കത്തിക്കാത്ത സിഗരറ്റ്‌


ലോക്ക്ഡൗണ്‍ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ക്ക് പുലിപ്പുറത്തെ യാത്രയായി മാറുകയാണ്. മധുരിച്ചിട്ട് തുപ്പാനുംവയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ. ജര്‍മ്മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മതചടങ്ങുകള്‍ക്ക് ഉള്‍പ്പടെ ഇളവുകള്‍ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ ഫുട്ബാള്‍ ലീഗ് (Bundesliga) പുനരാരംഭിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും കായികമത്സരങ്ങള്‍ക്ക് ആഗസ്ത് വരെ നിയന്ത്രണമുണ്ട്. രോഗബാധ വര്‍ദ്ധിച്ചാല്‍ നിയന്ത്രണങ്ങള്‍ തിരിച്ചുകൊണ്ടുവരുമെന്ന് മെര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 1.63 ലക്ഷം രോഗബാധിതരും 6632 മരണങ്ങളുമാണ് രാജ്യത്തുള്ളത്. 25 ലക്ഷംപേരെ ടെസ്റ്റു ചെയ്ത ജര്‍മ്മനിയുടെ ടെസ്റ്റിംഗ് നിരക്ക് 30400/1Million ആണ്(ഇന്ത്യയുടേത് 610 ആണെന്നോര്‍ക്കുക). 32000 ല്‍ ഏറെ ടെസ്റ്റിംഗ് നിരക്കുള്ള ഇറ്റലിയും സ്പെയിനും മാത്രമാണ് ജര്‍മ്മനിക്ക് മുന്നിലുള്ളത്. ഇളവുകള്‍ ഉണ്ടായിരുന്ന ഭാഗിക ലോക്ക്ഡൗണാണ് ജര്‍മ്മനിയില്‍ നിലവിലുണ്ടായിരുന്നത്. കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ദക്ഷിണകൊറിയിയിലും ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ല. ജനം സ്വയംനിയന്ത്രിച്ചു കഴിയുന്നത്ര വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചു മുന്നോട്ടുപോയി.

അണ്‍ലോക്കിംഗ് പ്രഖ്യാപിക്കുന്ന ഏതൊരു ഭരണാധികാരിക്കും ഘട്ടംഘട്ടമായി (a staggered exit) മാത്രമേ അത് ചെയ്യാനാവൂ. നിരാഹാരം കിടന്നവന്‍ ചാടിയെഴുന്നേറ്റ് സദ്യപ്പുരയിലേക്ക് ഇടിച്ചു കയറിയാല്‍ പണി കിട്ടിയെന്നുവരാം. ലക്ഷക്കണിക്കിന് രോഗികളെ സാക്ഷിനിര്‍ത്തിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ മെല്ലെ അണ്‍ലോക്ക് ചെയ്യുന്നത്. എല്ലാ രോഗികളും സൗഖ്യമായിട്ട് ചെയ്യാം എന്നു കരുതിയാല്‍ രാജ്യം സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിയുമെന്ന് അവര്‍ക്കറിയാം. കോവിഡിന്റെ തുടര്‍വരവുകള്‍ മുന്നില്‍ കാണുകയും അതനുസരിച്ച് പ്രതിരോധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് രാജ്യം തുറക്കുകയും ചെയ്യുകയല്ലാതെ വേറെ പോംവഴിയില്ല.

ലോക്ക്ഡൗണ്‍ രാജ്യത്തെ നശിപ്പിക്കുന്നു എന്ന് പരസ്യമായി മുറവിളി കൂട്ടുന്ന ഭരണാധികാരികളില്‍ പ്രമുഖര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ബ്രസീല്‍ പ്രസിഡന്റ് ജൈ ബോള്‍സോനറോയും (Jair Bolsonaro) ആണ്. അമേരിക്കയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന 24 സംസ്ഥാനങ്ങള്‍‍ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 26 സംസ്ഥാനങ്ങള്‍ മടിച്ചു നില്‍ക്കുന്നു. പല സംസ്ഥാനങ്ങളിലും ജനം ലോക്ക്ഡൗണിന് എതിരെ പലതവണ തെരുവിലിറങ്ങി. ഇന്നലെ ഡമോക്രാറ്റുകള്‍ ഭരിക്കുന്ന മിഷിഗണില്‍ ആയുധലൈസന്‍സ് നിയമത്തിലെ ഒഴികഴിവുകള്‍ ചൂഷണംചെയ്തുകൊണ്ട് തോക്കേന്തിയ പ്രതിഷേധക്കാരാണ് സംസ്ഥാന പാര്‍ലമെന്റ് കെട്ടിടത്തിന് (Michigan State Capitol) മുമ്പില്‍ തടിച്ചുകൂടിയത്. സംസ്ഥാനനിയമം അനുസരിച്ച് കാപിറ്റോളിന് മുന്നില്‍ പ്ലക്കാര്‍ഡും ബാനറുമൊന്നും അനുവദിക്കില്ല. പക്ഷെ തോക്ക് നിരോധിച്ചതായി പറയുന്നില്ല! കത്തിക്കാത്ത സിഗരറ്റ് ചുണ്ടില്‍ വെക്കാം, വലിക്കാതിരുന്നാല്‍ മതി-അത്രയേ തങ്ങളും ചെയ്യുന്നുള്ളൂ എന്നാണ് തോക്കേന്തിയവരുടെ ന്യായീകരണം.

തോക്കേന്തിയ പ്രതിഷേധക്കാര്‍ ‘വളരെ നല്ല മനുഷ്യര്’‍(”These are very good people, but they are angry. They want their lives back again, safely! See them, talk to them, make a deal.”) ആണെന്നായിരുന്നു പ്രസിഡന്റ് ട്രമ്പിന്റെ റ്റിറ്റ്വര്‍ പ്രതികരണം. മിഷിഗണണ്‍ സംസ്ഥാനം ജനജീവിതത്തിന് തുറന്നുകൊടുക്കണം എന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചത്. ഗവര്‍ണ്ണര്‍ ഗ്രെറ്റ്ചന്‍ വിറ്റ്മര്‍ (Gretchen Whitmer) അടക്കമുള്ളവര്‍ ലോക്ക്ഡൗണ്‍ തുടരുന്നതു സംബന്ധിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴാണ് കാപിറ്റോളിന് പുറത്ത് പ്രതിഷേധം ശക്തിപെട്ടത്. യൂണിറ്ററി സ്വഭാവത്തിന് മുന്‍തൂക്കമുള്ള ഇന്ത്യയില്‍ രാജ്യം അടച്ചിടാനുള്ള പരമാധികാരം കേന്ദ്രത്തിനാണെങ്കില്‍ അമേരിക്കയില്‍ അത് സംസ്ഥാനങ്ങളില്‍ നിഷിപ്തമാണ്. മിഷിഗണില്‍ ഒരു മാസം കൂടി ലോക്ക്ഡൗണ്‍ നീട്ടുന്ന പ്രഖ്യാപനം പുറത്തുവന്നത് പ്രക്ഷോഭകരെ കൂടുതല്‍ ചൊടിപ്പിച്ചു. മുന്‍തൂക്കം കൊടുക്കേണ്ടത് ആരോഗ്യസുരക്ഷയ്ക്കും ജാഗ്രതയ്ക്കുമാണ് എന്ന നിലപാടിലാണ് ഗ്രെറ്റ്ചന്‍ വിറ്റ്മര്‍. സ്വന്തം പ്രതിച്ഛായയ്ക്കും രാഷ്ട്രീയ സാധ്യതയ്ക്കും മാത്രമാണവര്‍ പ്രാധാന്യം നല്‍കുന്നത് എന്നായിരുന്നു പ്രക്ഷോഭകരുടെ ആരോപണം.

ലോക്ക്ഡൗണില്‍ നിന്ന് പുറത്തുവരണമെന്ന് ലോകത്തെ എല്ലാ ജനതകള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ആഗ്രഹമുണ്ട്. ലോക്ക്ഡൗണ്‍ ദിനംപ്രതി സമ്പദ് വ്യവസ്ഥയെ കാര്‍ന്നു തിന്നുകയാണ് എന്ന് അറിയാത്തവരില്ല. പക്ഷെ അതങ്ങനെ പുറത്തുപറയുന്നത് ‘രാഷ്ട്രീയശരി’ആയികൊള്ളണമെന്നില്ല. സത്യം പറയുന്നവര്‍ക്ക് രാഷ്ട്രീയത്തില്‍ വിശേഷിച്ച് അവാര്‍ഡൊന്നുമില്ലല്ലോ. ജനങ്ങളെ കൊലയ്ക്കു കൊടുത്തു, മനുഷ്യ ജീവനുകള്‍ നിസ്സാരവല്‍ക്കരിച്ചു, വേണ്ടത്ര ജാഗ്രത കാട്ടിയില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാവും ഈ ഘട്ടത്തില്‍ ഭരണകൂടങ്ങള്‍ ശ്രദ്ധവെക്കുന്നത്. ലോക്ക്ഡൗണ്‍ സഹനീയമാണെന്നോ രോഗം തുരത്തുമെന്നോ ഉള്ള ധാരണ മൂലമല്ല ഇത്തരം നിലപാടുകള്‍. മനുഷ്യസ്നേഹികളും കരുതലുള്ളവരും സേവനസന്നദ്ധരുമായി അറിയപ്പെടാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ അതിന് വമ്പന്‍ പ്രാധാന്യമുണ്ട്. കോവിഡിന് എതിരെ എന്തു ചെയ്യണം എന്ന കാര്യത്തില്‍ ലോകം ഇപ്പോഴും ഇരുട്ടില്‍ ത്പ്പുകയാണ് എന്നിരിക്കെ കരുതല്‍ രാഷ്ട്രീയത്തെ കുറ്റപെടുത്താനാവില്ല.

അമേരിക്ക തുറന്നിട്ടേ മതിയാകൂ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പ്രസിഡന്റ് ട്രമ്പ് കോവിഡ് മൂലം മരണമടഞ്ഞവരോടുള്ള അനുശോചനവും സങ്കടവും നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്. ഒരു മരണംപോലും അസഹനീയമാണ് (‘even one death is too many’) എന്നാണ് പല്ലവി. പ്രൊഫഷണല്‍ രാഷ്ട്രീയക്കാരനല്ലാത്ത ട്രമ്പിന്റെ ശാസ്ത്രബോധം പരിതാപകരമാണ്, മതബോധം അതികഠിനവും. സ്വാഭാവികമായും, വായില്‍തോന്നുന്ന അബദ്ധങ്ങള്‍ പുലമ്പി വിവാദങ്ങളില്‍ കുരുങ്ങുന്നു. അമേരിക്കയിലെ ഭൂരിപക്ഷം വരുന്ന ഡമോക്രാറ്റിക് അനുകൂല മാധ്യമങ്ങളുമായി അക്ഷരാര്‍ത്ഥത്തില്‍ മല്ലയുദ്ധമാണ് ട്രമ്പ് നടത്തിവരുന്നത്. ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍മാരുമായി അടി ഒഴിഞ്ഞ നേരമില്ല. പോയി പണിനോക്കാന്‍ പല ഗവര്‍ണ്ണര്‍മാരും ട്രമ്പിനോട് പരസ്യമായി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയക്കാരെകൊണ്ട് പൊറുതിമുട്ടിയ അമേരിക്ക ജനത തന്നെ തിരഞ്ഞെടുത്തത് സത്യംപറയാനാണ് എന്ന്‌ തുറന്നടിക്കുന്ന ട്രമ്പിന് ഇപ്പോള്‍ പ്രതിച്ഛായ(image) ഒരു വിഷയമായി തുടങ്ങിയിട്ടുണ്ട്.

ഡമോക്രാറ്റിക് സംസ്ഥാനങ്ങളില്‍ പലതിലും ലോക്ക്ഡൗണിന് എതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ പരസ്യമായി ന്യായീകരിക്കാന്‍ ട്രമ്പ് തയ്യാറായി. എന്നിട്ടും ഏപ്രില്‍ മൂന്നാംവാരംവരെ ജോബ് അപ്രൂവല്‍ റേറ്റിംഗില്‍ മുന്നിലായിരുന്നു. പക്ഷെ മാസാവസാനത്തോടെ പിന്നിലായി. അതുവരെ കോവിഡ് പത്രസമ്മേളനങ്ങള്‍ പ്രസിഡന്റ് സ്വന്തം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആക്ഷേപിച്ചിരുന്നവര്‍ ട്രമ്പിന്റെ പത്രസമ്മേളനങ്ങള്‍ ഡമോക്രാറ്റിക് പ്രസിന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണമായി മാറുന്നുവെന്ന്‌ പരിഹസിക്കാന്‍ തുടങ്ങി. ഏപ്രില്‍ മാസാവസാനം നടത്തിയ ശാസ്ത്ര-വിരുദ്ധ പ്രസ്താവനകള്‍ ട്രമ്പിന്റെ നില കൂടുതല്‍ വഷളാക്കി. വൈറസ് പരത്തിയതിന്റെ പേരില്‍ ചൈനയെ കടന്നാക്രമിച്ചു തിരിച്ചുവരാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നത്. ആറുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇവയൊക്കെ എങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിയണം. കോവിഡിന് എതിരെയുള്ള യുദ്ധം നീണ്ടതാണ്. അമേരിക്കന്‍ ജനതയുടെ പൊതുസ്വഭാവം പരിഗണിക്കുമ്പോള്‍ ട്രമ്പിനെ കേവലം കോമഡി കിളവനായി എഴുതിതള്ളുന്നത് ബുദ്ധിമോശമായിരിക്കും.

വാക്‌സിന്‍ വിരുദ്ധര്‍പോലും വാക്‌സിന്‍ സ്വപ്‌നം കാണാന്‍ പഠിച്ചു എന്നതാണ് കോവിഡ് അനന്തരലോകത്തിന്റ പ്രത്യേകത. ലോക്ക്ഡൗണ്‍ ലോകമെമ്പാടും ഭരണകര്‍ത്താക്കളുടെ ജനകീയപിന്തുണ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആംഗല മെര്‍ക്കല്‍ മുതല്‍ നരേന്ദ്രമോദി വരെ, ആന്‍ഡ്രു കുമോ മുതല്‍ പിണറായി വിജയന്‍വരെ ഐറിഷ് പ്രധാനമന്ത്രി മുതല്‍ സൗദിരാജകുടുംബം വരെ… അത് പ്രകടമാണ്. അപ്പപ്പോള്‍ ഉള്ള നേട്ടം വിലയിരുത്തിയാണ് ജനപിന്തുണയെന്ന് രാഷ്ട്രീയക്കാര്‍ക്ക് നന്നായറിയാം. പാളിച്ച വന്നാല്‍ ഇതേ ജനം തിരിഞ്ഞുനില്‍ക്കും. അണ്‍ലോക്കിംഗ് കീറാമുട്ടിയാകുന്നതിന്റെ മുഖ്യ കാരണമതാണ്. ലോക്ക്ഡൗണ്‍ പീരിയഡില്‍ രോഗബാധ കൂടിയാല്‍ കാണുന്ന കണ്ണിലൂടെയാവില്ല ‍ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമുള്ള രോഗവര്‍ദ്ധനയെ ജനം വിലയിരുത്തുക. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ രോഗംകൂടിയാല്‍ ‘ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലും മോശമായേനെ’ എന്ന ആശ്വാസയുക്തി ഉന്നയിക്കാം. ശേഷമാണ് വര്‍ദ്ധനയെങ്കില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതാണ് കാരണം എന്ന വിമര്‍ശനവുമായി എതിരാളികളും വിമര്‍ശകരും ചാടി വീഴും. ഇത്തരം ഒരവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. ലോക്കഡൗണ്‍ കൊണ്ട് രാജ്യം ഒരു പരുവമായെന്ന് മനസ്സിലാക്കുമ്പോഴും ഈ ജനപ്രീതി കളഞ്ഞുകുളിക്കാന്‍ ഇടയുള്ള റിസ്‌കുകള്‍ എടുക്കാന്‍ അവര്‍ മടിക്കും.

പരമാവധി ശ്രദ്ധ, ജാഗ്രത, ഘട്ടംഘട്ടമായി…തുടങ്ങിയ നരേറ്റീവുകള്‍ക്കേ പിന്നെയവിടെ പ്രസക്തിയുള്ളൂ. രോഗിപ്രളയം ഒഴിവാക്കാനും ആരോഗ്യസംവിധാനത്തെ സജ്ഞമാക്കാനും ലോക്ക്ഡൗണ്‍ സഹായിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമൂഹങ്ങളിലെല്ലാം ഏറിയുംകുറഞ്ഞും രോഗവ്യാപനം നിയന്ത്രിക്കാനായി എന്നു പൊതുവെ വിലയിരുത്തപെടുന്നുമുണ്ട്. അതിനപ്പുറമുള്ള പ്രതീക്ഷകള്‍ ലോക്ക്ഡൗണില്‍ ആരോപിക്കുന്നത് പ്രതീക്ഷകളുടെ ഭാരം വര്‍ദ്ധിപ്പിക്കും. വൈറസ് വീര്യംകൂട്ടിയാലും തിരിച്ചുവന്നാലും നേരിടാന്‍ ലോക്കഡൗണല്ലാതെ മറ്റ് ആയുധങ്ങളൊന്നും തല്‍ക്കാലം ഭരണകൂടങ്ങളുടെ പക്കല്‍ ഇല്ല. പിതാവിന്റെ തോളില്‍ കയറിയിരുന്ന് ഉറിയടിക്കുന്ന കുട്ടിയെ സങ്കല്‍പ്പിക്കുക. എത്രനേരം കുട്ടിയെ ചുമക്കാന്‍ പിതാവിന് സാധിക്കും? കുറെനേരംകൂടി നിന്നാല്‍ കുട്ടി ഉറി ഉടയ്ക്കുമോ? ഒന്നുകില്‍ ഉറി താഴ്ന്നു വരണം, അല്ലെങ്കില്‍ കുട്ടി പറന്നടിക്കണം. പ്രതീക്ഷകളെ സാധ്യതകളുമായി കൂട്ടികെട്ടുക. Stay Positive, Test Negative.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *