ന്യായവൈകല്യങ്ങളിലൂടെ കീമോഫോബിയ വിൽക്കപ്പെടുമ്പോൾ; വിജിൻ വർഗീസ് എഴുതുന്നു


“ഒരുവിധത്തിൽ പറഞ്ഞാൽ അധ്യാപകരാണ് കാരണക്കാർ. ലാബിൽ ഇരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെയും. വയറിനകത്ത് ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിൻ്റെയും കെമിക്കൽ ഫോർമുല HCL തന്നെയാണ് എന്ന് എല്ലാ അർത്ഥത്തിലും പറഞ്ഞുകൊടുക്കാൻ അധ്യാപകർ പരാജയപ്പെട്ടു എന്നതാണ് കാരണം” – വിജിൻ വർഗീസ് എഴുതുന്നു.

 

തമിഴ്നാട്ടിലെ കർഷകനുമായി നടത്തിയ അഭിമുഖത്തിനൊപ്പം, “കീടനാശിനികൾ ഉപയോഗിക്കരുത് , ജൈവകൃഷി ചെയ്യു, സർക്കാർ അതിനെ പ്രോൽസാഹിപ്പിക്കണം ” എന്ന ആഹ്വാനവുമായി ഒരു മാധ്യമ പ്രവർത്തകൻ സൂരജ് പാലാക്കാരന്റെ വിഡിയോ വാട്സപ്പിൽ കറങ്ങി നടക്കുന്നുണ്ടല്ലോ…

ഈ പറയുന്നതെല്ലാം സൂരജ് പാലാക്കാരൻറെ ഒരു വാദമായി കണക്കിലെടുത്താൽ logical fallacies (ന്യായ വൈകല്യങ്ങൾ) എന്താണ് എന്ന് ഒരാൾക്ക് പറഞ്ഞുകൊടുക്കാൻ മികച്ച ഒരു ഉദാഹരണമായി ഈ വീഡിയോ എടുക്കാം.

ഈ വീഡിയോ മുഴുവനായും ബാൻഡ് വാഗൺ ഫാലസി എന്ന ന്യായ വൈകല്യം ഗണത്തിൽ പെടുത്താവുന്നതാണ് (എല്ലാവരും പാടുന്ന പാട്ട് ഞാനും ഏറ്റുപാടുന്നു. എല്ലാവരും കേറുന്ന ബസ്സിൽ ഞാനും കേറുന്നു)

1) ഒന്നാമതായി അദ്ദേഹം ഉന്നയിക്കുന്ന വാദം പച്ചക്കറികളിൽ എല്ലാം വിഷമാണ്. (ഇവിടുന്ന് തക്കാളി കൊണ്ടുപോയി എൻറെ കുട്ടിക്ക് കൊടുത്താൽ മരിച്ചുപോകുമോ)

എന്താണ് വിഷം എന്ന് ഒന്ന് ചിന്തിക്കാം.  dose makes the poison. ലോകത്ത് വിഷം എന്ന ഒരു വസ്തു ഇല്ല. ഒരു വസ്തു വിഷമാണോ എന്ന് തീരുമാനിക്കുന്നത് അതിൻറെ ഡോസും കോൺസെൻട്രേഷനും അനുസരിച്ചാണ്.

ഉദാഹരണമായി നമ്മുടെ കുടിവെള്ളം തന്നെ എടുക്കാം ഒരു 60 കിലോ വെയിറ്റ് ഉള്ള ഒരാൾ. 6 ലിറ്റർ വെള്ളം ഒറ്റയടിക്ക് കുടിച്ചാൽ. അയാൾ മരിക്കാൻ സാധ്യത 50 ശതമാനമാണ്. ഇതിനെ LD 50 എന്നാണ് പറയുന്നത്. അതായത് ഒരു പ്രത്യേക വസ്തു ഒരു പ്രത്യേക അളവിൽ നൂറുപേർ കഴിക്കുമ്പോൾ 50 പേർ മരിക്കുന്നു എന്നർത്ഥം. എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും LD 50 ഇന്റർനെറ്റിൽ നമുക്ക് ലഭ്യമാണ്.

ഇവിടെ അദ്ദേഹം ഉന്നയിക്കുന്ന ന്യായ വൈകല്യം false dichotomy ആണ് (പർദ്ദ ബിക്കിനി വാദം എന്നും പറയും). ഒന്നുകിൽ തക്കാളി വിഷമുള്ള ആണെന്ന് പറയണം അല്ലെങ്കിൽ വിഷം ഇല്ലാത്തത് എന്ന് പറയണം.

2) അടുത്തത് ജൈവകൃഷി വാദം. അഥവാ കീമോഫോബിയ.

കീമോ ഫോബിയ അല്ലെങ്കിൽ കെമിക്കലുകളോട് ഉള്ള ഭയം. എല്ലാ മനുഷ്യരെയും പോലെ മലയാളിക്കും ഉള്ള ഒന്നാണ്. ഈ വാദത്തിനു പിന്നിൽ പ്രത്യേകിച്ച് fallacy ഒന്നും പറയാനില്ല. ശുദ്ധ വിവരക്കേടാണ്. ഒരുവിധത്തിൽ പറഞ്ഞാൽ അധ്യാപകരാണ് കാരണക്കാർ. ലാബിൽ ഇരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ്ൻ്റയും. വയറിനകത്ത് ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിൻ്റെയും കെമിക്കൽ ഫോർമുല HCL തന്നെയാണ് എന്ന് എല്ലാ അർത്ഥത്തിലും പറഞ്ഞുകൊടുക്കാൻ അധ്യാപകർ പരാജയപ്പെട്ടു എന്നതാണ് കാരണം.

ഈ വീഡിയോ ചെയ്യുന്ന സൂരജ് പാലാക്കാരൻ ഉൾപ്പെടെ ഞാനും നീയും ഈ പ്രകൃതിയും എല്ലാം കെമിക്കൽ തന്നെയാണ്.

കെമിക്കലുകൾ ചേരാത്ത എന്തോ വളമാണ് ജൈവവളം എന്നാണ് ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത്. ഇതാണ് naturalistic fallacy. പ്രകൃതിയിൽ ഉള്ളത് എല്ലാം നല്ലതാണ് എന്ന ധാരണ.

ഇനിയും കലങ്ങാത്ത ആരെങ്കിലും ഉണ്ടെങ്കിൽ, അവർക്ക് ഞാൻ നല്ലൊരു ഓഫർ തരാം. സൂരജ് പാലാക്കാരനും വേണമെങ്കിൽ ഞാൻ കാണിച്ചു തരുന്ന ഓഫറിൽ പങ്കെടുത്തു പത്തുകോടി രൂപ നേടാം.

RSC (റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി UK) 2010 മുതൽ ഇന്നുവരെ ആരും ക്ലെയിം ചെയ്യാത്ത ഒരു പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ട്… 1 മില്യൺ യൂറോ! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ഈ ലോകത്ത് കെമിക്കൽ അടങ്ങാത്ത ഏതെങ്കിലും ഒരു വസ്തു കാണിച്ചു കൊടുത്താൽ മാത്രം മതി. ഇതു വായിക്കുന്ന ആർക്കും ഇതിൽ പങ്കെടുക്കാം. LINK തഴെ.
https://www.rsc.org/news-events/articles/2010/02-february/chemical-free/

3) മരിച്ച് മുകളിലോട്ട് ചെല്ലുമ്പോൾ ചോദിക്കും പോലും – എൻ്റെ പൊന്നു പാലാക്കാരാ… 360 degree ഇല് റൊട്ടേഷനും റെവല്യൂഷനും നടക്കുന്ന ഭൂമിയിൽ… എന്ത് മുകൾ?! എന്ത് താഴെ?!

4) കേരളത്തിലേക്ക് വരുന്ന പച്ചക്കറികളെല്ലാം വിഷമാണ്…
ഇവിടെ Hasty Generalization fallacy ആണ് പ്രവർത്തിക്കുന്നത്. അതായത്  brandy യും വെള്ളവും ചേർത്ത് കഴിച്ചപ്പോൾ തല കറങ്ങി, ശേഷം whisky യും വെള്ളവും ചേർത്ത് കഴിച്ചപ്പോൾ തല കറങ്ങി, പിന്നീട് Rum മും വെള്ളവും ചേർത്ത് കഴിച്ചപ്പോൾ തല കറങ്ങി, അതു കൊണ്ട് വെള്ളം കുടിച്ചാൽ തല കറങ്ങും എന്ന വാദം.

ഇവിടെ പ്രശ്നം എടുക്കുന്ന സാംപിൾ സൈസിൻ്റെതാണ്. കീടനാശിനികൾ നിർമ്മിക്കുന്നത് അതിൻ്റെ പേര് സൂചിപ്പിക്കുന്നതു പോലെ കീടത്തെ നശിപ്പിക്കാനാണ്. അല്ലാതെ മനുഷ്യനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയല്ല. ഇന്ത്യയിൽ പെസ്റ്റിസൈഡ് കളുടെ ടോക്സിസിറ്റി അനുസരിച്ച് പച്ച, നീല, മഞ്ഞ, ചുവപ്പ് എന്നീ നാലു നിറങ്ങളിലായി തരംതിരിച്ചിരിക്കുന്നു. അത് ഉപയോഗിക്കേണ്ട അളവും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.
നിശ്ചിത അളവിൽ ഉപയോഗിക്കുന്നവ നിശ്ചിത സമയത്തിനുള്ളിൽ വായുവും ആയോ വെള്ളവും ആയോ പ്രതിപ്രവർത്തിച്ച് അതിൻറെ ടോക്സിസിറ്റി ഇല്ലാതാവുന്നതാണ്. ടോക്സിസിറ്റി ഇല്ലാതെയായാൽ അത് പിന്നെ വിഷം അല്ല.

പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴുകന്നതിലൂടെ അതിൽ ഉപയോഗിച്ചിരിക്കുന്ന പെസ്റ്റിസൈഡ് ഡോക്ക് സിറ്റി ഇല്ലാതാകുന്നു..

കേരള കാർഷിക സർവ്വകലാശാല പഴം-പച്ചക്കറി സ്പൈസസ് എന്നിവയിൽ അടങ്ങിയിരിക്കുന്ന കീടനാശിനികളുടെ അളവ് അറിയുന്നതിനു വേണ്ടി (മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന അവസ്ഥയിൽ, അതായത് കഴുകാതെ ലഭിക്കുന്ന അവസ്ഥയിൽ) 2020 ഇല് ഒരു പഠനം നടത്തിയിരുന്നു.

749 സാമ്പിളുകളിൽ നടത്തിയ പഠനമനുസരിച്ച് 17.37 % പച്ചക്കറികളിലും 19.44% പഴങ്ങളിലും50% സ്പൈസസ് കളിലും മാത്രമാണ്
കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയത്ത്. ഇത് വളരെ പോസിറ്റീവായ ഒരു റിസൾട്ട് ആണ് ഇവയൊന്നും തന്നെ അപകടകരമല്ല എന്നുകൂടി ഓർക്കണം, കാരണം ഒന്ന് കഴുകിയാൽ പോകുന്നവയാണ് മിക്കവയും. ഈ പഠനത്തിൻ്റ് ലിങ്ക് താഴെ കൊടുക്കുന്നു.
https://kau.in/document-subject/report-pesticide-residues-vegetables?page=3

5) കേരളത്തിൽ ആണോ തമിഴ്നാട്ടിലാനോ ക്യാൻസർ പേഷ്യൻസ് കൂടുതലുള്ളത്?

സംശയമില്ല കേരളത്തിൽ തന്നെയാണ് ക്യാൻസർ പേഷ്യൻസ് കൂടുതലുള്ളത്.. ഇന്ത്യയിൽ ഒരു ലക്ഷത്തിൽ 106 പേർക്ക് കാൻസർ ഉള്ളപ്പോൾ
കേരളത്തിൽ ഒരു ലക്ഷത്തിൽ 135 പേർക്ക് ക്യാൻസർ diagnose ചെയ്യുന്നു (കണ്ടുപിടിക്കുന്നു ). I repeat… cancer diagnose ചെയ്യുന്നു.

ബിഹാറാണ് ഇന്ത്യയിൽ ഏറ്റവും കുറവ് ക്യാൻസർ ഉള്ള സംസ്ഥാനം. അപ്പോൾ ബീഹാറിലാനോ ഏറ്റവും നല്ല പച്ചക്കറികൾ കിട്ടുന്ന സ്ഥലം? ഞായറാഴ്ച നമ്മൾക്ക് കോവിഡ് ബാധിച്ച ആളുകളുടെ എണ്ണം വളരെ കുറവാണ്. അതിനർത്ഥം ഞായറാഴ്ച കോവിട് രോഗികൾ ഇല്ല എന്നാണോ? ടെസ്റ്റ് നടക്കുന്നില്ല, അത് അത്രയേ ഉള്ളൂ.

ക്യാൻസർ രോഗികളുടെ എണ്ണത്തിൽ കേരളത്തിൻറെ സ്കോർ ഉയർന്നു നിൽക്കാൻ ഉള്ള കാരണങ്ങൾ പ്രധാനമായും രണ്ടാണ്.

ഒന്ന്, മോഡേൺ മെഡിസിൻ ആശുപത്രികൾ കേരളത്തിൽ വളരെ സജീവമാണ്., ആരോഗ്യകാര്യത്തിൽ നമ്മൾ ശ്രദ്ധാലുക്കളാണ്. ടെസ്റ്റ് വളരെയധികം നടക്കുന്നുണ്ട്.

രണ്ടാമത്തെ കാരണം വളരെ പ്രധാനമാണ്. ഒരു മനുഷ്യൻറെ ആയുർദൈർഘ്യവും ക്യാൻസർ രോഗവും തമ്മിൽ ഉള്ള ബന്ധം directly proportional ആണ്. ആയുർ ദൈർഘ്യം കൂടും തോറും കാൻസർ വരാനുള്ള സാധ്യതയും കൂടുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ നിങ്ങൾക്ക് ഒരു രോഗവും വന്നില്ല എങ്കിൽ നിങ്ങൾ മരിക്കുന്നത് ക്യാൻസർ വന്നിട്ട് ആയിരിക്കും.

ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ള രാജ്യം ഓസ്ട്രേലിയ ആണ്. ഒരു ലക്ഷത്തിൽ 492 പേർക്കാണ് അവിടെ കാൻസർ അവിടുത്തെ ആവറേജ് life expectancy 82.5 ആണ്.

ഇനി ലോകത്തിലെ ഏറ്റവും കുറവ് ക്യാൻസർ റെയിറ്റ് ഉള്ള രാജ്യം ഏതാണെന്ന് കേൾക്കണമോ? അത് ഇന്ത്യയാണ്. ഒരു ലക്ഷത്തിൽ 106 പേർക്ക് കാൻസർ ഉണ്ട്. ആവറേജ് life expectancy 69.66 ആണ്.

പറഞ്ഞു വന്നത് എന്താണെന്ന് ചോദിച്ചാൽ, കേരളത്തിലെ life expectancy at birth 84.5% ആണ് തമിഴ് നാടിൻറെ70.6 ആണ്. ഇനിയും ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മനുഷ്യൻ ഉള്ളത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ക്യാൻസർ പേഷ്യൻസിൻ്റെ എണ്ണവും ഇവിടെ കൂടും. തികച്ചും സ്വാഭാവികം.

6) കർഷകനെ കൊണ്ട് പറയിപ്പിക്കുന്നു… (അയ്യോ .. നാട്ടുകാരെ ഓടി വായേ.. തമിഴ്നാട്ടിലെ പച്ചക്കറികളെല്ലാം വിഷമാണെ… ആരും അത് തിന്നല്ലേ..) ഇവിടെ പ്രകടമാകുന്നത് appeal to authority എന്ന ലോജിക്കൽ ഫാലസി ആണ്. Boost കുടിച്ചിട്ടാണ് തനിക്ക് ക്രിക്കറ്റ് കളിക്കാൻ പറ്റുന്നത് എന്ന് സച്ചിൻ ടെണ്ടുൽക്കർ പറയുന്നതുകൊണ്ട്. ബൂസ്റ്റ് കുടിച്ചാൽ ക്രിക്കറ്റ് കളിക്കാം എന്ന വാദം. അല്ലെങ്കിൽ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വൃത്താകൃതിയിലുള്ള ഒരു ഹോസ്റ്റൽ ഉണ്ടായിരുന്നു എന്ന് മുൻ ഡിജിപി ജേക്കബ് അലക്സാണ്ടർ  പറഞ്ഞതുകൊണ്ട് വേറെ ആരോടും തിരക്കണ്ട അങ്ങനെ ഒരു ഹോസ്റ്റൽ ഉണ്ട്  എന്ന വാദം.

ഇവിടെ ഒരു കർഷകനെ കൊണ്ട് കൃഷി സംബന്ധമായ തെറ്റായ അറിവുകൾ പ്രചരിപ്പിക്കുന്നു… ജനങ്ങൾ അത് തൊണ്ട തൊടാതെ വിഴുങ്ങുന്നു.. ആ കർഷകന് കീടനാശിനി സംബന്ധമായ അറിവും ശാസ്ത്രീയതയും എത്രയുണ്ട് എന്ന് നമ്മൾ ചിന്തിക്കുന്നില്ല. സ്കൂട്ടർ നന്നായി ഓടിക്കാൻ എൻജിൻറെ പ്രവർത്തന ശാസ്ത്രം അറിഞ്ഞിരിക്കണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ!

7) നമ്മുടെ നായകൻ ഒരു ചത്ത പക്ഷിയെ എടുത്തുയർത്തി അവയെല്ലാം കീടനാശിനി കഴിച്ച് മരിച്ചതാണ് എന്നുപറഞ്ഞ് വിലപിക്കുകയാണ്. ഇവിടെ ഇദ്ദേഹം appeal to emotion വഴി അസോസിയേഷൻ ഫാലസി ആണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. (Eg: മൂലക്കുരുവിന് താറാമുട്ട ബെസ്റ്റ് ആണ്….  അതെന്താ…..? താറാമുട്ട തണുപ്പാണ് കോഴിമുട്ട ചൂടാണ്. അതെങ്ങനെ മനസ്സിലായി? താറാവ് എപ്പോഴും വെള്ളത്തിൽ ആണ് കിടക്കുന്നത്.. അതുകൊണ്ട് അതിൻറെ പിൻഭാഗം എപ്പോഴും തണുത്തിരിക്കുന്നു.. അതിലൂടെ വരുന്ന മുട്ട ഉറപ്പായും തണുതിരിക്കും!!) അതായത് താറാവിൻ്റ് പിന്നിലുള്ള തണുപ്പ് എന്ന ക്വാളിറ്റി വയറ്റിലുള്ള മുട്ടയ്ക്കും നൽകി, അത്രതന്നെ!

അസോസിയേഷൻ ഫാലസി ഉപയോഗിക്കുന്നതിലെ ഉസ്താദ് സുൽത്താൻ ഖാൻ ആണ്. ജേക്കബ് അലക്സാണ്ടർ… അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഈ ഫാലസി കളുടെ കമനീയ ശേഖരം ആണ്. ഇവിടെ പക്ഷികൾ കൂട്ടത്തോട ചത്തു കിടക്കുന്നത് ഈ കീടനാശിനി തളിച്ച വിള തിന്നിട്ട് ആണ് എന്നതിന് ഒരു തെളിവും ഇല്ല.. ഒരുപക്ഷേ എന്തെങ്കിലും പകരുന്ന രോഗം ആയിരിക്കാം…. അതൊന്നും തിരക്കേണ്ട കാര്യം നമ്മൾക്ക് ഇല്ലല്ലോ.. നമുക്ക് ഭീതി പടർത്തിയാൽ പോരെ?

എങ്കിലും പോട്ടെ, അവ ചത്തത് ഈ വിള കഴിച്ചിട്ടാണ് എന്ന് തന്നെ നമുക്ക് എടുക്കാം. അങ്ങനെയെങ്കിൽ, നമുക്ക് എലി വിഷത്തിൻ്റെ കാര്യമെടുക്കാം. ഏറ്റവും നല്ല എലി വിഷം ആണ് warfarin. അല്ലെങ്കിൽ warfarin അടങ്ങിയ മറ്റ് എലി വിഷങ്ങൾ. ഇത് കഴിക്കുന്ന എലികൾ രക്തം കട്ടപിടിക്കാതെ മരിച്ചു പോവുകയാണ് ചെയ്യുന്നത്. എന്നാൽ ഇതേ warfarin ഹൃദയസംബന്ധമായ രോഗങ്ങൾക്ക് മനുഷ്യരിൽ മരുന്നായി (ക്ലിനിക്കൽ ഡോസിൽ) ഉപയോഗിക്കുന്നു. Warfarin കഴിച്ച് ചത്തു കിടക്കുന്ന ഒരു എലിയെ കാണിച്ചുകൊണ്ട്, നമ്മുടെ ഡോക്ടർമാർ എലിവിഷം ആണ് സൂർത്തുക്കളെ നമുക്ക് തരുന്നത് എന്നു പറഞ്ഞു വിലപിക്കുമോ??

ഇല്ല അല്ലേ?? അപ്പോൾ നമുക്ക് അറിയാം എലി വെറും എലി ആണെന്നും, മനുഷ്യൻ മനുഷ്യനാണെന്നും!

വീണ്ടും ഞാൻ ആദ്യം പറഞ്ഞ പോയിൻറ് ലേക്ക് തന്നെ തിരിച്ചു വന്നു. ഒരു വസ്തുവിന്റെ ഡോസ് ആണ് അതിനെ വിഷമാക്കുന്നത് അത് ഓരോ ജീവികളിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ആ വിള തിന്നു തന്നെയാണ് ആണ് ആ പക്ഷികൾ ചത്തത് എങ്കിലും, ആ വിള തിന്നാൽ മനുഷ്യന് എന്തെങ്കിലും സംഭവിക്കണം എന്ന് ഒരു നിർബന്ധവുമില്ല.

ഉറങ്ങിയില്ലെങ്കിൽ കോക്കാച്ചി വന്ന് പിടിക്കും. എന്ന് ഭീഷണിപ്പെടുത്തുമ്പോൾ.. മൂന്നു വയസ്സുള്ള ടിൻറുമോൻ ഉറങ്ങും എന്ന് കരുതി.. 85 വയസ്സുള്ള കേശവൻ മാമൻ ഉറങ്ങും എന്ന് ധരിക്കരുത്!!

8) Monocil എന്ന മരുന്നിൻറെ കാര്യം. (ഈ വീഡിയോയിൽ ആകെ അല്പം(വളരെ കുറച്ച്) കഴമ്പുള്ള കാര്യം അതു മാത്രമാണ്). മോണോക്രോട്ടോഫോസ്.. എന്ന രാസപദാർത്ഥം അടങ്ങിയ Monocil എന്ന പേരിൽ കമ്പനി ഉത്പാദിപ്പിക്കുന്ന ഈ കീടനാശിനി റെഡ് കാറ്റഗറിയിൽ ഉള്ള ഒരു കീടനാശിനി തന്നെയാണ്. വിളയുടെ പച്ചപ്പ് നിലനിർതാനും. നിരവധി കീടങ്ങളെ ഒരേസമയം ഫലപ്രദമായി നേരിടാനും കഴിവുള്ള ഒരു കീടനാശിനിയാണ് ഇത്. ഏഴോളം രാജ്യങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്. അമിതമായ (over dose) ഇതിൻറെ ഉപയോഗം പക്ഷികൾക്കും വെള്ളത്തിലെ ചെറു ജീവികൾക്കും ഇത് ഹാനികരമാണ്. വലിയ അളവിൽ ആയാൽ. മനുഷ്യർക്കും ഹാനികരമാണ്. കാരണം ഇതിൻറെ ടോക്സിസിറ്റി പൊട്ടൻഷ്യൽ അധികമാണ്.

എൻറെ അറിവിൽ ഇന്ത്യയിൽ ഇത് 2005 ഇൽ പരുത്തി കൃഷിക്ക് ഒഴിച്ച് മറ്റൊരു കൃഷിക്കും ഉപയോഗിച്ചുകൂടാ എന്ന നിയമമുണ്ട്. പക്ഷേ ഇന്ത്യയിൽ പൂർണ നിരോധനമില്ല. എന്നാലും അനധികൃതമായി കർഷകൻ ഇതുതന്നെ വാങ്ങാൻ കാരണമെന്താണ്? അതിൻറെ ഫലപ്രാപ്തി ഒന്നു കൊണ്ട് മാത്രമല്ലേ? പക്ഷേ ഉപയോഗിക്കേണ്ട രീതിയിൽ അവനത് ഉപയോഗിക്കുന്നില്ല എന്നത് സങ്കടകരമാണ്.

ഇവിടെ പ്രശ്നം ഈ കീടനാശിനിയുടെതല്ല. മറിച്ച് അത് ഉപയോഗിക്കുന്ന ആളുടെ പരിജ്ഞാനക്കുറവും. സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയും ആണ്. നല്ല ഒരു കത്തി പോലെയാണ്. വാഴക്കുലയും വെട്ടാം. കൊലപാതകവും നടത്താം. എങ്കിലും കുറ്റം കത്തിക്കാണ്!

വീഡിയോയുടെ അവസാന ഭാഗം.. നമ്മുടെ നായകൻ കീടനാശിനി tin മണപ്പിച്ചു നോക്കിയതിനുശേഷം പറയുകയാണ്.. ഹൗ! എന്തൊരു നാറ്റം. ഇവിടെ നമുക്ക് fallacy of composition എന്ന ന്യായ വൈകല്യം തിരിച്ചറിയാം – ഏതെങ്കിലുമൊരു ഘടകത്തിൻ്റെ സവിശേഷത മുഴുവൻ വസ്തുവിലും ആരോപിക്കുക. ഇവിടെ കീടനാശിനിക്കുള്ള മോശം ഗന്ധം കാരണം കീടനാശിനി മുഴുവനും മോശമാണ് എന്ന് ആരോപിക്കുക.

Axe പെർഫ്യൂംൻറെ fragnance കൊടുക്കാൻ.. Monocil എന്നത് deodorant അല്ല, കീടങ്ങളെ attract ചെയ്യാനുള്ളതല്ല കണ്ടം വഴി ഓടിക്കാൻ ഉള്ളതാണ്!

അപ്പീൽ to emotion എന്ന ഫാലസി വഴി ഒരു കൂട്ടം ആളുകളെ വിഡ്ഢി ആക്കിയ, ചാരിതാർത്ഥ്യവും ആയി സൂരജ് പാലാക്കാരൻ എന്ന സാദാ മലയാളി, ഷെയറും സബ്സ്ക്രിപ്ഷനും ആവശ്യപ്പെട്ട് പിന്മാറുമ്പോൾ.. എനിക്കൊന്നേ പറയാനുള്ളൂ – വിജ്ഞാനം വിരൽ തുമ്പിൽ ഉള്ള ഒരു കാലഘട്ടമാണിത്. ഭൂതകാലത്തിൻ്റെ ഓർമ്മകളിൽ മാത്രം അഭിരമിക്കാൻ കഴിയുന്ന ഒരുകൂട്ടം കേശവൻ മാമൻമാരെ ഒഴിച്ചുനിർത്തിയാൽ ശാസ്ത്ര അഭിരുചി ഉള്ള ഒരു പുതിയ തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. അവർ ഒരുപക്ഷേ ഇന്ന് എണ്ണത്തിൽ ചെറുതായിരിക്കാം. പക്ഷേ എക്കാലവും അങ്ങനെ ആയിരിക്കില്ല. ഭീതി വ്യാപാരികളെ തിരിച്ചറിയുകതന്നെ ചെയ്തിരിക്കും.


Leave a Reply

Your email address will not be published. Required fields are marked *