എത്ര നാള്‍? എത്ര പേര്‍?


കോവിഡ് 19 നെ വിജയകരമായി നേരിടാന്‍ തുടര്‍ച്ചയായി 49 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും ആവശ്യമുണ്ടെന്ന് പറയുന്ന ഒരു പഠന റിപ്പോര്‍ട്ട് കാണുകയുണ്ടായി((https://www.thequint.com/…/study-suggests-49-day-lockdown-n…) കേബ്രിഡ്ജ് യൂണിവേഴസിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ ജോലി ചെയ്യുന്ന റോണോജോയ് അധികാരിയും രാജേഷ് സിംഗും ചേര്‍ന്നാണ് ഈ ഗണിത മാതൃക അവതരിപ്പിക്കുന്നത്. 49 ദിവസം അല്ലെങ്കില്‍ ഇടയ്ക്കിടെ അയവു വരുത്തികൊണ്ട് കുറഞ്ഞത് രണ്ട് മാസം നീളുന്ന സമ്പൂര്‍ണ്ണ അടച്ചിടല്‍. ലോകെമ്പാടും കോവിഡ് പരക്കുന്ന നിരക്കും ഇന്ത്യന്‍ ജനസംഖ്യയുടെ ഉള്ളടക്കവും പഠിച്ചാണ് ഈ മാതൃക തയ്യാറാക്കിയിരിക്കുന്നത്. പകര്‍ന്നവരെ മാറ്റിപാര്‍പ്പിക്കാനും രോഗം നിയന്ത്രിക്കാനും കഴിയണമെങ്കില്‍ ഇതേ മാര്‍ഗ്ഗമുള്ളൂ എന്നാണ് സിംഗും അധികാരിയും പറയുന്നത്. 21 ദിവസം കഴിഞ്ഞ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രോഗപകര്‍ച്ച പുനരാരംഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

രോഗബാധ സംബന്ധിച്ച ഇതിനകം ലോകശ്രദ്ധായാര്‍ജ്ജിച്ച മറ്റൊരു ലേഖനം ഹാര്‍വാര്‍ഡ് ബിസിനസ്സ് റിവ്യൂവിലുണ്ട്(https://hbr.org/…/lessons-from-italys-response-to-coronavir…). തനിക്കൊന്നും സംഭവിക്കില്ല എന്ന ഗ്രഹണപരമായ ചായ്‌വും (cognitive bias) മുന്‍വിധിയും നാം ഉപേക്ഷിക്കണമെന്ന് ഗാരി പി പിസാനോ, റഫെല്ലാ സാദൂന്‍, മിഷേല സെയ്‌നിനി എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനം പറയുന്നു. നാം ആദ്യം കരുതിയത് വിദേശികളെ മാത്രമേ ബാധിക്കൂ എന്നായിരുന്നു. പിന്നീട് വിദേശത്തുനിന്ന് വന്നവരുടെ ബന്ധുക്കള്‍ക്ക് മാത്രം പ്രശ്‌നം എന്നു കരുതി. വാര്‍ദ്ധക്യക്കാര്‍ക്കേ പേടിക്കാനുള്ളൂ ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും പ്രശ്‌നമില്ലെന്നും പിന്നെ ചിന്തിച്ചു, പ്രതിരോധ ശേഷി നല്ലതാണെങ്കില്‍ പ്രശ്‌നമില്ല എന്നതായി പിന്നത്തെ നിലപാട്, ഇപ്പോള്‍ ചിന്തിക്കുന്നു രോഗംവന്നാല്‍ എണ്‍പത് ശതമാനംപേരും രക്ഷപെടുമെന്ന്. ഈ നിലപാടുകളെല്ലാം വിഡ്ഢിത്തമാണെന്ന് പറയാനാവില്ലെങ്കിലും ഇവയെല്ലാം തന്നെ രോഗപകര്‍ച്ചയെ നേരിടാനുള്ള നമ്മുടെ മികവിനെയും തയ്യാറെടുപ്പിനെയും ബാധിക്കുന്നുണ്ട്. രോഗബാധിതനായ യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഹസ്തദാനം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ജനങ്ങളുമായി ഇടപെട്ടയാളാണ്. അമേരിക്ക മുഴുവന്‍ അടച്ചിടുന്നത് രാജ്യത്തെ നശിപ്പിക്കുന്നതിന് തുല്യമാണെന്നാണ് ട്രമ്പ് പറഞ്ഞത്. അദ്ദേഹം രണ്ടുതവണ കോവിഡ് ടെസ്റ്റിന് വിധേയമാകുകയുണ്ടായി. തൊണ്ടയില്‍നിന്നും മൂക്കിനടിയില്‍ നിന്ന് സ്രവം തോണ്ടിയെടുക്കുന്നത് അത്ര സുഖകരമല്ലെന്നാണ് ട്രമ്പിന്റെ അഭിപ്രായം. അവസാനം പുള്ളിക്കാരനും ഉണര്‍ന്നു. ഏപ്രില്‍ 12 രാജ്യം രോഗവിമുക്തമാകുന്ന് പറഞ്ഞ ട്രമ്പ് ഇപ്പോള്‍ പറയുന്ന തീയതി ജൂണ്‍ 1 ആണ്. കോഗനിറ്റീവ് ബയസുകള്‍ നമ്മുടെ നിശ്ചയദാര്‍ഡ്യത്തെയും ജാഗ്രതയേയും നേര്‍പ്പിക്കുന്നത് അങ്ങനെയാണ്.പക്ഷെ അകലെയുളളതും അന്യര്‍ അനുഭവിക്കുന്നതുമായ ദുരിതങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ (precautions) എടുക്കാനുള്ള ശേഷി നമ്മുടെ മസ്തിഷ്‌ക്കത്തിന് കുറവാണ്. Easy to see it, but difficult to digest. സാര്‍സും(2002) മെക്‌സിക്കന്‍ ഫ്‌ളൂവും(2009) ഉണ്ടായപ്പോള്‍ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും അതിനെക്കുറിച്ച് അറിഞ്ഞതുപോലുമില്ല. ദുരന്തം അടുത്തുവരുമ്പോള്‍ മാത്രമാണ് ഏതൊരു ജനതയും അലമുറയിടുന്നത്. തൊട്ടുമുന്നില്‍ അപകടം നടന്നാല്‍ വണ്ടി മാറ്റി ഓടിച്ച് പോകുന്നവരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും. ചൂടു തട്ടാതെ നാം ഉണരില്ല. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളെ കുറ്റപെടുത്തി കളിച്ചിട്ട് കാര്യമില്ല. ഒരിക്കല്‍കൂടി കൊറോണ വന്നാലും ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാവും ലോക രാജ്യങ്ങള്‍ പ്രതികരിക്കുക. കാരണം ലക്ഷങ്ങള്‍ ചത്തൊടുങ്ങുന്ന പകര്‍ച്ചവ്യാധികള്‍ മനുഷ്യന്‍ കാണുന്നത് ഇതാദ്യമല്ല. വാര്‍ത്ത മുക്കല്‍-നിസ്സാരവല്‍ക്കരിക്കല്‍-അലസത-മനസ്സില്ലാ മനസ്സോടെയുള്ള ശ്രമങ്ങള്‍-പരിഭ്രാന്തി-ഗൗരവതരമായ നീക്കങ്ങള്‍- വെപ്രാളം-ഭീതിക്കടിപ്പെടല്‍-തിരിച്ചടിക്കല്‍-മോചനംനേടല്‍… ഇങ്ങനെയാവും ലോകജനതയുടെ പ്രതികരണരീതി. 1918-20 ല്‍ ലോകമെമ്പാടും 5 കോടിപേരെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്‌ളൂവിന്റെ കാര്യത്തില്‍ പറ്റിയ അതേ പിഴവുകള്‍ തന്നെയാണ് നൂറ് വര്‍ഷത്തിന് ശേഷം കോവിഡിന്റെ കാര്യത്തിലും ഗവണ്‍മെന്റുകള്‍ ആവര്‍ത്തിക്കുന്നത്. After all, our brain is a lazy one.

ഇന്ത്യയിലെ ലോക്ക്ഡൗണ്‍ വലിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബൈബിളിലെ പുറപ്പാടിന് സമാനമായ പലായനം നാം കണ്ടു. അപ്പോഴും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകി എന്ന വാദത്തിനാണ് മുന്‍തൂക്കം. എപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാലും ഇങ്ങനെ സംഭവിക്കാം എന്നു പറയുന്നവരുണ്ട്. മുട്ട പൊട്ടിക്കാതെ ഓംലെറ്റ് ഉണ്ടാക്കാനാവില്ലല്ലോ എന്നാണവരുടെ വാദം. ശരിയാണ്, പല കാര്യങ്ങളിലും അങ്ങനെയാണ്. മുന്‍പരിചയമില്ലാതെ പോയതുകൊണ്ട് സംഭവിച്ചതാണെന്ന വാദവും പരിഗണിക്കണം. പക്ഷെ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ കൂട്ടപലായനം ആസൂത്രണത്തിലൂടെ ഒഴിവാക്കാന്‍ കഴിയുന്ന കഴിയുന്ന കാര്യംതന്നെ ആയിരുന്നു. വേണ്ട സമയം സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.

ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഏറ്റവുമധികം മരണങ്ങള്‍ നടന്ന ഇറ്റലിയിലെ രോഗബാധിതരില്‍ പകുതിയിലധികം ലൊമ്പാര്‍ഡി (Lombardy) എന്ന ഉത്തര പ്രവിശ്യയിലാണ്. ഇറ്റലിയുടെ ജനസംഖ്യയുടെ(ആറ് കോടി) ആറിലൊന്നാണ് അവിടെയുള്ളത്. മരിച്ചവരില്‍ 5000 പേരിലധികം അവിടെയാണ്, രോഗബാധിതര്‍ അമ്പതിനായിരത്തിലധികം. ഹാര്‍വാര്‍ഡ് ബിസിനസ്സ് റിവ്യു പഠനത്തില്‍ ലൊമ്പാര്‍ഡിയേയും തൊട്ടടുത്ത് കിടക്കുന്ന വെനീസിനെയും (Veneto) താരതമ്യപെടുത്തുന്നുണ്ട്. വെനീസിലെ ജനസംഖ്യ 50 ലക്ഷം. ലൊമ്പാര്‍ഡിയോപ്പോലെ ആദ്യഘട്ടത്തില്‍ വളരെ സ്ഥിരതയുള്ള പകര്‍ച്ചയാണ് വെനീസില്‍ നടത്. പക്ഷെ അവിടെ രോഗബാധിതര്‍ 7000 മാത്രം; മരണസംഖ്യ കേവലം 278. ഒരു ലക്ഷത്തിലേറെ രോഗബാധിതരുള്ള ഇറ്റലിയില്‍ ഇതിനകം 11591 പേര്‍ മരിച്ചപ്പോള്‍ 63929 പേര്‍ക്ക് രോഗംബാധിച്ച ജര്‍മ്മനിയില്‍ മരണസംഖ്യ 560 മാത്രം. ഇറ്റലിയില്‍ മരിച്ചവരുടെ മീഡിയന്‍ പ്രായം 65 ആണെങ്കില്‍ ജര്‍മ്മിനിയിലേത് 47 ആണ്. ഇതിന് പ്രധാനകാരണം ജര്‍മ്മനി അവരുടെ പ്രായംചെന്ന പൗരന്‍മാരെ നന്നായി സംരക്ഷിച്ചു എന്നതാണ്. മുതിര്‍ന്ന പൗരന്‍മാരില്‍ കേവലം 3 ശതമാനത്തിന് മാത്രമാണ് അവിടെ കോവിഡ് ബാധിച്ചത്. ഏറ്റവുംകൂടുതല്‍ രോഗസാധ്യതയുള്ളവരെ ഏറ്റവുമധികം ശ്രദ്ധിക്കുക എന്ന രീതിയില്‍ രോഗപ്രതിരോധപരിപാടികള്‍ ആസൂത്രണംചെയ്യണം എന്നാണ് ജര്‍മ്മനി നമ്മെ പഠിപ്പിക്കുന്നത്.

ലൊമ്പാര്‍ഡിയില്‍ ആസൂത്രിതമായ പ്രതിരോധം ഉണ്ടായില്ല. രോഗം ബാധിക്കുന്നവരെ ചികിത്സിക്കുന്ന രീതിയാണ് അവലംബിക്കപ്പെട്ടത്. രോഗംബാധിക്കാത്തവര്‍ക്ക് പരിശോധന നടത്താനോ ക്വാറന്റ്‌റീന്‍ വിധിക്കാനോ ലോക്ക്ഡൗണ്‍ ചെയ്യാനോ ആദ്യഘട്ടത്തില്‍ ലൊമ്പാര്‍ഡി തയ്യാറായില്ല. ഒരിടത്ത് ചികിത്സിച്ച് തീരുന്നതിനുസരിച്ച് ചുറ്റും രോഗം കാട്ടുതീപോലെ ബാധിക്കുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. വെനീസാകട്ടെ വളരെ ആക്രണോത്സുകതയോടെ ടെസ്റ്റുകള്‍ നടത്തി. ഒറ്റപ്പെടുത്തലുകള്‍ ഏര്‍പ്പെടുത്തി, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രണ്ട് അയല്‍ പ്രദേശങ്ങള്‍ വ്യത്യസ്തമായ സമീപനങ്ങളിലൂടെ വൈറസിനെ നേരിട്ടപ്പോള്‍ ഫലം വ്യത്യസ്തമായി എന്നര്‍ത്ഥം. ഉത്തര ഇറ്റലിയില്‍ നിന്ന് വ്യാപകമായ തോതില്‍ ജനങ്ങള്‍ ദക്ഷിണ ഇറ്റലിയിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയതോടെ ഇറ്റാലിയന്‍ സര്‍ക്കാരിന്‌ രാജ്യമെമ്പാടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നു.

ലോകജനതയ്ക്ക് മുഴുവന്‍ ഇറ്റലി ഒരു പാഠ്യവിഷയമാണ്. ഈ ആപത്ഘട്ടത്തില്‍ എല്ലാവരും സ്വന്തംനിലയില്‍ ചക്രം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് മണ്ടത്തരമാണ്. Let us learn from Italy. കോവിഡിനെ നേരിടാന്‍ അത്യാവശ്യം വേണ്ട ഡേറ്റയും പ്രയോഗരീതികളും നമ്മുടെ മുന്നിലുണ്ട്. അതില്‍ പ്രധാനം വ്യാപനം (spread) തടയുകയും കൂടുതല്‍ പരിശോധനകള്‍(tests) നടത്തി രോഗബാധിതരെ കണ്ടെത്തി അകറ്റിനിറുത്തുകയുമാണ്. വേറെ മാജിക്കൊന്നുമില്ല. എത്രകാലം ചെയ്യുന്നോ അത്രകണ്ട് നാശം കുറയും. കേരളത്തില്‍ ഒരു ലക്ഷത്തില്‍ നൂറ് പേര്‍ എന്ന നിരക്കിലെങ്കിലും ടെസ്റ്റുകള്‍ നടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ നിരക്ക് ഇരുപതിലും താഴെയാണ്. സ്വാഭാവികമായും രോഗികളുടെ എണ്ണം കുറവാണ്! കേരളത്തില്‍ ആകെ കൊറോണയാണ് എന്നു പറഞ്ഞ് അതിര്‍ത്തികള്‍ അടയ്ക്കുകയും കേരളത്തില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാരോട് 14 ദിവസം ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഉത്തരേന്ത്യക്കാര്‍ തങ്ങളുടെ ടെസ്റ്റിംഗ് നിരക്ക് പരിതാപകരമാണെന്ന് തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം.

ദല്‍ഹിയിലെ നിസാമുദ്ദീന്‍ മേഖല ഇന്ന് ഏഴ് കേസുകള്‍ പോസീറ്റീവായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹി പോലീസ് ആ മേഖല മുഴുവന്‍ അടിച്ചിടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു(https://theprint.in/…/200-people-from-delhis-nizam…/391385/…). മാര്‍ച്ച് പത്തിന് അവിടെയുള്ള ഒരു മോസ്‌ക്കില്‍ നടന്ന സമ്മേളനത്തില്‍ മലേഷ്യ, ഇന്തനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും പങ്കെടുത്തിരുന്നു. നിസാമുദ്ദീന്‍ മേഖലയിലെ ഇരുനൂറ് പേരുടെകൂടി സാമ്പിള്‍ ശേഖരിച്ചിരിക്കുകയാണ്. ഇതുപോലെ ഇന്ത്യയില്‍ എത്ര മേഖലകള്‍ ഉണ്ടാകും എന്നൂഹിച്ചുനോക്കൂ. പാകിസ്ഥാനിലാകട്ടെ, പഞ്ചാബിലെ തബ് ലീഗി ജമാഅത്ത് എന്ന സംഘടനയുടെ മര്‍ക്കസിലെ സവിശേഷ മതസമ്മേളനത്തില്‍ പങ്കെടുത്ത 35 പേരെ പരിശോധിച്ചതില്‍ 23 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് രാജ്യമെങ്ങും ആശങ്കയുണര്‍ത്തുകയാണ്. പ്രസ്തുത സമ്മേളനം മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപെട്ടെങ്കിലും മതനേതൃത്വം ചെവികൊണ്ടില്ല. അവസാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷംമാത്രമാണ് അഞ്ഞൂറ് വിദേശികളടക്കം 1200 പേര്‍ പങ്കെടുത്ത സമ്മേളനം അവസാനിപ്പിച്ചത്. ക്വാറന്റീനില്‍ പോകാന്‍ ആവശ്യപെട്ട തബ് ലീഗി ജമാ അത്തിലെ ഒരംഗം പോലീസിനെ കുത്തി പരിക്കേല്‍പ്പിച്ച് രക്ഷപെടാന്‍ ശ്രമിച്ചെന്ന് ‘Dawn’ പത്രം റിപ്പര്‍ട്ട് ചെയ്തിരുന്നു.(https://www.dawn.com/…/27-tableeghi-jamaat-members-test-pos…). പൊങ്കാലയ്ക്ക് പോയവര്‍ക്ക്‌ കൊറോണ പിടിച്ചില്ലെങ്കില്‍ അത് പൊങ്കാലദേവിയുടെ ശക്തിയായി കാണുന്ന ഭ്രാന്തിനടിപെട്ട ജനതയോടാണ് ഇതൊക്കെ പറയേണ്ടിവരുന്നത്. പൊങ്കാലക്കാര്‍ക്ക് രോഗം പിടിപിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അന്നവിടെ രോഗികളാരും വന്നില്ല എന്നതുമാത്രമാണ്; പകര്‍ച്ചവ്യാധി പടരാന്‍ സര്‍വസാധ്യതയുമുള്ള ഒരു തീക്കളിയായിരുന്നു അതെന്നും. പൊങ്കാലക്കാര്‍ക്ക് കൊറോണ പിടിച്ചാല്‍ അതവരില്‍ ഒതുങ്ങി നില്‍ക്കില്ല എന്ന തണുത്ത സത്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയുംവേണം. ലൊമ്പാര്‍ഡിയും വെനീസും പാഠങ്ങളാണ്;പഠിക്കാന്‍ നാം തയ്യാറാവണം.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *