“Liberty is the parent of science and of virtue, and a nation will be great in both in proportion as it is free.” – Thomas Jefferson.
ലേസറിന്റെ കണ്ടുപിടുത്തത്തിന് 1964-ൽ ഭൗതികശാസ്ത്ര നോബൽ സമ്മാനം നേടിയ ചാൾസ് ടൗൺസ് പറഞ്ഞ ഒരു തമാശകഥയുണ്ട്. ഒരു ബീവറും (നീർനായ) ഒരു മുയലും ഹൂവർ ഡാമിലേക്ക് നോക്കി നിൽക്കുന്നു. അപ്പോൾ ബീവർ പറയുന്നു: “ഞാനല്ല ഇത് ഉണ്ടാക്കിയത്. പക്ഷേ, ഇത് എൻ്റെ ഒരാശയത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയതാണ്.”
ഇന്നോവേഷനുകൾ (Innovation) മിക്കവാറും എല്ലായ്പ്പോഴും ഒരു പരിണാമപരവും (evolutionary) കൂട്ടിച്ചേർക്കപ്പെടുന്നതുമായ (cumulative) പ്രക്രിയയാണ്. ഒരു വ്യക്തിയെ ‘കണ്ടുപിടുത്തക്കാരൻ’ എന്ന് പറഞ്ഞ് പ്രശംസിക്കപ്പെടുന്ന സന്ദർഭങ്ങളിൽ പോലും, സത്യത്തിൽ പതിറ്റാണ്ടുകളായുള്ള, ഒരുപക്ഷെ നൂറ്റാണ്ടുകൾ മുൻപത്തെ കണ്ടെത്തലുകളിൽ ചെറിയ മെച്ചപ്പെടുത്തലുകൾ നടത്തിയും, പരാജയപ്പെട്ട ശ്രമങ്ങളിലൂടെയും ഒക്കെ ആയിരിക്കാം ആ കണ്ടുപിടുത്തം നടത്തിയത്.
പൂജ്യത്തിൻ്റെ (Zero) പരിണാമം.
പൂജ്യത്തിൻ്റെ ആശയം പൂർണ്ണതയിലെത്താൻ ആയിരക്കണക്കിന് വർഷങ്ങളെടുത്തു.
ബാബിലോണിയക്കാർ (3000–500 BCE): ഒരു സംഖ്യയുടെ അഭാവം അടയാളപ്പെടുത്താൻ അവർ ഒരു ചിഹ്നം ഉപയോഗിച്ചിരുന്നു (ഉദാഹരണത്തിന്, 103 എന്ന് എഴുതാൻ 1_3). എന്നാൽ ഇത് ഒരു സംഖ്യയായിരുന്നില്ല, മറിച്ച് സ്ഥാനം സൂചിപ്പിപ്പിക്കുക മാത്രമായിരുന്നു.
മായൻമാർ (400 CE): അവർ അവരുടെ കലണ്ടർ സമ്പ്രദായത്തിനായി ശംഖിൻ്റെ ആകൃതിയിലുള്ള ഒരു ചിഹ്നം പൂജ്യത്തിനു വേണ്ടി ഉപയോഗിച്ചു. എന്നാൽ ഇത് ആഗോളതലത്തിൽ പ്രചരിച്ചില്ല.
ഇന്ത്യൻ സംഭാവന (500–700 CE): ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ബ്രഹ്മഗുപ്തൻ പൂജ്യത്തെ സ്വയം ഒരു സംഖ്യയായി നിർവചിച്ചു. ബ്രഹ്മഗുപ്തൻ മറ്റെവിടുന്നെങ്കിലും ഈ ആശയം കടമെടുത്തിരുന്നോ എന്നതിന് തെളിവില്ല. എന്തായാലും ഈ കണ്ടെത്തലാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന പൂർണ്ണമായ സ്ഥാന മൂല്യ സമ്പ്രദായത്തിന് (place-value system) രൂപം നൽകിയത്.
അൽ-ഖവാരിസ്മി (800–1100 CE) പോലുള്ള പണ്ഡിതന്മാർ ഇന്ത്യൻ ഗണിതശാസ്ത്രത്തെ (0-9) അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും അത് ഇസ്ലാമിക ലോകം വഴി യൂറോപ്പിലേക്ക് പ്രചരിക്കുകയും ചെയ്തു.
ഫിബൊനാച്ചി (1202 CE) തൻ്റെ ‘ലിബർ അബാച്ചി’ (Liber Abaci) എന്ന പുസ്തകത്തിലൂടെ പൂജ്യത്തെ യൂറോപ്പിന് പരിചയപ്പെടുത്തി. ഈ സംഖ്യകൾ റോമൻ അക്കങ്ങളേക്കാൾ വേഗത്തിലും വ്യക്തമായും കണക്കുകൂട്ടലുകൾ നടത്താൻ സഹായിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഈ കണ്ടുപിടുത്തം ആധുനിക ഗണിതം (arithmetic), ബീജഗണിതം (algebra), ധനകാര്യം (finance), ശാസ്ത്രത്തിന്റെ മുന്നേറ്റം എന്നിവയ്ക്ക് വഴിയൊരുക്കി.
ആവി യന്ത്രത്തിൻ്റെ പരിണാമം: ജെയിംസ് വാട്ട്
ആവി യന്ത്രത്തിൻ്റെ (Steam Engine) കണ്ടുപിടുത്തക്കാരനായി പൊതുവെ അറിയപ്പെടുന്നത് ജെയിംസ് വാട്ട് ആണ്. എന്നാൽ വാട്ട് ആവി യന്ത്രത്തെ സ്ക്രാച്ചിൽ നിന്ന് ഉണ്ടാക്കിയെടുത്തതല്ല. പകരം, വ്യാവസായിക വിപ്ലവത്തിന് (Industrial Revolution) തുടക്കമിടാൻ സഹായിച്ച, കാര്യക്ഷമത കുറഞ്ഞ പഴയ മോഡലുകളെ അദ്ദേഹം പ്രായോഗികമായ ഒരു യന്ത്രമാക്കി മാറ്റുകയാണുണ്ടായത്.
വാട്ടിന് മുമ്പുള്ള പ്രധാന ശ്രമങ്ങൾ:
അലക്സാണ്ട്രിയയിലെ ഹീറോ (1-ാം നൂറ്റാണ്ടിൽ): ആദ്യത്തെ ആവി ടർബൈൻ എന്ന് ചിലപ്പോൾ വിളിക്കപ്പെടുന്ന ‘ഈയോലിപൈൽ’ (Aeolipile) കണ്ടുപിടിച്ചു. ആവി ശക്തിയാൽ കറങ്ങുന്ന ഒരു ഗോളമായിരുന്നു ഇത്. കൗതുകവസ്തു മാത്രമായിരുന്ന ഇതിന് വ്യാവസായിക ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല.
ഡെനിസ് പാപിൻ (1690-കളിൽ): ആവിയിൽ പ്രവർത്തിക്കുന്ന പരീക്ഷണാത്മക പിസ്റ്റണുകൾ നിർമ്മിച്ചു. പക്ഷേ ഈ യന്ത്രങ്ങൾ ദുർബലമായിരുന്നു.
തോമസ് സേവറി (1698-ൽ): ഖനികളിൽ നിന്ന് വെള്ളം നീക്കം ചെയ്യാനുള്ള ‘മൈനേഴ്സ് ഫ്രണ്ട്’ എന്ന പമ്പ് നിർമ്മിച്ചു. ഇത് വെള്ളം ഏതാനും മീറ്റർ മാത്രം ഉയർത്താൻ കഴിയുന്ന ഒന്നായിരുന്നു.
തോമസ് ന്യൂകോമൺ (1712-ൽ): സേവറിയുടെയും പാപിൻ്റെയും ആശയങ്ങൾ സംയോജിപ്പിച്ച് ‘അന്തരീക്ഷ ആവി യന്ത്രം’ (atmospheric steam engine) നിർമ്മിച്ചു. ഖനനത്തിൽ വ്യാപകമായി ഉപയോഗിച്ച ആദ്യത്തെ എഞ്ചിനായിരുന്നു ഇത്. എന്നാൽ ഇതിന് ഒരു വലിയ പോരായ്മയുണ്ടായിരുന്നു: സിലിണ്ടർ ആവർത്തിച്ച് ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്നത് കാരണം വലിയ അളവിൽ ഊർജ്ജം ഉണ്ടാവുമായിരുന്നു.
ഈ സമയത്താണ് ജെയിംസ് വാട്ട് ന്യൂകോമൺ എഞ്ചിൻ പഠിക്കുകയും അതിൻ്റെ കാര്യക്ഷമതയില്ലായ്മ ശ്രദ്ധിക്കുകയും ചെയ്തത്. ആവി സാന്ദ്രീകരിക്കാനായി (condensation) അദ്ദേഹം രണ്ടാമതൊരു അറ (second chamber) കൂട്ടിച്ചേർത്തു. ഇത് പ്രധാന സിലിണ്ടറിനെ എല്ലാ സമയത്തും ചൂടായി നിലനിർത്താൻ സഹായിക്കുകയും, ഇന്ധന ഉപഭോഗം വളരെയധികം കുറയ്ക്കുകയും ചെയ്തു.
വാട്ട് ആവി യന്ത്രം കണ്ടുപിടിച്ചില്ല, മറിച്ച് അതിനെ സാമ്പത്തികമായി ലാഭകരവും, കാര്യക്ഷമതയുള്ളതുമാക്കി മാറ്റി. നിലവിലുള്ള രൂപകൽപ്പനകളിലെ പോരായ്മകൾ തിരിച്ചറിയാനും അവ സർഗ്ഗാത്മകമായി മെച്ചപ്പെടുത്താനുമുള്ള വാട്ടിൻ്റെ കഴിവാണ് അദ്ദേഹത്തിൻ്റെ പ്രതിഭ. ഈ സംഭവം തെളിയിക്കുന്നത്, മഹത്തായ കണ്ടുപിടുത്തങ്ങൾ ഒറ്റരാത്രികൊണ്ട് ഉണ്ടാകുന്നവയല്ല, അവ പരിണമിച്ചുണ്ടാകുന്നതാണ് എന്നതാണ്.
നൂതനമായ ആശയങ്ങൾ വളരെ വിരളമായിട്ടാണ് ഒന്നുമില്ലായ്മയിൽ നിന്ന് പെട്ടെന്ന് ഉണ്ടാകുന്നത്. പെട്ടെന്നുള്ള ഒരു വഴിത്തിരിവായി തോന്നുന്നത്, വാസ്തവത്തിൽ, നിരവധി ആളുകൾ ചേർന്ന് കാലക്രമേണ ഉണ്ടാക്കിയ ചെറിയ മെച്ചപ്പെടുത്തലുകൾ, ശേഖരിച്ച അറിവ്, മുൻപുള്ള ശ്രമങ്ങൾ എന്നിവയുടെയെല്ലാം അവസാന ഘട്ടമാണ്. ചരിത്രത്തിലെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങളായ വിമാനം, കമ്പ്യൂട്ടർ, വാക്സിനുകൾ, സ്മാർട്ട്ഫോണുകൾ ഒക്കെത്തന്നെ ദശകങ്ങളോ നൂറ്റാണ്ടുകളോ നീണ്ട പരീക്ഷണങ്ങൾ, തെറ്റുതിരുത്തലുകൾ, പരിഷ്കരണങ്ങൾ, കൂടാതെ മുൻ ചിന്തകരിൽ നിന്ന് ലഭിച്ച പ്രചോദനം എന്നിവയിൽ നിന്നാണ് ഉയർന്നുവന്നത്.
ആർക്കിമിഡീസിന്റെ പ്രശസ്തമായ “യൂറേക്ക!” നിമിഷം, ചരിത്രപരമായ സംഭവങ്ങളെ എങ്ങനെ നാടകീയമാക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ്. യഥാർത്ഥ കണ്ടുപിടുത്തം (വോളിയം ഡിസ്പ്ലേസ്മെന്റ് കണക്കാക്കുന്നത്) പെട്ടെന്നുള്ള വെളിപ്പെടുത്തലായിരുന്നില്ല. ആർക്കിമിഡീസ് വർഷങ്ങളോളം ജോമെട്രിയിൽ ഗവേഷണം ചെയ്ത ഒരു ഗണിതശാസ്ത്രജ്ഞനായിരുന്നു. കുളിക്കടവിലെ കഥ പിന്നീടുള്ള കാലത്ത്, ആ ആശയത്തിന് കൂടുതൽ നാടകീയത നൽകാൻ വേണ്ടി കൂട്ടിച്ചേർത്തതാകാനാണ് സാധ്യത.
ചില സമയങ്ങളിൽ, ഇന്നോവേഷനുകൾ അബദ്ധവശാൽ സംഭവിക്കാറുണ്ട്. യാഹൂവിന്റെ സ്ഥാപകരോ ഗൂഗിളിന്റെ സ്ഥാപകരോ ഒരു സെർച്ച് എഞ്ചിൻ കണ്ടെത്താൻ വേണ്ടി തുടങ്ങിയവരല്ല. ഇൻസ്റ്റാഗ്രാമിന്റെ സ്ഥാപകർ ഒരു ഗെയിമിംഗ് ആപ്ലിക്കേഷൻ ഉണ്ടാക്കാനാണ് ശ്രമിച്ചത്. ട്വിറ്ററിന്റെ സ്ഥാപകർ ആളുകൾക്ക് പോഡ്കാസ്റ്റുകൾ കണ്ടെത്താനുള്ള ഒരു വഴി കണ്ടുപിടിക്കാനാണ് ശ്രമിച്ചത്.
ഇന്നോവേഷനുകൾക്ക് പരീക്ഷണവും പിഴവും (trial and error) അത്യാവശ്യമാണ്. ഒരു പുതിയ സാങ്കേതികവിദ്യയുടെ ആദ്യകാലങ്ങളിൽ, ഉദാഹരണത്തിന് റെയിൽവേയുടെയോ ഇന്റർനെറ്റിന്റെയോ കാര്യത്തിൽ, വലിയ സമ്പാദ്യം ഉണ്ടാക്കിയവരെക്കാൾ കൂടുതൽ സംരംഭകർക്ക് പരാജയം സംഭവിക്കുകയും കടക്കെണിയിൽ ആവുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പരീക്ഷണത്തിന്റെയും പിഴവിന്റെയും ഏറ്റവും പ്രശസ്തമായ ഉദാഹരണമാണ് തോമസ് എഡിസൺ. അദ്ദേഹം ബൾബിന്റെ ഫിലമെന്റിനായി 6000 വ്യത്യസ്ത വസ്തുക്കൾ പരീക്ഷിച്ചു. എഡിസൺ പറഞ്ഞു: “ഞാൻ പരാജയപ്പെട്ടിട്ടില്ല. അത് പ്രവർത്തിക്കാത്ത 10000 വഴികൾ ഞാൻ കണ്ടെത്തി എന്ന് മാത്രം.”
ഓരോ സാങ്കേതികവിദ്യയും മറ്റ് സാങ്കേതികവിദ്യകളുടെ ഒരു സംയോജനമാണ്, ഓരോ ആശയവും മറ്റ് ആശയങ്ങളുടെ ഒരു കൂടിച്ചേരലാണ്. ഗൂഗിളിന്റെ സെൽഫ് ഡ്രൈവിംഗ് കാറുകൾ, വേസ് (Waze), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയെല്ലാം നിലവിലുള്ള സാങ്കേതികവിദ്യകളുടെ ലളിതമായ സംയോജനങ്ങളാണ്.
ക്യാപിറ്റലിസ്റ് സ്വതന്ത്ര സമൂഹങ്ങൾ കൂടുതൽ ഇന്നോവേഷനുകൾ സൃഷ്ടിക്കുന്നു
“Electric lighting is no great boon to anyone who has money enough to buy a sufficient number of candles and to pay servants to attend to them. It is the cheap cloth, the cheap cotton and rayon fabric, boots, motorcars and so on that are the typical achievements of capitalist production, and not as a rule improvements that would mean much to the rich man. Queen Elizabeth owned silk stockings. The capitalist achievements does not typically consist in providing more silk stockings for queens but in bringing them within the reach of factory girls in return for steadily decreasing amounts of efforts.” – Joseph Schumpeter
ചിന്തിക്കാനും, പരീക്ഷണം നടത്താനും, പരാജയപ്പെടാനും, ലാഭം നേടാനും ആളുകൾക്ക് സ്വാതന്ത്ര്യമുള്ള സ്ഥലങ്ങളിലാണ് ഇന്നോവേഷനുകൾ തഴച്ചുവളരുന്നത്. കുറഞ്ഞ റെഗുലേറ്ററി നിയമങ്ങളുള്ള തുറന്ന, ക്യാപിറ്റലിസ്റ് സമൂഹങ്ങൾ പുതിയ ആശയങ്ങളും സാങ്കേതിക വിദ്യകളും വ്യവസായങ്ങളും ഉത്പാദിപ്പിക്കുന്നതിൽ ഏകാധിപത്യ വ്യവസ്ഥകളെക്കാൾ മുന്നിട്ട് നിൽക്കുന്നു എന്ന് ചരിത്രം കാണിച്ചു തരുന്നു. ഒരു സ്വതന്ത്ര വ്യവസ്ഥയിൽ, ആയിരക്കണക്കിന് വ്യക്തികൾ ഒരേസമയം പ്രശ്നങ്ങൾ പരിഹരിക്കുന്നു. ഏകാധിപത്യ രാജ്യങ്ങളിൽ, ഒരു ചെറിയ ഉന്നത വിഭാഗം മാത്രമാണ് എന്ത് നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത്. ലക്ഷക്കണക്കിന് സ്വതന്ത്ര മനസ്സുകളുടെ സർഗ്ഗാത്മകതയ്ക്ക് തുല്യമാകാൻ കേന്ദ്രീകൃത ആസൂത്രണത്തിന് (Central planning) കഴിയില്ല. രാജവാഴ്ചകളിലും ഏകാധിപത്യങ്ങളിലും ഒക്കെ, കുത്തകകളും സർക്കാർ നിയന്ത്രിത വ്യവസായങ്ങളും ആധിപത്യം സ്ഥാപിക്കുന്നു. മത്സര സമ്മർദ്ദം ഇല്ലാത്തതിനാൽ, അവർക്ക് നവീകരിക്കാൻ പ്രേരണ കുറവാണ്. മത്സരം പുരോഗതിയെ നിർബന്ധിതമാക്കുന്നു, കുത്തകകൾ പുരോഗതിയെ ഇല്ലാതാക്കുന്നു. ഏകാധിപത്യ ഭരണകൂടങ്ങൾ വിവരങ്ങൾ നിയന്ത്രിക്കുകയും നൂതനാശയങ്ങളിൽ ആർക്കൊക്കെ പങ്കെടുക്കാമെന്ന് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ആശയങ്ങൾ അതിർത്തികൾ കടക്കുമ്പോൾ ആണ് നൂതനാശയങ്ങൾ വളരുന്നത്.
ഞാനിത് പറയുമ്പോൾ, ആളുകൾ ശീതയുദ്ധകാലത്തെ സോവിയറ്റ് യൂണിയനിലെ സാങ്കേതിക പുരോഗതിയെക്കുറിച്ച് ചോദിച്ചേക്കാം. സോവിയറ്റ് യൂണിയൻ കേന്ദ്രീകൃതമായി ധാരാളം ഗവേഷണങ്ങൾക്ക് പണം ചെലവഴിച്ചിരുന്നു. ഇവിടെ സ്വകാര്യ സംരംഭങ്ങൾക്ക് ഒട്ടും തന്നെ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ഫലത്തിൽ സംഭവിച്ചത് ഗതാഗതം, ഭക്ഷണം, ആരോഗ്യം, അല്ലെങ്കിൽ ഏതെങ്കിലും ഉപഭോക്തൃ മേഖലകളിൽ ഇന്നോവേഷനുകളുടെ ദയനീയമായ കുറവ് ആയിരുന്നു. എന്നാൽ സൈനിക ഉപകരണങ്ങളിൽ (military hardware) ധാരാളം മുന്നേറ്റങ്ങൾ ഉണ്ടായി.
സോവിയറ്റ് യൂണിയനിലെ പൗരന്മാർക്ക് ദിവസേനയുള്ള അടിസ്ഥാന ആവശ്യ വസ്തുക്കൾ വാങ്ങാൻ വേണ്ടി മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ടിവന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങൾ കാര്യക്ഷമമല്ലാത്ത രീതിയിലാണ് വിളവ് ഉത്പാദിപ്പിച്ചത്. മിക്ക കുടുംബങ്ങളും താമസിച്ചിരുന്നത് വളരെ ചെറുതും നിലവാരം കുറഞ്ഞതുമായ അപ്പാർട്ട്മെന്റുകളിലായിരുന്നു. ഇവയിൽ മിക്കവയും രണ്ടും മൂന്നും തലമുറകൾ പങ്കിട്ടെടുത്ത ഒരു കിടപ്പുമുറി മാത്രമുള്ള ഫ്ലാറ്റുകളായിരുന്നു. ഒരു അപ്പാർട്ട്മെന്റിനായി നീണ്ട കാത്തിരിപ്പ് പട്ടികകൾ (ചിലപ്പോൾ 10-15 വർഷം വരെ) ഉണ്ടായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ മൈക്രോവേവ്, കളർ ടിവികൾ, വിശ്വസനീയമായ കാറുകൾ, ഗാർഹിക ഉപകരണങ്ങൾ, ആധുനിക ഇലക്ട്രോണിക്സ് എന്നിവയുടെ യുഗത്തിലേക്ക് പ്രവേശിച്ചപ്പോൾ, സാധാരണ സോവിയറ്റ് പൗരന്റെ ഉടമസ്ഥതയിൽ പലപ്പോഴും കേടാകുന്ന ഒരു ഫ്രിഡ്ജോ, മോശം റിസപ്ഷനുള്ള ഒരു റേഡിയോ അല്ലെങ്കിൽ ടിവി, കെട്ടിടത്തിലുള്ള എല്ലാവരും പങ്കിട്ടെടുത്ത ഒരു വാഷിംഗ് മെഷീൻ എന്നിവയായിരുന്നു അവസ്ഥ. ആശുപത്രികളിൽ നൂതനമായ മെഡിക്കൽ ഉപകരണങ്ങളില്ല. ഒരു കാർ (ഭാഗ്യമുണ്ടെങ്കിൽ) ലഭിക്കാനായി വർഷങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണമായിരുന്നു, മാത്രമല്ല അത് വിശ്വസനീയമായി പ്രവർത്തിക്കുകയും ചെയ്തില്ല. റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിവുള്ള ഒരു രാഷ്ട്രം ടൂത്ത് പേസ്റ്റ് പോലും വിതരണം ചെയ്യാൻ ബുദ്ധിമുട്ടി. കേന്ദ്രീകൃതമായി ആസൂത്രണം ചെയ്ത, ഏകാധിപത്യ വ്യവസ്ഥയ്ക്ക് രാജ്യത്തെക്കൊണ്ട് സൈനികപരമായ നേട്ടങ്ങൾ ഉണ്ടാക്കിയത് പൗരന്മാരുടെ ക്ഷേമം ബലികഴിച്ചുകൊണ്ട് മാത്രമാണ് സാധ്യമാവുക എന്ന് സോവിയറ്റ് യൂണിയൻ തെളിയിച്ചു.
എന്നാൽ ചൈനയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ചൈന പൂർണ്ണമായും കേന്ദ്രീകൃതമായ ഒരു സമ്പദ്വ്യവസ്ഥയല്ല. അത് ഒരു “authoritarian capitalism” എന്ന മോഡലാണ്. 1978-ൽ Deng Xiaoping ആരംഭിച്ച പരിഷ്കാരങ്ങൾ രാജ്യത്തിന് നിയന്ത്രിതമായ സ്വാതന്ത്ര്യം നൽകി. അതായത് സ്വകാര്യ സംരംഭങ്ങൾ, വിദേശ നിക്ഷേപം, പ്രത്യേക സാമ്പത്തിക മേഖലകൾ (SEZ-കൾ) എന്നിവ അനുവദിച്ചു. വലിയ ജനസംഖ്യയും കുറഞ്ഞ വേതനത്തിൽ തൊഴിലാളികളെ ലഭിക്കാൻ അവസരമൊരുക്കി. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള സാങ്കേതികവിദ്യ ചൈന വൻതോതിൽ ഇറക്കുമതി ചെയ്തു. ആപ്പിൾ മുതൽ ടെസ്ല വരെയുള്ള വലിയ കമ്പനികൾ ചൈനയിൽ മാനുഫാക്ച്ചറിങ് യൂണിറ്റുകൾ സ്ഥാപിച്ചു ഉൽപ്പാദനം നടത്തിയപ്പോൾ ലക്ഷക്കണക്കിന് ചൈനീസ് എഞ്ചിനീയർമാർക്ക് അറിവും പരിചയവും ലഭിച്ചു. വിദേശ സർവ്വകലാശാലകളിൽ നിന്ന് സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) മേഖലകളിൽ ബിരുദം നേടുന്ന ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം ശ്രദ്ധിക്കുക.
ചൈനയുടെ വലിയ ജനസംഖ്യ തന്നെ ഒരുതരം ഇന്നോവേഷൻ ആണ്. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ ഒരേസമയം പരീക്ഷണങ്ങൾ നടത്തുമ്പോൾ, അവയിൽ പലതും പരാജയപ്പെട്ടാലും, സ്വാഭാവികമായിത്തന്നെ ഫലങ്ങൾ വേഗത്തിൽ ലഭിക്കുന്നു. എങ്കിലും, ഈ നവീകരണത്തിന് പരിമിതികളുണ്ട്. സ്വതന്ത്രചിന്തയും വിമർശനവും ആവശ്യമുള്ള അടിസ്ഥാന ശാസ്ത്രം, മൈക്രോചിപ്പുകൾ, ഫാർമസ്യൂട്ടിക്കൽ ഗവേഷണങ്ങൾ എന്നീ മേഖലകളിൽ ചൈന പിന്നിലാണ്.
ചൈന ഏകാധിപത്യം ഉള്ളത് കൊണ്ടല്ല മുന്നേറുന്നത് മറിച്ചു ഏകാധിപത്യം ഉണ്ടായിരുന്നിട്ടും മുന്നേറുന്നു. ഏകാധിപത്യം ഇല്ലായിരുന്നെങ്കിൽ അവർ എവിടെയെത്തുമായിരുന്നു എന്ന് സങ്കൽപ്പിച്ചു നോക്കുക.
സ്വകാര്യ പങ്കാളിത്തമില്ലാതെ സർക്കാരുകൾക്ക് ഒരു നൂതനാശയം ലക്ഷ്യമിടാനും, സൃഷ്ടിക്കാനും, പൂർണ്ണമാക്കാനും സാധിക്കുകയില്ല എന്ന് പറയാൻ സാധിക്കില്ല. അതിന് ഒരു ഉദാഹരണമാണ് അണുവായുധങ്ങൾ. എങ്കിലും അതിന് ഉപഭോക്താക്കൾക്ക് യാതൊരു മൂല്യവുമില്ല. കൂടുതൽ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും ആകസ്മികമായി സംഭവിക്കുകയും ആശയങ്ങളുടെ കൈമാറ്റം വഴിയാണ് ഉണ്ടാകുന്നത്. ഇവയെല്ലാം വ്യക്തികൾ, സ്ഥാപനങ്ങൾ, വിപണികൾ, ചിലപ്പോൾ പൊതുപ്രവർത്തകർ എന്നിവരിലൂടെ രൂപപ്പെടുത്തുകയും മാറ്റം വരികയും യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയിലെ പ്രധാന പങ്കാളി സർക്കാർ ആണെന്ന് വിചാരിക്കുന്നത്, പ്രത്യേകിച്ചും ഒരു ലക്ഷ്യമുള്ള ഉദ്ദേശ്യത്തോടെയാണെന്ന് വരുത്തിത്തീർക്കുന്നത്, യഥാർത്ഥത്തിൽ ഒരു പരിണാമപരമായ പ്രതിഭാസത്തോട് സൃഷ്ടിപരമായ സമീപനം (creationist approach) സ്വീകരിക്കുന്നതിന് തുല്യമാണ്.
ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് വളരെ ലളിതമായൊരു സത്യമാണ്. സ്വാതന്ത്ര്യമുള്ള തുറന്ന സമൂഹങ്ങളിലാണ് ഇന്നോവേഷനും പുരോഗതിയും വളരുന്നത്. ആശയങ്ങളെ നിയന്ത്രിക്കുകയും, വിപണിയെ അടച്ചുപൂട്ടുകയും, മത്സരത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ഏകാധിപത്യ സംവിധാനങ്ങൾ കുറച്ച് നേട്ടങ്ങൾ ഉണ്ടാക്കിയാലും, സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ പരാജയപ്പെടുന്നു. സോവിയറ്റ് യൂണിയൻ ഒരു മഹാശക്തിയായിരുന്നു, പക്ഷേ അതിന്റെ പൗരൻമാർക്ക് നല്ല ഭക്ഷണവും, നല്ല വീടുകളും, മറ്റു അടിസ്ഥാനസൗകര്യങ്ങളും ലഭിക്കാത്ത അവസ്ഥയായിരുന്നു. അതേസമയം, സ്വതന്ത്ര ചിന്ത, തുറന്ന മത്സരം, പരീക്ഷണത്തിന് അവസരം, പരാജയം സഹിക്കുന്ന സംസ്കാരം എന്നിവയൊക്കെയാണ് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മുന്നോട്ടു കൊണ്ടു പോകുന്നത്. മനുഷ്യ പുരോഗതിയുടെ യഥാർത്ഥ ശക്തി അധികാരകേന്ദ്രങ്ങളിൽ അല്ല, സ്വതന്ത്രമായി സ്വപ്നം കാണാനും സൃഷ്ടിക്കാനും ധൈര്യപ്പെടുന്ന സാധാരണ ആളുകളുടെ കൈകളിലാണ്.
Reference: How innovation works: And why it flourishes in freedom- Matt Ridley 2020
![]()

