“കോൺഗ്രസ് മുക്ത ഭാരതം” എന്നത് ഒരു നല്ല മുദ്രാവാക്യം ആണോ ? – രാകേഷ് ഉണ്ണികൃഷ്ണൻ


“Power tends to corrupt, and absolute power corrupts absolutely.” – Lord Acton

അധികാരസന്തുലനം

ഭൂരിപക്ഷം പാർട്ടി അനുയായികളും അവരുടെ പാർട്ടി പറയുന്നതാണ് ശരിയെന്നും അവർക്ക് മാത്രമേ അധികാരത്തിന് യോഗ്യത ഉള്ളു എന്നും കരുതുന്നവർ ആണ്. തങ്ങൾക്കെതിരെ വോട്ട് ചെയ്തവരുടെ കൂടി പ്രതിനിധികളാണ് തങ്ങൾ എന്ന് ജയിച്ച പാർട്ടിക്കാർ ഓർക്കാറുണ്ടോ? ഓരോ നല്ല ജനാധിപത്യത്തിലും, ഭരിക്കുന്ന സർക്കാരിൻ്റെ പങ്ക് പോലെ തന്നെ പ്രതിപക്ഷത്തിൻ്റെ പങ്കും വളരെ പ്രധാനമാണ്. എങ്കിലും, പ്രതിപക്ഷം എന്തിനാണ് ആവശ്യമെന്ന് പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അവർ വിയോജിപ്പുകളെയും വിമർശനങ്ങളെയും ഒരു തടസ്സമായും, ചർച്ചകളെ അനാവശ്യമായ വഴക്കുകളായും ആണ് കാണുന്നത്.

വാസ്തവത്തിൽ, ശക്തവും ഉത്തരവാദിത്തമുള്ളതുമായ ഒരു പ്രതിപക്ഷം സർക്കാരിന് ജനങ്ങളോട് ഉത്തരവാദിത്തം ഉണ്ടെന്ന് ഉറപ്പാക്കുകയും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അതുവഴി അധികാരം ഒരിടത്ത് മാത്രം (സ്വേച്ഛാധിപത്യം) കേന്ദ്രീകരിക്കുന്നത് തടയുന്നു.

പ്രതിപക്ഷം എന്നാൽ പുരോഗതിയെ തടസ്സപ്പെടുത്തുക എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, അത് അധികാരത്തെ സന്തുലിതമാക്കുക എന്നതാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വം.

ക്രിയാത്മകമായ ഒരു പ്രതിപക്ഷം എന്തിനാണ്?
1. സർക്കാരിനെ ഉത്തരവാദിത്തമുള്ളവരാക്കാൻ

തങ്ങളുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാൻ ആരുമില്ലെങ്കിൽ, ഒരു സർക്കാർ അലസരോ, അഴിമതി നിറഞ്ഞവരോ, അല്ലെങ്കിൽ ഏകാധിപതികളോ ആയി മാറിയേക്കാം. ഒരു ക്രിയാത്മകമായ പ്രതിപക്ഷം സർക്കാരിൻ്റെ പോളിസികൾ പരിശോധിക്കുന്നു. മോശം തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് ചോദിക്കാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിക്കുന്നു. ഇത്, സർക്കാരിൻ്റെ പ്രവർത്തനങ്ങൾ സുതാര്യമായി നിലനിർത്തി ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു.

2. കൂടുതൽ മെച്ചപ്പെട്ട ആശയങ്ങൾ/ പരിഹാരങ്ങൾ നൽകാൻ

പ്രതിപക്ഷ പാർട്ടികൾ വെറും വിമർശകർ മാത്രമല്ല. അവർ പുതിയ ആശയങ്ങൾ, മറ്റ് നയങ്ങൾ, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്നിവ കൊണ്ടുവരുന്നു. അതുവഴി രാജ്യം ഒരൊറ്റ ആശയപരമായ ദിശയിലേക്ക് മാത്രം പോകുന്നില്ലെന്ന് ഉറപ്പാക്കുക. പല കാഴ്ചപ്പാടുകൾ തമ്മിലുള്ള ഒരു ചർച്ചകൾ കൂടുതൽ മികച്ച തീരുമാനങ്ങളിലേക്ക് നയിക്കുന്നു.

3. അധികാര ദുർവിനിയോഗം തടയാൻ

ചരിത്രം കാണിക്കുന്നത്, ഏകാധിപത്യ ഭരണം തുടങ്ങുന്നത് നേതാവിനെ ചോദ്യം ചെയ്യാൻ ആർക്കും കഴിയാതെ വരുമ്പോൾ ജുഡീഷ്യറി, പോലീസ്, സി.എ.ജി, വിജിലൻസ്, പോലീസ് തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങൾക്ക് ശക്തി കുറയുകയും, വിയോജിപ്പുള്ളവർ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യും. ശക്തമായ ഒരു പ്രതിപക്ഷം ഒരു സുരക്ഷാ വാൽവ് പോലെ പ്രവർത്തിച്ചു ഒരാളുടെയോ ഒരു പാർട്ടിയുടെയോ മാത്രം ഭരണത്തിലേക്ക് ജനാധിപത്യം വഴുതി വീഴാതെ സംരക്ഷിക്കുന്നു.

4. അധികാരത്തിൽ ഇല്ലാത്തവരുടെ ശബ്ദമാകാൻ

ഒരു സർക്കാരിനും എല്ലാ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വിഭാഗങ്ങളെയും പൂർണ്ണമായി പ്രതിനിധീകരിക്കാൻ കഴിയില്ല. പ്രതിപക്ഷ പാർട്ടികൾ ഈ വിഭാഗങ്ങൾക്ക് ശബ്ദം നൽകുന്നു. ഭൂരിപക്ഷത്തിന് മാത്രമല്ല, എല്ലാവർക്കും പ്രാതിനിധ്യം ഉണ്ടാകുമ്പോളാണ് ജനാധിപത്യം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്.

5. മികച്ച ഭരണത്തെ പ്രോത്സാഹിപ്പിക്കാൻ

തങ്ങളുടെ ഓരോ പ്രവർത്തനവും സൂക്ഷ്മമായി പരിശോധിക്കപ്പെടും, ചർച്ച ചെയ്യപ്പെടും, പരസ്യമായി ചോദ്യം ചെയ്യപ്പെടും എന്ന് സർക്കാരിന് അറിയാമെങ്കിൽ, അവർ സ്വന്തം നിലവാരം ഉയർത്തും. പ്രതിപക്ഷത്തിൻ്റെ സമ്മർദ്ദം മികച്ച നയങ്ങൾ, പൊതുജനങ്ങളുടെ ആശങ്കകളോട് വേഗത്തിൽ പ്രതികരിക്കൽ, കൂടുതൽ ഉത്തരവാദിത്തമുള്ള ചിലവഴിക്കൽ എന്നിവ നടപ്പിലാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കും. ബിസിനസ്സിൽ എന്നപോലെ, രാഷ്ട്രീയത്തിലും മത്സരം സർക്കാരിന്റെ പ്രകടനത്തെ മെച്ചപ്പെടുത്തുന്നു.

പ്രതിപക്ഷം ജനാധിപത്യത്തിൻ്റെ ഒരു തൂണാണ്

സോവിയറ്റ് യൂണിയൻ തകർന്ന ശേഷം റഷ്യയിൽ നിരവധി പാർട്ടികൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ മിക്കതും ദുർബലമാവുകയോ, സംഘടനാബലമില്ലാതാവുകയോ, അല്ലെങ്കിൽ ഭരണകക്ഷിക്ക് കീഴടങ്ങുകയോ ചെയ്തു. പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കുകയോ, ജയിലിലടയ്ക്കുകയോ, നാടുകടത്തുകയോ, അവരുടെ പാർട്ടികളെ നിയമപരമായി നിയന്ത്രിക്കുകയോ ചെയ്തു. ഈ രീതിയിൽ ജനാധിപത്യപരമായ പ്രതിപക്ഷം തകർന്നത്, വ്ലാഡിമിർ പുടിന് ഇരുപത് വർഷത്തിലേറെയായി അധികാരം കേന്ദ്രീകരിച്ചു ഒരു ഏകാധിപത്യ ഭരണകൂടം സൃഷ്ട്ടിച്ചു.

തുർക്കിയിൽ ഒരുകാലത്ത് ഊർജ്ജസ്വലമായ ഒരു ബഹു-കക്ഷി സമ്പ്രദായം ഉണ്ടായിരുന്നു. കാലക്രമേണ, എർദോഗൻ മാധ്യമങ്ങളെ നിയന്ത്രിച്ചും, പൗരാവകാശങ്ങൾ നിയന്ത്രിച്ചും, വിമർശകരെയും രാഷ്ട്രീയ എതിരാളികളെയും അറസ്റ്റ് ചെയ്തും പ്രതിപക്ഷ ശക്തികളെ ദുർബലപ്പെടുത്തി. പ്രസിഡൻ്റിൻ്റെ അധികാരം വർദ്ധിപ്പിച്ച ഭരണഘടനാ മാറ്റങ്ങളെ ഫലപ്രദമായി ചോദ്യം ചെയ്യാൻ ദുർബലമായ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇത് രാജ്യത്തെ ഒരു ഏകാധിപത്യ മാതൃകയിലേക്ക് തള്ളിവിട്ടു.

ഹ്യൂഗോ ഷാവേസ് ജനാധിപത്യപരമായിട്ടാണ് അധികാരത്തിൽ വന്നത്, പക്ഷേ പ്രതിപക്ഷ പാർട്ടികൾ ഭിന്നിച്ചതും ഒന്നിക്കാൻ കഴിയാത്തവരുമായിരുന്നു. ഇത് ഷാവേസിന് ഭരണഘടന മാറ്റാനും, കാലാവധി പരിധികൾ നീട്ടാനും, സ്വതന്ത്ര സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും അവസരം നൽകി. നിക്കോളാസ് മഡുറോയുടെ കീഴിൽ, അടിച്ചമർത്തൽ കാരണം പ്രതിപക്ഷം കൂടുതൽ ദുർബലമാവുകയും രാജ്യം ഫലത്തിൽ സ്വേച്ഛാധിപത്യത്തിലേക്ക് വഴുതി വീഴുകയും ചെയ്തു.

ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങൾ ലോകത്തിൽ ഉണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം, ഏകാധിപത്യം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. പ്രതിപക്ഷം വളരെ ദുർബലമോ, ഭിന്നിച്ചതോ, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ടതോ ആയതിനാലാണ് അത് സാവധാനം വളർന്നത്. പ്രതിപക്ഷം ദുർബലമാകുമ്പോൾ, ജനാധിപത്യം ദുർബലമാവുന്നു. പ്രതിപക്ഷം ശക്തവും ഉത്തരവാദിത്തമുള്ളത് ആകുമ്പോൾ, ജനാധിപത്യം നിലനിൽക്കുന്നു.

പ്രതിപക്ഷത്തിൻ്റെ വെല്ലുവിളികളും ദോഷങ്ങളും

പ്രതിപക്ഷം അത്യാവശ്യമാണ്, എങ്കിലും അത് എല്ലായ്പ്പോഴും തെറ്റുകളില്ലാത്തതല്ല. പ്രതിപക്ഷത്തിൻ്റെ ദോഷങ്ങൾ വരുന്നത് ആശയത്തിൽ നിന്നല്ല, മറിച്ച് ഉത്തരവാദിത്തമില്ലാത്തതോ ഏറ്റുമുട്ടൽ സ്വഭാവമുള്ളതോ ആയ പ്രതിപക്ഷത്തിൽ നിന്നാണ്.

ചില പ്രശ്‌നങ്ങൾ ഇവയാണ്:

1. വെറുതെ തടസ്സപ്പെടുത്തുക: ചില പാർട്ടികൾ സർക്കാരിനെ ദുർബലപ്പെടുത്താൻ വേണ്ടി എല്ലാ കാര്യങ്ങളെയും എതിർത്തേക്കാം.
2. രാഷ്ട്രീയ അസ്ഥിരത: അമിതമായ വഴക്കുകളോ ഒത്തുതീർപ്പില്ലായ്മയോ വികസനത്തെ മന്ദഗതിയിലാക്കിയേക്കാം.
3. തെറ്റായ വിവര പ്രചാരണങ്ങൾ: പിന്തുണ നേടാൻ പ്രതിപക്ഷ ഗ്രൂപ്പുകൾ ചിലപ്പോൾ പെരുപ്പിച്ചു കാട്ടിയതോ തെറ്റായതോ ആയ കാര്യങ്ങൾ പ്രചരിപ്പിച്ചേക്കാം.
4. നയങ്ങൾ നടപ്പിലാക്കാൻ താമസം: അമിതമായ ചർച്ചകളോ പ്രതിഷേധങ്ങളോ പദ്ധതികളുടെ വേഗത കുറയ്ക്കും.

എങ്കിലും, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള കാരണങ്ങളല്ല ഇവ; പ്രതിപക്ഷത്തിൻ്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള കാരണങ്ങളാണ്. ഒരു ജനാധിപത്യത്തിന് ആവശ്യം വിനാശകരമായ പ്രതിപക്ഷമല്ല, മറിച്ചു ക്രിയാത്മകമായ പ്രതിപക്ഷമാണ്.

പല യൂറോപ്യൻ രാജ്യങ്ങൾ ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശ ഇൻഡക്സ്കളിൽ മുന്നിട്ടു നിൽക്കുന്നു. പലതും ജനസംഖ്യപരമായും വിസ്തീർണം നോക്കിയാലും ഇന്ത്യയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും ഈ ഇൻഡക്സ്കളിൽ അവർ മുന്നേറാൻ കാരണം അവിടുത്തെ ജനാധിപത്യ സ്ഥാപനങ്ങൾ മികച്ചതായത് കൊണ്ടാകണം. നമ്മളിൽ പലരും ഈ രാജ്യങ്ങളിൽ സ്ഥിര താമസമായി അവിടുത്തെ പൗരത്വം എടുക്കാൻ തന്നെ കാരണം അവിടുത്തെ ജനാധിപത്യ സ്ഥാപനങ്ങൾ മികച്ചതായത് കൊണ്ട് തന്നെയാവണം. ഈ രാജ്യങ്ങളിലെ നേതാക്കളുടെ പേരുകൾ പോലും നമുക്ക് അറിയില്ല, കാരണം അവിടെ വ്യക്തിക്ക് പ്രസക്തി ഇല്ല. അവരൊന്നും ലോക നേതാക്കൾ അല്ല. ജനാധിപത്യ സ്ഥാപനങ്ങൾ മികച്ചതാവാൻ സഹായിക്കുന്ന കാരണങ്ങൾ അവിടുത്തെ ഭരണഘടന/ ക്രിയാത്മക പ്രതിപക്ഷം എന്നിവയൊക്കെ ആണ്, അതോടൊപ്പം ജനങ്ങൾ ശീലിച്ച ഭരണഘടനാ ധാർമികത. ഇതാണ് ജ്ഞാനോദയം നേടിത്തുടങ്ങിയ ഒരു സമൂഹത്തിന്റെ ലക്ഷണം.

ഭരണാധികാരപ്രയോഗത്താൽ മനുഷ്യർ പീഢിപ്പിക്കപ്പെടാതിരിക്കാൻ ഇന്ന് ലഭ്യമായ ഏക മാർഗം, ജനങ്ങൾക്ക് ഭരണാധികാരികളെ കുറിച്ച് വിധി കല്പിക്കാനും അവരെ മാറ്റാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുക എന്നതാണ്. സർവാധിപത്യത്തെ ഒഴിവാക്കാൻ പര്യാപ്തമായ രാഷ്ട്രീയ സ്ഥാപനങ്ങളെ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാവണം ജനാധിപത്യത്തിന്റെ നയം. ഏറ്റവും നല്ല ഒരാളെ അധികാരത്തിൽ എത്തിക്കുക എന്നതല്ല യാഥാർഥ്യത്തിന് അനുസൃതമായ രീതി കാരണം അമിതാധികാരത്താൽ പിഴപ്പിക്കപ്പെടാത്ത മനുഷ്യൻ ഉണ്ടാകുക ഏതാണ്ട് അസാധ്യം തന്നെ. ഭരണാധികാരം ആർക്കായിരിക്കണം എന്ന ചോദ്യമല്ല ജനാധിപത്യവാദികൾ ചോദിക്കേണ്ടത്, മറിച്ച്‌ ചീത്തയോ കഴിവുകെട്ടതോ ആയ ഭരണാധികാരികൾക്ക് വലിയ അപകടങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത വിധത്തിൽ ജനാധിപത്യ സ്ഥാപനങ്ങളെ എങ്ങനെ ക്രമീകരിച്ചു പരിപാലിക്കാൻ സാധിക്കും എന്നതാകണം.

Loading