“രണ്ടുതരം ചിന്താ പദ്ധതികള്‍. System 1, System 2 എന്നിങ്ങനെ രണ്ടു രീതികളിലാണ് നമ്മള്‍ ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത്. അതില്‍ ആദ്യത്തേത് (System 1) വേഗത്തില്‍, നൈസര്‍ഗികമായി, ഏറെക്കുറെ വൈകാരികമായി, താരതമ്യേന കുറച്ചു മാത്രം ഊര്‍ജ്ജം ചെലവാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തേത് (System 2) സാവധാനത്തിലും, യുക്തിസഹമായും, കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചും താരതമ്യേന കൂടുതല്‍ ഊര്‍ജ്ജം ചെലവാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്”- നോബേല്‍ സമ്മാനം ലഭിച്ച പ്രൊഫ. ഡാനിയല്‍ കാനെമാന്റെ പുസ്തകത്തെ ആസ്പദമാക്കി പ്രമോദ് കുമാര്‍ എഴുതുന്നു.
നമ്മുടെ രണ്ടുതരം ചിന്താ പദ്ധതികള്‍
സാമ്പത്തിക ശാസ്ത്രത്തില്‍ നോബേല്‍ സമ്മാനം ലഭിച്ച സൈക്കോളജിസ്റ്റാണ് പ്രൊഫസര്‍ ഡാനിയല്‍ കാനെമാന്‍ (Daniel Kahneman). 2011ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ Thinking, Fast and Slow എന്ന പുസ്തകം ഒരു ബെസ്റ്റ് സെല്ലറാണ്. ഈ പുസ്തകം അമ്പതോളം ഭാഷകളില്‍ പരിഭാഷപ്പെടുത്തുകയും രണ്ടര ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റു പോകുകയും ചെയ്തിട്ടുണ്ട്. Behavioral economics എന്ന സാമ്പത്തിക ശാസ്ത്ര ശാഖയ്ക്ക് അടിസ്ഥാനമിട്ട ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് കാനെമാന്‍.
രണ്ടു തരം ചിന്താ പദ്ധതികള്‍. സിസ്റ്റം 1, സിസ്റ്റം 2 എന്നിങ്ങനെ രണ്ടു രീതികളിലാണ് നമ്മള്‍ ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത്. അതില്‍ ആദ്യത്തേത് (System 1) വേഗത്തില്‍, നൈസര്‍ഗികമായി, ഏറെക്കുറെ വൈകാരികമായി, താരതമ്യേന കുറച്ചു മാത്രം ഊര്‍ജ്ജം ചെലവാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തേത് (System 2) സാവധാനത്തിലും, യുക്തിസഹമായും, കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചും താരതമ്യേന കൂടുതല്‍ ഊര്‍ജ്ജം ചെലവാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്.
ജീവി വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും ഏറ്റവും സഹായിച്ചിട്ടുള്ളത് System 1 എന്ന ചിന്താരീതിയാണ്. അത് പ്രവര്‍ത്തിക്കുന്നത് നമ്മുടെ മാസ്തിഷ്‌കത്തില്‍ (മനസ്സില്‍) നിര്‍മ്മിക്കുന്ന പാറ്റേണുകളെ അടിസ്ഥാനപ്പെടുത്തിയാണ്. ഒരു ശബ്ദമോ അനക്കമോ ഉണ്ടാകുമ്പോള്‍ അവിടെ നിന്നും ഓടി അകലുക എന്നത് ജീവി വര്‍ഗ്ഗങ്ങളില്‍ എല്ലാം കാണുന്ന പ്രതികരണമാണ്. ഇവിടെ System 1 ആണ് പ്രവര്‍ത്തിക്കുന്നത്. ശബ്ദമോ അനക്കമോ കേള്‍ക്കുമ്പോള്‍ തന്നെ മസ്തിഷ്‌ക്കത്തില്‍ ഉണ്ടാക്കിയിരിക്കുന്ന അപകടം എന്ന പാറ്റേണ്‍ തിരിച്ചറിയുകയും, ഉടനെ ഓടുക എന്ന ഉത്തരം ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഓടിയ ജീവികളാണ് അതിജീവിച്ചത്. അതുകൊണ്ട് System 1 എന്നത് പരമ പ്രധാനയമുള്ളതും എല്ലായിപ്പോഴും വര്‍ക്ക് ചെയ്യുന്നതുമാണ്, അതിനെ നമുക്ക് മനഃപൂവം ഓഫ് ചെയ്തു വെയ്ക്കാന്‍ കഴിയുകയുമില്ല.
നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 20 ശതമാനം ഊര്‍ജ്ജവും ഉപയോഗിക്കുന്നത് നമ്മുടെ മസ്തിഷ്‌ക്കം ആണ്. മനുഷ്യന്‍ വേട്ടയാടി നടന്നിരുന്ന കാലത്തു ഭക്ഷണത്തിനായി ഒരു ഇരയെ കിട്ടുക എന്നത് കഠിനമായിട്ടുള്ള ഒരു കാര്യമായിരുന്നു. ചിലപ്പോള്‍ ദിവസങ്ങളോളം പട്ടിണി കിടന്നിട്ടാവും ഒരു ഇരയെ കിട്ടുക. അത് കൊണ്ട് തന്നെ ഊര്‍ജ്ജം പരമാവധി കുറച്ചു ചിലവാക്കുന്ന രീതിയില്‍ ആണ് മനുഷ്യന്‍ ജീവിച്ചു പോന്നിട്ടുള്ളത്. ചിന്തകള്‍ കുറച്ചാല്‍ തന്നെ കുറെ ഊര്‍ജ്ജം മസ്തിഷ്‌ക്കം ചിലവാക്കുന്നത് കുറയ്ക്കാം. ഏറ്റവും കുറഞ്ഞ ഊര്‍ജ്ജം കൊണ്ട് ഏറ്റവും മികച്ച റിസള്‍ട്ട് ഉണ്ടാക്കുന്നു എന്നതാണ് System 1പരമ പ്രധാനമായ ചിന്താ പദ്ധതിയാക്കി മാറ്റിയത്.
System 1 ന്റെ ചിന്താരീതിക്ക് ചില ഉദാഹരണങ്ങള്‍
പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കല്‍: ആരെയെങ്കിലും ആദ്യമായി കണ്ടുമുട്ടുമ്പോള്‍, അവരുടെ രൂപം, ശരീരഭാഷ, അവരുടെ ശബ്ദത്തിന്റെ പ്രത്യേകത എന്നിവയെ അടിസ്ഥാനമാക്കി, നമ്മള്‍ അവരെക്കുറിച്ച് തല്‍ക്ഷണമൊരു അഭിപ്രായമുണ്ടാക്കുന്നത്. ഇത് സിസ്റ്റം 1 ന്റെ ചിന്താരീതിയാണ്.
കാര്‍ ഡ്രൈവിംഗ്: നമ്മള്‍ കാര്‍ ഓടിക്കുമ്പോള്‍, വേഗത, ദിശ, ബ്രെക്ക് കൊടുക്കുക എന്നിവയെക്കുറിച്ച് ആലോചിച്ചു ഉറപ്പിക്കാതെ തന്നെയാണ് മിക്കപ്പോഴും തീരുമാനം എടുക്കുന്നത്. ഇത് സിസ്റ്റം 1 ന് ഒരു ഉദാഹരണമാണ്.
വായന: നമ്മള്‍ വായിക്കുമ്പോള്‍, വാക്കുകളും ശൈലികളും ഞങ്ങള്‍ സ്വയമേവ തിരിച്ചറിയുകയും വാചകത്തിന് ഒരു അര്‍ത്ഥം നിര്‍മ്മിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നത് സിസ്റ്റം 1 ആണ്.
വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കല്‍: നമ്മുടെ വികാരങ്ങള്‍ക്ക് നമ്മുടെ ചിന്തയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയും. വികാരങ്ങള്‍ക്ക് അടിമപ്പെട്ടു എടുക്കുന്ന തീരുമാനങ്ങള്‍ സിസ്റ്റം 1 ന്റെ ഫലമാണ്.
ഒരു വസ്തു മറ്റൊന്നിനേക്കാള്‍ അകലെയാണോയെന്ന് തിരിച്ചറിയുന്നത്.
‘യുദ്ധവും …’ എന്ന വാചകം കാണുമ്പോള്‍ തന്നെ ‘സമാധാനം’ എന്ന വാക്ക് ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്നത്.ഒരു സുഹൃത്തിന്റെ മുഖം തിരിച്ചറിയുന്നത്. ഒരാളുടെ ശബ്ദത്തില്‍ നിന്ന് അയാള്‍ വിശ്വസ്തനായിരിക്കുമോ എന്ന് വിലയിരുത്തുന്നത്.
പെട്ടെന്നുള്ള ശബ്ദത്തോട് പ്രതികരിക്കുന്നത്.
System 2 ന്റെ ചിന്താരീതിക്ക് ചില ഉദാഹരണങ്ങള്‍
ഗണിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്: ഗണിത പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോള്‍, നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രസക്തമായ വിവരങ്ങള്‍ ഓര്‍മ്മിക്കാനും പ്രശ്നപരിഹാര പ്രക്രിയയിലെ ഘട്ടങ്ങള്‍ പാലിക്കുകയും ചെയ്യുന്നത് സിസ്റ്റം 2 ഉപയോഗിച്ചാണ്.
ഒരു ഉപന്യാസം എഴുതുന്നത്: നമ്മള്‍ ഒരു ഉപന്യാസം എഴുതുമ്പോള്‍, നമ്മുടെ വാദം കൃത്യമായി അവതരിപ്പിക്കുന്നതിന് തെളിവുകള്‍ ശേഖരിക്കുന്നതും പോയിന്റുകളായി എഴുതുന്നതും സിസ്റ്റം 2 ഉപയോഗിച്ചാണ്.
സങ്കീര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കുന്നത്: നമ്മള്‍ ഒരു സങ്കീര്‍ണ്ണമായ തീരുമാനം എടുക്കേണ്ടിവരുമ്പോള്‍, ഓരോ ഓപ്ഷന്റെയും ഗുണദോഷങ്ങള്‍ മനസിലാക്കുകയും അപകടസാധ്യതകളും പ്രതിഫലവും പരിഗണിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് ഇത് സിസ്റ്റം 2 ഉപയോഗിച്ചാണ്.
വികാരങ്ങളെ നിയന്ത്രിക്കല്‍: നമുക്ക് ദേഷ്യമോ ഉത്കണ്ഠയോ തോന്നുമ്പോള്‍, നമുക്ക് സ്വയം ശാന്തനാകാനും വ്യക്തമായി ചിന്തിക്കാനും സിസ്റ്റം 2 ഉപയോഗിക്കുന്നു.
ഒരു സാധനത്തിന്റെ ഗുണനിലവാരവും മൂല്യവും തമ്മിലുള്ള അനുപാതം നിര്‍ണ്ണയിക്കുന്നത്.
ഇടുങ്ങിയ സ്ഥലത്ത് നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യുന്നത്. കൂട്ടത്തില്‍ ഒരു സുഹൃത്തിനെ തിരയുന്നത്. വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളുടെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്യുന്നത്.ഒരു ശാസ്ത്രീയ സിദ്ധാന്തത്തിന്റെ തെളിവുകള്‍ വിലയിരുത്തുന്നത്.നമ്മള്‍ കണ്ടതുപോലെ, സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ നിരവധി കാര്യങ്ങളില്‍ സിസ്റ്റം 2 ചിന്തകള്‍ ഉള്‍പ്പെടുന്നു. മെച്ചപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും നമ്മുടെ ജീവിതം കൂടുതല്‍ ഫലപ്രദമായി ജീവിക്കാന്‍ സഹായിക്കുന്ന ശക്തമായ ഒരു ഉപകരണമാണിത്.
സിസ്റ്റം 1 ന്റെ ചിന്താ വൈകല്യങ്ങള്‍
സിസ്റ്റം 1 അഥവാ ഫാസ്റ്റ് തിങ്കിങ്ങ്, പലപ്പോഴും ഊഹാധിഷ്ഠിതമാണ്. കൃത്യമായ വിചിന്തനത്തിന് അവിടെ പ്രാധാന്യമില്ല. അത് പാറ്റേണുകള്‍ കണ്ടെത്തുന്നതിലാണ് അതിന്റെ മിടുക്കും വേഗതയും. System 1 അടിസ്ഥാനപരവും ശക്തവും അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്നത് ആണെങ്കിലും അതിന് ചിന്താ വൈകല്യങ്ങള്‍ (Cognitive Biases ) സംഭവിക്കാനുള്ള സാധ്യത കൂടുതലുമാണ്. ഇത്തരം ചിന്താ വൈകല്യങ്ങള്‍ സംബന്ധിച്ച ധാരാളം പരീക്ഷണങ്ങളും കണ്ടെത്തലുകളും പ്രൊഫസര്‍ കാനെമാന്‍ നടത്തിയിട്ടുണ്ട്. Thinking, Fast and Slow എന്ന പുസ്തകത്തില്‍ ഇത്തരം നിരവധി ഉദാഹരണം പറയുന്നുണ്ട്.
ശക്തമായ പൊതു ബോധം, വ്യക്തിപരമായ മുന്‍വിധികള്‍, നിരന്തരം കേള്‍ക്കുന്ന വാര്‍ത്തകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ നമ്മുടെ മനസില്‍ പാറ്റേണുകള്‍ സൃഷ്ടിക്കുന്നുണ്ട്. System 1 ഇത്തരം പാറ്റേണുകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സ്ഥിതിവിവര കണക്കുകളെക്കാള്‍ (statistical data) ഈ പൊതു ബോധത്തിനും മുന്‍വിധികള്‍ക്കുമാണ് മുന്‍തൂക്കം കൊടുക്കാറുള്ളത്. ഇതൊരു തരം ബുദ്ധിപരമായ വീഴ്ച്ചയ്ക്ക് കാരണമാകും (Cognitive Biases).
സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിക്കാതെയാണ് നമ്മുടെ സിസ്റ്റം 1 തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പറഞ്ഞുവല്ലോ. അതുകൊണ്ട് ഉണ്ടാകുന്ന ചിന്താ വൈകല്യങ്ങള്‍ മനസിലാക്കുന്നതിന് കാനെമാന്‍ ഒരു ഉദാഹരണം ഈ പുസ്തകത്തില്‍ നല്‍കുന്നുണ്ട്, രസകരമായ ആ ഉദാഹരണം ഇങ്ങനെയാണ്.
അമേരിക്കയിലെ 3,141 കൗണ്ടികളില്‍ കിഡ്‌നി ക്യാന്‍സര്‍ ബാധിച്ചവരെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനമുണ്ട്. അത് വെളിപ്പെടുത്തുന്നത്, കിഡ്നി ക്യാന്‍സര്‍ സാധ്യത ഏറ്റവും കുറവുള്ള കൗണ്ടികള്‍ കൂടുതലും ഗ്രാമീണവും, ജനസംഖ്യ കുറവുള്ളതും, പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ ഭരണമുള്ള സംസ്ഥാനങ്ങളിലുമാണ്. ഇതില്‍ നിന്നും നമ്മള്‍ എന്താണ് മനസിലാക്കുന്നത്? ഗ്രാമീണ ജീവിതം നന്മയാല്‍ സമൃദ്ധം.
സിസ്റ്റം 2 ന്റെ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ കുറച്ച് നിമിഷങ്ങളില്‍ നമ്മുടെ മനസ്സ് വളരെ സജീവമായിരുന്നു. നമ്മള്‍ ബോധപൂര്‍വം ഓര്‍മ്മകള്‍ ചികഞ്ഞു, അനുമാനങ്ങള്‍ രൂപപ്പെടുത്താനുള്ള ചില ശ്രമങ്ങള്‍ നടത്തി, നമ്മുടെ കൃഷ്ണമണി വികസിച്ചു, നമ്മുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. അസോസിയേറ്റീവ് മെമ്മറിയില്‍ നിന്ന് വസ്തുതകളെയും നിര്‍ദ്ദേശങ്ങളെയും വീണ്ടെടുത്ത് കൊണ്ട് സിസ്റ്റം 2 പ്രവര്‍ത്തന നിരതമായിരുന്ന ഈ സമയത്ത് സിസ്റ്റം 1 നിഷ്‌ക്രിയമായിരുന്നില്ല. റിപ്പബ്ലിക്കന്‍ കക്ഷി കിഡ്‌നി ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നത് കൊണ്ടായിരിക്കും എന്ന ആശയം നമ്മള്‍ ഉടനെ തള്ളി കളഞ്ഞേക്കും. മിക്കവാറും, കാന്‍സര്‍ ബാധിതരുടെ എണ്ണം കുറവുള്ള കൗണ്ടികള്‍ കൂടുതലും ഗ്രാമങ്ങളാണെന്ന വസ്തുതയിലാണ് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. അവരുടെ കുറഞ്ഞ കാന്‍സര്‍ നിരക്കിന് കാരണം ശുദ്ധമായ ഗ്രാമീണ ജീവിതശൈലി; വായു-ജല മലിനീകരണമില്ലാത്തതിനാല്‍ എന്ന് അനുമാനിക്കുന്നതാണ് എളുപ്പവും പ്രലോഭനപരവുമായത്. രാസവസ്തുക്കള്‍ ചേര്‍ക്കാത്ത ശുദ്ധ ഭക്ഷണത്തിന്റെ ലഭ്യതയെന്ന് ചിന്തിക്കുന്നതും തികച്ചും യുക്തിസഹമാണ്. ഗ്രാമീണ ജീവിതം നന്മയാല്‍ സമൃദ്ധമെന്ന പൊതുബോധമാണ് സിസ്റ്റം 1 നെ കൊണ്ട് ഇത്തരം ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നത്.
ഇനി കിഡ്നി ക്യാന്‍സര്‍ ഏറ്റവും കൂടുതലുള്ള കൗണ്ടികള്‍ നോക്കുക. ഈ രോഗബാധിതമായ കൗണ്ടികള്‍ കൂടുതലും ഗ്രാമീണവും, ജനസാന്ദ്രത കുറഞ്ഞതും, പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലുമാണ്. ‘ഗ്രാമീണ ജീവിതത്തിലെ ദാരിദ്ര്യം, നല്ല വൈദ്യസഹായത്തിന്റെ ദൗര്‍ലഭ്യം, ഉയര്‍ന്ന കൊഴുപ്പുള്ള, അമിത ഭക്ഷണം, മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം എന്നിവ അവരുടെ ഉയര്‍ന്ന കാന്‍സര്‍ നിരക്കിന് നേരിട്ട് കാരണമായേക്കാമെന്ന് അനുമാനിക്കാന്‍ എളുപ്പമാണ്’ തീര്‍ച്ചയായും, എന്തോ കുഴപ്പമുണ്ട്. കിഡ്നി ക്യാന്‍സര്‍ വളരെ ഉയര്‍ന്നതിനും കുറഞ്ഞതിനും കാരണം ഗ്രാമീണ ജീവിതരീതി കൊണ്ടാണെന്നു വിശദീകരിക്കാന്‍ കഴിയില്ല.
കൗണ്ടികള്‍ ഗ്രാമീണമാണെന്നതോ ഭരിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേതാണെന്നോ ആയിരുന്നില്ല പ്രധാന ഘടകം. ഗ്രാമീണ കൗണ്ടികളില്‍ ജനസംഖ്യ കുറവാണ്. മനസിലാക്കേണ്ട പ്രധാന പാഠം രോഗം ഉണ്ടാക്കുന്ന കാരണങ്ങളല്ല, നമ്മുടെ മനസ്സും സ്ഥിതിവിവരക്കണക്കുകളും തമ്മിലുള്ള ദുഷ്‌കരമായ ബന്ധത്തെക്കുറിച്ചാണ്.
സിസ്റ്റം 1 ഒരു തരത്തിലുള്ള ചിന്താഗതിയില്‍ വളരെ സമര്‍ത്ഥമാണ്. ഇത് സംഭവങ്ങള്‍ തമ്മിലുള്ള കാര്യകാരണ ബന്ധങ്ങളെ യാന്ത്രികമായും അനായാസമായും തിരിച്ചറിയുന്നു, ചിലപ്പോള്‍ ബന്ധങ്ങള്‍ വ്യാജമാണെങ്കില്‍ പോലും. ഉയര്‍ന്ന രോഗവസ്ഥയുള്ള കൗണ്ടികളെക്കുറിച്ച് പറയുമ്പോള്‍, ഈ കൗണ്ടികള്‍ മറ്റ് കൗണ്ടികളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത് വിശദീകരിക്കുന്നതിന് ഒരു കാരണം ഉണ്ടായിരിക്കണമെന്ന് നമ്മള്‍ ഉടനടി അനുമാനിച്ചു. ‘വെറും സ്റ്റാറ്റിസ്റ്റിക്കല്‍’ വസ്തുതകള്‍ അഭിമുഖീകരിക്കുമ്പോള്‍ സിസ്റ്റം 1 ബാലിശമാണ്.
ഗോട്ടികള്‍ ഒരേ നിറം വരുന്നതെന്തുകൊണ്ട്?
ഒരു യാദൃച്ഛിക സംഭവം, ഉണ്ടാകുന്നതെന്ത് കൊണ്ടെന്ന് വിശദീകരിക്കുക എളുപ്പല്ല, എന്നാല്‍ യാദൃച്ഛിക സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് വളരെ ക്രമമായ രീതിയില്‍ സംഭവിക്കുന്നതിന് ഗണിത ശാസ്ത്രപരമായി (സ്റ്റാറ്റിസ്റ്റിക്കല്‍) വിശദീകരണം നല്‍കാനും കഴിയും. ഒരു വലിയ കലത്തില്‍ പകുതി ചുവപ്പും പകുതി വെള്ള ഗോട്ടികള്‍ കൊണ്ട് നിറച്ചതായി സങ്കല്‍പ്പിക്കുക. ഒരാള്‍ ഈ കലത്തില്‍ നിന്ന് 4 ഗോട്ടികള്‍ ഒന്നും നോക്കാതെ എടുക്കുന്നു എന്നും കരുതുക. ഇങ്ങെനെ കണ്ണും പൂട്ടി എടുക്കുന്ന സാമ്പിളിലെ, ഗോട്ടികളുടെ നിറം രേഖപ്പെടുത്തുന്നു എന്നും കരുതുക.
നിറം രേഖപ്പെടുത്തിയതിനു ശേഷം ഗോട്ടികള്‍ വീണ്ടും കലത്തിലേക്ക് തന്നെ ഇടുന്നു, തുടര്‍ന്ന് വീണ്ടും പലതവണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഫലങ്ങള്‍ സംഗ്രഹിക്കുകയാണെങ്കില്‍, ‘2 ചുവപ്പ്, 2 വെള്ള’ എന്ന ഫലം ‘4 ചുവപ്പ്’ അല്ലെങ്കില്‍ ‘4 വെള്ള’ എന്നതിന്റെ 6 മടങ്ങ് തവണ (ഏതാണ്ട് കൃത്യമായി) സംഭവിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ഈ ബന്ധം ശാസ്ത്രീയമായ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വസ്തുതയാണ്. ഒരു കലത്തില്‍ നിന്ന് ആവര്‍ത്തിച്ചുള്ള സാമ്പിളിന്റെ മൊത്തം ഫലം നമുക്ക് കൃത്യമായി പ്രവചിക്കാം. അതായത് ഒരു തവണ നാല് ഗോട്ടികള്‍ എടുക്കുമ്പോള്‍ അതില്‍ എത്ര ചുവപ്പ് അല്ലെങ്കില്‍ എത്ര വെളുപ്പ് വരുമെന്ന് മുന്‍ കൂട്ടി അറിയാന്‍ കഴിയില്ല. പക്ഷേ പല തവണ എടുക്കുന്നതില്‍ ശരാശരി ഇത്ര തവണ ഈ രീതിയില്‍ വരുമെന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കുകയും ചെയ്യും.
ഇതേ കലത്തില്‍ നിന്നും ജാക്ക് 4 ഗോട്ടികളും, ജില്‍ 7 ഗോട്ടികളും എടുക്കുന്നുവെന്ന് കരുതുക. ഓരോ തവണയും എല്ലാം വെള്ളയോ, അല്ലെങ്കില്‍ ചുവപ്പോ പോലെ ഒരേ നിറമാണ് വരുന്നതെങ്കില്‍ മാത്രം ഇരുവരും രേഖപ്പെടുത്തുന്നുവെന്ന് കരുതുക. പലതവണ ആവര്‍ത്തിക്കുകയാണെങ്കില്‍, ജില്ലിനേക്കാള്‍ കൂടുതല്‍ തവണ ജാക്കിന് അത്തരം അസാധാരണ ഫലങ്ങള്‍ ലഭിക്കും. കൃത്യമായി 8 മടങ്ങ് (എല്ലാം ഒരേ നിറം ലഭിക്കുക ജില്ലിന് 2.5% ??ഉം ജാക്കിന് 1.56% ഉം ആണ്). ഇതൊരു സ്റ്റാറ്റിസ്റ്റിക്കല്‍ വസ്തുത മാത്രം : 7 ഗോട്ടികളുടെ സാമ്പിളുകളേക്കാള്‍ കൂടുതല്‍ തവണ 4 ഗോട്ടികളുടെ സാമ്പിളുകളായിരിക്കും അസാധാരണ ഫലങ്ങള്‍ (ഇവിടെ, എല്ലാം ഒരേ നിറം ) നല്‍കുന്നത്.
സ്ഥിതി വിവരക്കണക്ക് അറിയില്ലെങ്കില്‍
ഗോട്ടി സാമ്പിളുമായി ബന്ധപ്പെട്ട സ്റ്റാറ്റിസ്റ്റിക്കല്‍ വസ്തുത കാന്‍സറിന്റെ ഉദാഹരണത്തിനും പ്രസക്തമാണ്. ഗോട്ടി കലമെന്നത്, രോഗികളുള്ള കൗണ്ടികളാക്കി മാറിയെന്ന് കരുതുക. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജനസംഖ്യ ഒരു ഭീമാകാരമായ കലത്തിലെ ഗോട്ടികളുകളായി സങ്കല്‍പ്പിക്കുക. ചില ഗോട്ടികള്‍ കിഡ്നി ക്യാന്‍സറിന് ഗഇ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും കരുതുക. നമ്മള്‍ ഗോട്ടികളുടെ സാമ്പിളുകളെ ഓരോ കൗണ്ടിയുമായി ജനങ്ങളായി കണക്കാക്കുക. ഗ്രാമീണ സാമ്പിളുകള്‍ മറ്റ് സാമ്പിളുകളേക്കാള്‍ ചെറുതാണ്. ജാക്കിന്റെയും ജില്ലിന്റെയും ഗെയിമിലെന്നപോലെ, അസാധാരണ അനന്തരഫലങ്ങള്‍ (വളരെ ഉയര്‍ന്നത് അല്ലെങ്കില്‍ വളരെ കുറഞ്ഞ കാന്‍സര്‍ നിരക്ക്) ജനസാന്ദ്രത കുറഞ്ഞ കൗണ്ടികളിലെ സാമ്പിളുകളില്‍ കാണപ്പെടാന്‍ സാധ്യതയുണ്ട്.
കഥയില്‍ ഇത്രയേ ഉള്ളൂ.സ്ഥിതിവിവരക്കണക്ക് അറിവില്ലാത്ത ആളുകള്‍ക്ക് പോലും വലിയ സാമ്പിളുകളുടെ ഫലങ്ങള്‍ ചെറിയ സാമ്പിളുകളേക്കാള്‍ കൂടുതല്‍ കൃത്യമായ ഫലങ്ങള്‍ ഉണ്ടാക്കുമെന് അറിയാം. എങ്കിലും നമ്മുടെ സിസ്റ്റം 1 ചിന്തിക്കുമ്പോള്‍ ഈ സ്റ്റാറ്റിസ്റ്റിക്കല്‍ വസ്തുതകള്‍ക്ക് ഒരു പ്രാധാന്യവുമില്ല അതുകൊണ്ടാണ് ഇത്തരം അബദങ്ങളില്‍ നമ്മള്‍ ചെന്ന് ചാടുന്നത്.
സംഗ്രഹം
കാന്‍സര്‍ രോഗികള്‍ എണ്ണത്തില്‍ മാത്രമല്ല തീവ്രവാദി അക്രമണത്തിന് നമ്മള്‍ ഇരയാകുമോ? വിമാനയാത്രക്കിടയില്‍ അപകടം സംഭവിക്കുമോ, പോലെ നിരവധി കാര്യങ്ങളില്‍ സിസ്റ്റം 1 ന്റെ ചിന്താ വൈകല്യങ്ങള്‍ കൊണ്ട് തെറ്റായ ഉത്തരം കണ്ടെത്തുന്നതിന് കാരണമാകുന്നു.
സിസ്റ്റം 1 ഉം സിസ്റ്റം 2 ഉം എല്ലായ്പ്പോഴും വെവ്വേറെയായിയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലാക്കേണ്ടതുണ്ട്. അവ പലപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, സിസ്റ്റം 1 വേഗത്തില്‍, നൈസര്‍ഗികമായി പ്രതികരണം നല്‍കുന്നു, കൂടാതെ സിസ്റ്റം 2 ആ പ്രതികരണം വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ഇക്കാരണത്താല്‍, പലപ്പോഴും നമുക്ക് അറിയാതെ തന്നെ വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നത്.