“ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ… അങ്ങനെ ശാസ്ത്രാതീതമാണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 10ലക്ഷം ഡോളര്‍…”
ഗംഭീര ഓഫര്‍ ആണ്. ഒരു കാലത്ത് യൂറോപ്പിനെ ത്രസിപ്പിച്ച വെല്ലുവിളിയായിരുന്നു ഇത്. കണ്ണ് കൊണ്ട് നോക്കി സ്പൂണ്‍ വളയ്ക്കുമെന്ന് ആവകാശപ്പെടുന്നവര്‍ തൊട്ട് പാരാസൈക്കോളജിക്കാരും എന്തിന് ഹോമിയോപ്പതിക്കാരും വരെ ഈ മനുഷ്യനോട് വെല്ലുവിളിയായി എത്തി. ലൈവ് പരീക്ഷണങ്ങള്‍ക്കൊടുവില്‍ എല്ലാവരുടെയും കട്ടയും പടവും മടക്കി. സമ്മാനത്തുക മോഹിച്ച് എത്തിയവരുടെ കെട്ടിവെച്ച കാശുകൊണ്ടുതന്നെ അയാള്‍ കോടീശ്വരനായി. ലോകത്തിലെ ഏറ്റവും വലിയ ദിവ്യാത്ഭുത അനാവരണ വിദഗ്ദ്ധൻ കൂടിയായിരുന്നു കഴിഞ്ഞ ദിവസം 92ാം വയസ്സില്‍ അന്തരിച്ച ജെയിംസ് റാന്‍ഡി.
1964 മുതല്‍ റാന്‍ഡി ഈ വെല്ലുവിളിയുമായി രംഗത്തുണ്ട്. ഒരു വിശ്വാസിയും ഒരു ജോത്സ്യനും ആ വെല്ലുവിളി സ്വീകരിച്ച് പണം നേടിയില്ല. 2015 വരെ ഈ വെല്ലുവിളി നിലനിന്നിരുന്നു. അതിനു ശേഷം ആ പണം മറ്റു സാമൂഹിക നന്‍മക്കായി ചിലവഴിച്ചു. മെജീഷ്യന്‍, ദിവ്യാത്ഭുത അനാവരണ വിദഗ്ദ്ധൻ, ശാസ്ത്ര പ്രഭാഷകന്‍, വിദ്യാഭ്യാസ വിദഗ്ദ്ധൻ തുടങ്ങി വിവിധ നിലകളില്‍ പ്രശസ്തനായി ലോകത്തെ അമ്പരിപ്പിച്ച ഒരു മനുഷ്യനാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്.
നയാഗ്രക്ക് മുകളിലൂടെ നടന്ന മജീഷ്യന്‍
1928 ഓഗസ്റ്റ് 7 ന് ടൊറന്റോയില്‍ ജനിച്ച റാന്‍ഡാല്‍ ജെയിംസ് ഹാമില്‍ട്ടണ്‍ സ്വിംഗെ, എന്ന കുടുംബപ്പേരില്‍ അറിയപ്പെടുന്ന ജെയിസ് റാന്‍ഡിക്ക് ചെറുപ്പം മുതല്‍ തന്നെ ചോദ്യം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം കിട്ടാത്തതാണ് മതം ഉപേക്ഷിക്കാനുള്ള കാരണമായി അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞത്. അക്കാദമികമായി, അദ്ദേഹത്തിന് പഠനം താല്‍പ്പര്യമുള്ളതായിരുന്നില്ല. സ്‌കൂള്‍ തനിക്ക് വിരസതയുണര്‍ത്തുന്നുവെന്നാണ് റാന്‍ഡി പറഞ്ഞത്. തന്റെ സമപ്രായക്കാരേക്കാള്‍ വളരെ മുന്നിലാണെന്നും അധ്യാപകര്‍ സമ്മതിച്ചിരുന്നെങ്കിലും അദ്ദേഹം പഠനവുമായി മുന്നോട്ട് പോയില്ല. റാന്‍ഡി കോളേജിലും പോയിട്ടില്ല, എന്നാല്‍ 1986 ല്‍ ഒരു മാക് ആര്‍തര്‍ ഫെലോഷിപ്പ് ലഭിച്ചു. ഇത് ”ജീനിയസ് ഗ്രാന്റ്” എന്നാണ് അറിയപ്പെട്ടത്. ആ പ്രതിഭക്ക് നാടിന്റെ അംഗീകാരം കൂടിയായിരുന്നു അത്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് മാജിക്കിന്റെ വഴിയിലേക്ക് നീങ്ങിയ റാന്‍ഡി അധികം താമസിയാതെ ശ്രദ്ധ നേടാന്‍ തുടങ്ങി. ഹാരി ഹൂഡിനിയെപ്പോലെ വെള്ളത്തില്‍ മുങ്ങിയ പൂട്ടിയിട്ട ശവപ്പെട്ടിയില്‍ നിന്നും നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ കൈകെട്ടി നടന്നും അദ്ദേഹം ആയിരങ്ങളെ വിസ്മയിപ്പിച്ചു. ഏത് ആള്‍ദെവത്തിനും ആത്മീയ ആചാര്യനും ചെയ്യുന്നത് ഒക്കെയും അദ്ദേഹത്തിന് നിഷ്പ്രയാസം ചെയ്യാന്‍ കഴിയുമായിരുന്നു. അതുകൊണ്ട് അദ്ദേഹം പറയും – “ലോകത്തില്‍ ദൈവവും അഭൗതികശക്തിയും ഒന്നുമില്ല. നിങ്ങള്‍ ഇവിടെ കണ്ടതെല്ലാം തന്ത്രങ്ങളാണ്”. മാജിക്കില്‍നിന്ന് പെട്ടെന്ന് അദ്ദേഹം ടെലിവിഷന്‍ ഷോയിലേക്കും ദിവ്യാത്ഭുത അനാവരണത്തിലേക്കും മാറി.
1972ലെ ”ദി ടുനൈറ്റ് ഷോ” എപ്പിസോഡില്‍, ഇസ്രായേലി പ്രകടനക്കാരനായ യൂറി ഗെല്ലറെ പൊളിച്ചടുക്കിയതോടെയാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. മനശക്തികൊണ്ട് സ്പൂണ്‍ വളക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന വ്യക്തിയായിരുന്നു യൂറി ഗെല്ലര്‍. എന്നാല്‍ വളഞ്ഞ സ്പൂണുകള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ട് ഗെല്ലര്‍ നടത്തുന്ന തട്ടിപ്പായിരുന്നു ഇത്. ആങ്കര്‍ ജോണി കാര്‍സണിന്റെ സഹായിയായി ഒപ്പമുണ്ടായിരുന്നു ജെയിംസ് റാന്‍ഡിയുടെ സൂക്ഷ്മ നിരീക്ഷണം മൂലം ഗെല്ലറിന് ഒളിപ്പിച്ച സ്പൂണുകള്‍ പുറത്തെടുക്കാന്‍ ആയില്ല. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഷോയില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെ ഗെല്ലര്‍ മുട്ടാപ്പോക്ക് പറഞ്ഞ് ഒഴിഞ്ഞു. മുന്‍ഗാമിയായ ഹാരി ഹൗഡിനിയുടെ ശ്രമങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങള്‍. എല്ലാ ദിവ്യാത്ഭുതക്കാരെയും അദ്ദേഹം പൊളിച്ചടുക്കി. ഹോമിയോപ്പതി ശരിയെന്ന് തെളിയിക്കാനും റാന്‍ഡിയുടെ വെല്ലുവിളി ഉണ്ടായിരുന്നു. ഹോമിയോപ്പതിക്കാര്‍ നിര്‍ലജ്ജം പരാജയപ്പെട്ടു.
‘ട്രാന്‍സ്’ സിനിമാ മോഡല്‍ രഹസ്യങ്ങള്‍ പൊളിക്കുന്നു
ഇന്ന് ഫഹദിന്റെ ട്രാന്‍സ് സിനിമയിലൂടെ നാം കണ്ട അതേ തന്ത്രങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൊളിച്ചടക്കിയ വ്യക്തിയാണ് റാന്‍ഡി. അമേരിക്കയിലെ പ്രസിദ്ധ സുവിശേഷ ചികിത്സകന്മാരിലൊരാളായിരുന്നു പീറ്റര്‍ പോപ്പോഫ്. യോഗത്തിനു വരുന്ന ആള്‍ക്കാരെ പോപ്പോഫ് പേര് പറഞ്ഞ് സ്റ്റേജിലേക്ക് വിളിക്കും. അവരുടെ രോഗവും താമസസ്ഥലവുമൊക്കെ പറയും. ഇതൊക്കെ സാധിക്കുന്നതെങ്ങനെയെന്നത് അക്കാലത്ത് വലിയ അത്ഭുദമായിരുന്നു. (https://www.youtube.com/
ഡൗസിങ്ങ് എന്ന കപടശാസ്ത്രത്തെയും പൊളിച്ചടുക്കിയത് ജെയിസ് റാന്‍ഡി ആയിരുന്നു. വ്യക്തിതലത്തില്‍ ഡൗസിങ്ങിനെ നിശിതമായ പഠനങ്ങള്‍ക്കു വിധേയമാക്കിയ ആളാണ് അദ്ദേഹം. . ലോകത്തിന്റെ പല ഭാഗത്തും ചെന്ന്, പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് വാഗ്ദാനം ചെയ്തുകൊണ്ടാണ് റാന്‍ഡി മുന്നേറിയത്. ആദ്യത്തെ പ്രമുഖ പരിശോധന 1979 ല്‍ ഇറ്റലിയിലെ നാലു ഡൗസര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. വെള്ളമുള്ള പൈപ്പ്, മരപ്പലകയ്ക്കടിയില്‍ ഒളിച്ചുവെച്ച് ഡൗസിങ്ങില്‍ തെളിയുന്ന സ്ഥാനം രേഖപ്പെടുത്തലായിരുന്നു രീതി. ഇതില്‍ ആര്‍ക്കും പാസ്മാര്‍ക്ക് ലഭിച്ചില്ല. അടുത്തത് 1980 ല്‍ ആസ്‌ട്രേലിയയില്‍വെച്ചു നടന്നതാണ്. പത്തു പ്ലാസ്റ്റിക് കുഴലുകള്‍ കുഴിച്ചിട്ട് ചിലതിലൂടെമാത്രം പലപ്പോഴായി വെള്ളമൊഴുക്കി, ഏതു സമയത്ത് ഏതിലൂടെയാണ് പ്രവാഹമെന്ന് കണ്ടെത്താനാവശ്യപ്പെട്ടു. നിരവധി ഡൗസര്‍മാര്‍ അനവധി തവണ ഡൗസിങ് നടത്തി. സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനത്തില്‍ ഡൗസര്‍മാരുടെ നിഗമനങ്ങള്‍ കേവല ഊഹത്തിലും മികച്ചതല്ലെന്ന് തെളിഞ്ഞു. സമാനമായൊരു പരീക്ഷണം 1990 ല്‍ ജര്‍മനിയില്‍ നടന്നു. വിജയശതമാനം 52.3% (ഊഹസാധ്യതയിലും ഒരിത്തിരി മെച്ചം). അതു പോലെ 13 ഡൗസര്‍മാര്‍ പങ്കെടുപ്പിച്ചുകൊണ്ട് 10 പെട്ടികളില്‍ 10 തവണ വിതം ഡൗസ് ചെയ്ത് അതിലൊന്നിലൊളിപ്പിച്ചിരിക്കുന്ന നാണയം കണ്ടെത്താനും വെല്ലുവിളിയുണ്ടായി. 130 ശ്രമങ്ങളില്‍ കേവലം 14 തവണ മാത്രമേ കൃത്യമായി പെട്ടി തിരിച്ചറിയാന്‍ കഴിഞ്ഞുള്ളു.
ഒരു സത്യസന്ധനായ നുണയന്‍
ഇത്തരത്തില്‍ ആത്മീയ – കപട ചികില്‍സകര്‍ക്കെതിതിരെ ശക്തമായ വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2009 ല്‍ തന്റെ ഫൗണ്ടേഷന്റെ ദൈനംദിന പ്രവര്‍ത്തനം ഉപേക്ഷിച്ച് 2015 ല്‍ വിരമിച്ചു. എല്ലായിടത്തും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചം നിറയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചു.
2010 ല്‍ താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചു. 2013 ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം തന്റെ ദീര്‍ഘകാല പങ്കാളിയായ ഡേവി പെനയെ വിവാഹം കഴിച്ചു. 2014-ല്‍ ഹോണസ്റ്റ് ലയര്‍, അഥവാ ‘ഒരു സത്യസന്ധനായ നുണയന്‍’ എന്ന ഡോക്യുമെന്ററിയുടെ അദ്ദേഹത്തെക്കുറിച്ച് എടുത്തത് ഈ അര്‍ഥത്തില്‍ തന്നെയാണ്.
തട്ടിപ്പുകാര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതിലും
വൽക്കഷണം: ജെയിംസ് റാന്‍ഡിയുടെ വെല്ലുവിളി അവസാനിച്ചുവെന്ന് കരുതി ദൈവത്തെയും പ്രേതത്തെയും കോക്കാച്ചിയുടെയുമൊക്കെ അസ്തിത്വം ‘ശാസ്ത്രീയമായി തെളിയിക്കാമെന്ന്’ കരുതുന്നവര്‍ വിഷമിക്കേണ്ടതില്ല. എ.ടി. കോവൂര്‍ ഫൗണ്ടേഷന്റെ വെല്ലുവിളി ഇപ്പോഴുമുണ്ട്. മുജാഹിദ് ബാലുശ്ശേരിയും എം എം അക്ബറും, ചിദാനന്ദപുരിയും, തങ്കുബ്രദറും, കെ. പി യോഹന്നനും, ഹോമിയോപ്പതിക്കാരുമൊക്കെ തങ്ങളുടെ ദിവ്യാത്ഭുതം തെളിയിച്ച് ഈ സമ്മാനത്തുക വാങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കേരളത്തില്‍ ഇത് മൊത്തം ചലഞ്ചുകളുടെ കാലം ആണെല്ലോ.
When you are free from thoughts you will be peacefull. This peacefull consciousness is God (Brahman)