എന്താണ് ഈ കിളിയുടെ പ്രത്യേകത? അതതിന്റെ ചിറകുകളില്‍ വിശ്വസിക്കുന്നു എന്നതാണ്. വന്മരത്തിന്റെ ഉച്ചിയിലാണ് അതിരിക്കുന്നത്… ഒരു ചുള്ളി കമ്പിന്റെ അറ്റത്ത്… കാറ്റും പേമാരിയും ഇരമ്പുന്നുണ്ട്… കിളിക്ക് കൂസലില്ല. മൂന്നും ഒരുമിച്ച് വന്നാലും പ്രശ്നമില്ല. ഒന്നും സംഭവിച്ചില്ലെങ്കില്‍ അത്രയും നല്ലത്… കിളി കുലുങ്ങുക അതിന്റെ ചിറകുകള്‍ക്ക് പരിക്കേല്ക്കുമ്പോള് മാത്രമാണ്, ആരെങ്കിലും അവയില്‍ ചക്കയരക്ക് തേക്കുമ്പോഴാണ്, അവ അരിഞ്ഞെറിയാന്‍ ശ്രമിക്കുമ്പോഴാണ്… കിളിയുടെ മതം സ്വാതന്ത്ര്യമാണ്. മനുഷ്യന് ആത്യന്തികമായി എത്തിച്ചേരേണ്ട ഇടവും മറ്റൊന്നല്ല. |
THE ATHEIST BIRD
കോവിഡിന്റെ 19 ന്റെ വരവിന് ശേഷം 13 മാസത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. എസെന്‍സിന്റെ പുതിയ ലോഗോ അവതരിപ്പിച്ച OWN WINGS (dated 11.4.21) ആയിരുന്നു പരിപാടി. ലോഗോ പ്രകാശനം ചെയ്തത് പ്രസിദ്ധ മജീഷ്യന്‍ ശ്രീ. ഗോപിനാഥ് മുതുകാടാണ്. അദ്ദേഹം ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഓട്ടിസം ഉള്‍പ്പെടെയുള്ള മസ്തിഷ്ക പരിമിതികള്‍ അനുഭവക്കുന്ന കുട്ടികളുടെ പരിശീലനപരിപാടികളിലാണ്. അത്തരം കുട്ടികളെ പാട്ടുപാടാനും മാജിക് ചെയ്യിക്കാനും മാജിക് പ്ലാനറ്റില്‍ പഠിപ്പിക്കുന്നു. എസെന്‍സ് ലോഗോ പ്രകാശനം ചെയ്യാന്‍ മാജിക് പ്ലാനറ്റ് തിരഞ്ഞെടുത്തത് എന്തിന് എന്ന ചോദ്യം ചോദിച്ചിരുന്നു. അതവിടെ ചെല്ലുമ്പോള്‍ മനസ്സിലാകും എന്നായിരുന്നു ലഭിച്ച മറുപടി. തീര്‍ച്ചയായും അവരുടെ തിരഞ്ഞെടുപ്പ് നൂറ് ശതമാനം ശരിയായിരുന്നു.
ഓട്ടിസം സംബന്ധിച്ച് സമൂഹത്തില്‍ അവബോധം നിര്‍മ്മിക്കാന്‍ എസെന്‍സും പലപ്പോഴായി പരിശ്രമം നടത്തിയിട്ടുണ്ട്. Litmus 2018 ലെ മഞ്ചു മനുമോഹന്റെ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു (https://www.youtube.com/watch?v=EJ8749I_J08). ശ്രീ മുതുകാടിനെ ആദ്യമായാണ് നേരില്‍ കണ്ടത്. ഹൃദ്യമായ പെരുമാറ്റം. ഓട്ടിസം ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ ഒരു മഹത്തായ ലക്ഷ്യമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അങ്ങേയറ്റം അഭിനന്ദനീയം.
esSENSE പ്രസ്തുത ശ്രമങ്ങളെ പരമാവധി പിന്തുണയ്ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. OWN WINGS എന്ന പരിപാടിക്ക് ലഭിച്ച രജിസ്ട്രേഷന് തുകയും മറ്റ് എസെന്‍സ് അംഗങ്ങളുടെ സംഭാവനകളും ചേര്‍ന്ന 1,03,100/- രൂപ ഈ കുട്ടികളെ സഹായിക്കാനായി മാജിക് പ്ലാനറ്റിന് സംഭാവന ചെയ്യാന്‍ esSENSE Global തീരുമാനിച്ചത് ശ്ലാഘനീയമാണ്. That was a positive gesture indeed.
പുതിയ ലോഗോ ഏറെ ഇഷ്ടമായി. കലാകാരനും അണിയറക്കാര്‍ക്കും കുട്ട നിറയെ അഭിനന്ദനങ്ങള്‍. എസെന്‍സ് തുടങ്ങുമ്പോള്‍ കൃത്യമായൊരു ലോഗോ കണ്ടെത്താനുള്ള സാവകാശം കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ തലയും ബള്‍ബുമൊക്കെ ഉപയോഗിച്ചു. അത്തരം ക്ലീഷേ ഐറ്റങ്ങള്‍ മാറ്റണമെന്ന അഭിപ്രായം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉയരുന്നുണ്ട്. ഇതുമായി ബന്ധപെട്ട് രണ്ട് വര്‍ഷത്തിന് മുമ്പ് ഒരു ലോഗോ മത്സരവും സമ്മാനപദ്ധതിയും പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷെ സംഗതി നടന്നത് ഇപ്പോഴാണെന്ന് മാത്രം. പുതിയ ലോഗോയിലുള്ളത് ചുള്ളിക്കമ്പിലിരിക്കുന്ന ഒരു സ്റ്റാര്‍ലിംഗ് ആണ്. സ്റ്റാര്ലിംഗുകളെ നമുക്ക് പരിചയമുണ്ട്. ആകാശത്ത് പട്ടാളചിട്ടയോടെ ഉയര്‍ന്ന് പറന്ന് മാസ് ഡ്രില്ലിന്റെ മാതൃകയില്‍ ഗോപുരങ്ങളും ഘടനകളും തീര്‍ക്കുന്ന കിന്നര പക്ഷികള്‍! (https://www.youtube.com/watch?v=V4f_1_r80RY)
അവരാകാശത്ത് നിര്‍മ്മിക്കുന്ന കമനീയ കാഴ്ച അവരറിയുന്നില്ല. അവരവരുടെ സ്വാതന്ത്ര്യം ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. അവര്‍ സ്വന്തം ചിറകുകള് സ്വാതന്ത്ര്യബോധത്തോടെ ഉപയോഗിക്കുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ സൗന്ദര്യം വിരിയുന്നു. ഓരോ നാസ്തികനും ഇതേ അളവില്‍ സ്വതന്ത്ര്യവും സ്വാശ്രയത്വവും അന്വേഷിക്കുന്നു. OWN WINGS പരിപാടിയില്‍ അവസാന നിമിഷംവരെ സസ്പെന്‍സ് നിലനിറുത്താനായി എന്നത് സംഘാടകരുടെ മികവാണ്. ആരുടെയും പേരെടുത്ത് പറയരുതെന്ന് നിബന്ധന വെച്ചതിനാല്‍ അവരുടെ നിസ്വാര്‍ത്ഥ സേവനത്തെ ആദരപൂര്‍വം സ്മരിക്കുക മാത്രം ചെയ്യുന്നു. തിരൂര്‍ സ്വദേശി ഫാസിലാണ് ലോഗോയുടെ സ്രഷ്ടാവ് (Fazil Helmi – Pachi Graphics). Well done Fazil ❤
ആണ്കിളിയാണോ പെണ്കിളിയാണോ? – ലോഗോ ഉണ്ടാക്കിയ ടീമിനോട് ഞാന്‍ ചോദിച്ചു. ‘gender neutral’ ആയ കിളിയാണെന്നായിരുന്നു മറുപടി. എന്താണ് ഈ കിളിയുടെ പ്രത്യേകത? അതതിന്റെ ചിറകുകളില്‍ വിശ്വസിക്കുന്നു എന്നതാണ്. വന്മരത്തിന്റെ ഉച്ചിയിലാണ് അതിരിക്കുന്നത്… ഒരു ചുള്ളി കമ്പിന്റെ അറ്റത്ത്… കാറ്റും പേമാരിയും ഇരമ്പുന്നുണ്ട്… കിളിക്ക് കൂസലില്ല. മൂന്നും ഒരുമിച്ച് വന്നാലും പ്രശ്നമില്ല. ഒന്നും സംഭവിച്ചില്ലെങ്കില്‍ അത്രയും നല്ലത്… It is a bonus! കിളി കുലുങ്ങുക അതിന്റെ ചിറകുകള്‍ക്ക് പരിക്കേല്ക്കുമ്പോള് മാത്രമാണ്, ആരെങ്കിലും അവയില്‍ ചക്കയരക്ക് തേക്കുമ്പോഴാണ്, അവ അരിഞ്ഞെറിയാന്‍ ശ്രമിക്കുമ്പോഴാണ്… കിളിയുടെ മതം സ്വാതന്ത്ര്യമാണ്. മനുഷ്യന് ആത്യന്തികമായി എത്തിച്ചേരേണ്ട ഇടവും മറ്റൊന്നല്ല.
ഒരു കുഞ്ഞന്‍ പക്ഷി! പക്ഷെ അത് സ്വതന്ത്രമാണ്. അതിന് വേണ്ടി ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു… OWN WINGS എന്നാല്‍
സ്വന്തം ചിറകുകള് എന്നര്‍ത്ഥം. പക്ഷെ നമ്മുടെ സമൂഹം?! മിക്കവരും സ്വന്തം ചിറകുകള് നിരാകരിക്കുന്നു. മറ്റുള്ളവരുടെ ചിറകുകളുടെ ബലത്തില്‍ പറക്കാന്‍ ശ്രമിക്കുന്നു. മറ്റു ചിലപ്പോള്‍ മറ്റുളളവര്‍ക്ക് വേണ്ടി പറക്കുന്നു. സ്വന്തമായിട്ടുള്ളതിലെല്ലാം അവിശ്വസിക്കുന്നു, സ്വയം ശരിയെന്ന് തോന്നുന്നതെല്ലാം തള്ളുന്നു. മറ്റുള്ളവര്‍ ചവച്ചുതുപ്പുന്നത് വിഴുങ്ങുന്നു..കാറ്റിന് അനുസരിച്ച് തൂറ്റുന്നു, വെള്ളത്തില്‍ പൂട്ടുന്നു, കൂട്ടത്തില്‍ പാടുന്നു… അതാകട്ടെ അന്യന്റെ ചിലവിലുള്ള ജീവിതമാണ്, സ്വയം അനാദരിക്കലാണ്. മനുഷ്യനാണ്, സമൂഹജീവിയാണ്, ഭൗതികമായി പലതരം ആശ്രയങ്ങള്‍ അനിവാര്യമാണ്. പക്ഷെ ചിന്താപരമായി അങ്ങനെയാവുമ്പോള്‍ സ്വയം അനാദരിക്കലായി മാറും.
ഫ്രീഡം (freedom) എന്ന വാക്ക് ശ്രദ്ധിക്കുക, പ്രാണവായു കഴിഞ്ഞാല്‍ മനുഷ്യന് വേണ്ട അവശ്യ സാധനമാണ്. ഫ്രീഡത്തിന്റെ പര്യായപദം നോക്കൂ independence! IN- DEPENDENCE ആണ്. അതായത് ഡിപന്‍ഡന്റ് ആകാതിരിക്കുക… സമ്പൂര്‍ണ്ണമായും ഇന്‍ഡിപെന്‍ഡന്റ് ആകുക സാധ്യമല്ലെന്ന് നിങ്ങള്‍ പറഞ്ഞേക്കും. ശരിയാണ്… പക്ഷെ പരമാവധി സാധ്യത നിങ്ങള്‍ക്ക് നല്‍കണം, നിങ്ങളുടെ ചിറകുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കണം.. Own your wings!
സ്വന്തമായി ചിറകുണ്ടെന്നറിഞ്ഞിട്ടും തറവിടാതെ നില്‍ക്കുന്നവരുണ്ട്. സയന്‍സും മെഡിസനും പഠിച്ചിട്ട് രണ്ടും സൈക്കിള്‍ പോലെ ഉരുട്ടി നടക്കുന്നവരുണ്ട്. ഉഗ്രന്‍ സൈക്കിളാണ്, നല്ല വിലകൊടുത്ത് വാങ്ങിയതാണ്… സൈക്കിള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്… അവര്‍ വരുന്നത് സൈക്കിളുമായിട്ടാണ്, പക്ഷെ സൈക്കിളില്‍ അല്ല! പറന്നാല്‍ ശരിയാകുമോ എന്ന ആശങ്ക വരിഞ്ഞുമുറുക്കുന്നവര്. ക്രമേണ അവര്‍ അത്തരമൊരു തലമുറയെക്കൂടി ഉണ്ടാക്കിയെടുക്കുന്നു. നാം പറയാറുണ്ട്, കൂട്ടിലടയ്ക്കപെട്ട കിളികള്‍ പറക്കല്‍ ഒരു അപരാധമായി കാണുമെന്ന്. ഓടാനും നടക്കാനുമാണെങ്കില് കൈകാലുകള്‍ സഹായിക്കും. പക്ഷെ എന്തിനാണ് ചിറകുകള്? ചിറകുണ്ടെങ്കില്‍ പറക്കണം. അങ്ങനെ പറന്ന മനുഷ്യരാണ് മനുഷ്യരാശിയെ ഇന്നീ കാണുന്ന ഉയരങ്ങളിലെത്തിച്ചത്… ചിറകിനെ ഭാരംകൂട്ടാനുള്ള അവയവമായി കാണാതിരിക്കുക… അതുപയോഗിക്കുക, സ്വയം തെളിയിക്കുക… Don’t let others to own you!
മറ്റുചിലരുണ്ട്, സ്വന്തം കഴിവുകളും ശേഷികളും മറ്റാരുടെയോ അനുഗ്രഹമാണ്, ദാനമാണ് എന്നൊക്കെ ധരിച്ച് ജീവിക്കുന്നവര്‍ ഉപരിശക്തികള്ക്കും ബാഹ്യഏജന്സികള്ക്കും അമിത പ്രാധാന്യം നല്‍കുന്നത് മനുഷ്യര്‍ ശീലമാക്കുന്നു… ഞാനല്ല കാരണം, കാരണം മുകളിലാണ്, ഞാനല്ല കാരണം, എല്ലാം എന്റെ പാര്‍ട്ടിയുടെ അനുഗ്രഹം… ഞാനൊരു നിമിത്തം മാത്രമാണ്, ചട്ടുകം മാത്രമാണ്… എനിക്കുവേണ്ടി ആകാശമാമന്‍ പ്രവര്‍ത്തിക്കുകയായിരുന്നു, അവന്റെ ഇഷ്ടമായിരുന്നു. അവരാണ് എനിക്കിവയെല്ലാം നല്‍കിയത്. ഞാനൊരു ഒരു സ്പോണ്‍സേഡ് പ്രോഗ്രാമാണ്, എനിക്ക് വിശേഷിച്ച് പ്രാധാന്യമൊന്നുമില്ല. കീ കൊടുത്തവിട്ട പാവയെപോലെ ഞാന്‍ ജീവിക്കണം…. ഇത്തരക്കാരോടാണ് സ്വന്തം ചിറകുകളുടെ ഉടമകളാകാന്‍ പറയുന്നത്… ദുഷ്കരമാണ്… but esSENSE is simply doing that.
ജീവിതത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ നിങ്ങളുടെ ഗതിയുംവിധിയും നിര്ണ്ണയിക്കുന്നുണ്ടാവും. അതില്‍ മിക്കതും നിങ്ങളുടെ പരിധിക്ക് പുറത്താണ്. അവയെക്കുറിച്ച് ആശങ്കപെട്ടിട്ട് കാര്യമില്ല. കാറോടിക്കുമ്പോള്‍ താഴെ ഉരുവംകൊള്ളുന്ന ഭൂകമ്പം നിങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ല, പക്ഷെ ട്രാഫിക്ക് നിയമങ്ങളും റോഡിലെ അവസ്ഥയും പരിഗണിച്ചേ മതിയാകൂ. വണ്ടി ഓടിക്കുന്നത് നിങ്ങളാണ്…ആ സമയത്ത് നിങ്ങളും വണ്ടിയും ഒന്നാകുന്നു.. ചിറകുകള് നിങ്ങളുടേതാണ്…നിങ്ങള്‍ ആ ചിറകുകളാണ്… അത് കെട്ടിവെച്ചതോ ഒട്ടിച്ചുവെച്ചതോ അല്ല. മറ്റൊന്നും
ചെവികൊള്ളരുത്… ഇതെന്റെ സ്വന്തം ചിറകുകളാണ് എന്ന് വിളിച്ചുപറയണം… then you become not a mere starling, but a star! the proverbial stardust in the real sense… OWN STAR!