ഹലാല്‍ പപ്പടം, ഹലാല്‍ പുട്ടുപൊടി, ഹലാല്‍ എംബിബിഎസ്…; സമൂഹത്തില്‍ മതം പച്ചക്ക് കലരുമ്പോള്‍; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു


‘സ്‌നേഹ സംവാദം’ നടത്തി നടത്തി ഓണം ഉണ്ണാന്‍ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാന്‍ പാടില്ല, അരവണപ്പായസം കുടിക്കാന്‍ പാടില്ല, അതൊക്കെ ഹറാം ആണ്, എന്നൊക്കെ നിങ്ങള്‍ വെച്ച് കാച്ചിനടന്ന കാലം ഓര്‍മ്മയുണ്ടോ ആവോ? ഹലാല്‍ എന്നതിന്റെ ഏറ്റവും അടിസ്ഥാനം, അത് എത്ര ക്വാളിറ്റി ഉള്ള മൃഗം ആയാലും, അതിനെ അറുക്കുന്നത് മുസ്ലിം അല്ലെങ്കില്‍, അറുക്കുന്ന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെട്ടില്ലെങ്കില്‍, അത് വേദക്കാരായ യഹൂദനോ, ക്രിസ്ത്യാനിയോ ആണെങ്കില്‍, അത് ഹലാല്‍ അല്ല, ഹറാം ആണ്. അനറബിയായ ഒരു സാധാരണ മനുഷ്യന് മനസ്സിലാവാത്ത ഭാഷയില്‍ എഴുതി വെച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ആണ് ഇത്ര കാലം നാട്ടുകാര്‍ ജാതി മത ഭേദമന്യേ നിങ്ങളുടെ അടുത്ത് വന്നു കച്ചവടം നടത്തി പോന്നത്..! ‘- ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു.

ഹലാല്‍ ഗോമൂത്രം

ഒരാള്‍ക്ക് തന്റെ സ്ഥാപനത്തില്‍ ഹലാല്‍ എന്ന ബോര്‍ഡ് വെക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍, വേറെ ഒരാള്‍ക്ക് അയാളുടെ സ്ഥാപനത്തില്‍ നോണ്‍ ഹലാല്‍ എന്ന ബാര്‍ഡ് വെക്കാനും സ്വാതന്ത്ര്യം ഉണ്ട്. അത് ജനാധിപത്യത്തിന്റെ പ്രത്യേകത ആണ്. ഇന്ത്യയില്‍ ജനാധിപത്യം ആണ് ഉള്ളത്. മതേതരത്വവും ഉണ്ട് എന്ന് പറയപ്പെടുന്നു..! ഇത് സൗദി അറേബ്യാ അല്ല എന്നും കേട്ടു കേള്‍വി ഉണ്ട്.

ഹലാല്‍ എന്നതിന്റെ ഏറ്റവും അടിസ്ഥാനം എന്നത്, അത് എത്ര ക്വാളിറ്റി ഉള്ള മൃഗം ആയാലും, അതിനെ അറുക്കുന്നത് ഇസ്ലാം ഉള്‍കൊള്ളുന്ന മുസ്ലിം അല്ലെങ്കില്‍, അറുക്കുന്ന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെട്ടില്ലെങ്കില്‍, അത് വേദക്കാരായ യഹൂദനോ, ക്രിസ്ത്യാനിയോ ആണെങ്കില്‍, അത് ഹലാല്‍ അല്ല, ഹറാം ആണ്. ഈ വിവരം ഇന്ന് ഏതൊരു ആള്‍ക്കും എളുപ്പം തിരിച്ചറിയാന്‍ വെറും ഒരു ഗൂഗിള്‍ സേര്‍ച്ച് മതി. അനറബിയായ ഒരു സാധാരണ മനുഷ്യന് മനസ്സിലാവാത്ത ഭാഷയില്‍ എഴുതി വെച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ആണ് ഇത്ര കാലം നാട്ടുകാര്‍ ജാതി മത ഭേദമന്യേ നിങ്ങളുടെ അടുത്ത് വന്നു കച്ചവടം നടത്തി പോന്നത്..! അതല്ലാതെ, ഹലാല്‍ എന്നത് എന്ത് എന്ന് മനസ്സിലാക്കി അല്ല.

പക്ഷേ… ഇത് പറയുമ്പോള്‍, നോണ്‍ ഹലാല്‍ എന്നാല്‍ വണ്ടി ഇടിച്ചു ചത്ത പോത്താണ്, ആ പോത്ത് പിടിച്ചു പറിച്ച കാശ് കൊണ്ട് വാങ്ങിയതാണ്, അതിനു ‘അകിടില്‍’ വീക്കം ഉണ്ടായിരുന്നു, അങ്ങനെ ഉള്ള പോത്തിറച്ചിയാണ് ബാക്കി നാട്ടുകാര്‍ ഒക്കെ തിന്നാന്‍ പോകുന്നത് എന്നൊക്കെ പറഞ്ഞു നടക്കുന്നത്, സത്യത്തില്‍ നിങ്ങള്‍ സ്വയം കുഴിയില്‍ ചാടുന്നതിനു തുല്യം ആണ്..! നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ച് ഒരു ശുദ്ധിവാദം പണ്ടേ ഉണ്ട് എന്ന് നമ്മള്‍ പറയുന്നത്, എന്തുകൊണ്ടായിരിക്കും എന്ന് ഇപ്പോഴെങ്കിലും മനസ്സിലായിരിക്കും എന്ന് കരുതുന്നു.

ഏതായാലും, ‘സ്‌നേഹ സംവാദം’ നടത്തി നടത്തി, സമൂഹത്തില്‍ ഓണം ഉണ്ണാന്‍ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാന്‍ പാടില്ല, അരവണപ്പായസം കുടിക്കാന്‍ പാടില്ല, അതൊക്കെ ഹറാം ആണ്, എന്നൊക്കെ നിങ്ങള്‍ വെച്ച് കാച്ചിനടന്ന കാലം ഓര്‍മ്മയുണ്ടോ ആവോ? മറ്റു മതങ്ങള്‍ അവരുടെ ദൈവത്തിന്റെ നാമത്തില്‍ ഉണ്ടാക്കപ്പെടുന്ന ഭക്ഷണം നിങ്ങള്‍ക്ക് ഹറാം ആണ് എന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഒരു ജാള്യതയും നിങ്ങള്‍ക്ക് ഇല്ലെങ്കില്‍, ഇതില്‍ ഒരു തരം വര്‍ഗീയതയും നിങ്ങള്‍ക്ക് സ്വയം കാണാന്‍ സാധിക്കുന്നില്ല എങ്കില്‍, അതെ അളവ് കോല് വെച്ച് നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ അറുക്കുന്നത്, മറ്റുള്ളവര്‍ അവര്‍ക്ക് ‘ഹറാം’ ആണ് എന്ന് പറയുമ്പോള്‍, എന്തിനാണ് നിങ്ങള്‍ക്ക് ഇത്ര പിടച്ചില്‍..?

ഭക്ഷണത്തില്‍ നിങ്ങള്‍ മതം പച്ചക്ക് കലര്‍ത്തി നടന്നപ്പോള്‍ ആലോചിക്കണം ആയിരുന്നു, കൊടുത്താല്‍ കൊല്ലത്തും കിട്ടുന്ന കാലം ആണ് ഇന്നുള്ളത് എന്ന്..! ഇനി ഒരേ ഒരു വഴിയാണ് നിങ്ങളുടെ മുന്നില്‍ ഉള്ളൂ. നിങ്ങളുടെ സ്ഥാപനങ്ങളിലെ ഹലാല്‍ എന്ന ബോര്‍ഡ് എടുത്തു മാറ്റുക. ഭക്ഷണത്തില്‍ മത ചിഹ്നങ്ങള്‍ കലര്‍ത്തുന്നത് നിര്‍ത്തുക. മറ്റു മതങ്ങള്‍ വിശ്വസിക്കുന്നവരെ പ്രകോപിപ്പിക്കുന്ന തരം ആചാര പ്രകടനപരത നിര്‍ത്തലാക്കുക.

അതുകൊണ്ട് ഹലാലിനെ വിമര്‍ശിക്കുന്നത് കണ്ടിട്ട്, ചങ്ക് പൊട്ടുന്ന ഏതെങ്കിലും ഇസ്ലാം വിശ്വാസി ഇവിടെ ഉണ്ടെങ്കില്‍, ദയവായി ഹലാല്‍ എന്ന ബോര്‍ഡ് സ്വന്തം വീട്ടിലെ അടുക്കളയില്‍ കൊണ്ടുപോയി തൂക്കുക. എന്നിട്ട് പോത്തുബിരിയാണി അവിടെ തന്നെ ഉണ്ടാക്കി മൂക്ക് മുട്ടെ തട്ടുക…! ആര്‍ക്കും ഒരു ചേതവും ഇല്ല. ആരും നിങ്ങളുടെ ആ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യില്ല.

ഇനി, ഇസ്ലാമിക വിശ്വാസികള്‍ അറിയാന്‍. അടുത്തത് അറബിയില്‍ നിങ്ങള്‍ അഞ്ചു നേരം അലറിവിളിക്കുന്ന ബാങ്ക് ആണ്. ‘അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല’ എന്ന ആ നിലവിളി മറ്റു മതങ്ങളെയും പരിഗണിച്ച് ഉച്ചഭാഷിണി ഒഴിവാക്കി പയ്യെ ചെയ്യുവാന്‍ നോക്കുക. അടുത്തത് ഇനി അതാണ്. അന്നേരം ഇതുപോലെ ഇരവാദവും ആയി വന്നിട്ട് കാര്യം ഇല്ല. ഒരു മതേതര സമൂഹത്തില്‍ മതപരത പൊതുഇടങ്ങളില്‍ കുറച്ച് കൊണ്ടുവരാന്‍ മതം കൊണ്ടുനടക്കുന്നവര്‍ തന്നെ മുന്‍കൈയെടുക്കുന്നതാണ് ഏറ്റവും നല്ലത്..! ഇരവാദം കയ്യോടെ പിടികൂടപ്പെടുന്ന കാലം ആണ് ഇന്ന്. ഇസ്ലാമോഫോബിയ എന്ന ഇണ്ടാസ് അധികം ഓടില്ല ഇനി. ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതക്ക് കളമൊരുക്കുന്നത് എന്ന് ഇനിയെങ്കിലും മനസിലാക്കുക.

അവസാനം ആയി പറയട്ടെ. വര്‍ഗീയത ഒക്കെ അങ്ങ് മാറ്റി വെക്കുക, സത്യത്തില്‍ ഇന്ന് ഈ ഹലാല്‍ എന്നത് ഏറെയും നല്ല ഒരു ഒന്നാംതരം കച്ചവട തന്ത്രം ആയി ആണ് ഉപയോഗിക്കപ്പെടുന്നത് എന്ന് പോലും ഈ പാവം കോയാസ് അറിയുന്നില്ലല്ലോ എന്റെ ഡിങ്കാ…!അതിനുദാഹരണം ആണ് ഹലാല്‍ ഗോമൂത്രം! ഹലാല്‍ പപ്പടം, ഹലാല്‍ പുട്ടുപൊടി,ഹലാല്‍ എംബിബിഎസ്, അങ്ങനെ പോകുന്നു… ബാറുകളില്‍ ടച്ചിങ്ങായി ആളുകള്‍ ആവശ്യപ്പെടുന്നത് പോലും ഹലാല്‍ ബീഫ് ആണ് എന്നാണ് കരക്കമ്പി… കാലം പോയ പോക്കേ…


About Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT)

View all posts by Arif Hussain Theruvath, BHMS (FORMER HOMEOPATHIC CONSULTANT) →

Leave a Reply

Your email address will not be published. Required fields are marked *