ആള്‍ദൈവം അല്ലാതൊരു ദൈവമില്ല


(1) അഞ്ച് കോടിയിലേറെ അംഗങ്ങളുള്ള ദാരാ സച്ച സൗദാ മതനേതാവായ ഗുര്‍മീത് റാം റഹിംസിംഗ് എന്ന ബിനാമി ദൈവത്തെ മാനംഭഗക്കേസിന് ശിക്ഷിച്ചപ്പോള്‍ സഹിക്കാനാവാതെ അനുയായികള്‍ ഉത്തരേന്ത്യയില്‍ നിലവിട്ട് പെരുമാറി. നിരവധി സംസ്ഥാനങ്ങളില്‍ പട്ടണങ്ങളുംവസ്തുവകകളും അഗ്നിക്കിരയാക്കപ്പെട്ടു, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. കലാപത്തില്‍ 38 പേരുടെ ജീവന്‍ നഷ്ടപെട്ടു, ആയിരത്തിലധികംപേര്‍ സാരമായ പരിക്കുകളുമായി ആശുപത്രിയിലായി. ഭക്തരായ യുവതികളെ മാനഭംഗപ്പെടുത്തിയെന്നതായിരുന്നു ഗുര്‍മീതിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. വേറെയും കേസുകള്‍ ഇയാള്‍ക്കെതിരെ ഇപ്പോഴും നിലനില്‍ക്കുന്നു. (2) പരാതിപ്പെട്ടത് ഭക്തര്‍, ശിക്ഷ വിധിച്ചപ്പോള്‍ നാടെങ്ങും ഹിംസ ചൊരിഞ്ഞതും ഭക്തര്‍! കോടതിയില്‍ പൊട്ടിക്കരയുന്ന ദൈവം, അത് കണ്ട് തേങ്ങലടിക്കുന്ന ഭക്തര്‍. ദൈവങ്ങളോടുള്ള ഭക്തനിലപാട് എല്ലായിടത്തും എക്കാലത്തും സമാനമാണ്. ഉത്തരേന്ത്യ അകലെയായതിനാലും കേരളത്തില്‍ ഗുര്‍മീതിന് അനുയായികള്‍ ഏറെയില്ലാത്തതിനാലും കേരളത്തിലെ പത്രമാധ്യമങ്ങളും സാംസ്‌ക്കാരികനായകരും ആള്‍ദൈവങ്ങള്‍ക്കെതിരെ ഘോരഘോരമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു ബോധംകെട്ടു. ഗൂര്‍മീത് ആള്‍ദൈവം ആയതുകൊണ്ടാണ് തങ്ങള്‍ ഇങ്ങനെ ചവിട്ടിക്കുഴയ്ക്കുകയും ഒച്ചയിടുകയും ചെയ്യുന്നത് എന്ന ന്യായീകരണവും അവര്‍ മുന്നോട്ടുവെച്ചു. (3) ആള്‍ദൈവം അല്ലാതെ ഒരു ദൈവമില്ല, അതിലും വലിയൊരു ശക്തിയില്ല! ഏതൊരു ദൈവവിശ്വാസിയും അവശ്യം തിരിച്ചറിയേണ്ട തണുത്ത സത്യം! പോത്തുകളുടെ ദൈവം ഒരു ‘സൂപ്പര്‍പോത്ത് ‘ ആയിരിക്കും എന്നതുപോലെ മനുഷ്യന്റെ ദൈവങ്ങളൊക്കെ സൂപ്പര്‍മനുഷ്യരായിരിക്കും. ജീവിച്ചിരുന്നവരും ജീവിച്ചിരിക്കുന്നവരും അക്കൂട്ടത്തിലുണ്ടാവും. മനുഷ്യര്‍ തുണിയുടുക്കുന്നതും ഇണചേരുന്നതും പണമിടപാട് നടത്തുന്നതും ഒളിഞ്ഞിരുന്ന് കാണുകയും തന്നിഷ്ടപ്രകാരം വിധി പറയുകയും ചെയ്യുന്ന ഇവരെല്ലാം അവരെല്ലാം മനുഷ്യന്റെ രൂപഭാവവികാരവിചാരവിശേഷങ്ങളുള്ള അരൂപിയോ സരൂപിയോ വിരൂപിയോ ആയ ചില മനുഷ്യരായിരിക്കും. നിര്‍ഗുണിയായ ദൈവംപോലും ഉപാസന ഇഷ്ടപെടുന്നുവെന്ന് മതസാഹിത്യം സാക്ഷ്യപ്പെടുത്തുന്നു. അതായത് എല്ലാ ദൈവങ്ങളും ആള്‍ദൈവങ്ങള്‍ തന്നെയാകുന്നു. ദൈവം എന്ന് പറഞ്ഞാല്‍ മതിയാകും, ഡെക്കറേഷന്റെ ആവശ്യമില്ല. (4) മനുഷ്യ നിര്‍മ്മിതദൈവങ്ങള്‍ക്കെല്ലാം പൊതുവെ രണ്ട് തലങ്ങളുണ്ട്-ഉടമസ്ഥനും ബിനാമിയും. ബിനാമി അടിസ്ഥാനത്തിലാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. തിരശ്ശീലയ്ക്ക് പിറകിലുള്ള ഉടമസ്ഥന്‍ ആള്‍ദൈവം ഒരിക്കലും പുറത്തുവരില്ല. ടിയാന്‍ അരൂപിയും അദൃശ്യനും അണ്‍ഫോര്‍ചുനേറ്റുമൊക്കെ ആയിരിക്കും. സദാ ഇറങ്ങി കളിക്കുന്നത് ബിനാമിയാണ്. ഭക്തരുടെ കടപ്പാടും വിധേയത്വവും ബിനാമിയോട്. താനൊരു വ്യാപാരപ്രതിനിധി മാത്രമാണെന്നും എല്ലാം തീരുമാനിക്കുന്നത് കമ്പനി ആയ അരൂപിയാണ് എന്നതാണ് ബിനാമികളുടെ ഇഷ്ടനിലപാട്. താന്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ കമ്പനിദൈവത്തിന്റെ ഇച്ഛപ്രകാരമാണെന്ന് അയാള്‍ അവകാശപ്പെടും. (5) നിസ്സഹായനും നിരുപദ്രവിയും മിണ്ടാപ്രാണിയുമായ കമ്പനിദൈവം ഒരിക്കലും പുറത്തുവരില്ല എന്ന ബോധ്യം ബിനാമികള്‍ക്കുണ്ട്. ഫലത്തില്‍ ബിനാമികള്‍ തന്നെയാണ് കമ്പനി! ചുരുക്കിപറഞ്ഞാല്‍, കമ്പനി ഉണ്ടെങ്കില്‍ ബിനാമിയില്ല; തിരിച്ചും. ബിനാമികള്‍ പൊതുവെ രണ്ടുതരം-പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും. പലരും ചരിത്രത്തിന്റെ ഭാഗമാണ്. ആധാര്‍കാര്‍ഡും പാസ്‌പോര്‍ട്ടുമുള്ള ജീവിക്കുന്ന മനുഷ്യരായി മറ്റ് ചിലര്‍. സ്വന്തംനിയമങ്ങളെ ഏറെ സ്‌നേഹിക്കുന്ന ഇവര്‍ക്ക് സമൂഹനിയമങ്ങള്‍ അസഹനീയം. ഭക്തരെല്ലാം മാനസികവിഹ്വലതയുടെയും ഉന്മാദത്തിന്റെയും വിവിധ തലങ്ങളിലാണ്. കമ്പനിദൈവം വിസ്തരിക്കപ്പെട്ടാല്‍ ടെലിവിഷനില്‍ വാര്‍ത്ത കാണുന്ന സീരിയല്‍പ്രേമികളുടെ ഉദാസീനത അവരില്‍ കളിയാടിയെന്നുവരാം. പക്ഷെ ബിനാമിദൈവത്തെ തൊട്ടാല്‍ കളിമാറും. (6) ബിനാമിഭക്തര്‍ അപസ്മാരബാധിതരായി തുള്ളിത്തകര്‍ക്കും. വിമര്‍ശകരെ വികലാംഗരാക്കാതെ പിന്നെയവര്‍ക്ക് സ്വസ്ഥതയില്ല. നീക്കംചെയ്യപ്പെടുന്ന അവയവം ശിരസ്സാണെങ്കില്‍ അതി ഉത്തമം. അതൊന്നും സാധിച്ചില്ലെങ്കില്‍ കൊള്ളയും തെരുവുകത്തിക്കലുമായി സ്വയംനിയന്ത്രിക്കും. ഈ സവിശേഷ മനോരോഗത്തിന് ഭക്തി, ഈശ്വരവിശ്വാസം എന്നൊക്കെ ഓമനപ്പേരുകളുണ്ട്. ആത്മസുരക്ഷിതത്വത്തിന് വര്‍ദ്ധിച്ച പ്രാധാന്യം കല്‍പ്പിക്കുന്ന ബിനാമിഭക്തര്‍ ഹിംസയും ഉന്മാദവും വാക്കിലുംചിന്തയിലും പൊതിഞ്ഞുവെക്കും. സമാധാനപ്രിയര്‍, മിതവാദികള്‍, ബുദ്ധിജീവികള്‍ എന്നൊക്കെ ഇക്കൂട്ടര്‍ സ്വയം അടയാളപ്പെടുത്താറുണ്ട്. (7) ഗുര്‍മീതിന്റെ നൂറിരട്ടി അപകടകാരികള്‍ എന്ന് ചരിത്രം സംശയാതീതമായി സാക്ഷ്യപ്പെടുത്തുന്ന ആള്‍ദൈവഭക്തരെല്ലാംകൂടി ഗുര്‍മീതിനെ പൊങ്കാലയിട്ട കാഴ്ച അതിമനോഹരമായിരുന്നു. അന്യന്റെദൈവം ആള്‍ദൈവം, സ്വന്തംദൈവം ഓള്‍ദൈവം എന്ന മുദ്രാവാക്യവുമായി ആള്‍ദൈവാരാധകര്‍ ആള്‍ദൈവാരാധകരെ തകര്‍ത്തടിച്ചു. ഫാസിസ്റ്റിനെ നേരില്‍ക്കാണാന്‍ ഒരു നിലക്കണ്ണാടി മതിയാകും എന്ന അവസ്ഥയിലും ഫാസിസ്റ്റുകളുമായി കൈകോര്‍ത്ത് ഫാസിസ്റ്റ് വിരുദ്ധനൃത്തം ചെയ്യുന്നവരുടെ വന്യമായ താളക്രമമാണ് അവിടെ പ്രകടമായത്. ”ആള്‍ദൈവത്തിന് 20 വര്‍ഷം ശിക്ഷ” എന്നായിരുന്നു ഒരു പ്രമുഖ ബിനാമി ആള്‍ദൈവപത്രത്തിന്റെ തലക്കെട്ട്. ‘നുമ്മ ആള്‍ദൈവം ആള്‍ദൈവമല്ല, ദൈവത്തിന്റെ ആളാണ് ‘എന്നതായിരുന്നു വാര്‍ത്തയുടെ രത്‌നചുരുക്കം. (8) വര്‍ദ്ധിച്ച ഹിംസാത്മകതയും ധനശേഷിയും ഉള്ളവര്‍ക്ക് ജയില്‍വാസംപോലും ആസ്വാദ്യകരമായിരിക്കും. സമാനമാണ് ആള്‍ദൈവങ്ങളുടെ കാര്യവും. ‘തങ്കപ്പന്‍ ആള്‍ദൈവം’ ഒഴികെ മറ്റെല്ലാവരെയും വാരിക്കൂട്ടി നിലത്തടിക്കാന്‍ മടിക്കാത്തവരുണ്ട്. അതെന്താ അങ്ങനെ എന്നുചോദിച്ചാല്‍ തങ്കപ്പന്‍ദൈവത്തിനും ഭക്തര്‍ക്കും വിമര്‍ശനം ഒട്ടും സഹിക്കാനാവില്ല, നിയന്ത്രണംവിട്ട് അവര്‍ എന്തെങ്കിലുമൊക്കെ ചെയ്തുകളയും എന്നായിരിക്കും ഗുപ്തവിശകലനം. മതിയായ തോതില്‍ അസഹിഷ്ണുതയും ഹിംസയും പ്രകടിപ്പിച്ചാല്‍ ഭാവിയില്‍ ഗുര്‍മീതിനെയും തങ്കപ്പനാക്കാം എന്ന് സാരം. ഗുര്‍മീത് അവരുടെ കണ്ണില്‍ അത്രയ്ക്ക് അങ്ങോട്ട് ആയിട്ടില്ല! (9) ബിനാമി ഭക്തര്‍ക്കിയിലുള്ള ഭീകരതര്‍ക്കങ്ങള്‍ മാരകമാണ്. കാള പ്രസവിക്കുമ്പോള്‍ എത്ര കുട്ടികള്‍ എന്നതാണ് മുഖ്യ തര്‍ക്കവിഷയം. അതായത്, കമ്പനിദൈവങ്ങളുടെ എണ്ണമെത്ര?! ഒന്നേ ഉള്ളുവെന്ന് ചിലര്‍. അതല്ല പലതുണ്ടെന്ന് മറ്റൊരു കൂട്ടര്‍. കമ്പനിദൈവത്തിന്റെ എണ്ണംകുറഞ്ഞുവന്നാല്‍ അത് പുരോഗമനത്തിന്റെ അടയാളമാണുപോലും. പലദൈവം, ബഹുദൈവം, ദശദൈവം, ഇരുദൈവം, ഒരു ദൈവം, മുക്കാല്‍ദൈവം, അരദൈവം, കാല്‍ദൈവം…. എന്നിങ്ങനെ പോകുന്ന പുരോഗമനം പൂര്‍ത്തിയാക്കാന്‍ ഇവര്‍ സമ്മതിക്കുകയുമില്ല!  ഈ പ്രപഞ്ചത്തില്‍ മുഴുവന്‍ സംഭവങ്ങളും ബഹുകാരണസംബന്ധിയാണ്. ഏകകാരണം അസംബന്ധവും യുക്തിരഹിതവുമായതിനാല്‍ കമ്പനി-ബിനാമിദൈവങ്ങളുടെ കാര്യത്തിലാണെങ്കില്‍പോലും ഒരെണ്ണം മാത്രം എന്ന ഉത്തരം ലഭ്യമായതില്‍ ഏറ്റവും യുക്തിഹീനമായ ഒന്നായിരിക്കും. മനുഷ്യപിന്തുണയാല്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് നശിപ്പിക്കാന്‍ പല കാലങ്ങളില്‍ പലതരം ദൈവങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നോര്‍ക്കുക. ‘ഞാന്‍’ ഒന്നേയുള്ളൂ, പക്ഷെ ഭൂമിയില്‍ മാത്രം 750 കോടി ‘ഞാനുകള്‍’ ഉണ്ട്. (10) ഗുര്‍മീത് കുറ്റവാളിയാണെന്ന് കോടതി വിധിച്ചതാണ് വാര്‍ത്തയായത്. കാലദേശങ്ങളുടെ സവിശേഷതകള്‍ പുരാതന ബിനാമികള്‍ക്ക് അനുഗ്രഹമായി. ഭൂരിപക്ഷവും വിസ്മൃതമായപ്പോള്‍ കുറെപ്പേര്‍ അതിജീവിച്ചു. എന്റെ പുന്നാരദൈവത്തെ ശിക്ഷിച്ചില്ലല്ലോ എന്ന് ആശ്വസിക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും അവകാശമുണ്ട്. ഗുര്‍മീതിന് ശിക്ഷ വിധിച്ചത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്. മറ്റ് മുത്തുകളുടെ കാര്യത്തില്‍ അതിന് സാധിക്കാതിരുന്നതാണ് മനുഷ്യരാശിക്ക് ലഭിച്ച പരമമായ ശിക്ഷ. ശിക്ഷിക്കപ്പെട്ടവരല്ല പുറത്ത് വിഹരിക്കുന്ന കുറ്റവാളികളാണ് യഥാര്‍ത്ഥ ഭീഷണിയെന്ന് തിരിച്ചറിയപ്പെടണം; ശിക്ഷിക്കപ്പെടാത്ത കുറ്റങ്ങള്‍ എക്കാലത്തും ക്രിമിനലുകളെ ആവേശംകൊള്ളിച്ചിട്ടുണ്ടെന്നും.

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *