‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബര്‍!’; നിങ്ങള്‍ അസിയ ബീബിയെ മറന്നു പോയോ; സി എസ് സുരാജ് എഴുതുന്നു


“മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അസിയ. അങ്ങനെയാണ് ഈ കേസ് ലോക പ്രസിദ്ധമാവുന്നതും, വിദേശ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇടപെടുന്നതും. ജോലിക്കിടയില്‍ കുറച്ചു വെള്ളം കുടിക്കാന്‍ ശ്രമിച്ചതിലൂടെയാണ്, പിന്നീട് തൂക്ക് കയര്‍ വരെ ലഭിച്ച അന്നത്തെ ആ തര്‍ക്കം ഉടലെടുക്കുന്നത്.”- സി എസ് സുരാജ് എഴുതുന്നു
മതനിന്ദക്ക് വധശിക്ഷ വിധിക്കപ്പെട്ട ഒരു വനിത!

മതനിന്ദാ കുറ്റമാരോപിച്ച് പാക്കിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച അസിയ ബീബിയെ?പാക്കിസ്ഥാന്‍ പഞ്ചാബിലെ ഷെയ്ക്കുപുര (Sheikhupura) ജില്ലയില്‍ ഒരു ദരിദ്ര്യ ക്രിസ്ത്യന്‍ കുടുംബത്തിലാണ് അസിയ ബീബിയെന്ന അസിയ നൊറീന്‍ ജനിക്കുന്നത്. 2009 ജൂണ്‍ 14 വരെ മറ്റുള്ളവര്‍ താഴ്ന്ന ജാതിയായി കണ്ടിരുന്ന ഒരു ജാതിയിലെ, ദരിദ്ര്യ കുടുംബത്തില്‍ ജനിച്ച, കേവലമൊരു തോട്ടം തൊഴിലാളിയായ യുവതി മാത്രമായിരുന്നു അസിയ ബീബി. അന്ന്, 2009 തില്‍ അസിയ ബീബിയും ഗ്രാമത്തിലെ മറ്റ് ചില മുസ്ലീം മത വിശ്വാസികളും തമ്മില്‍ നടന്ന ഒരു തര്‍ക്കമാണ് സത്യത്തില്‍ അസിയയുടെ ജീവിതം മാറ്റി മറച്ചതും നരകതുല്യമാക്കി തീര്‍ത്തതും!

ജോലിക്കിടയില്‍ കുറച്ചു വെള്ളം കുടിക്കാന്‍ ശ്രമിച്ചതിലൂടെയാണ്, പിന്നീട് തൂക്ക് കയര്‍ വരെ ലഭിച്ച അന്നത്തെ ആ തര്‍ക്കം ഉടലെടുക്കുന്നത്. മുസ്ലീങ്ങള്‍ വെള്ളം കുടിച്ചിരുന്ന അതേ പാത്രത്തില്‍ തന്നെ ക്രിസ്ത്യാനിയായ അസിയയും വെള്ളം കുടിക്കാന്‍ ശ്രമിച്ചു എന്നുള്ളതായിരുന്നു തര്‍ക്കത്തിന് ഹേതുവായത്. ഒന്ന് മറ്റൊന്നിക്കാളും താഴ്ന്നതാണ് പോലും! താഴ്ന്നവര്‍ എന്ന് കണക്കാക്കപ്പെടുന്നവര്‍, അതിനി വെള്ളം കോരാനാണെങ്കിലും സ്വര്‍ണം കോരാനാണെങ്കിലും മറ്റുള്ളവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല പോലും! തൊട്ട് അയല്‍ രാജ്യത്ത് നിന്നും ഏതാനും ചില വര്‍ഷങ്ങള്‍ക്ക് മുന്നെ കേട്ട വായ് താരികളാണിവയെല്ലാം എന്ന് നമ്മള്‍ ഓര്‍ക്കേണ്ടതായുണ്ട്!

തര്‍ക്കം മൂര്‍ച്ഛിച്ചതോടു കൂടി കുറ്റപ്പെടുത്തലുകളും ആരോപണങ്ങളുമെല്ലാം പൂര്‍ണ്ണമായും മതപരമായി മാറി. അസിയയും കുടുംബവും മാത്രമായിരുന്നു ആ ഗ്രാമത്തിലുണ്ടായിരുന്ന ഏക ക്രിസ്ത്യന്‍ കുടുംബം. പണ്ടും കൂടെയുള്ളവരുടെ ആവശ്യമായിരുന്നു ഇവരുടെ മതം മാറ്റം. ഈ ആവശ്യം ആ തര്‍ക്കത്തിലും ഉന്നയിക്കപ്പെട്ടു. അസിയയോട് അന്നവിടെ കൂടി നിന്നവര്‍ മതം മാറാന്‍ ആവശ്യപ്പെട്ടു. കൂട്ടത്തില്‍ അസിയയുടെ മതത്തിനെതിരെ ആക്ഷേപഹാസ്യങ്ങളും ആക്രമണങ്ങളും. പിന്നീട് പരസ്പരമുള്ള ‘മതനിന്ദ’യുടെ പൂരപ്പറമ്പാവുകയായിരുന്നു ആ തര്‍ക്ക വേദി!

‘ഞാന്‍ എന്റെ മതത്തിലും മനുഷ്യരാശിയുടെ പാപങ്ങള്‍ക്കു വേണ്ടി കുരിശില്‍ മരിച്ച യേശുക്രിസ്തുവിലും വിശ്വസിക്കുന്നു. മനുഷ്യരാശിയെ രക്ഷിക്കാന്‍ നിങ്ങളുടെ പ്രവാചകന്‍ മുഹമ്മദ് എന്താണ് ചെയ്തത്? നിങ്ങള്‍ക്കു പകരം ഞാന്‍ എന്തിന് മതം മാറണം?’ എന്നതായിരുന്നു തര്‍ക്കത്തിനിടയില്‍ അസിയ ചോദിച്ച മറു ചോദ്യമെന്നാണ് പറയപ്പെടുന്നത്. പിന്നീട് എന്ത് സംഭവിച്ചിരിക്കാമെന്ന് ഊഹിക്കാമല്ലോ?! പോലീസെത്തി അറസ്റ്റ് ചെയ്യപ്പെടും വരെ അസിയയും കുടുംബവും നാട്ടുകാരുടെ മര്‍ദ്ദനമുറകള്‍ക്ക് വിധേയരാക്കപ്പെട്ടു!

പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295 ഇ ചാര്‍ത്തിയാണ് അസിയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തോമസ് ബാബിംഗ്ടണ്‍ മക്കോളെ ഡ്രാഫ്റ്റ് ചെയ്ത് 1860 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡ് തന്നെയാണ് പാകിസ്താന്റേതും. എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് പരിശോധിച്ചു കഴിഞ്ഞാല്‍ അതിലൊരിക്കലും 295 ഇ എന്ന സെക്ഷന്‍ കാണാന്‍ കഴിയില്ല. സ്വാതന്ത്ര്യാനന്തരം 1986 ല്‍ മുന്‍ ആര്‍മി തലവന്‍ കൂടിയായിരുന്ന മുഹമ്മദ് സിയാ ഉള്‍ ഹഖ് പ്രസിഡണ്ടായിരുന്ന കാലത്ത് പാകിസ്ഥാന്‍ പീനല്‍ കോഡിലേക്ക് പുതുതായി തുന്നി ചേര്‍ക്കപ്പെട്ട ഒന്നാണ് സെക്ഷന്‍ 295 ഇ. പ്രവാചകനെ ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷയോ, ജീവപര്യന്തമോ ഉറപ്പു വരുത്തുന്ന സെക്ഷനാണ് 295 ഇ. ആരെങ്കിലും മതനിന്ദ നടത്തിയാല്‍ കൊന്നുകളയുമെന്ന് സാരം! അവസാനം 2010 ല്‍ കീഴ്‌ക്കോടതിയില്‍ നിന്നും അസിയ കേസിന്റെ വിധി വന്നു. തൂക്കി കൊല്ലാന്‍!

വിധി കേട്ട പാടെ ‘അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്ബര്‍!’ എന്ന മുദ്രാവാക്യത്തോടെ വിധി പ്രസ്താവം നടത്തിയ ജഡ്ജിനെ എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയാണ് അന്നുണ്ടായത്. കൂട്ടത്തില്‍ ഒന്നുകൂടി ആ ജനക്കൂട്ടം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, ‘വിശുദ്ധ പ്രവാചകന് വേണ്ടിയുള്ള പ്രതികാരം. അല്ലാഹു മഹാനാണ്!’അതെ! തന്നെ കുറ്റം പറഞ്ഞുവെന്ന പേരില്‍ കേവലമൊരു ദരിദ്ര്യ സ്ത്രീയെ കൊല്ലാന്‍ വിധിച്ച അല്ലാഹു മഹാനാണ്!

മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അസിയ. അങ്ങനെയാണ് ഈ കേസ് ലോക പ്രസിദ്ധമാവുന്നതും, വിദേശ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇടപെടുന്നതും. വിധിയ്ക്ക് ശേഷം കൊടിയ പീഡനങ്ങള്‍ തന്നെയാണ് അസിയയ്ക്കും അസിയയെ പിന്തുണച്ചവര്‍ക്കും പിന്നീട് നേരിടേണ്ടി വന്നത്. കേവലമൊരു പട്ടിയെ പോലെ കഴുത്തില്‍ ചങ്ങലയിട്ടു കൊണ്ട് ജനലുകള്‍ പോലുമില്ലാത്ത ഒരു ഏകാന്ത സെല്ലിലാണ് അസിയയെ പാര്‍പ്പിച്ചിരുന്നത്. പല മുസ്ലീം സംഘടനകളും, വ്യക്തികളും അസിയയുടെ തലക്ക് വില പറഞ്ഞു കൊണ്ട് പത്ര പരസ്യങ്ങള്‍ അച്ചടിച്ചിറക്കി. മത നേതാവായിരുന്ന മൗലാന യൂസഫ് ഖുറേഷി അസിയയെ കൊല്ലുന്നവര്‍ക്ക് 500,000 പാക്കിസ്ഥാനി റുപ്പീസാണ് വാഗ്ദാനം ചെയ്തത്. ഇങ്ങനെ എത്രയോ പേര്‍, എത്രയോ സംഘടനകള്‍!

2011 ല്‍ അസിയയെ അനുകൂലിച്ച് രംഗത്തെത്തിയ പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനെ സുരക്ഷാ ജീവനക്കാരന്‍ തന്നെ വെടിവെച്ചു കൊന്നു. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഷഹബാസ് ഭട്ടിയേയും ഇതേ കുറ്റമാരോപിച്ച് ഇതേ വര്‍ഷം തന്നെ കൊന്നു തള്ളി!അവസാനം 2018 ല്‍ തെളിവുകളുടെ അഭാവം മൂലം പാകിസ്ഥാന്‍ സുപ്രീം കോടതി അസിയയെ കുറ്റ വിമുക്തയാക്കി. രാജ്യം വിട്ട് പോവരുതെന്ന നിബന്ധനയും കൂടെയുണ്ടായിരുന്നു. പിന്നീട് 2019 ല്‍, ഈ നിബന്ധന തീര്‍ന്നതിന് പിറ്റേന്ന് തന്നെ അസിയ കാനഡയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. അതുകൊണ്ട് മാത്രം ഇന്നും അസിയ ജീവനോടെയിരിക്കുന്നു. അത് കൊണ്ട് മാത്രം!

ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു മതനിന്ദാ കേസാണ് അസിയയുടേത്. പുറത്തു വരാത്ത കേസുകളുടെ പുറകെ പോയാല്‍ ഒരുപക്ഷേ ഇതിലും ഭയാനകവും, പൈശാചികവുമായിരിക്കാം കാര്യങ്ങള്‍. എന്തിനാണ് മനുഷ്യര്‍ മനുഷ്യരെ തന്നെ ഇത്രത്തോളം ദ്രോഹിക്കുന്നത്? ആണായാലും പെണ്ണായാലും, വിശ്വാസി ആണെങ്കിലും അവിശ്വാസി ആണെങ്കിലും എന്തിനാണ് ഇവരെല്ലാം ഇത്രത്തോളം ക്രൂരതകള്‍ നേരിടേണ്ടി വരുന്നത്?

കരുണാമയനും കാവല്‍ വിളക്കുമായ ദൈവത്തിന് വേണ്ടിയോ? സമാധാനം മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞു നടക്കുന്ന മതങ്ങള്‍ക്ക് വേണ്ടിയോ?മതത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞ് മനുഷ്യരെ ദ്രോഹിക്കാനുണ്ടാക്കിയ, അവന്റെ വാ മൂടി കെട്ടാനുണ്ടാക്കിയ, മതനിന്ദ കുറ്റങ്ങള്‍ അസിയ ബീബിയിലുമൊതുങ്ങാതെ ഇപ്പോഴും ലോകത്തിന്റെ പലകോണുകളിലും മനുഷ്യരെ കൊന്നു തിന്നു കൊണ്ടിരിക്കുകയാണ്.
ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ദൈവത്തിനും മതത്തിനും വേണ്ടിയുള്ള നിങ്ങളുടെ ഈ നരനായാട്ട്?!


Leave a Reply

Your email address will not be published. Required fields are marked *