സൗഖ്യപ്പെട്ടവര്‍ സുഖപെടുത്തുമോ?


കോവിഡ് 19 രോഗത്തില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 3 ലക്ഷത്തിലധികമുണ്ട് അവരുടെ രക്തത്തില്‍ പുതിയകൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാവും. ഇവ വേര്‍തിരിച്ചെടുത്ത് കഷ്ടപെടുന്ന രോഗികളില്‍ കുത്തിവെച്ചാല്‍ അവരും സൗഖ്യപെടില്ലേ? പാമ്പിന്റെ വെനത്തിന് നാം അങ്ങനെയാണല്ലോ ചികിത്സിക്കുന്നത്. പാമ്പിന്റെ വെനം വളരെ ചെറിയ അളവില്‍ കുതിരപോലുള്ള മൃഗങ്ങളില്‍ കുത്തിവെച്ച് ആന്റിബോഡികള്‍ ഉണ്ടാക്കിയശേഷം അവയുടെ രക്തത്തിന്റെ സിറത്തില്‍ നിന്നും ആന്റിബോഡികള്‍ വേര്‍തിരിച്ചെടുത്താണ് നാം ഇപ്പോള്‍ കുത്തിവെക്കുന്നത്. ആദ്യകാലത്ത് ആന്റിബോഡികളടങ്ങിയ കുതിരസിറം തന്നെ ഉപയോഗിച്ചിരുന്നു. ആത്യന്തികമായി ഏതൊരു ആന്റിജനിനെയും നശിപ്പിക്കാന്‍ അതിന് വിരുദ്ധമായ ആന്റിബോഡി വേണം. എന്നാല്‍പ്പിന്നെ എന്തുകൊണ്ട് രോഗംഭേദമായവരില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്മ/സിറം (plasma/Serum)ഉപയോഗിച്ചുള്ള തെറാപ്പി കോവിഡ് ചികിത്സയില്‍ പ്രയോജനപെടുത്തിക്കൂടാ?

അതിന് മുമ്പ് പ്ലാസ്മയും സിറവും തമ്മിലുള്ള വ്യത്യാസമറിയണം. നമ്മുടെ രക്തത്തിലെ വെള്ളംപോലുള്ള ദ്രാവകഭാഗമാണ് പ്ലാസ്മ. രക്തം കട്ടപിടിക്കുമ്പോള്‍ എറിത്രോസൈറ്റുകള്‍, ലൂക്കോസൈറ്റുകള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവ കഴിഞ്ഞു ബാക്കിവരുന്ന ഭാഗമാണ് സിറം. ഉള്ളടക്കം ഏതാണ്ട് സമാനമാണെങ്കിലും പ്ലാസ്മയും സിറവും സാങ്കേതികമായി രണ്ടാണ്. പ്ലാസ്മയില്‍ നിന്ന് ഫ്രൈബ്രിനോജനുകള്‍ നീക്കം ചെയ്താല്‍ സിറം ലഭിക്കും. സിറം കട്ടപിടിക്കില്ല. പ്ലാസ്മയില്‍/സിറത്തില്‍ ആന്റിബോഡികള്‍, ഇലക്ട്രോലൈറ്റുകള്‍, ആന്റിജനുകള്‍, ഹോര്‍മോണുകള്‍, മറ്റ് അന്യവസ്തുക്കള്‍, രക്തം കട്ടപിടിക്കാന്‍ ആവശ്യമില്ലാത്ത പ്രോട്ടീനുകള്‍ എന്നിവയുടെ സാന്നിധ്യമുണ്ടാകും. രോഗംബാധിച്ച് സൗഖ്യപെടുന്നവരുടെ രക്തത്തില്‍ രോഗാണുവിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാകും.

സൗഖ്യപെട്ടവരുടെ പ്ലാസ്മ രോഗികളില്‍ കുത്തിവെക്കുന്ന ചികിത്സയാണ് കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി(Convalescent plasma Therapy). സിറം നേരിട്ട് കുത്തിവെച്ചാല്‍ അത് കോണ്‍വാലസെന്റ് സിറം തെറാപ്പി. രണ്ടിടത്തും രോഗിയുടെ രക്തത്തിലെ ആന്റിബോഡികള്‍ ഉപയോഗിച്ച് രോഗിയെ സഹായിക്കുകയാണ്. കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും ഈ ചികിത്സ പൂര്‍ണ്ണവിജയമാണെന്ന് പറയാന്‍ പഠനങ്ങള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ കുറെയൊക്കെ വിജയിച്ചതിനും തെളിവുണ്ട്. രക്തകൈമാറ്റം(blood transfusion) ചെയ്യുന്നതുമായി ബന്ധപെട്ട എല്ലാ പ്രശ്‌നങ്ങളും ഇവിടെയുണ്ട്. മാത്രമല്ല രോഗിയിലേക്ക് അന്യ ആന്റിജനുകള്‍ ഉള്‍പ്പടെ ആവശ്യമില്ലാത്ത ഘടകങ്ങള്‍ കയറാനും സാധ്യതയുണ്ട്. ഉപയോഗിക്കുന്ന പ്ലാസ്മ അല്ലെങ്കില്‍ സിറത്തിന്റെ ഗുണവും നിലവാരവും ശേഖരിക്കുന്ന സമയവും പ്രധാനമാണ്.

ഈ ചികിത്സയിലൂടെ രോഗിക്ക് പരോക്ഷ പ്രതിരോധമാണ് (Passive immunization) ലഭിക്കുക. സിറം ചികിത്സ കണ്ടുപിടിച്ചത് ജര്‍മ്മന്‍കാരനായ എമില്‍ വോണ്‍ ബെറിംഗ് ( Emil von Behring) ആണ്. കുട്ടികളിലെ ഡിഫ്തീരിയക്ക് എതിരെയാണ് 1890 ല്‍ അദ്ദേഹം അത് വികസിപ്പിച്ചെടുത്തത്. 1901 ല്‍ ഈ കണ്ടുപിടുത്തത്തിന് വൈദ്യശാസ്ത്രത്തിലെ ആദ്യത്തെ നോബേല്‍ സമ്മാനം ബെറിംഗിന് ലഭിക്കുകയുണ്ടായി. കോവിഡ് വിമുക്തരുടെ രക്തത്തിലെ പ്ലാസ്മ/സിറം വേര്‍തിരിച്ച് ചികിത്സ രണ്ട് മാസത്തിന് മുമ്പ് തന്നെ ചൈന തുടങ്ങിവെച്ചിരുന്നു. ജപ്പാനിലെ തകെടാ ഫാര്‍മസ്യൂട്ടിക്കല്‍(Takeda Pharmaceutical Co) കൊറോണ വൈറസ് മുക്തിനേടിയവരുടെ രക്തത്തിലെ ആന്റിബോഡി വേര്‍തിരിച്ചുണ്ടാക്കുന്ന മരുന്നിന് TAK-888 എന്നാണ് പേരിട്ടിരിക്കുന്നത്. എന്തിന് വാക്‌സിന് വേണ്ടി കാത്തിരിക്കുന്നു? സൗഖ്യപ്പെട്ടവരുടെ പ്ലാസ്മയോ സിറമോ കുത്തിവെച്ചാല്‍ പോരേ? പാമ്പ് കടിയേറ്റയാളുടെ ശരീരം ആന്റിബോഡി ഉണ്ടാക്കും. പക്ഷെ അതിന് സമയംപിടിക്കും. അത്രയുംനേരം കടിയേറ്റയാള്‍ ജീവിച്ചിരിക്കണമെന്നില്ല. അയാള്‍ക്ക് ആന്റിബോഡി കൃത്രിമമായി നല്‍കുന്നതാണ് സുരക്ഷിതം. പകര്‍ച്ചവ്യാധിയുടെ കാര്യം അങ്ങനെയല്ല. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപെടാന്‍ തന്നെ 8-10 ദിവസം വേണം, രോഗി പിന്നെയും ആഴ്ചകള്‍ ജീവിക്കും. ആ സമയത്തൊക്കെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ആന്റിബോഡികള്‍ നിര്‍മ്മിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പാമ്പിന്‍വിഷംപോലെ ഉടന്‍കൊല്ലികളല്ല. ഭൂരിപക്ഷംരോഗികളും സ്വാഭാവികമായ പ്രതിരോധം ഉണ്ടാക്കി രോഗവിമുക്തി നേടും. അവര്‍ക്ക് പിന്നെ രോഗംവരികയുമില്ല. ശരിയാണ്‌, മറ്റുള്ളവരുടെ ശരീരത്തുണ്ടാകുന്ന ആന്റിബോഡി കുത്തിവെച്ചാലും രോഗവിമുക്തി നേടാം. പക്ഷെ അത് നിങ്ങളുടെ ആന്റിബോഡിയല്ല എന്ന പ്രശ്‌നം നിലനില്‍ക്കും. പ്രസ്തുത ആന്റിബോഡി ഉണ്ടാക്കാനുള്ള വഴി നിങ്ങളുടെ പ്രതിരോധവ്യവസ്ഥയ്ക്ക് പരിചയമില്ല. കടമെടുത്ത ആന്റിബോഡികള്‍ ഏറിയാല്‍ 30 ദിവസം രക്തത്തിലുണ്ടാവും. കൂലിപട്ടാളത്തെ ഇറക്കി രോഗാണുവിനെ തുരത്തിയ നിങ്ങള്‍ക്ക് വീണ്ടും അതേ വൈറസ് ബാധയേല്‍ക്കാം. അതായത് പ്ലാസ്മ/സിറംതെറാപ്പി മീന്‍ വാങ്ങലാണ്. വാക്സിനാകട്ടെ മീന്‍പിടിക്കാന്‍ പഠിക്കലും!

അത്യാസന്ന നിലയില്‍ ഉള്ള രോഗിയെ രക്ഷിക്കാന്‍ ആന്റിബോഡി ചികിത്സ ഉപയോഗിക്കാം. പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ ആന്റിബോഡി ചികിത്സ സര്‍വസാധാരണമാകാതിരിക്കാനുള്ള മറ്റൊരു കാരണം രോഗികളുടെ എണ്ണമാണ്. വാക്സിനുമായി താരതമ്യപെടുത്തുമ്പോള്‍ ആന്റിബോഡി തെറാപ്പി എളുപ്പമാണ്. ചെലവും കുറവാണ്. കാത്തിരിപ്പും ആവശ്യമില്ല. അത്യാസന്ന നിലയിലുള്ള പല കോവിഡ് രോഗികളുടെയും ജീവന്‍ രക്ഷിക്കാനും സാധിച്ചേക്കും. പക്ഷെ കോവിഡിനെതിരെയുള്ള സ്വാഭാവിക പ്രതിരോധം ഉണ്ടാക്കാന്‍ രണ്ട് വഴിയേ ഉള്ളൂ-ഒന്നുകില്‍ രോഗം വന്നുപോകുക, രണ്ട്-വാക്സിനേഷന്‍.

പ്ലാസ്മ/സിറം ചികിത്സയ്ക്ക് ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രമുണ്ട്. 1918 ലെ സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് തന്നെ പ്ലാസ്മ/സിറം ചികിത്സ ഉപയോഗത്തിലുണ്ട്. അമേരിക്കയില്‍ 1930 കളില്‍ ന്യൂമോണിയ ചികിത്സയില്‍ ഈ രീതി ഉപയോഗിച്ചിരുന്നു. രോഗത്തിന്റെ ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ സൗഖ്യംപ്രാപിച്ചവരുടെ സിറം കുത്തിവെച്ചവരില്‍ പലര്‍ക്കും മികച്ച ഫലം ലഭിച്ചു. രോഗം മൂര്‍ച്ഛിച്ചവരില്‍ പ്രയോജനം ചെയ്തതുമില്ല. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ കുറച്ച് രോഗാണുക്കള്‍ മാത്രമേ രോഗി ശരീരത്തില്‍ ഉണ്ടാകൂ. സ്വാഭാവികമായും കുറച്ച് ആന്റിബോഡികള്‍ മതിയാകും. മൂര്‍ദ്ധന്യാവസ്ഥയില്‍ നിയന്ത്രിക്കാനാവാത്ത തോതില്‍ രോഗാണുക്കള്‍ രോഗിശരീരത്തില്‍ നിറയുന്നതാവാം ഒരു കാരണം.

1934 ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ഒരു പ്രെപ്പറ്ററി സ്‌കൂളില്‍ ഒരു കുട്ടിക്ക് മീസില്‍സ് ബാധിച്ചതിനെ തുടര്‍ന്ന് അവനെ ക്വാറന്റീനില്‍ പാര്‍പ്പിച്ചു. മീസില്‍സ് വലിയ തോതില്‍ പകരാന്‍ സാധ്യതയുള്ള രോഗമാണ്. സൗഖ്യമായപ്പോള്‍ അവന്റെ ക്ലാസിലെ ബാക്കി 66 കുട്ടികള്‍ക്കും അവന്റെ സിറം കുത്തിവെച്ചു. ക്ലാസു മുഴുവന്‍ മീസില്‍സ് വരുമെന്ന് പ്രതീക്ഷിച്ചിടത്ത് കേവലം 3 കുട്ടികള്‍ മാത്രമാണ് രോഗബാധിതരായത്. 1960 ല്‍ വാക്‌സിനുകള്‍ ലോകം കീഴടക്കുന്നതുവരെ സിറം ചികിത്സ പ്രാബല്യത്തിലുണ്ടായിരുന്നു. 2003 ലെ SARS, 2012 ലെ MERS തുടങ്ങിയ ഒട്ട് ബ്രേക്കുകളിലും ഈ രീതി ഉപയോഗിച്ചിരുന്നു. 2014 ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലും 2018 ല്‍ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലും ഉണ്ടായ എബോള ഔട്ട്ബ്രേക്കിന്റെ കാലത്ത് പ്ലാസ്മ/ സിറം തെറാപ്പി മരണസംഖ്യ 30 ശതമാനംവരെ കുറച്ചെന്ന്‌ വിലയിരുത്തത്തപെടുന്നു. ചുരുക്കത്തില്‍, പ്ലാസ്മ-സിറം തെറാപ്പി 100-120 വര്‍ഷം പഴക്കമുള്ള ആശയമാണ്. ഓരോ തവണ പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെടുമ്പോഴും മനുഷ്യന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *