സംവരണത്തിൻറെ മുന്തിരിച്ചാറ്


രാജ്യത്തെ മുന്നാക്ക ജാതികളില്‍ പെട്ട് സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധത്തില്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യം തന്നെയാണിത്. ജാതിയുംമതവും വെച്ച് കളിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. സംവരണം എന്ന സമത്വവിരുദ്ധമായ ആശയം രാജ്യത്താകമാനം ആളിപ്പടരും എന്നു സാരം.

സംവരണ സമവാക്യങ്ങള്‍, ജാതിപ്പൂക്കള്‍ തുടങ്ങിയ അവതരണങ്ങള്‍ യാഥാര്‍ത്ഥ്യ പരിശോധനകളായിരുന്നു. ജാതിസംവരണം എന്ന ആശയം ഇന്ത്യന്‍ രാഷ്ട്രീയത്തെ എങ്ങനെ ഗ്രസിക്കുമെന്നും രാജ്യത്ത് ജാതി സംവരണം ഏത് രീതിയില്‍ വളരുമെന്നും അത് ജനറല്‍ കാറ്റഗറിയെഎങ്ങനെ വിഴുങ്ങുമെന്നുമുള്ള പരിശോധനകളായിരുന്നു അവിടെ നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കണ്ടിട്ട്‌ ‘സാമ്പത്തികസംവരണം’ വരുന്നേ, അത് ഭരണഘടനാവിരുദ്ധമാണ് എന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നതില്‍ കഥയില്ല. ഇത് സാമ്പത്തിക സംവരണമല്ല, പക്കാ ജാതി സംവരണം തന്നെയാണ്. ഭരണഘടന പരിഷ്‌ക്കരണത്തിലൂടെ തന്നെയാണ് ഇന്ത്യയില്‍ ജാതിസംവരണം കൊണ്ടുവന്നിട്ടുള്ളത്.

സംവരണം ആര്‍ക്കും പുളിക്കില്ലെന്നും കിട്ടിയവന്‍ വിട്ടുകളയില്ലെന്നും കിട്ടാത്തവന്‍ ഉറങ്ങില്ലെന്നും സാമാന്യബുദ്ധി ഉപയോഗിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നുമാണ് ‘സംവരണസമവാക്യങ്ങളില്‍’ പറഞ്ഞത്. ആ രീതിയില്‍ നോക്കുമ്പോള്‍ ജാതിസംവരണം സംബന്ധിച്ച് മ്യാരക ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നത് ഫലശൂന്യമാണെന്നും പറഞ്ഞിരുന്നു. കാരണം ഇന്ത്യയില്‍ ജാതി സംവരണത്തിന് ഒരു ദിശയേ സാധ്യമാകൂ. മുന്നോട്ട്, കൂടുതല്‍ മുന്നോട്ട്. എല്ലാജാതികള്‍ക്കും സംവരണം കിട്ടുന്നത് വരെ ഈ ഗെയിം തുടരും. So divisive and regressive is our politics.

ഇത് ബി.ജെ.പി യുടെ ഇലക്ഷന്‍ തന്ത്രം തന്നെയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈയിടെ ഉത്തരേന്ത്യയില്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ പലയിടത്തും ബിജെപി തോറ്റത് നോട്ടയെക്കാള്‍ കുറഞ്ഞ വ്യത്യാസത്തിലാണ്. ‘മുന്നാക്ക’ ജാതികളുടെ പിന്തുണ കുറഞ്ഞത് അവരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അതാണ് ഇന്ന് പാര്‍ലമെന്റ് ഉച്ച നേരത്ത് പിരിഞ്ഞ സമയം നോക്കി പെട്ടെന്ന് ഈ അടിയന്തര തീരുമാനം കൈക്കൊണ്ടത്. മുന്നൊരുക്കം മുമ്പേ നടന്നിട്ടുണ്ടാവാം. പക്ഷെ അന്തിമ തീരുമാനം എടുത്ത രീതി മറ്റ് സംവരണപ്രേമികളെ വെട്ടിലാക്കുന്ന രീതിയാലാണ്. കോണ്‍ഗ്രസ്സിനോ ഇടതുപാര്‍ട്ടികള്‍ക്കോ ഇതുസംബന്ധിച്ച ഭരണപരിഷ്‌കാര ബില്ലിനെ എതിര്‍ക്കാന്‍ സാധിക്കുമെന്ന് തോന്നില്ല. എതിര്‍ത്താല്‍ ആ കാരണം പറഞ്ഞ് ബി.ജെ.പി ഇലക്ഷന് പോകും. വല്ലാത്ത പ്രതിസന്ധിയിലാണ് മറ്റ് രാഷ്ട്രീയകക്ഷികള്‍ എന്നര്‍ത്ഥം.

ജാതിയേയും മതത്തെയും പ്രീണിപ്പിച്ച് മുന്നേറാമെന്നല്ലാതെ എതിര്‍ത്ത് നില്‍ക്കാന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയകക്ഷികള്‍ക്കുമാവില്ല. ഇതു സംബന്ധിച്ച ഭരണപരിഷ്‌കാര ബില്‍ പാസ്സാകാന്‍ തന്നെയാണ് സാധ്യത. 15(4) ല്‍ ‘economically weaker/backward’ എന്നൊരു വാക്ക് കൂടി ചേര്‍ത്താല്‍ മതി. അല്ലെങ്കില്‍ തന്നെ ഇന്ത്യയില്‍ നിലവിലുള്ള ജാതിസംവരണത്തിന്റെ സിംഹഭാഗവും സാമ്പത്തിക അടിസ്ഥാനത്തില്‍ തന്നെയാണ്. ജാതി സംവരണം-സാമ്പത്തിക സംവരണം എന്നിങ്ങനെ രണ്ട് ഇനമുണ്ടെന്നൊക്കെ പറഞ്ഞ് ഇനിയങ്ങോട്ട്‌ ചര്‍ച്ച നടത്തുന്നതില്‍ കഴമ്പില്ല. ഇവിടെ സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ തന്നെയാണ്. അതാകട്ടെ ജാതി അനുസരിച്ച് വീതംവെക്കുകയും ചെയ്യുന്നു. അതായത്, ഫലത്തില്‍ ഇന്ത്യയില്‍ ജാതിസംവരണം സാമ്പത്തിക സംവരണം തന്നെയാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം മാത്രമായിരുന്നു അതില്‍ നിന്നും ഭിന്നത ഉണ്ടായിരുന്നത്. പക്ഷെ അവിടെയും ക്രീമിലെയര്‍ വരികയാണ്.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം രാം വിലാസ് പാസ്വാനെ പോലുള്ളവര്‍ കുറെ നാളായി പറയുന്ന കാര്യമാണ്. ബി.എസ്.പി യുടെ നിലപാടും നോക്കി കാണേണ്ടത് തന്നെ. യു.പി യില്‍ ബ്രാഹ്മണരെ പിടിച്ച് ഭരണം നിലനിറുത്താന്‍ തുനിഞ്ഞ പാര്‍ട്ടിയാണത്. നവോത്ഥാനം നടത്താന്‍ ജാതികളെ ക്ഷണിക്കുന്ന ഒരു രാജ്യത്ത് ഇത്തരം നീക്കങ്ങള്‍ ഒട്ടും അപ്രതീക്ഷിതമല്ലെന്ന് മനസ്സിലാക്കണം. ഇതൊക്കെ തന്നെയാണ് സംവരണ സമവാക്യങ്ങളിലും ജാതിപ്പൂക്കളിലും കൃത്യമായും പറയാന്‍ ശ്രമിച്ചത്. അവിടെ സൂചിപ്പിച്ച മറ്റൊരു കാര്യം എസ്.സി എസ്.ടി യുടെ സംവരണത്തിലെ ക്രീമിലെയര്‍ സംബന്ധിച്ചതായിരുന്നു. അതിന് സുപ്രീകോടതി കഴിഞ്ഞ സെപതമ്പറില്‍ പച്ചക്കൊടി കാണിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ മറാത്തകള്‍ 16 ശതമാനം സംവരണം നല്‍കണമെന്ന് നിയമസഭ ബില്‍ പാസ്സാക്കിയതായിരുന്നു കഴിഞ്ഞ മാസത്തെ മുഖ്യ സംവരണവാര്‍ത്ത.

ഏറെ അധിക്ഷേപം കേട്ട രണ്ട് അവതരണങ്ങളില്‍ പറഞ്ഞ പലതും വസ്തുതകളായി മുന്നില്‍ വരുമ്പോള്‍ അഹിതമായതെന്തു പറഞ്ഞാലും വ്യക്തിനിന്ദയും ജാതിയധിക്ഷേപവും കൊണ്ട് മാത്രം നേരിടാന്‍ ശീലിച്ചവര്‍ കുറെക്കൂടി ദയാലുക്കളാകുമെന്ന പ്രത്യാശിക്കുന്നതില്‍ തെറ്റില്ലല്ലോ 🙂 You can’t wish away facts, it is as simple as that.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *