അജൈവ ലോകത്തും പരിണാമ സിദ്ധാന്തം പ്രബലമാണ്; ടെഡ്ഡിപാവകളുടെ പരിണാമം നോക്കുക; ഡോ. മനോജ്‌ബ്രൈറ്റ് എഴുതുന്നു


‘ആദ്യകാല ടെഡ്ഡികള്‍ക്ക് കൂടുതല്‍ സാമ്യം യഥാര്‍ത്ഥ കരടികളോടായിരുന്നു. പിന്നെ പിന്നെ പതുക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കണ്ണുകള്‍ വലുതായി. നെറ്റി ഉയര്‍ന്നു. മുഖം പരന്നു. അഥവാ ഈ ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉള്‍പെടുത്തിയ ഡിസൈനുകള്‍ക്ക് കൂടുതല്‍ വില്‍പ്പനയുണ്ടായി. ഡാര്‍വിന്റെ ‘descent with modification’ ന് അജൈവലോകത്തുനിന്ന് ഒരു ഉദാഹരണം. ആധുനിക ടെഡ്ഡികളുടെ അളവുകള്‍ക്ക് ഒരു കരടിയുടേതിനേക്കാള്‍ സാമ്യം ഒരു മനുഷ്യ ശിശുവിനോടാണ്. ഒരു ആദ്യകാല ടെഡ്ഡിയുടെയും ടെഡ്ഡിയുടെ നൂറാം വാര്‍ഷികത്തില്‍ 2002 ല്‍ ഇറങ്ങിയ ഒരു ടെഡ്ഡിയുടേയും ചിത്രം നോക്കിയാല്‍ കൂടുതല്‍ വ്യക്തമാകും. അജൈവ ലോകത്തിലും ഡാര്‍വിന്റെ തത്വം പ്രബലമാണ് എന്നതിന്റെ തെളിവുകൂടിയാണ് ഇത്’- ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു
ടെഡ്ഡി പാവകളുടെ പരിണാമം

ടെഡ്ഡി ബെയര്‍ എന്ന ടെഡ്ഡി കരടിയുടെ പരിണാമമാണ് ഇവിടെ വിഷയം. ബയോളജിയിലെ പരിണാമവും ഈ പാവയുമായി എന്ത് ബന്ധം എന്ന് ചോദിയ്ക്കാന്‍ വരട്ടെ… ആദ്യം അല്പം ടെഡ്ഡി ബെയര്‍ ചരിത്രം.

കഥ തുടങ്ങുന്നത് 1902 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ തിയഡോര്‍ (ടെഡ്ഡി) റൂസ്വെല്‍റ്റില്‍ നിന്നാണ്. മിസ്സിസിപ്പിയില്‍ ഒരു സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വേട്ടയാടാന്‍ പോവുകയും അദ്ദേഹത്തിന് ‘വേട്ടയാടാന്‍’ സൌകര്യത്തിന് ഒരു മരത്തില്‍ പിടിച്ചു കെട്ടിയിരുന്ന ഒരു കരടിയെ വെടിവയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു എന്നുമാണ് കഥ. റൂസ്വെല്‍റ്റിന്റെ ഈ മാന്യമായ പെരുമാറ്റം പിറ്റേന്നത്തെ പത്രത്തില്‍ വലിയ വാര്‍ത്തയായും Clifford Barryman എന്ന പ്രശസ്ത പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണായും പ്രത്യക്ഷപ്പെട്ടു. സംഭവം അങ്ങിനെ വന്‍ ചര്‍ച്ചാവിഷയമായി. ഇതേ സമയം Morris Michtom എന്ന ഒരു കടക്കാരനും അദ്ദേഹത്തിന്റെ ഭാര്യ റോസും ബാരിമാന്‍ കാര്‍ട്ടൂണിന്റെ അടിസ്ഥാനത്തില്‍ കരടിയുടെ തുണിപ്പാവകള്‍ ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങുന്നു.(അമേരിക്കക്കാരന്‍ എവിടെയും ഒരു ബിസിനസ്സ് സാധ്യത കാണും.) വളരെ വാര്‍ത്താപ്രാധാന്യം നേടിയ റൂസ്വെല്‍റ്റ് സംഭവം നല്ലൊരു ബിസിനസ്സാക്കാന്‍ അവര്‍ റൂസ്വെല്‍റ്റിന്റെ അനുവാദത്തോടെ പാവകള്‍ക്ക് Teddy’s bear എന്ന് നാമകരണം ചെയ്യുന്നു. ബിസിനസ്സ് പച്ചപിടിക്കുന്നു.

ഇനി കഥ ജര്‍മനിയിലേക്ക്. അവിടെ സ്റ്റെയ്ഫ് എന്നൊരു കമ്പനിക്ക് അവരുടെ വലിയ വില്‍പ്പന യൊന്നുമില്ലാതിരുന്ന കരടി പാവകളെ അമേരിക്കയിലേക്ക് കയറ്റുമതിക്കുള്ള ഓര്‍ഡര്‍ കിട്ടുന്നു. അമേരിക്കയിലെ ടെഡ്ഡി ബെയര്‍ ക്രേസില്‍നിന്ന് ലാഭം കൊയ്യാനുള്ള ബിസിനസ്സുകാരന്റെ ശ്രമം. ഒറിജിനല്‍ അമേരിക്കന്‍ ടെഡ്ഡികള്‍ക്ക് കാര്‍ട്ടൂണ്‍ ലുക്കായിരുന്നെങ്കില്‍ ജര്‍മന്‍ കരടിക്ക് മൂക്കൊക്കെ നീണ്ട ഒറിജിനല്‍ കരടി രൂപമായിരുന്നു.

റൂസ്വെല്‍റ്റ് അടുത്ത തെരഞ്ഞെടുപ്പില്‍ വളരെ പ്രശസ്തമായി കഴിഞ്ഞ ‘ടെഡ്ഡിയുടെ കരടിയെ’ വിജയകരമായി ഉപയോഗിക്കുന്നു. റൂസ്വെല്‍റ്റിന്റെ മകളുടെ വിവാഹസല്‍ക്കാരത്തിലും അലങ്കാരമായി ടെഡ്ഡിയുടെ സ്റ്റെയ്ഫ് മോഡല്‍ കരടികള്‍ ഉണ്ടായിരുന്നത്രെ. ചുരുക്കത്തില്‍ അമേരിക്കയില്‍ ടെഡ്ഡി ബെയര്‍ ജ്വരം പടര്‍ന്നു പിടിക്കുന്നു. ആറു വര്‍ഷത്തിനുള്ളില്‍ ഇരുപതോളം ടെഡ്ഡി ബെയര്‍ നിര്‍മാണകമ്പനികള്‍ നിലവില്‍ വരുന്നു.

ഇനിയാണ് നമ്മുടെ പരിണാമം. നമ്മുടെ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തന്നെ. ‘Survival of the fittest’ എന്നൊക്കെ ഒരു ചെറിയ മുദ്രവാക്യ രൂപത്തില്‍ പറയുന്ന ആ സാധനം. പല കമ്പനികള്‍ ഇറക്കുന്ന പലതരം ടെഡ്ഡി കരടികള്‍ ഉണ്ടല്ലോ. ഇവയില്‍ ചില തരം ടെഡ്ഡികള്‍ കൂടുതല്‍ വില്‍ക്കപ്പെടും. ഉപഭോക്താവിന് പാവയോട് തോന്നുന്ന കൌതുകമാണ് ഇവിടെ വില്പന തീരുമാനിക്കുക. ആളുകള്‍ക്ക് കൂടുതല്‍ ഓമനത്തം തോന്നുന്ന പാവകള്‍ കൂടുതല്‍ വില്‍ക്കപ്പെടും. ‘Unfit’ ആയ ഡിസൈനുകളള്‍ പതുക്കെ ഇല്ലാതാകും. താമസിയാതെ എല്ലാ നിര്‍മ്മാതാക്കളും ബെസ്റ്റ് സെല്ലിംഗ്  പാവകളെ അനുകരിക്കാന്‍ തുടങ്ങും.

എന്നാലും എല്ലാ കമ്പനികളുടെയും പാവകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടാകും. അവരവരുടെ മാത്രമായ ചില പ്രത്യേകതകള്‍ (mutation). പെട്ടെന്ന് കീറിപ്പോകാത്ത, വേണമെങ്കില്‍ അലക്കാവുന്ന, നല്ല മാര്‍ദ്ദവമുള്ള സിന്തറ്റിക്ക് തുണികള്‍, കൂടുതല്‍ തിളക്കമുള്ള സ്ഫടികം കൊണ്ടുള്ള കണ്ണുകള്‍, അതുപോലെ ടെഡ്ഡിയുടെ നിറം – കറുപ്പ്, വെളുപ്പ്, ഇളം തവിട്ട്, ചാരനിറം അങ്ങനെ… എന്തൊക്കെയായാലും കൂടുതല്‍ വില്പനയുള്ളത് വിജയിക്കും. ഇവിടെയാണ് ഡാര്‍വിന്റെ നാച്ചുറല്‍ സെലക്ഷന്‍ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ എന്തൊക്കെ പ്രത്യേകതകളുള്ള പാവകളായിരിക്കും കൂടുതല്‍ വില്‍ക്കപ്പെടുക? അഥവാ വിജയിക്കുക? Which all designs will make the winner in this game of survival of the fittest?… or shall we say survival of the cutest? ആളുകള്‍ക്ക് കൂടുതല്‍ ചന്തം അല്ലെങ്കില്‍ ഓമനത്തം തോന്നുന്നത് ഏതുതരം പാവകളോടായിരിക്കും? അഥവാ ഈ ഓമനത്തം തീരുമാനിക്കുന്ന എന്തെങ്കിലും അടിസ്ഥാന നിയമങ്ങളുണ്ടോ?

ഒരു ശിശുവിന്റേയും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യന്റെയും ശാരീരികാനുപാതം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഒരു ശിശുവിന് വലിയ തലയും കുറിയ കൈകാലുകളും ഉണ്ടാകും. ഭ്രൂണത്തിന്റെ തലഭാഗം ആദ്യം വിവേചിക്കുകയും വളരുകയും ചെയ്യുന്നതുകൊണ്ടാണ് കുട്ടികളില്‍ വലിയ തലയും കുറിയ കൈകാലുകളും ഉണ്ടാകുന്നത്. ഉരുണ്ട നെറ്റി, വലിയ കണ്ണുകള്‍ (കണ്ണുകള്‍ ജനിക്കുമ്പോള്‍ തന്നെ ഏറെക്കുറെ പൂര്‍ണവളര്‍ച്ച എത്തിയിട്ടുണ്ടയിരിക്കും. അതുകൊണ്ടാണ് മുഖവുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് വലിയ കണ്ണുകള്‍ ) ചെറിയ മൂക്ക് (ever heard of a ‘cute button nose’?), ചെറിയ താടിയെല്ലുകള്‍ ഇവയെല്ലാം ശിശു ശരീരത്തിന്റെ ലക്ഷണങ്ങളാണ്.

ആധുനിക പെരുമാറ്റശാസ്ത്രത്തിലെ (Ethology) പ്രധാനികളിലൊരാളായ  കോണ്‍റാഡ് ലോറന്‍സ് (Nobel prize1973) ആദ്യമായി ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. ഈ ശിശു ലക്ഷണങ്ങളോട് മനുഷ്യര്‍ വളരെ സോഫ്റ്റ് ആയും സ്‌നേഹത്തോടെയും പെരുമാറുന്നു. ആ ലക്ഷണങ്ങളെ ‘helpless’, ‘cute’, ‘in need of care’, ‘non threatening’ എന്നൊക്കെയാണ് ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യ സമൂഹങ്ങളും കണക്കാക്കുന്നത്. ഒന്നാലോചിച്ചാല്‍ അതില്‍ അത്ഭുതമില്ല. ക്യൂട്ട് ആയിരിക്കുക എന്നത് ഒരു ശിശുവിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പ്രശ്നമാണ്. കാരണം മുതിര്‍ന്നവരുടെ ശ്രദ്ധ ഇല്ലാതെ ശിശുവിന് ജീവിക്കാനാകില്ല.

ഇങ്ങനെ ഓമനത്തം തിരിച്ചറിഞ്ഞു പെരുമാറാനുള്ള കഴിവ് ‘സമൂഹനിര്‍മിതി’ അല്ല എന്നും കരുതാന്‍ ന്യായങ്ങളുണ്ട്. (മറ്റു മൃഗങ്ങളിലും അവരുടെ കുട്ടികളില്‍ ഇതുപോലെ കാഴ്ചയില്‍ത്തന്നെ മുതിര്‍ന്നവരുടെ അഗ്രഷന്‍ കുറയ്ക്കുന്ന, അല്ലെങ്കില്‍ ഓമനത്തം തോന്നിപ്പിക്കുന്ന കാര്യങ്ങളുണ്ട്. ആദ്യകാല ടെഡ്ഡികള്‍ക്ക് കൂടുതല്‍ സാമ്യം യഥാര്‍ത്ഥ കരടികളോടായിരുന്നു. നീണ്ട മൂക്കും ചെറിയ കണ്ണുകളും താഴ്ന്ന നെറ്റിയുമൊക്കെയുള്ള ഒരു സാദാ കരടി. പിന്നെപിന്നെ പതുക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കണ്ണുകള്‍ വലുതായി. നെറ്റി ഉയര്‍ന്നു. മുഖം പരന്നു. അഥവാ ഈ ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉള്‍പെടുത്തിയ ഡിസൈനുകള്‍ക്ക് കൂടുതല്‍ വില്‍പ്പനയുണ്ടായി.

ഡാര്‍വിന്റെ ‘descent with modification’ നു അജൈവലോകത്തുനിന്ന് ഒരു ഉദാഹരണം. ചുരുക്കി പറഞ്ഞാല്‍ ബെയര്‍ എന്ന പേരല്ലാതെ ശരിക്കുള്ള കരടിയില്‍നിന്നു സവധാനം അകന്നു പോയി നമ്മുടെ പാവ. ആധുനിക ടെഡ്ഡികളുടെ അളവുകള്‍ക്ക് ഒരു കരടിയുടേതിനേക്കാള്‍ സാമ്യം ഒരു മനുഷ്യ ശിശുവിനോടാണ്. ഒരു ആദ്യകാല ടെഡ്ഡിയുടെയും ടെഡ്ഡിയുടെ നൂറാം വാര്‍ഷികത്തില്‍ 2002 ല്‍ ഇറങ്ങിയ ഒരു ടെഡ്ഡിയുടേയും ചിത്രം നോക്കിയാല്‍ കൂടുതല്‍ വ്യക്തമാകും.

ആ പാവകളുടെ ചുണ്ടുകള്‍ നോക്കുക. ആദ്യത്തേതില്‍ ശരിക്കുള്ള ഒരു കരടിയെപോലെ താഴേക്കു വളഞ്ഞ ചുണ്ടുകളാണുള്ളത്. പക്ഷേ ഏതൊരു കാര്‍ട്ടൂണിസ്റ്റിനും, അല്ലെങ്കില്‍ വേണ്ട നമ്മുടെ ‘സ്‌മൈലി’ ഉപയോഗിചിട്ടുള്ളവര്‍ക്കും അറിയാം, താഴേക്ക് വളഞ്ഞ ചുണ്ടുകള്‍… it makes an unhappy face. ആധുനിക പാവ ഒട്ടും ‘കരടിത്തം’ ഇല്ലെങ്കിലും ചുണ്ടുകള്‍ മുകളിലേക്ക് വളഞ്ഞ് പുഞ്ചിരിക്കുന്ന ടെഡ്ഡിയാണ്. പരന്ന മുഖം, ഇടുങ്ങിയ കഴുത്ത്, കൂടുതല്‍ താഴെക്കിറങ്ങിയ കണ്ണുകള്‍, ചെറിയ മൂക്ക്, കുറിയ കൈകാലുകള്‍ എല്ലാം ഒരു മനുഷ്യ ശിശുവിന്റേതുപോലെ തന്നെ.

കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുപക്ഷേ ഇതിന്റെ പുറകിലെ ശാസ്ത്രം അറിഞ്ഞിട്ടല്ലെങ്കിലും ഈ തത്വം അനുവര്‍ത്തിക്കാറുണ്ട്. ഹോളിവുഡ് മുതല്‍ നമ്മുടെ ടോംസിന്റെ ബോബനും മോളിയിലും ഉണ്ണിക്കുട്ടനിലും വരെ അത് കാണാം. (ഡിസ്‌നിയുടെ ചിത്രങ്ങള്‍, പിന്നെ ‘ഷ്രെക്ക്’ സിനിമകളിലെ അല്പം കോമാളിയായ ഡോങ്കിയുടെ തടിച്ചുരുണ്ട ശരീരവും ചെറിയ കൈകാലുകളും നോക്കുക. പിന്നെ ആദ്യകാല ടോം ആന്‍ഡ് ജെറി കാര്‍ട്ടൂണുകളില്‍ ഒരു സാദാ പൂച്ചയെ പോലെ നാലു കാലില്‍ നടന്നിരുന്ന ടോം ഇപ്പോള്‍ മനുഷ്യരെപോലെ രണ്ടു കാലില്‍ നടക്കുന്നതും ഉദാഹരണങ്ങള്‍. കഥാപാത്രം കൂടുതല്‍ ഓമനത്തമുള്ളതായി മാറുമ്പോള്‍ അളവുകളില്‍ കൂടുതല്‍ ‘ശിശുത്തം’ (juvenility) വരുന്നത് കാണാം.)

അജൈവ ലോകത്തിലും ഡാര്‍വിന്റെ തത്വം പ്രബലമാണ് എന്നതിന്റെ തെളിവുകൂടിയാണ് ഈ ടെഡ്ഡി പാവകളുടെ പരിണാമം. പകര്‍പ്പെടുക്കല്‍ നൂറു ശതമാനം കൃത്യതയില്ലാത്തിടത്തൊക്കെ ഡാര്‍വിന്റെ തത്വം പ്രബലമാണ്. തത്വ ചിന്തകനായ ഡാനിയല്‍ ഡെന്നെറ്റ് നാച്ചുറല്‍ സെലക്ഷനെ മാധ്യമ നിഷ്പക്ഷം (substrate neutral) എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ മൂന്നു ഉപാധികള്‍ ഉള്ളിടത്ത് പരിണാമം നടന്നിരിക്കും. (1) പകര്‍പ്പുകള്‍ ഉണ്ടെങ്കില്‍ (2) അവ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ (mutation), (3) ഈ വ്യത്യാസങ്ങള്‍ അതിജീവനത്തെ സ്വാധീനിക്കുമെങ്കില്‍ (competition).

ഒരു രസകരമായ ചോദ്യം… ഭൂമിയിലെ കാര്യങ്ങളൊന്നുമറിയാത്ത ഒരു അന്യഗ്രഹ ജീവിക്ക് ഒരു ഒറിജിനല്‍ ടെഡ്ഡിയെയും, ഇപ്പോഴത്തെ ടെഡ്ഡിയെയും കിട്ടുന്നു എന്ന് കരുതുക. അതുരണ്ടും ഒരേ പേരില്‍ അറിയപ്പെടുന്ന പാവയാണെന്ന് (teddy bear) കരുതുമോ? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രണ്ടും ഒരേ സ്പീഷീസ് ആണെന്ന് കരുതുമോ അതോ, സാമ്യമുള്ള രണ്ടു സ്പീഷീസുകള്‍ മാത്രമാണെന്ന് കരുതുമോ? ചില മത വിശ്വാസികള്‍ പരിണാമം നടക്കുന്നുണ്ട് എന്ന് സമ്മതിക്കുമെങ്കിലും അത് സ്പീഷീസ് വിട്ടു പുറത്തു പോകില്ല എന്ന് വാദിക്കാറുണ്ട്. അതായത് മൈക്രോ ഇവലൂഷന്‍ നടക്കും പക്ഷേ മാക്രോ എവലൂഷന്‍ നടക്കില്ല. ഈ സ്പീഷീസ് ഒക്കെ മനുഷ്യന്‍ സ്വന്തം സൌകര്യത്തിനു കൊടുക്കുന്നതാണെന്നും വേണ്ടത്ര സമയവും ‘സെലക്ഷന്‍ പ്രഷറും’ ഉണ്ടെങ്കില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത തരത്തില്‍ ജീവജാലങ്ങള്‍ മാറാമെന്നും, പരിണാമമെന്നാല്‍ ജീവജാലങ്ങളെ നേരത്തെ നിശ്ചയിച്ചിട്ടുള്ള കള്ളികളിലേക്ക് തള്ളിക്കയറ്റുന്നതല്ല എന്നുമാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഡാര്‍വിന്റെ  തത്വം ബയോളജിക്ക് പുറത്തുള്ള കാര്യങ്ങള്‍ പോലും വിശദീകരിക്കാന്‍ ശക്തമാണ് എന്ന് മനസ്സിലാക്കാതെ ഇപ്പോഴും അന്ധമായ പരിണാമവിരോധവുമായി നടക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍?

ഇവിടെ ടെഡ്ഡിയുടെ പരിണാമം നടക്കുന്നത് ആരുടെയെങ്കിലും നിയന്ത്രണത്തിലല്ല എന്നും ശ്രദ്ധിക്കുക. യഥാര്‍ത്ഥ ടെഡ്ഡി ഇപ്രകാരമായിരിക്കണം എന്നൊന്നും മുന്‍കൂട്ടി തീരുമാനിച്ച് ഉണ്ടാക്കിയെടുത്തതല്ല ഈ മാറ്റം. ലക്ഷകണക്കിന് ആളുകള്‍ അവര്‍ക്ക് ഭംഗി തോന്നിയ ടെഡ്ഡികളെ വാങ്ങി. അത്രമാത്രം. ഇനിയൊരു നൂറുവര്‍ഷത്തിനപ്പുറം ടെഡ്ഡി എപ്രകാരമായിരിക്കും എന്നും ആര്‍ക്കുമറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്… ഇപ്പോള്‍ കാണുന്ന ടെഡ്ഡിയേക്കാള്‍ വ്യത്യാസപ്പെട്ടിരിക്കും. പല കാലഘട്ടത്തിലെ പാവകള്‍ (ഫോസ്സിലുകള്‍) ചേര്‍ത്ത് വച്ച് നോക്കുമ്പോഴാണ് പരിണാമം നടന്നതായി മനസ്സിലാകുന്നത്. സെലക്ഷന്‍ കുരുടനാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്.

”Natural selection is the blind watchmaker, blind because it does not see ahead, does not plan consequences, has no purpose in view. Yet the living results of natural selection overwhelmingly impress us with the appearance of design as if by a master watchmaker, impress us with the illusion of design and planning.” (Richard Dawkins-The Blind Watchmaker.)


Leave a Reply

Your email address will not be published. Required fields are marked *