ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു


“1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അതേ കാലത്ത് ഇംഗ്ലണ്ടില്‍ ഭാര്യമാരെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന രീതിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കും കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കും മാത്രമല്ല ദുഷ്ടതകളുടെ കുത്തക ഉണ്ടായിരുന്നത്. അത് ലോകമെമ്പാടും ഏറിയും കുറഞ്ഞും ഉണ്ടായിരുന്നു. ഇത് മറച്ചു വെച്ചുകൊണ്ടുള്ള ജാതിപോഷണ വാദമാണ് ഇടതുബുദ്ധിജീവികള്‍ നടത്തുന്നത്”- പി ബി ഹരിദാസന്‍ എഴുതുന്നു.

നമ്പൂതിരിക്ക് മാത്രമാണോ ദുഷ്ടതയുടെ കുത്തക!

ഇടതുപക്ഷ ബുദ്ധിജീവികള്‍ എല്ലാവരേയും വിഷയദാരിദ്ര്യ കെടുതി ബാധിച്ചിരിക്കുകയാണ്. അതെങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചാല്‍ ഈയിടെയായി അവര്‍ സംസാരിക്കുന്ന വിഷയങ്ങള്‍ പരിശോധിച്ചാല്‍ മതി. അവരുടെ സ്വപ്‌നമായ, മാര്‍ക്‌സിസം ലെനിനിസം, സോഷ്യലിസം കമ്മ്യൂണിസം, സമത്വ സുന്ദര ചൂഷണങ്ങളില്ലാത്ത ലോകം എന്നിവയെപറ്റിയുള്ള പ്രഭാഷണങ്ങളോ വിശദീകരണങ്ങളോ, നിങ്ങള്‍ അടുത്തൊന്നും കേട്ടിരിക്കാനിടയില്ല. ഈ വിഷയങ്ങള്‍ എഴുതിക്കൊണ്ട് കോള്‍മയിര്‍ കൊണ്ട് എഴുതുന്ന ഒരു ലേഖനം നിങ്ങള്‍ കണ്ടിരിക്കാനിടയില്ല. അവരുടെ വിഷയം ഇപ്പോള്‍ നങ്ങേലിയുടെ മുലയും, ബ്രാഹ്‌മണ്യവും, വൈക്കം സത്യാഗ്രഹവും തീണ്ടല്‍ പലകയും, അയിത്തോച്ഛാടനവും ഒക്കെയാണ്. സത്യാനന്തരകാലം, പോസ്റ്റ് ട്രൂത്ത്, ഫാഷിസം, കോര്‍പ്പറേറ്റ് ഫാഷിസ്റ്റ് എന്നൊക്കെ സ്ഥാനത്തും അസ്ഥാനത്തും എഴുതി പ്രസംഗിച്ചു പ്രയോഗിച്ചു അവരുടെ പ്രഭാഷണത്തിന്റെ മാറ്റു കൂട്ടാന്‍ ശ്രമിക്കും.

അവര്‍ ഗാന്ധിയിലെ മാര്‍ക്‌സും, ഭഗവത് ഗീതയിലെ കമ്മ്യൂണിസവും ഒക്കെ കണ്ടുപിടിക്കും. ഒരു ബാലന്‍സിങ് നടത്താതെ ഇവര്‍ ഒന്നും എഴുതാറില്ല, സംസാരിക്കാറില്ല. പൊളിറ്റിക്കല്‍ ഇസ്ലാം ഹിന്ദു ഫാസിസം എന്നാണ് പ്രയോഗിക്കുക. കാരണം ഇസ്ലാം ഫാസിസമല്ലല്ലോ. അത് വെറും പൊളിറ്റിക്കല്‍ ഇസ്ലാമാണല്ലോ. ‘തൂക്കിനോക്കുമ്പോള്‍ കൈ വിറക്കാതെ സംസാരിക്കുക’ എന്നത് അവരുടെ ധീഷണക്കു പുറത്താണ്. അത്രക്ക് ബുദ്ധിജീവിത്തം വേണ്ട അത് കഴിഞ്ഞുള്ള ലിബറല്‍ ആയാല്‍ മതി എന്നാണ് മനോഭാവം എന്ന് തോന്നുന്നു. ഭയപ്പെടുന്നത് കൊണ്ടായിരിക്കും.

പക്ഷെ മഹാനുഭാവന്മാരെ നിങ്ങളുടെ കോര്‍ വിഷയം സോഷ്യലിസം എവിടെയും കേള്‍ക്കുന്നില്ലല്ലോ. അതല്ലേ കുറച്ചുകൂടി സേഫ് സോണ്‍. അതില്‍ ഫാസിസമില്ല സമത്വ സുന്ദരമാണ്, മതമില്ല അവിടെ സത്യാനന്തരമില്ല, ബ്രാഹ്‌മണ്യമില്ല ജാതികളില്ല. പക്ഷെ എന്തുചെയ്യാം..? പുതിയ തലമുറ വളരെ വളര്‍ന്നിരിക്കുന്നു. അവര്‍ ഈ ഉട്ടോപ്യ, സോഷ്യലിസം എന്ന ആശയലോകം, ഇഴകീറി അട്ടത്തിട്ടുകൊണ്ടിരിക്കുന്നു. ഇനിയത് കേരളത്തില്‍ സംസാരിക്കണമെങ്കില്‍ പഴയ കോളേജുകാല ധീഷണാ പോരാ. എക്സ്‌പോസ്ഡ് ആയിപ്പോകും.

ഇടതുപക്ഷ ബുജ്ജികള്‍ അവര്‍ കോളേജ് കാലത്ത് പഠിച്ചുവെച്ച അറിവുകള്‍ എഴുതി പ്രസംഗിച്ച് ഒരു ഇമേജ് ഉണ്ടാക്കിയെടുത്തുവെച്ചവരാണ്. സ്വയം അതിലപ്പുറമൊന്നും അപ്‌ഡേറ്റ് ചെയ്തിട്ടുമില്ല. പുതിയ കാലത്തെ ഒരു വലിയ പറ്റം യുവാക്കള്‍ ഗഹനമായ വായനകൊണ്ടും സോഷ്യല്‍ മീഡിയകളിലെ എക്‌സ്‌സ്പോഷര്‍ കൊണ്ടും ഇവരെക്കാള്‍ അറിവും ഉയര്‍ന്ന ധീഷണയിലും എത്തിയവരാണ്. ഇത് നന്നായിട്ടറിയാവുന്നവരാണ് പഴയകാല ഇടതുപക്ഷ ബുദ്ധിജീവികള്‍. ഫലം അവരില്‍ മിക്കവരും കുക്കൂണിലാണ്. ‘ഒരെഴുത്തുകാരന്‍ എല്ലാ കാര്യങ്ങളിലും കേറി നിലപാടുകള്‍ പറയേണ്ടതില്ല’ എന്നൊക്കെയുള്ള മുന്‍കൂര്‍ ജാമ്യം എടുത്തിരിപ്പാണ്.

ജാതി അവരുടെ ധിഷണാ വെയര്‍

മാര്‍ക്‌സിസം, ലെനിനിസം, സോഷ്യലിസം, കമ്മ്യൂണിസം ഒക്കെ എന്നോ മറന്നു. പിന്നെ ഇടക്ക് ഒരോളത്തിനുവേണ്ടി മാര്‍ക്‌സിന്റെ ചില വരികള്‍ എടുത്ത് പ്രയോഗിക്കും. ഇവിടെയാണ് നങ്ങേലിയുടെ മുല, അല്ലെങ്കില്‍ ഇണ്ടന്‍തുരുത്തിമന അല്ലെങ്കില്‍ 1829 ലോ മറ്റോ നിരോധിക്കപ്പെട്ട സതി എന്നീ വിഷയങ്ങളൊക്കെ സേഫ് സോണ്‍ ആയി ഉപയോഗിക്കപ്പെടുന്നത്. ഹിന്ദുക്കളുടെ പഴയ ജാതി ബോധം ആണ് അവരുടെ അവശേഷിക്കുന്ന ധിഷണാ വെയര്‍. നായരെയും നമ്പൂരിയെയും ഈഴവനെയും പരസ്പരം സ്പര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണിപ്പോഴത്തെ പാസ്ടൈം. ഹിന്ദുക്കളില്‍ കാണുന്ന അവരുടെ ഈ പഴയ രോഗത്തെ എങ്ങനെ ഇല്ലാതാക്കാം എന്നതിനെ പ്രതി ഈ ബുദ്ധിജീവികളാരെങ്കിലും എന്നെങ്കിലും ഒരു വരി എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് നോക്കിയാല്‍ മതി. കാണില്ല.

നങ്ങേലിയുടെ മുല, അല്ലെങ്കില്‍ വൈക്കം സത്യാഗ്രഹം, അല്ലെങ്കില്‍ അല്ലെങ്കില്‍ 1829 കളിലെങ്ങോ തടയപ്പെട്ട സതി, ഇതൊക്കെ നൂറാമത്തെ വേദിയിലാണെങ്കിലും പറയാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല, ആവര്‍ത്തന വിരസതയുമില്ല. ആവര്‍ത്തന വിരസത തോന്നാത്തതിന് ഒരുകാരണം ഇവര്‍ നടത്തുന്നത്, നായരെയും ഈഴവനെയും തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ആര്‍ക്കോ വേണ്ടി നടത്തുന്ന കുഴലൂത്താണ് എന്നതുകൊണ്ടാണ്. വേറെ ചിലര്‍ക്ക് വിഷയ ദാരിദ്ര്യമാണ് കാരണം..

മഹാനുഭാവന്മാരെ, ഇവിടെ നിങ്ങള്‍ പ്രാഥമികമായും ഒരു കാര്യം അറിഞ്ഞു സംസാരിക്കുക. നമ്പൂരിയെയും നായരെയും കാട്ടി, ജാതിപറഞ്ഞു, ബ്രാഹ്‌മണ്യം എന്നൊക്കെ നാഴികക്ക് നാല്‍പ്പതുവട്ടം പറഞ്ഞു ‘ലിബറല്‍’ കുപ്പായം തയ്പ്പിച്ചുറപ്പിക്കുന്ന ദളിതരെയും അധഃകൃതരെയും കൈയിലെടുക്കാന്‍ ശ്രമിക്കുന്ന കുഴലൂത്തുകാരെ അറിയുക? ലോകം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലും. മനുഷ്യന്‍ മനുഷ്യനെതിരെ അവമാനീകരണവും ചൂഷണങ്ങളും എല്ലാ സംസ്‌കാരങ്ങളിലും നടന്നിരുന്നു. നിഷ്ടൂര കൊലകള്‍ നടത്തിയിട്ടുണ്ട്. ജെനോസിഡുകള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ തന്നെയാണ് നമ്മള്‍ മനുഷ്യരാശി ഇവിടെ എത്തിയത്. മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ക്രൂരതകള്‍ സമാനമില്ലാത്ത അവമാനീകരണവും ചൂഷണങ്ങളും കേരളത്തില്‍ മാത്രമല്ല നടന്നിരിക്കുന്നത്. ഇതൊക്കെ, ഈ അവമാനീകരിക്കപ്പെടുന്ന പൈശാചിക പെരുമാറ്റങ്ങള്‍ ചൈനയിലുണ്ടായിരുന്നു, യൂറോപ്പിലുണ്ടായിരുന്നു, കാലിഫേറ്റ് ലുണ്ടായിരുന്നു, ആഫ്രിക്കക്കാര്‍ക്കിടയിലുണ്ടായിരുന്നു, നേറ്റീവ് അമേരിക്കക്കാര്‍ക്കിടയിലുണ്ടായിരുന്നു.

ദുഷ്ടതയുടെ കുത്തക ആര്‍ക്ക്?

നമ്പൂതിരിമാര്‍ക്കും കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കും മാത്രമല്ല ഈ ദുഷ്ടതകളുടെ മൊണോപൊളി. സമീപ കാലത്തുമാത്രമാണ്, നമ്മള്‍ നിരന്തരം സംസാരിക്കുന്ന ജീവിച്ചനുഭവിക്കുന്ന മാനവികത, ഒരു പൊതു ബോധമായി ലോകത്ത് ഉയര്‍ന്നുവന്നത്. പല വ്യക്തികളും ഫിലോസഫേഴ്സും കവികളും പല കാലങ്ങളിലും എല്ലാ നാടുകളിലും മാനവികതക്കുവേണ്ടി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പൊതു ബോധമായി ഇതൊക്കെ വന്നത് അടുത്തകാലങ്ങളില്‍ മാത്രമാണ്. ലിബര്‍ട്ടി, ഇക്വാളിറ്റി… എന്നൊക്കെ 1769 ലെ ഭരണഘടനയില്‍ എഴുതിവെച്ച ‘അമേരിക്കയില്‍’ 1955വരെ പോലും Montgomery segregation നിലനിന്നിരുന്നു. അതായത് ബസുകളില്‍ വെള്ളക്കാര്‍ക്ക് മാത്രം എന്ന് മാറ്റിവയ്ക്കപെട്ട സീറ്റുകള്‍ ഉണ്ടായിരുന്നു. അതില്‍ കറുപ്പന്‍ ഇരുന്നുകൂടാ. അഥവാ വെള്ളക്കാരന്‍ വരുമ്പോള്‍ എഴുന്നേറ്റ് പുറകിലെ സീറ്റിലേക്ക് പോണം. പുറകില്‍ സീറ്റ് ഇല്ലെങ്കില്‍ നിന്ന് യാത്രചെയ്യണം. ഇതിനെതിരെയാണ് റോസാ പാര്‍ക്‌സ് പോരാടിയത്. 1956 ല്‍ മാത്രമാണ് അലബാമയിലെ സുപ്രീം കോടതി ഇത് ഭരണഘടനാവിരുന്ധമായി പ്രഖ്യാപിക്കുന്നത്. 1955 ല്‍ Emmett Till എന്ന ആഫ്രിക്കന്‍ യുവാവിനെ വെള്ളക്കാര്‍ തല്ലിക്കൊന്നു (lynched). കാരണം വെള്ളക്കാരി കടയുടമയോട് കറുപ്പന്‍ പെരുമാറേണ്ട ചട്ടം ലംഘിച്ചുവത്രേ. ‘violated the unwritten code of behavior for a black male interacting with a white female’ എന്നാണ് വിശദീകരണം. കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോള്‍ ഇതൊക്കെ ഒന്ന് ഓര്‍ക്കുക.

അതുകൊണ്ട് ജാതിക്കെതിരെ സംസാരിക്കേണ്ട എന്നാണോ. അല്ല. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന ഭാഷകളില്‍ ജനതയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതികളില്‍ നിങ്ങള്‍ സംസാരിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. അത്രമാത്രം. ഈ ചരിത്രമൊക്കെ സമൂഹമനസ്സുകളില്‍ കൊണ്ടുവരേണ്ടതുണ്ട് എന്നാണെങ്കില്‍ മഹാനുഭാവ, ഇണ്ടംതുരുത്തി മനയെ കുറിച്ചോ എന്റെ നാട്ടുകാര്‍ പാലിച്ചിരുന്ന പാലിച്ചിരുന്ന 36 അടിഅകലത്തെ കുറിച്ചോ, 64 അടി അകലത്തെ കുറിച്ചുമൊക്കെ, അറിവില്ലാത്ത യുവാക്കളിന്ന് കേരളത്തില്‍ കുറവാണ്. നിങ്ങള്‍ അത്രയധികം തവണ ഈ വിഷയം ആവര്‍ത്തിച്ചിട്ടുണ്ട്. പുതു തലമുറയിലേക്ക് ഒരു വിഷമായി വളരാന്‍ ഇടയാക്കികൊണ്ടു അതിനിയും നിരന്തരം ആവര്‍ത്തിക്കേണ്ടതില്ല.

മഹാനുഭാവന്മാരെ, നമ്പൂരിയെയും നായരെയും കാട്ടി, ജാതിപറഞ്ഞു, ദളിതരെയും അധഃകൃതരെയും കൈയിലെടുക്കാന്‍ ശ്രമിക്കുന്ന കുഴലൂത്തുകാരെ, അറിയുക എല്ലായിടത്തും, ലോകം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. ഇത് നമ്പൂരിമാത്രം നടത്തിക്കൊണ്ടിരുന്ന കപടതകളും ക്രൂരതകളും അല്ല. ഇത്തരമോ അതിലധികമോ ആയ മനുഷ്യന്‍ മനുഷ്യനോട് ചെയ്തിരുന്ന നിഷ്ടൂരതകള്‍ എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ സംസ്‌കാരങ്ങളിലും നടന്നിരുന്നു. അപര ബഹുമാനം സാപിയന്‍സ് എന്ന ജീവിക്ക് അന്യമാണ്. അന്നും ഇന്നും.

രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കിയ കൂട്ടക്കുരുതികളും ദുരന്തങ്ങളും അതുപോലുള്ള പൈശാചികതയും നിഷ്ടൂരതകളും കണ്ടാണ് മനുഷ്യരുടെ പൊതു ബോധത്തില്‍ മാനവികത പതിയെ എത്തിയത്. ഇവക്കെതിരെയുള്ള പരക്കെയുള്ള പൊതു ബോധം ഉണ്ടായത് ഈ അടുത്ത പതിറ്റാണ്ടുകളില്‍ മാത്രമാണ്. വസുധൈവ കുടുംബകം, ‘Liberté, Egalité, Fraternité’ എന്നൊക്കെ പലകാലങ്ങളില്‍, അരിസ്റ്റോട്ടിലിന്റെ കാലം മുതല്‍ അല്ലെങ്കില്‍ ഒരു പക്ഷെ വേദങ്ങളിലുമൊക്കെ പ്രഘോഷിച്ചിരിക്കാം, പക്ഷെ ഇതൊക്കെ സാമാന്യ പൊതു ബോധങ്ങളില്‍ അന്താരാഷ്ട്ര പൊതു ബോധങ്ങളില്‍ പാലിക്കപ്പെടുന്ന നിയമവ്യവസ്ഥകളില്‍ ഉള്‍ക്കൊണ്ടത് അടുത്ത ദശകങ്ങളില്‍ മാത്രമാണ് (ഇനിയും വലിയ പല ജന വിഭാഗങ്ങളിലും ഇതൊക്കെ അന്യമാണ് ).

കമ്മ്യൂണിസ്റ്റ് പൈശാചികതകള്‍ ലോകം അറിഞ്ഞതിന് ശേഷമാണ്, ജൂത കൂട്ടക്കൊലകള്‍ മനുഷ്യ മജ്ജയില്‍ കേറിയതിനു ശേഷമാണ്, അര്‍മേനിയന്‍ കാട്ടാളത്തം പൊതുബോധത്തില്‍ കയറിയതിനു ശേഷം മാത്രമാണ്, ഇതുപോലുള്ള ദുരന്തങ്ങള്‍ ദുഷ്ടതകള്‍ നിരന്തരം ഉണ്ടായപ്പോഴാണ്, മനുഷ്യന്‍ മനുഷ്യനെതിരെ തിരിഞ്ഞു നശിപ്പിക്കുന്നതിലെ ഗോത്രീയതകള്‍ ബാലിശതകള്‍ നിഷ്ഫലതകള്‍ നിഷ്ടൂരതകള്‍ പൊതു ബോധത്തില്‍ സന്നിവേശിക്ക പെട്ടത്. ചര്‍ച്ചയില്‍ വന്നത്. അതുകൊണ്ട് നമ്പൂതിരിയെ, ഇന്ത്യയിലെ ജാതീയതയെ, നിരന്തരം ചൊറിഞ്ഞുകൊണ്ട് നിങ്ങള്‍ ലിബറല്‍ കുപ്പായം തയ്പ്പിക്കാന്‍ നോക്കേണ്ട.

ഭാര്യമാരെ ചന്തയില്‍ വിറ്റ ഇംഗ്ലണ്ട്!

ഇന്ത്യയില്‍ സ്ത്രീക്ക് സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിരുന്നതിനെചൊല്ലി നമ്മള്‍ വളരെ ആകുലപെട്ടു. 1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ അവതരണം നടത്തി. നമ്മള്‍ വിപ്ലവം നടത്തി. എന്നാല്‍ അറിയുക അതേ കാലത്ത് ഇംഗ്ലണ്ടില്‍ ഭാര്യമാരെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന രീതി നടന്നിരുന്നു. ‘The last recorded case of wife selling in England was in 1913’. സ്വന്തം ഭാര്യയെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന കാര്യമാണ് പറയുന്നത്. പോരാ ആ സ്ത്രീയുടെ കഴുത്തില്‍ ഒരു കയറും കെട്ടി (‘halter around her neck’) നടത്തികൊണ്ടുവന്ന് ചന്തയില്‍ ലേലം ചെയ്ത് വില്‍ക്കുക എന്ന പരിപാടി ജനാധിപത്യത്തിന്റെ മാതൃ രാജ്യത്ത് 1913 വരെപോലും നടക്കുമായിരുന്നു എന്ന്. ‘The auction was often a public event, with people gathering to watch and bid’. ‘It was most common in England and Wales during the 17th and 18th centuries.’ (Google). നമ്മള്‍ മനുഷ്യര്‍ ഇങ്ങനെയൊക്കെ ആയിരുന്നു. നമ്പൂതിരി മാത്രമല്ല.

വൈക്കം സത്യാഗ്രഹം 1924 ലാണ് നടന്നത്. പക്ഷെ 1928 ല്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത് എന്നോര്‍ക്കുക. 1920 ല്‍ അമേരിക്കന്‍ സ്ത്രീക്ക് വോട്ടവകാശം ലഭിച്ചു എങ്കിലും യൂണിവേഴ്‌സല്‍ സഫേറേജ്, പ്രായപൂര്‍ത്തി വോട്ടവകാശം 1965 ല്‍ മാത്രമാണ് അമേരിക്കകാരന് ലഭിച്ചത്. എന്നാല്‍ 36 അടിയകലം പാലിച്ചിരുന്ന എന്റെ മുത്തശ്ശി 1952 ല്‍ തന്നെ വോട്ടവകാശം രേഖപ്പടുത്തിയിരുന്നു. (1965 നു മുന്‍പ് അമേരിക്കയില്‍ ലിറ്ററസി, പ്രോപ്പര്‍ട്ടി ടാക്‌സ് അടക്കുന്നവര്‍, എന്നിങ്ങനെ വോട്ടവകാശത്തിന് മേല്‍ ചില പരിമിതപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ‘The Voting Rights Act of 1965 was a landmark piece of legislation that prohibited racial discrimination in voting’…

അപ്പോള്‍ 1965 ല്‍, ഇന്ത്യയില്‍ സതി എന്ന ദുഷ്ടത നടന്നതിനെ കുറിച്ച് നിങ്ങള്‍ പഠിച്ചിരിക്കും. എന്ന് പറഞ്ഞാല്‍ പോരാ നമ്മുടെ ചില പ്രസംഗ തൊഴിലാളികള്‍ ഇത് ഒരു നൂറാമത്തെ വേദിയിലോ കൂടുതലോ ജാള്യത കൂടാതെ അവതരിപ്പിച്ചിട്ടുണ്ട്. 1829 ല്‍ നിരോധിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ ഇവിടെ അറിയേണ്ട കാര്യമെന്തെന്നാല്‍ സതിക്കു സമാനമായ ക്രൂരതകള്‍ ലോകത്തെ പല സംസ്‌കാരങ്ങളിലും നടന്നിരുന്നു. ചൈനയില്‍ പതിവായിരുന്നു, ലാറ്റിനമേരിക്കയിലെ കൊളംബിയയില്‍ പെറുവില്‍ പഴയ ഈജിപ്തില്‍ വൈക്കിങ് സംസ്‌കാരത്തില്‍ ഒക്കെ ഇതിനു സമാനമായ കൊലകള്‍ നടന്നിരുന്നു. ചൈനയിലെ കാര്യമാണ് ഭീതിജനകം. ചൈനക്കാര്‍ അതിനെ shangqin എന്നാണ് പറയുന്നത്. ‘ascending to the grave’, കുഴിമാടത്തിലേക്കു കയറല്‍. ഭാര്യയെ മാത്രമല്ല ഒരുപാട് ജീവനുകളെ, മരിച്ച പ്രഭുവിനൊപ്പം ജീവനോടെ വയസ്സന്റെ കുഴിമാടത്തില്‍ ഇടുമായിരുന്നു. ‘The number of individuals buried with a high-ranking official or landowner could vary. It ranged from a few concubines or attendants to significant numbers of people, depending on the wealth and status of the deceased’. പരലോകത്ത് ഇവരുടെയൊക്കെ സേവനം തുടന്നും ലഭിക്കാന്‍ വേണ്ടിയായിരുന്നത്രെ. ‘in 1910, a British missionary named Arthur H. Smith wrote about a case in which a woman in Henan province was buried alive with her husband’. വർഷം ശ്രദ്ധിക്കുക – 1910.

അറ്റ്‌ലാന്റിക് ചാറ്റല്‍ സ്ലേവറി, സ്ലേവ് ട്രേഡ് കാലത്ത് മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ഹീനതകള്‍, പറഞ്ഞുതുടങ്ങിയാല്‍ ഇവിടെ തീണ്ടല്‍ പലകകളൊക്കെ എത്ര നിസ്സാരം. അടിമകളെ ആണികള്‍ (സ്‌പൈക്‌സ്) തറച്ചുവെച്ച വീപ്പകളില്‍ കിടത്തി കുന്നിന്‍ മുകളില്‍ നിന്നും താഴോട്ട് ഉരുട്ടിവിടുക എന്ന് പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കണം. എന്നും വൈകിയിട്ട് പൊറുക്കാനും മാപ്പാക്കാനും പ്രാര്‍ത്ഥിക്കുന്ന (vespers), ദൈവത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും സ്‌നേഹത്തിനും സംരക്ഷണത്തിനും നന്ദിപറയുന്ന, വ്യക്തികളാണ് അടിമകളെ ജീവനോടെ കെട്ടിത്തൂക്കി ചാട്ടവാറുകൊണ്ട് അടിച്ചു് കെട്ടിത്തൂക്കി മരിച്ച്, അഴുകിയാലും താഴെ ഇറക്കാതെ മറ്റടിമകള്‍ക്ക് ഭീതിപരത്തി കാണിക്കാന്‍ അവിടത്തന്നെ നിലനിര്‍ത്തുമായിരുന്നത്.

ചാറ്റല്‍ സ്ലേവറിയിലെ ക്രൂരതകള്‍ കണ്ണുനനയാതെ നിങ്ങള്‍ക്ക് വായിക്കാനാവില്ല. തോമസ് ജെഫേഴ്‌സണ്‍ എന്ന അമേരിക്കന്‍ പ്രെസിഡന്‍ഡ്‌ന് അടിമകള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അദ്ദേഹത്തിന് അടിമ സ്ത്രീയില്‍ (Sally Hemings), കുട്ടികള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ആ കുട്ടികള്‍ അടിമകളായി തന്നെയായിരുന്നു ജീവിച്ചത് എന്ന് കൂടി അറിയുക. (പിന്നീട് അദ്ദേഹത്തിന്റെ വെള്ളക്കാരി മകള്‍ മാര്‍ത്ത ജെഫേഴ്‌സണ്‍ ആണ് ജെഫേഴ്‌സണ്‍ ജന്മം കൊടുത്ത അടിമകള്‍ക്ക് മോചനം കൊടുത്തത്. അച്ഛന്‍ ജെഫേഴ്‌സണ്‍ ഇങ്ങനെ അടിമ സ്ത്രീയില്‍ കുട്ടികളെ ഉണ്ടാക്കിയ കാര്യം ഒരിക്കലും ഏറ്റുപറഞ്ഞിരിക്കുന്നില്ല).

വെള്ളക്കാരുടെ സ്‌ളേവ് ബ്രീഡിങ്ങ് പ്രോഗ്രാം!

ഇന്ത്യക്കാരുടെ ജാതി വ്യവസ്ഥയെ നികൃഷ്ടമായി കരുതിയിരുന്ന വെള്ളക്കാരന്‍ അതേകാലത്താണ് ‘slave breeding programs’ നടത്തിയിരുന്നത്. അതായത് നല്ല ആരോഗ്യമുള്ള അടിമകള്‍ ഉണ്ടാകാന്‍ ഒരു ബുള്‍ അടിമയെ കൊണ്ട് അടിമസ്ത്രീകളില്‍ പ്രജനനത്തിനായി ഉപയോഗിക്കുക. സ്‌ളേവ് ബ്രീഡിങ് ഫാംസ് പലയിടത്തും ഉണ്ടായിരുന്നു. Slave breeding was a system of forced reproduction used by slave owners to increase their slave populations. Selecting the best breeding stock. Slave owners would often select slaves who were strong, healthy, and fertile. They would also look for slaves who had desirable physical characteristics, such as light skin and straight hair. The practice of slave breeding was finally outlawed in the United States after the Civil War, അതായത് 1865 ല്‍. തിരൂരിനും ബേപ്പൂരിനും ഇടക്ക് തീവണ്ടികള്‍ ഓടി തുടങ്ങിയ കാലത്തുവരെ ഇതൊക്കെ നടന്നിരുന്നു എന്ന്.

അടിയാന്‍ തിരുവോണദിവസം പട്ടിണി കിടന്നു എന്നറിഞ്ഞ ഇല്ലത്തെ കാരണവര്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞ്, ഇന്നും തിരുവോണ ദിവസം ഒന്നും കഴിക്കാതെ ഇരിക്കുന്നതും, നിങ്ങള്‍ നാവെടുത്തല്‍ ധ്വംസിക്കുന്ന നമ്പൂതിരി ചെയ്യുന്നതാണ്. ‘കച്ചകപടം’, ആയതിനാല്‍ കച്ചവടം ചെയ്യാന്‍ വിസമ്മതിച്ച നമ്പൂതിരികളുടെ നാടും കൂടിയാണിത്.

The Universal Declaration of Human Rights (UDHR) was adopted and proclaimed on December 10, 1948, എന്നാല്‍ ഇതൊന്നും പേരിനുപോലും ഉള്‍ക്കൊള്ളുകയോ പാലിക്കുകയോ നടപ്പാക്കുകയോ ചെയ്യാത്ത ഒരു വിഭാഗമുണ്ട്. അത് അഖിലലോക കമ്മ്യൂണിസ്റ്റുകാരാണ്. അവരെ കേരളത്തില്‍ ഇന്നും കൊണ്ടുനടക്കുന്ന ബുദ്ധിജീവികളാണ്, തീണ്ടാപലകകളെക്കുറിച്ചും ബ്രഹ്‌മണ്യത്തെക്കുറിച്ചും ഏറെ വാചാലരായിരിക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. കാരണമെന്താണ്? -വിഷയദാരിദ്ര്യം.

ഇന്റലെക്ട്ച്വല്‍ ഹോണസ്റ്റി അവര്‍ക്കൊരിക്കലും ഒരു ബാധ്യത ആയിരുന്നില്ല. കൊലപാതകികളായ ചെഗുവേരയുടെയും സ്റ്റാലിന്റെയും, ചിത്രങ്ങള്‍ക്ക് താഴെ നിന്ന് അവര്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും. ചെഗുവേരയുടെയും സ്റ്റാലിന്റെയും ഫോട്ടോക്ക് താഴെ നിന്ന് വ്യക്തിസ്വാതന്ത്ര്യത്തിന്റെ മൂര്‍ത്തിഭാവമായ അംബേദ്ക്കറെ കുറിച്ച് സംസാരിക്കും. പോരാ അടുത്ത വേദിയില്‍ ചെന്ന് ഒരു പീഡ എറുമ്പിനും വരുത്തരുതെന്ന ഗുരുവചനം ഒരുളുപ്പുമില്ലാതെ ഇവര്‍തന്നെ മധുര മനോജ്ഞമായി പ്രസംഗിക്കും. ഇവര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ഒരു പ്രത്യേക സ്പീഷീസ് സുകളാണ്.

ആവര്‍ത്തിക്കുന്നു ആഗ്രഹിക്കുന്നു സമൂഹം മറന്നുകൊണ്ടിരിക്കുന്ന ജാതി എന്ന വ്യാധിയെ പുതു തലമുറയിലേക്ക് ഇനിയും കയറ്റിവിട്ടുകൊണ്ടിരിക്കരുത്. അത് സമൂഹമനസ്സുകളില്‍ നിന്ന് മറഞ്ഞുകൊണ്ടിരിക്കുകയാണ്. ജാതിയെ കുറിച്ച് അധികം ഗൗനിക്കാതെ, അലോസരപ്പെടാതെ (സദാ മൊബൈലില്‍ നോക്കി) വളര്‍ന്നു വരുന്ന വരാണ് പുതിയ തലമുറ. ജാതിയെ അപ്രത്യക്ഷമാകാന്‍ അനുവദിക്കുക. ആവര്‍ത്തിച്ചു് നിരന്തരം അതിനെ ചൊറിഞ്ഞു തടിപ്പിച്ചുകൊണ്ടിരിക്കല്ലേ. വിഷയ ദാരിദ്ര്യമാണെങ്കില്‍ സ്റ്റാലിന്റേയും മാവോയുടേയുമൊക്കെ ജീവചരിത്രത്തിലെ ത്യാഗങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാമല്ലോ. ‘സ്റ്റേറ്റ് വില്‍ വിതെര്‍ എവേ’ സംഭവിക്കുന്ന നല്ലകാലത്തെ കുറിച്ച് വിശദീകരിച്ച് സംസാരിക്കാമല്ലോ.