ദൈവകോപമെന്നും, മുജ്ജന്മപാപങ്ങൾക്കുള്ള ശിക്ഷയെന്നുമെല്ലാം കരുതി, എങ്ങനെ പ്രതിരോധിക്കണം എന്നുപോലും അറിയാതെ കാലങ്ങളായി മനുഷ്യരാശി ഒന്നാകെ പകച്ചുനിന്ന കൊലയാളി – വസൂരി എന്ന Smallpox. കാലങ്ങളുടെ സഹനങ്ങൾക്കും, തോൽവികൾക്കും ഒടുവിൽ മനുഷ്യവംശം തിരിച്ചടിക്കാൻ തീരുമാനിച്ചു, ശാസ്ത്രം എന്ന ശക്തമായ ആയുധത്തിന്റെ ബലത്തിൽ. കാലങ്ങളായി മനുഷ്യകുലത്തെ ഒന്നാകെ വേട്ടയാടിയ ആ കുഞ്ഞൻ വൈറസുമായുള്ള യുദ്ധത്തിന് ലോകത്ത് അന്നുവരെ ഇല്ലാതിരുന്ന ഒരു പുതിയ ആയുധം നൽകിയത് പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു – Dr. Edward Jenner. |
“Yours is the comfortable reflection that mankind can never forget that you have lived. Future nations will know by history only that the loathsome small-pox has existed and by you has been extirpated.” – Thomas Jefferson
മൂവായിരത്തോളം കൊല്ലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മഹാവ്യാധി. ഇടയ്ക്കിടെ വരികയും, ലോകത്തെ വിവിധ രാജ്യങ്ങളിലെ ജനക്കൂട്ടത്തിനിടയിൽ ആഞ്ഞടിക്കുകയും, ഒരുപാടുപേരുടെ ജീവനെടുക്കുകയും, അനേകംപേരെ അന്ധതപോലുള്ള ആജീവനാന്ത യാതനകളിലേക്കും തള്ളിവിട്ടുകൊണ്ടിരുന്ന ഒരു പകർച്ചവ്യാധി. ദൈവകോപമെന്നും, മുജ്ജന്മപാപങ്ങൾക്കുള്ള ശിക്ഷയെന്നുമെല്ലാം കരുതി, എങ്ങനെ പ്രതിരോധിക്കണം എന്നുപോലും അറിയാതെ കാലങ്ങളായി മനുഷ്യരാശി ഒന്നാകെ പകച്ചുനിന്ന കൊലയാളി – വസൂരി എന്ന Smallpox. കാലങ്ങളുടെ സഹനങ്ങൾക്കും, തോൽവികൾക്കും ഒടുവിൽ മനുഷ്യവംശം തിരിച്ചടിക്കാൻ തീരുമാനിച്ചു, ശാസ്ത്രം എന്ന ശക്തമായ ആയുധത്തിന്റെ ബലത്തിൽ. കാലങ്ങളായി മനുഷ്യകുലത്തെ ഒന്നാകെ വേട്ടയാടിയ ആ കുഞ്ഞൻ വൈറസുമായുള്ള യുദ്ധത്തിന് ലോകത്ത് അന്നുവരെ ഇല്ലാതിരുന്ന ഒരു പുതിയ ആയുധം നൽകിയത് പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ശാസ്ത്രജ്ഞനായിരുന്നു – Dr. Edward Jenner.
1749 ൽ ഇംഗ്ലണ്ടിലെ Berkeley യിലാണ് എഡ്വേർഡ് ജെന്നർ ജനിച്ചത്. ആ ഗ്രാമത്തിലെ വികാരിയായിരുന്ന Reverend സ്റ്റീഫൻ ജെന്നറിന്റെ ഒൻപത് മക്കളിൽ ഏട്ടാമനായി. ഒൻപതാമത്തെ കുട്ടിയുടെ ജനനത്തോടെ എഡ്വേർഡ് ജെന്നറിന്റെ അമ്മയും, അധികം താമസിയാതെ അച്ഛനും മരണമടഞ്ഞു. സഹോദരിമാരുടെ മേൽനോട്ടത്തിൽ വളർന്ന അവന് നന്നേ ചെറുപ്പത്തിൽ തന്നെ ഫോസിലുകളും മറ്റും ശേഖരിക്കുന്നതിൽ താല്പര്യമുണ്ടായിരുന്നു. അന്ന് കാലത്ത് വസൂരി എന്നത് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗംമായിരുന്നു. വസൂരിയുടെ യഥാർത്ഥ കാരണം വ്യക്തമല്ലായിരുന്നതിന്നാൽത്തന്നെ മനുഷ്യർ സഞ്ചരിച്ചിടത്തൊക്കെ വസൂരിയും ഒപ്പം പടർന്നുപിടിച്ചുകൊണ്ടിരുന്നു.
Variola Major, Variola Minor എന്നീ വൈറസുകൾ ആയിരുന്നു പ്രധാനമായും വസൂരി പടർത്തിയിരുന്നത്. വൈറസ് അടങ്ങിയ Droplets ശ്വസിക്കുന്നത് വഴി ശരീരത്തിൽ പ്രവേശിച്ചശേഷമാണ് രോഗം വ്യാപിച്ചിരുന്നത്. അതോടെ ദേഹമാസകലം കുരുക്കൽപോലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നതായിരുന്നു പ്രധാന ലക്ഷണം. മുപ്പത് ശതമാനം രോഗികളും മരണപ്പെടുകയായിരുന്നു പതിവ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളായിരുന്നു പ്രധാന ഇരകൾ. അതോടൊപ്പം, അതിജീവിക്കുന്ന ഒരുപാട് ആളുകളിൽ അന്ധത പോലുള്ള വൈകല്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടായിരുന്നു രോഗം പിൻവാങ്ങിയിരുന്നത്. ഇതിനെക്കുറിച്ച് വ്യകതമായൊന്നും അറിയാതെ കാലങ്ങളോളം ഇരുട്ടിൽ തപ്പിയിരുന്ന മനുഷ്യർക്ക് എന്ത് ചെയ്യണമെന്ന് യാതൊരു രൂപവുമില്ലായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ രോഗം ഒഴിവാക്കാനുള്ള വെപ്രാളത്തിൽ പല കാലഘട്ടത്തിലായി, പലരുടെയും നിരീക്ഷണങ്ങളുടെ ബലത്തിൽ, പല ചികിത്സാരീതികളും കണ്ടുപിടിക്കപ്പെട്ടു. പലതും (അട്ടയെക്കൊണ്ട് രക്തം ‘ശുദ്ധീകരിക്കുന്ന’ രീതിയും, ഛർദ്ദിപ്പിക്കലും പോലുള്ള പ്രാകൃത കപട ചികിത്സകളും മറ്റും!) വിഫലമായിരുന്നു. ആക്കൂട്ടത്തിൽ അല്പമെങ്കിലും ആശ്വാസം നൽകിയിരുന്ന രീതിയായിരുന്നു Variolation.
പ്രധാനമായും രണ്ടുതരത്തിലായിരുന്നു Variolation നടത്തിയിരുന്നത്. ഒരിക്കൽ വസൂരി ബാധിച്ച ആളുകളുടെ ദേഹത്തെ കുരുക്കളിൽനിന്നുള്ള പദാർത്ഥം ആരോഗ്യവാനായ വ്യക്തിയുടെ മൂക്കിലൂടെ ഊതികയറ്റുന്ന രീതി. അത് പക്ഷെ രോഗപ്രതിരോധത്തേക്കാളേറെ രോഗബാധയുണ്ടാക്കാൻ സാധ്യത കൂടിയ രീതിയായിരുന്നു. അതേസമയം തൊലിയിൽ ഒരു ചെറിയ മുറിവുണ്ടാക്കിയ ശേഷം കുരുക്കളിൽ നിന്നുള്ള പദാർത്ഥം അവിടെ തേച്ചുപിടിപ്പിക്കുന്ന രാണ്ടാമത്തെ രീതിയായിരുന്നു താരതമ്യേന സുരക്ഷിതം. തൊലിയിലൂടെയുള്ള പാത വൈറസിന്റെ സ്വാഭാവിക വഴിയല്ലാത്തതിനാൽ ആളുകൾ ഈ രീതിയിലുള്ള Variolation മൂലം രോഗികളാവാനുള്ള സാധ്യത തുലോം കുറവായിരുന്നു. ഒപ്പം അകത്തുചെല്ലുന്ന പദാർത്ഥം കുറഞ്ഞ അളവിൽ ആയതിനാൽ തന്നെ രോഗിയാവുന്നതിനേക്കാൾ, ശരീരം രോഗത്തിനെതിരെയുള്ള പ്രതിരോധം ഉണ്ടാക്കിയെടുക്കാനായിരുന്നു സാധ്യത. എങ്കിൽപോലും അതൊരു കാര്യക്ഷമമായ രീതിയായിരുന്നില്ല. കാരണം Variolation നടത്തിയവരിലും, കുത്തിവയ്ക്കുന്നത് അതെ രോഗാണുവിനെ തന്നെ ആയിരുന്നതിനാൽ, അവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഏറിയും കുറഞ്ഞും വസൂരി വന്നുപോയിരുന്നു. അതിനാൽത്തന്നെ രോഗത്തെ ഒഴിവാക്കുന്നതിൽ ഈ രീതിയും ഒരർത്ഥത്തിൽ പരാജയമായിരുന്നു.
ജെന്നറിന്റെ കുട്ടിക്കാലത്ത് അന്നുള്ള മറ്റ് കുട്ടികളെപ്പോലെ അവനും Variolation ന് വിധേയനായിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ജെന്നർക്ക് കുറേക്കാലത്തേക്ക് വസൂരിക്കെതിരെ പ്രതിരോധശേഷി ലഭിച്ചു. തന്റെ പതിനാലാം വയസ്സിൽ അവൻ ഒരു ഡോക്ടർ ആകാൻവേണ്ടിയുള്ള വിദ്യാഭ്യാസം ആരംഭിച്ചു. അതിനായി Daniel Ludlow എന്ന Surgeon ന്റെ കീഴിൽ അപ്രെന്റിസ് ആയി ചേർന്നു. അങ്ങനെ ഏകദേശം ഏഴോളം വർഷത്തെ പരിശീലനത്തിനോടുവിൽ ഒരു Surgeon ആവാനായുള്ള അറിവും പരിചയവും കരസ്ഥമാക്കി. ഈ കാലയളവിൽ എപ്പോഴോ ജെന്നർ വസൂരിയും Cowpox ഉം തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങൾ നടത്തിയതായി പറയപ്പെടുന്നു (ജെന്നറുടെ ഒരു സുഹൃത്ത് പിന്നീടെഴുതിയ ഒരു കത്തിൽ ഇതെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നു). 1768 ൽ John Fewster എന്ന ഒരു Surgeon ഡോക്ടർമാരുടെ ഒരു അനൗദ്യോഗിക മീറ്റിംഗിൽ വച്ച്, ഫാമുകളിൽ ജോലിചെയ്തിരുന്ന, Cowpox ബാധിച്ച പശുക്കളിൽനിന്നും തങ്ങളിലേക്ക് അതേ രോഗം ബാധിച്ച ചില കറവക്കാരികളായ സ്ത്രീകളെക്കുറിച്ച് നടത്തിയ പരാമർശം പിന്നീടെപ്പോഴോ ജെന്നറും കേൾക്കാനിടയായി. മറ്റുള്ളവർക്ക് വസൂരി ബാധിച്ചപ്പോൾ ആ സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും രോഗബാധയുണ്ടായില്ല എന്ന സംഗതി മറ്റുള്ളവരെപ്പോലെ ജെന്നർക്കും രസകരമായി തോന്നി. പക്ഷെ ജെന്നർ അടക്കം ആരും ആ സംഗതി അന്ന് കാര്യമായ തുടർ പഠനങ്ങൾക്കോ പരീക്ഷണങ്ങൾക്കോ വിധേയമാക്കിയില്ല എന്നതും ശ്രദ്ധേയമാണ്.
തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ജെന്നർ Surgery യും Anatomy യും പഠിച്ചെടുക്കാനായി John Hunter എന്ന ഡോക്ടറുടെയൊപ്പം ലണ്ടനിൽ പരിശീലനം ആരംഭിച്ചു. പിന്നീട് പഠനത്തിനും പരിശീലനത്തിനും ഒടുവിൽ ജെന്നർ തന്റെ ഗ്രാമമായ Berkeley യിലേക്ക് മടങ്ങി. അവിടെ ഒരേസമയം ഒരു ഡോക്ടറായും ഒഴിവുസമയങ്ങളിൽ ശാസ്ത്രഗവേഷകനായും കഴിഞ്ഞുകൂടി. ദേശാടന പക്ഷികളും, Cuckoo പക്ഷിയുടെ ജീവിതരീതികളുമെല്ലാം ആയിരുന്നു പ്രധാന പഠന വിഷയങ്ങൾ. ഒപ്പം ഒരു കവി കൂടിയായിരുന്നു അദ്ദേഹം. പലപ്പോഴായി നാട് വിട്ട് പുറമെയുള്ള സ്ഥലങ്ങളിൽ പോയി ഡോക്ടറായി ജോലിയടുക്കാനുള്ള പല അവസരങ്ങളും ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിൽ തന്നെ ഒതുങ്ങിക്കൂടിയ വ്യക്തിയായിരുന്നു ജെന്നർ. 1788 – 89 കാലയളവിൽ Cuckoo പക്ഷിയുടെ ജീവിതരീതിയെക്കുറിച്ചുള്ള പഠനം പബ്ലിഷ് ചെയ്തതിന്റെ പിന്നാലെ ജെന്നർ Royal Society യിലെ ഒരു Fellow ആയി തിരഞ്ഞെടുക്കപ്പെട്ടു.
തന്റെ ഗ്രാമത്തിലെ മെഡിക്കൽ പ്രാക്ടീസിനിടക്ക് പലപ്പോഴായി നടത്തിയ നിരീക്ഷണങ്ങളിലൂടെ മുൻപ് കേട്ട അതേ ആശയം വീണ്ടും ശക്തമായി ജെന്നറിന്റെ ഉള്ളിൽ ഉദയം ചെയ്തു – Cowpox ബാധിച്ച പാൽക്കാരികളിൽ വലിയൊരു വിഭാഗവും വസൂരിയോട് പ്രതിരോധം നേടിയവരാണെന്ന വസ്തുത. Cowpox ബാധിച്ചവരിൽ ഉണ്ടായായിരുന്ന കുരുക്കളിൽ അടങ്ങിയ പാദാർത്ഥത്തിൽ ഉള്ള എന്തോ ഒന്ന് ആ സ്ത്രീകൾക്ക് രോഗപ്രതിരോധം നൽക്കുന്നതാവണം അതിന്റെ കാരണമെന്ന് ജെന്നർ അനുമാനിച്ചു. ഇപ്രാവശ്യം പക്ഷെ മുൻപത്തെപ്പോലെ ആ സംഗതി വിട്ടുകളയാൻ ജെന്നർ തയ്യാറായില്ല. പകരം അതിനെക്കുറിച്ച് വിശദമായി പഠിക്കാനും, ഒരു പടിക്കൂടി കടന്ന് തന്റെ സിദ്ധാന്തം പരീക്ഷണവിധേയമാക്കാനും അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് Cowpox ബാധിച്ച Sarah Nelmes എന്ന പാൽക്കാരിയെയാണ്. 1796 മെയ് 14 ന് തന്റെ വീട്ടിലെ തോട്ടക്കാരന്റെ മകനായ James Phipps എന്ന എട്ടുവയസ്സുകാരനെ തന്റെ ആദ്യ പരീക്ഷണവസ്തുവാക്കാൻ ജെന്നർ തീരുമാനിച്ചു. മനുഷ്യവംശത്തിന്റെ തന്നെ ഗതി മാറ്റിമറിക്കാൻ പോകുന്ന ഒരു ചരിത്ര ദൗത്യം ആ ബാലനിൽ നിക്ഷിപ്തമായി എന്നുവേണം പറയാൻ. സാറയുടെ Cowpox വ്രണത്തിൽ നിന്നും എടുത്ത ദ്രാവകം ജെയിംസിന്റെ കയ്യിൽ ഉണ്ടാക്കിയ ഒരു ചെറിയ മുറിവിലൂടെ ജെന്നർ Inoculate ചെയ്തു – ചരിത്രത്തിലെ ആദ്യത്തെ വാക്‌സിനേഷൻ.
James Phipps ന്റെ മെഡിക്കൽ ഹിസ്റ്ററി ജെന്നിറിന് വ്യക്തമായി അറിയാമായിരുന്നു എന്നത് ഒരു നേട്ടമായിരുന്നു. കാരണം വാക്‌സിനേഷൻ പ്രവർത്തിക്കണമെങ്കിൽ ജെയിംസിന് മുൻപൊരിക്കലും വസൂരി വരികയോ അതുവഴി സ്വഭാവികമായ പ്രതിരോധം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നത് അത്യാവശ്യമായിരുന്നു (അതാണ് ശാസ്ത്രത്തിന്റെ രീതി, പ്രതിരോധശേഷി വാക്‌സിനേഷൻ കൊണ്ട് മാത്രം കിട്ടിയതാണെന്ന് കൃത്യമായി ഉറപ്പുവരുത്താൻ ശ്രമിച്ച ജന്നറുടെ രീതി). പിന്നീടുള്ള ദിവസങ്ങൾ ക്ഷമയോടെയുള്ള കാത്തിരിപ്പിന്റേതായിരുന്നു. വാക്‌സിനേഷന് ശേഷം ജെയിംസിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കാനും പഠിക്കാനുമുള്ള കാലയളവായിരുന്നു ജെന്നർക്ക് ആ ദിനങ്ങൾ. ഏകദേശം ഒൻപത് ദിവസം കഴിഞ്ഞപ്പോൾ ജെയിംസിന് ചെറിയ പനി അനുഭവപ്പെട്ടു. അത് വളരെ വേഗം തന്നെ വിട്ടുമാറി. കാര്യമായ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടതുമില്ല. ഒടുവിൽ രണ്ടാഴ്ചകൾക്ക് ശേഷം ജെയിംസ് എന്ന ആ എട്ടുവയസ്സുകാരന് രോഗപ്രതിരോധം ലഭിച്ചുവോ എന്ന് അറിയാനായി ജെന്നർ അവനെ Smallpox കുരുക്കളിൽ നിന്നുള്ള ദ്രാവാകമുപയോഗിച്ച് Variolation ന് വിധേയമാക്കി. Variolation ന് ശേഷവും ജെയിംസിന് വസൂരിയുടെ ഒരു ലക്ഷണം പോലും ഉണ്ടായില്ല എന്ന് കണ്ട ജെന്നർ ആവേശഭരിതനായി. തന്റെ വാക്‌സിനേഷൻ എന്ന ആ പുതിയ സമ്പ്രദായം വിജയം കണ്ടിരിക്കുന്നു എന്നത് ശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലയിരുന്നു എന്നത് അന്നേരം ജെന്നറിന് അറിയില്ലായിരുന്നെകിലും അദ്ദേഹം ആഹ്ലാദഭരിതനായിരുന്നു, തന്റെ സിദ്ധാന്തം തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ.
തന്റെ ഈ കണ്ടെത്തലുകൾ അദ്ദേഹം Royal Society ക്ക് അയച്ചുകൊടുത്തെങ്കിലും അവർ അത് തിരസ്കരിക്കുകയാണ് ഉണ്ടായത്. ഡാറ്റയുടെ അഭാവം മൂലം പലരും ഈ കണ്ടെത്തൽ വിശ്വസിക്കാൻ കൂട്ടാക്കിയില്ല എന്നതുതന്നെ കാരണം. ഏത് കണ്ടുപിടിത്തവും ശാസ്ത്രീയമാക്കാനുള്ള പ്രധാന പടിയെന്നത് പരീക്ഷണ-നിരീക്ഷണങ്ങളാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നത് ഒരിക്കൽ കിട്ടിയ പരീക്ഷഫലങ്ങൾ ആവർത്തിക്കാൻ സാധിക്കുക എന്നതും. ആദ്യഫലം യാദൃച്ഛികമല്ല എന്ന് ഉറപ്പുവരുത്താനാണ് അത്. അതിനാൽതന്നെ കൂടുതൽ പരീക്ഷണങ്ങളിലൂടെ അനിഷേധ്യമായ തെളിവുകൾ ശേഖരിക്കുക എന്നതായിരുന്നു ഏക പോംവഴി. അതിനായി ജെന്നർ തന്റെ വാക്‌സിനേഷൻ പരീക്ഷണം തുടരാൻ തീരുമാനിച്ചു. അന്നേരം അദ്ദേഹം നേരിട്ട പ്രധാന തടസ്സം ആവശ്യത്തിന് Cowpox പാദാർത്ഥത്തിന്റെ ക്ഷാമമായിരുന്നു. അതുകൊണ്ട് ആദ്യഘട്ടത്തിൽ ജെന്നർ Cowpox ന് പകരം Horsepox ആണ് ഉപയോഗിച്ചത്. പക്ഷെ അധികം താമസിയാതെതന്നെ ആ പ്രദേശത്തുള്ള ഫാമിൽ Cowpox പടർന്നുപിടിച്ചതോടെ ജെന്നർക്ക് ആവശ്യത്തിന് പരീക്ഷണ പാദാർത്ഥം ലഭിച്ചു. അതോടെ ചെറിയ ഒരു വാക്‌സിനേഷൻ പ്രോഗ്രാം തന്നെ ആരംഭിക്കാൻ ജെന്നർ തീരുമാനിച്ചു. ജെന്നർ ഒരേസമയം പശുക്കളിൽ നിന്നും ഒപ്പം മനുഷ്യരിൽനിന്നുമുള്ള Cowpox ഉപയോഗിച്ച് ആളുകളിൽ ഫലപ്രദമായി വാക്‌സിനേഷൻ നടത്തി. ഏകദേശം 23 ഓളം ആളുകളിൽ അദ്ദേഹം ഈ വാക്‌സിനേഷൻ പരീക്ഷണം വിജയകരമായി നടപ്പാക്കി. അങ്ങനെ പഠനത്തിന്റെ അടുത്തഘട്ടം എന്നോണം തന്റെ പരീക്ഷണഫലങ്ങൾ പ്രസിദ്ധീകരിക്കാൻ ജെന്നർ തയ്യാറെടുത്തു.
1798 ൽ ജെന്നർ തന്റെ 23 വാക്‌സിനേഷനുകളുടെയും വിശദവിവരങ്ങൾ ഒരു ചെറിയ പുസ്തകമാക്കി ഒരു സ്വകാര്യ പ്രസാധകൻ വഴി പ്രസിദ്ധീകരിച്ചു. ‘An Inquiry into the Causes and Effects of the Variolae Vaccinae, a disease discovered in some of the western counties of England, particularly Gloucestershire and Known by the Name of Cow Pox ‘ എന്നായിരുന്നു ആ ബുക്‌ലെറ്റിന്റെ പേര്. അതുവരെയുള്ള മെഡിക്കൽ ഹിസ്റ്ററിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലൊന്ന്. തന്റെ ഈ കണ്ടെത്തൽകൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഉപകാരം ഉണ്ടാവണമെങ്കിൽ കൂടുതൽ ആളുകളിലേക്ക് അത് എത്തണമായിരുന്നു. തന്റെ വാക്‌സിനേഷൻ സ്വീകരിക്കാൻ വോളണ്ടിയർമാരെ അന്വേഷിച്ച് ജെന്നർ ലണ്ടനിലേക്ക് പുറപ്പെട്ടു. കുറേ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് ആരെയും കണ്ടെത്താനായില്ല. അതേസമയം ലണ്ടനിലെ Henry Cline എന്ന Surgeon, മുൻപ് ജെന്നറിൽ നിന്ന് തന്നെ ലഭിച്ച inoculant ഉപോയോഗിച്ച് നടത്തിയ വാക്‌സിനേഷനുകൾ വിജയകരമായി മാറിയിരുന്നു. ജെന്നർക്ക് സാധിക്കാത്തത് Cline നെപോലുള്ളവർ നടപ്പാക്കി. അതോടെ വാക്‌സിനേഷന് മെല്ലെ ജനപ്രീതി കൈവരാൻ തുടങ്ങി. അതിനുപിന്നാലെ London Smallpox and Inoculation Hospital ലിലെ William Woodville എന്ന ഡോക്ടറും വാക്‌സിനേഷൻ ചിലയാളുകളിൽ വാക്‌സിനേഷൻ നടത്തി. ഏകദേശം 600 ഓളം പേരിൽ നടത്തിയ ഈ പരീക്ഷണമായിരുന്നു അതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ Clinical Trial. അതോടെ വാക്‌സിനേഷന്റെ തെളിവുകൾ അനിഷേധ്യമായി മാറി.
വാക്‌സിനേഷൻ എന്ന തന്റെ കണ്ടുപിടുത്തതിന് സ്വീകാര്യത വർധിച്ചുവന്നെങ്കിലും ഒരിക്കൽപോലും അതിന് Patent എടുക്കാൻ ജെന്നർ ശ്രമിച്ചില്ല. തന്റെ കണ്ടുപിടുത്തം ലോകത്തിന് ഉപകാരപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. വൈകാതെ യൂറോപ്പ് മുഴുവൻ Smallpox വാക്‌സിനേഷന്റെ വിജയകഥകൾ പ്രചരിച്ചുതുടങ്ങി. യൂറോപ്പിൽ അങ്ങിങ്ങായി ധാരാളം വാക്‌സിനേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കപ്പെട്ടു. ആ അനുകൂലസാഹചര്യം പ്രയോജനപ്പെടുത്താൻതന്നെ അദ്ദേഹം തീരുമാനിച്ചു. അമേരിക്ക, ചൈന തുടങ്ങിയ നിരവധി സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ജെന്നർ വാക്‌സിനേഷൻ ഡ്രൈവുകൾ നടപ്പാക്കി. ബ്രിട്ടനുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന നെപ്പോളിയൻ ബൊണാപ്പാർട്ട് വാക്‌സിനേഷന്റെ പ്രാധാന്യം മനസ്സിലാക്കി തന്റെ സൈനികർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുകയുണ്ടായി. ജെന്നറോടുള്ള ബഹുമാനാർത്ഥം, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം രണ്ട് ബ്രിട്ടീഷ് യുദ്ധതടവുകാരെ നെപ്പോളിയൻ വെറുതെവിടുകയുമുണ്ടായി. “മാനവരാശിയുടെ നിലനിൽപ്പിന് ഏറ്റവും വലിയ സംഭാവന നൽകിയ ആൾ” എന്നായിരുന്നു നെപ്പോളിയൻ ജെന്നറെ വിശേഷിപ്പിച്ചത്.
പിന്നീട് ജെന്നറിന്റെ മരണാനന്തരം, ഒരുപാട് വർഷങ്ങൾക്ക് ശേഷം, 1959 ൽ ലോകാരോഗ്യ സംഘടന ഈ ഭൂമുഖത്തുനിന്നും വസൂരിയെ തുടച്ചുനീക്കാനായി Global Smallpox Eradication Program ന് തുടക്കം കുറിച്ചു. 1975 ൽ ബംഗ്ലാദേശിൽനിന്നുള്ള Rahima Banu ആയിരുന്നു Variola Major മൂലമുള്ള അവസാന വസൂരി രോഗി. 1977 ൽ സോമാലിയയിൽ നിന്നുള്ള Ali Maow Maalin ആയിരുന്നു Variola Minor മൂലമുള്ള അവസാന രോഗി. അങ്ങനെ ജെന്നറിന്റെ ആഗ്രഹം പോലെത്തന്നെ ആദ്യ വാക്‌സിനേഷന്റെ രണ്ട് നൂറ്റാണ്ട് ഇപ്പുറം 1980 ൽ ലോകാരോഗ്യ സംഘടന ഈ ലോകത്തേ വസൂരിമുക്തമായി പ്രഖ്യാപിച്ചു. ജെന്നർ ലോകത്തിന് സംഭാവന നൽകിയത് വസൂരിക്ക് എതിരെ മാത്രമുള്ള പ്രതിരോധമല്ല, മറിച്ച് ഇതുവരെ വന്നതും ഇനി വരാനിരിക്കുന്നതുമായ പലവിധ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള പുതിയൊരു സാങ്കേതികവിദ്യകൂടിയാണ്. ലോകമുള്ളിടത്തോളം, മനുഷ്യരുള്ളിടത്തോളം എഡ്വേർഡ് ജെന്നർ എന്ന പേര് നമ്മുടെ ഓർമകളിൽ തിളങ്ങി നിൽക്കും….
References :
Edward Jenner : https://en.wikipedia.org/wiki/Edward_Jenner
Edward Jenner and the History of Smallpox and Vaccination : https://www.ncbi.nlm.nih.gov/pmc/articles/PMC1200696/
Edward Jenner – Vaccine Clerk to the World (Documentary)
Life and Legacy of Dr. Edward Jenner – Dr. Tim Wallington (Gresham College Lecture)