“ഇന്ത്യയിലെ മതാധിഷ്ഠിത വ്യക്തി നിയമങ്ങളില്‍ സ്ത്രീകളെ ബാധിക്കുന്ന വിവേചനപരമായ ചട്ടങ്ങള്‍ നിരവധിയുണ്ട്. സ്ത്രീവിരുദ്ധമായ ചട്ടങ്ങള്‍ നിലനില്‍ക്കുന്ന നിയമസംഹിതകളാണ് ഇന്ന് ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍. ഈ വ്യക്തിനിയമങ്ങളെ ഏകീകൃത സിവില്‍ കോഡിലൂടെ പരിഷ്‌കരിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ നിയമനിര്‍മാണമായി മാറണം.”- ഫൈസല്‍ സി കെ എഴുതുന്നു
വേണ്ടത് സ്ത്രീപക്ഷ നിയമനിര്‍മാണം
സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്തത്തെ ന്യായീകരിച്ചു കൊണ്ട് അമേരിക്കന്‍ സുപ്രീം കോടതിയിലെ ന്യായാധിപന്‍ നടത്തിയ ഒരു വിധിപ്രസ്താവ്യമുണ്ട്. 1872 ല്‍ Bradwell vs Illinois കേസിലാണ് ജസ്റ്റിസ് ജോസഫ് ബ്രാഡ്ലി, സ്ത്രീ ഒരു ദുര്‍ബല പാനപാത്രമെന്ന (weaker vessel) ബിബ്ലിക്കല്‍ മിത്തിനെ ഉള്‍ക്കൊള്ളുന്ന വിധിന്യായം പ്രസ്താവിച്ചത്. ‘സ്ത്രീയും പുരുഷനും തമ്മില്‍ കര്‍ത്തവ്യങ്ങളിലും ലക്ഷ്യങ്ങളിലും പ്രകൃത്യാലുളള ദീര്‍ഘമായ അന്തരങ്ങള്‍ പോലെ നമ്മുടെ സിവില്‍ നിയമങ്ങളും ഈ വ്യത്യാസങ്ങളെ അംഗീകരിക്കുന്നുണ്ട്. പുരുഷന്‍ എല്ലായ്‌പ്പോഴും സ്ത്രീയുടെ സംരക്ഷകനും രക്ഷാധികാരിയുമാണ്. സ്ത്രീ ലിംഗത്തിന് സ്വഭാവികമായ മൃദുലതയും ഭീരുത്വവും പ്രത്യക്ഷത്തില്‍ തന്നെ അവളെ സിവില്‍ ജീവിതത്തിലെ പല വ്യവഹാരങ്ങളില്‍ നിന്നും അയോഗ്യയാക്കുന്നു.’ ഇതായിരുന്നു ജസ്റ്റിസ് ബ്രാഡ്ലിയുടെ വിധിപ്രസ്താവ്യം.
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം 1971 ല്‍ Reed vs Reed വിധിന്യായത്തിലൂടെ അമേരിക്കന്‍ പരമോന്നത കോടതി പുരുഷമേധാവിത്തപരമായ ആ വിധിന്യായത്തെ തിരുത്തിയിട്ടുണ്ട്. പക്ഷേ മറ്റൊരു സ്വതന്ത്ര ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ ഇപ്പോഴും പുരുഷമേധാവിത്തം നിയമവ്യവഹാരങ്ങളെ വാഴുന്നു. വ്യക്തിനിയമങ്ങള്‍ എന്ന പേരില്‍ നിലനില്‍ക്കുന്ന മതപ്രോക്തമായ ചട്ടങ്ങള്‍ സ്ത്രീകളെ പാര്‍ശവത്ക്കരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
ഫെമിനിസം ഉയര്‍ന്നുവരുന്നു
ഗാര്‍ഹിക സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കീഴ്‌പ്പെടലിനെ അഭിമുഖീകരിച്ചു കൊണ്ടാണ് സ്ത്രീപക്ഷവാദം അഥവാ ഫെമിനിസമെന്ന വ്യവഹാരം ലോകത്ത് ഉയര്‍ന്നു വന്നത്. ക്ലെയര്‍ ഡാല്‍ട്ടണ്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഫെമിനിസം ഒന്നാമതായി, സ്ത്രീകളുടെ കീഴ്‌പ്പെടലിന്റെ വ്യാപ്തിയും സ്വഭാവവും പരിശോധിക്കുന്ന സമര്‍പ്പിതമായ അന്വേഷണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഒരു ശ്രേണിയാണ്. രണ്ടാമതായി അത് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു; എന്തുകൊണ്ട്, എങ്ങനെ, സ്ത്രീകള്‍ ഇപ്പോഴും കീഴ്‌പ്പെടലില്‍ തുടരുന്നു, സങ്കീര്‍ണ്ണവും പരസ്പരബന്ധിതവുമായ എന്തു കാരണങ്ങളാണ് ഏതു സംവിധാനങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്?
മൂന്നാമതായി ഫെമിനിസം സ്ത്രീകളെ അവര്‍ തുടരുന്ന വിധേയത്വത്തിന്റെ സ്ഥാനത്ത് നിന്ന് ഉയര്‍ത്തിക്കൊണ്ടുവരാനായി ശ്രമിക്കുന്നു. നിയമ വ്യവഹാരങ്ങളിലും സ്ത്രീപക്ഷവാദം ഇന്ന് ശക്തമാണ്. പുരുഷ മേധാവിത്തത്തെ ശാശ്വതീകരിക്കുന്നതില്‍ നിലവിലെ നിയമങ്ങള്‍ക്കുള്ള പങ്ക് അന്വേഷിക്കുകയും അതിലെ പുരുഷാധിപത്യ പ്രവണതകളെ അസ്ഥിരപ്പെടുത്താനുളള മാറ്റങ്ങള്‍ക്കായി അവര്‍ പരിശ്രമിക്കുകയും ചെയ്യുന്നു.
‘അണ്‍സ്പീക്കബ്ള്‍ സബ്ജക്റ്റ്‌സ് (1998)’എന്ന തന്റെ പുസ്തകത്തില്‍ നിക്കോളാ ലാസെയുടെ ഒരു നിരീക്ഷണമുണ്ട്; ‘പബ്ലിക് – പ്രൈവറ്റ് എന്ന തരംതിരിവാണ് സര്‍ക്കാറിനെ സ്വകാര്യ ഇടങ്ങളിലെ വ്യക്തിവ്യവഹാരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഏറ്റെടുക്കേണ്ട ചുമതലകള്‍ പലതും കയ്യൊഴിയാന്‍ പ്രേരിപ്പിക്കുന്നത്. ഇതിലൂടെ സ്വകാര്യ ഇടങ്ങളില്‍ അവഗണന നേരിടുന്നവരുടെ പ്രശ്‌നങ്ങളെ പൊതുഇടങ്ങളില്‍ പോലും അഭിമുഖികരിക്കാന്‍ പാടില്ലാത്ത വിഷയങ്ങളായി അവഗണിക്കുകയും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് തന്നെ അകറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്നു.’ ലാസെയുടെ നിരീക്ഷണത്തിന്റെ ഒരു നേര്‍നിദര്‍ശനമാണ് ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍. കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളെ ഭരണകൂടം സ്വകാര്യ ഇടമായി അവഗണിക്കുക വഴി അതില്‍ വരുത്തേണ്ട കാലാനുസൃതമായ മാറ്റങ്ങള്‍ നടക്കാതെ പോവുകയും അത് വലിയൊരു വിഭാഗം സ്ത്രീ ജനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
പരുഷാധികാര നിയമങ്ങള്‍
ഇന്ത്യയിലെ മതാധിഷ്ഠിത വ്യക്തി നിയമങ്ങളില്‍ സ്ത്രീകളെ ബാധിക്കുന്ന വിവേചനപരമായ ചട്ടങ്ങള്‍ നിരവധിയുണ്ട്. 1955 ലെ ഹിന്ദു മാര്യേജ് ആക്റ്റ് എടുത്തു നോക്കാം. ഇതില്‍ ഹിന്ദു ജോയിന്റ് ഫാമിലി അഥവാ കൂട്ടുകുടുംബമാണ് പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ അടിസ്ഥാനമായി പരിഗണിക്കുന്നത്. എന്നാല്‍ ഈ കുട്ടുകുടുംബ വ്യവസ്ഥിതി നിലനില്‍ക്കുന്നതാവട്ടെ പാരമ്പര്യമായി നയിക്കുന്ന ഒരു കുലപതിയിലൂടെയും പുരുഷബന്ധത്തിലൂടെ മാത്രം സ്ഥാപിക്കപ്പെടുന്ന വംശപരമ്പരയിലൂടെയുമാണ്. ഈ ആക്റ്റ് പ്രകാരം സന്താനങ്ങളില്ലാതെ മരണപ്പെടുന്ന ഒരു സ്ത്രീയുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്താനുള്ള അധികാരം ഭര്‍ത്താവിന്റെ കുടുംബത്തിനാണ്. ഇത് മരണപ്പെട്ട സ്ത്രീയുടെ മാതൃകുടുംബത്തിനു നേരെയുള്ള പക്ഷപാതപൂര്‍ണ്ണമായ വിവേചനമാണ്. സ്ത്രീ അവളുടെ കഴിവും പ്രാപ്തിയും കൊണ്ട് നേടിയെടുത്ത സമ്പാദ്യമാണെങ്കില്‍ പോലും അത് അവളുടെ മരണത്തോടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ അവകാശമായി മാറുന്നു.
മുസ്ലിംകളുടെ കാര്യത്തിലേക്കു വന്നാല്‍, സുന്നിയാവട്ടെ ശിയാ ആവട്ടെ, പിന്തുടര്‍ച്ചാ സ്വത്തില്‍ സ്ത്രീക്ക് പുരുഷന്റെ പകുതി അവകാശമേ പാടുള്ളൂ എന്ന കാര്യം അവിതര്‍ക്കിതമായി നിലനില്‍ക്കുന്നു. ബഹുഭാര്യത്വവും ത്വലാഖിലൂടെയുള്ള പുരുഷന്റെ ഏകപക്ഷീയ വിവാഹമോചന അവകാശവും മുസ്ലിംവ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്ന അത്യന്തം വിവേചനപരമായ ചട്ടങ്ങളാണ്. പാഴ്‌സികളുടെ വ്യക്തിനിയമത്തിലാണെങ്കില്‍, പാഴ്‌സിയായ പുരുഷന്റെ അനന്തര സ്വത്തില്‍ മറ്റൊരു മതക്കാരിയായ ഭാര്യക്ക് അവകാശമില്ല. പക്ഷേ മക്കള്‍ക്കുണ്ട്. അതേസമയം, പാഴ്‌സിയായ സ്ത്രീക്ക് മറ്റൊരു മതക്കാരനായ ഭര്‍ത്താവിലൂടെ ഉണ്ടാകുന്ന മക്കളെ പാഴ്‌സിമതക്കാരായി പരിഗണിക്കുകയുമില്ല.
സ്ത്രീപക്ഷ നിയമനിര്‍മാണം വേണം
ഇങ്ങനെയൊക്കെ സ്ത്രീവിരുദ്ധമായ ചട്ടങ്ങള്‍ നിലനില്‍ക്കുന്ന നിയമസംഹിതകളാണ് ഇന്ന് ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍ . ഈ വ്യക്തിനിയമങ്ങളെ ഏകീകൃത സിവില്‍ കോഡിലൂടെ പരിഷ്‌കരിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ നിയമനിര്‍മാണമായി മാറണം. ഇന്ത്യയിലെ സ്ത്രീപക്ഷവാദ പ്രസ്ഥാനങ്ങളുടെ അഗ്രഗാമികളായ ഹന്‍സ മേഹ്ത, മിനു മസാനി, രാജ്കുമാരി അമൃത് കൗര്‍ തുടങ്ങിയവര്‍ ഭരണഘടനാ നിര്‍മാണസഭയില്‍ നടത്തിയ പ്രസ്താവനകള്‍ വളരെ പ്രസക്തമാണ്; ‘ഇന്ത്യയെ ഒരു രാഷ്ട്രമെന്ന നിലക്ക് പുരോഗമിക്കുന്നതില്‍ നിന്ന് പിന്നോട്ടുവലിക്കുന്ന പ്രധാന ഘടകം മതാധിഷ്ഠിതമായി നിലനില്‍ക്കുന്ന വ്യക്തിനിയമങ്ങളാണ്. നമ്മുടെ രാഷ്ട്രത്തെയും ജനങ്ങളെയും തന്നെ ജീവിതത്തിന്റെ വിവിധയിടങ്ങളില്‍ പരസ്പരം ഭിന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ വ്യക്തിനിയമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കകം ഇന്ത്യന്‍ ജനതക്ക് വേണ്ടി ഒരു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുളളത്.’ ഭരണഘടനയില്‍ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയെ പ്രതിപാദിക്കുന്ന അനുഛേദം നിര്‍ദ്ദേശകതത്വങ്ങളില്‍ നിന്ന് മാറ്റി മൗലികാവകാശ ഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിക്കണമെന്ന അഭിപ്രായം ഇവര്‍ മുന്നോട്ടു വെച്ചെങ്കിലും അത് വോട്ടിനിട്ട് തളളപ്പെട്ടു.
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, മറ്റു വ്യക്തിഗത നിയമങ്ങള്‍ ഇവയെല്ലാം സാമൂഹിക മാറ്റങ്ങള്‍ക്കനുസൃതമായി തിരുത്തപ്പെടേണ്ട മതനിരപേക്ഷ പ്രവര്‍ത്തികളാണ്. ഹിന്ദു സിവില്‍ നിയമങ്ങളായ 1955-56 ലെ ഹിന്ദു കോഡ് പൗരാണിക ഹൈന്ദവ സങ്കല്‍പങ്ങളില്‍ നിന്ന് വ്യതിചലിച്ച് കുറേ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് നടപ്പില്‍ വന്നത്. അങ്ങനെ സ്വാംശീകരിച്ച മാറ്റങ്ങളില്‍ മുസ്ലിം വ്യക്തി നിയമങ്ങളിലെ ആശയങ്ങളുമുണ്ട്. ഹിന്ദു സങ്കല്‍പം പ്രകാരം വിവാഹം ഒരു ദൈവിക സമര്‍പ്പണമാണ്. എന്നാല്‍ പ്രായപൂര്‍ത്തീകരണം (ഋതുമതി) ആയാല്‍ തന്റെ വിവാഹം റദ്ദ് ചെയ്യാനുള്ള അവകാശം (ഓപ്ഷന്‍ ഓഫ് പുബെര്‍ട്ടി ), വിവാഹത്തിന്റെ ഉടമ്പടി സ്വഭാവം ഇവയെല്ലാം മുസ്ലിം വ്യക്തി നിയമങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട മാറ്റങ്ങളാണ്. ഹിന്ദു സിവില്‍ കോഡ് പരിഷ്‌കരിക്കപ്പെട്ടതാണെങ്കിലും ഇപ്പോഴും അതില്‍ പുരുഷന് സ്ത്രീയേക്കാള്‍ മുന്‍ഗണന നല്‍കുന്ന ചട്ടങ്ങള്‍ ഉണ്ട് എന്ന കാര്യം അവഗണിക്കപ്പെടരുത്.
നീതിപൂര്‍വമായ കുടുംബനിയമങ്ങള്‍ വാഴുന്ന ഒരു ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കേണ്ടത് അനിവാര്യതയാണ്. അത് മതാധിഷ്ഠിത നിയമങ്ങളില്‍ നിന്ന് പരിപൂര്‍ണ്ണമായും വിഛേദിക്കപ്പെടണം. അതേസമയം എല്ലാ വ്യവസ്ഥിതികളില്‍ നിന്നും കാലാനുസൃതമായി ഏറ്റവും യോജിച്ച ചട്ടങ്ങളെ ഉള്‍ക്കൊളളുകയും വേണം. ദേശീയ തലത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കാരണമാകുന്ന കരടുരൂപം പുറപെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മൗലിക താല്‍പര്യം നീതി, ന്യായം സ്ത്രീസമത്വം ഇവയായിരിക്കണം. അത്തരം ഒരു നീക്കം ഒരിക്കലും മതന്യൂനപക്ഷ ജീവിതങ്ങളിലേക്കുള്ള അതിക്രമമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ പാടില്ല.
സാംസ്‌കാരിക രീതികളുടെയോ നടപ്പുകളുടെയോ പേരില്‍ ആധുനിക മുല്യങ്ങളായ തുല്യതയില്‍ നിന്നും അവകാശങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അവസരം നല്‍കുന്നത് സ്ത്രീകള്‍ക്ക് ലഭ്യമാകേണ്ട ഭരണഘടനാപരമായ അവകാശങ്ങളും പരിരക്ഷയും നിഷേധിക്കപ്പെടുന്നതിലാണ് എത്തിപ്പെടുന്നത്. സാംസ്‌കാരിക പ്രതിരോധം എന്ന ന്യായം സ്ത്രീകളുടെ മേല്‍ അധികാരം വിനിയോഗിക്കാന്‍ ചിലര്‍ക്ക് അവസരം നല്‍കുന്നു. എന്നാല്‍ ആ സാംസ്‌കാരിക സ്വത്വത്തികത്ത് സ്ത്രീകള്‍ക്ക് കാര്യമായ കര്‍ത്തവ്യങ്ങളൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ കുടുംബനിയമങ്ങള്‍ പരിഷ്‌കരിച്ച് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനെതിരെ സാംസ്‌കാരിക പ്രതിരോധമെന്ന ന്യായം ഉയര്‍ത്തി മതിലുകള്‍ തീര്‍ക്കാന്‍ കാലങ്ങളായി ഇന്ത്യയിലെ പുരുഷാധിപത്യം നിലനിര്‍ത്തുന്ന സമുദായ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.
1980 ലെ മിനെര്‍വ മില്‍സ് കേസില്‍ സുപ്രീം കോടതി നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്; ‘ഒരു നല്ല നാളേക്കു വേണ്ടിയുള്ള വാഗ്ദാനം ഇന്ന് നിറവേറ്റപ്പെടണം, നാളെ കഴിഞ്ഞ് മറ്റൊരു ദിവസം അത് സൗകര്യപൂര്‍വ്വം മറക്കപ്പെടാനുള്ള സാധ്യതയുണ്ട്. തീര്‍ച്ചയായും ധാരാളം നാളെകള്‍ വന്നു പോയിട്ടുണ്ട്, പക്ഷേ പുതുതായി ഒരു ഇലയനക്കവും ഉണ്ടാവുന്നില്ല.’ തമസ്‌കരിക്കപ്പെട്ടുപോയ ഭരണഘടനാ വാഗ്ദാനമായ ഏകീകൃത സിവില്‍ കോഡിന്റെ ഗതിയാണ് കോടതിയുടെ ഈ നിരീക്ഷണത്തെ പ്രസക്തമാകുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ സ്ഥാപക നേതാക്കള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കു നല്‍കിയ ഒരു വാഗ്ദത്തപത്രമാണ് (പ്രോമിസറി നോട്ട് ). ആ വാഗ്ദത്തപത്രം ഇപ്പോള്‍ അതിന്റെ എന്‍ക്യാഷ്‌മെന്റിനുള്ള പക്വത കൈവരിച്ചിരിക്കുന്നു.
(കേരളാ സര്‍ക്കാരിന്റെ നിയമ വകുപ്പില്‍ ഡെപ്യൂട്ടി സെക്രെട്ടറിയാണ് ലേഖകന്‍. അഭിപ്രായം വ്യക്തിപരം)