നിങ്ങള്‍ ഇതു വരെ കാണാത്ത ഈ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ ഞങ്ങള്‍ കൊണ്ടു പോകും’; പ്ലാനറ്റ് എര്‍ത്ത് ഒരു ദൃശ്യവിസ്മയം; സുരന്‍ നൂറനാട്ടുകര എഴുതുന്നു


‘ഒരു പരീക്ഷണത്തിനായി ഒന്നാം ഭാഗം കണ്ട ശേഷം ലഹരിക്ക് അടിമപ്പെട്ടതുപോലെ പ്ലാനറ്റ് എര്‍ത്തിന്റെ വന്യ ഭംഗിയിലേക്ക് വീണു പോകുകയായിരുന്നു ഞാന്‍. രണ്ടു സീസണുകള്‍ കണ്ടവസാനിച്ചപ്പോള്‍ ഈ ഗ്രഹത്തിന്റെ ചെറിയൊരംശം നിഗൂഢതകള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. കൊറോണ കാലത്ത് അതിജീവിച്ച മനുഷ്യരുടെ കഥകള്‍ കേട്ട്  ആ ദുരവസ്ഥകളെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോള്‍  ഭൂമിയില്‍ ആയിരക്കണക്കിന്  അടി താഴെ  ഗര്‍ത്തങ്ങളില്‍ കണ്ണു കാണാത്ത കുഞ്ഞു മത്സ്യങ്ങള്‍ ആഴ്ച്ചകളും മാസങ്ങളുമായി ഒരു ഇരക്കായി കാത്തു കഴിയുകയായിരുന്നു. ചെറിയ പ്രതിസന്ധികളില്‍ നിന്നും കരകേറുന്ന മനുഷ്യന്‍ ലേഖനങ്ങളെഴുതി കണ്ണു നനയിക്കുമ്പോള്‍ പര്‍വ്വതങ്ങളിലും ദ്വീപുകളീലും മരുഭൂമിയിലും കാടുകളിലും സമുദ്രത്തിലും ഒരു മിനുറ്റ് ജീവന്‍ നിലനിര്‍ത്താന്‍ ഓരോ ജീവികളും അതിന്റെ പാരമ്യത്തിലുള്ള പോരാട്ടത്തിലായിരുന്നു. ആഹാരത്തിനായി, ഇണയ്ക്കായി, താവളത്തിനായി… സുരന്‍ നൂറനാട്ടുകര എഴുതുന്നു.

‘നിങ്ങള്‍ ഇതു വരെ കാണാത്ത ഈ ഗ്രഹത്തിന്റെ ഏറ്റവും വന്യതയിലേക്ക് നിങ്ങളെ ഞങ്ങള്‍ കൊണ്ടു പോകും’ എന്ന ഡേവിഡ് ആറ്റന്‍ ബറോയുടെ പ്രൗഢവും ഗംഭീരവുമായ വിവരണത്തോടെയാണ്  Planet Earth ന്റെ ഒന്നാം അദ്ധ്യായമായ From pole to pole ആരംഭിക്കുന്നത്. അവിടം മുതല്‍ നാം അനുഭവിച്ചിട്ടില്ലാത്ത ജൈവപ്രകൃതിയുടെ മടിത്തട്ടിലൂടെയുള്ള പ്രയാണം ആരംഭിക്കുകയാണ്… ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി പരിണാമത്തിന്റെ പല ഘട്ടങ്ങളിലൂടെ പടിപടിയായി സംഭവിച്ച മാറ്റങ്ങളും, വടുക്കളും ഉള്‍ക്കൊണ്ട്, അനുകൂലനങ്ങളും പാര്‍ശ്വഫലങ്ങളും പേറുന്ന ഫംഗസുകളും ബാക്ടീരിയകളിലും  തുടങ്ങി ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ ജീവിയായ നീല തിമിംഗലം വരെ അതു നീളുന്നു. ഏഴു ഭൂഖണ്ഡങ്ങളിലായി എത്രയോ രാജ്യങ്ങളിലായി പര്‍വ്വതങ്ങളും സമുദ്രങ്ങളും നീരുറവകളും വെള്ളച്ചാട്ടങ്ങളും കടന്ന് സമതലങ്ങളും പുല്‍മേടുകളും താണ്ടി  ദ്വീപുകളും അഗ്നി പര്‍വ്വതങ്ങളും കടന്ന് ചുട്ടുപൊള്ളുന്ന മരൂഭൂമികളിലൂടെ നിലത്ത് പ്രകാശമെത്താത്ത വന്‍ മരങ്ങള്‍ നിറഞ്ഞ കാടിന്റെ വന്യതയിലൂടെ സമുദ്രത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക്… ഋതുക്കള്‍ മാറിമറിയുന്നു. ഗ്രീഷ്മവും, ശൈത്യവും, വര്‍ഷവും , വസന്തവും മാറി വരുന്നു. സൂര്യന്‍ കത്തുന്ന പകലുകള്‍… താരാപഥങ്ങള്‍ നിറഞ്ഞ രാത്രി ആകാശം… ജീവികള്‍ എവിടെയുമുണ്ടാകാം… നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്തിടത്ത് വരെ…

ഒരു സിനിമ കാണാനുള്ള സമയം ഇല്ല. അങ്ങിനെ ഒരു പരീക്ഷണത്തിനായി ഒന്നാം ഭാഗം കണ്ട ശേഷം ലഹരിക്ക് അടിമപ്പെട്ടതുപോലെ പ്ലാനറ്റ് എര്‍ത്തിന്റെ വന്യ ഭംഗിയിലേക്ക് വീണു പോകുകയായിരുന്നു ഞാന്‍. രണ്ടു സീസണുകള്‍ കണ്ടവസാനിച്ചപ്പോള്‍ ഈ ഗ്രഹത്തിന്റെ ചെറിയൊരംശം നിഗൂഢതകള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. കൊറോണ കാലത്ത് അതിജീവിച്ച മനുഷ്യരുടെ കഥകള്‍ കേട്ട്  ആ ദുരവസ്ഥകളെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോള്‍  ഭൂമിയില്‍ ആയിരക്കണക്കിന്  അടി താഴെ  ഗര്‍ത്തങ്ങളില്‍ കണ്ണു കാണാത്ത കുഞ്ഞു മത്സ്യങ്ങള്‍ ആഴ്ച്ചകളും മാസങ്ങളുമായി ഒരു ഇരക്കായി കാത്തു കഴിയുകയായിരുന്നു. ചെറിയ പ്രതിസന്ധികളില്‍ നിന്നും കരകേറുന്ന മനുഷ്യന്‍ ലേഖനങ്ങളെഴുതി കണ്ണു നനയിക്കുമ്പോള്‍ പര്‍വ്വതങ്ങളിലും ദ്വീപുകളീലും മരുഭൂമിയിലും കാടുകളിലും സമുദ്രത്തിലും ഒരു മിനുറ്റ് ജീവന്‍ നിലനിര്‍ത്താന്‍ ഓരോ ജീവികളും അതിന്റെ പാരമ്യത്തിലുള്ള പോരാട്ടത്തിലായിരുന്നു. ആഹാരത്തിനായി,  ഇണയ്ക്കായി, താവളത്തിനായി…

ലോകത്തെ ഏറ്റവും വലിയ കുടിയേറ്റങ്ങള്‍, നീണ്ട പ്രവാസങ്ങള്‍, ഇണയ്ക്കായുള്ള കാത്തിരിപ്പുകള്‍, മഹായുദ്ധങ്ങള്‍, വശീകരണ മന്ത്രങ്ങള്‍, നീണ്ട കാല്‍നട യാത്രകള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, ഒരു ഭാവ ഗായകനും പാടാന്‍ കഴിയാത്ത പാട്ടുകള്‍, ഒരു ശില്പിക്കും ചിത്രകാരനും ഭാവന കാണാന്‍ പോലും സാധിക്കാത്ത നിര്‍മ്മിതികള്‍… ഈ ഗ്രഹത്തില്‍ ജീവന്‍ നിറഞ്ഞു നില്‍ക്കുന്നു. മനുഷ്യന്റെ കാല്‍ പാദങ്ങള്‍ ഒരിക്കലും ചെന്നെത്താത്തയിടത്തു പോലും….

ഉറച്ച മണ്ണുള്ള തരിശു മരുഭൂമികളും ഇവിടെയുണ്ട്

നമ്മുടെ ഗ്രഹത്തിന്റെ നല്ലൊരു ശതമാനവും മരുഭൂമികളാണ്. വര്‍ഷാവര്‍ഷം കൂടുതല്‍ പ്രദേശങ്ങള്‍ വരണ്ടുണങ്ങിക്കൊണ്ടിരിക്കുന്നു. തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ നമീബ് മരുഭൂമി 55 ദശലക്ഷം വര്‍ഷങ്ങളായി വരണ്ടുണങ്ങി കിടക്കുന്നു. അവിടെ സിംഹങ്ങള്‍ അതിജീവനത്തിനായി പൊരുതുന്നു. അതിന് മറഞ്ഞിരുന്ന് വേട്ടയാടാന്‍ ഒരു സ്ഥലം പോലും ഇല്ല. എല്ലാ വേട്ടയാടലുകളും പരാജയത്തില്‍ കലാശിക്കുന്നു. ഒരു ടണ്‍ ഭാരമുള്ള ജീറാഫിന്റെ തൊഴിയേറ്റ് ചിലര്‍ സിദ്ധി കൂടുന്നു. എല്ലാ മരുഭൂമികളും മണല്‍ കൂനകളല്ല. ഉറച്ച മണ്ണുള്ള തരിശു നിലങ്ങളാണ് ചിലത്. പടിഞ്ഞാറേ അമേരിക്കന്‍ മരുഭൂമിയില്‍ പത്തു മാസങ്ങള്‍ക്കു ശേഷം മഴ പെയ്യുന്നു. കുത്തിയൊഴുകുന്ന ജലം 150 അടി ആഴത്തില്‍ വലിയ പാതാള ഗുഹകള്‍ തീര്‍ത്തിരിക്കുന്നു. സ്ലോട്ട് കാന്യന്‍സ്.

അമേരിക്കന്‍ മരുഭൂമികളില്‍ കാക്റ്റി (Cacti) എന്ന കള്ളിമുള്‍ച്ചെടി അവയുടെ വീര്‍ത്ത തണ്ടുകളില്‍ ജലം സംഭരിക്കുന്നു. അതിനെ പൊതിഞ്ഞ് വലിയ കൂര്‍ത്ത മുള്ളുകള്‍ . അതിനു കീഴിലും ജീവനുകള്‍ വസിക്കുന്നു. അവരെ ശാപ്പിടാന്‍ Harris ഇനത്തില്‍ പ്പെട്ട പരുന്തുകള്‍ വരുന്നു. മിലിട്ടറി കമാന്‍ഡോ ഓപ്പറേഷന്‍ പോലെ ഇരയെ വളഞ്ഞ് അക്രമിക്കുന്നു. നമീബ മരുഭൂമിയില്‍ പുലര്‍കാലത്ത് വീശുന്ന മഞ്ഞുകാറ്റിനായി വണ്ടുകള്‍ ആയിരം അടി മുകളിലെ മണല്‍ കൂനകളുടെ ശ്യംഗങ്ങളിലേക്ക് പാഞ്ഞു കയറുന്നു. മഞ്ഞ് കാറ്റിന് അഭിമുഖമായി നിന്ന് ശരീരത്ത് പറ്റി പ്പിടിക്കുന്ന മഞ്ഞിനെ ജലമാക്കി പുറം തോടിലെ അറകളിലൂടെ വായിലേക്കെത്തിക്കുന്നു. വെയിലുദിക്കും മുമ്പുള്ള മടക്കയാത്രയില്‍ അവരില്‍ ചിലര്‍ താഴെ കാത്തു കിടക്കുന്ന ഓന്തിന് പ്രഭാത ഭക്ഷണമാകുന്നു. ഇവിടെ ജീവിതം കഠിനമാണ് ഭായ്…

ഒരു ദിവസം കടന്നു കിട്ടിയാല്‍ ഭാഗ്യം: പകല്‍ പ്രതലത്തിന്റെ താപനില 160 ° ഡിഗ്രി വരെ പോകും. ഒരു കോരിക മൂക്കന്‍ പല്ലി (Shovel-Snouted) കാലുകള്‍ മാറ്റി മാറ്റി ചവുട്ടി പുരാതനമായ നൃത്തം പരിശീലിക്കുന്നു. പക്ഷേ അധിക സമയം അതു തുടരാന്‍ കഴിയില്ല. 100° ഡിഗ്രിയിലാണ് വെള്ളം തിളക്കുന്നതെന്ന് ആ ജീവിക്ക് അറിയാം എന്നു തോന്നുന്നു. ഓസ്ട്രേലിയന്‍ മരുഭൂമിയില്‍ കംഗാരു ഉമിനീര്‍ കൊണ്ട് കൈ നനച്ച് മുഖത്തു പുരട്ടി കൊണ്ടിരിക്കുന്നു. താപനില നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ് അവിടെ ചൂട് 70° ആണ്.

മരുഭൂമികളില്‍ ജീവിതം ആരംഭിക്കുന്നത് പകല്‍ മറയുമ്പോഴാണ്. താപനില താഴുമ്പോള്‍ ഒളിച്ചിരുന്ന ജീവികള്‍ പുറത്തു വരുന്നു. മണ്ണിനടിയിലൂടെ സഞ്ചരിക്കുന്ന സ്വര്‍ണ്ണ പെരുച്ചാഴി, (Golden Mole)  ജന്‍മനാ അന്ധനായവന്‍ തന്റെ ഉഗ്രവും തീഷ്ണവുമായ ശ്രവണശക്തിയാല്‍ ഇരകളെ തേടുന്നു. ഉറുമ്പുകളും പ്രാണികളും വണ്ടുകളുമാണ് ആഹാരം. മണ്ണിനടിയിലൂടെ സഞ്ചരിക്കുന്നവന് കാഴ്ച എന്ന അനുഭവം ആവശ്യമില്ല . പക്ഷേ  അവന്റെ ശിരസ്സു മുഴുവന്‍ ശ്രവണ സഹായിയാണ്.

ഇസ്രായേല്‍ മരുഭുമിയില്‍ നീള ചെവിയന്‍ വാവല്‍ (Otonycteris) രാത്രികാല വേട്ടക്ക് നിലത്തിറങ്ങുന്നു. ഒറ്റ കുത്തിന് ഒരു മനുഷ്യനെ ചരമകോളത്തിലാക്കാന്‍ കെല്‍പ്പുള്ള വിഷത്തേളുകളാണ് അവന്റെ രുചികരമായ അത്താഴം . തേളിന്റെ വിഷഞ്ഞിനെ അതിജീവിക്കാനുള്ള ആന്റി ബോഡി അവനുണ്ട്. ആഫ്രിക്കയില്‍ ജലം തേടിയുള്ള ജീവികളുടെ ഏറ്റവും വലിയ പലായനമാണ് നടക്കുന്നത്. സീബ്രകളും കാട്ടു പോത്തുകളും മാനുകളും , ആനക്കൂട്ടങ്ങളും …. ആനകളിലെ മോഴകള്‍ക്ക് വിദൂരങ്ങളിലെ ജലസാന്നിധ്യം തിരിച്ചറിയാന്‍ കഴിവുണ്ട്. നീര്‍ച്ചാലുകളില്‍ എത്തുന്നവരെ കാത്ത് സിംഹങ്ങള്‍ കിടപ്പു തുടങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു… മഡഗാസ്‌കര്‍ മരുഭൂമിയില്‍ നൂറു കോടിയോളം വരുന്ന വെട്ടുകിളികളുടെ സൈന്യം ആദ്യ പറക്കലിന് തയ്യാറാവുന്നു… മരുഭൂമിയില്‍ ജീവിതം വറ്റിവരണ്ടു കൊണ്ടിരിക്കുന്നു… യുഗങ്ങളായി….

സള്‍ഫ്യൂറിക്ക് ആസിഡ് ഒഴുകുന്ന നീരുറവകള്‍

പാറകള്‍ തുരന്ന് ആയിരം അടി താഴ്ച്ചകളിലേക്ക് പോകുന്ന ഗര്‍ത്തങ്ങള്‍…. ഇവ നിര്‍മ്മിച്ചത് കുത്തിയൊഴുകുന്ന ജലമാണ്. പാറകളെ അലിയിപ്പിക്കാന്‍ ജലത്തിന് എത്ര യുഗങ്ങള്‍ വേണ്ടി വന്നിട്ടുണ്ടാവാം. താഴേക്കു പതിക്കുന്ന ജലപാതങ്ങള്‍ പലതും ഒഴുകി എവിടെ ചേരുന്നു എന്നാര്‍ക്കും അറിയില്ല. പല ഗര്‍ത്തങ്ങളുടെയും അവസാനവും ആരും കണ്ടിട്ടില്ല.  ജലം നിറഞ്ഞ പാറകളില്‍ നിന്നും ആസിഡുകള്‍ തുള്ളികളായി വീണ് ലോകത്തെ ഒരു ശില്‍പ്പിക്കും ഭാവന ചെയ്യാന്‍ ആവാത്ത കലാശില്പങ്ങള്‍ പ്രകൃതി ഒരുക്കിയിരിക്കുന്നു. സള്‍ഫ്യൂറിക്ക് ആസിഡ് ഒഴുകുന്ന നീരുറവകള്‍ അതിനു താഴെയുണ്ട്. അവിടെയും ബാക്ടീരിയകള്‍ കോളനികളായി പാര്‍ക്കുന്നു. കണ്ണുകളില്ലാത്ത മത്സ്യങ്ങളും ചിലന്തികളും : … നിങ്ങളെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഹൊറര്‍ സിനിമ പോലും ഈ ഗര്‍ത്തങ്ങളുടെ നിഗൂഢതയില്‍ വെറും കോമഡികള്‍ മാത്രം…..

സമുദ്രം എന്ന മറ്റൊരു ജീവിതം

ആഴം കുറഞ്ഞ സമുദ്രങ്ങളും ആഴക്കടലിലെ ജീവിതങ്ങളും… അതു മറ്റൊരു ലോകമാണ്…. വര്‍ണ്ണാഭമായ പവിഴപുറ്റുകളെല്ലാം ഓരോ ജീവികളാണ്…. തിമിംഗല സ്രാവുകളും നീല തിമിംഗലങ്ങളും ട്യൂണകളും  ദശലക്ഷക്കണക്കിന് ഇതര ജലജീവികളും… ഓരോ ജീവിക്കും ഓരോ തന്ത്രങ്ങള്‍… അടിത്തട്ടിലെ ഇരുട്ടില്‍ പ്രകാശം പരത്തുന്ന ജീവികള്‍… കൊഞ്ചുകള്‍… നീരാളികള്‍… വാക്കുകള്‍ ഇവിടെ അപ്രസക്തമാണ്…

ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നത് കാട്ടുപോത്തുകളാണ്

ലോകത്തെ ഏറ്റവും ഉയരത്തില്‍ വളരുന്ന പുല്‍വര്‍ഗ്ഗങ്ങള്‍ വളരുന്നത് ഇങ്ങ് ഇന്ത്യയിലാണ്. ആനകളും, കടുവകളും , കാണ്ടാമൃഗങ്ങളും , തേന്‍ കുടിയന്‍ കരടികളും അവിടെ സൈ്വര്യവിഹാരം നടത്തുന്നു. ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നത് കടുവയോ ആനയോ അല്ല , കാട്ടുപോത്തുകളാണ്… ‘കാഞ്ചന്‍ രംഗ’ യില്‍ ക്യാമറമാന്‍ സന്ദേശ് 5 ദിവസം കാടിനുള്ളില്‍ പ്രത്യേക താവളം നിര്‍മ്മിച്ച് കാത്തിരുന്നു. ഒരു കടുവയെ കിട്ടാന്‍ – ക്യാമറയല്ലാതെ മറ്റൊരു ഉപകരണവും ഇല്ലാതെ… ഒരു കാണ്ടാമൃഗത്തിന്റെ ജഡത്തിനു സമീപമായിരുന്നു അത്.

തെക്കേ അമേരിക്കയിലെ പുല്‍മേടുകളില്‍ പുല്ലുകള്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഒരേ അളവില്‍ മുറിച്ച് ഭൂമിക്കടിയില്‍ തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോകുന്ന പുല്‍ മുറിയന്‍ ഉറുമ്പുകള്‍ . ഉറുമ്പുകള്‍ക്ക് പുല്ലിനെ ദഹിപ്പിക്കാനാവില്ല. അവര്‍ അത് ഫംഗസുകള്‍ക്കു സമര്‍പ്പിക്കുന്നു. ഫംഗസുകളെ ഭക്ഷിച്ച് ഉറുമ്പുകള്‍ സംതൃപ്തരാകുന്നു. ഇതു ചെറിയ കളിയല്ല ഷാനി… അര ടണ്‍ പുല്ലാണ് ഉറുമ്പുകള്‍ ഒരു വര്‍ഷം തിന്നു തീര്‍ക്കുന്നത്…

വടക്കേ ഓസ്ട്രേലിയയിലെ ചിതലുകളാണ് ലോകത്തിലെ പുല്ലില്‍ നല്ലൊരു ശതമാനവും കൊയ്തെടുക്കുന്നത്. പത്തടി ഉയരമുള്ള ചിതല്‍പ്പുറ്റുകള്‍ അവര്‍ നിര്‍മ്മിക്കുന്നു. അവയുടെ നിര്‍മ്മാണത്തിന് ഒരു പ്രത്യേകതയുണ്ട്… ഈ നിര്‍മ്മിതിയുടെ മുഖം എപ്പോഴും തെക്കുവടക്കായിരിക്കും. ദിശാസൂചി എന്നും ഇതിനെ വിളിക്കപ്പെടുന്നു.

ഏറ്റവും വലിയ കാല്‍നട കര സഞ്ചാരം നടക്കുന്നത് വടക്കേ അമേരിക്കയിലെ  സമതലങ്ങളിലാണ്. 70,000 ത്തോളം കലമാന്‍കൂട്ടങ്ങള്‍ മരണം വരെയുള്ള അവരുടെ യാത്ര നീണ്ട ശൈത്യത്തിനു ശേഷം ആരംഭിക്കുന്നു. യാത്രയില്‍ കൃത്യമായ ഇടവേളകളില്‍ അവരെക്കാത്ത് ചെന്നായ് കൂട്ടങ്ങളുമുണ്ട്.

17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം വരുന്ന വെട്ടുക്കിളികള്‍

ന്യൂഗിനിയയില്‍ 42 തരം പാരഡൈസ് പക്ഷികള്‍ ജീവിക്കുന്നു. പാടുന്നു നൃത്തം ചെയ്യുന്നു. ടൈഗ വനങ്ങളില്‍ ആയിരം വര്‍ഷങ്ങളായി ജീവിക്കുന്ന Redwood വ്യക്ഷ ഭീമന്‍മാര്‍ – മുപ്പതു നില ഫ്ളാറ്റിന്റെ ഉയരത്തില്‍ മേഘങ്ങളെ ചുംബിച്ച് സൂര്യനെ ധ്യാനിക്കുന്നു. Sequoia ഭീമന്‍ മരങ്ങള്‍ അവയോട് മത്സരിച്ച് ഒപ്പം തന്നെയുണ്ട്.

മാന്‍ വര്‍ഗ്ഗത്തിലെ ഏറ്റവും കുഞ്ഞന്‍ (pudu ) പുഡു അവിടെ നിരന്തരം ജാഗരൂകനായി ഇലതിന്നു വാഴുന്നു. പൈന്‍ മാര്‍ട്ടിന്‍ പക്ഷികളുടെ മുട്ടകള്‍ തികഞ്ഞ കള്ളന്റെ ചുവടു വയ്പോടെ അടിച്ചു മാറ്റി ശാപ്പിടുന്നു. മാളത്തില്‍ ചിലക്കുന്ന അണ്ണാനും അവന്റെ ഉദരഭിത്തികളെ ബലപ്പെടുത്തുന്നു. 17 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനു ശേഷം രാത്രിയുടെ യാമങ്ങളില്‍ വെട്ടുകിളികള്‍ മണ്ണ് വിട്ടു പുറത്തു വരുന്നു. ആയിരങ്ങള്‍ പതിനായിരങ്ങള്‍ ആകുന്നു … ലക്ഷങ്ങളും കോടികളുമാകാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം. പച്ചപ്പ് കാര്‍ന്നുതിന്നു ചിറകു മുളച്ച് കൂട്ടമായി പറന്നു പോകുന്നു. ഇടക്കെവിടെയോ മരിച്ച് വീഴുന്നു. പിന്നെയും പതിനേഴു വര്‍ഷങ്ങള്‍ കഴിയണം അടുത്ത വരവിന് …

ചിമ്പാന്‍സി വര്‍ഗ്ഗത്തില്‍ പ്പെട്ട കുരങ്ങുകള്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ മനുഷ്യനെ പോലെ സ്വന്തം ഗോത്രത്തില്‍പ്പെട്ട മറ്റൊരു കൂട്ടത്തെ ആക്രമിക്കുന്നു. മനുഷ്യന്റെ ആദിമ പോരാട്ടം. സസ്യഭുക്കുകളായ ഇവര്‍ എതിരാളികളെ പരാജയപ്പെടുത്തി ഓടിച്ച ശേഷം അതില്‍ ഒരാളെ കൊന്നു തിന്നുന്നു. ഇതൊരു സൂചനയാണ് … ഒപ്പം ശരീരത്തിലെ മാംസ്യത്തിന്റെ കുറവ് പരിഹരിക്കുകയും….സ്പൈഡര്‍ കുരങ്ങുകള്‍ നൂറടി ഉയരത്തില്‍  മരത്തലപ്പുകളില്‍ വാലും കൈകാലുകളും ഉപയോഗിച്ച് ജീവിക്കുന്നു. താഴെ വീണാല്‍ മരണം ഉറപ്പ്. ‘ഇന്ദ്രി ‘ എന്ന കുരങ്ങന്‍ മരത്തില്‍ നിന്നും ഒരിക്കലും നിലത്തിറങ്ങാതെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി ചാടി ജീവിക്കുന്നു. നിലത്തു നിന്നും ഏതാനും അടി മുകളിലാണ് ഇവന്റെ ലോകം.

മഡഗാസ്‌ക്കര്‍ വനത്തില്‍ പാതിരാവില്‍ Flooring Flowers വിരിയുന്നു. ലോകത്തിലെ ഏറ്റവും ചെറിയ പ്രൈമേറ്റായ Mouse Lemurs ഇതു കാത്തിരിക്കുകയാണ്. അവന്‍ വാഴപ്പഴത്തിന്റെ തൊലി പോലെയുള്ള പൂവിന്റെ ഇതളുകളില്‍ നിന്ന് തേന്‍ നക്കി കുടിക്കുന്നു. കുറച്ചു കഴിഞ്ഞ് പൂവില്‍ നിന്നും തേന്‍ ഒഴുകാന്‍ തുടങ്ങുന്നു. അത് Mouse Lemurs നുള്ളതല്ല. തേന്‍ കുടിക്കാനും പരാഗത്തിന്റെ സഞ്ചാര വാഹകരായും നിശാ ശലഭങ്ങള്‍ എത്തും…. അപ്പോഴാണ് Mouse Lemurs ന്റെ തനി ഗുണം പുറത്തു വരിക. കാരണം അവന്‍ വന്നത്  തേന്‍ സദ്യയുണ്ണാനല്ല… നിശാ ശലഭങ്ങളുടെ പച്ചമാംസം ചവച്ചരക്കാനാണ്… പാതിരാവിലെ വേട്ടയുടെ രീതികള്‍ ദയാരഹിതമാണ്.

വര്‍ഷത്തില്‍ പാതിയും വെള്ളത്തിലുള്ള വനങ്ങള്‍

ബ്രസീലിലെ വനങ്ങള്‍ വര്‍ഷത്തില്‍ പാതിയും വെള്ളത്തിലാണ്. അവിടെ ശുദ്ധജലത്തില്‍ പുതിയതായി കണ്ടെത്തിയ ഒരിനം ഡോള്‍ഫിന്‍ സ്പീഷീസ് ഉണ്ട്. അവക്ക് കാഴ്ച്ച കുറവാണ്. ലോകത്ത് മറ്റൊരിടത്തും ഈ ഡോള്‍ഫിനുകള്‍ ഇല്ല.
എലിയുടെ ഏറ്റവും വലിയ വര്‍ഗ്ഗമായ ക്യാപ്പിബാറ (capybara) ഇവിടെയുണ്ട്. ചെറിയ പശുക്കുട്ടിയുടെ വലുപ്പമുള്ള എലി . ജലത്തില്‍ ഭീമന്‍ ഓട്ടറുകള്‍ പുളക്കുന്നു. അതിനിടയില്‍ നദികളുടെ അധിപനായ കൈമന്‍ (caiman) മുതലകള്‍… അപ്പോഴാണ് നദിക്കരയില്‍ ക്ഷണിക്കപ്പെടാതെ ഒരതിഥി കടന്നുവരുന്നത്. കാട്ടിലെ പരമോന്നത വേട്ടക്കാരനെന്നാണ് ഡേവിഡ് അറ്റന്‍ ബറോ എല്ലാ ബഹുമാനത്തോടെയും അവനെ അഭിസംബോധന ചെയ്യുന്നത്. 140 പൗണ്ട് ഭാരമുള്ള സര്‍വ്വ ശ്രീ ജ്വാഗ്വാര്‍.

ഒരു പെണ്‍പുലിയെ പുറം കാലിന് അലക്കി ഓടിച്ചിട്ടാണ് അവന്റെ വരവ്. നദി യിലെ ഏറ്റവും വലിയ ഭീകരനായ കൈമന്‍ മുതലയെ കടിച്ചു തൂക്കി അവന്‍ മണ്‍തിട്ട കയറി പോയി. പൂച്ച വര്‍ഗ്ഗത്തില്‍ ഏറ്റവും ശക്തമായി കടിക്കുന്ന അവന്റെ പല്ലുകള്‍ മുതലക്ക് അവസാനമായി പ്രാര്‍ത്ഥിക്കാനുള്ള സമയം പോലും കൊടുത്തില്ലയെന്നതാണ് വാസ്തവം. അങ്ങിനെ പര്‍വ്വതങ്ങളിലും ജലത്തിലും മരുഭൂമിയിലും സമുദ്രത്തിലും സമതലത്തിലുമായി ഇരയാകാനും ഇരയാക്കപ്പെടാനുമുള്ള ജീവിവര്‍ഗ്ഗത്തിന്റെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഇണജീവിതത്തിന്റെയും നേര്‍ക്കാഴ്ച്ചകളാണ് Planet Earth.

അഞ്ചു മാസം ജലപാനമില്ലാതെ മഞ്ഞില്‍ കുഴിയുണ്ടാക്കി കുഞ്ഞുങ്ങളെ പ്രസവിച്ച് പാലു കൊടുത്ത് ശൈതൃത്തെ അതിജീവിച്ച് പുറത്തു വരുന്ന പെണ്‍ പോളാര്‍ കരടിക്ക് മനുഷ്യ മാതൃത്വ വാഴ്ത്തലുകള്‍ കേട്ടാല്‍ കരച്ചില്‍ വരും ….

-70° ശൈതൃത്തില്‍ അന്റാര്‍ട്ടിക്കയിലെ ആണ്‍ പെന്‍ഗ്വിനുകള്‍ കൂട്ടമായി തങ്ങളുടെ കാലുകളുടെ ഇടയില്‍ പ്രത്യേക രോമ കൂട്ടില്‍ കുഞ്ഞുങ്ങളുടെ മുട്ടകള്‍ അടവച്ചിരിക്കുകയാണ്. കൊടും ശൈത്യത്തില്‍ 4 മാസം സൂര്യനെ കാണാതെ അവര്‍ കൂട്ടമായി തോളോടു തോള്‍ ചേര്‍ന്ന് പരസ്പരം ചൂട് പകരുകയാണ്. ആഹാരമോ ജലമോ ഇല്ല. അവരുടെ കൊക്കിനുള്ളില്‍ കരുതിയ അല്‍പം ആഹാരം മുട്ടവിരിഞ്ഞു വരുന്ന കുഞ്ഞിനായി മാറ്റി വച്ചിരിക്കുകയാണ്. ആ നാലു മാസക്കാലം ഒരു മഹാനായ ഋഷിക്കും ചെയ്യാന്‍ കഴിയാത്ത വിധം അവര്‍ ഉഗ്രതപസ്സിലാണ്. പെണ്‍ പെന്‍ഗ്വിനുകള്‍ 4 മാസം കഴിഞ്ഞേ ഭക്ഷണവുമായി മടങ്ങി വരൂ …. അതു വരേക്കും മുട്ടക്ക് ചൂട് പകര്‍ന്ന് കൊടും തണുപ്പില്‍ ഭക്ഷണമില്ലാതെ അവര്‍ കാത്തിരിക്കുന്നു. ആരാണ് ഈ ലോകത്തെ ശ്രേഷ്ഠനായ പിതാവ് …?

ഏറ്റവും ഉത്തരവാദിത്വമുള്ള ഗ്യഹനാഥന്‍ ഒരു കുളക്കോഴി

മരുഭൂമിയിലെ സാന്‍ ഗ്രൂസ് പക്ഷികളിലെ ആണ്‍ വര്‍ഗ്ഗം (ഒരിനം കുളക്കോഴി ) ദിവസം 60 കിലോമീറ്റര്‍ ദൂരെയുള്ള തടാകത്തിലേക്ക് ജലത്തിനായി സഞ്ചരിക്കുന്നു. മരുഭുമിയില്‍ അതിന്റെ ഭാര്യയും കുഞ്ഞും കാത്തിരിക്കുന്നു. തടാകത്തില്‍ ജലാശയത്തിനരികെ അവന്റെ ശത്രു ഗോഷ്യാക്ക് പരുന്തുകള്‍ ഉണ്ട്. അതിനാണ് കുഞ്ഞുങ്ങളെ 60 കിലോമീറ്റര്‍ ദൂരെ പാര്‍പ്പിച്ചിരിക്കുന്നത്. അവിടെ നിന്നും ജലം ശേഖരിക്കുക മരണത്തിലേക്ക് ഇറങ്ങുനതിന് തുല്യമാണ്. ഏതു നിമിഷവും പരുന്തുകളുടെ നഖങ്ങള്‍ക്കിടയില്‍ കുരുങ്ങി പോകാം. അതിനെ അതിജീവിച്ച് നെഞ്ചിലെ സ്പോഞ്ച് തൂവലുകളില്‍ ജലം ശേഖരിച്ച് തിരികെ പറക്കുന്നു. 60 കിലോമീറ്റര്‍ മരുഭൂമിയിലേക്ക് ….. കാരണം അവിടെയാണ് അവന്റെ പ്രിയതമയും കുഞ്ഞുങ്ങളും കാത്തിരിക്കുന്നത്. പ്രണയവും വാത്സല്യവും നിറയുമ്പോള്‍ 120 കിലോമീറ്റര്‍ യാത്രകളും മരണവുമെല്ലാം നിങ്ങളെ കടന്നുപോകും ….ആരാണിവിടെ ഏറ്റവും ഉത്തരവാദിത്വമുള്ള ഗ്യഹനാഥന്‍…?

അമേരിക്കയിലെ നൊവാഡയില്‍ കാട്ടുകുതിരകള്‍ പെണ്‍ കുതിരകള്‍ക്കായി തമ്മില്‍ തല്ലി മരണത്തിലോ വലിയ അപകടത്തിലോ എത്തിച്ചേരുന്നു. മനുഷ്യന്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ നടത്തുന്ന പട്ടി ഷോകളിലും വലിയ ഷോ ജീവി ലോകത്തുണ്ട്. ഭീമന്‍ പല്ലികള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഇണ ചേരുന്നതിന് നിയമത്തിലില്ലാത്ത പിടിവലികള്‍  നടത്തുന്നു. പാരഡൈസോ പക്ഷികള്‍ തൂവലുകളിലെ വര്‍ണ്ണ പ്രപഞ്ചം കാട്ടി നൃത്തം ചെയ്യുന്നു, പാട്ടുപാടുന്നു. ന്യൂ ബിന്‍ ഐബക്സ് മാനുകള്‍ ചെങ്കുത്തായ മലകളില്‍ കൊമ്പുകോര്‍ക്കുന്നു. വംശനാശം നേരിടുന്ന ഹിമ പുലികള്‍ പെണ്‍പുലിയുടെ കുഞ്ഞുങ്ങളെ കടിച്ചു കീറി കൊല്ലുന്നു… ഇവിടെ സൗജന്യ വിരുന്നില്ല….. സമത്വം എന്ന ആശയമില്ല…. അതിജീവിക്കുന്നവന്‍ പിടിച്ചു നില്‍ക്കും …

ഏറ്റവും കരുത്തനല്ല …. ഏറ്റവും യോജിച്ചവന്‍…. മഡഗാസ്‌കറിലെ കടലിലെ 30 അടി താഴ്ച്ചയില്‍ ‘ആര്യാ ഭവനില്‍ പുല്ല് തിന്ന് ജീവിക്കുന്ന ഇഗ്വാനയുടെ കുഞ്ഞുങ്ങളെ പോലെ ….. വിജയം ഒരു സാധ്യതയാണ് …. പക്ഷേ പരീക്ഷിക്കാതിരിക്കാനാവില്ല….. നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നത് ജീവനാണ് ….

അഞ്ചുവര്‍ഷം എടുത്താണ് BBC യുടെ planet Earth ഒന്നാം ഭാഗം ഷൂട്ട് ചെയ്യുന്നത്. ആദ്യത്തെ ഹൈ ഡെഫനീഷന്‍ നേച്ചര്‍ സീരീസ് ആയിരുന്നു അത്. 2006 നു ശേഷം പത്തു വര്‍ഷം കഴിഞ്ഞ് 2016ലാണ് ഇതിന്റെ 2 part. വരുന്നത്. ഇതിനൊടൊപ്പം. ഷൂട്ടിംങ്ങ് രീതികളും കാണിക്കുന്നുണ്ട്. പരുന്തിനൊപ്പം പറന്നു ഷൂട്ട് ചെയ്ത ടീമുകള്‍ വരെയുണ്ട്. ദ്യശ്യ വിരുന്ന് എന്ന സാഹിത്യഭാഷ ഇതിനു പോരാതെ വരും. മഡഗാസ്‌കര്‍ വനത്തില്‍ മഴ ചെയ്യുന്ന ഒറ്റ രംഗം മാത്രം കണ്ടാല്‍ അതു ബോധ്യമാകും. ഒരധ്യപകന്റെ കൃത്യതയോടെ ഡേവിഡ് ആറ്റന്‍ ബറോയുടെ വിവരണം എടുത്തു പറയേണ്ട ഘടകമാണ്.

BBC concert orchestra യുടെ ഹൃദ്യവും മനോഹരവുമായ പശ്ചാത്തല സംഗീതം കമ്പോസ് ചെയ്തത് George Fenton ആണ്. നിർമ്മാണം Alistair Forthergill.

മുഖ്യ ക്യാമറമാൻ Doug Allan. കൂടാതെ പല യൂണിറ്റുകളിലായി നിരവധി ക്യാമറാമാൻ മാർ വേറെയുമുണ്ട്. Editer : Martin Elsbury.
കാഴ്ച്ചയോടൊപ്പം തീരാത്ത അറിവുകളുടെ ജാലകം കൂടിയാണ് Planet Earth. പ്രത്യേകിച്ചും ഒരു വിദ്യാർത്ഥിയുടെ ചിന്താരീതിയെ തന്നെ സ്വാധീനിക്കാൻ അതിനു കഴിയും.

About Suran Nooranattukara

Suran Nooranattukara is a painting artist by profession. He is a free thinker. Hobbies: Book Reading, Cinema

View all posts by Suran Nooranattukara →

Leave a Reply

Your email address will not be published. Required fields are marked *