മനുഷ്യര്‍ മരിക്കുമ്പോള്‍ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു


“ഇസ്രയേലില്‍ നിര്‍ദ്ദോഷികളായ മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ ആക്രമിച്ചവന്റെയും കൊല്ലപെട്ടവന്റെയും മതവും ജാതിയും പാര്‍ട്ടിയും നോക്കി മാത്രം കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രത്യേകതരം രാഷ്ട്രീയം! ഈ ഗൂഢാഹ്ളാദം സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള അടവ് എന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇത് മനുഷ്യനെതിരെയുള്ള കലാപ ആഹ്വാനമാണ്”- സി രവിചന്ദ്രന്‍ എഴുതുന്നു

CO-EXISTENCE IS THE ONLY SOLUTION

(1) ”നിരന്തര ആക്രമണങ്ങളില്‍ സഹികെട്ട് ഹമാസ് നടത്തിയ പ്രതികരണം. അയണ്‍ഡോമിനും തടയാനായില്ലെന്നത് ഇസ്രായേലിന്റെ മുഖത്തേറ്റ അടി”

-മിഡില്‍ ഈസ്റ്റില്‍ വീണ്ടും പൊട്ടിപുറപ്പെട്ട മനുഷ്യഹിംസയുടെ പശ്ചാത്തലത്തില്‍ അറിയപെടുന്ന ഒരു രാഷ്ട്രീയ നേതാവ് നടത്തിയ പ്രതികരണമെന്ന രീതിയില്‍ പ്രചരിക്കുന്ന പ്രസ്താവന! How beautiful-

നിര്‍ദ്ദോഷികളായ മനുഷ്യരെ കൊന്നു തള്ളുമ്പോള്‍ ആക്രമിച്ചവന്റെയും കൊല്ലപെട്ടവന്റെയും മതവും ജാതിയും പാര്‍ട്ടിയും നോക്കി മാത്രം കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രത്യേകതരം രാഷ്ട്രീയം! ഈ ഗൂഡാഹ്ളാദം സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള അടവ് എന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇത് മനുഷ്യനെതിരെയുള്ള കലാപ ആഹ്വാനമാണ്.

(2) അന്നുമിന്നും ഇസ്രായേലിലും പാലസ്തീനിലും കൊല്ലപെടുന്നവരില്‍ ഏറിയപങ്കും നിരപരാധികളായ മനുഷ്യരാണ്. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍.. യുദ്ധം മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമാണെന്ന് അറിയാത്തവരുണ്ടോ? ആര് കൊന്നാലും പിടഞ്ഞു വീഴുന്നത് സഹജീവികളാണ്, നശിക്കുന്നത് ജീവനോപാധികളാണ്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീണതില്‍ ആഹ്ളാദിക്കുന്നവരുടെ ഉന്മാദം പരിതാപകരമാണ്.

(3) അപ്രതീക്ഷിത തിരിച്ചടിക്ക് ഇസ്രായേല്‍ പ്രതികാരം വീട്ടുമ്പോള്‍ ജീവന്‍ നഷ്ടപെടാന്‍ പോകുന്നത് ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ള നിര്‍ദ്ദോഷികളായ ജനങ്ങളുടേതാണ്, ദൂരംനല്‍കുന്ന ആനുകൂല്യം മുതലാക്കി കൃഷിയിറക്കുന്ന ഉന്മാദികളുടേതല്ല. എല്ലായിടത്തും വീഴുന്നത് മനുഷ്യന്റെ ചോരയാണ്, കേള്‍ക്കാനാവുന്നത് അവന്റെ രോദനമാണ്. റഷ്യന്‍ സേന യുക്രെയിന്‍ ജനതയെ കൊന്നു തള്ളുമ്പോഴും ഇതേ ടീമുകള്‍ ആരവം ഉയര്‍ത്തുന്നതില്‍ അത്ഭുതമില്ല. രണ്ട് ദിവസത്തിന് മുമ്പ് ഖാര്‍കീവില്‍ ഒരു അനുശോചന സമ്മേളനത്തിന് ഒത്തുചേര്‍ന്നവരില്‍ 51 പേരാണ് ഒരു റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടത്. ഇങ്ങനെ നിരവധി സംഭവങ്ങള്‍ ദിനംപ്രതി അവിടെ ആവര്‍ത്തിക്കപെടുന്നു.

(4) എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രകോപനവുമായിട്ടാണ് അവധിയുടെ ആലസ്യത്തിലാണ്ട ഇസ്രായേല്‍ ജനതയ്ക്ക് മുകളില്‍ ഹമാസ് എന്ന ഇസ്ലാമിക ഭീകസംഘടന കര-വ്യോമ-സമുദ്ര മാര്‍ഗ്ഗങ്ങളിലൂടെ ആക്രമണം നടത്തിയത്. 1973 ലെ യോംകിപൂര്‍ യുദ്ധത്തിന്റെ (6 Oct 1973 – 25 Oct 1973) തുടക്കത്തിലും ഇസ്രയേലിന് ഇതുപോലൊരു തിരിച്ചടി കിട്ടിയതാണ്. ഇക്കുറി ഇസ്രായേലിന്റെ ഭാഗത്തുണ്ടായ ഇന്റലിജന്‍സ് പരാജയം ഇനിയും വിശദീകരിക്കപെട്ടിട്ടില്ല. 7000 റോക്കറ്റുകള്‍ ഒരു ദിവസം ഹമാസ് തൊടുത്തുവിടണമെങ്കില്‍ പതിനായിരക്കണക്കിന് റോക്കറ്റുകള്‍ ശേഖരിച്ച് മാസങ്ങളുടെ ആസൂത്രണം നടത്തി കാത്തിരിക്കണം. ആരെ കൊന്നാലും ലാഭം എന്ന രീതിയിലാണ് ഹമാസിന്റെ നീക്കങ്ങള്‍. സ്വജനതയുടെ നാശവും ഗാസയിലെ കെടുതികളും അവര്‍ക്ക് വിഷയമല്ല. പിന്നീട് ഇതേ കെടുതി ചൂണ്ടിക്കാട്ടി അവര്‍ കൂടുതല്‍ സമ്പത്തും ആയുധങ്ങളും ശേഖരിക്കും. വര്‍ഷങ്ങളായി ആവര്‍ത്തിക്കപെടുന്ന പാറ്റേണ്‍ ആണിത്.

(5) നൂറിലധികം ഇസ്രേയേലികളും ഇരുനൂറിലേറെ ഗാസ നിവാസികളും ഇതിനകം കൊല്ലപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരായി ആയിരങ്ങള്‍. അടിയും തിരിച്ചടിയും ഉറപ്പാക്കുന്നത് മനുഷ്യക്കുരുതികള്‍ മാത്രമാണ്. ഇസ്രായേലി വ്യോമാക്രമണവും ഭയന്ന് പ്രാണനും കയ്യില്‍പിടിച്ച് അന്തിയുറങ്ങുന്ന ഗാസയിലെ ജനങ്ങളെക്കുറിച്ച് ഓര്‍ത്തുനോക്കൂ! ഇതിലൊക്കെ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നത് പരമാവധി മാനവികവിരുദ്ധമാണ്, അരോചകമാണ്. മതപ്രീണനം മതഭീകരതെയെക്കാല്‍ ദുഷിച്ച കുറ്റകൃത്യമാണെന്ന വസ്തുതയ്ക്ക് ഇവിടെ വീണ്ടും അടിവര വീഴുകയാണ്. ഇസ്രായേലിനും പാലസ്തീനും ഇടയ്ക്ക് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് യുദ്ധവേഗത ഉണ്ടാകേണ്ടത്. ഇരുഭാഗത്തും മനുഷ്യരാണ്. ഹിംസ സൃഷ്ടിക്കുന്നത് പ്രതിഹിംസ മാത്രമായിരിക്കും, അതൊരു രാഷ്ട്രീയ പരിഹാരമല്ല. നാഗരിക മനുഷ്യന് അവശ്യംവേണ്ട തിരിച്ചറിവാണത്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →