പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയത് മാരക മൈനുകള്‍; സജീവ് ആല എഴുതുന്നു


‘സ്വന്തമായി രാജ്യം കിട്ടിയാലും പാലസ്തീന്‍ ജനതയ്ക്ക് ശാന്തിയോടെയും സമാധാനത്തോടെയുള്ള സന്തോഷജീവിതം ലഭ്യമാകാനുള്ള സാധ്യത തീരെ കുറവാണ്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേമിന്റെ ഒരു ഭാഗം എന്നിവയെല്ലാം കൂടി ചേര്‍ത്ത് പുതിയ പാലസ്തീന്‍ രാജ്യം പ്രഖ്യാപിക്കുന്നതിന്റെ അന്നുതന്നെ ഹമാസുകാര്‍ ഫത്താ പാര്‍ട്ടിക്കെതിരെ ആക്രമണം തുടങ്ങും.യാസര്‍ അരാഫത്തിന്റെ പിഎല്‍ഒയുടെ പൊളിറ്റിക്കല്‍ രൂപമായ ഫത്താ പാര്‍ട്ടിക്കാര്‍ മിതവാദികളും കുറച്ചൊക്കെ മതേതര സ്വഭാവം വച്ചുപുലര്‍ത്തുന്നവരുമാണ്. അവരാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. 1993ല്‍ ഓസ്ലോ സമാധാന കരാറിനെ തുടര്‍ന്ന് സ്വയംഭരണ പ്രദേശമായി മാറിയ ഗാസയുടെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കുന്നതിനായി ഫത്താ പാര്‍ട്ടിക്കെതിരെ വന്യമായ ആക്രമണമാണ് ഹമാസ് തിവ്രവാദികള്‍ അഴിച്ചുവിട്ടത്. നൂറുകണക്കിന് പാലസ്തീന്‍കാരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്.’
സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം സമാധാനം കൊണ്ടുവരുമോ…?

അറബികളും ഇസ്രായേലികളും തമ്മിലുള്ള വഴക്കും വക്കാണവും പാലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണത്തോടെ ഒരു പരിധിവരെ കുറഞ്ഞേക്കാം. ഇറാനും സിറിയയും ഒഴികെയുള്ള എല്ലാ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ജൂതരാഷ്ട്രവുമായി സൗഹൃദത്തിലുമായേക്കാം. പക്ഷെ സ്വന്തമായി രാജ്യം കിട്ടിയാലും പാലസ്തീന്‍ ജനതയ്ക്ക് ശാന്തിയോടെയും സമാധാനത്തോടെയുള്ള സന്തോഷജീവിതം ലഭ്യമാകാനുള്ള സാധ്യത തീരെ കുറവാണ്.

വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേമിന്റെ ഒരു ഭാഗം എന്നിവയെല്ലാം കൂടി ചേര്‍ത്ത് പുതിയ പാലസ്തീന്‍ രാജ്യം പ്രഖ്യാപിക്കുന്നതിന്റെ അന്നുതന്നെ ഹമാസുകാര്‍ ഫത്താ പാര്‍ട്ടിക്കെതിരെ ആക്രമണം തുടങ്ങും.യാസര്‍ അരാഫത്തിന്റെ പിഎല്‍ഒയുടെ പൊളിറ്റിക്കല്‍ രൂപമായ ഫത്താ പാര്‍ട്ടിക്കാര്‍ മിതവാദികളും കുറച്ചൊക്കെ മതേതര സ്വഭാവം വച്ചുപുലര്‍ത്തുന്നവരുമാണ്. അവരാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. 1993ല്‍ ഓസ്ലോ സമാധാന കരാറിനെ തുടര്‍ന്ന് സ്വയംഭരണ പ്രദേശമായി മാറിയ ഗാസയുടെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കുന്നതിനായി ഫത്താ പാര്‍ട്ടിക്കെതിരെ വന്യമായ ആക്രമണമാണ് ഹമാസ് തിവ്രവാദികള്‍ അഴിച്ചുവിട്ടത്. നൂറുകണക്കിന് പാലസ്തീന്‍കാരാണ് ഈ കലാപത്തില്‍ കൊല്ലപ്പെട്ടത്.

അല്‍ഖ്വയ്ദ-ഐഎസ് മാതൃകയിലുള്ള ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനായി പോരാടുന്ന ഭീകരഗ്രൂപ്പാണ് ഹമാസ്. മിതവാദികളായ ഫത്താപാര്‍ട്ടിക്കാര്‍ക്ക് പാലസ്തീന്‍ രാഷ്ട്രത്തിന്റെ നിയന്ത്രണം കൈവരാന്‍ ഒരിക്കലും ഹമാസ് അനുവദിക്കില്ല. ഇപ്പൊള്‍ ഇസ്രായേലിലേക്ക് അയ്ക്കുന്ന റോക്കറ്റുകള്‍ നാളെ ഹമാസ് വെസ്റ്റ് ബാങ്കിലേക്ക് തൊടുത്തുവിടും. മഹമൂദ് അബ്ബാസിനെ പോലെയുള്ള ജനാധിപത്യ മതേതര വാദികളായ പാലസ്തീന്‍ നേതാക്കളെ ചാവേര്‍ ബോംബാക്രമണത്തിലൂടെ ഹമാസ് ഇല്ലാതാക്കിയേക്കാം. ആയിരക്കണക്കിന് നിരപരാധികളായ പാലസ്തീന്‍കാര്‍ വീണ്ടും കൊല്ലപ്പെടും. പൊട്ടിത്തെറിക്കുന്ന മനുഷ്യബോംബുകള്‍ക്കൊപ്പം നിഷ്‌കളങ്കരായ ഓമനക്കുഞ്ഞുങ്ങള്‍ ചിതറപ്പെടും.

ജൂതനെ ഇല്ലായ്മ ചെയ്യേണ്ടത് മതപരമായ കര്‍ത്തവ്യമായതിനാല്‍ ഇടയ്ക്കിടെ ഇസ്രായേലിലേക്കും ഹമാസ് റോക്കറ്റ് വിടും. അവസാനം വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന ഫത്താ വിഭാഗവും ഇസ്രായേലും പൊതുശത്രുവായ ഹമാസിനെതിരെ സൈനിക സഖ്യം വരെ ഉണ്ടാക്കിയേക്കാം. അതായത് സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രത്തില്‍ ഇന്നത്തെ സിറിയയില്‍ നടക്കുന്ന പോലെ അതിരൂക്ഷമായ ഫത്താ-ഹമാസ് സിവില്‍ വാര്‍ നടന്നേക്കാം.

ഇപ്പോള്‍ വെസ്റ്റ് ബാങ്കിലെ പാലസ്തീനികള്‍ കുറച്ച് സമാധാനത്തിലാണ് കഴിയുന്നത്. സ്വതന്ത്ര പാലസ്തീന്‍ രാജ്യത്തില്‍ ഗാസ പോലെ മറ്റൊരു കത്തിയാളുന്ന അശാന്തിപ്രവിശ്യയായി വെസ്റ്റ് ബാങ്കും മാറിയേക്കാം. എങ്ങനെ നോക്കിയാലും പാലസ്തീനിലെ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തില്‍ നിന്ന് ചോരയും കണ്ണീരും ഒഴിഞ്ഞുപോകാനുള്ള വിദൂരസാധ്യത പോലും കാണാനാവുന്നില്ല. അഫ്ഗാനിസ്ഥാന്‍ ആരുഭരിച്ചാലും അവിടുത്തെ ജനതയുടെ നിലവിളി അവസാനിക്കുന്നില്ല. അതുപോലെ തന്നെയൊരു ദുരന്ത സങ്കടചിത്രമായി സ്വതന്ത്ര പാലസ്തീനും മാറിയേക്കാം. പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയ മാരകമൈനുകള്‍ സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രത്തിന്റെ ഉള്‍ക്കാമ്പുകളില്‍ പൊട്ടിത്തെറിച്ച് കൊണ്ടേയിരിക്കും.

Loading


Leave a Reply

Your email address will not be published. Required fields are marked *