ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു


“കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സാഹിത്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുമ്പോലെ, സ്വകാര്യ മൂലധനം തൊഴിലാളികളുടെ ശത്രുവല്ല. തൊഴിലാളികളുടെ വരുമാനവും അവസരങ്ങളും ഉയര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന ജീവിതനിലവാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. മൂലധനവും തൊഴില്‍ ശക്തിയും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് മൂല്യം സൃഷ്ടിക്കുന്നത്”- പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു.

വളര്‍ച്ചയുടെ സാമ്പത്തിക സൂത്രം

ഒരു രാജ്യത്തിലെ ജനങ്ങളുടെ ജീവിത നിലവാരം നിര്‍ണ്ണയിക്കുന്ന ഏറ്റവും അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ ഘടകമാണ് ഉല്‍പ്പാദനക്ഷമതയിലുള്ള (Productivity) വര്‍ദ്ധനവ്. ലഭ്യമായ ഒരു കൂട്ടം ഇന്‍പുട്ടുകള്‍ ഉപയോഗിച്ച് എത്രമാത്രം ഉല്‍പ്പാദിപ്പിക്കാനാകും എന്നതിനെയാണ് ഉല്‍പ്പാദനക്ഷമത എന്നു വിളിക്കുന്നത്. ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന മാനവവിഭവശേഷി ഉള്‍പ്പെടെയുള്ള എല്ലാ വിഭവങ്ങളും ഇന്‍പുട്ടുകളാണ്. ഒരു ബിസിനസ് സ്ഥാപനത്തിലെ ഉത്പാദനക്ഷമതയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് തൊഴിലാളി വേതന വര്‍ധനവും ,ഓഹരി ഉടമകളുടെ ലാഭവിഹിതമായും, ഉപയോക്താവിന് മെച്ചപ്പെട്ട വിലയായും ഗുണമേന്മയായും, ഗവണ്മെന്റ്കള്‍ക്ക് നാനാവിധ ടാക്‌സ് വരുമാനങ്ങളായും സമൂഹത്തിലേക്ക് എത്തുന്നു.

ക്യാപിറ്റല്‍ പ്രോഡക്റ്റിവിറ്റി, ലേബര്‍ പ്രോഡക്റ്റിവിറ്റി, മള്‍ട്ടി ഫാക്ടര്‍ പ്രോഡക്റ്റിവിറ്റി എന്നിങ്ങനെ പല വിധത്തില്‍ പല ഇന്‍പുട് മാനദണ്ഡങ്ങളില്‍ പ്രോഡക്റ്റിവിറ്റി അളക്കപ്പെടാറുണ്ടെങ്കിലും, ഇന്‍പുട്ടുകളെല്ലാം തന്നെ ബിസിനസ് മേഖലക്കനുസൃതമായി പല അളവില്‍ പ്രോഡക്റ്റിവിറ്റിയെ സ്വാധീനിക്കാറുണ്ട്. ബിസിനസ് അക്കൗണ്ടിങ് പോലെ, രാജ്യങ്ങളുടെയോ പ്രദേശത്തിന്റെയോ സമ്പദ് വ്യവസ്ഥയ്ക്കുള്ളില്‍ നടക്കുന്ന എല്ലാ ഇടപാടുകളുടെയും മൂല്യം നാഷണല്‍ അക്കൗണ്ട്‌സില്‍ (system of national accounts) അളക്കപ്പെട്ടു സാമ്പത്തിക വിശകലനത്തിനും രാജ്യങ്ങളുടെ നയരൂപീകരണത്തിനുമെല്ലാം ഉപയോഗിക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട പ്രോഡക്റ്റിവിറ്റിയുമായി ബന്ധമുള്ള ഡാറ്റകള്‍ എങ്ങനെ മനസിലാക്കാം, വിലയിരുത്താം, എന്തൊക്കെയാണ് ഉത്പാദനക്ഷമതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്നുള്ളതിനെ പറ്റിയുള്ള ഒരു വിവരണമാണ് താഴെ.

മൂലധന രൂപീകരണം (capital formation)

വികസ്വരരാഷ്ട്രങ്ങളില്‍ വളരെയധികം ആവശ്യമുള്ള ഒരു ഉത്പാദനഘടകം (factor of production) ആണ് മൂലധനം (capital). സംരംഭങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമുള്ള ആസ്തികളാണ് മൂലധനം /മൂലധന ചരക്കുകള്‍(Capital goods).സ്ഥിര ആസ്തികളായ (Tangible Fixed Assets)കെട്ടിടങ്ങള്‍, യന്ത്രസാമഗ്രികള്‍ , ഉപകരണങ്ങള്‍, വാഹനങ്ങള്‍, പാലങ്ങളും, മറ്റുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയും, intangible ആസ്തികളായ copyrights, trademarks, and patents, എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ചിലയിനം ക്യാപിറ്റല്‍ ഗുഡ്‌സ് ഉണ്ടാക്കാന്‍ മറ്റു ക്യാപിറ്റല്‍ ഗുഡ്സിന്റെ ആവശ്യം വേണ്ടിവരാറുണ്ട്. ബിസിനസ് മേഖലയുടെ /സെക്ടറുകളുടെ സ്വഭാവം അനുസരിച്ചു ഒരു നിശ്ചിത അളവിലുള്ള സാധനമോ സേവനമോ ഉത്പാദിപ്പിക്കാന്‍ പല അളവില്‍ പലതരത്തിലുള്ള ക്യാപിറ്റല്‍ ആവശ്യമായി വരും. കൂടുതല്‍ ക്യാപിറ്റല്‍ വേണ്ടി വരുന്ന മൂലധനതീവ്രതയുള്ള (capital intensive ) സെക്ടറുകള്‍ക്ക് ഉദാഹരണമാണ് ടെലികമ്മ്യൂണിക്കേഷന്‍, ഗതാഗതം, സ്റ്റീല്‍ എന്നിവ. മൂലധന തീവ്രതയുള്ള മേഖലയിലെ കമ്പനികള്‍ക്ക് തെയ്മാനത്തിനത്തിനും, (Depreciation) അതു പരിഹരിക്കാന്‍ വകയിരുത്തേണ്ടി വരുന്ന ചിലവുകളും കൂടുതല്‍ ആയിരിക്കും. ഇത്തരത്തില്‍ തെയ്മാനത്തിന് നീക്കിവെയ്ക്കപ്പെടുന്ന തുക കുറച്ചുള്ള സ്ഥിരമൂലധനത്തിനെ net fixed assets എന്ന് വിളിക്കുന്നു.

ആഭ്യന്തരമോ വിദേശത്തില്‍നിന്നുള്ളതോ ആയ സമ്പാദ്യങ്ങളും (സേവിങ്‌സ് ), മറ്റു ഫിനാന്‍ഷ്യല്‍ മൂലധനങ്ങളും, മൂലധന ചരക്കുകളിലെ വര്‍ദ്ധനവിനു ഇടയാക്കുന്നതിനെ മൂലധന രൂപീകരണം (Capital formation) എന്ന് വിളിക്കുന്നു. അതാതു കമ്പനികള്‍ അവരുടെ ഉത്പാദന ശേഷിയുടെ ഉപയോഗം (capacity utilization) വളരെയധികം ഉയരുന്ന സമയത്താണ് ഭാവിയിലെ ഡിമാന്‍ഡ് മുന്നില്‍ കണ്ടു സാധാരണയായി കൂടുതല്‍ മൂലധന ചരക്കുകളില്‍ നിക്ഷേപിച്ചു ഉത്പാദനശേഷിഉയര്‍ത്താന്‍ ശ്രമിക്കുക. ഉയരുന്ന മൊത്ത മൂലധന രൂപീകരണം (gross fixed capital formation) ഭാവി ഉത്പാദനത്തിന്റെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് വേള്‍ഡ്ബാങ്ക് ഡാറ്റബാങ്കിലേ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ ക്യാപിറ്റല്‍ ഫോര്‍മേഷന്‍ന്റെ ഡാറ്റാ റഫറന്‍സിനായി താഴെ ചേര്‍ക്കുന്നു.

https://data.worldbank.org/indicator/NE.GDI.FTOT.ZS?locations=in

ഉത്പാദനവും ഉപഭോഗവും

സാമ്പത്തിക ശാസ്ത്രം പരിഹരിക്കേണ്ട അടിസ്ഥാന പ്രശ്‌നങ്ങളാണ്, ദുര്‍ലഭമായതും പല നാടുകളിലായി പല അളവില്‍ പരന്നുകിടക്കുന്ന വിഭവങ്ങളുടെ നിലയും (Scarcity Problem), അവസാനിക്കാത്ത മനുഷ്യന്റെ ആഗ്രഹങ്ങളും. ഒരു സംരഭം ലഭ്യമായ വിഭവങ്ങളും ഉപയോഗിച്ച് ഉപഭോക്താവിന്റെ ആഗ്രഹത്തിനും അനുസരിച്ചു (ഡിമാന്‍ഡ് ) ഉത്പന്നങ്ങളോ സേവനങ്ങളോ വിപണിയിലെത്തിക്കുമ്പോളാണ് സാമ്പത്തിക പ്രവര്‍ത്തനം (Economic Activity) നടക്കുന്നത്. ഇതേ സാധന സേവന വില്‍പ്പനയിലൂടെയാണ് വരുമാനവും സൃഷ്ടിക്കപ്പെടുന്നത്. അതായതു ഉപഭോക്താവിന്റെ ചെലവ് ഉത്പാദകനും തൊഴിലാളിക്കും വരുമാനമാണ്. (One person’s expenditure is another person’s income). ഒരു രാജ്യത്തിന്റെ മൊത്തം ഉത്പാദനം വളരുന്നതുപോലെ ദേശീയവരുമാനവും അതിനനുസരിച്ചു സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന നികുതിയും വളരും.

ഒരു ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണത്തിലും വില്‍പ്പനയിലും, ഉല്‍പന്നം അവസാന ഉപഭോക്താവില്‍ എത്തുന്നതുവരെ വേണ്ടിവരുന്ന വരുന്ന വിതരണത്തിലും ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിഭവങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ശൃംഖലയാണ് സപ്ലൈ ചെയിന്‍. ദീര്‍ഘകാലത്തേക്ക് സുസ്ഥിരമായി വലിയൊരു കൂട്ടം ഉപഭോക്താക്കള്‍ക്ക് വേണ്ടിവരുന്ന ഉലപ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള ഉത്പാദനശേഷിയും (productive capacity ) സപ്ലൈ ചെയ്നുകളും കാലന്തരത്തില്‍ ആര്‍ജിക്കപ്പെടുന്നതാണ്.

ഉപഭോക്താവിന്റെ കണ്ണില്‍ ചിരപരിചിതമായ തുല്യലക്ഷണങ്ങളുള്ള (homogenous), ഭീമമായ സപ്ലൈ നിലവിലുള്ള ഉത്പന്നങ്ങള്‍ക്കു, ഉത്പാദകന് വളരെ ഉയര്‍ന്ന വില സാധാരണനിലയില്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കാന്‍ ആകില്ല. ഉയര്‍ന്ന വില ഈടാക്കാനുള്ള വഴികളാണ് ഇത്തരത്തിലുള്ള ഉത്പ്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്കും, ഉപഭോക്താവിന്റെ കണ്ണില്‍ ഉയര്‍ന്ന മൂല്യം തോന്നിക്കുന്ന ബ്രാന്‍ഡിങ്ങിലേക്കും, മാര്‍ക്കറ്റിംഗിലെക്കുമെല്ലാം കടക്കുക എന്നുള്ളത്. ഉദാഹരണത്തിന് ജാമുകള്‍ക്കും, സോസിനും, ഐസ് ക്രീമിനും, നെയ്ക്കുമെല്ലാം അവ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ പഴങ്ങള്‍ക്കും, തക്കാളിക്ക് പാലിനും കിട്ടിയ വിലയെക്കാളും ഉയര്‍ന്നവില ലഭിക്കും. ഉയര്‍ന്ന വരുമാനം ആര്‍ജിക്കുന്ന ഉപഭോതാക്കള്‍ സ്വന്തം ജീവിതനിലവാരം ഉയര്‍ത്താന്‍ സൃഷ്ടിക്കുന്ന ഡിമാന്‍ഡ് കൂടുതല്‍ വിലയും, തത്ഫലമായി ഉയര്‍ന്ന ലാഭവും, വേതനവും ലഭിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മേഖലകള്‍ക്കു വഴിവെക്കുന്നു.

ഉത്പാദനക്ഷമത അളക്കുന്ന വിധങ്ങള്‍

ഏകീകൃതമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ബിസിനസ് മേഖലകളുടെയും സ്ഥാപനങ്ങളുടെയും ഉത്പാദനത്തിന്റെ ഒരു നല്ല അളവുകോല്‍ ആണ് മൊത്തവര്‍ധിത മൂല്യം (Gross value added-GVA) . ഒരു സെക്ടറിന്റെ GVA എന്നത് ഉത്പാദനത്തിന്റെ മൂല്യം ഉത്പാദനത്തിന് വേണ്ടിവരുന്ന വിഭവങ്ങളുടെയോ സേവനങ്ങളുടെയോ (intermediate consumption ) മൂല്യം കുറച്ചു കണക്കാക്കപ്പെടുന്നതാണ് . മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഓരോ നിര്‍മ്മാതാവിന്റെയും വ്യവസായത്തിന്റെയും മേഖലയുടെയും സമ്പദ്വ്യവസ്ഥയിലേക്കുള്ള സംഭാവനയെയും കൂടിയാണ് GVA കൊണ്ട് അളക്കപ്പെടുന്നത്. ഉദാഹരണത്തിന് ഇന്ത്യയുടെ മൊത്തം ജിവിഎയുടെ 50% ത്തിനു മുകളില്‍ സേവന മേഖലയാണ് (services). GVA വളര്‍ച്ച നോക്കുമ്പോള്‍ സമ്പദ്വ്യവസ്ഥയുടെ ഏത് മേഖലയാണ് കരുത്തുറ്റതെന്നും ഏതാണ് ബുദ്ധിമുട്ടുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും. ജിവിഎ പോലെതന്നെ ഉത്പാദന ഔട്പുട് മാര്‍ക്കറ്റ് മൂല്യമായ GDP യും ഉത്പാദനക്ഷമത അളക്കാന്‍ ആയി രാജ്യാന്തരസ്ഥാപനങ്ങള്‍ ഉപയോഗിക്കാറുണ്ട്.എങ്കിലും, താരതമ്യേന പുതിയ ഏഢഅ മാര്‍ക്കറ്റ് വില (GDP) യിലെ പോലെ ഉത്പന്നങ്ങളുടെ ടാക്‌സ് കണക്കിലെടുക്കാത്തതുകൊണ്ട് ജിഡിപി യെക്കാളും നല്ല മെട്രിക് ആണ്. (പ്രൊഡക്റ്റ് ടാക്‌സ് ഉയര്‍ന്നാലുംഏഢഅ വളരാതെ ജിഡിപി വളരാം, )

ലേബര്‍ പ്രോഡക്റ്റിവിറ്റി (തൊഴില്‍ ഉല്‍പ്പാദനക്ഷമത) അളക്കാന്‍ (ഏഢഅ) അല്ലെങ്കില്‍ ജിഡിപി യെ തൊഴില്‍ മണിക്കൂറുകള്‍ കൊണ്ടോ മൊത്തം തൊഴിലാളികളുടെ എണ്ണം കൊണ്ടോ ഹരിച്ചാല്‍ മതിയാകും (GVA/work hour or GVA/workers, GDP/hour.ഉദാഹരണ ത്തിന് US burae of labour statistics labour productivity index തയ്യാറാക്കുന്നത് സമാനകാലയളവില്‍ അളപ്പെട്ട് തയ്യാറാക്കപ്പെടുന്ന ഔട്ട്പുട്ടിന്റെ സൂചികയെ തൊഴില്‍ മണിക്കൂറുകളുടെ സൂചിക കൊണ്ട് ഹരിച്ചാണ്.

സമാനമായ രീതിയില്‍ GVA സ്ഥിരമൂലധനത്തിന്റെ അളവുകൊണ്ട് ഹരിച്ചാല്‍ ക്യാപിറ്റല്‍ പ്രോഡക്റ്റിവിറ്റി ലഭിക്കും.(Gross value added / net fixed assets ). ടോട്ടല്‍ ഫാക്ടര്‍ പ്രോഡക്റ്റിവിറ്റി തൊഴിലും, മൂലധനവും മറ്റു ഘടകങ്ങളുടെ വേണ്ട അനുപാദത്തില്‍ (weighted average) എടുത്തു മൊത്തം ഔട്ട്പുടിനെ ഹരിക്കുന്നതില്‍ നിന്നും ലഭിക്കുന്നതാണ്.ഉദാഹരണമായി 1991 മുതലുള്ള (GDP per person employed (constant 2017 PPP ) India വേള്‍ഡ് ബാങ്ക് ഡാറ്റാ താഴെ ചേര്‍ക്കുന്നു.ഇതില്‍ ലഭ്യമായ മറ്റു രാജ്യങ്ങളുടെയും സമാന കാലയളവിലെ ഡാറ്റാ വിലയിരുത്താവുന്നതാണ്.

https://data.worldbank.org/indicator/SL.GDP.PCAP.EM.KD?locations=IN

ഇനി ഉത്പാദനക്ഷമത ഉയര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതിഫലങ്ങളും മത്സരങ്ങളും

ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്ന വളരെപ്രധാനപ്പെട്ടതും പലതവണ തെളിയിക്കപ്പെട്ടതുമായ ഘടകമാണ് ഇന്‍സെന്റീവുകള്‍ അഥവാ പ്രതിഫലങ്ങള്‍. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം (GVA) സൃഷ്ടിച്ചു ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സ്വത്തു സമാഹരിക്കാനും ഉയര്‍ന്ന വരുമാനം ലഭിക്കാന്‍ ആണ് തൊഴിലാളികളും സംരംഭകരും, നിക്ഷേപകരും സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു മത്സരിക്കേണ്ടത്. സാമ്പത്തിക അസമത്വം കുറക്കാന്‍ എന്ന ലക്ഷ്യത്തോടെ വലിയ അളവില്‍ കലഹരണപ്പെട്ട സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ തിരിച്ചു കൊണ്ടുവന്നു മത്സരങ്ങളും ഇന്‍സെന്റീവ്കളും ഇല്ലാതാക്കുന്നത് സമൂഹത്തിനെ പുറകോട്ട് അടിക്കാനേ ഉപകരിക്കു.

തെളിവുകള്‍ ഇന്ത്യയുടെ തന്നെ രാഷ്ട്രീയ സാമ്പത്തിക ചരിത്രത്തില്‍ തന്നെ ലഭ്യമാണ്. 1960 കളുടെ അവസാനങ്ങളിലും 1970 കളിലുമായി പിന്തിരിപ്പന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അന്നത്തെ ഭരണാധികാരിയായ ഇന്ദിരഗാന്ധി നടപ്പിലാക്കിയിട്ടുണ്ട്. കിഴക്കന്‍ ഏഷ്യയിലെ മറ്റു രാഷ്ട്രങ്ങള്‍ ആഗോളവല്‍ക്കരണവും സ്വകാര്യപങ്കാളിത്തമൊക്കെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ സമാനകാലയളവില്‍ അരങ്ങേറിയത് ബാങ്കുകള്‍, കല്‍ക്കരി തുടങ്ങിയ മേഖലകളുടെ ദേശസാത്കരണം , റെഡ് ടേപ്പിസത്തിന്റെ തീവ്രത കൂട്ടല്‍, വരുമാനനികുതിയുടെ കുത്തനെയുള്ള ഉയര്‍ത്തല്‍ പോലുള്ള സോഷ്യലിസ്റ്റ് പോളിസികളാണ് . ഏറ്റവും ഉയര്‍ന്ന ടാക്‌സ് ബ്രാക്കറ്റില്‍ ഉള്ളവരുടെ നികുതി സര്‍ ചാര്‍ജ് അടക്കം 97 ശതമാനം വരെ ഉയര്‍ന്നത് ജോലിയുടെയും, നിക്ഷേപത്തിന്റെയും ബിസിനസ്സകളെയും ഇന്‍സെന്റീവ് ഇല്ലാതാക്കി അന്ന് ഉദാരവല്‍ക്കരിക്കപ്പെടാത്ത സമ്പദ് വ്യവസ്ഥയെയും വീണ്ടും തളര്‍ത്തി. ടാക്‌സുകള്‍ പിന്നീട് കുറക്കപ്പെടുന്നത് 90 കളിലാണ്. ഭീമമായ പ്രത്യക്ഷനികുതി (direct tax) ഉത്പാദനത്തിനെ തളര്‍ത്തുന്നതുപോലെ ഭീമമായ പരോക്ഷ (indirect ) നികുതി ഉപഭോക്താവിന്റെ ഉപഭോഗം വഴിയുള്ള സന്തോഷത്തെയും തല്‍ഫലമായി ഡിമാന്‍ഡിനെ തന്നെയും നിരുത്സാഹപ്പെടുത്തുന്നു.

മത്സരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കൂടെ ഉണ്ടാകുന്നതാണ് ഉത്തരവാദിത്തം. ഉത്പാദനക്ഷമത കൈവരിക്കാനുള്ള കാര്യക്ഷമത വളര്‍ത്താന്‍ ആകാത്ത സംരംഭങ്ങളും ഉപയോക്താവിന് ബിസിനസ് മുഖാന്തരം വാല്യൂ ഉണ്ടാക്കാന്‍ കഴിയാത്ത തൊഴിലുകളും, ഇത്തരം ബിസിനസ്സകളില്‍ നിക്ഷേപിക്കുന്ന നിക്ഷേപകനും നാനാവിധ നഷ്ടങ്ങള്‍ സംഭവിക്കുന്നത് ഗണ്യമായ രീതിയില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത് മൊത്തം ഉത്പാദനക്ഷമതയെ തളര്‍ത്തുന്നു.

ചൈനയില്‍ ലിബറല്‍ റിഫോമിന് ഇന് ഡെങ് സിയാവോ പിങ്് തുടക്കം ഇടുന്ന കാലയളവില്‍ തന്നെ എടുത്തു കളഞ്ഞ കലഹരണപ്പെട്ട പോളിസികളില്‍ ഒന്നാണ് ജോലി സ്ഥിരതയുടെ നിലവില്‍ ഉണ്ടായിരുന്ന Iron rice bowl പോളിസി. സംരംഭങ്ങളുടെ മത്സരങ്ങളിലൂടെ മെര്‍ജെറുകള്‍, ഏറ്റെടുക്കലുകള്‍ ഒക്കെ നടന്നു കമ്പനികള്‍ വലിപ്പം വെക്കുന്നതും അസംഘടിത മേഖലയിലെ കുറഞ്ഞ ഉത്പാദനക്ഷമതയുള്ള ബിസിനസ്സ്‌കള്‍ സംഘടിതം (formal ) ആകുന്നതുമെല്ലാം ഉത്പാദനക്ഷമത ഉയര്‍ത്തുന്ന നല്ല മാറ്റങ്ങളാണ്. മത്സരാധിഷ്ഠിത വിപണിയില്‍ നിലനില്‍ക്കുന്ന സംരംഭങ്ങള്‍ മത്സരക്ഷമത നിലനിര്‍ത്താന്‍ ലഭ്യമായ സാങ്കേതികവിദ്യയും തൊഴിലാളികളുടെ വേണ്ടിവരുന്ന സാങ്കേതികവിദ്യാഭ്യാസത്തിന്റെ നിലവാരവും മെച്ചപ്പെട്ടരീതിയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കും. തൊഴിലാളികള്‍ തന്റെ വ്യക്തിഗത പ്രവര്‍ത്തനക്ഷമത ഉയര്‍ത്തി ലഭ്യമായ ചോയ്‌സ്‌കള്‍ ഉപയോഗിച്ച് ഇന്‍സെന്റീവ്കള്‍/വേതനങ്ങള്‍ വര്‍ധിപ്പിക്കാനും ശ്രമിക്കും.

കൂടുതല്‍ തൊഴിലാളികളും സംരംഭങ്ങളും കുറഞ്ഞ ഉത്പാദനക്ഷമതയുള്ള മേഖലയില്‍ നിന്നും പിന്‍വലിയുന്നത് സെക്ടര്‍ consolidation വഴി അത്തരം മേഖലയില്‍ നിലനില്‍ക്കുന്നവരുടെ അവസരങ്ങളും വരുമാനസാധ്യതകളും വര്‍ധിപ്പിക്കുന്നു .വലിപ്പം കൂടിയ സംരംഭങ്ങളുടെ നിര്‍മാണചിലവ് വലിപ്പമില്ലാത്തവരേക്കാളും താരതമ്യേനെ കുറവായിരിക്കും (economies of scale). ഉദാഹരണത്തിന് സങ്കല്‍പ്പികമായി ഒരേ വാങ്ങല്‍ ശേഷിയുള്ളവരാണ് ഉപഭോക്താക്കളാണെന്ന് കരുതിയാലും, ശരാശരി 1-2 ഹെക്ടര്‍ മാത്രം ലാന്‍ഡ് ഹോള്‍ഡിങ് ഉള്ള ഇന്ത്യയിലെ കര്‍ഷകരേക്കാള്‍ ചെലവ് കുറച്ചും, കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചും ലാഭവരുമാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ 20-30 ഹെക്ട്ര്‍ ശരാശരി ലാന്‍ഡ് ഹോള്‍ഡിങ് ഉള്ള നെതര്‍ലാന്‍ഡ്, ഓസ്ട്രിയ കര്‍ഷകര്‍ക്ക് നിഷ്പ്രയാസം സാധിക്കും.

ധനമൂലധനത്തിന്റെ ലഭ്യത (Access to Financial capital)

ലാഭവും, വേതന വരുമാനങ്ങളും ഭാവിയിലെ ഉത്പാദനത്തിനുംകൂടി നിക്ഷേപിക്കപ്പെടേണ്ടത് സുസ്ഥിര വികസനത്തിനും ഭാവി ഉത്പാദനക്ഷമത ഉയരുന്നതിനും അനിവാര്യമാണ്. ഇന്നും എന്നും പ്രസക്തമായ വികസനത്തെക്കുറിച്ചുള്ള ക്ലാസിക് വീക്ഷണം ആണ് ഇത്. സ്വന്തം പ്രോഡക്റ്റിവിറ്റിയില്‍ നിന്നും ഉയരുന്ന വരുമാനത്തിന് അതീതമായി ഭാവിയില്‍ തിരിച്ചടക്കുമെന്ന വ്യവസ്ഥയോടെ ഉപഭോക്താക്കള്‍ക്കും ബിസിനസ്സ്‌കള്‍ക്കും അവരവരുടെ തിരിച്ചടവ്‌ശേഷി അളന്നു ലോണ്‍ കൊടുക്കാന്‍ ശക്തിയുള്ള ബാങ്കിംഗ് സംവിധാനത്തിനു സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമായി കൂട്ടാനുള്ള കഴിവുണ്ട്. ബിസിനസ്സ്‌കള്‍ ലഭ്യമായ ക്രെഡിറ്റ് (ലോണ്‍ ) ഒരേ സമയം മൂലധന രൂപീകരണത്തിനും, വാര്‍ഷികചിലവുകളുടെ (working capital requirement) ഉപയോഗിക്കുന്നു.

പല വികസിത രാജ്യങ്ങളിലും നടന്നിട്ടുള്ള സാമ്പത്തിക പുരോഗതിയില്‍ പൊതുജന സമ്പാദ്യങ്ങള്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമെ ഓഹരികളായും മുച്വല്‍ ഫണ്ടുകളായും, മറ്റും സംരംഭകന് ഉപയോഗിക്കാനാകും വിധം ഇക്യുറ്റി മാര്‍ക്കറ്റുകലേക്കു വന്നതിന് പങ്കുണ്ട്.അസംഘടിത മായ ബിസിനസ് മേഖലകള്‍ സംഘടിതമാകുന്നതിനു (Formalization) സാമാന്തരമായി നടക്കേണ്ട ഒന്നാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ ആസ്തികളുടെയും സമ്പാദ്യങ്ങളുടെയും ഫൈനാന്‍ഷ്യലൈസേഷന്‍.ഇതു പ്രോഡക്റ്റീവ് ആയുള്ള asset allocation വഴി ആസ്തികളുടെ വളര്‍ച്ചസാധ്യതയും വര്‍ധിപ്പിക്കുന്നു.

ഇന്നത്തെ ഉയര്‍ന്ന വളര്‍ച്ച നിരക്കുകള്‍ ഉള്ള ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ക്യാപിറ്റല്‍ കണ്‍ട്രോള്‍ 3-4 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രമാനുസൃതമായി എടുത്തുമാറ്റിയതിനുശേഷം വന്ന വിദേശ മൂലധനത്തിനും പ്രോഡക്റ്റിവിറ്റിയും ജീവിതനിലവാരം ഉയരുന്നതിനും വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1980-കളിലെ വിപണി പരിഷ്‌കാരങ്ങള്‍ക്ക് ശേഷമുള്ള ചൈനീസ് എഫ്ഡിഐ ഡാറ്റ : https://www.macrotrends.net/countries/CHN/china/foreign-direct-investment

1991ല്‍ ഉദരവല്‍ക്കരണനയങ്ങളുടെ ഭാഗമായിവന്ന ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് (ഫെമ) ഇന്ത്യയിലേക്ക് തുടങ്ങിവെച്ച FDI Umäm : https://www.macrotrends.net/countries/IND/india/foreign-direct-investment

രാഷ്ട്രീയസ്ഥിരതയും വിദ്യാഭ്യാസനിലവാരവും

പൊതുവിദ്യാഭ്യാസം വ്യാപകമാകുന്നതിന് വളരെ മുമ്പുതന്നെ, 1776-ല്‍, സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആദം സ്മിത്ത് അദ്ദേഹത്തിന്റെ ‘ദ വെല്‍ത്ത് ഓഫ് നേഷന്‍സ്’ എന്ന കൃതിയില്‍ അടിസ്ഥാന വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കണമെന്ന് വാദിച്ചു. ഭേദപ്പെട്ട അടിസ്ഥാന വിദ്യാഭ്യാസം വിദ്യസമ്പന്നരായ തൊഴിലാളികളെയും സംരംഭകരേയും ഒരുക്കി സാമ്പത്തിക വളര്‍ച്ചക്ക് വഴിവെക്കുമെന്നത് അതിനൊരു കാരണം ആണ്. രണ്ടാമത്തേത് അന്ധവിശ്വാസങ്ങളും അമിത ആവേശവും കൊണ്ടുണ്ടാകുന്ന സാമൂഹ്യബാധ്യതയുടെ നിര്‍വാരണമാണ്. ചൈനയിലെ ഉദാരവല്‍ക്കരണത്തിന് ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 20-25% ആയിരുന്ന സാക്ഷരതനിരക്കിനെ പിന്നീടുണ്ടായ വര്‍ഷങ്ങളില്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ സാധിച്ചത് 1980 ഇലെ ഉദാരവല്‍ക്കരണ സമയത്തു വന്ന manufacturing കമ്പനികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വായിക്കാനും മനസ്സിലാക്കാനും കഴിവുള്ള തൊഴിലാളികളെ സൃഷ്ടിച്ചു എന്നത് വസ്തുതയാണ്.

സമാനമായി 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ നീണ്ട അര്‍ജന്റീനയുടെ സാമ്പത്തിക കുതിപ്പിന് 1880 കളിലെ സൗജന്യ നിര്‍ബന്ധിത സെക്കുലര്‍ വിദ്യാഭ്യാസം സാധ്യമാക്കിയ ‘Argentine Law 1420’ പോളിസി ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍, 1966-ലെ കോത്താരി വിദ്യാഭ്യാസ കമ്മീഷന്‍ ജിഡിപിയുടെ 6 ശതാമനം എങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഭൗതിക ജീവിത നിലവാര സൂചികയിലെ ഒരു പ്രധാന ഘടകമായ സാക്ഷരതനിരക്ക് ഇന്ത്യയില്‍ ഇന്നും ലോക ശരാശരിയുടെ 10 പോയിന്റ് താഴെ 77 ശതമാനമായി തുടരുന്നു.

ആദം സ്മിത്തിന്റെ വീക്ഷണത്തില്‍, ഏതൊരു രാജ്യത്തിന്റെയും റോഡുകളും പാലങ്ങളും അടങ്ങുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചെലവ് ആ രാജ്യത്തിന്റെ വാര്‍ഷിക ഉത്പാദനത്തിനൊപ്പം വര്‍ധിക്കണം. ഇത് വ്യാപകമായ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, ഉത്പാദന വിതരണ ചിലവുകള്‍ കുറക്കുകയും പഴയ കുത്തക വിപണികളിലേക്ക് പുതിയ മത്സരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സാധനങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ പറ്റിറ്റാണ്ടുകളില്‍ വികസിച്ച മെച്ചപ്പെട്ട ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ടുറും സമാനരീതിയില്‍ ഉത്പാദനക്ഷമതയും, കൂടുതലായി ഉപഭോക്താവിന് മെച്ചപ്പെട്ട വില കണ്ടുപിടിക്കാന്‍ ഉതകും വിധം മാര്‍ക്കറ്റിന്റെ ക്ഷമതയും വര്‍ധിപ്പിക്കുന്നു.

തൊഴില്‍തീവ്രതയും, ഉത്പാദനക്ഷമതയും

വ്യാവസായിക വിപ്ലവങ്ങള്‍ക്ക് തൊഴിലാളികളെ തൊഴില്‍ തീവ്രതയും കുറഞ്ഞ ഉത്പാദനക്ഷമതയുമുള്ള കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഉല്‍പ്പാദന സമ്പദ്വ്യവസ്ഥയിലേക്ക് മാറ്റാനായി. യന്ത്രവല്‍ക്കരണവും, ഇന്‍ഡസ്ട്രിയല്‍ പ്രോസസ്സ്‌കളുടെ മെച്ചപ്പെടലുമെല്ലാം ഉത്പാദനക്ഷമത കൂടിയ തൊഴില്‍തീവ്രത കുറഞ്ഞ അവസരങ്ങള്‍ക്ക് വഴിവെച്ചു. ഇന്ത്യയില്‍ കഴിഞ്ഞ ദശകങ്ങളില്‍ സമാനമായ ഒരു പ്രവണത നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷികമത്സ്യമേഖലകളില്‍ നിന്നും സേവനമേഖലകളിലേക്കാണ് കൂടുതലായും തൊഴില്‍ മാറ്റം കൂടുതലായി ഇന്ത്യയില്‍ നടന്നത്.

ഉത്പാദനക്ഷമതയിലെ വര്‍ധനവാണ് ഉയര്‍ന്ന വേതനത്തിന്റെ ഉറവിടം. വ്യത്യസ്ത മേഖലകളില്‍ ഉള്ള സംരംഭങ്ങളുടെയും തൊഴിലാളികളുടെയും വാല്യൂ അഡിഷന്‍ വ്യത്യസ്തമാണെന്ന് മാത്രമല്ല ഉയര്‍ന്ന വാല്യൂ അഡിഷന്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉയര്‍ന്ന ശമ്പളവര്‍ദ്ധനവ് നല്‍കേണ്ടത് അത്തരം തൊഴിലാളികളുടെ പ്രവര്‍ത്തനക്ഷമതയെ പ്രോത്സാഹിപ്പിച്ചു സംരംഭത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും പ്രോഡക്റ്റിവിറ്റി ഉയര്‍ത്താനുള്ള അവസരവുമാണ്. വേതനങ്ങള്‍ക്കായുള്ള കേന്ദ്രീകൃത കൂട്ടായ വിലപേശലിന്റെ (centralized collective bargaining ) ഒരു പോരായ്മ വ്യക്തിഗത സ്ഥാപനങ്ങള്‍ക്കുള്ള വേതനക്രമീകരണത്തിലെ വഴക്കം (flexibility) കുറയ്ക്കുന്നു എന്നുള്ളതാണ്. ഇത് സംരംഭങ്ങളുടെ ദീര്‍ഘകാല ഉല്‍പ്പാദന വളര്‍ച്ചയെയും,ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള സ്ഥാപനങ്ങളിലേക്ക് മാറുന്നതിനുള്ള തൊഴിലാളികളുടെ ഇന്‍സെന്റീവ്കളെയും കുറയ്ക്കും.സമാന മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നതും ഉള്ള ബിസിനസ്സ്‌കള്‍ വളരുന്നതും തൊഴിലാളിയുടെ തൊഴില്‍ സാധ്യതകളെയും വേതനത്തിനെയും വര്‍ധിപ്പിക്കും.ഉത്പാദനക്ഷമത കൂടിയ താരതമ്യേനെ വലിയ സംരംഭങ്ങള്‍ക്ക് അസംഘടിത സംരംഭങ്ങളെക്കാള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും, പ്രൊവിഡന്‍ഡ് ഫണ്ട്, ഗ്രാറ്റിവിറ്റിയൊക്കെയുള്ള താരതമ്യേനെ സ്ഥിരത കൂടിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകും.

തൊഴിലാളിയുടെ സാങ്കേതിക നൈപുണ്യത്തിന്റെ അഭാവവും പ്രവര്‍ത്തനക്ഷമതയില്ലായ്മയും പരിഹരിക്കാന്‍ ഗവണ്മെന്റ് ഏജന്‍സികള്‍ മുഖാന്തരമുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകള്‍ക്കു പുറമെ നൈപുണ്യ വികസനത്തിന്റെ രൂപകല്‍പ്പനയിലും വിതരണത്തിലും സ്വകാര്യ മേഖലയ്ക്ക് നിര്‍ണായക പങ്കുണ്ട്. സാങ്കേതിക വിദ്യാഭ്യാസം നേടി വ്യകതിഗത ഇന്‍സെന്റീവുകള്‍ ഉയര്‍ത്താനുള്ള ശ്രമഫലമായി മത്സരക്ഷമതയും ഉല്‍പ്പാദനക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുന്ന ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ സംരംഭകര്‍ക്കും സമൂഹത്തിനും ലഭിക്കുന്നു. തൊഴില്‍ മണിക്കൂറുകള്‍ കുറയ്ക്കുക എന്നതിനര്‍ത്ഥം തൊഴിലാളികളുടെയും പൊതുജനത്തിന്റെയും വിനോദത്തിനും വേണ്ടി വരുന്ന ഒഴിവു സമയം കൂടുക എന്നതും കൂടിയാണ്

വിപണി പരിഷ്‌കാരങ്ങള്‍ (Market/supply side reforms)

1991 ഇലെ ഉദാരവല്‍ക്കരണം, ഒരേ സമയം കമ്പ്യൂട്ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സിനു വേണ്ടി ഇടക്കിടക്കു ഡല്‍ഹിക്കു പോയി 3 വര്‍ഷത്തോളം കാത്തുനില്‍ക്കേണ്ടിവന്ന ഇന്‍ഫോസിസ് ഉടമ നാരായണമൂര്‍ത്തിയെയും, വീട് നിര്‍മാണത്തിന് സിമന്റ് ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവന്ന സാധാരണക്കാരെയും ഒരേപോലെ സഹായിച്ചു. ഇന്ത്യന്‍ സപ്ലൈ ചെയ്‌നുകളെ അതിനു മുന്‍പ് ദുര്‍ബലപ്പെടുത്തിയിരുന്നത് മിക്കവാറും മേഖലയിലും ഉണ്ടായിരുന്ന വില /മൂലധന, ലൈസന്‍സ്, ക്വാട്ട നിയന്ത്രണങ്ങള്‍ ആയിരുന്നു. വില അടിസ്ഥാനപരമായി ഉത്പാദകന് ഇന്‍സെന്റീവും, ഉത്പാദനം വര്‍ധിപ്പിച്ചു ഉയരുന്ന ഉപയോക്താവിന്റെ ആവശ്യം (ഡിമാന്‍ഡ് ) സഫലീകരിക്കാനുള്ള സിഗ്‌നലും കൂടിയാണ്. വലിയ തോതിലുള്ള നിയന്ത്രണങ്ങള്‍, ഭീമമായ ഡെഡ് വെയിറ്റ് ലോസ് (ഉപയോക്താവിന് ആവശ്യമായ അളവില്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാകാത്ത അവസ്ഥ), സപ്ലൈ തടസ്സങ്ങള്‍ (supply bottlenecks) എല്ലാം ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് ആധുനിക രാജ്യങ്ങളിലെല്ലാം വില, ലൈസന്‍സ് നിയന്ത്രണങ്ങള്‍ ഇന്ന് അധികമായി കാണാത്തതും മൂലധന രൂപീകരണം എളുപ്പമാക്കാന്‍ റെഡ് ടെപ് നിയന്ത്രണങ്ങള്‍ കുറഞ്ഞു വരുന്നതും.

വില നിയന്ത്രണങ്ങള്‍ക്ക് പകരം മത്സരങ്ങളിലൂടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിച്ചു സപ്ലൈ കൊണ്ടുവന്നാണ് പകരം വാര്‍ഷികവില വര്‍ദ്ധനവ് കൂടുതലായും നിയന്ത്രണത്തില്‍ നിര്‍ത്തുന്നത്.മറുവശത്തില്‍ സോഷ്യലിസ്റ്റ് സര്‍ക്കാരുകള്‍ വന്‍ തോതില്‍ വില/നാനാവിധ സപ്ലൈ നിയന്ത്രണങ്ങള്‍ നടത്തുന്നത് ദൗര്‍ലഭ്യതക്കും, തൊഴില്‍, സംരഭ അവസരങ്ങള്‍ കൂടുതല്‍ കുറയുന്നതിനും വഴി വെക്കുന്നു. ചുരുക്കിപറഞ്ഞാല്‍ സപ്ലൈ സൈഡ് കൂടുതല്‍ സ്വതന്ത്രമാക്കുമ്പോള്‍ ഉത്പാദനവും വരുമാനവും അര്‍ത്ഥവത്തായ അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു.

ഉത്പാദകന് മികച്ച ലാഭം (yield )കിട്ടുന്ന മാര്‍ക്കറ്റ് ലഭ്യമാക്കലും മാര്‍ക്കറ്റ് പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. ഉദാഹരണത്തിന് ഹരിതവിപ്ലവം മുന്നേ നിലനിന്ന ദൗര്‍ലഭ്യതകാരണം നടപ്പിലാക്കേണ്ടിവന്ന Agricultural Produce Markets റെഗുലേഷനും അതിന്റെ ഫലമായി വ്യാപകമായി വന്നു കാര്‍ട്ടല്‍വല്‍ക്കരിക്കപ്പെട്ട APMC മണ്ടികളും കാരണം ഉണ്ടാകുന്ന വരുമാനത്തിലെ കുറവ് , ഇഷ്ടമുള്ള വിപണി കണ്ടെത്താനുള്ള കര്‍ഷകന്റെ അവകാശം നിയമ മാറ്റങ്ങളിലൂടെ ഉറപ്പു വരുത്തുന്നതിലൂടെ ആ മേഖലയില്‍ GVA മെച്ചപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത്തരം മാര്‍ക്കറ്റ് പരിഷ്‌കാരങ്ങളുടെ അഭാവത്തില്‍ നിലവില്‍ ഉള്ള വില കുപ്പുകുത്തും വിധം വീഴ്ത്താനെ ഉയര്‍ന്ന ഉത്പാദനം വഴിവെക്കു.

സാമ്പത്തിക പുരോഗതിക്കു ഇന്ത്യ, ചൈന, വിയറ്റ്‌നാം രാജ്യങ്ങള്‍ നടത്തുന്ന സ്വകാര്യവല്‍ക്കരണം ഡിസ് ഇന്‍വെസ്റ്റ്‌മെന്റ്, ഡീറെഗുലേഷന്‍ എല്ലാം ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നു എന്നതിന് ഇത്തരം രാജ്യങ്ങളിലെ സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടുകളും, രാജ്യാന്തര സ്ഥാപനങ്ങളായ ADB,OECD യുടെയുമെല്ലാം റിപ്പോര്‍ട്ടുകളും, ഈ പോളിസിമാറ്റങ്ങള്‍ക്ക് ശേഷം കൂടുതല്‍ വളര്‍ന്ന സെക്ടര്‍കളും തെളിവുകളാണ്.

സംഗ്രഹം

ചുരുക്കിപറഞ്ഞാല്‍ ബിസിനസ് മേഖലകളുടെയും സമ്പദ്വ്യവസ്ഥകളുടെയും ഉയര്‍ന്ന ഉത്പാദനക്ഷമത മാനവവിഭവശേഷിയിലെയും ഭൗതിക മൂലധനത്തിലെയും നിക്ഷേപത്തിന്റെ ഫലങ്ങളെയും, ആ മേഖല ഉല്‍പാദിപ്പിക്കുന്നത് സമൂഹത്തിനു കൂടുതല്‍ ആവശ്യമുള്ള/ഇഷ്ടപ്പെടുന്ന സാധനങ്ങളും ആണെന്നാണ് സൂചിപ്പിക്കുന്നത്. ആദം സ്മിത്തിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ”സ്ഥിര മൂലധനത്തിന്റെ ഉദ്ദേശം, അധ്വാനത്തിന്റെ ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുക, അല്ലെങ്കില്‍ അതേ എണ്ണം തൊഴിലാളികളെ കൂടുതല്‍ വലിയ അളവില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുക എന്നതാണ്.” കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സാഹിത്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുമ്പോലെ സ്വകാര്യ മൂലധനം തൊഴിലാളികളുടെ ശത്രുവല്ല. തൊഴിലാളികളുടെ വരുമാനവും അവസരങ്ങളും ഉയര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന ഉയര്‍ന്ന ജീവിതനിലവാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. മൂലധനവും തൊഴില്‍ശക്തിയും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് മൂല്യം സൃഷ്ടിക്കുന്നത്. അതിനാല്‍ അതിന്റെ ഫലങ്ങളും തൊഴിലാളികള്‍ക്കും നിക്ഷേപകര്‍ക്കും അവകാശപ്പെട്ടതാണ്. ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം ജീവിത നിലവാരം ഉയര്‍ത്തുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങളും സേവനങ്ങളും സൃഷ്ട്ടിച്ചും, വരുമാനവും, അവസരങ്ങളും ഉയര്‍ത്തിയാണ്.

ഉത്പാദനക്ഷമത വിലകളുടെ മേല്‍ താഴേക്കു മര്‍ദ്ദം ചെലുത്തുന്നതിനാല്‍ കറന്‍സിയെ ശക്തിപ്പെടുത്തി അധ്വാനത്തിന്റെയും സംരംഭകത്വത്തിന്റെയും ഫലങ്ങളായ വേതനത്തെയും ലാഭവരുമാനങ്ങളെയും കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.ദേശീയതലത്തില്‍ പ്രോഡക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനമാണ് 1958 ഇല്‍ സ്ഥാപിക്കപ്പെട്ട നാഷണല്‍ പ്രോഡക്റ്റിവിറ്റി കൗണ്‍സില്‍ (NPC).

References for more reading :