‘എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണര്‍ എന്ന വാക്കും വരണം’; നുണകളുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങ് അഥവാ ട്രംപിന്റെ ജീവിതം – എം റിജു എഴുതുന്നു


‘കില്‍ മുസ്‌ലീംസ്, ഐ ഹേറ്റ് ഇസ്‌ലാം, മെക്‌സിക്കന്‍ എമിഗ്രന്‍സ് ആര്‍ ഡെവിള്‍സ്”  – 2016 മധ്യത്തോടെയാണ്, പതിവില്ലാത്ത വിധം ഗൂഗിള്‍ ഡാറ്റയില്‍ ഈ കീ വാക്കുകള്‍ കയറി വരുന്നത് ഹാര്‍വാഡില്‍ നിന്നും ഡോക്ടറ്റേ് എടുത്ത സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിറ്റ്‌സ് എന്ന അനലിസ്റ്റിന്റെ ശ്രദ്ധയില്‍പെട്ടത്. ആദ്യം അദ്ദേഹം അത് അവഗണിച്ചു. പക്ഷേ ഓരോ ദിവസം കൂടുന്തോറും ഈ വാക്കുകള്‍ സേര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം കൂടിക്കുടി വന്നു. അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി, കൃത്യമായി സൃഷ്ടിക്കപ്പെട്ടതാണ് ഇതെന്ന്. അതിന്റെ ഫലം മാരകമായിരുന്നു. ഹിലരി ക്ലിന്റണെ തോല്‍പ്പിച്ച് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി.

ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്കൗൺഡ്രൽ!

പൊളിറ്റികസ് ഈസ് ദ ലാസ്റ്റ് റെഫ്യൂജ് ഓഫ് എ സ്കൗൺഡ്രൽ’ എന്ന പഴമൊഴി പഠിപ്പിക്കുമ്പോള്‍ ഇനി അധ്യാപകര്‍ക്ക് അധികം ഉദാഹരണം ഒന്നും കാണിക്കേണ്ട കാര്യമില്ല. ജോ ബൈഡനോട് തോറ്റ് നാണം കെട്ടു നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഒന്ന് ചൂണ്ടിക്കാണിച്ചാല്‍ മതി. ജീവതത്തിന്റെ നല്ലൊരു ഭാഗവും തട്ടിപ്പും തരികിടയുമായി കഴിഞ്ഞ ഒരു മനുഷ്യന്‍ എങ്ങനെ അമേരിക്കന്‍ പ്രസിഡന്റായി എന്നതാണ് മാധ്യമ വിദ്യാര്‍ഥികളും സാമൂഹിക ശാസ്ത്രജ്ഞന്‍മാരും പഠിക്കേണ്ടത്.

‘കാശ് കുന്നുകൂടി ശ്വാസംമുട്ടിയ കോടീശ്വരന്റെ അതിമോഹം’. അമേരിക്കയുടെ പ്രസിഡന്റാകാന്‍ മല്‍സരത്തിനു ഞാനുമുണ്ട് എന്ന് 2016ല്‍ ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ലോകം അത്രയേ കണക്കാക്കിയുള്ളൂ. ഭരണപരിചയമില്ല, രാഷ്ട്രീയ പാരമ്പര്യമില്ല, സാമൂഹികസേവന രംഗങ്ങളില്‍ സാന്നിധ്യവുമില്ല. അയാള്‍ ലോകത്തെ ഏറ്റവും കരുത്തേറിയ രാജ്യത്തിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു ഹാസ്യകഥാപാത്രമായി ഒടുങ്ങുമെന്നു പലരും കരുതി. എന്നാല്‍, ലോകത്തെ ഞെട്ടിച്ചു കൊണ്ട് അയാള്‍ പ്രസിഡന്റായി. ഇപ്പോഴിതാ തോല്‍ക്കുമെന്ന് കണ്ടാല്‍ സ്റ്റമ്പ് വലിച്ചൂരിയെറിഞ്ഞ് ബഹളമുണ്ടാക്കുന്ന കുട്ടികളെപ്പോലെ തോല്‍വി അംഗീകരിക്കാതെ അയാള്‍ അമേരിക്കയെ നാണം കെടുത്തുന്നു.

വംശീയത, സ്ത്രീവിരുദ്ധത, സ്വജനപക്ഷപാതം, താന്‍ പോരിമ, ധിക്കാരം, തുടങ്ങി, ഒരു രാജ്യത്തിന്റെ ഭരണാധികാരിക്ക് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യങ്ങളുടെ കൂമ്പാരമാണ് അമേരിക്കയിലെ ‘തോറ്റ പ്രസിഡന്റ്’ ഡോണാള്‍ഡ് ട്രംപ്. നാല്‍പ്പതോളം സ്ത്രീകളാണ് അദ്ദേഹത്തില്‍നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ്. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പേരില്‍ ഉണ്ടായിരുന്നത് നാലായിരത്തോളം കേസുകളാണ്. മാധ്യമങ്ങള്‍ പറയുന്നപോലെ കോടീശ്വരനല്ല, അഞ്ചു തവണ പാപ്പരായ വ്യക്തിയാണ്. എന്നിട്ടും ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് എങ്ങനെയാണ് അയാള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ആവാന്‍ കഴിഞ്ഞത്. സമാനകളില്ലാത്ത ക്രിമിനല്‍ സ്‌റ്റോറിയാണ്, ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതെ അമേരിക്കയെ നാണക്കേടിലാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം.

‘കില്‍ മുസ്‌ലീംസ്, ഐ ഹേറ്റ് ഇസ്‌ലാം, മെക്‌സിക്കന്‍ എമിഗ്രന്‍സ് ആര്‍ ഡെവിള്‍സ്’- അമേരിക്കയില്‍ ഗൂഗിള്‍ ട്രന്‍ഡ് ഡാറ്റ പരിശോധിക്കുമ്പോള്‍ ഈ കീ വാക്കുകള്‍ കയറി വരുന്നത് ഹാര്‍വാഡില്‍ നിന്നും ഡോകടറ്റേ് എടുത്ത മാധ്യമ നിരീക്ഷകന്‍ കൂടിയായ സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിറ്റ്‌സ് എന്ന അനലിസ്റ്റിന്റെ ശ്രദ്ധയില്‍പെട്ടത് 2016 മധ്യത്തോടെയാണ്. അമേരിക്കയില്‍ പതിവില്ലാത്ത വിധം റേസിസ്റ്റ് തമാശകള്‍, റേസിസ്റ്റായ കീവേഡ് സേര്‍ച്ചുകളും വരുന്നത് ആദ്യം അദ്ദേഹം അവഗണിച്ചു. ഏതാനും കുബുദ്ധികളുടെയും വഷളന്‍മ്മാരുടെയും പണി എന്നാണ് സ്റ്റീഫന്‍സ് കരുതിയത്. പക്ഷേ ഓരോ ദിവസം കൂടുന്തോറും ഈ കീ വാക്കുകള്‍ സേര്‍ച്ച് ചെയ്യുന്നവരുടെ എണ്ണം കൂടിക്കുടി വന്നു. അത് പതിനായിരങ്ങളും ലക്ഷങ്ങളും ആവാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായി കൃത്യമായി ചിലര്‍ പടച്ചുവിടുന്ന, സൃഷ്ടിക്കപ്പെട്ട സോഷ്യല്‍ എഞ്ചിനീയറിങ്ങ് ആണ് ഇതെന്ന്. അതിന്റെ ഫലം മാരകമായിരുന്നു. ഹിലരി ക്ലിന്റണെ തോല്‍പ്പിച്ച് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി. ആരും പ്രതീക്ഷിക്കാത്ത ജയം.

തുടര്‍ന്നാണ് ഇത് വിശദമായി പഠിക്കാന്‍ സ്റ്റീഫന്‍സ് തയ്യാറാവുന്നത്. അങ്ങനെ അദ്ദേഹം എഴുതിയ പുസ്‌കമാണ് ലോകത്ത് ബെസ്റ്റ് സെല്ലര്‍ ആയി മാറിയ ‘എവരിബഡി ലൈസ്’ എന്ന പുസ്തകം. കൃത്യമായ വംശവെറിയും വര്‍ഗവെറിയും സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിച്ച്, വലതുപക്ഷത്തിന്റെ വോട്ട് വൈകാരികമായി ഉയര്‍ത്തി, ഇവരാണ് നമ്മുടെ ശത്രുവെന്ന അപരവത്ക്കരണത്തിലൂടെയും, അമേരിക്കന്‍ പ്രൈഡ് എന്ന ഭൂതകാലക്കുളിര് സൃഷ്ടിച്ചുമാണ് ട്രംപ് പ്രസിഡന്റായതെന്ന് ആ പുസ്തകം സമര്‍ഥിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നുണകളുടെ സൃഷ്ടിയാണ് ഡൊണാള്‍ഡ് ട്രംപ്. ഉച്ചിതൊട്ട് ഉള്ളംകാല്‍വരെ നുണയില്‍ പടുത്തെടുത്ത രാഷ്ട്രീയം.

മില്ല്യണറെ അവര്‍ എഴുതി ബില്ല്യണര്‍ ആക്കി

കോടീശ്വരനായ ഫ്രഡ് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ചെറുപ്പത്തിലേ തന്നെ ഓവര്‍സ്മാര്‍ട്ടും പ്രശ്‌നക്കാരനും ആയിരുന്നു. അതുകൊണ്ട് ശല്യം തീര്‍ക്കാനും അച്ചടക്കം പഠിപ്പിക്കാനുമാണ് അവനെ സൈനിക സ്‌കൂളില്‍ ചേര്‍ത്തിയത്. അവിടെ നിന്നും ട്രംപിന് അടിയുണ്ടാക്കിയതിന് പലതവണ പ്രശനമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പല പരീക്ഷകള്‍ ട്രംപ് പാസായതും കോപ്പിയടിച്ച് ആയിരുന്നു. ആം വയസ്സില്‍ സൈനിക കോളജില്‍നിന്ന് ഡിഗ്രി എടുത്തപ്പോഴും ട്രംപിന്റെ കുബുദ്ധി വര്‍ക്കൗട്ടായി. നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് അയാള്‍ രക്ഷപെട്ടത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിക്കൊണ്ടായിരുന്നു. അതിനുശേഷം പെന്‍സില്‍വവാനിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമികസില്‍ ഡിഗ്രി എടുത്തു. നേരെ പിതാവിന്റെ ബിസിനസിലേക്കാണ് ട്രംപ് കടന്നത്. താന്‍ ഒരു സെല്‍ഫ് മേഡ് മാന്‍ എന്നാണ് ട്രംപ് പറയാറ്. പക്ഷേ ഇത് ശുദ്ധ തട്ടിപ്പാണ്. പിതാവിന്റെ കൈയില്‍നിന്ന് ഒരു മില്യണ്‍ ഡോളര്‍ വാങ്ങിയാണ് അയാള്‍ ബിസിനസ് തുടങ്ങിയത്.

ആദ്യഘട്ടത്തില്‍ വന്‍ വിജയമായിരുന്നു ട്രംപ്. ഹോട്ടലും കാസിനോയും നടത്തി അയാള്‍ വന്‍വിജയമായി. എന്ത് പ്രാജകറ്റും വിജയിപ്പിക്കാന്‍ അയാള്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. 33 വയസായപ്പോള്‍ ട്രംപിന്റെ ആസ്തി കോടികള്‍ കടന്നു. പക്ഷേ 1979ല്‍ തുടങ്ങിയ ട്രംപ് ടവര്‍ എന്ന 58 നിലയുള്ള കെട്ടിടം പണിതതാണ് ട്രംപിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് ആ ടവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ചാല്‍ തന്റെ ബ്രാന്‍ഡിങ്ങ് നന്നായി നടക്കുമെന്ന് അറിയുന്ന ട്രംപ് പിന്നെ ടാബ്ലോയിഡുകളെ കൂട്ടുപിടിച്ചു. അക്കാലത്ത് ടാബ്ലോയിഡുകള്‍ ആയിരുന്നു ഒരാളുടെ സെലിബ്രിറ്റിയാക്കിയിരുന്നത്. അന്ന് ന്യയോര്‍ക്കിലെ പ്രശസ്തമായ ന്യൂഡ് ഡേ എന്ന ടാബ്ലോയിഡിനെയും അതിന്റെ ലേഖകന്‍ എ. ജെ. ബെന്‍സിനെയുമാണ് ട്രംപ് കൂട്ടുപിടിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുകയുണ്ടായി. ട്രംപ് ടാബ്ലോയിഡുകാരോട് പറഞ്ഞിരുന്നത് ഇങ്ങനെയാണ്.  – ‘എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണര്‍ എന്ന വാക്കും വരണം’. അങ്ങനെയാണ് ട്രംപ് ദ ബില്ല്യണര്‍ എന്ന വാക്ക് പ്രശസ്തമാവുന്നത്. ട്രംപ് എന്ന പേര് വല്ലാത്തൊരു ബ്രാന്‍ഡ് ആവുന്നത്. സത്യത്തില്‍ മില്ല്യണര്‍ അല്ലാതെ ബില്ല്യണര്‍ ആയിട്ടില്ലായിരുന്നു ട്രംപ്. പക്ഷേ ആവര്‍ത്തിച്ച് പറഞ്ഞ് അത് അങ്ങനെയാക്കാന്‍ ട്രംപിന് ആയി.

1990 മെയ് 2-ന് ഫോബ്‌സ് മാസികയുടെ കവര്‍ ചിത്രം ട്രംപിന്റൊയിരുന്നു. ‘ഹൗ മച്ച് ഇസ് ഡോണാള്‍ഡ് ട്രംപ് റിയലി വര്‍ത്ത്’ എന്നായിരുന്നു തലക്കെട്ട്. ട്രംപിന്റെ ആസ്തികളെക്കുറിച്ച് അക്കാലത്ത് നിറം പിടിപ്പിച്ച കഥകള്‍ ആണ് പുറത്തുവന്നത്. ട്രംപ് ടവറിന്റെ വിജയത്തിനുശേഷം അദ്ദേഹം ശരിക്കും ഒരു ബ്രാന്‍ഡായി. കടം കൊടുക്കാന്‍ ബാങ്കുകള്‍ മല്‍സരിച്ചു. അറിഞ്ഞതും അറിയാത്തതും ബിസിനസ് മേഖലയിലൊക്കെ ട്രംപ് കൈവെച്ചു. അത് അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കവും ആയിരുന്നു.

പാപ്പരായ കോടീശ്വരന്‍

80കളില്‍ ഉണ്ടാക്കിയത് അത്രയും ട്രംപിന് 90 കളില്‍ ഒലിച്ചുപോവുകയായിരുന്നു. ട്രംപ് ടവറിന്റെ വിജയത്തെ തുടര്‍ന്ന് അദ്ദേഹം വിവിധ ബിസിനസുകള്‍ ചാടി ഏറ്റെടുത്തു. അത്‌ലാന്റിക്ക് സിറ്റിയിലെ താജ്മഹല്‍ എന്ന കാസിനോ വമ്പന്‍ നഷ്ടത്തിലായി. കോടികള്‍ മുടക്കിയായിരുന്നു അത് ട്രംപ് ഏറ്റെടുത്തിരുന്നത്. ഇതിന് പുറമേ, ട്രംപ് ഷട്ടില്‍ എന്ന എയര്‍ലൈന്‍ കമ്പനിയും അദ്ദേഹം തുടങ്ങി. ഫുട്‌ബോള്‍ ടീം, ടൈസന്റെ ബോക്‌സിങ്ങ് മല്‍സരം, ലോക സുന്ദരീ മല്‍സരം എന്നിങ്ങനെ സകലതും ഏറ്റെടുത്ത് നടത്തി. പക്ഷേ അറിയാത്ത ബിസിനസുകള്‍ ഏറ്റെടുത്തതിന്റെ തിക്തഫലങ്ങള്‍ വൈകാതെ കണ്ടു.

എയര്‍ലൈന്‍സ് നഷ്ടത്തിലായി. പല കാസിനോകളും ഒന്നിന് പിറകെ ഒന്നായി പൂട്ടി. ട്രംപിന്റെ ബാങ്ക് കടം കൂടി. ഒരു മില്യന്‍ ഡോളര്‍വരെ പലിശ ഉയര്‍ന്നു. ബാങ്ക് നടപടി തുടങ്ങി. വൈകാതെ ട്രംപ് പാപ്പരായി. പക്ഷേ അപ്പോഴും ആ ബ്രാന്‍ഡ് വാല്യു നിലനില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലം ട്രംപ് പിടിച്ചുനിന്നത്. അങ്ങനെയാണ്. അതായത് ലോകത്ത് എവിടെയുള്ള കെട്ടിടങ്ങള്‍ക്ക് ഒരു നിശ്ചിത തുക കൊടുത്താല്‍ ട്രംപ് എന്ന പേര് കൊടുക്കാം. അങ്ങനെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ട്രംപ് ടവറുകള്‍ ഉയര്‍ന്ന് വന്നത്. അവക്ക് പലതിനും ഡൊണാള്‍ഡ് ട്രംപുമായി പുലബന്ധം പോലുമില്ല. ഇന്ത്യയില്‍പ്പോലും അഞ്ച് ട്രംപ് ബില്‍ഡിങ്ങുകള്‍ ഉണ്ട്. എന്നാല്‍ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് അദ്ദേഹം അപ്പോഴും കോടീശ്വരനായി ഭാവിച്ചു. 90 കളില്‍ അഞ്ചു തവണയാണ് ട്രംപ് പാപ്പര്‍ സ്യൂട്ട് അടിച്ചത്. ട്രംപ് യൂണിവേഴ്‌സിറ്റിയെന്ന പേരിലും ഒരു സാധനം തുടങ്ങി നൂറുകണക്കിന് നിക്ഷേപകര്‍ക്ക് പണം പോയി. അവര്‍ ബന്ധപ്പെട്ടപ്പോള്‍ ട്രംപ് പറഞ്ഞത് അത് ഫ്രാഞ്ചേസി മാത്രമാണെന്നും തനിക്ക് അതുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ്. ഈ കേസ് ഇപ്പോഴും കോടതിയിലാണ്.

പിന്നെ ട്രംപ് അമേരിക്കയുടെ സജീവ ശ്രദ്ധയിലേക്ക് വരുന്നത് 2003ല്‍ എന്‍ബിസിയില്‍ ‘ദ അപ്രന്റീസ്’ എന്ന പേരില്‍ അദ്ദേഹം ആങ്കര്‍ കം പ്രാഡ്യുസര്‍ ആയിവന്ന റിയാലിറ്റി ഷോയിലൂടെയാണ്. സെറ്റിട്ട സമര്‍ഥമായ ഒരു തട്ടിപ്പ് ആയിരുന്നു അത്. അപ്രന്റീസ് ആയി എത്തുന്ന ഉദ്യോഗാര്‍ഥികളെ ട്രംപ് നേരിട്ട് ഇന്‍ര്‍വ്യൂ ചെയ്ത് തന്റെ കമ്പനിയില്‍ ജോലിക്ക് എടുക്കും എന്നായിരുന്നു വാഗ്ദാനം. ഇത് കണ്ട ഭൂരിഭാഗം പേരും കരുതിയത് ഇതുപോലെ ചിട്ടയിലും അങ്ങേയറ്റം പ്രൊഫഷണലും ആയാണ് ട്രംപിന്റെ പ്രവര്‍ത്തനം എന്നാണെന്നാണ്. പക്ഷേ എല്ലാം സെറ്റിട്ടതായിരുന്നു. പക്ഷേ ഷോ വന്‍ വിജയമായി. പലപ്പോഴും അത് ട്രന്‍ഡിങ്ങായി. തുടര്‍ച്ചായി 13 വര്‍ഷമാണ് ആ ഷോ മുന്നോട് പോയത്. അതും ട്രംപിന്റെ വിപണി മൂല്യം വല്ലാതെ ഉയര്‍ത്തി. അങ്ങനെയാണ് ട്രംപ് ആദ്യതവണ അത്ഭുതകരമായി ജയിക്കുന്നത്.

മേക്ക് അമേരിക്ക ഗ്രേറ്റ്

പക്ഷേ ട്രംപിന്റെ തുറപ്പുചീട്ട് ഇതൊന്നുമല്ല. ദ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ നോം ചോംസ്‌ക്കി നിരീക്ഷിച്ചപോലെ, ‘അമേരിക്കന്‍ പ്രൈഡ്’ എന്ന ടിപ്പിക്കല്‍ വലതുപക്ഷ സാധനത്തിലാണ് അദ്ദേഹത്തിന്റെ കളി. മുപ്പതുശതമാനം വരുന്ന അമേരിക്കയിലെ യഥാസ്ഥിതിക മത വിശ്വാസികള്‍ ആണ് അദ്ദേഹത്തിന്റെ വോട്ട് ബാങ്ക്. അമേരിക്കയെ താന്‍ ഉന്നതിയില്‍ എത്തിക്കുമെന്നും, രാജ്യത്തിന് ലാഭമില്ലാത്ത ഒരു കച്ചവടത്തിനും കൂട്ടു നില്‍ക്കുകയുമില്ല എന്ന തോന്നല്‍ ഉണ്ടാക്കാന്‍ ട്രംപിന് കഴിഞ്ഞു. ഈ വലതുപക്ഷ യാഥാസ്ഥിതികര്‍ പക്ഷേ നിശബ്ദരാണ്. അവര്‍ തെരുവില്‍ ഇറങ്ങില്ല. ഒരു അഭിപ്രായ സര്‍വേയിലും പങ്കെടുക്കില്ല. പക്ഷേ ഇവരെ ആവേശം കൊള്ളിക്കാനുള്ള വകുപ്പുകള്‍ ഇടക്കിടെ ട്രംപ് ഇട്ടുകൊടുക്കും, കുടിയേറ്റ വിരുദ്ധതതയും മുസ്‌ലീം വിരുദ്ധതയും. അത് സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍ വഴി കൃത്യമായി സൃഷ്ടിച്ച് എടുക്കാനും ട്രംപിന് കഴിഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്, കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും, ഇസ്‌ലാം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും നിഷ്പക്ഷമായി വിലയിരുത്താന്‍ ട്രംപിന്റെ എതിരാളികള്‍ ആയ ഡെമോക്രാറ്റുകള്‍ക്ക് കഴിഞ്ഞില്ല എന്നതാണ്. അവര്‍ ഒരു പക്ഷം പിടിച്ചപ്പോള്‍ മറുപക്ഷത്ത് ധ്രുവീകരണം ഉണ്ടായി. (ഇന്ത്യയില്‍ അടക്കം മതധ്രുവീകരണത്തിന് വഴിയിട്ടതും ഇതേ പക്ഷം പിടിക്കല്‍ ആണ്)

അമേരിക്കയിലും ഉണ്ട് മതം ഒരുഘടകമാക്കി സ്വാധീനിക്കുന്ന രീതി. പക്ഷേ ട്രംപ് പരോക്ഷമായി ആ വിദ്യയിലും മിടുക്കനാണ്. കഴിഞ്ഞ തവണ ഇവാഞ്ചലിക്കല്‍ സ്‌റ്റേകളില്‍നിന്ന് വിജയിച്ച് കയറിത് മതം പതുക്കെ ഇന്‍ജക്ട് ചെയ്തുകൊണ്ടായിരുന്നു. ഇത്തവണ നോക്കുക, കോവിഡ് കാലത്ത് പള്ളികള്‍ തുറക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. വിവിധ സ്‌റ്റേറ്റ് ഗവര്‍ണര്‍മാര്‍ ട്രംപ് പറയുന്നത് കേള്‍ക്കാതെ ലോക്ഡൗണുമായി മുന്നോട്ടുപോയപ്പോളാണ് ട്രംപ് പള്ളിയുടെയും വിശ്വാസത്തിന്റെയും കാര്യം എടുത്തിട്ടത്. അതുപോലെ ഈ തെരഞ്ഞെടുപ്പുകാലത്തും സമാനമായ ഒരു പ്രസ്താവന അദ്ദേഹം നടത്തി – ‘എനിക്ക് മുകളില്‍ ക്രിസ്തുവാണെന്നും കാര്യങ്ങള്‍ തീരുമാനിക്കുക അവിടെ നിന്നാണെന്നും’. ഒരു അമേരിക്കന്‍ പ്രസിഡന്റൂം ഇങ്ങനെയൊന്നും പറയാറില്ല. ഇതും തെരഞ്ഞെടുപ്പ് കാലത്ത് വിമര്‍ശിക്കപ്പെട്ടെങ്കിലും മറുഭാഗത്ത് ട്രംപിന് അനുകൂലമായി ധ്രുവീകരണം സംഭവിക്കയാണ്.

ഇത്തവണ ട്രംപിന്റെ പ്രചരണത്തിന്റെ വജ്രായുധം ആയിരുന്നു, കമലാ ഹാരീസ് കമ്യുണിസ്റ്റാണെന്നും ജോ ബൈഡന്‍ അധികാരത്തില്‍ കയറിയാല്‍ കമ്യുണിസ്റ്റുകളുടെ ഭരണമാണ് ഉണ്ടാവുക എന്നതും. ശീതയുദ്ധം അടക്കമുള്ള പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷങ്ങളുടെ ഭാഗമായി അമേരിക്കന്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞുപോയതാണ് കമ്യൂണിസ്റ്റ് വിദ്വേഷം. പുറമെനിന്ന് നോക്കുമ്പോള്‍ ട്രംപിന്റെ മറ്റൊരു വിടുവായത്തം എന്ന് നമുക്ക് തോന്നാമെങ്കിലും അമേരിക്കയിലെ നിശബ്ദ വലതുപക്ഷത്തില്‍ ഇത് വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. അവസാനം നല്‍കിയ ഒരു അഭിമുഖത്തിലുടനീളം കമലാ ഹാരിസിനെ കമ്മ്യൂണിസ്റ്റെന്നാണ് ട്രംപ് വിളിക്കുന്നത്. ‘അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ ഒരു സോഷ്യലിസ്റ്റല്ല. അവര്‍ ഒരു സോഷ്യലിസ്റ്റിനപ്പുറമാണ്. അവരുടെ കാഴ്ചപ്പാടുകള്‍ നോക്കൂ. അതിര്‍ത്തി തുറന്ന് കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവരാഗ്രഹിക്കുന്നത്’ ട്രംപ് കൂട്ടിച്ചേര്‍ത്തു. പക്ഷേ എന്തൊകൊണ്ടോ ഇത്തവണ അതൊന്നും ഏശിയില്ല. അവര്‍ ട്രംപിനെ പുറന്തള്ളി.

പക്ഷേ ലോകത്ത് ഞെട്ടിക്കുന്നത് മറ്റൊന്നാണ്. ഇത്രയധികം തട്ടിപ്പുകളില്‍ പെട്ട ഒരാള്‍ എങ്ങനെ അമേരിക്കന്‍ പ്രസിഡന്റായി? അതാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന പ്രതിഛായ മിനുക്കലിന്റെ കഴിവ്. ബൈഡന്‍ പ്രസിഡന്റ് ആവുന്നതോടെ ട്രംപ് ജയിലില്‍ ആകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അധികാരം പോയാല്‍ ജയിലിലേക്കോ?

ജയിലില്‍ കിടന്ന ആദ്യത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്. ഡോണാള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നത് ആ ദയനീയ വിധിയാണോ? തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായതോടെ, ട്രംപിനെ കാത്തിരിക്കുന്നത് കേസുകളുടെ നൂലാമാലകളാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ്പോലുള്ള പത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തുവിലകൊടുത്തും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ട്രംപ് ശ്രമിക്കുന്നതും അതുകൊണ്ടുതന്നെ. നികുതിവെട്ടിപ്പ് തൊട്ട് സ്ത്രീപീഡനം വരെയുള്ള വിവിധ കേസുകള്‍ ഡെമോക്രാറ്റുകള്‍ വിചാരിച്ചാല്‍ കുത്തിപ്പൊക്കാന്‍ കഴിയും. കാരണം ഈ തെരഞ്ഞെുടുപ്പില്‍ ട്രംപ് വാക്കുകള്‍ കൊണ്ട് അവരെ അത്രയേറെ ഉപദ്രവിച്ചിട്ടുണ്ട്. കള്ള കമ്യൂണിസ്റ്റ് എന്നാണ് ട്രംപ് കമലാ ഹാരീസിനെ അധിക്ഷേപിച്ചത്. ബൈഡനെ ഉറക്കംതൂങ്ങിയെന്നും. ബൈഡന്റെ മകന്‍ ചൈനയില്‍നിന്ന് കോടികള്‍ കൊള്ളയടിച്ചുവെന്നും ട്രംപ് ആരോപിക്കുന്നു. എന്നാല്‍ ട്രംപിനെതിരെ നിരവധി കേസുകളാണ് അധികാരമൊഴിഞ്ഞാല്‍ കാത്തിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല.

ജോ ബൈഡന്റെ വിജയം വലിയ തലവേദനകളാണ് ട്രംപിന് ഉണ്ടാക്കുന്നത്. അത് വൈറ്റ് ഹൗസിലെ വെസ്റ്റ് വിങ് എത്രയും പെട്ടെന്ന് ബൈഡനും സംഘത്തിനും ഒഴിഞ്ഞു കൊടുക്കുക എന്നതില്‍ ഒതുങ്ങില്ല എന്നുമാത്രം. ഒന്നിനുപിന്നാലെ ഒന്നായി നിരവധി ക്രിമിനല്‍ അന്വേഷണങ്ങള്‍ക്ക് ഈ സ്ഥാനനഷ്ടം വഴിയൊരുക്കും. അതില്‍ ഏറ്റവും ഗുരുതരമായത്, മന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ട്രംപ് ഓര്‍ഗനൈസേഷനെതിരെ പ്രഖ്യാപിച്ചിട്ടുള്ള ക്രിമിനല്‍ അന്വേഷണമാണ്. അനവധി ആരോപണങ്ങള്‍ അറ്റോര്‍ണിയുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരും. ബാങ്ക് തട്ടിപ്പ്, ഇന്‍ഷുറന്‍സ് തട്ടിപ്പ്, ക്രിമിനല്‍ ടാക്സ് തട്ടിപ്പ്, വ്യാജ ബിസിനസ് രേഖകളുടെ നിര്‍മാണം തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉണ്ട് ട്രംപിനും സംഘത്തിനും എതിരായി. ട്രംപിന്റെ അക്കൗണ്ടിംഗ് സ്ഥാപനം കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തുന്ന സകല ഇടപാടുകളും, ആദായനികുതി റിട്ടേണുകളും ഒക്കെ ഇതോടെ അന്വേഷണത്തിന്റെ പരിധിയില്‍ വരും. ട്രംപ് സെവന്‍ സ്പ്രിങ്സ്, ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ നികുതി ഇളവുകളും അന്വേഷിക്കപ്പെടും.

നികുതിവെട്ടിപ്പ് കേസിലും ഡെമോക്രാറ്റുകള്‍ ട്രംപിന് വലവരിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ട്രംപ് ആകെ നികുതി അടച്ചത് വെറും 750 ഡോളര്‍ ആണ്. ലാഭത്തേക്കാള്‍ ഏറെ നഷ്ടമുണ്ടായെന്ന് അവകാശപ്പെട്ടാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്നും റിപ്പോര്‍ട്ട് പറയുന്നു. നൂറുകണക്കിന് കോടി ഡോളറിന്റെ ആസ്തിയുള്ള കോടീശ്വരനായ ട്രംപിന് നിരവധി ബിസിനസുകള്‍ ഉണ്ടെന്ന് ഓര്‍ക്കണം. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016ലും 2017ലും അല്ലാതെ ഡോണള്‍ഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതുപോലെ ട്രംപിനെതിരെ നിരവധി ലൈംഗിക ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതില്‍ രേഖാമൂലം പരാതി കിട്ടിയാല്‍ നടപടി ഉറപ്പാണ്. ഇത്രയും കാലമായി ട്രംപ് പ്രസിഡന്റ് പദവിയില്‍ ഇരുന്നിരുന്നു എന്നതുകൊണ്ടുമാത്രം അന്വേഷണം നടത്തപ്പെടാതെ പോയിരുന്ന പല കേസുകളിലും ഇനി ബൈഡന്‍ പാളയത്തിന്റെ കൂടി ഉത്സാഹത്തില്‍ ത്വരിതഗതിയില്‍ അന്വേഷണങ്ങള്‍ ഉണ്ടാകും. ഈ അന്വേഷണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ട്രംപിന് സാധിക്കുമോ, ഡൊണാള്‍ഡ് ട്രംപ് എന്ന മുന്‍ പ്രസിഡന്റിന് കാരാഗൃഹവാസം അനുഭവിക്കേണ്ട ദുര്യോഗമുണ്ടാവുമോ എന്നൊക്കെ കാത്തിരുന്ന് തന്നെ കാണേണ്ടി വരും.


About M Riju

Freethinker, Journalist, Writer

View all posts by M Riju →

Leave a Reply

Your email address will not be published. Required fields are marked *