‘ഒരു മതഗ്രന്ഥത്തില്‍ നിന്ന് സാരാംശം കണ്ടെത്താനുളള ശ്രമത്തെ മധുരവും പുളിയും ചവര്‍പ്പും രസങ്ങളിലുളള വിവിധ ഫലങ്ങള്‍ ഇടകലര്‍ത്തിയ ഒരു കപ്പ് ‘ഫ്രൂട്ട് മിക്‌സി’ല്‍ നിന്ന് പൊതുവായ ഒരു രസം തേടുന്നതുപോലെ വ്യര്‍ത്ഥമായിരിക്കും. പലകാലങ്ങളില്‍ പലവിധ മരങ്ങള്‍ മുളച്ചുവളര്‍ന്നു തിടംവച്ച വനത്തില്‍ ഒരു പ്രത്യേക മരത്തെ കണ്ടെത്തി അതില്‍ കാടിന്റെ അസ്തിത്വം ആരോപിക്കുന്നതുപോലെ വ്യര്‍ത്ഥമാണ് അത്. ഗ്രന്ഥങ്ങളുടെ അവസ്ഥ ഇങ്ങനെയാണെന്നിരിക്കെ മതത്തിന്റെ പ്രകടതലമായ ആചാരാനുഷ്ഠാനങ്ങളില്‍ എന്തെങ്കിലും പൊതുവായ മൂല്യം അന്തര്‍ലീനയമായുണ്ടോ? ക്രിസ്തുമതം സ്‌നേഹത്തിന്റെയും ഇസ്ലാം സാഹോദര്യത്തിന്റെയും ഹിന്ദു സഹിഷ്ണുതയുടെയും മതമാണെന്ന പൊതുധാരണ എത്രത്തോളം സത്യമാണ്.’- കുരീപ്പുഴ വിന്‍സെന്റ് എഴുതിയ വീഞ്ഞുപാത്രത്തിലെ രക്തത്തുള്ളികൾ എന്ന പുസ്തകം പരിചയപ്പെടുത്തുന്നു. |
മത സാരാംശം എന്ന മിഥ്യ
ഒന്നൊന്നായ് റദ്ദുചെയ്യപ്പെട്ടാല്‍ നാമാവശേഷമാകുന്ന, ആചാരാനുഷ്ഠാനങ്ങളുടെ സമന്വയമാണ് മതമെങ്കില്‍, മതത്തിന്റെ സാരാംശംമെന്ന് വിവക്ഷിക്കുന്നത് മതസാഹിത്യം അഥവാ മതഗ്രന്ഥം ആണെന്നു വ്യക്തം. ഒരു ഗ്രന്ഥത്തിന്റെ തത്വം അഥവാ സാരാംശം എന്നാല്‍ എന്താണ് ? ഉദാഹരണത്തിന് മലയാളത്തിലെ വിഖ്യാത നോവലായ ‘ഖസാക്കിന്റെ ഇതിഹാസ’മെടുത്താല്‍, രവി എന്ന കഥാപാത്രത്തിന്റെ സ്വയംകൃതമായ പാപബോധവും ജൈവീകാസക്തിയും തമ്മിലുളള സംഘര്‍ഷത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന അസ്തിത്വവ്യഥയും, അനിവാര്യമായ മൃത്യു ആസക്തിയുമാണ് ഈ കൃതിയുടെ കാതല്‍ എന്ന് പറയാം. ദുരന്തപര്യവസാനിയായ ആ നോവലിന്റെ ഭാവം ശോകമാണ്. ആദ്യമധ്യാന്ത ശ്രേണിയില്‍ ഏകീകൃതമായ ഘടനയും കഥാതന്തുവും വ്യക്തിത്വമുളള കഥാപാത്രങ്ങളും ഒക്കെച്ചേര്‍ന്ന ഒരു കൃതിയില്‍ നിന്നു മാത്രമേ കാതല്‍ അഥവാ സാരാംശം വേര്‍തിരിച്ചെടുക്കാന്‍ കഴിയുകയുളളു. പ്രമേയബദ്ധതയില്ലാതെ ചിതറിക്കിടക്കുന്ന നിരവധി കഥകളുടെ സമാഹാരമായ കൃതിയില്‍ നിന്ന് ലഭിക്കുക ഒരു സാരാംശമാകില്ല. പകരം പരസ്പര ബന്ധമില്ലാത്ത നിരവധി സാരാംശങ്ങളാവും.
പരസ്പരവിരുദ്ധമായ കഥകളും ശിഥിലമായ ഘടനയുമുളള ഒരു മതഗ്രന്ഥത്തില്‍ നിന്ന് സാരാംശം കണ്ടെത്താനുളള ശ്രമത്തെ മധുരവും പുളിയും ചവര്‍പ്പും രസങ്ങളിലുളള വിവിധ ഫലങ്ങള്‍ ഇടകലര്‍ത്തിയ ഒരു കപ്പ് ‘ഫ്രൂട്ട് മിക്‌സി’ല്‍ നിന്ന് പൊതുവായ ഒരു രസം തേടുന്നതുപോലെ വ്യര്‍ത്ഥമായിരിക്കും. മതഗ്രന്ഥങ്ങളിലെ സാരാംശം ഒരു മിഥ്യയാണ് എന്ന വാദം വ്യക്തമാകണമെങ്കില്‍ ഒരോ മതഗ്രന്ഥങ്ങളെയും ചുരുക്കത്തിലെങ്കിലും ഒന്ന് അവലോകനം ചെയ്യേണ്ടതുണ്ട്. ആദ്യം ബൈബിള്‍ പരിശോധിക്കാം.
ഒന്ന് മറ്റൊന്നിനെ റദ്ദ് ചെയ്യുന്ന ബൈബിള്‍
ഉല്‍പ്പത്തിയില്‍ തുടങ്ങി പുറപ്പാട്, ന്യായാധിപന്മാര്‍, സങ്കീര്‍ത്തനങ്ങള്‍…, സുഭാഷിതങ്ങള്‍, ഉത്തമഗീതം, പ്രഭാഷണങ്ങള്‍, വിലാപങ്ങള്‍… തുടര്‍ന്ന് പ്രവചനങ്ങള്‍ വരെയുളള നാല്പ്പത്തിയാറു പുസ്തകങ്ങളുടെ സമാഹാരമായ പഴയനിയമവും; മത്തായി , മാര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങളും അപ്പോസ്തല പ്രവൃത്തികള്‍ മുതല്‍ വെളിപാട് വരെയുളള ഇരുപത്തിയേഴ് പുസ്തകങ്ങളുടെ സമാഹാരമായ പുതിയ നിയമവും ചേര്‍ന്ന ഗ്രന്ഥസമുച്ചയമാണ് സമ്പൂര്‍ണ്ണ ബൈബിള്‍ എന്നു പറയുന്നത്. ആകെ എഴുപത്തിമൂന്നു പുസ്തകങ്ങളുടെ സമാഹാരമായ ബൈബിളിന് ആദ്യമധ്യാന്ത നൈരന്തര്യമുളള ഒരു കഥയോ കെട്ടുറപ്പുളള ഘടനയോ മുഴുനീള കഥാപാത്രങ്ങളോ ഇല്ല എന്നുമാത്രമല്ല, ഓരോന്നും മറ്റുളളവയില്‍നിന്നു വ്യതിരിക്തവും ഒന്നു മറ്റൊന്നിനെ റദ്ദുചെയ്യുന്നിടത്തോളം വൈരുദ്ധ്യം നിറഞ്ഞതുമാണ്.
ചിലതിന്റെ പ്രമേയം പകയും കൊലയുമാണെങ്കില്‍ മറ്റു ചിലതിന്റെത് പ്രണയവും ത്യാഗവുമാണ്. ഒന്നില്‍ ആക്രോശങ്ങളും നിലവിളികളും മുഴങ്ങുമ്പോള്‍ മറ്റൊന്നില്‍ പ്രണയഗീതങ്ങളുടെ മുന്തിരിവളളികള്‍ പൂക്കുന്നു. പ്രധാന കഥാപാത്രമെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ദൈവ സങ്കല്‍പ്പത്തില്‍ പോലുമുണ്ട് വൈരുദ്ധ്യം. ‘പല്ലിനു പകരം പല്ല് കണ്ണിനു പകരം കണ്ണ്’ എന്നാക്രോശിക്കുന്ന പഴയ നിയമത്തിലെ യഹോവയെ പുതിയ നിയമത്തില്‍ ‘ഒരു കരണത്തടിച്ചാല്‍ മറു കരണം കൂടി കാട്ടിക്കൊടുക്കണ’മെന്ന സൗമ്യ വചനം കൊണ്ട് യേശു നിഷേധിക്കുന്നു!
അധ്യായങ്ങള്‍ എന്നുപോലും വിശേഷിപ്പിക്കാന്‍ വലുപ്പമില്ലാത്ത ഭാഗങ്ങളെ സമ്പാദകര്‍ തന്നെ പുസ്തകങ്ങള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്, ഒന്ന് മുന്‍പുളളതിന്റെ തുടര്‍ച്ചയോ ഭാഗമോ അല്ല എന്നതുകൊണ്ടാവാം. ഇങ്ങനെ രസത്തിലും തന്തുവിലും ആഖ്യാനത്തിലും വ്യത്യസ്തവും പരസ്പരവിരുദ്ധവും ഘടനയില്‍ ശിഥിലവുമായ ഒരു ഗ്രന്ഥത്തില്‍ നിന്ന് ഏതു ഭാഗത്തെയാണ് സാരാംശമായ് ഗണിക്കുക? ഏതു മാനദണ്ഡത്താലാണ് മറ്റുളളവയെ വിഗണിക്കുക?
അര്‍ജുനനെപ്പോലും ആശയക്കുഴപ്പത്തിലാക്കിയ ഗീത
ഹിന്ദുമതത്തിന്റെ ആധാര ഗ്രന്ഥങ്ങളില്‍ നിന്നു സാരാംശം തേടിയിറങ്ങുന്ന ഒരാളെ ആദ്യം അമ്പരപ്പിക്കുന്നത് ‘ഹൈന്ദവം’ എന്ന പേരില്‍ ഇന്നു വ്യവഹരിക്കുന്ന ഗ്രന്ഥങ്ങളുടെ ബാഹുല്യം തന്നെയാണ്. വേദങ്ങള്‍, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, സ്മൃതികള്‍, സൂത്രങ്ങള്‍ എന്നിങ്ങനെ നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളായുണ്ട്. പ്രാചീന ഭാരതത്തിലെ വ്യത്യസ്ത ദേശങ്ങളിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുതല്‍ ആത്മീയവാദത്തെയും ഭൗതികവാദത്തേയും സന്ദേഹവാദത്തേയും പ്രതിനിധീകരിക്കുന്ന വ്യത്യസ്ത തത്വചിന്താധാരകള്‍ വരെ ചിതറിക്കിടക്കുന്ന പ്രസ്തുത ഗ്രന്ഥശേഖരത്തില്‍നിന്ന് ഏതു മാനദണ്ഡമനുസരിച്ചാണ് ഏതെങ്കിലും ഒന്നിനെ സാരാംശമായി ഗണിക്കുകയും മറ്റുളളവയെ തിരസ്‌കരിക്കുകയും ചെയ്യുന്നത്?
വൈവിധ്യമാണ് ഹൈന്ദവികതയുടെ അന്ത:സ്സത്ത എന്നു പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്. വേദങ്ങളുടെ പ്രാമാണികതയെ നിഷേധിക്കുന്ന നാസ്തിക ചിന്തകളും വേദങ്ങളാണ് പ്രമാണങ്ങള്‍ എന്നു വാദിക്കുന്ന ആസ്തിക ചിന്തകളും സംയോജിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവ പരസ്പരം നിഷേധിക്കുകയേയുളളു. ഈ പ്രശ്നത്തിനുളള ഒറ്റമൂലിയായ് ഹൈന്ദവാചാര്യന്മാര്‍ ഉയര്‍ത്തിക്കാട്ടുന്ന ഒന്നാണ് ഭഗവദ്ഗീത. സര്‍വ്വവേദങ്ങളുടെയും ഇതിഹാസപുരാണസ്മൃതിസൂത്രങ്ങളുടെ
സര്‍വ്വോപനിഷദോ ഗാവോ…
ദുഗ്ധം ഗീതാമൃതെ മഹത്
(സര്‍വ്വ ഉപനിഷത്തുക്കളും പശുക്കളും അവയെ കറന്നെടുത്ത പാല്‍ മഹത്തായ ഗീതയുമത്രേ) എന്നാണ് ഗീത സ്വയം മഹത്വപ്പെടുത്തുന്നത്. അങ്ങനെ ഗ്രന്ഥങ്ങളുടെ പാരാവാരത്തില്‍ നിന്ന് താത്വിക അടിത്തറയായ് നിങ്ങള്‍ക്ക് ഒരു ഗ്രന്ഥം നല്‍കപ്പെടുന്നു, ഭഗവദ്ഗീത. ഒഴിച്ചുകൂടാനാവാത്ത മറ്റൊന്ന് ഹിന്ദുമതത്തിന്റെ വ്യവഹാരഗ്രന്ഥമായ മനുസ്മൃതിയാണ്.
ഗീത മുന്‍വിധികളും ഉപാധികളും കൂടാതെ വായനയ്‌ക്കെടുക്കുന്ന ഒരാള്‍ അതില്‍ എന്താണു കാണുന്നത്? പതിനെട്ട് അദ്ധ്യായങ്ങളില്‍ രണ്ടാമത്തെ അദ്ധ്യായമായ സാംഖ്യയോഗത്തില്‍ കൃഷ്ണന്‍, സാംഖ്യദര്‍ശനത്തെ പരമപ്രധാനമായ് കണ്ടുകൊണ്ട് തുടര്‍ന്നു വരുന്ന യോഗങ്ങളേയും അടുത്ത അദ്ധ്യായത്തില്‍ കര്‍മ്മയോഗത്തെ പ്രമാണീകരിച്ചുകൊണ്ട് സാംഖ്യം ഉള്‍പ്പെടെയുളള മറ്റുയോഗങ്ങളെയും പിന്നീട് ജ്ഞാനയോഗത്തെ പരമപ്രധാനമായി പ്രകീര്‍ത്തിച്ചുകൊണ്ട് മുമ്പ് പ്രകീര്ത്തിച്ചവയുള്പ്പെടെയു
കൃഷ്ണന്‍ ഒരു അദ്ധ്യായത്തില്‍ പരമപ്രധാനമെന്നു പറഞ്ഞതിനെ തൊട്ടടുത്ത ഭാഗത്ത് തളളിക്കളഞ്ഞുകൊണ്ട് തീര്‍ത്തും വ്യത്യസ്തമായ മറ്റൊന്നിനെ പ്രകീര്‍ത്തിക്കുമ്പോള്‍ ശ്രോതാവായ അര്‍ജ്ജുനന്‍ പോലും കണ്‍ഫ്യൂഷനിലാകുന്നുണ്ട്. കണ്‍ഫ്യൂഷന്‍ സഹിക്കവയ്യാതെ അര്‍ജ്ജുനന്‍ കൃഷ്ണനോട് അഭ്യര്‍ത്ഥിക്കുന്നു.
വ്യാമിശ്രേണവ വാക്യേന ബുദ്ധീം മോഹയസീവ മേ
തദേകം വദ നിശ്ചിത യേന ശ്രേയോ? ഹമാപ്നൂയാം (3:2).
(പരസ്പര വിരുദ്ധമെന്നു തോന്നുന്ന വാക്കുകളാല്‍ എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നു. അതിനാല്‍ ഏതൊന്നുകൊണ്ടാണോ എനിക്ക് ശ്രേയസ്സ് ലഭിക്കുന്നത് അതുമാത്രം എനിക്ക് ഉപദേശിച്ചു തന്നാലും)
ദ്വാപരയുഗാന്ത്യത്തില്‍ സാക്ഷാല്‍ അര്‍ജ്ജുനനെപ്പോലും അനിശ്ചിതത്വത്തിലാക്കിയ ഗീത, പില്‍ക്കാലത്ത് തിലകന് ഹിംസാത്മക വിപ്ലവത്തിന്റെയും ഗാന്ധിക്ക് അഹിംസാത്മക സമരത്തിന്റെയും മാര്‍ഗ്ഗരേഖയായി തോന്നിയെങ്കില്‍ കുറ്റം ഗീതയുടേതാണ്. ഹിന്ദുമതത്തിന്റെ ആധാരഗ്രന്ഥമാണു ഗീതയെങ്കില്‍ അതില്‍ നിന്ന് ഏതു അംശമാണ് സാരാംശമായ് സ്വീകരിക്കുക, സര്‍വ്വം കൃഷ്ണപ്രോക്തമായതില്‍ നിന്ന് എങ്ങനെയാണ് ചിലതിനെ നിരാകരിക്കുക?
വൈരുധ്യങ്ങളുടെ കലവറയായ ഖുര്‍ആന്‍
ഇസ്ലാമിന്റെ വേദഗ്രന്ഥമായ ഖുര്‍ ആന്‍, അല്‍ ഫത്തിഹ മുതല്‍ അല്‍നാസ് വരെയുളള നൂറ്റിപ്പതിനാല് അദ്ധ്യായങ്ങളിലായി, ദൈവം തന്റെ മാലാഖയായ ജബ്രീല്‍ വഴി മുഹമ്മദിനോടും പിന്നീട് മുഹമ്മദിലൂടെ മനുഷ്യരിലേക്കും ചിലപ്പോള്‍ ദൈവം നേരിട്ടും, അപൂര്‍വ്വമെങ്കിലും സാത്താന്‍ മുഹമ്മദിന്റെ നാവില്‍ തിരുകിക്കൊടുത്ത് പറയിക്കുന്ന രീതിയിലും അവതരിക്കപ്പെട്ട കല്‍പനകള്‍, ശാസനകള്‍, നിര്‍ദ്ദേശങ്ങള്‍, ഭീഷണികള്‍, പ്രലോഭനങ്ങള്‍, പഴയ സംഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നിവയുടെ സമാഹാരമാണ്. ഹൈന്ദവ ക്രൈസ്തവ ഗ്രന്ഥങ്ങളെപ്പോലെ കഥകള്‍ തേടിച്ചെല്ലുന്നവരെ ഖുര്‍ആന്‍ നിരാശപ്പെടുത്തും. തുടര്‍ച്ചയില്ലായ്മയും പരസ്പര വിരുദ്ധതയും ഒരിക്കല്‍ പറഞ്ഞവയെ പൂര്‍ണ്ണമായി തളളിപ്പറയലും ഖുര്‍ ആനില്‍ സാധാരണമാണ്. ഒരിക്കല്‍ നിയമമായി അവതിരിപ്പിച്ചതിനെ പിന്നീട് തളളിക്കളയേണ്ടിവരുമ്പോള്‍, ആദ്യം പറഞ്ഞത് ദൈവത്തില്‍ നിന്നും വന്നതായിരുന്നില്ല, സാത്താന്‍ നാവില്‍ തിരുകിവച്ചുകൊടുത്തതായിരുന്നു എന്നാണ് ആദ്യകാല ഇസ്ലാമിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത് (ഉദാ: Tabari – Annals of Apostle & Kings – Vol 1.3 Page 1192). “അപ്പോള്‍ സര്‍വ്വജ്ഞാനിയായ ദൈവം എന്തെടുക്കുകയായിരുന്നു?” -എന്ന ഒരുമാതിരി യുക്തിവാദി ചോദ്യം ചോദിച്ചേക്കരുത്. അങ്ങ് വിശ്വസിച്ചേക്കുക.
ശിഥില ഘടനയുടെ കാര്യത്തില്‍ ഖുര്‍ ആന്‍ മറ്റ് മതഗ്രന്ഥങ്ങളെ അതിശയിക്കുന്നു. ലൗകിക സുഖസമ്പാദനത്തിനുവേണ്ടി നിരന്തര യുദ്ധം ചെയ്യുകയും ഇഹലോക സുഖഭോഗങ്ങള്‍ ആവോളം ആസ്വദിക്കുകയും ചെയ്യുമ്പോഴും, ‘ഇഹലോക ജീവിതം ഭ്രമിപ്പിക്കുന്ന ഒരു മിഥ്യയല്ലാതെ മറ്റൊന്നുമല്ല, യഥാര്‍ത്ഥ സുഖം സ്വര്‍ഗ്ഗത്തിലാണെ’ന്ന് അനുയായികളെ ഉപദേശിച്ചുകൊണ്ട് മുഹമ്മദ് ആത്മവഞ്ചന ചെയ്യുന്നു. താന്‍ ആവേശപൂര്‍വ്വം നീന്തിത്തുടിക്കുന്ന ഇഹലോക സുഖങ്ങളെ (ഖലീഫാ പദവി, പതിമൂന്നു ഭാര്യമാരും അനവധി വെപ്പാട്ടികളും, ഭീഷണിയിലൂടെയും കവര്‍ച്ചയിലൂടെയും യുദ്ധങ്ങളിലൂടെയും പിടിച്ചെടുത്ത സ്വത്തിന്റെ ഓഹരികള്‍ മുതലായവ) സ്വര്‍ഗ്ഗ വാഗ്ദാനത്തിലൂടെ മുഹമ്മദ് തന്നെ വെല്ലുവിളിക്കുന്ന വൈരുദ്ധ്യത്തിന്റെ ലിഖിതരേഖയാണ് ഖുര്‍-ആന്‍ എന്നു പറഞ്ഞാല്‍ അതിശയമാവില്ല.
ഇഹലോകജീവിതം മിഥ്യയമാണെങ്കില്‍ ഭൂമിയില്‍ മുഹമ്മദ് ചെയ്തുകൂട്ടിയതത്രയും വ്യര്‍ത്ഥമല്ലേ? ഏതാണ് ഖുര്‍ ആനിന്റെ സാരാംശം? ഭൂമിയിലെ സുഖ ഭോഗങ്ങളോടുളള ആസക്തിയോ അതോ സ്വര്‍ഗ്ഗാഭിനിവേശമോ?
(മുഹമ്മദിന്റ ഭാര്യമാരുടെ എണ്ണം 11 എന്നും 13 എന്നും രണ്ട് പക്ഷമുണ്ട്. ക്രമത്തില്‍ ഖദീജ മുതല്‍ മറിയ വരെയുളള പതിമൂന്നു സ്ത്രീകളുടെ പേരോടു കൂടിയ വിവരണങ്ങളാണ് ഇവിടെ സ്വീകരിക്കുന്നത്)
വിരുദ്ധതകളുടെ സമ്മേളനങ്ങളായ മതഗ്രന്ഥങ്ങളില്‍ സാരാംശം തേടുന്നത്, പലകാലങ്ങളില്‍ പലവിധ മരങ്ങള്‍ മുളച്ചുവളര്‍ന്നു തിടംവച്ച വനത്തില്‍ ഒരു പ്രത്യേക മരത്തെ കണ്ടെത്തി അതില്‍ കാടിന്റെ അസ്തിത്വം ആരോപിക്കുന്നതുപോലെ വ്യര്‍ത്ഥമാണ്. ഗ്രന്ഥങ്ങളുടെ അവസ്ഥ ഇങ്ങനെയാണെന്നിരിക്കെ മതത്തിന്റെ പ്രകടതലമായ ആചാരാനുഷ്ഠാനങ്ങളില്‍ എന്തെങ്കിലും പൊതുവായ മൂല്യം അന്തര്‍ലീനയമായുണ്ടോ? അങ്ങനെ ചില മൂല്യങ്ങള്‍ ഉണ്ടെന്നാണ് പൊതുധാരണ. ക്രിസ്തുമതം സ്‌നേഹത്തിന്റെയും ഇസ്ലാം സാഹോദര്യത്തിന്റെയും ഹിന്ദു സഹിഷ്ണുതയുടെയും മതമാണെന്ന പൊതുധാരണ എത്രത്തോളം സത്യമാണ്?
വിശദമായ തുടര്‍വായനയ്ക്ക് പുസ്തകം-
വീഞ്ഞുപാത്രത്തിലെ രക്തത്തുള്ളികള്‍
കോപ്പികൾക്ക് For VPP call to 91 9809644000 or 9349119640
For payment, Google pay Rs.120 to 9809644000