ക് അമേരിക്കക്കാരനോ അരമായക്കാരനോ ആകാം, കറുത്തവനോ തവിട്ടുതൊലിക്കാരനോ ആകാം – പക്ഷേ ശ്രീരാമവിരുദ്ധത പറഞ്ഞാല്‍ നിങ്ങള്‍ ക്രൂരപീഢനങ്ങള്‍ നേരിടും, കൊല്ലപ്പെടാം, തടവറയിലാകാം. എന്നാല്‍ രണ്ടാമത്തേതില്‍ നിങ്ങള്‍ ഒരു closely knit കുഞ്ഞുസമൂഹമാണ്. അവിടെ നിങ്ങള്‍ക്ക് മാംസം തിന്നാനാകില്ല, പക്ഷെ തിന്നണമെങ്കില്‍ ചെറിയ cluase ഒക്കെ ഉണ്ട്. നിങ്ങള്‍ മലയാളികള്‍ മാത്രമാണ്. പുറത്തുള്ളവരെ കല്യാണം കഴിക്കാനാകില്ല. നിങ്ങളെ ആര്‍ക്കും പിന്തുണക്കാം, വിമര്‍ശിക്കാം, പക്ഷെ വിമര്‍ശിച്ചത് കൊണ്ട് നിങ്ങളെ ആരും ശ്രീരാമനിസ്റ്റുകളെപ്പോലെ പീഢിപ്പിക്കില്ല. നിങ്ങള്‍ അത്രത്തോളം ഇന്‍ക്ലൂസീവ് അല്ല, പക്ഷെ നിങ്ങള്‍ക്ക് വിശ്വാസപരമായി മറ്റ് സാദ്ധ്യതകള്‍ ഉണ്ട്. നിങ്ങള്‍ ഈ നവമൊഹമ്മദിനസത്തിന്റെ ഭാഗമായാലേ ഈ നിബന്ധനകളൊക്കെ ബാധകമാകൂ. പക്ഷേ, എപ്പോഴും നിങ്ങള്‍ക്ക് അവയില്‍ നിന്നും പുറത്തുകടക്കുകയുമാകാം. You can always exit.

Inclusiveness എന്തോ മഹത്തരമായ കാര്യമാണോ?

ഇവിടെയാണ് ചോദ്യം പ്രസക്തമാകുന്നത്. Inclusiveness എന്തോ മഹത്തരമായ കാര്യമാണോ? സയന്‍സിന്റെ കണ്ണിലൂടെ നോക്കിയാല്‍ founder effectനെ തടയാം. അഷ്‌കെന്‍സായി ജൂതര്‍ക്കിടയിലൊക്കെ എന്‍ഡോഗമി കൊണ്ട് കുള്ളന്മാരൊക്കെ കൂടുതലായി ജനിക്കപ്പെടുന്നുണ്ട്, സമാനമായി ഇന്ത്യയിലും ജാതീയത കൊണ്ട് അനേകം രോഗങ്ങളുണ്ട്. പക്ഷേ, ശാസ്ത്രീയത കൊണ്ട് മാത്രം ഒരു കാര്യം സാമൂഹികമായി ശരിയാകണമെന്നുണ്ടോ? സ്ത്രീപീഢനത്തിനു ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടാകാം, പക്ഷേ സാമൂഹികമായി അത് ശരിയാകില്ല. അതുപോലെ സാമൂഹികശരികള്‍ ശാസ്ത്രീയമായും ശരിയാകണമെന്നില്ല. Inclusive ആകാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവയെ എതിര്‍ക്കാമെന്നതിലപ്പുറം, നിങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ക്ക് യാതൊരു സാധ്യതയുമില്ലാത്ത ശ്രീരാമനിസ്റ്റുകളുടേതു പോലുള്ള inclusiveness-നേക്കാള്‍ നല്ലതല്ലേ രണ്ടാമത്തെ സാധ്യത?

ചുരുക്കിപ്പറഞ്ഞാല്‍, ഒരു ബ്രാഹ്‌മണന് താനെന്തോ വിശിഷ്ഠ വ്യക്തിയെന്നോ തന്റെ സമൂഹം മെച്ചപ്പെട്ടതെന്നോ കരുതുന്നതില്‍ പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ല, പക്ഷെ അതുകൊണ്ട് സാമൂഹികമായി മറ്റുള്ളവരുടെ പൗരാവകാശങ്ങളെ ഹനിക്കുമ്പോഴേ അത് ഒരു പ്രശ്‌നമാകുന്നുള്ളൂ. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് മറ്റൊരാളേക്കാള്‍ ബുദ്ധിയുണ്ടെന്ന് കരുതാം, അത് ശരിയുമായിരിക്കാം. പക്ഷേ അത്തരം കരുതലുകള്‍ മുന്‍നിര്‍ത്തി മറ്റേ ആളെ പൊതുവിടങ്ങളില്‍ തുല്യയായി കാണാതിരിക്കരുത്. ഇനി ഇതേ വ്യക്തിയ്ക്ക് താനെന്തോ മറ്റുള്ളവരെക്കാള്‍ ധാര്‍മികമായി ഉന്നതമൂല്യങ്ങള്‍ പുലര്‍ത്തുന്ന (holier than thou) വിശിഷ്ഠനായി സ്വയം കരുതാം (നേരത്തെ മുഹമ്മദ് പറഞ്ഞത് പോലെ). പക്ഷേ, അത്തരം തോന്നലുകള്‍ മുന്‍നിറുത്തി അയാള്‍ക്ക് ഒരു പൊതുവിടത്തില്‍ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമില്ല. അതായത് നിങ്ങള്‍ ബ്രാഹ്‌മണനോ ദളിതനോ ഉമ്മത്തിന്‍ കൂട്ടരോ ആരുമായിക്കൊള്ളട്ടെ, അതൊക്കെ മാനസിക തലങ്ങളായിരിക്കുന്നിടത്തോളം കാലം ആളുകള്‍ക്ക് അതില്‍ പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ല. ഒരാളുടെ മനോവ്യാപാരങ്ങള്‍ മുന്‍നിര്‍ത്തി പൊതുവ്യവഹാരം നടത്താനാകില്ല. നിങ്ങള്‍ മാനസികമായി ജാതിവാദിയോ, പുരോഗമനക്കാരനോ, മിയ ഖലീഫയുടെ ആരാധകനോ ആകൂ – പക്ഷെ പൊതുരംഗത്തേക്ക് അവയെ മുന്‍നിര്‍ത്തി വ്യവഹാരം രൂപീകരിക്കാനാകില്ല. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ജാതി/പുരോഗമനം/മിയഖലീഫ/ജോണിസിന്‍സ്/പീഡോഫീലിയ/ദേശീയത/മൗദൂദിസം എന്നിവ മനസ്സിലുണ്ട് എന്നതു വെച്ചല്ല, നിങ്ങള്‍ പ്രവര്‍ത്തിയില്‍ എന്ത് കാണിക്കുന്നു എന്നത് മുന്‍നിര്‍ത്തിയാണ് പൊതുവ്യവഹാരം ഉണ്ടാകേണ്ടത്.

യുക്തിവാദി എന്ന് അടയാളപ്പെടുത്തുന്ന, ബ്രാഹ്‌മണസമുദായത്തില്‍ ജനിച്ചുവെന്ന് ഇടയ്ക്കിടെ പറയുന്ന ഒരു ഫെയിസ്ബുക് സുഹൃത്ത് ഒരിക്കല്‍ ഒരനുഭവം പങ്കുവെച്ചു. പുള്ളിയുടെ ചെറുപ്പത്തില്‍ സ്‌കൂളില്‍ എന്തൊക്കെയോ ജാതിപരമായി പ്രിവിലേജുകള്‍ കിട്ടിയിരുന്നുവത്രെ. ഈ കുട്ടിബ്രാഹ്‌മണനെ ആളുകള്‍ ജാതിയില്‍ മുന്തിയ ആളായി കണ്ടു, കൂടാതെ സസ്യാഹാരം മാത്രം കൊടുത്തു. വാസ്തവത്തില്‍ ഈ inferiority അവരുടെ കാഴ്ചപ്പാടാണ്/വിവരമില്ലായ്മയാണ്, മനോഗതിയുടെ പ്രശ്‌നമാണ്. ഇപ്പോഴും സസ്യാഹാരം മാത്രം കൊടുത്തത് വഴി വേണ്ട പ്രോട്ടീന്‍ അടക്കം കിട്ടാതെ പോയത് ആ പാവം കുട്ടിയ്ക്കാണ്.

ഇവിടെയാണ് നേരത്തെ പറഞ്ഞ inclusiveness കൈവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു സമൂഹവും മെച്ചപ്പെട്ടതാകുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ക്ക് വ്യക്തിസ്വാതന്ത്ര്യം, സ്ത്രീപുരുഷ അവസരസമത്വം, ലൈംഗികപരമായ സ്വാതന്ത്ര്യം, ജനാധിപത്യപരമായ ഭരണക്രമം, ശാസ്ത്രസാങ്കേതികവിദ്യകള്‍ വഴിയുള്ള പുരോഗതി, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയൊക്കെ ഉറപ്പു നല്‍കുന്ന ഒരു exclusive സമൂഹം, ആ സമൂഹത്തില്‍ നിന്ന് പുറത്തു പോകാനുള്ള അവസരം കൂടി തരുന്നുണ്ടെങ്കില്‍, അവര്‍ exclusive ആണ് എന്ന ഒറ്റക്കാരണം കൊണ്ട് അവര്‍ ഇതൊന്നും നല്‍കാത്ത ഒരു inclusive കൂട്ടത്തെക്കാളധികം മോശപ്പെട്ടവരാകുന്നില്ല.

ജിന്നില്‍ വിശ്വസിക്കാത്തതടക്കം ദൈവനിന്ദയായ ഇസ്ലാം മതത്തില്‍ പിറന്ന ഒരാള്‍ മതം വിട്ടാല്‍ വധശിക്ഷ നേരിടേണ്ടി വരുന്ന മതനിയമങ്ങള്‍ ഇന്ന് ഇസ്ലാമികലോകം മെല്ലെ കൈവെടിയാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പാകിസ്ഥാനിലടക്കം അവയ്ക്ക് ഇപ്പോഴും പ്രാബല്യമുണ്ട് എന്ന വസ്തുത പ്രത്യേകിച്ചും ഓര്‍ക്കേണ്ടതാണ്. (“അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. എന്നാല്‍, അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതിന്റെ മുമ്പായി പശ്ചാത്തപിച്ച് മടങ്ങിയവര്‍ ഇതില്‍ നിന്നൊഴിവാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.” ഖുര്‍ആന്‍ , സൂറ 5, ആയത്ത് 33 & 34).

മാലിദ്വീപും ഇറാനും നല്‍കുന്ന പാഠങ്ങള്‍

ഉദാഹരണത്തിന് മാലിദ്വീപില്‍ 100 ശതമാനം സുന്നി മുസ്ലിങ്ങളാണുള്ളത്. നിങ്ങള്‍ സുന്നി മതത്തില്‍ നിന്ന് പുറത്തു പോയാല്‍ കൊല്ലപ്പെട്ടേക്കാം. ദ്വീപരാഷ്ട്രത്തിന്റെ അഖണ്ഡതയെ മുന്‍നിറുത്തിയും, മതപരമായ കാരണങ്ങളാലും, മാലിദ്വീപില്‍ നിങ്ങള്‍ക്ക് മതംമാറ്റം സാധ്യമല്ല, പക്ഷെ വിദേശികള്‍ക്ക് വിനോദസഞ്ചാരം നടത്തി മദിരാടം. ദ്വീപസമൂഹത്തില്‍ നിന്ന് തന്നെയുള്ള വിവാഹങ്ങളായത് കൊണ്ട് പലര്‍ക്കും തലസീമിയ രോഗമുണ്ട്. ഇനി മാലിദ്വീപ് മറ്റൊരു സമൂഹമാണെന്ന് കരുതൂ. ഒരു നവമാലിദ്വീപ്. 100 ശതമാനം സുന്നി മുസ്ലിങ്ങള്‍, മതം മാറുന്നവര്‍ക്ക് പ്രത്യേക അധികാരങ്ങളും പൗരത്വവും നഷ്ടപ്പെടുന്നു, പക്ഷെ അവര്‍ കൊല്ലപ്പെടില്ല, ജീന്‍പൂളില്‍ വൈവിധ്യം കൊണ്ടുവരാനായി പുറമെ നിന്ന് കൃത്രിമബീജസങ്കലനം നടത്തുന്നു, വിദേശികള്‍ക്ക് കുടിയേറ്റക്കാരായി പ്രവര്‍ത്തിക്കാം, മദിരാടാം, പക്ഷെ അവര്‍ക്ക് പൗരത്വം നല്‍കില്ല.

അതേസമയം ഇറാനിലേക്ക് നോക്കൂ. സുന്നികളും ഷിയാക്കളുമുണ്ട്. ജൂതന്മാര്‍ക്ക് പാര്‍ലമെന്റില്‍ പോലും സ്ഥിരമായ സംവരണസ്ഥാനമുണ്ട്. പക്ഷേ, മതംമാറ്റം നടത്തിയാല്‍ നിങ്ങള്‍ കൊല്ലപ്പെടാം. നേരത്തെപ്പറഞ്ഞ മാലിദ്വീപ് പോലുള്ള ഒരു നവീന exclusive രാജ്യത്തെക്കാളും മോശമാണ് ഇറാനെപ്പോലുള്ള inclusive രാജ്യങ്ങള്‍. ഇന്ത്യയെപ്പോലുള്ള inclusive ആയ രാഷ്ട്രങ്ങളേക്കാളും പുരോഗമനസൂചികകളില്‍ മുന്നിട്ട് നില്‍ക്കുന്നത്, അത്രത്തോളം വൈവിധ്യമില്ലാത്ത ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളാണ്, അവിടെ വിവിധ മതചിഹ്നങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അനുവദിക്കില്ലെങ്കില്‍ കൂടിയും. എന്നാല്‍ തട്ടവും കൊന്തയും രാഖിയുമിട്ട് നടക്കുന്ന ഇന്ത്യയേക്കാളും മെച്ചം മതപരമായ, വളരെ exclusive ആയ പോളണ്ടായത് കൊണ്ടാണ് ആളുകള്‍ അങ്ങോട്ടേക്ക് കുടിയേറുന്നത്.

വാസ്തവത്തില്‍ എല്ലാ മതങ്ങളും ജാതികളും ഇടകലരുന്നത് ശാസ്ത്രീയമായി, ജനിതകപരമായി നല്ലതാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ശാസ്ത്രീയമായി മാത്രമേ മനുഷ്യസമൂഹം പോകാവൂ എന്ന വാദം അപകടകരമാണ്. ആളുകള്‍ ഇടകലര്‍ന്ന ഇടങ്ങള്‍ മാത്രമേ പുരോഗമനപരമാകുന്നുള്ളൂ എന്ന ഉട്ടോപ്യന്‍ തുരുത്തിലേക്ക് അണയുന്നത് നല്ലതാണ്, പക്ഷെ നിലവില്‍ അങ്ങയെയൊരു ലോകത്തല്ല നാം ഉള്ളതെന്നിരിക്കെ, അവിടങ്ങളില്‍ എത്രത്തോളം പുരോഗമനമൂല്യങ്ങള്‍ പുലരുന്നു എന്നു നോക്കുന്നതാണ് മെച്ചം. അതുകൊണ്ട് തന്നെ എല്ലാ മതക്കാരെയും ആശ്ലേഷിച്ച് അല്ലാഹുവില്‍ വിശ്വസിപ്പിച്ച് അവരിലെ സ്ത്രീകളെ അടിച്ചമര്‍ത്തി, ഹോമോഫോബുകളാക്കി നടക്കുന്ന ഇസ്ലാമികരാഷ്ട്രങ്ങളുടെ അന്യവല്‍ക്കരണത്തെക്കാളും ഉപാധികളുള്ള inclusiveness (you got no right to be an apostate)നേക്കാളും മെച്ചമാണ് , അറബ് സ്ത്രീകള്‍ക്കടക്കം വോട്ടവകാശവും വണ്ടിയോടിക്കാന്‍ സ്വാതന്ത്ര്യവും, നിരീശ്വരവാദവും ലൈംഗികസ്വാതന്ത്ര്യവുമൊക്കെ കളിയാടുന്ന ഇസ്രായേല്‍ എന്ന exclusive രാഷ്ട്രം.

ബ്രാഹ്‌മണനും ദളിതനുമൊക്കെ ജാതിബോധത്തിനപ്പുറം മനുഷ്യനാകുന്നത്, അല്ലെങ്കില്‍ ആകേണ്ടത് പുരോഗമനപരമായ കാര്യമാണ്. ഇനി അങ്ങനെ ആകാത്തിടങ്ങളൊക്കെ പൂര്‍ണമായും മോശപ്പെട്ട നാടുകളുമാകുന്നില്ല. Inclusive ഏന്ന ഒറ്റ ഘടകം കൊണ്ട് അവയെ വിലയിരുത്തുന്നത് ലളിതവല്‍ക്കരണമാണ്. നിങ്ങള്‍ ബ്രാഹ്‌മണനോ ദളിതനോ ഒക്കെ ആയി exclusive ആയി ജീവിക്കുകയാണെങ്കിലും നിങ്ങളുടെ സ്ത്രീകള്‍, നിങ്ങളിലെ മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരെ നന്നായി സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണെങ്കില്‍, പരമപ്രധാനമായി അവര്‍ക്ക് നിങ്ങളെ വിട്ട് പോകാന്‍ അധികാരമുണ്ടെങ്കില്‍, നിങ്ങളുടെ മനോഗതി എന്തായാല്‍ത്തന്നെയും ഇടകലര്‍ന്ന് ജീവിക്കുന്ന എന്നാല്‍ സ്വാതന്ത്ര്യം കുറവുള്ള, പുറത്തു കടക്കാന്‍ അനുവാദമില്ലാത്ത അനേകം inclusive കൂട്ടങ്ങളെക്കാളും നിങ്ങള്‍ മെച്ചമാണ്.

ഇക്കാരണം കൊണ്ട് നാനാജാതിമതക്കാര്‍ ഒന്നിച്ച് താമസിക്കുന്ന, എന്നാല്‍ പുറത്തു പോയാല്‍ കുലംകുത്തിയായി കൊല്ലപ്പെട്ടേക്കാവുന്ന ഒരു പാര്‍ട്ടിഗ്രാമത്തെക്കാളും, അതിന് സ്വാതന്ത്ര്യമുള്ള ഒരു ക്രിസ്ത്യന്‍ മലയോരഗ്രാമം ആയിരിക്കും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലിബറല്‍ തുലാസില്‍ താണിരിക്കുന്നതെന്ന് നിസ്സംശയം പറയാം. അവിടെ ആളുകള്‍ ഒരേ വിശ്വാസസംഹിത പിന്തുടരുന്നുവെങ്കിലും. കുലനിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഭ്രഷ്ട്ട് കല്പിക്കപ്പെടുന്നത് അമ്പത്താറോ അറുപതോ വെട്ടു കിട്ടുന്നതിനെയും ഹുദൂദ് നിയമങ്ങള്‍ ചാര്‍ത്തി ശിക്ഷിക്കപ്പെടുന്നതിനെയുംകാള്‍ ഭേദമാകുന്നത് അതുകൊണ്ടാണ്.

വൈവിധ്യം ഭംഗിയാണ്, പക്ഷെ പുറത്തു കടക്കാനടക്കമുള്ള സ്വാതന്ത്ര്യമില്ലാത്ത വൈവിധ്യത്തെക്കാളും ഭംഗി സ്വാതന്ത്ര്യമുള്ള ഏകതയ്ക്കാണ്.

(The amalgamation of diverse religions and castes UNDENIABLY holds genetic advantages. However, propagating the idea that human progress solely hinges on scientific rights can be perilous. Abandoning the utopian notion that only societies with complete integration are progressive, it is imperative to assess the extent to which progressive values are flourishing in a given environment. This is why the exclusive nature of Israel, granting rights such as voting, freedom of movement, atheism, and sexual freedom to Arab and Jewish women, surpasses the alienation and purported inclusiveness prevalent in Islamic countries that for name sake embrace all religions while oppressing women,stifling diverse perspectives and punishing apostates. The essence of being ‘human’ transcends caste distinctions, and in societies where this distinction is not rigorously upheld, the nation does not inherently become wholly detrimental. Evaluating a country solely on the criterion of inclusiveness oversimplifies the complexity of its character. Consider a scenario where individuals coexist exclusively based on their caste, yet women and other minorities among them enjoy significant freedom and anyone has right to exit. Such a society, despite its apparent exclusivity, FARES BETTER than many inclusive groups where, regardless of their diverse backgrounds, individuals experience limited freedom and no exit policy exists.)