ഇസ്രായേൽ – ‘ഭീകര’മാക്കപ്പെട്ട കൊച്ചുരാജ്യം

Avatar

ലോകഭൂപടം എടുത്തുനോക്കിയാൽ അടയാളപ്പെടുത്താൻ പോലും കഴിയാത്തത്ര കൊച്ചുരാജ്യമാണ് ഇസ്രായേൽ. 1948 ആണ് ഔദ്യോഗികമായി ഇസ്രായേൽ ഒരു സ്വതന്ത്ര രാജ്യമായി രൂപം കൊള്ളുന്നത്. ശൈശവാവസ്ഥയിൽ തന്നെ ശത്രുക്കളാൽ വേട്ടയാടപ്പെട്ട രാജ്യം. ശത്രുക്കളിൽ നിന്ന് സ്വജനതയെ സംരക്ഷിക്കാൻ സാദാ ജാഗരൂകമാണ് ഇസ്രായേൽ. 18 വയസ്സ് കഴിഞ്ഞ ഓരോ ഇസ്രായേലി പൗരനും സ്ത്രീപുരുഷ ഭേദമന്യേ മിലിറ്ററിക്കാരാണ്. ആദ്യകാലങ്ങളിൽ യുദ്ധം ഉണ്ടാകുമ്പോൾ ഇവർ റേഡിയോ മാത്രം കേട്ടുകൊണ്ട് ഇരുട്ടിൽ കഴിയുമായിരുന്നെത്രേ. പിന്നീട് യുദ്ധങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്താൻ തുടങ്ങി. ഏതെങ്കിലും പ്രദേശങ്ങളിലേക്ക് ബോംബ് വരുന്നുണ്ടെങ്കിൽ ആ പ്രദേശത്തു സൈറൺ മുഴങ്ങും. സൈറൺ കേൾക്കുമ്പോൾ ആളുകൾ അടുത്തുള്ള ഒളിത്താവളങ്ങളിൽ ഇറങ്ങി ഇരിക്കും. കട്ടികൂടിയ കോൺക്രീറ്റും ഉരുക്കും ഉപയോഗിച്ചു ഭൂമിക്കടിയിൽ ഉണ്ടാക്കിയ ഒളിത്താവളങ്ങൾ ആണ് മിക്ലാത്. വഴിയരുകിലും വീടുകളിലും ഷോപ്പിംഗ്‌ മാളുകളിലും ബസ്‌സ്റ്റാന്റുകളിലും എന്നുവേണ്ട ജനവാസമുള്ള എല്ലായിടത്തും ഇങ്ങനെയുള്ള ഒളിത്താവളങ്ങൾ ഉണ്ട്. യുദ്ധം ഉണ്ടാകുമ്പോൾ ഇവ വൃത്തിയാക്കി തുറന്നിടും. കുറേ മണിക്കൂറുകൾ ഒരു പ്രദേശത്തു ബോംബാക്രമണം നടക്കുകയാണെങ്കിൽ ആ പ്രദേശങ്ങളിൽ മിലിറ്ററി ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കും. യുദ്ധത്തിൽ ആ പ്രദേശം മൊത്തം നശിച്ചാലും ഈ ഒളിത്താവളങ്ങളും അതിനകത്തുള്ള ജനങ്ങളും സുരക്ഷിതരായിരിക്കും. യുദ്ധത്തെ ഭയന്നുള്ള ഈ പരക്കം പാച്ചിലിനു ഒരറുതിവരുത്താൻ പുതിയ സംവിധാനങ്ങളുടെ കണ്ടുപിടുത്തം ആവശ്യമായിവന്നു. 2005 മുതൽ നടന്ന പരീക്ഷണങ്ങൾക്കൊടുവിൽ 2011 ൽ പുതിയ സംവിധാനം നിലവിൽ വന്നു. ഇസ്രായേലിൽ ജനവാസയോഗ്യമായ ഏതൊരു ദിശയിൽ ബോംബ് വന്നാലും അത് ആകാശത്തുവച്ചുതന്നെ നിർവീര്യമാക്കുന്ന അയൺ ഡോം (Iron dome) സ്ഥാപിക്കപ്പെട്ടു. 2005 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 300 ൽ പരം ജവാന്മാരും 800 ഓളം സാധാരണക്കാരും ആയിരുന്നെങ്കിൽ 2012 ലെ യുദ്ധത്തിൽ 2 ജവാൻമാരും 4 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 2014 ലെ 7 ആഴ്ച നീണ്ടുനിന്ന യുദ്ധത്തിൽ 70 ഓളം ജവാന്മാർ കൊല്ലപ്പെട്ടെങ്കിലും 6 സാധാരണക്കാർ മാത്രമേ കൊല്ലപ്പെട്ടുള്ളു. ഇന്ന് ഇസ്രായേൽ ജനതക്ക് മിസൈലും ബോംബുമൊന്നും വലിയപേടിയില്ല. യുദ്ധം വന്നാലും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കാത്തവിധത്തിലുള്ള സുരക്ഷ സർക്കാർ ഉറപ്പാക്കുന്നു. യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും ഈ സംവിധാനങ്ങൾ എല്ലാം യഥാവിധി പ്രവർത്തനക്ഷമമാണോ എന്ന് വർഷത്തിൽ ചുരുങ്ങിയത് 4 പ്രാവശ്യമെങ്കിലും പരിശോധിക്കുന്നു . 2018 മേയ് മാസം മുതൽ പുതിയ ഒരു വെല്ലുവിളി നേരിടുകയായിരുന്നു ഇസ്രായേൽ ജനത. ഗാസായിൽ നിന്ന് സ്ഫോടകവാതകങ്ങൾ നിറച്ച ബലൂണുകളും പട്ടങ്ങളും വിളവെടുപ്പിനു പാകമായ കൃഷിസ്ഥലങ്ങളിലേക്ക് പറത്തിവിടുന്നു. 250 നു മേൽ തീ പിടുത്തങ്ങളിൽ കത്തിനശിച്ചത് 4300 ഏക്കറോളം കൃഷിസ്ഥലമാണ്. ഈ 2 മാസം കൊണ്ട് അതിനുള്ള പ്രതിവിധിയും കണ്ടുപിടിച്ചു – സ്കൈ സ്പോട്ടർ (sky spotter). ഇത് ആകാശത്തുവച്ചുതന്നെ ഇങ്ങനെ വരുന്ന ബലൂണുകളെയും പട്ടങ്ങളെയും കണ്ടുപിടിക്കാൻ സഹായിക്കുന്നു . സ്വയം സംരക്ഷിക്കപ്പെടാൻ വേണ്ടി പരിശ്രമിക്കുന്നത് ‘ഭീകരത’ ആക്കപ്പെടുന്നതിൻറെ കഥ അടുത്ത പ്രാവശ്യം . (തുടരും…)