വൈറസുകള്‍ ലോകം മാറ്റുന്നു


1918-20 ലെ സ്പാനിഷ് ഫ്ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം 27%) രോഗബാധിതരായി, 5 കോടി മരണമടഞ്ഞു. മരണസംഖ്യ അതിലിരട്ടിയുണ്ടാകുമെന്നും വാദമുണ്ട്. അമേരിക്കയിലൊക്കെ മരണനിരക്ക് 20% വരെയായി. ചികിത്സയുടെ ഭാഗമായി നല്‍കിയ ആസ്പിരിന്‍ ഓവര്‍ഡോസായത് മൂലമാണ് മരണനിരക്ക് കൂടിയത് എന്നൊരു സിദ്ധാന്തമുണ്ട്. ശ്വാസതടസ്സവും നെഞ്ചുവേദനയും ന്യുമോണിയയും ആന്തരിക രക്തസ്രാവവുമായിരുന്നു മരണകാരണങ്ങള്‍. 1347-1353 കാലഘട്ടത്തില്‍ യൂറോപ്യന്‍ ജനസംഖ്യയുടെ പകുതി തുടച്ചുനീക്കിയ ‘ബ്ലാക്ക്ഡെത്ത് ‘എന്നറിയപെടുന്ന പ്ലേഗ് ഉണ്ടാക്കിയ മരണങ്ങള്‍ 2.5 കോടി മുതല്‍ 3.4 കോടി വരെയാണെന്ന് ഓര്‍ക്കുക. 1933 ലാണ് സ്പാനിഷ് ഫ്‌ളൂവിന്റെ വൈറസിനെ ജനിതകമായി വേര്‍തിരിച്ചെടുക്കുന്നത്. അലാസ്‌കയിലെ മഞ്ഞില്‍ പുതഞ്ഞുകിടന്ന ഒരു രോഗബാധിതന്റെ ശവശരീരവും അമേരിക്കന്‍ സൈനികരുടെ സാമ്പിളുകളുമാണ് ഇതിനായി ഉപയോഗപെടുത്തിയത്. താരതമ്യംനോക്കിയാല്‍, 1981 ല്‍ തിരിച്ചറിഞ്ഞ HIV രോഗത്തിന്റെ വൈറസുകളെ 2 വര്‍ഷങ്ങള്‍കൊണ്ട് നാം വേര്‍തിരിച്ചെടുത്തു;കോവിഡ് വൈറസുകളെ ദിവസങ്ങള്‍കൊണ്ടും.

സ്പാനിഷ് ഫ്‌ളൂ എവിടെയാണ് ഉദ്ഭവിച്ചതെന്ന് തീര്‍ച്ചയില്ല. 1917 ല്‍തന്നെ ഫ്രാന്‍സില്‍ തുടങ്ങി എന്നു പറയപ്പെടുന്നു. ചൈന, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങളും പ്രാരംഭസ്രോതസ്സുകളായി ആരോപിക്കപെടുന്നുണ്ട്. ഒന്നാംവരവിനെക്കാള്‍ ഭീകരമായിരുന്നു രണ്ടും മൂന്നും. ഒന്നാംലോക യുദ്ധത്തില്‍ നിഷ്പക്ഷത പാലിച്ചിരുന്ന സ്പെയിനിലെ മരണങ്ങളെക്കുറിച്ച് മാത്രമാണ് ലോകം കാര്യമായി അറിഞ്ഞത്. രോഗം ‘സ്പാനിഷ് ഫ്ളൂ’ എന്നറിയപ്പെടാനുള്ള ഏക കാരണവും അതാണ്. സ്‌പെയിന്‍കാരാകട്ടെ, ‘ഫ്രഞ്ച് ഫ്‌ളൂ’ എന്നാണ് വിളിച്ചിരുന്നത്. സ്പെയിനിലെന്തോ മാരകരോഗം എന്നാണ് അന്നൊക്കെ ലോകജനത ധരിച്ചിരുന്നത്. യുദ്ധകാലത്ത് തങ്ങള്‍ പകര്‍ച്ചവ്യാധിക്കും ഇരയാകുന്നുണ്ട് എന്ന് പുറംലോകത്തെ അറിയിക്കാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇഷ്ടപെട്ടില്ല. മാധ്യമഅടിച്ചമര്‍ത്തല്‍ മൂലം യുദ്ധംകഴിഞ്ഞാണ് പലരും ഭീകരാവസ്ഥ തിരിച്ചറിയുന്നത്.

രോഗബാധിതരാകുന്നവര്‍ 12 മണിക്കൂറിനുള്ളില്‍ മരിച്ചുവീഴുന്ന അവസ്ഥയുണ്ടായി. 40 ന് താഴെയുള്ളവരാണ് കൂടുതലും കൊല്ലപെട്ടത്. കാരണം ഇന്നും കൃത്യമായി അറിയില്ല. മുതിര്‍ന്നവര്‍ക്ക് മുമ്പ് പലതരം ഫ്ളൂവൈറസുകളെ നേരിട്ടതിലൂടെ നേടിയ സ്വാഭാവിക പ്രതിരോധം ഉണ്ടായിരുന്നിരിക്കാം. സ്പാനിഷ് ഫ്‌ളൂവിന്റെ RNA കുരങ്ങുകളില്‍ കുത്തിവെച്ചപ്പോള്‍ അവയുടെ പ്രതിരോധവ്യവസ്ഥ വൈറസുകളോട് അമിതമായി പ്രതികരിക്കുന്നതായി (over reaction of immune system) പഠനറിപ്പോര്‍ട്ടുകളുണ്ട്‌. Cytokine Storm എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആരോഗ്യമുള്ള യുവാക്കളുടെ കാര്യത്തിലും ഈ അമിതപ്രതിരോധം കാരണമായിട്ടുണ്ടാവാം. കോവിഡിന്റെ കാര്യത്തിലും ഇത് പ്രസക്തമാണ്. ‘പ്രതിരോധശേഷി കൂട്ടണം’എന്നു പറഞ്ഞുനടക്കുന്നവര്‍ ശ്രദ്ധിക്കുക.

തെരുവില്‍ നടന്നുകൊണ്ടിരുന്നവര്‍ ആന്തരിക രക്തസ്രാവം മൂലം മൂക്കിലൂടെയും ചെവിയിലൂടെയുമൊക്കെ രക്തം ഒലിപ്പിച്ച് കുഴഞ്ഞുവീണു. സൈനികരുടെ കാര്യമായിരുന്നു ഏറെ ദയനീയം. കിടങ്ങുകളിലെ യുദ്ധം അവരെ പരീക്ഷീണരാക്കിയ ഘട്ടത്തിലാണ് പകര്‍ച്ചവ്യാധി കടന്നുവരുന്നത്. രോഗംമൂത്തതോടെ ശവങ്ങള്‍ കുന്നുകൂടി. അമേരിക്ക മുതല്‍ ചൈനവരെ, മലേഷ്യമുതല്‍ ന്യൂസിലാന്‍ഡ് വരെ….വൈദ്യസഹായം, ആശുപത്രി, ആരോഗ്യപ്രവര്‍ത്തകര്‍, മോര്‍ച്ചറി, ശവസംസ്‌ക്കാരം…എല്ലാം അപ്രസക്തമായി. മരിച്ചവരുടെ കണക്ക് സൂക്ഷിക്കാന്‍പോലും ആളില്ലാതെയായി. ഇന്ത്യയില്‍ 1.2-1.7 കോടി മനുഷ്യരാണ് മരിച്ചത്; അമേരിക്കയില്‍ 6.75 ലക്ഷവും. ഇരകളില്‍ പ്രധാനി യു.എസ് പ്രസിഡന്റ് വുഡ്രോവില്‍സണ്‍ ആയിരുന്നു. 1919 ല്‍ വേഴ്‌സായ്‌ കരാറിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ഫ്രാന്‍സില്‍ വെച്ചാണ് വില്‍സണ്‍ രോഗബാധിതനായത്. അറിയപ്പെടുന്ന ചരിത്രത്തില്‍ ഏറ്റവുമധികം മനുഷ്യരെ കൊന്ന പകര്‍ച്ചവ്യാധി സ്പാനിഷ് ഫ്‌ളൂ തന്നെയാണ്. ഏറ്റവുംകൂടുതല്‍ ആളുകള്‍ മരിച്ചത് ബ്രിട്ടീഷ് ഇന്ത്യയിലാണ്. ആ നിലയ്ക്ക് ശരിക്കും ‘ഇന്ത്യന്‍ ഫ്‌ളൂ’! ഗാന്ധിജി ഫ്‌ളൂവന്ന് മരിച്ചുപോകേണ്ടതായിരുന്നു. ജപ്പാന്‍കാര്‍ മാസ്‌ക് ധരിക്കുന്ന ശീലം തുടങ്ങിയത് സ്പാനിഷ് ഫ്‌ളൂവിനെ നേരിടാനാണ്. അമേരിക്കയില്‍ കുട്ടികളുടെ റൈമുകള്‍ സ്പാനിഷ് ഫ്‌ളൂവിനെ വിശേഷിപ്പിക്കുന്നത് ‘അനുവാദമില്ലാതെ വീട്ടിലേക്ക് ഇരച്ചുകയറുന്ന ക്ഷണിക്കപെടാത്ത അതിഥി’എന്നാണ്. രോഗംതാണ്ഡവമാടുന്ന കാലത്തും സാമൂഹിക അകലംപാലിക്കലും ക്വാറന്റീനും മുഖമൂടി ധരിക്കലും ഒക്കെയുണ്ടായിരുന്നു. പക്ഷെ ഇന്നത്തേതുപോലെ ആരോഗ്യ-വൈദ്യരംഗം വികസിച്ചിരുന്നില്ല, ആന്റിബയോട്ടിക്കുകളോ വാക്‌സിനുകളോ ഉണ്ടായിരുന്നില്ല.

പകര്‍ച്ചവ്യാധി സംബന്ധിച്ച സുവര്‍ണ്ണനിയമങ്ങള്‍ക്ക് അടിവരയിട്ടാണ് സ്പാനിഷ് ഫ്‌ളൂ പിന്‍മാറിയത്. (a) രോഗംതടയുന്നതാണ് നേരിടുന്നതിലും നല്ലത്. (b) രോഗം പകര്‍ന്നു വാങ്ങുന്നെങ്കില്‍ പകര്‍ച്ചവ്യാധിയുടെ ആദ്യഘട്ടത്തിലാകട്ടെ. മെ ച്ചപെട്ട ചികിത്സയും സംരക്ഷണവും ലഭിക്കും, സൗഖ്യപെടാന്‍ സാധ്യത വര്‍ദ്ധിക്കും, രണ്ടാമതും മൂന്നാമതും വൈറസ് ആഞ്ഞടിച്ചാലും സുരക്ഷിതരായിരിക്കും. (c) പടര്‍ച്ചയുടെ മൂര്‍ദ്ധ്യന്യത്തിലും അന്ത്യഘട്ടത്തിലും രോഗംവന്നാല്‍ പരിചരണവും ചികിത്സയും കിട്ടില്ലെന്ന് മാത്രമല്ല, ശവം മറവ് ചെയ്യാന്‍പോലും ആളുണ്ടായേക്കില്ല.

അകാലത്തിലുള്ള വിജയഭാവവും അകാരണമായ ആത്മവിശ്വാസവും അഭികാമ്യമല്ല. കോവിഡ് മാപ്പ് പരിശോധിച്ചാല്‍ മാര്‍ച്ച് 18 ന് അമേരിക്ക ചിത്രത്തിലേ ഇല്ല(രോഗബാധിതര്‍-9197, മരണം-150). കഴിഞ്ഞ 18 ദിവസംകൊണ്ട് 3.11 ലക്ഷം രോഗബാധിതരുമായി അവര്‍ ബഹുദൂരം മുന്നിലായി. 18 ദിവസംകൊണ്ട് 3 ലക്ഷത്തിലേറെ രോഗികള്‍! ഇത്തരമൊരു കുത്തനെയുള്ള വര്‍ദ്ധന ഏതൊരു രാജ്യത്തിന്റെയും നടുവൊടിക്കും. അമേരിക്കയിലെ മരണസംഖ്യ 8454 ആണ്(2.7%). ഇറ്റലിയിലെ മരണനിരക്ക്‌
ഇപ്പോഴും 12%. സ്പെയിന്‍, ഫ്രാന്‍സ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പത്ത് ശതമാനം മരണത്തിന് കീഴ്‌പെടുന്നു. രോഗംകൊണ്ട് കഷ്ടപെടുന്ന രാജ്യങ്ങളുടെ പരാജയങ്ങളും വീഴ്ചകളും വ്യാപകമായി ചര്‍ച്ചചെയ്യപെട്ടു കഴിഞ്ഞു. മത-പ്രത്യയശാസ്ത്ര അടിസ്ഥാനത്തില്‍വരെ വിജയാഘോഷങ്ങള്‍ വരുന്നുണ്ട്. സാമൂഹികവ്യാപനം ഇല്ലാത്തതില്‍ തീര്‍ച്ചയായും നമുക്ക് ആശ്വസിക്കാം. എന്നാല്‍ മുന്‍കൂറായി വിജയം ആഘോഷിക്കുന്നതും സ്വയംമഹത്വപെടുന്നതും ശരിയല്ല. സ്പാനിഷ് ഫ്ളൂവിന്റെ ആക്രമണം പരിശോധിച്ചാല്‍ വൈറസുകള്‍ പ്രവചനാതീതമാണ്. രണ്ടാംവരവും മൂന്നാംവരവുമൊക്കെ പ്രതീക്ഷിക്കണം. ചിലപ്പോള്‍ എല്ലാ വര്‍ഷവും. കരയ്ക്ക് ഇരിക്കുന്നവരൊക്കെ വെള്ളത്തിലിറങ്ങേണ്ടി വന്നേക്കാം. വന്നുപോയിടത്ത് വീണ്ടും വരാം.

ഇന്ത്യയിലെ ലോക്ക്ഡൗണിന് സമാനതകളില്ല. 136 കോടി ജനതയാണ് അടിച്ചിട്ടിരിക്കുന്നത്. പ്രതീക്ഷതിലും മെച്ചപെട്ട ഫലമാണ് ഇതിനകം ഉണ്ടാക്കിയിട്ടുള്ളത്. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പകര്‍ച്ചഭീഷണി പ്രതീക്ഷിക്കാം. അതിനകം ലോകജനസംഖ്യയുടെ 2/3 നും രോഗബാധ ഉണ്ടാകുമെന്ന് വിദഗ്ധാഭിപ്രായം ഉണ്ട്. വാക്‌സിനുണ്ടെങ്കിലും ഇല്ലെങ്കിലും സ്വാഭാവിക പ്രതിരോധമായിരിക്കും ആത്യന്തികമായി തുണയ്ക്കുക. സാമൂഹികവ്യാപനം നേരിടുന്ന യൂറോപ്യന്‍രാജ്യങ്ങളിലൊക്കെ നിലവിലുള്ള ലോക്ക്ഡൗണ്‍, കാലാവധി കഴിഞ്ഞാലും തുടര്‍ന്നേക്കും. ഇന്ത്യന്‍ ലോക്ക്ഡൗണ്‍ 64 ദിവസംവരെ(21 days-5 days relaxation-28 days-5 days relaxation-15 days) നീളാം എന്നൊരു വാര്‍ത്ത പ്രചാരത്തിലുണ്ട്. അപ്പപ്പോഴത്തെ സാഹചര്യമായിരിക്കും കാലാവധിനിര്‍ണ്ണയത്തില്‍ പ്രസക്തമാകുക. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഇതുവരെ ഉണ്ടാക്കിയ നേട്ടം ഇല്ലാതാക്കുന്ന പെരുമാറ്റവും ജീവിതരീതിയും അനുവദിക്കാനാവില്ല. കൂട്ടംകൂടലുകള്‍ ഇല്ലാത്ത, മാസ്‌കും ഗ്ലൗസും ധരിച്ച്, സാമൂഹിക അകലം പാലിച്ചുകൊണ്ട്, ജാഗ്രതയോടും കരുതലോടുംകൂടിയ ഒരു ലോക്ഡൗണ്‍അനന്തരകാലമാണ് വരാനിരിക്കുന്നത്. ലോകം പഴയക്രമത്തിലേക്ക് തിരിച്ചുപോകാനിടയില്ല. തൊഴില്‍ബന്ധങ്ങളും ഘടനയും ഉടച്ചുവാര്‍ക്കപ്പെടും. ബാങ്കിംഗും സാമ്പത്തികഇടപാടുകളും പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാകും. മനുഷ്യ ജീവിതം കൂടുതല്‍ വിര്‍ച്വലും ഡിജിറ്റലും ആയി മാറും. വെറസുകള്‍ നമ്മുടെ ലോകത്തെതന്നെ മാറ്റി പണിയുകയാണ്. അവ അറിഞ്ഞുകൊണ്ടാണിതെല്ലാം ചെയ്യുന്നതെന്ന് സങ്കല്‍പ്പിച്ചാല്‍ നിങ്ങളൊരു മതചിന്തകനായി.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *