ലോക് ഡൗണ്‍ മൂലം ജനം ആകെ വിരസത തിന്നു ജീവിക്കുന്ന സമയമാണ്. ഭരണാധികാരികള്‍ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത പഴയ രാമായണം സീരിയല്‍(1987) വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങി. രാവിലെ 9 നും രാത്രി പത്തിനും രണ്ട് എപ്പിസോഡുകള്‍. ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങളെ വീടുകളില്‍ പിടിച്ചിരുത്താനാണ് പൊതുജനതാല്പര്യാര്‍ത്ഥം പുനര്‍സംപ്രേഷണം നടത്തുന്നത് എന്നായിരുന്നു കേന്ദ്ര വാര്‍ത്തവിനിമയവകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറുടെ അറിയിപ്പ്. തൊട്ടുപിറകെ, ഡി.ഡി. ഭാരതതിയില്‍ ബി.ആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലും (1988-90) പുനസംപ്രേഷണം ചെയ്യുമെന്ന അറിയിപ്പ് വന്നു. ഉച്ചയ്ക്ക് 12 മണിക്കും രാത്രി 7 മണിക്കും രണ്ട് ഭാഗങ്ങള്‍ വീതം. ഇരട്ടി ഡോസില്‍ മതലഹരി കൊടുത്ത് കൊറോണകാലത്ത് ജനത്തെ മയക്കിയിടാനാണ് സര്‍ക്കാര്‍ തീരുമാനം. What a move sirji! ദിവസം നാലുനേരം സീരിയില്‍ കണ്ടിരിക്കുന്ന ജനം പുറത്തിറങ്ങുന്നതിനെ കുറിച്ച് ചിന്തിക്കില്ലല്ലോ. സമയംകൊല്ലാന്‍ കൊടുത്ത മരുന്ന് വൈദ്യന്റെ താല്പര്യംകൂടിയാണ്. ലോക്ക്ഡൗണ്‍ തീര്‍ന്നാലും ചികിത്സ തുടരും.
1987-88 കാലഘട്ടത്തിലാണ് രാമായണം സീരിയില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നത്. രാമായണം രചിച്ചത് സീരിയലിന്റെ സംവിധായകനായ രാമാനന്ദ് സാഗര്‍ ആണെന്ന് ജനം തെറ്റിദ്ധരിച്ച കാലം! അത്രയ്ക്കുണ്ടായിരുന്നു സീരിയലിന്റെ ജനപ്രീതി. അക്കാലത്ത് ഞായറാഴ്ചകളില്‍ പ്രക്ഷേപണസമയത്ത് ഉത്തരേന്ത്യയിലെ ഗ്രാമാന്തരങ്ങളും തെരുവുകളും ലോക്ക്ഡൗണ്‍ പോലെ വിജനമാകുമായിരുന്നുവത്രെ. സംപ്രേഷണ സമയം വൈദ്യുതിവിതരണം നിലച്ചതിന്റെ പേരില്‍ വൈദ്യുതിവകുപ്പ് ജീവനക്കാരനെ തല്ലികൊന്ന സംഭവംവരെയുണ്ടായി. ചിലയിടങ്ങളില്‍ വൈദ്യുതി ഓഫീസ് അക്രമാസക്തരായ ഭക്തജനം അടിച്ചുതകര്‍ത്തു. പ്രക്ഷേപണസമയം വൈദ്യുതി വിതരണം ഉറപ്പുവരുത്താന്‍ ഇങ്ങ് കേരളത്തില്‍പോലും വകുപ്പ് അധികൃതര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ഞായറാഴ്ചത്തെ പ്രമുഖ മലയാളപത്രങ്ങളില്‍ സീരിയലിന്റെ മുഴുവന്‍ തിരക്കഥയും രണ്ട് പേജ് നിറയെ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളി ഭാഷ അറിയാതെ കഷ്ടപെടരുതല്ലോ!
രാമനായി അഭിനയിച്ച അരുണ്‍ഗോവിലും സീതയായി വേഷമിട്ട ദീപിക ചികലിയയും അക്ഷരാര്‍ത്ഥത്തില്‍ ദൈവങ്ങളായി. 1991 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദീപിക ഗുജറാത്തിലെ വടോദര ലോക്‌സഭ മണ്ഡലത്തില്‍നിന്നും രാവണനായി വേഷമിട്ട അരവിന്ദ് ത്രിവേദി സബര്‍കഥ നിയോജകമണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ എം.പി മാരായി. ”പാര്‍ലമെന്റില്‍ ഇന്ന് സീത സംസാരിക്കും” എന്നായിരുന്നു അവരുടെ കന്നിപ്രസംഗത്തെ സംബന്ധിച്ച വാര്‍ത്തയുടെ തലവാചകം. ഹനുമാന്റെ വേഷം ചെയ്ത ദാരാസിംഗ് പിന്നീട് രാജ്യസഭാ അംഗമായി. സീരിയലിന് മുമ്പ് ഒരിക്കല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപെട്ട അരുണ്‍ഗോവില്‍ പിന്നീട് കളത്തിലെത്താന്‍ മടിച്ചു നിന്നു. മഹാഭാരതം സീരിയലിലെ കൃഷ്ണന്‍ നീതീഷ് ഭരദ്വാജാകട്ടെ 1996 ല്‍ ജംഷഡ്പൂര്‍ ലോക്‌സഭാ സീറ്റില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചു. ചുരുക്കത്തില്‍ കഥാപാത്രങ്ങളെല്ലാം മൂടോടെ ബി.ജെ.പി കൂടാരത്തിലെത്തി.
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ കാക്കതൊളളായിരം ചാനലുകളുണ്, പഴയ റീച്ചുണ്ടാവില്ല എന്നൊക്കെ സമാധാനിക്കാന്‍ വരട്ടെ. രാമായണവും മഹാഭാരതവും ദിവസവും നാലുനേരം ഭക്ഷിക്കുമ്പോള്‍ പഴയശീലങ്ങള്‍ കുത്തിയിളക്കപ്പെടും. രാമായണവും മഹാഭാരതവും കേവലം സമയംകൊല്ലി വിനോദപരിപാടികള്‍ അല്ലെന്നറിയണം. ഇന്ത്യന്‍ രാഷ്ട്രീയത്തെ മതാത്മാകമായി ഉടച്ചുവാര്‍ക്കുന്നതില്‍ ഈ സംപ്രേഷണങ്ങള്‍ വഹിച്ച പങ്ക് അമ്പരപ്പിക്കുന്നതാണ്. രാമായണം സീരിയലാണ് തുടക്കമിട്ടതെങ്കിലും പിന്നാലെ വന്ന മഹാഭാരതം പോപ്പുലാരിറ്റിയില്‍ രാമയണത്തെ കടത്തിവെട്ടി. ശ്രീകൃഷ്ണന്റെ കഥാപാത്രത്തിന് അമിത പ്രാധാന്യംനല്‍കിയാണ് ചോപ്ര മഹാഭാരതം നിര്‍മ്മിച്ചത്. ഈ സംപ്രേഷണങ്ങള്‍ ഉണ്ടാക്കിയ ഓളത്തിലാണ് അദ്വാനി 1990 ല്‍ അയോദ്ധ്യയിലേക്ക് രഥയാത്ര നടത്തിയത്. മതംകുത്തിവെച്ച് ഇന്ത്യരാഷ്ട്രീയം അടപടലം പുതുക്കി പണിഞ്ഞത് അങ്ങനെയാണ്. കോണ്‍ഗ്രസിന്റെ പ്രതാപം അസ്തമിച്ചു. മറ്റ് പ്രതിപക്ഷ കക്ഷികള്‍ ഛിന്നഭിന്നമായി, ജാതി രാഷ്ട്രീയം ശക്തിപ്രാപിച്ചു…ടെലിവിഷനെ ‘വിഡ്ഡിപെട്ടി’യെന്ന് വിളിച്ച പലര്‍ക്കും പോളിംഗ്ബൂത്തിലെ പെട്ടികള്‍ തുറന്നപ്പോള്‍ സംസാരശേഷി നഷ്ടപെട്ടു. Indian politics had never been the same after. കൊറോണ കാലത്ത് വീണ്ടും ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ എതിര്‍ശബ്ദങ്ങളില്ല, കയ്യടികള്‍മാത്രം! ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പൂര്‍ണ്ണമായും മതംവിഴുങ്ങാന്‍ പോകുന്നു. ഹിന്ദുത്വയല്ല ഹിന്ദുമതം തന്നെയാണ് ഇന്ത്യയില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. ജനം രണ്ടു പെട്ടികള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ പോകുന്നു.