“നമ്മള്‍ വടക്കോട്ട് തലവച്ച് കിടന്നാലുണ്ടല്ലോ, നമ്മുടെ ശരീരത്തിലെ ഇരുമ്പെല്ലാം ആകര്‍ഷിക്കപ്പെട്ട് തലയില്‍നിന്നിറങ്ങി കാലിലേക്ക് ചെന്നുചേരും. നമ്മള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഭയങ്കര ക്ഷീണമായിരിക്കും. അസുഖങ്ങള്‍ ഉണ്ടാകും…. ഈ വിശദീകരണങ്ങള്‍ കേട്ടാല്‍ നമുക്ക് ഭയങ്കര ക്ഷീണം തോന്നും. അത്രവലിയ വിശദീകരണമാണ്. പക്ഷേ ഇതൊന്ന് പൊളിച്ചു നോക്കിയാല്‍, വെറും മൂന്ന് സെന്റന്‍സില്‍ പറയാവുന്ന കാര്യമാണ്” – ശാസ്ത്ര പ്രഭാഷകനും എഴുത്തുകാരനുമായ ഡോ വൈശാഖന്‍ തമ്പിയുടെ വൈറലായ പ്രഭാഷണത്തിന്റെ ഒരു ഭാഗം വായിക്കാം.
‘വടക്കോട്ട് തലവച്ച് കിടക്കാമോ? ഇത് പണ്ടൊരു വിശ്വാസം മാത്രമായിരുന്നു. ഇപ്പോള്‍ സയന്‍സിന്റെ കുപ്പായമൊക്കെ ഇട്ട് നില്‍ക്കുന്ന ഒരു സാധനമാണ്, നമ്മളീ തലവച്ചു കിടക്കുന്ന ഡയറക്ഷന്‍. പണ്ട് അമ്മാവന്മാരും, അമ്മമാരുമൊക്കെ പറയും വടക്കോട്ട് തലവച്ച് കിടക്കരുത്. ദോഷമാണ്. പിള്ളേര്‍ മറുചോദ്യമൊന്നും ചോദിക്കില്ല. പക്ഷെ ഇപ്പോള്‍ അതല്ല. ഇതിനൊക്കെ ‘സയന്റിഫിക്’ വിശദീകരണമുണ്ട്. ഒന്ന് ഭൂമിക്ക് സ്വന്തമായി ഒരു മാഗ്‌നറ്റിക് ഫീല്‍ഡുണ്ട്. അതിന് തെക്കും, വടക്കുമുണ്ട്. മാഗ്‌നറ്റ് എന്നുപറഞ്ഞാല്‍ ഓപ്പോസിറ്റ് ഫോഴ്സ് (opposite force) എപ്പോഴും അട്രാക്റ്റ് (attract) ചെയ്യും, സിമിലര്‍ ഫോഴ്സ് (similar force) എപ്പോഴും റിപ്പല്‍ (repel) ചെയ്യും എന്നാണ് നമ്മള്‍ സയന്‍സ് ക്ലാസില്‍ പഠിച്ചത്.
വടക്കും വടക്കും കാന്തം അടുത്തുകൊണ്ടുവന്നാല്‍ കാന്തം വികര്‍ഷിക്കും. വടക്കും തെക്കും ആണെങ്കില്‍ ആകര്‍ഷിക്കും. നമ്മുടെ ശരീരത്തില്‍ രക്തമുണ്ടെന്നും, രക്തത്തില്‍ ഹീമോഗ്ലോബിന്‍ ഉണ്ടെന്നും, ഹീമോഗ്ലോബിനില്‍ അയേണ്‍ ഉണ്ടെന്നും നമ്മള്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. അയേണ്‍ എന്താണ് ഇരുമ്പ്. ഇരുമ്പ് കാന്തവുമായി ആകര്‍ഷിക്കുന്ന സാധനമാണോ? അപ്പോള്‍ നമ്മുടെ ശരീരത്തിലെ രക്തം മാഗ്‌നറ്റിക്കാണ്. അതിനകത്ത് ഇരുമ്പുണ്ട്. ഭൂമിയുടെ മാഗ്‌നറ്റിക് പോളുമായി (pole) നമ്മുടെ ശരീരത്തിലെ ഇരുമ്പ് അകര്‍ഷിക്കുകയും, വികര്‍ഷിക്കുകയുമൊക്കെ ചെയ്യും. നമ്മള്‍ വടക്കോട്ട് തലവച്ച് കിടന്നാലുണ്ടല്ലോ, നമ്മുടെ ശരീരത്തിലെ ഇരുമ്പെല്ലാം ഇങ്ങനെ ആകര്‍ഷിക്കപ്പെട്ട് തലയില്‍നിന്നിറങ്ങി കാലിലേക്ക് ചെന്നുചേരും. അപ്പോള്‍ എന്തുപറ്റും? നമ്മള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഭയങ്കര ക്ഷീണമായിരിക്കും. അസുഖങ്ങള്‍ ഉണ്ടാകും. ഈ വിശദീകരണങ്ങള്‍ കേട്ടാല്‍ നമുക്ക് ഭയങ്കര ക്ഷീണം തോന്നും. അത്രവലിയ വിശദീകരണമാണ്. പക്ഷേ ഇതൊന്ന് പൊളിച്ചു നോക്കിയാല്‍, ഇത് ഒരു മൂന്ന് സെന്റന്‍സില്‍ പറയാവുന്ന കാര്യമാണ്.
ഭൂമിക്ക് മാഗ്‌നറ്റിക് പോള്‍ ഉണ്ട്. അതിന് നോര്‍ത്ത്, സൗത്തുമുണ്ട്. പക്ഷെ മാഗ്‌നറ്റിന് ഒരു ശക്തിയുണ്ട്. നമ്മുടെ കയ്യിലിരിക്കുന്ന കാന്തങ്ങള്‍ക്കെല്ലാം ഒരേ ശക്തിയായിരിക്കില്ല. എല്ലാം ഒരുപോലെയല്ല ആണിയെ ആകര്‍ഷിക്കുന്നത്. ചിലത് പെട്ടന്ന് ആകര്‍ഷിക്കും. അപ്പോള്‍ ഭൂമിയുടെ കാന്തത്തിന് എത്ര ശക്തിയുണ്ടെന്ന് നോക്കാം. ഇത്തിരിപോന്നൊരു കോമ്പസ് അതായത് വടക്കു നോക്കിയന്ത്രത്തിന്റെ നീഡില്‍ എടുത്താല്‍ അത് ഭൂമിയുടെ മാഗ്‌നറ്റിക് ഫീല്‍ഡുമായുള്ള ആകര്‍ഷണം കാരണം തെക്കുവടക്കായിട്ട് നില്‍ക്കും. അതിന്റെ അടുത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നു നോക്കൂ അതിങ്ങനെ അനങ്ങും. അനങ്ങുന്നതിന്റെ കാരണം ഭൂമിയുടെ മാഗ്‌നെറ്റിക്ക് ഫീല്‍ഡിനേക്കാള്‍ ശക്തമായി മൊബൈല്‍ ഫോണ്‍ അതിനെ ആകര്‍ഷിക്കുന്നുണ്ട്. അങ്ങിനെയെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന മാഗ്‌നെറ്റിക്ക് ഫീല്‍ഡ് ഭൂമിയുടെ മാഗ്‌നെറ്റിക്ക് ഫീല്‍ഡിനേക്കാളും ശക്തമാണ്.
അപ്പോള്‍ സൗകര്യമായി, അപ്പോള്‍ ഇനി മൊബൈല്‍ ഫോണിന്റെ നെഞ്ചത്തോട്ട് കേറാം. അതല്ല പറഞ്ഞു വരുന്നത്. ഇനി ഫ്രിഡ്ജിനടുത്തേക്ക് കൊണ്ടുചെന്നാലോ. നീഡില്‍ മൊത്തം തെറ്റും. കാരണം ഫ്രിഡ്ജിന്റെ ബാക്കിലിരിക്കുന്നത് ഭയങ്കര സ്‌ട്രോങ്ങ് മാഗ്‌നെറ്റിക്ക് ഫീല്‍ഡാണ്. സ്പീക്കറിനുള്ളിലിരിക്കുന്നതും ശക്തമായ മാഗ്‌നെറ്റിക്ക് ഫീല്‍ഡാണ്. ഇതൊക്കെ ഭൂമിയുടെ മാഗ്‌നെറ്റിക്ക് ഫീല്‍ഡിനേക്കാളും പത്തും പതിനായിരവും മടങ്ങ് ശക്തിയുള്ളതാണ്. നമ്മുടെ എം. ആര്‍. ഐ. മെഷീന്‍ നോക്കുക. ആളുകളുടെ ഇമേജിങ്ങ് എടുക്കുന്ന മെഡിക്കല്‍ ടെക്‌നോളജിയാണ്. അതിനകത്തേക്ക് കയറുമ്പോള്‍ ശരീരത്തില്‍ ലോഹങ്ങളുടെ ഒരു വസ്തുവും അനുവദിക്കില്ല. കാരണം അതിനകത്ത് വളരെ സ്‌ട്രോങ്ങ് മാഗ്‌നെറ്റിക്ക് ഫീല്‍ഡാണ്. ഈ ബ്ലഡിലുള്ള അയേണെല്ലാം അതിനകത്തേക്ക് കയറ്റി കഴിഞ്ഞാല്‍ രോഗി പൊട്ടിത്തെറിക്കേണ്ടതാണ്. ഇത്രയും വലിയ മാഗ്‌നെറ്റിക്ക് ഫീല്‍ഡിലേക്കാണ് കൊണ്ടുചെന്ന് കയറ്റുന്നത്. അത് സംഭവിക്കുന്നില്ല. പോകുന്ന ആള്‍ തിരിച്ചിറങ്ങുന്നു.
ശരീരത്തിലെ മാഗ്‌നെറ്റിക്ക് ഫീല്‍ഡ് എങ്ങിനെയാണ് ഉണ്ടാകുന്നത്? അയേണ്‍ ഓക്‌ഡൈുകള്‍ ആണ് ഇവിടെയുള്ളത്. സോഡിയം എന്നുപറയുന്നത് വെള്ളത്തിലിട്ടാല്‍ പൊട്ടിത്തെറിക്കുന്ന ഒരു മൂലകമാണ്. ക്ലോറിന്‍ എന്നുപറഞ്ഞാല്‍ പണ്ട് യുദ്ധത്തിലൊക്കെ ആളുകളെ കൂട്ടക്കുരുതി നടത്താന്‍ ഉപയോഗിച്ചിരുന്ന വിഷവാതകമാണ്. സോഡിയവും, ക്ലോറിനുംകൂടി ചേര്‍ന്നാല്‍ സോഡിയം ക്ലോറൈഡ് എന്ന വേറൊരു ‘ഭീകര’ രാസവസ്തുവാകും. അത് നമ്മള്‍ വെള്ളത്തില്‍ കലക്കി കുടിക്കും, ഉപ്പുസോഡ എന്നൊക്കെ പറഞ്ഞ്. വെള്ളത്തിലിട്ടാല്‍ പൊട്ടിത്തെറിക്കുന്ന സോഡിയവും, ആളുകളെ കൂട്ടക്കുരുതിക്ക് ഉപയോഗിച്ച ക്ലോറിനുംകൂടിയാണ് അതില്‍ കൂട്ടിക്കലര്‍ത്തുന്നത്. അതായത് മൂലകങ്ങളായി നില്‍ക്കുമ്പോഴാണ് ഇതിനൊക്കെ ഈ പറയുന്ന ഗുണങ്ങളുള്ളത്. ഇത് സംയുക്തത്തിന്റെ ഭാഗം, അതായത് വേറെ എന്തിന്റെയെങ്കിലും കൂടെ ചേര്‍ന്നുകഴിഞ്ഞാല്‍ അവയുടെ സ്വഭാവം നഷ്ടപ്പെടും. ഇപ്പോഴത്തെ ഒരു വാക്കുണ്ടല്ലോ, സ്വത്വം… അങ്ങനെ മൂലകങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടിട്ടാണ് പുതിയ സംയുക്തങ്ങളായിട്ട് മാറുന്നത്.
നമ്മള്‍ ഇട്ടിരിക്കുന്ന പല വസ്ത്രങ്ങളിലെയും ആറ്റങ്ങള്‍ വിഷമാണ്. പക്ഷെ അത് ആറ്റമായിട്ടല്ല നില്‍ക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നാത്തത്. അപ്പോള്‍ രക്തത്തിലുള്ള അയേണ്‍ മാഗ്‌നെറ്റിക്ക് സ്വഭാവമുള്ളതല്ല. പിന്നെ മാഗ്‌നെറ്റിക്ക് സ്വഭാവമുണ്ടാകാന്‍ സാധ്യത കറണ്ടാണ്. നമ്മുടെ ശരീരത്തില്‍ വൈദ്യുതിയുണ്ട്. പക്ഷേ വൈദ്യുതി ഒരു പ്രത്യേക ഡയറക്ഷനില്‍ ഒഴുകി കഴിഞ്ഞാല്‍, ഒരു പ്രത്യേക ഡയറക്ഷനിലാണ് മാഗ്‌നെറ്റിക്ക് ഫീല്‍ഡ് അതില്‍നിന്നുണ്ടാവുക. നമ്മുടെ ശരീരത്തില്‍ കാലില്‍ നിന്നും തലയിലേക്ക് തുടര്‍ച്ചയായി കറണ്ട് ഒഴുകികൊണ്ടിരിക്കുകയൊന്നുമല്ല. അങ്ങിനെയാണെങ്കില്‍ നമ്മള്‍ക്ക് ഈ വാട്ടര്‍ പ്രോജക്ട് ഒന്നും വേണ്ട. ഒരാളെപിടിച്ച് കിടത്തിയാല്‍ മതി. അങ്ങിനെയുള്ള കരണ്ടോന്നും നമ്മുടെ ശരീരത്തിലില്ല. അത് വളരെ റാന്‍ഡം (random) ആണ്. അതുകൊണ്ടൊരു മാഗ്‌നെറ്റിക്ക് ഫീല്‍ഡുണ്ടാക്കുക അസാധ്യമാണ്.
വളരെ ചെറിയ കറണ്ട് മാത്രമാണ്. അതിന് ദിശയൊന്നുമില്ല. തലയും, കാലും രണ്ട് മാഗ്‌നെറ്റിക്ക് ഫോഴ്‌സ് ആണെന്നൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ എം. ആര്‍. ഐ. മെഷീന്റെ അടുത്തുനില്‍ക്കുന്ന ഡോക്ടറായിരിക്കും ആദ്യം അതിന്റെ അകത്തേക്ക് കയറിപോകുന്നത്. അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ശരീരം കാന്തമാണെങ്കില്‍ ഇത് എന്തുകൊണ്ട് സംഭവിക്കുന്നില്ല. ഇവിടെ സംഭവിക്കുന്നത് അവര്‍ പറയുന്ന വാദത്തെ നമ്മള്‍ ഫാള്‍സിഫൈ (falsify) ചെയ്യുന്നു. അവര്‍ പറയുന്ന വാദം ശരിയാണെങ്കില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. ഡോക്ടര്‍ അവിടെ വെറുതെ നിന്നാല്‍ ശരിയാകില്ല. ഡോക്ടര്‍ അതിലേക്ക് അകര്‍ഷിക്കപ്പെടണം. ഇല്ല, സംഭവിക്കുന്നില്ല. അപ്പോള്‍ ശരീരത്തിന് മാഗ്‌നെറ്റിക്ക് സ്വഭാവമില്ല. ഭൂമിയുടെ മാഗ്‌നെറ്റിസത്തിന് ഇത്ര വലിയ ശക്തിയുമില്ല. ഇനി മാഗ്‌നെറ്റിസം എങ്ങിനെയുണ്ടാകുന്നു എന്നന്വേഷിച്ചു പോയിക്കഴിഞ്ഞാല്‍ വലിയ കഥയാണ്. വിഷയം അതല്ല. വെറും മൂന്ന് വാചകത്തില്‍ അവര്‍ തള്ളിവിടുന്ന വാദം… അത് പൊളിക്കാന്‍ നമുക്ക് എന്തൊരു അധ്വാനമുണ്ടെന്നറിയുമോ? അതിന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് തുടങ്ങണം’- വൈശാഖന്‍ തമ്പി വ്യക്തമാക്കി.
ഡോ. വൈശാഖൻതമ്പി അവതരിപ്പിച്ച പരന്ന ഭൂമി (Flat Earth) എന്ന ഈ പ്രഭാഷണം മുഴുവനായും യൂട്യൂബിൽ കാണുന്നതിന് സന്ദർശിക്കുക https://youtu.be/V7AHSeFazAw