കർക്കിടകത്തിൽ മുരിങ്ങക്ക് കയ്‌പ്പുണ്ടാകുമോ എന്നറിയില്ലെങ്കിലും, അങ്ങിനെ ഉണ്ടാകുന്നുണ്ടെങ്കിൽ അതിൽ അസംഭവ്യതയൊന്നുമില്ല.
പരിണാമപരമായി നോക്കിയാല്‍ ശത്രുക്കള്‍ക്കെതിരെ മൃഗങ്ങളെക്കാള്‍ ശക്തിയായി തിരിച്ചടിക്കാന്‍ സാധ്യത കൂടുതല്‍ ചെടികളാണ്. (അവയ്ക്ക് മൃഗങ്ങളെപ്പോലെ ഓടി രക്ഷപ്പെടാനാവില്ലല്ലോ.) അപ്പോൾ സ്വയം രക്ഷക്ക് അവ വിഷം ഉല്‍പ്പാദിപ്പിക്കും. പുതിയ നാമ്പുകളാണ് ചെടിക്ക് കൂടുതല്‍ പ്രധാനപ്പെട്ടത് എന്നതുകൊണ്ട് തളിരിലകള്‍ കൂടുതല്‍ വിഷം ഉല്‍പ്പാദിപ്പിക്കാം. ദുസ്സ്വാദ്, കൈപ്പ് മുതല്‍ വല്ല വയറു വേദന ചര്‍ദ്ദി വരെ എന്തും ആകാം ഈ വിഷബാധയുടെ ലക്ഷണങ്ങള്‍. ചത്ത് പോകണം എന്നൊന്നുമില്ല. കഴിക്കുന്ന മൃഗത്തിന് അസ്വസ്ഥത ഉണ്ടാക്കുക എന്നതല്ലാതെ കൊല്ലണം എന്ന നിര്‍ബന്ധം ചെടിക്കുമില്ല. (വിഷം ഉത്പാദിപ്പിക്കാനും ചെടിക്ക് ചെലവുണ്ട്. മിനിമം ചെലവില്‍ കാര്യം നടത്താനേ ചെടി നോക്കൂ.) സസ്യ ലോകത്ത് ധാരാളം ഉദാഹരണങ്ങളുണ്ട്. ഉരുളക്കിഴങ്ങ് വിഷമല്ലെങ്കിലും, മുള വന്ന ഉരുളക്കിഴങ്ങ് വിഷമാണ്. ചെടി ഉല്‍പ്പാദിപ്പിക്കുന്ന വിഷമാണ് നമ്മള്‍ക്ക് വേണ്ടതെങ്കില്‍ നമ്മള്‍ തളിരിലകള്‍ ഉപയോഗിക്കും (ഉദാ: തേയില). മഴക്കാലത്ത് ചെടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇലകളില്‍ വിഷാംശം ( ‘കട്ട്’ എന്ന് നാടന്‍ ഭാഷ) കൂടുതല്‍ ഉണ്ടാകുക അസംഭവ്യമൊന്നുമല്ല. മഴക്കാലത്ത് മുരിങ്ങയുടെ ഇലക്ക് കട്ടുണ്ടാകുക എന്നത് അസംഭവ്യമൊന്നുമല്ല.
നമ്മുടെ പൂര്‍വികര്‍ മഹാ ബുദ്ധിമാന്മാരായിരുന്നു എന്ന അന്ധവിശ്വാസത്തിന്റെ മറുപുറമാണ് അവര്‍ വെറും വിഡ്ഢികള്‍ ആയിരുന്നു എന്നതും. ചില പ്രത്യേക സമയങ്ങളില്‍ ചില ഇലകള്‍ (ഇവിടെ മുരിങ്ങയില) കഴിക്കുന്നത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും എന്ന് കണ്ടെത്താല്‍ അത്ര ബുദ്ധിയൊന്നും വേണ്ട താനും.
മുരിങ്ങ കിണർ വെള്ളം ശുദ്ധീകരിക്കും എന്നതൊക്കെ വിഡ്ഢിത്തമാകാനാണ് സാധ്യത. അത് ഏതോ “ശാസ്ത്രജ്ഞൻ” പൂർവ്വികർ അതിബുദ്ധിമാന്മാരായിരുന്നു എന്നു കാണിക്കാൻ സ്വന്തം അല്പ ബുദ്ധിയുടെ നിലവാരത്തിൽ ഒരു തോന്നിയ ഒരു കഥ ഉണ്ടാക്കിയതാകാം ഈ കിണർ കഥ.
അപ്പോൾ മറ്റു ഇലകൾക്കൊന്നും ഈ പ്രശ്‌നമില്ലല്ലോ, കർക്കിടകത്തിൽ തന്നെ വേറെ പത്തിലകൾ കഴിക്കുന്നുണ്ടല്ലോ എന്നൊക്കെ സംശയം തോന്നാം. അതിന്റെ മറുപടി കൂടി പറയാം.
ഒരു ജീവിയുടെ (മൃഗമോ, സസ്യമോ ആകാം) ജൈവീക ധർമ്മം എന്നു പറയുന്നത് ശത്രുക്കളെ വെട്ടിച്ച് അടുത്ത തലമുറ ഉണ്ടാക്കി ജനിതകദ്രവ്യം കൈമാറുക എന്നതാണ്. ഈ ലക്‌ഷ്യം രണ്ടു രീതിയിൽ നേടാം. ചുരുങ്ങിയ സമയം കൊണ്ട് വളർന്ന്, പ്രായപൂർത്തിയെത്തി അടുത്ത തലമുറയെ ഉണ്ടാക്കി പണിയവസാനിപ്പിക്കുക. ഈ സ്ട്രെറ്റർജി പ്രകാരം ശത്രുക്കളെ നേരിടാനുള്ള വിഷമൊക്കെ ഉണ്ടാക്കുന്നത് ദുഷ്‌ചിലവാണ്. ആ എനർജി കൂടി വളരാനായി ഉപയോഗിക്കാം. ഈ താളും, തകരയുമൊക്കെ ആ മാർഗ്ഗമാണ് സ്വീകരിക്കുന്നത്. “ഇന്നലെ പെയ്ത മഴയ്ക്ക് കുരുത്ത തകര” എന്നു കേട്ടിട്ടില്ലേ? ഒരു വർഷത്തിനുള്ളിൽ ജനനവും, പ്രായപൂർത്തിയും,പ്രതുല്പാദനവുമൊക്കെ തീരും. രണ്ടാമത്തെ മാർഗ്ഗം സാവധാനം വർഷങ്ങളെടുത്ത് വളർന്ന് വർഷങ്ങളോളം പ്രത്യുത്പാദനം നടത്തി ജീവിക്കുക. അത്തരം ചെടികൾക്ക് വിഷങ്ങൾ കൊണ്ട് പ്രയോജനമുണ്ട്.