‘ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാവില്ല. അടുക്കളയില്‍ നിന്ന് അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും ആട്ടിയോടിച്ച ആധുനിക ശാസ്ത്രം.പുകപെറുന്ന കരിയടുപ്പിനെ വിസ്മൃതിയിലേക്ക് തള്ളി പാചകവാതവും ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനിച്ച മോഡേണ്‍ സയന്‍സ്. ആഴക്കിണറിന്റെ അന്തരാളങ്ങളില്‍ നിന്ന് വെള്ളം കോരി കിതച്ചവരുടെ കൈക്കുടന്നയില്‍ ജലസമൃദ്ധിയുമായെത്തിയ ഇലക്ട്രിക് മോട്ടോര്‍. അതുകൊണ്ടുതന്നെ ഏത് സ്ത്രീപക്ഷ സംരംഭത്തിനും നാന്ദി കുറിക്കേണ്ടത് ‘താങ്ക്‌സ് ടു സയന്‍സ്’ എന്ന് പറഞ്ഞു കൊണ്ടുതന്നെയാണ്.’- സജീവ് ആല എഴുതുന്നു
സ്ത്രീവിമോചനം സയന്‍സിലൂടെ
അടുക്കളയില്‍ നിന്ന് അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും ആട്ടിയോടിച്ച ആധുനിക ശാസ്ത്രം. പുകപെറുന്ന കരിയടുപ്പിനെ വിസ്മൃതിയിലേക്ക് തള്ളി പാചകവാതവും ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനിച്ച മോഡേണ്‍ സയന്‍സ്. ആഴക്കിണറിന്റെ അന്തരാളങ്ങളില്‍ നിന്ന് വെള്ളം കോരി കിതച്ചവരുടെ കൈക്കുടന്നയില്‍ ജലസമൃദ്ധിയുമായെത്തിയ ഇലക്ട്രിക് മോട്ടോര്‍.
ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാവില്ല. പണി ചെയ്ത് പണി ചെയ്ത് നടുവൊടിഞ്ഞ് തളര്‍ന്നു വീഴുന്ന ഒരു ജനവിഭാഗത്തിനും ധൈഷണിക വ്യാപാരങ്ങളില്‍ ഏര്‍പ്പെടാനോ സര്‍ഗാത്മക മേഖലകളില്‍ വ്യാപരിക്കാനോ കഴിയില്ല. അമേരിക്കന്‍ അടിമകളില്‍ നിന്ന് സാഹിത്യസമ്പന്നര്‍ ഉടലെടുക്കാഞ്ഞത് അവര്‍ക്ക് വിശ്രമിക്കാനുള്ള സമയം കിട്ടാത്തതിനാലായിരുന്നു.
ഇന്ത്യന്‍ ദളിതരില്‍ നിന്ന് കാളിദാസനും ഭാസനും തുഞ്ചനും കുഞ്ചനും ജനിക്കാതെ പോയത് അവര്‍ക്ക് ശ്വാസം വിടാന്‍ പോലും ഒരു നിമിഷം കിട്ടാത്തത് കൊണ്ട് മാത്രമായിരുന്നു. എല്ലുമുറിയെ പണിയെടുത്ത് പരിക്ഷീണരാകുന്ന സ്ത്രീകള്‍ നവചിന്തകളുടെ തീപ്പന്തങ്ങളായി മാറാനുള്ള സാധ്യത വളരെ കുറവാണ്.
ആദ്യകാല ഫെമിനിസ്റ്റ് വിപ്‌ളവകാരികളില്‍ മഹാഭൂരിപക്ഷവും ഉന്നതകുലജാതകളായിരുന്നു. വീട് നിറയെ വേലക്കാരും മറ്റ് സഹായികളും ഉണ്ടായിരുന്ന അവര്‍ക്ക് സ്ത്രീ-പുരുഷ സമത്വത്ത പറ്റി കൂടുതല്‍ ചിന്തിക്കാനും ആഴത്തില്‍ പഠനം നടത്താനും കഴിഞ്ഞു.
സ്‌ഫോടനാത്മകമായ ഒരു സ്ത്രീവിമോചനധാര തന്നെ പാശ്ചാത്യ ലോകത്ത് രൂപപ്പെട്ടത് ഒഴിവുസമയം ലഭ്യമായിരുന്ന വനിതകളുടെ മസ്തിഷ്‌കത്തില്‍ നിന്നാണ്. സ്ത്രീകള്‍ക്ക് സ്വന്തമായൊരു മുറി എന്ന വുര്‍ജീനിയ വൂള്‍ഫ് സംജ്ഞ സാക്ഷാത്കാരിക്കപ്പെട്ട് തുടങ്ങിയത് തന്നെ സയന്‍സിന്റെ വികാസത്തോടെയാണ്.
കമ്പോള ശക്തികളുടെ മുന്നേറ്റവും ആധുനിക ശാസ്ത്രത്തിന്റെ കുതിപ്പും സ്ത്രീശാക്തീകരണ മുവ്‌മെന്റും എല്ലാം പരസ്പര പൂരിതമാണ്. പാട്രിയാര്‍ക്കി ചങ്ങലകള്‍ പൊട്ടിച്ച് അടുക്കളഭിത്തികള്‍ തകര്‍ത്ത് കൂടുതല്‍ സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്ക് കുതിച്ചപ്പോള്‍ അവര്‍ക്ക് സ്വന്തമായി വരുമാനവും വ്യക്തിത്വവും കണ്ടെത്താനായി.
ഫ്രീമാര്‍ക്കറ്റ് വേണ്ടത്ര വികസിക്കാത്ത പ്രാകൃത സമ്പദ്ഘടന നിലനില്‍ക്കുന്ന സമൂഹങ്ങളിലും പെണ്ണിന്റെ ഖബറായ ഒരു മതത്തിന്റെ സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചില നാടുകളിലും ഒഴികെ ലിബറേഷന്‍ ഓഫ് വുമണ്‍ ഒരുപരിധിവരെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അടുക്കളയിലെ അത്യധ്വാനത്തില്‍ നിന്ന് മോചനം ലഭിച്ച് അല്പം ചിന്തിക്കാന്‍ സമയം കിട്ടിയപ്പോള്‍ പുകയിടങ്ങള്‍ക്ക് അപ്പുറമുള്ള വിശാല ഗ്യാലക്‌സികളിലേക്ക് പെണ്ണിന് കടന്നുചെല്ലാന്‍ കഴിഞ്ഞു.
വ്യവസായവിപ്‌ളവത്തിന്റെ അടിത്തറയില്‍ നിന്നാണ് യൂറോപ്യന്‍ ലിബറലിസവും ഫെമിനിസവും ശക്തി പ്രാപിച്ചത്. ഏത് സ്ത്രീപക്ഷ സംരംഭത്തിനും നാന്ദി കുറിക്കേണ്ടത് ‘താങ്ക്‌സ് ടു സയന്‍സ്’ എന്ന് പറഞ്ഞു കൊണ്ടുതന്നെയാണ്.