ക്രൗഡ് ഫണ്ടിങ്ങ് എന്നാല്‍ വീടും പറമ്പും സര്‍ക്കാറിനോ പാര്‍ട്ടിക്കോ എഴുതിക്കൊടുക്കലല്ല; എം റിജു എഴുതുന്നു


‘ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷത്തോളം രൂപ വാക്‌സിന്‍ ഫണ്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ജനാര്‍ദ്ദനന്‍ എന്ന സാധുമനുഷ്യനോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ, ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ പറ്റാത്ത അബദ്ധമാണ് അയാള്‍ ചെയ്തത്. ആകെയുള്ള സമ്പാദ്യം മുഴുവന്‍ സര്‍ക്കാറിന് കൊടുത്ത് നിസ്വനാവുക എന്നത്, ബുദ്ധ സന്യാസിമാരൊക്കെ പിന്തുടരുന്നപോലുള്ള ആത്മഹത്യാപരമായ മതാധിഷ്ഠിത യുക്തിയാണ്. ലോകത്തിലെ പുരോഗമിച്ച രാജ്യങ്ങള്‍ ആരും തന്നെ ഈ രീതിയിലല്ല വളര്‍ന്നത്. കമ്യൂണിസ്റ്റുകാരന്‍ എന്നത് അന്നത്തെ ഊണിനുള്ളത് മാത്രം കൈവശം വെക്കേണ്ടവന്‍ ആണെന്ന് ചെറുപ്പത്തിലേ തലയില്‍ അടിച്ചേല്‍പ്പിച്ച, പ്രത്യയശാസ്ത്ര അന്ധവിശ്വാസമാണ് അയാളെ കൊണ്ട് ഇത് ചെയ്യിക്കുന്നത്. ആ മെന്റല്‍ പ്രോസസ് വഴി കിട്ടുന്ന ഡോപ്പമിന്‍ റിലീസും എക്സറ്റസിയുമാണ് അയാളെ കൊണ്ട് ഇത് ചെയ്യിക്കുന്നത്. മരിച്ചിട്ട് സ്വര്‍ഗത്തില്‍ പോകനായി സക്കാത്ത് കൊടുക്കുന്ന വിശ്വാസികളില്‍ നിന്ന് വലിയ വ്യത്യാസം ഈ മൈന്‍ഡ് പ്രൊഗ്രമിങ്ങിനില്ല.- എം റിജു എഴുതുന്നു
സന്തോഷമല്ല; സഹതാപം, നന്‍മ മരമായി ആത്മഹത്യ ചെയ്യരുത്!

ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയാണ് കണ്ണൂരിലെ ജനാര്‍ദ്ദനന്‍ എന്ന പാവം കമ്യൂണിസ്റ്റുകാരന്‍. ദിനേശ് ബീഡിയില്‍ ബീഡി തെറുത്തുണ്ടാക്കിയ ആജീവാന്തസമ്പാദ്യമായ രണ്ട് ലക്ഷത്തോളം രൂപ അപ്പടി മുഖ്യമന്ത്രിയുടെ വാക്സിന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുന്നു. രാവിലെ മുതല്‍ മാധ്യമങ്ങള്‍ ഇത് പാടിപ്പുകഴ്ത്തുകയാണ്. അത് അങ്ങനെയെ വരൂ. പ്ലാവില്‍ പേരക്ക കായ്ച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്ത് പറയാന്‍. എന്നാല്‍ അത്യാവശ്യം ബുദ്ധിയും വിവേകവുമുള്ള പ്രിയ സുഹൃത്ത് പോലും ഇത് തള്ളിമറക്കുന്നത് കണ്ടപ്പോള്‍ രണ്ടുവരി കുറിക്കാതിരിക്കാന്‍ പറ്റാതായി.

ആ സാധു മനുഷ്യനോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ, ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ പറ്റാത്ത അബദ്ധമാണ് അയാള്‍ ചെയ്തത്. സന്തോഷമല്ല സഹതാപമാണ് തോന്നുന്നത്. ആകെയുള്ള സമ്പാദ്യം മുഴുവന്‍ സര്‍ക്കാറിന് കൊടുത്ത് നിസ്വനാവുക എന്നത്, ബുദ്ധ സന്യാസിമാരൊക്കെ പിന്തുടരുന്നപോലുള്ള ആത്മഹത്യാപരമായ മതാധിഷ്ഠിത യുക്തിയാണ്. ലോകത്തിലെ പുരോഗമിച്ച രാജ്യങ്ങള്‍ ആരും തന്നെ ഈ രീതിയിലല്ല വളര്‍ന്നത്. അയാള്‍ ആ പണം മറ്റ് ഏതെങ്കിലും രീതിയില്‍ വിനിയോഗിച്ച് ലാഭമുണ്ടാക്കി അയില്‍നിന്ന് ഒരു ചെറിയ ഭാഗം കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായേനേ. അവസാനം ഒരു കുടുക്കില്‍ പെട്ടാൽ ആരാണ് ഉണ്ടാകുക. പൊതുസമൂഹം ഡാഷ് ആണെന്ന് ജോജി സിനിമയില്‍ മാത്രമല്ല അനുഭവത്തിലും നമുക്കൊക്കെ അറിയാം. കമ്യൂണിസ്റ്റുകാരന്‍ എന്നത് അന്നത്തെ ഊണിനുള്ളത് മാത്രം കൈവശം വെക്കേണ്ടവന്‍ ആണെന്ന് ചെറുപ്പത്തിലേ തലയില്‍ അടിച്ചേല്‍പ്പിച്ച, പ്രത്യയശാസ്ത്ര അന്ധവിശ്വാസമാണ് അയാളെ കൊണ്ട് ഇത് ചെയ്യിക്കുന്നത്. ആ മെന്റല്‍ പ്രോസസ് വഴി കിട്ടുന്ന ഡോപ്പമിന്‍ റിലീസും എക്സറ്റസിയുമാണ് അയാളെ കൊണ്ട് ഇത് ചെയ്യിക്കുന്നത്.

മരിച്ചിട്ട് സ്വര്‍ഗത്തില്‍ പോകനായി സക്കാത്ത് കൊടുക്കുന്ന വിശ്വാസികളില്‍ നിന്ന് വലിയ വ്യത്യാസം ഈ മൈന്‍ഡ് പ്രോഗ്രാമിങ്ങിനില്ല. ആകെയുള്ള കടയിലെ മുഴുവന്‍ വസ്ത്രങ്ങളും എടുത്ത് പ്രളയ ദുരിതാശ്വാസത്തിന് കൊടുക്കുക, ആകെയുള്ള പത്തുസെന്റില്‍ 8 സെന്റ് രണ്ടാം പ്രളയത്തിന് കൊടുക്കുക, തുടങ്ങിയ വാര്‍ത്തകള്‍ ഒന്നും പ്രോല്‍സാഹിക്കപ്പെടേണ്ടതല്ല. വ്യക്തിയില്ലാതെ സമൂഹമില്ല. വ്യക്തികളെ സമൂഹത്തിനുവേണ്ടി കൂട്ടക്കൊല ചെയ്യാമെന്നും, കമ്യൂണാണ് പ്രാധനമെന്നും, അവനവനല്ല എന്ന് ഒക്കെ കരുതുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ ദഹിക്കും.

തീര്‍ച്ചയായും ഇവര്‍ക്ക് ഈ പ്രവര്‍ത്തിയില്‍ നിന്ന് ഒരു ‘കിക്ക്’ കിട്ടുന്നുണ്ട് എന്നത് സത്യമാണ്. ബ്ലേഡ് പലിശക്ക് പണമെടുത്ത് ലോട്ടറി ടിക്കറ്റു വാങ്ങുന്നവരും, തറവാട്ടു സ്വത്ത് വിറ്റ് അമ്പലത്തിലെ ഉത്സവവും, വെടിക്കെട്ടും നടത്തിയ കാരണവരും ഇതേ കിക്കിന്റെ ഇരകളാണ്. ഏത് മദ്യത്തെക്കാളും ലഹരിയുണ്ടാക്കുന്നതാണ് അത്. പക്ഷെ എല്ലാ ലഹരിയേയും പോലെ അത് സ്ഥായിയല്ല എന്ന് പറഞ്ഞു പിന്മാറേണ്ടവര്‍ ഇതിനെ പുകഴ്ത്തുന്നത് ശരിയല്ല.

സ്വന്തം വരുമാനത്തിന്റെ/ആസ്തിയുടെ അഞ്ചു ശതമാനം, സ്പെഷ്യല്‍ സാഹചര്യമാണെങ്കില്‍ പത്ത് ശതമാനം, അതില്‍ കൂടുതല്‍ സംഭാവന കൊടുക്കുന്നത് നിരുത്സാഹപ്പെടുത്തണം… അവനവന്റെ ഭാവിക്കുവേണ്ടി എന്തെങ്കിലും കരുതി വയ്ക്കുന്നത് മോശം കാര്യമൊന്നുമല്ല. നീന്തലറിയാത്തവന്‍ ആളെ രക്ഷിക്കാന്‍ പുഴയില്‍ ചാടുന്നത് ധീരതയാണോ എന്ന് ചോദിച്ചാല്‍ അതെ. മരിക്കാതെ രക്ഷപ്പെട്ടാല്‍ ധീരതക്കുള്ള അവാര്‍ഡും കിട്ടും. എന്നാല്‍ അത് അനുകരിക്കത്തക്ക പ്രവര്‍ത്തിയാണ് എന്ന് പറയുന്നവന്റെ തലയ്ക്കു ഓളമാണ്.

യൂസഫലിയും പി.എന്‍.സി മേനോനുമൊക്കെ അവരുടെ വരുമാനത്തിന്റെ ചെറിയ ഭാഗം കൊടുക്കുന്നപോലല്ല, ആജീവനാന്ത സമ്പാദ്യം കൊടുക്കുന്നത്. ഇതു പറഞ്ഞതുകൊണ്ട് ബൂര്‍ഷ്വയും പെറ്റിയും ബൂര്‍ഷ്വയുമായി ഞാന്‍ മാറുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എഴുതുന്നത്. നിങ്ങളുടെ ആജീവനാന്ത സമ്പാദ്യം ആര്‍ക്കും കൊടുക്കരുത്. നിങ്ങള്‍ക്ക് ജീവിക്കാനുള്ളത് കഴിച്ചുള്ള മിച്ചമേ കൊടുക്കാവു. നന്‍മ മരങ്ങളായി ആത്മഹത്യചെയ്യാതെ, ആത്മവിശ്വാസത്തോടെ ജീവിക്കുക.

എന്‍.ബി: പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുത്ത് എന്റെ ഒരു മാസത്തെ ശമ്പളം പത്തു തവണയെടുത്ത് കൊടുക്കയാണ് ഞാന്‍ ചെയ്തത്. ക്രൗഡ് ഫണ്ടിങ്ങ് എന്നാല്‍ വീടും പറമ്പും സര്‍ക്കാറിനോ പാര്‍ട്ടിക്കോ എഴുതിക്കൊടുക്കലല്ല.

(ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)


About M Riju

Freethinker, Journalist, Writer

View all posts by M Riju →

Leave a Reply

Your email address will not be published. Required fields are marked *