നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു


ജൈവികപുരുഷനും (biological man) ജൈവികസ്ത്രീയ്ക്കും (biological woman) മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാവൂ എന്ന വാദം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്. സങ്കുചിതവും മതാത്മകവുമായ ഒരു സങ്കല്‍പ്പമാണിത്. സമാന ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള രതി സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. ആ നിലയ്ക്ക് അത്തരം വിവാഹങ്ങളും നിയമാനുസാരി ആക്കേണ്ടതുണ്ട്. സന്താനരഹിത വിവാഹങ്ങളും ദത്തെടുക്കലും സാധാരണമായ ഒരു സമൂഹത്തില്‍ അത്തരം അവകാശങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി നിഷേധിക്കുന്നത് ഒരിക്കലും സ്വീകരിക്കാനാവില്ല.
പ്രാകൃതം വികൃതം

സമാന ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള വിവാഹബന്ധം (same sex marriage) സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും വ്യക്തി-സാമൂഹിക നിയമങ്ങളെ അട്ടിമറിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നു (https://www.thehindu.com/news/cities/Delhi/same-sex-marriages-will-cause-havoc-central-govt-tells-hc/article33936176.ece). നിലവിലുള്ള നിയമം-മൂല്യം-സംസ്‌ക്കാരം.. തുടങ്ങിയവയിലൊന്നും മാറ്റം വരുത്തേണ്ടതില്ല, വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല. അയിത്തവും അടിമത്വവും സതിയും രാജവാഴ്ചയുമൊക്കെ ചുരണ്ടിക്കളഞ്ഞ മലിനമൂല്യങ്ങളില്‍ ചിലവ മാത്രം.

സമാനലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള ലൈംഗിക-വൈവാഹിക ബന്ധങ്ങള്‍ പലപ്പോഴും എതിര്‍ക്കപെടുന്നത് അത് ‘പ്രകൃതിവിരുദ്ധം’ ആണെന്ന വാദം ഉന്നയിച്ചാണ്. പ്രകൃതിവിരുദ്ധം മോശം-പ്രകൃതിപരം നല്ലത് എന്നൊരു അന്ധവിശ്വാസത്തിന് പിന്തിരിപ്പന്‍ സമൂഹങ്ങളില്‍ വല്ലാത്ത സ്വീകാര്യതയുണ്ടാവും. എന്താണ് ശരിക്കും പ്രകൃതിപരം? പ്രകൃതിപരമായവയെ ‘പ്രാകൃതം’(primitive) എന്നാണ് ആധുനിക മനുഷ്യന്‍ ഭാഷാപരമായി വിശേഷിപ്പിക്കുന്നത്. പ്രകൃതമായതെന്തും മോശമാണെന്നോ പ്രാകൃതമായതുകൊണ്ട് മാത്രം ഒരു കാര്യം നല്ലതാണെന്നോ വാദിക്കാനാവില്ല. ആധുനികമനുഷ്യന്റെ പരിഷ്‌കൃത മൂല്യബോധത്തിനും നാഗരികതയ്ക്കും അനുയോജ്യമാണോ എന്നാണ് പരിശോധിക്കപെടേണ്ടത്. പ്രകൃതിപരമായ പലതും ആധുനിക മനുഷ്യന്റെ പരിഷ്‌കൃത മൂല്യബോധത്തിന് (cultured morality) ഉള്‍കൊള്ളാനാവില്ല. മോഷണവും നിഷിദ്ധബന്ധങ്ങളും റേപ്പും പ്രകൃതിപരമാണ്. എന്നാല്‍ ആധുനിക നാഗരികത അടിമുടി പ്രകൃതിവിരുദ്ധമാണ് – കൃഷി മുതല്‍ പാര്‍പ്പിടംവരെ, വസ്ത്രം മുതല്‍ സൗന്ദര്യചികിത്സവരെ, ജനാധിപത്യം മുതല്‍ വാക്‌സിനേഷന്‍ വരെ… പ്രാകൃതം പലപ്പോഴും വികൃതമാകുന്നു.

പ്രകൃതിയില്‍ സമാനലിംഗ ലൈംഗികതയും ദ്വിലിംഗ ലൈംഗികതയും (https://en.wikipedia.org/wiki/Homosexual_behavior_in_animals) അസാധാരണമല്ല. ഏകലിംഗ പ്രത്യുത്പാദനം (uni-sexual reproduction), ജീവികളിലും സസ്യങ്ങളിലും സംഭവിക്കുന്നുണ്ട്. സമാനലിംഗവിവാഹം അനുവദിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് വിവാഹം സന്താനോത്പാദനത്തിന് വേണ്ടിയുള്ള സാമൂഹിക ആചാരമാണെന്ന വാദമാണ്. ജൈവികപുരുഷനും (biological man) ജൈവികസ്ത്രീയ്ക്കും (biological woman) മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാവൂ എന്ന വാദം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്. സങ്കുചിതവും മതാത്മകവുമായ ഒരു സങ്കല്‍പ്പമാണിത്. സമാന ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള രതി സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. ആ നിലയ്ക്ക് അത്തരം വിവാഹങ്ങളും നിയമാനുസാരി ആക്കേണ്ടതുണ്ട്. സന്താനരഹിത വിവാഹങ്ങളും ദത്തെടുക്കലും സാധാരണമായ ഒരു സമൂഹത്തില്‍ അത്തരം അവകാശങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി നിഷേധിക്കുന്നത് ഒരിക്കലും സ്വീകരിക്കാനാവില്ല.

ജീവികള്‍ ‘പൊതുവെ’ സ്വന്തം വര്‍ഗ്ഗത്തിലെ അംഗങ്ങളുമായാണ് ലൈംഗികമായി ബന്ധപെടുന്നത്. അതേസമയം വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ലൈംഗികബന്ധങ്ങളും തത്ഫലമായുണ്ടാകുന്ന പ്രത്യുത്പാദനങ്ങളും പ്രകൃതിപരമാണ്. ജീവി സ്വയം ലൈംഗികമായി ഉത്തേജിപ്പിക്കുന്നതും (masturbate) സാര്‍വത്രികമായ കാര്യമാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വവര്‍ഗ്ഗം എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എന്നാണര്‍ത്ഥം. ആണും പെണ്ണും വ്യത്യസ്ത സ്പീഷിസുകളോ വര്‍ഗ്ഗങ്ങളോ അല്ല. ‘സ്വവര്‍ഗ്ഗ ലൈംഗികത’എന്ന വാക്ക് ഭാഷാപരമായ ഒരു സൗകര്യമെന്ന നിലയില്‍ മാത്രം സ്വീകരിക്കപെടുന്ന ഒന്നാണ്. ഹൃദയംഗമായ നന്ദി എന്നൊക്കെ പറയുന്നതുപോലെ ഒരു തെറ്റ് ഭാഷാപരമായി സ്വീകരിച്ച് മുന്നോട്ടുപോകുന്നു എന്നുമാത്രം. സമാനലിംഗ/സ്വലിംഗ ലൈംഗികത എന്ന വാക്കാണ് ശരിയായ അര്‍ത്ഥം നല്‍കുന്നത്.

ഏതൊരാള്‍ക്കും, നിഷിദ്ധ ബന്ധങ്ങളൊഴികെ, താല്പര്യമുള്ള ലൈംഗികത ആസ്വദിക്കാനും വൈവാഹിക തിരഞ്ഞെടുപ്പുകള്‍ നടത്താനും അവകാശമുണ്ടായിരിക്കണം. പങ്കാളിയുടെ താല്പര്യം നോക്കാതെയുള്ള ബലപ്രയോഗങ്ങളും ബന്ധങ്ങളും മാത്രം കുറ്റകരമായി കണ്ടാല്‍ മതിയാകും. അവസരസമത്വവും ലിംഗസമത്വവും ഇന്ത്യന്‍ ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന അവകാശങ്ങളാണ്. സമാനലിംഗത്തില്‍ പെട്ടവര്‍ വിവാഹിതരായി ഒന്നിച്ചു ജീവിക്കുന്നത് പ്രകൃതിവിരുദ്ധവും സാംസ്‌ക്കാരിക വിരുദ്ധവുമാണെന്ന് വിധിയെഴുതുന്നത് ഭൂരിപക്ഷ ഭീകരതയാണ്. ഞങ്ങള്‍ എണ്ണത്തില്‍ കൂടുതലാണ്-അതുകൊണ്ട് നിങ്ങള്‍ അനുസരിക്കണം എന്ന ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് അവകാശവാദമാണത്. രാഷ്ട്രീയമാകട്ടെ, മതമാകട്ടെ, സംസ്‌കാരമാകട്ടെ, ഭൂരിപക്ഷത്തിന് ഹിതകരമായത് മാത്രം നിയമമാക്കണം എന്ന വാശി എതിര്‍ക്കപ്പെടേണ്ടതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം പിന്തിരിപ്പന്‍ നിലപാടുകളെ സുപ്രിംകോടതി നിരാകരിക്കും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ ചെയ്യാന്‍ രാജ്യത്തെ ഭരണഘടന കോടതികളോട് ആവശ്യപെടുന്നുണ്ട്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *