താറാവുകൃഷി നടത്തി ജീവിച്ചുപോന്ന ബാലനെ 70 കളിലെ തുടക്കത്തില്‍ കുട്ടനാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്. കവലകളില്‍ സുവിശേഷം നടത്തിയിരുന്ന നിര്‍ധനനില്‍നിന്ന് ശതകോടീശ്വരനിലേക്കുള്ള കെ പി യോഹന്നാന്റെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്.
സഞ്ജയന്റെ ‘രുദ്രാക്ഷമാഹത്മ്യം’ എന്ന കഥ പഴയ തലമുറയിലെ പലരും പാഠപുസ്‌കത്തിന്റെ ഭാഗമായി തന്നെ വായിച്ചതാണ്. ഒരു നിര്‍ഗതിയും പരഗതിയുമില്ലാതെ ആകെ കടത്തില്‍ മുങ്ങി നടന്നരുന്ന സഞ്ജയനും സുഹൃത്ത് പറങ്ങോടനും, ഹിമാലയത്തില്‍നിന്ന് കൊണ്ടുവന്നതെന്ന് പറയുന്ന ത്രയമ്പക രുദ്രാക്ഷം, പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്ത് വിറ്റഴിച്ച് ലക്ഷപ്രഭുക്കള്‍ ആവുന്നു. തങ്ങളുടെ രുദ്രാക്ഷം വാങ്ങിയതുകൊണ്ടുണ്ടായ ഗുണഫലങ്ങളുടെ കത്തു് വായിച്ച് വായിച്ച് അവസാനം അവര്‍ക്കുതന്നെ സംശയം ആവുന്നു. ശരിക്കും ഈ രുദ്രാക്ഷത്തിന് എന്തെങ്കിലും അത്ഭുത സിദ്ധിയുണ്ടോ? ഉണ്ടെന്നാണ് പറങ്ങോടന്‍ പറഞ്ഞത്. അയാള്‍ നാട്ടുകാരെ പറ്റിച്ച പണം തങ്ങള്‍ സ്വന്തമാക്കിയ മണിമാളികയും കാറും ചൂണ്ടിക്കാട്ടുന്നിടത്താണ് കഥ അവസാനിക്കുന്നത്.
അതുപോലെ ബൈബിള്‍ വായനകൊണ്ടും സുവിശേഷം കൊണ്ടും എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് ചോദിക്കുന്നവരോട് കെ. പി. യോഹന്നാന്റെ ജീവിതം ചൂണ്ടിക്കാണിക്കാം. അർദ്ധപ്പട്ടിണിക്കാരനായ താറാവുകര്‍ഷകനില്‍നിന്ന്, ലോകമെമ്പാടും ആസ്തിയുള്ള ശതകോടീശ്വരനായി യോഹന്നാന്‍ വളര്‍ന്നത് ബൈബിളിനെയും ദൈവ വചനങ്ങളെയും മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണ്.
തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാന്‍ കഴിയില്ല
‘സന്യാസിക്ക് തെമ്മാടിയാവാം പക്ഷേ തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാന്‍ കഴിയില്ല’ – എന്ന ആപ്തവാക്യത്തിന്റെ പൂര്‍ണ്ണരൂപം അറിയണമെങ്കില്‍ കെ പി യോഹന്നാന്‍ എന്ന, ബിലീവേഴ്‌സ് ചര്‍ച്ചിലൂടെ കോടികളുടെ ആത്മീയ സാമ്രാജ്യം സൃഷ്ടിച്ച മനുഷ്യന്റെ കഥ അറിയണം. കുട്ടനാട്ടിലെ അര്‍ധപ്പട്ടിണിക്കാരനില്‍നിന്ന് ലോകമെമ്പാടും അനുയായികള്‍ ഉള്ള വിശ്വാസപ്രസ്ഥാനത്തിന്റെ അമരക്കാരനിലേക്കുള്ള പ്രയാണം അമ്പരപ്പിക്കുന്നതാണ്. പക്ഷേ ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി അത്ര സുഖമുള്ള വാര്‍ത്തകളല്ല യോഹന്നാനെ കുറിച്ച് പുറത്തുവരുന്നത്. മൂന്നു ദിവസമായി ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടക്കുന്ന ആദായ നികുതി പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 14.5 കോടിയോളം രൂപ കണ്ടെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കിട്ടുന്ന പണം ബന്ധുക്കളുടെ പേരില്‍ വഴിമാറ്റി ചെലവഴിക്കുക തൊട്ട് കള്ളപ്പണം വെളുപ്പിക്കല്‍ വരെയുള്ള അതിഗുരുതരതമായ ആരോപണങ്ങളാണ് ബിലീവേഴ്‌സ് ചര്‍ച്ചിനും കെ. പി. യോഹന്നാനും എതിരെ ഉയരുന്നത്. പക്ഷേ യോഹന്നാനെ നേരത്തെ പരിചയമുള്ളവര്‍ക്ക് ഇതില്‍ അത്ഭുതമില്ല. ഇതൊരു ആത്മീയ അധോലോകം തന്നെയാണെന്ന്, നേരത്തെ പലതവണ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലുമെല്ലാം വലിയ സ്വാധീനുമുള്ള യോഹന്നാന്‍ അതെല്ലാം ഒതുക്കുകയായിരുന്നു.
ദലിത് വിഭാഗത്തെ ആകര്‍ഷിച്ച് സഭയിലേക്ക് ആളെക്കുട്ടി എന്ന ആരോപണം യോഹന്നാനെതിരെ എക്കാലവും ഉണ്ട്. മതപരിവര്‍ത്തനത്തിനുള്ള ഇവാഞ്ചലിക്കല്‍ ഫണ്ടായിരുന്നു അദ്ദേഹത്തിന്റെ മൂലധനം എന്നും പറയുന്നു. ആദ്യകാലത്ത് സംഘപരിവാര്‍ ഈ വിഷയം സജീവമായി ഉന്നയിച്ചെങ്കിലും പിന്നീട് അവരും നിശബ്ദരായി. കേരളത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ഇഷ്ടക്കാരനാണ് യോഹന്നാന്‍. അദ്ദേഹത്തിനെതിരെ ശബ്ദിച്ചാല്‍ ഒരു കാലത്ത് പത്തനംതിട്ടയിലെ ബിജെപി നേതാക്കള്‍ തന്നെ അത് തടയും എന്ന് അവസ്ഥ ഉണ്ടായിരുന്നു. ഇത്രയും വാര്‍ത്തകള്‍ വന്നിട്ടും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ യോഹന്നാനെതിരെ കാര്യമായൊന്നും എഴുതിയിട്ടില്ല. ഇപ്പോഴും കേന്ദ്രത്തിന്റെ ഇടപെടലാണ് യോഹന്നാനെ കുടുക്കിയത്.
താറാവ് കര്‍ഷകനില്‍ നിന്ന് ശതകോടീശ്വരനിലേക്ക്
കുട്ടനാട്ടിലെ ശരാശരിയില്‍ താഴെയുള്ള ഒരു സാധാരണ കുടുംബത്തില്‍ നിന്നും ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യത്തിലേക്കുള്ള കടപ്പിലാരില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെ.പി. യോഹന്നാന്റെ അരനൂറ്റാണ്ടുകൊണ്ടുള്ള വളര്‍ച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. മെഡിക്കല്‍ കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്സ് ചര്‍ച്ചിനുള്ളത്. അദ്ദേഹത്തിനു കീഴിലുള്ള ഗോസ്പല്‍ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്.
തിരുവല്ലയ്ക്കടുത്ത് അപ്പര്‍കുട്ടനാട്ടിലെ നിരണത്ത് മാര്‍ത്തോമ്മാ വിശ്വാസികളായ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാന്‍ ജനിച്ചത്. പ്രദേശത്ത് അക്കാലത്ത് വ്യാപകമായ താറാവ് കൃഷിയിലേര്പ്പെട്ടുവരികയായിരു
ഇങ്ങനെ ഉടുതുണിക്ക് മറുതുണിയില്ലാതെ നടക്കുമ്പോള്‍ 16 ആമത്തെ വയസ്സില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന തിയോളജിക്കല്‍ സംഘടനയില്‍ ചേര്‍ന്നതാണ് യോഹന്നാന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഡബ്ള്യു. എ. ക്രിസ്വെല്‍ എന്ന വിദേശിയ്ക്കൊപ്പം അമേരിക്കയില്‍ വൈദിക പഠനത്തിന് പോയി. 1974-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ തിയോളജി പഠനം ആരംഭിച്ചു. ചെന്നൈ ഹിന്ദുസ്ഥാന്‍ ബൈബിള്‍ കോളജില്‍നിന്ന് ഡിഗ്രി കരസ്ഥമാക്കിയ, നേറ്റീവ് അമേരിക്കന്‍ ബാപ്പിസ്റ്റ് ചര്‍ച്ചില്‍ പാസ്റ്ററായും പിന്നീട് വൈദിക ജീവിതം നടത്തുകയുണ്ടായി. ഓപ്പറേഷന്‍ മൊബിലൈസേഷന്‍ അദ്ദേഹത്തോടൊപ്പം സേവനം അനുഷ്ഠിച്ച ഗിസല്ലയെ യോഹന്നാന്‍ അവരുടെ ജന്മദേശമായ ജര്‍മ്മനിയില്‍വെച്ച് വിവാഹം ചെയ്തു. ഇതും യോഹന്നാന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായി. കാരണം അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ പിന്നിലെ ബുദ്ധികേന്ദ്രം ഭാര്യയാണെന്നാണ് പരക്കെ പറയുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. 1978-ല്‍ ഭാര്യയുമായി ചേര്‍ന്ന് ടെക്‌സാസില്‍ ഗോസ്പല്‍ ഫോര്‍ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു.
ഭാര്യയോടൊപ്പം സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച കെ.പി. യോഹന്നാന്‍ വര്‍ഷങ്ങള്‍ നീണ്ട വിദേശവാസത്തിനുശേഷം 1983-ല്‍ തിരുവല്ല നഗരത്തിനു ചേര്‍ന്ന മഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം നിര്‍മ്മിച്ച് കേരളത്തില്‍ വരവറിയിച്ചു. ആത്മീയ യാത്രയെന്ന സുവിശേഷ പ്രഘോഷണത്തിനായുള്ള റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷമായ ശൈലിയിലൂടെ സുവിശേഷ വേലയിലേര്‍പ്പെട്ട യോഹന്നാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സ്വയം സഭയുണ്ടാക്കി സ്വയം ബിഷപ്പായി
1980 ല്‍ തിരുവല്ല സബ് രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. തിരുവല്ല താലൂക്കില്‍ നിരണം വില്ലേജില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി. ചാക്കോ, കെ.പി.യോഹന്നാന്‍, കെ.പി. മാത്യു എന്ന മൂന്ന് സഹോദരന്മാരാല്‍ രൂപീകൃതമായി, ഒരു പൊതു മതപര ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വന്നത്. ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991-ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു.
ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചര്‍ച്ച് എന്ന പേരില്‍ 2003-ല്‍ ഒരു എപ്പിസ്‌ക്കോപ്പല്‍ സഭയായി. പക്ഷേ അപ്പോഴും ഒരു പ്രശ്‌നം ബാക്കിയായി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചില്‍ മെത്രാനില്ല. മറ്റ് ചര്‍ച്ചുകള്‍ക്ക് യോഹന്നാന്റെ സഭയെ മുന്തിയ സഭയായി കാണുന്നുമില്ല. പക്ഷേ പിന്നീട് എങ്ങനെയോ നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള സഭയുടെ തലവനായി മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്ത പ്രഥമന്‍ എന്ന പേരില്‍ യോഹന്നാന്‍ അഭിഷിക്തനായി. സി.എസ്.ഐ. സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. എന്നാല്‍ ഇതിനെതിരെ പരാതി ഉണ്ടായി. അല്‍മായനായ യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണവും ഉണ്ടായി. തുടര്‍ന്ന് സാമുവലിന് മോഡറേറ്റര്‍ സ്ഥാനം രാജിവെക്കേണ്ടി വന്നു. എന്നാല്‍ യോഹന്നാന്‍ മെത്രാന്‍ തന്റെ സഭയിലേക്ക് കുട്ടിമെത്രാന്മാരെ സ്വന്തമായി കൈവെപ്പ് നല്‍കി വാഴിച്ച് വലിയ മെത്രോപ്പാലീസയായി വിലസി. പക്ഷേ ഈ ആരോപണങ്ങളുടെ ശക്തി ക്ഷയിക്കാന്‍ താമസമുണ്ടായില്ല. 2017 ല്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ആയി. ഇതിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോള്‍ സഭയില്‍ 30 ബിഷപ്പുമാരുണ്ട്.
ഇന്ന് ശതകോടികളുടെ ആസ്തിയുണ്ട് ബിലീവേഴ്സ് ചര്‍ച്ചിന്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന ബിലീവേഴ്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ കോളേജാണ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ പ്രധാനം. എസ്.എന്‍.ഡി.പി. മുന്‍ നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ എം.ബി. ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി നിലവില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണുള്ളത്. തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡിഡന്‍ഷ്യല്‍ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളേജ് കാര്‍മല്‍ ട്രസ്റ്റില്‍ നിന്നും ബിലീവേഴ്സ് വാങ്ങി. ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷന്‍ ചാനലിനൊപ്പം (പത്തുവര്‍ഷം പ്രവര്‍ത്തിച്ച് മൂന്നു വര്‍ഷം മുമ്പ് അവസാനിപ്പിച്ചു) ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഓഹരികളും കെ.പി.യോഹന്നാന്‍ സ്വന്തമാക്കിയിട്ടുണ്ട്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലും കെ.പി. യോഹന്നാന് വന്‍ നിക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലമാണ് വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളത്. ബിലീവേഴ്സിന്റെ മാതൃസംഘടനയായ ഗോസ്പല്‍ ഏഷ്യയ്ക്കും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. ഹാരിസണ്‍ മലയാളത്തില്‍ നിന്നും ബിലീവേഴ്സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് എന്ന നിയമക്കുരുക്കില്‍പെട്ട 2263 ഏക്കര്‍ ഭൂമി നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഹൈക്കോടതി റദ്ദാക്കി.
കെ.പി. യോഹന്നാന്റെ കീഴിലുള്ള സംഘടനകള്‍ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് സംഭാവനകള്‍ സ്വികരിക്കുന്നുവെന്ന ആരോപണത്തേത്തുടര്‍ന്ന് 2012-ല്‍ ബിലീവേഴ്സ് ചര്‍ച്ചിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചതായും കണ്ടെത്തിയിരുന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്സ് ചര്‍ച്ചിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.
മൈക്രോ ഫിനാന്‍സിന്റെ മറവിലും മത പരിവര്‍ത്തനം
പണം വാരിയെറിഞ്ഞായിരുന്നു യോഹന്നാന്റെ പിന്നീടുള്ള കളികള്‍. ലോകമെങ്ങും സുവേശഷം പ്രചരിപ്പിക്കാന്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് സൈക്കിളും സ്‌കൂട്ടറും കാറും മാറ്റഡോര്‍ വാനുമൊക്കെ നല്‍കി. വില്‍ക്കാന്‍ വെച്ചിരുന്ന ഭൂമിയൊക്കെ വാങ്ങി. സ്‌കൂളുകളും കോളജുകളും വാങ്ങി വളര്‍ന്ന് പന്തലിച്ചു. മൈക്രോ ഫിനാന്‍സ് കമ്പനിയുടെ മറവില്‍ മതം പരിവര്‍ത്തനം നടത്തുന്നുവെന്നും 80 കളില്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണമാണ്.
കുറഞ്ഞ പലിശയ്ക്ക് പണം നല്‍കി, ദലിത് സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന സ്വാശ്രയ സംഘങ്ങളെ ഒപ്പം നിര്‍ത്തുകയാണ് ആദ്യഘട്ടം. പിന്നീട് വായ്പ തിരിച്ചടവ് മുടങ്ങുന്നതോടെ അവരെ വൈകാരികമായി സ്വാധീനിച്ച് ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരും. മത പരിവര്‍ത്തനം ചെയ്യപ്പെടുന്നതോടെ വായ്പ തിരിച്ചടവില്‍ നിന്നും കടംവാങ്ങിയ പാവങ്ങള്‍ ഒഴിവാക്കപ്പെടുന്നു. കേരളത്തിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും ബീലിവേഴ്സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗോസ്പല്‍ ഫോര്‍ ഏഷ്യാ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോറ (ദൈവദാനമെന്നര്‍ത്ഥം) എന്ന മൈക്രോഫിനാന്‍സ് കമ്പനി വഴിയാണ് ഈ പരിപാടി നടത്തുന്നത്. ദരിദ്രവിഭാഗത്തിന്റെ ഉന്നമനത്തിനും സംരംഭകത്വ ശീലം വര്‍ദ്ധിപ്പിക്കുന്നതിനുമെന്നു പറഞ്ഞുമാണ് പണം പലിശയ്ക്ക് നല്‍കുന്നത്. ഇങ്ങനെ കേരളത്തിനകത്തും പുറത്തും വിതരണം ചെയ്തിട്ടുള്ളത് കോടികളാണ്. ഇവയെല്ലാം ജനങ്ങള്‍ തവണകളായി തിരിച്ചയ്ടക്കണം. കേരളത്തിനു വെളിയില്‍ ഡോറായ്ക്ക് വലിയ മതിപ്പാണുള്ളത്. അവിടെ സ്വകാര്യ കമ്പനികള്‍ക്കാണ് പണം പലിശയ്ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ തുകയും കൂടും.
കേരളത്തില്‍ വിതരണം ചെയ്യുന്ന പരമാവാധി തുക 5000 രൂപ മുതല്‍ 35,000 രൂപ വരെയാണ്. തവണകളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍ പത്തോ അതിനു മുകളിലോ അംഗങ്ങളുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രാമപ്രദേശങ്ങളിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് പണം നല്‍കുന്നത്. ബിലിവേഴ്സ് ചര്‍ച്ചിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഹരിയാന, ന്യൂഡല്‍ഹി തുടങ്ങിയിടങ്ങളില്‍ മുപ്പതു ബ്രാഞ്ചുകളിലായി 70,000 കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നതായി സൈറ്റ് അവകാശപ്പെടുന്നു. 10,000 രൂപയ്ക്ക് 50 ആഴ്ചകൊണ്ട് 11200 രൂപയാണ് ഉപയോക്താക്കള്‍ തിരിച്ചടയ്ക്കേണ്ടത്. അതായത് 1200 രൂപ പലിശനിരക്കില്‍ ഡോറയിലേക്ക് കൂടുതലായി തിരിച്ചടയ്ക്കണം. ബിലീവേഴ്സ് ചര്‍ച്ച് പറഞ്ഞിട്ടുള്ള ഡോറയുടെ ഉപയോക്താക്കളുടെ കണക്ക് ശരിയാണെങ്കില്‍ ഈയിനത്തില്‍ ഇവര്‍ക്ക് പലിശയായി ലഭിച്ചിട്ടുള്ളത് 84 കോടിയാണ്.
ആധാര്‍ കാര്‍ഡ് മാത്രം കൊടുത്താല്‍ യാതൊരു ഈടും ഇല്ലാതെ വെറും മൂന്നു ദിവസം കൊണ്ട് സ്ഥാപനങ്ങളില്‍ നിന്നും പണം ലഭിക്കും. സര്‍ക്കാര്‍ സൊസൈറ്റികളിലും ബാങ്കുകളിലും ജാമ്യ വ്യവസ്ഥ കൂടുതലാണ്. പെട്ടെന്ന് പണം കൊടുക്കാമെന്ന് മൈക്രോ ഫിനാന്‍സിങ് സ്ഥാപനങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായും സാധാരണക്കാര്‍ അവരുടെ ചതിക്കുഴിയില്‍ വീഴുന്നു. ഒരു സ്ഥാപനത്തില്‍ നിന്നും എടുത്ത പണം തിരിച്ചടക്കാന്‍ കഴിയാത്തത് മൂലം മറ്റു സ്ഥാപനങ്ങളില്‍ നിന്നും പണം എടുക്കേണ്ടി വരുന്നു. ഇങ്ങനെ നാലു മുതല്‍ ഏഴുവരെ സ്ഥാപനങ്ങളില്‍ നിന്നും പണം എടുത്തവരാണ് എല്ലാ സ്ത്രീകളും. ആഴ്ചതോറും 5000 രൂപ വരെ തിരിച്ചടവ് നല്‍കുന്നവരുണ്ട് ഈ കൂട്ടത്തില്‍. ഒറ്റയ്ക്ക് ചെന്നാല്‍ ലോണ്‍ കിട്ടില്ല. ലോണ്‍ ആര്‍ക്കാണോ വേണ്ടത് അയാള്‍ 10 പേരുടെ സംഘം രൂപീകരിക്കണം. ഇവരുടെ കൂട്ടുത്തരവാദിത്തത്തിലാണ് സ്ഥാപനങ്ങള്‍ പണം കൊടുക്കുക. സംഘമായാല്‍ പിന്നെ മീറ്റിങ് വിളിക്കും. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലോണ്‍ പാസാക്കിക്കൊടുക്കും. പക്ഷേ ഇങ്ങനെ സാമൂഹിക പ്രവര്‍ത്തനം നടത്തി നടത്തി അവസാനം അത് കൂട്ട മതപരിവര്‍ത്തനത്തിലേക്കാണ് ചെന്ന് എത്തുന്നത് എന്നാണ് യോഹന്നാന്റെ വിമശകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇങ്ങനെയാക്കെ ആണെങ്കിലും കേരളത്തിലെ എല്ലാ മാധ്യമങ്ങളുടെയും പ്രിയപ്പെട്ടവനാണ് യോഹന്നാന്‍. ബീലീവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ് നടത്തിയത് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഒതുക്കി ഉള്‍പേജിലാണ് കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍നിന്നുള്ള സമ്മര്‍ദം വന്നതോടെ മാത്രമാണ് അവര്‍ വിഷയം ഏറ്റെടുത്തത്. ഇപ്പോള്‍ ആദായകനികുതി വകുപ്പിന്റെ അന്വേഷണം തന്നെ വന്നത് എങ്ങനെയാനെന്നണ് അത്ഭുതപ്പെടുകയാണ് പലരും. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രം തൊട്ട് നൂറുകണക്കിന് ആത്മീയ അധോലോകങ്ങള്‍ ഇന്ന് കേരളത്തിലുമുണ്ട്. പക്ഷേ അവയെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ലെന്ന് മാത്രം.