‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റും കുടുംബ വിളക്കും’ തമ്മില്‍ അടിസ്ഥാനപരമായി എന്താണ് വ്യത്യാസം; 2021ലെ പൂന്തിങ്കള്‍ ഭാര്യ; മനൂജാ മൈത്രി എഴുതുന്നു


‘സ്ത്രീസ്വാതന്ത്ര്യം, സ്ത്രീപുരുഷസമത്വം, അവകാശബോധം തുടങ്ങിയ പദങ്ങള്‍ ഇടക്കിടക്ക് കുത്തികയറ്റിയാല്‍ ഒരു സിനിമ പുരോഗമനപരം ആകില്ല. പുരോഗമനപരമായ ആശയങ്ങള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു മനസിലാക്കുന്നിടത്താണ് സമൂഹത്തിനുവേണ്ടി സിനിമകള്‍ ഉണ്ടാവുന്നത്. നിസംശയം പറയാം ഫ്രീഡം @ മിഡ്നൈറ്റ് അങ്ങനെയുള്ള ഒന്നല്ല. ഇതൊരു പ്രൊ ഫെമിനിസ്റ്റ് മൂവിയാണെന്നു സ്വയം അവകാശപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഈ സിനിമയെ ഇഴകീറി പരിശോധിക്കേണ്ടി വരുന്നത്.’- ഫ്രീഡം അറ്റ് മിഡ്‌നെറ്റ് എന്ന നവമാധ്യമങ്ങളില്‍ തരംഗമായ ഹ്രസ്വ ചിത്രത്തെക്കുറിച്ച് മനൂജാ മൈത്രി എഴുതുന്നു.

2021ലെ പൂന്തിങ്കൾ ഭാര്യ

ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് കണ്ടവരാവും നമ്മളിൽ പലരും. മലയാളി സമൂഹം ആദ്യ ദിവസം തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ കയറ്റിവിട്ട ഈ ഷോർട് ഫിലിം ഇതിനോടകം പ്രശംസക്കും വിമർശനങ്ങൾക്കും വിധേയമായി കഴിഞ്ഞിരിക്കുന്നു.

28 വയസ്സുള്ള ഹൈ സ്കൂൾ അധ്യാപികയായ ചന്ദ്ര. ബിസിനസുകാരനും സർവ്വോപരി തിരക്കുമുള്ള ഭർത്താവ് ദാസ്. വേദിയിൽ പ്രത്യക്ഷപ്പെടാതെ ചായയും ചൂടുവെള്ളവും മരുന്നും മാത്രം അണിയറയിൽ നിന്നും വിളിച്ചു ചോദിക്കുന്ന ദാസിന്റെ അച്ഛനും അമ്മയും. ഇത്രയും ആളുകളാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന് ഹ്രസ്വ ചിത്രത്തിലെ കഥാപാത്രങ്ങൾ.

രാവിലെ എണീക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ ഭർത്താവിന്റെയും മക്കളുടെയും വീട്ടുകാരുടെയും ഇഷ്ടത്തിന് ജീവിക്കുന്ന ചന്ദ്ര പെട്ടെന്നൊരു ദിവസമാണ് അറിയുന്നത് ഭർത്താവിന് ഒരു എക്സ്ട്രാ മാരിറ്റൽ റിലേഷൻഷിപ്പ് ഉണ്ടെന്ന്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ആർ.ജെ ഷാൻ സംവിധാനംചെയ്ത ഷോർട്ട് ഫിലിം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇങ്ങനെ തുടങ്ങുന്ന കഥ പിന്നീട് പറഞ്ഞുവയ്ക്കുന്നത് മുഴുവനും പരസ്പര വൈരുധ്യങ്ങളുടെ നീണ്ട നിരയാണ്.

ചന്ദ്രയുടെ ഉള്ളിൽ ഭർത്താവിന്റെ മറ്റൊരു ബന്ധം പ്രശ്നമാവുകയും ഇത് പറയാൻ “ദാസ് എനിക്ക് ഒരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്ര തന്റെ കോൺവെർസേഷൻ ആരംഭിക്കുകയാണ്. നീ പറയാൻ പോകുന്നത് പ്ലംബറെ വിളിക്കുന്ന കാര്യമല്ലെ എന്ന് ചോദിക്കുന്നതോടെ, അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾ ചക്ക എന്ന് പറഞ്ഞാൽ ചുക്ക് എന്നെകേൾക്കു എന്ന് പറഞ്ഞ് സൗന്ദര്യപ്പിണക്കം കാണിച്ചുകൊണ്ടാണ് ചന്ദ്ര പ്രതികരിക്കുന്നത്.

ഇത്രയധികം പ്രശ്നങ്ങൾ മനസ്സിൽ ഉണ്ടായിട്ടും ഈറൻ മാറി കുളിച്ചിറങ്ങി സാരിയുടുത്ത് കണ്ണെഴുതി അണിഞ്ഞൊരുങ്ങി അടുക്കളയിലേക്ക് പോകാനൊരുങ്ങുന്ന ചന്ദ്ര പുരുഷന്മാർ സ്ത്രീകൾക്ക് സ്വന്തമായി കഴിഞ്ഞാൽ സ്ത്രീകൾ അവരെ നൂറിരട്ടി സ്നേഹിക്കുമെന്നും, താൻ വിസ്കി അല്ല മത്തുപിടിപ്പിക്കുന്ന വോഡ്കയാണെന്ന് പറയുന്നു. ഭർത്താവിന്റെ എക്സ്ട്രാ മാരിറ്റൽ റിലേഷൻഷിപ്പ് അറിഞ്ഞു മനസ്സ് നോവുന്ന ചന്ദ്രയ്ക്കുമുന്നിൽ ഇമ്മാതിരി ബെഡ്റൂം സീൻ ഒക്കെ തിരുകി കയറ്റുന്നത് കൃത്യമായി ബിസിനസ് അറിയുന്ന, യാതൊരു കോമൺസെൻസുമില്ലാത്ത പുരുഷന്റെ കണ്ണിൽ കൂടി മാത്രം സ്ത്രീയുടെ വികാരങ്ങളെ നോക്കിക്കാണുന്ന ഒരു പ്രത്യേക ഡയറക്ടർ ബ്രില്ല്യൻസ് മാത്രമായെ കാണാൻ സാധിക്കു.

ഭാര്യ എവിടെ പോകുന്നുവെന്നോ എപ്പോൾ വരുമെന്നോ തിരക്കാത്ത, റിസർച്ച് ചെയ്യണം എന്ന് പറഞ്ഞപ്പോൾ സമ്മതിച്ച, തലമുടി കളർ ചെയ്യണം എന്ന് പറഞ്ഞപ്പോൾ നോ പറയാത്ത, അല്പം പുരോഗമനമൊക്കെ പറയുന്ന ഒരു മോഡേൺ ഭർത്താവാണ് ദാസ്. ഭർത്താവ് അനുവദിച്ചു തരുന്ന ഒന്നല്ല സ്ത്രീകളുടെ സ്വാതന്ത്ര്യം എന്ന വലിയ പുരോഗമനം ഒറ്റയടിക്ക് ദാസിന്റെ മുഖത്ത് നോക്കി പറയുന്ന ചന്ദ്ര തൊട്ടടുത്ത നിമിഷം പറയുന്ന ഒരു ഡയലോഗ് ഉണ്ട്.

“താൻ വേണ്ടാന്ന് പറയുമ്പോ ഞാനത് കേക്കുന്നതേ, It’s Because I respect You, It’s Because I Love you, അല്ലാതെ എനിക്ക് വേണ്ടാഞ്ഞിട്ടല്ല.” ഇതിൽ താൻ എന്ന് മാറ്റി ചേട്ടൻ എന്ന് ചേർത്താൽ ഏഷ്യാനെറ്റിലെ കുടുംബവിളക്കിന്റെ അതെ സ്ക്രിപ്റ്റ് തന്നെ… സംശയമുള്ളവർക്ക് പരീക്ഷിക്കാവുന്നതാണ്.

ഒരേസമയം തന്റെ സെക്ഷ്വൽ ഫാന്റസികളും, ഫ്രസ്ട്രേഷനെകുറിചുമൊക്കെ സംസാരിക്കുന്ന ചന്ദ്രതന്നെ എല്ലാ സ്ത്രീകളിലും പാമ്പറിങ്ങും കെയറും ആഗ്രഹിക്കുന്ന ഒരു പെണ്ണുണ്ടെന്നും പറഞ്ഞു കലിപ്പന്റെ കാന്താരി ആകുന്നു. ഭർത്താവിന്റെ വിർച്വൽ അഫ്യർ അറിഞ്ഞിട്ടും ഉപ്പുമാവ് ഉണ്ടാക്കാനും, തുണി അലക്കാനും, ഡ്രസ്സ്‌ തേക്കാനുമൊക്കെ കാണിക്കുന്ന മനസിന്റെ വിശാലത കാണാതെ പോകരുത്.

നീണ്ട എട്ടുവർഷത്തെ ദാമ്പത്യത്തിൽ ഭർത്താവിനോ ഭർത്താവിന്റെ വീട്ടുകാർക്കോ ഇഷ്ടമില്ലാത്ത വിധത്തിൽ ഒന്നും പെരുമാറാത്തഭാര്യയാണ് ചന്ദ്ര.ഭർത്താവ് വേറൊരു ബന്ധത്തിൽ പോകുമ്പോൾ മാത്രം വീട്ടിലെ all rounder house servant പണി മടുക്കുന്ന, തന്റെ sexual താല്പര്യങ്ങൾ അപ്പോൾ മാത്രം പറയുന്ന പ്രത്യേക പുരോഗമനം…

മലയാളി ആണുങ്ങൾക്ക് വിളമ്പി കൊടുത്താൽ നന്നായി ദഹിക്കുമെന്ന് ഉറപ്പാക്കി ഇറക്കിയ അൽ മല്ലു കുടുംബ മോഡൽ ഐറ്റമാണ് ഫ്രീഡം @ മിഡ്‌നൈറ്റ്.

എങ്ങനെയുള്ള സ്ത്രീകൾ പ്രതികരിക്കുമ്പോഴാണ് മലയാളികൾ അവരെ സപ്പോർട്ട് ചെയ്യുക. മലയാളിയുടെ so-called കുടുംബ വ്യവസ്ഥിതിയെ അംഗീകരിക്കുന്ന, വീട്ടിലെ പണികളൊക്കെ ചെയ്യുന്ന, കുടുംബത്തിലെ ഓൾറൗണ്ടറായ, സാരിയുടുക്കുന്ന, പൊതുബോധങ്ങൾക്ക് വിധേയരായ, പൊതുസൗന്ദര്യധാരണകളിൽ അധിഷ്ഠിതമായ രൂപമുള്ള ഒരു സ്ത്രീയാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് പ്രതികരിക്കാനുള്ള എല്ലാ സാധ്യതകളും അവകാശങ്ങളും മലയാളി പുരുഷന്മാർ അനുവദിച്ച് തരും. നിങ്ങളൊരു വിധവയോ, വിവാഹമോചിതയോ, നിരീശ്വരവാദിയോ, സ്വതന്ത്രചിന്തകയോ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവളോ ആണെങ്കിൽ മലയാളി പുരുഷാധിപത്യ സമൂഹം അനുവദിച്ചു തരുന്ന ഈ പ്രത്യേക ഫ്രീഡം ആസ്വദിക്കാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല.

ഇനി ഇതിലെ ചന്ദ്രാ ജോലിത്തിരക്കുകൾ മൂലം നേരം താമസിച്ച് വീട്ടിലെത്തുന്ന, കൃത്യമായി വീട്ടിലെ ജോലികൾ ചെയ്യാത്ത, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും പൂർണമായി വിധേയപ്പെട്ടല്ലായിരുന്നെങ്കിൽ,ഇനി ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ, വീട്ടിലെ പണികൾ ചെയ്യാൻ വിസമ്മതിച്ചിരുന്നുവെങ്കിൽ ഭർത്താവിന് സേമിയ ഉപ്പുമാവ് ഉണ്ടാക്കി കൊടുത്തില്ലായിരുന്നുവെങ്കിൽ, കള്ളുകുടിക്കുന്ന ഭർത്താവിന് വെള്ളമെടുത്തു ഉമ്മറത്ത് എത്തിച്ചല്ലായിരുന്നുവെങ്കിൽ സിനിമയ്ക്ക് അരെ വാഹ് എന്ന് പറഞ്ഞു കയ്യടിക്കുന്ന ഈ സമൂഹം അവളുടെ കയ്യിലിരിപ്പ് കൊണ്ടാണ് അവൻ അങ്ങനെ പോയതെന്നേ പറയൂ. അതും ചിലപ്പോ ചന്ദ്രയുടെ തലയിലാവും.

ചുരുക്കത്തിൽ, നിലവിലെ വ്യവസ്ഥിതികളിൽ നിൽക്കുന്ന ഉത്തമയായ ഭാര്യയുടെ രീതികളൊക്കെ പിന്തുടർന്നാൽ നിങ്ങൾക്ക് ഒരു അല്പം പുരോഗമനം ഒക്കെ പറയാം. ആ വ്യവസ്ഥയെ ചോദ്യം ചെയ്യാനുള്ള പുരോഗമനം പക്ഷെ ഇവിടെ ആരും എടുക്കേണ്ടതില്ല.

പിന്നെ മലയാള സിനിമയിൽ ഇതുവരെ ഉപയോഗിക്കാത്ത പ്രത്യേക ആധുനിക ഷോട്ടിലെ ഏറ്റവും ഒടുക്കം കരഞ്ഞുകൊണ്ട് അടുക്കളയിലെ മൂലയ്ക്ക് ഒതുങ്ങുന്ന ചന്ദ്രയെന്ന പുരോഗമന കഥപാത്രത്തെ നിങ്ങൾ കാണാതെ പോകരുത്. ഭർത്താവിനു വിർച്വൽ ആയി മറ്റൊരു ബന്ധം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ മാത്രം ഭാര്യ എന്ന നിലയിൽ തന്റെ ഐഡന്റിറ്റി വളരെ മോശമാണെന്ന് തിരിച്ചറിഞ്ഞ ചന്ദ്രയുടെയും ആകെ പ്രശ്നം ഭർത്താവിന്റെ മറ്റൊരു ബന്ധമാണ് അത് ഇല്ലായിരുന്നുവെങ്കിൽ അവൾ കഴിഞ്ഞ 8 വർഷമായി പിന്തുടർന്ന അതെജീവിതരീതികൾ അങ്ങനെതന്നെ തുടർന്നേനെ.

ഒരുപക്ഷെ ലോകത്തിലെ ഒരുമാതിരിപെട്ട എല്ലാ സ്ത്രീകളും ഇങ്ങനെ ആയിരിക്കാം. അങ്ങനെ ഉള്ളവരെ നമ്മൾക്ക് വിമർശിക്കുന്നതിനു പരിധിയുണ്ട്. കാരണം അതും വ്യക്തിപരമായ ചോയ്സ് ആയേക്കാം. എന്നാൽ ഇതൊരു പ്രൊ ഫെമിനിസ്റ്റ് മൂവിയാണെന്നു സ്വയം അവകാശപ്പെടുന്നതുകൊണ്ടാണ് ഇത്തരത്തിൽ ഈ സിനിമയെ ഇഴകീറി പരിശോധിക്കേണ്ടി വരുന്നത്. ഒരു സിനിമ futuristic ആവുക എന്നുവെച്ചാൽ, അത് ആധുനിക സമൂഹത്തിന് എന്തെങ്കിലുമൊക്കെ ഗുണപ്രദമായി ചെയ്യുക എന്നാണർത്ഥം. ഫ്രീഡം അറ്റ് മിഡ്നൈറ്റ് ഒരിക്കലും അങ്ങനെ ഒരു ചിത്രമല്ല. വളരെയധികം contradictions ഉള്ള, നാളിതുവരെയുള്ള സ്റ്റീരിയോടൈപ്പ്കളിൽ നിന്നും മാറി ചിന്തിക്കാൻ കെൽപ്പില്ലാത്ത കേവലം cliche മലയാള സിനിമ.

Submissive relationships ൽ അകപ്പെട്ടുപോയ അനേകായിരം സ്ത്രീജന്മങ്ങളുടെ പ്രതിനിധിയായ ചന്ദ്ര സിനിമ വ്യവസായത്തിലെ നടപ്പ് രീതികളെയൊക്കെ തിരുത്തിക്കുറിക്കുമെന്ന് ആദ്യമൊക്കെ തോന്നുമെങ്കിലും, സിനിമ 2021ലും പറയുന്നത് പൂമുഖ വാതിൽക്കലെ പൂന്തിങ്കൾ ഭാര്യയെക്കുറിച്ചാണ്. ഭർത്താവിനോട്‌ തുറന്നു സംസാരിക്കാനാകാതെ കഥാവസാനം തന്റെ ഭൂതകാലത്തിലേക്ക് തന്നെ മടങ്ങുന്ന ചന്ദ്രയിലൂടെ സിനിമ അവസാനിക്കുമ്പോൾ ആധുനികകാലത്ത് ഫെമിനിസത്തിന് കിട്ടുന്ന മാർക്കറ്റിംഗ് അല്ലെങ്കിൽ acceptance തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ബോധപൂർവ്വം തിരഞ്ഞെടുത്ത പ്രമേയം മാത്രമാണിതെന്ന് മനസ്സിലാകും. അടുക്കളയിൽ കരഞ്ഞു, തീർക്കുന്ന ചന്ദ്ര old style narrative തന്നെയാണ്. സ്ത്രീസ്വാതന്ത്ര്യം, സ്ത്രീപുരുഷസമത്വം, അവകാശബോധം തുടങ്ങിയ പദങ്ങൾ ഇടക്കിടക്ക് കുത്തികയറ്റിയാൽ സിനിമ പുരോഗമനപരം ആകില്ല. പുരോഗമനപരമായ ആശയങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നു മനസിലാക്കുന്നിടത്താണ് സമൂഹത്തിനുവേണ്ടി സിനിമകൾ ഉണ്ടാവുന്നത്. നിസംശയം പറയാം ഫ്രീഡം @ മിഡ്‌നൈറ്റ് അങ്ങനെയുള്ള ഒന്നല്ല.


Leave a Reply

Your email address will not be published. Required fields are marked *