‘ഇസ്രായേല്‍-പാലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവീര്‍പ്പിടുന്നത് ഈ ചോദ്യം ചോദിച്ചുകൊണ്ടാണ്- 1967 ല്‍ ജോര്‍ഡന്‍ ഇസ്രായേലിനെ ആക്രമിക്കാതിരുന്നെങ്കില്‍… ശരിയാണ് അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഇന്നുള്ള പ്രശ്നങ്ങളില്‍ സിംഹഭാഗവും അപ്രസക്തമായേനെ. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പാലസ്തീനികള്‍ ജോര്‍ഡാന്‍ പൗരന്‍മാരായി ജീവിക്കുമായിരുന്നു. പിന്നെയുള്ളത് ഗാസ മുനമ്പിന്റെ കാര്യമാണ്. അത് 1949-1967 വരെ ഈജിപ്റ്റിന്റെ കൈവശമിരുന്ന പ്രദേശമാണ്. അവരത് ഉപേക്ഷിച്ചതല്ല. ഇസ്രേയേലുമായുള്ള യുദ്ധം തോറ്റപ്പോള്‍ കയ്യില്‍ നിന്ന് പോയതാണ്. ഗോലന്‍ കുന്നുകളാകട്ടെ സിറിയയുടെ പക്കലും. ‘പാലസ്തീനുകളുടെ ഭൂമി’ എന്ന് ഇന്ന് നാം വിശേഷിപ്പിക്കുന്ന ഈ പ്രധാന ഭൂവിഭാഗങ്ങളും 1967 വരെ മൂന്ന് അറബ് രാജ്യങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു.’ – സി രവിചന്ദ്രന്‍ എഴുതുന്നു
തോല്‍ക്കാനാവാത്ത യുദ്ധങ്ങള്‍
ചരിത്രത്തില്‍ അങ്ങനെയായിരുന്നെങ്കില്‍-ഇങ്ങനെയായിരുന്നെങ്കില്‍ എന്നൊക്കെ സങ്കല്‍പ്പിക്കുന്നതില്‍ കഥയില്ല. ചരിത്രത്തില്‍ മാത്രമല്ല നമ്മുടെ വ്യക്തിജീവിതത്തിലും അതാണവസ്ഥ. എങ്കിലും ഇസ്രായേല്‍-പാലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവീര്‍പ്പിടുന്നത് ഈ ചോദ്യം ചോദിച്ചുകൊണ്ടാണ്-1967 ല്‍ ജോര്‍ഡന്‍ ഇസ്രായേലിനെ ആക്രമിക്കാതിരുന്നെങ്കില്‍… ശരിയാണ് അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഇന്നുള്ള പ്രശ്നങ്ങളില്‍ സിംഹഭാഗവും അപ്രസക്തമായേനെ. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പാലസ്തീനികള്‍ ജോര്‍ഡാന്‍ പൗരന്‍മാരായി ജീവിക്കുമായിരുന്നു. പിന്നെയുള്ളത് ഗാസ മുനമ്പിന്റെ കാര്യമാണ്. അത് 1949-1967 വരെ ഈജിപ്റ്റിന്റെ കൈവശമിരുന്ന പ്രദേശമാണ്. അവരത് ഉപേക്ഷിച്ചതല്ല. ഇസ്രേയേലുമായുള്ള യുദ്ധം തോറ്റപ്പോള്‍ കയ്യില്‍ നിന്ന് പോയതാണ്. ഗോലന്‍ കുന്നുകളാകട്ടെ സിറിയയുടെ പക്കലും. ‘പാലസ്തീനുകളുടെ ഭൂമി’ എന്ന് ഇന്ന് നാം വിശേഷിപ്പിക്കുന്ന ഈ പ്രധാന ഭൂവിഭാഗങ്ങളും 1967 വരെ മൂന്ന് അറബ് രാജ്യങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. Palestine people is not a homogeneous population. They are too diverse with the character of a diaspora. അന്നവിടങ്ങളില്‍ സ്വാതന്ത്യപ്രസ്ഥാനങ്ങളോ വിമോചനസമരങ്ങളോ ഉണ്ടായിരുന്നില്ല. ഇസ്രായേല്‍ അധിനവേശകരെ അടിച്ചോടിച്ച് ആ പ്രദേശങ്ങള്‍ സ്വന്തമാക്കിയതിന് ശേഷമാണ് ഇന്നത്തെ വിമോചനപ്രസ്ഥാനങ്ങള്‍ ഉരുത്തിരിയുന്നത്.
1948 ലെ യുദ്ധത്തിന് ശേഷം നടന്ന ജെറിക്കോ കോണ്‍ഫറന്‍സില്‍ വെസ്റ്റ് ബാങ്കില്‍ വസിച്ചിരുന്ന നൂറ് കണക്കിന് പാലസ്തീന്‍ പൗരപ്രമുഖര്‍ ഒത്തുകൂടി ജോര്‍ഡാനെ തങ്ങളുടെ മാതൃരാജ്യമായി അംഗീകരിച്ചിരുന്നു. അതിന് ശേഷം ജോര്‍ഡാന്‍ തങ്ങളുടെ പഴയപേരായ Transjordan ഉപേക്ഷിച്ച് Jordan എന്ന പേര് സ്വീകരിക്കുന്നു. 1950 ഏപ്രില്‍ 24 ന് ഔദ്യോഗികമായി വെസ്റ്റ് ബാങ്ക് തങ്ങളുടെ രാജ്യത്തോടൊപ്പം കൂട്ടി ചേര്‍ക്കുന്നു. തുടര്‍ന്നുള്ള 17 വര്‍ഷം വെസ്റ്റ് ബാങ്കിലെ പൗരന്‍മാര്‍ സന്തോഷപൂര്‍വം ജോര്‍ഡന്‍കാരായി ജീവിക്കുന്നു. ബാക്കിയുള്ള പലസ്തീനികള്‍ സിറയയിലും ലബനണിലും ഇസ്രായേലിലും ഗാസയിലും മറ്റ് അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളിലുമൊക്കെയായി വസിക്കുന്നു. പാലസ്തീന്‍ ഡയസ്‌പോര എന്നുവിളിക്കാം. അപ്പോഴവര്‍ക്ക് സ്വന്തമായി രാജ്യംവേണ്ട. അത്രമാത്രം വ്യാപരിച്ച് കിടക്കുന്ന ഒരു ജനതയ്ക്ക് ഒറ്റ രാജ്യം പ്രായോഗികവുമായിരുന്നില്ല. ജോര്‍ഡാനും ഈജിപ്തിനും കീഴില്‍ വസിക്കുമ്പോള്‍ വെസ്റ്റ് ബാങ്കിലെയും ഗാസയിലേയും പാലസ്തീനികള്‍ സ്വയംഭരണത്തില്‍ (self-determination) ആവേശം കാണിച്ചില്ല. എന്നാല്‍ ഇസ്രയേല്‍ അധിനിവേശം അവര്‍ക്ക് അസ്വീകാര്യമായി. കാരണം പരിശോധിച്ചാല്‍ മതംതെളിഞ്ഞുവരും. മാത്രമല്ല ലോകമെമ്പാടുമുള്ള ജൂതര്‍ക്ക് ഇസ്രയേല്‍ എന്നൊരു രാജ്യമാകാമെങ്കില്‍ പാലസ്തീനികള്‍ക്ക് എന്തുകൊണ്ട് സ്വന്തം രാജ്യം ആയിക്കൂടാ എന്ന ചോദ്യം ഉയര്‍ന്നു. ഒരു കാര്യം ഉറപ്പാണ്-ഇസ്രയേല്‍ എന്ന രാജ്യം വന്നില്ലെങ്കില്‍ ആ പ്രദേശങ്ങളിലെ പാലസ്തീനികള്‍ പല രാജ്യങ്ങളിലായി ജീവിച്ചേനെ.
സമവാക്യങ്ങള്‍ മാറുന്നത് 1967 ലെ ആറു ദിവസ യുദ്ധത്തോടെയാണ്. അറബ് രാജ്യങ്ങള്‍ കൂട്ടംകൂടി ഇസ്രായേലിനെ ആക്രമിക്കുന്നു. ഇസ്രയേല്‍ ആറ് ദിവസംകൊണ്ട് യുദ്ധം ജയിക്കുന്നു. അറബ് രാജ്യങ്ങള്‍ക്ക് 18000-20000 സൈനികരെ നഷ്ടപെടുന്നു. ഇസ്രയേലിന്റെ 900 സൈനികരും കൊല്ലപെട്ടു. ഇസ്രായേലിനെ അപേക്ഷിച്ച് അറബ് രാജ്യങ്ങളുടെ മൂന്നിരട്ടി യുദ്ധവിമാനങ്ങളും ടാങ്കുകളും വസ്തവകകളും നശിപ്പക്കപെട്ടു. ഗാസാമുമ്പ് കയ്യടിക്കി വെച്ചിരുന്ന ഈജിപ്താണ് ആദ്യം ആക്രമണ ഭീഷണിയുമായി രംഗത്ത് വന്നത്. ആക്രമിക്കപെടുമെന്ന് ഉറപ്പായപ്പോള്‍ കൂട്ടസംസ്‌കാരങ്ങള്‍ നടത്താന്‍ സ്ഥലം കണ്ടുവെച്ച ശേഷമാണ് ഇസ്രായേല്‍ അങ്ങോട്ട് കയറി ആക്രമിച്ചത്. യുദ്ധഫലം അവിശ്വസനീയമായിരുന്നു. ഈജിപ്തിലെ നാസര്‍ അന്ന് അറബ് ലോകത്തിന് ആരാധ്യനാണ്. ജോര്‍ഡനും ഈജിപ്തും തമ്മില്‍ കരാറുണ്ടായിരുന്നു. ഈജിപ്ത് നിസ്സാരമായി ജയിക്കുമെന്നു പൊതുവെ വിലയിരുത്തപെട്ടു. ഈജിപ്തുകാര്‍ക്കും മറിച്ചൊരു സന്ദേഹം ഉണ്ടായിരുന്നില്ല. ഹുസൈന്‍ രാജാവും (Hussein bin Talal) ഈ അന്ധവിശ്വാസം പങ്കുവെച്ചിരുന്നു. ആദ്യഘട്ടത്തില്‍ യുദ്ധത്തില്‍ ഈജിപ്ത് മുന്നേറുന്നു എന്ന ധാരണയാണ് നാസര്‍ ജോര്‍ഡാന്‍ രാജാവിന് നല്‍കി കൊണ്ടിരുന്നത്. വെസ്റ്റ് ബാങ്ക് കൈവശമുണ്ടായിരുന്ന ജോര്‍ഡന് ഇസ്രായേലിന്റെ ബാക്കി ഭൂമിയുടെ മുകളിലും കണ്ണുണ്ടായിരുന്നു. അപ്പുറവും ഇപ്പുറവും നിന്നടിച്ചാല്‍ ഇസ്രയേല്‍ എന്ന ജൂതരാഷ്ട്രം ശിഥിലമാകും എന്ന് ഹുസൈനും കണക്കുകൂട്ടി.
ഈജിപ്ത് പ്രസിഡന്റ് നാസറും ഹുസൈനും നല്ല സുഹൃത്തുക്കളായി. ഇസ്രയേല്‍ അപകടം മണത്തു. ഒരേസമയം രണ്ടിടത്ത് യുദ്ധംചെയ്യുന്നത് ആത്മഹത്യാപരമാണ്. യുദ്ധത്തില്‍ പങ്ക് ചേരരുതെന്ന് ഇസ്രയേല്‍ ജോര്‍ഡാനോട് അഭ്യര്‍ത്ഥിച്ചു. പലരെയും കൊണ്ട് പറഞ്ഞുനോക്കിപ്പിച്ചു. ഒഴിഞ്ഞുനിന്നാല്‍ സന്ധികളും വിട്ടുവീഴ്ചകളും സാധ്യമാണെന്നു പറഞ്ഞുവെച്ചു. പക്ഷെ ഹുസൈന്‍ ഈ അഭ്യര്‍ത്ഥന ചെവികൊണ്ടില്ല. ഇസ്രയേലിന്റെ പരുങ്ങല്‍ ഒരവസരമായി കണ്ടു. മറുഭാഗത്ത് യുദ്ധം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഈജിപ്തിന്റെ എയര്‍ഫോഴ്‌സ് തുടച്ചു നീക്കപെട്ടു. പക്ഷെ ഇസ്രായേലി വായുസേന തകര്‍ന്നടിഞ്ഞു എന്ന തെറ്റായ സന്ദേശമാണ് ഹുസൈന് ലഭിച്ചത്! പ്രതിരോധ സഖ്യപ്രകാരം ജോര്‍ഡാന്‍ സൈന്യത്തെ ഈജിപ്തിന്റെ കമാന്‍ഡിന് കീഴിലാക്കിയതും മറ്റൊരബദ്ധമായിരുന്നു. ഇസ്രായേല്‍ തകരുകയാണെന്ന് തെറ്റിദ്ധരിച്ച് ആക്രമണം തുടങ്ങിയ ഹുസൈന്റെ കൊട്ടാരത്തില്‍വരെ ഇസ്രയേല്‍ ബോംബിട്ടു. ജോര്‍ഡാന് അവരുടെ ജി.ഡി.പിയുടെ 40 ശതമാനം കൊണ്ടുവന്നിരുന്ന വെസ്റ്റ് ബാങ്ക് നഷ്ടപെട്ടു. ഇരുപതിനായിരം പാലസ്തീനികള്‍ ജോര്‍ഡന്റെ മറ്റ് ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു. മൂന്ന് ദിവസം കഴിയുമ്പോള്‍ ജോര്‍ഡാന്റെ പക്കല്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല. കയ്യിലിരുന്ന വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും ഇസ്രായേല്‍ പിടിച്ചടക്കി, ഉള്ളിലേക്ക് അടിച്ചുകയറി. അപ്പുറത്ത് കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് ഈജിപ്തിന് സിനായും ഗാസയും നഷ്ടമായി. ഹുസൈന് യുദ്ധത്തിന്റെ ഗതി മനസ്സിലാകുന്നതു വരെയെങ്കിലും കാത്തിരിക്കാമായിരുന്നു! But it is hindsight wisdom!
അബദ്ധം കാണിക്കാന്‍ ഇസ്രായേലും തയ്യാറായിരുന്നു. പക്ഷെ അറബ് രാജ്യങ്ങള്‍ അതിനനുവദിച്ചില്ല. 1967 യുദ്ധം ജയിച്ച ഉടന്‍ സമാധാനം സ്ഥാപിക്കാനായി തങ്ങള്‍ കയ്യടക്കിയ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജെറുസലേമും ജോര്‍ഡാനും ഗോലാന്‍കുന്നുകള്‍ സിറിയക്കും ഗാസാനമുനമ്പും സിനായ് ഈജിപ്തിനും തിരിച്ചുകൊടുക്കാമെന്ന് വാഗ്ദാനം നടത്തി. യുദ്ധംജയിച്ചവര്‍ കയ്യടക്കിയ പ്രദേശമെല്ലാം പെട്ടെന്ന് തിരിച്ചുകൊടുക്കാമെന്ന് പറയുന്നത് അപൂര്‍വമാണ്. But Israel was under lot of stress. They wanted a respite, they wanted peace badly. കീഴടക്കുന്നതുപോലെ എളുപ്പമല്ലല്ലോ നിലനിറുത്തുന്നത്! എന്നാല്‍ അപമാനിതരായ സിറിയയും ജോര്‍ഡാനും ഈജിപ്തും ഇസ്രയേലുമായി സന്ധിസംഭാഷണങ്ങള്‍ നടത്താന്‍ വിസമ്മതിച്ചത് ഇസ്രായേലിന് നേട്ടമായി. They did not want to recognize Israel as a state to negotiate with. മറിച്ചായിരുന്നെങ്കില്‍ 1967 ല്‍ തന്നെ മേഖലയില്‍ സമാധാനം സ്ഥാപിക്കപെട്ടേനെ.
യുദ്ധത്തില്‍ പോയത് യുദ്ധംചെയ്ത് തിരിച്ചെടുക്കണമെന്ന വാശി ഈജിപ്തിനും സിറിയക്കും ഉണ്ടായിരുന്നു. അവര്‍ തക്കംപാര്‍ത്തിരുന്നു. 1973 ഒക്ടോബര്‍ ആറിന് ജൂതരുടെ വിശുദ്ധദിനമായ യോം കിപുര്‍ ദിവസംതന്നെ (Yom Kippur, the holiest day in the Jewish calendar.) അവര്‍ സംയുക്തമായി ഇസ്രായേലിനെ കടന്നാക്രമിച്ചു. അപ്രതീക്ഷിതമായ ഈ യുദ്ധം ഇസ്രേയിലിനെ ഉലച്ചു. എങ്കിലും എതിരാളികള്‍ക്ക് വിജയിക്കാനായില്ല. മൂന്നാഴ്ച യുദ്ധത്തില്‍ 2569 ഇസ്രായേലി സൈനികര്‍ കൊല്ലപെട്ടു. സിറിയക്ക് 3500 ഉം ഈജിപ്തിന് 15000 സൈനികരെയും നഷ്ടപെട്ടു. സൈനികമായി, യുദ്ധം ഇസ്രായേല്‍ ജയിച്ചു. എങ്കിലും 1948, 1956, 1967 യുദ്ധങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങള്‍ക്ക് ശേഷം ഇസ്രയേലിന്റെ ഭാഗത്ത് ഇത്രയും നാശം ഉണ്ടായത് ക്ഷീണമായി. സൈനികമായി പരാജയപെട്ടെങ്കിലും, ലക്ഷ്യം നേടിയില്ലെങ്കിലും അറബ് രാജ്യങ്ങള്‍ക്ക് ധാര്‍മ്മികവിജയം തോന്നിയ യുദ്ധമായിരുന്നു യോം കിപൂര്‍.
ഈജിപ്ത് സിനായി ഉപദ്വീപിന്റെ ചെറിയൊരു ഭാഗം പിടിച്ചെടുത്തു. മുറിവേറ്റ ഇസ്രയേല്‍ സിനായില്‍ നിന്ന് ഈജിപ്തിനെ ഏറക്കുറെ തുരത്തിയശേഷം സൂയസ് കനാല്‍ പിടിച്ചെടുക്കാന്‍ കിണഞ്ഞു ശ്രമിച്ചു. സോവിയറ്റ് യൂണിയനും അമേരിക്കയും ക്യൂബന്‍ മിസൈല്‍ പ്രശ്‌നത്തിന് ശേഷം മുഖാമുഖം വന്ന അവസ്ഥയുണ്ടായപ്പോള്‍ വെടിനിറുത്തല്‍ പിറന്നു. പിടിച്ചെടുത്ത സിനായി ഭാഗത്തില്‍ നിന്നും ഈജിപ്ത് പിന്‍വാങ്ങുന്നതിന് മുമ്പ് വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വന്നു. പിന്നെയും 9 വര്‍ഷം കഴിഞ്ഞ്, 1979 ലെ ഈജിപ്ത്-ഇസ്രയേല്‍ സന്ധി പ്രകാരം 1982 ലാണ് സിനായ് ഉപദ്വീപ് മുഴുവന്‍ ഇസ്രായേല്‍ ഈജിപ്തിന് വിട്ടുകൊടുക്കുന്നത്. ഇസ്രായേലും ഈജിപ്തും തമ്മില്‍ രമ്യതപെട്ടത് അറബ് ലോകത്തെ സ്തബ്ധരാക്കി. ഈജിപ്തിനെ അറബ് ലീഗില്‍ നിന്നും പുറത്താക്കി. 1977 ലെ ഈജിപ്ത്-ലിബിയന്‍ യുദ്ധവും 1981 ലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ കൊലപാതകവും ഈ അസ്വാരസ്യവുമായി ബന്ധപെട്ട് വേണം വായിക്കാന്‍. 1973 ലെ യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇസ്രേയിലിനെ തോല്‍പ്പിക്കാനാവില്ല എന്ന വിശ്വാസം ഉലയ്ക്കാന്‍ ഈജിപ്തിന് സാധിച്ചു. 1982 ലെ സന്ധി ഇന്നുവരെ ലംഘിക്കപെട്ടിട്ടില്ല. മറുവശത്ത് സിറിയക്ക് ഇക്കുറിയും സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഫലത്തില്‍ ഇന്നും ഗോലാന്‍ കുന്നുകള്‍ സിറിയക്ക് പൂര്‍ണ്ണമായും വിട്ടുകിട്ടിയിട്ടില്ല. 1967 ല്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ ഈജിപ്തും ജോര്‍ഡാനും ഒരുമ്പെട്ടില്ലായിരുന്നുവെങ്കില്‍ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പാലസ്തീനികള്‍ക്ക് സ്വയംഭരണത്തിന് വേണ്ടി പോരാട്ടം തുടങ്ങേണ്ടി വരുമായിരുന്നില്ല. ഈജീപ്തിനും ജോര്‍ഡനും കീഴില്‍ ജീവിക്കാന്‍ അവര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല, പക്ഷെ ഇസ്രായേല്‍ ഹറാമാണ്. കാരണം മതപരം!
1967 ല്‍ കയ്യടക്കിയ ഭൂമി അപ്പോള്‍ തന്നെ തിരികെ കൊടുത്തിരുന്നെങ്കില്‍ 1979 ല്‍ ഈജിപ്തുമായും 1994 ജോര്‍ഡനുമായി സമാധാന കരാറില്‍ ഒപ്പ് വെക്കാന്‍ ഇസ്രയേലിന് സാധിക്കുമായിരുന്നില്ല. ഗോലാന്‍ കുന്നുകള്‍ വിട്ടുകൊടുത്തിരുന്നെങ്കില്‍ സമാധാന കരാറിലെത്താന്‍ സിറയക്കും താല്പര്യമുണ്ടാകുമായിരുന്നില്ല. ഇസ്രയേലിന്റെ നാശം മുഖ്യലക്ഷ്യം ഉക്ഷേിക്കാന്‍ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ തയ്യാറാകുമായിരുന്നില്ല, 1967 ലെ അതിര്‍ത്തികളിലേക്ക് തിരിച്ചുപോയാല്‍ ബന്ധം സാധാരണനിലയിലാക്കാമെന്ന് അറബ് ലീഗ് വാഗ്ദാനം ചെയ്യുമായിരുന്നില്ല. ചുരുക്കത്തില്‍ 1967 ല്‍ കയ്യടക്കിയ ഭൂമി വിട്ടുകൊടുത്ത് വാങ്ങിയെടുത്ത (Land for peace) സമാധാനത്തിന്റെ തണലിലാണ് ഇസ്രയേല്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷം അതിജീവിച്ചത്. 1948, 1956, 1967, 1973 യുദ്ധപരാജയമാണ് ഇസ്രായേലിനെ അംഗീകരിക്കാന്‍ അയല്‍രാജ്യങ്ങളെ ബാദ്ധ്യസ്ഥരാക്കിയത്. It was forced approval. സോവിയറ്റ് യൂണിയനെതിരെ തന്ത്രപ്രധാന സുഹൃത്തായി ഇസ്രയേലിനെ അംഗീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതും 1967-73 യുദ്ധവിജയങ്ങളാണ്. അതുവരെ ഇസ്രായേലിനുള്ള അമേരിക്കന്‍ പിന്തുണയില്‍ പലപ്പോഴും ഇടര്‍ച്ച ഉണ്ടായിട്ടുണ്ട്.
1967 ന് ശേഷം നീണ്ടകാലം ഗോലാന്‍കുന്നുകളും സിനായ് പെനിന്‍സുലയും വെസ്റ്റുബാങ്കും ബഫര്‍സോണുകളായി (buffer zones) നിലനിര്‍ത്തിയത് പെട്ടെന്നുള്ള ബാഹ്യ ആക്രമണം തടയാന്‍ ഇസ്രായേലിനും സഹായകരമായി. കിഴക്കന്‍ ജെറുസലം സ്വന്തമാക്കി വെച്ച് വെസ്റ്റ് ബാങ്കിന്റെ ബാക്കി ഭാഗം വിട്ടുകൊടുക്കുന്നതു ഇപ്പോഴും ഇസ്രേയിന്റെ നിലനില്‍പ്പിനെ സഹായിക്കുകയേ ഉള്ളൂ. 1967 ലെ യുദ്ധമാണ് ആധുനിക ഇസ്രായേലിന്റെ അടിസ്ഥാനം. അതിന് ശേഷമാണ് ഇസ്രയേലിന്റെ അധിനിവേശം ലോകം ചര്‍ച്ച ചെയ്യുന്നത്. 1947 ന് ലോകമെമ്പാടും നിരവധി അധിനിവേശങ്ങളുണ്ടായി. അഫ്ഗാനിലെ ചെമ്പടയും സിന്‍ചിയാംഗിലും ടിബറ്റിലും ചൈനീസ് ഭരണകൂടം നടത്തിയ അധിനിവേശവും പാകിസ്ഥാനില്‍ ബലൂചുകളുടെ ആത്മാഭിമാനം ചവിട്ടിയരക്കപെട്ടതുമൊക്കെ അവയില്‍ ചിലവ മാത്രം. വാസസ്ഥലത്ത് നിന്ന് പറിച്ചെറിയപെട്ട റോഹിങ്ക്യരുടെയും കാശ്മീരി പണ്ഡിറ്റുകളുടെയും ചരിത്രത്തിനും പഴക്കമേറെയില്ല. എല്ലാ അധിനിവേശങ്ങളും മാനവികവിരുദ്ധം. സ്വാതന്ത്ര്യം രണ്ടാം ഓക്‌സിജനാണ്. ഇസ്രായേല്‍ അധിനിവേശം മാത്രം വെസ്റ്റുബാങ്കിലും ഗാസയിലുമുള്ള പാലസ്തീനികള്‍ക്ക് അധിനിവേശമായി തോന്നാന്‍ മുഖ്യകാരണം മതപരമാണ്, അതിനെ കുറിച്ച് മാത്രം സെലക്റ്റീവായി വ്രണപെടുകയും വിതുമ്പുകയും ചെയ്യുന്നവരുടെ പ്രശ്‌നം ഗോത്രദൈന്യതയാണ്. ഇസ്രായേല്‍ എന്തുകൊണ്ട് എല്ലാ യുദ്ധങ്ങളും വിജയിക്കുന്നു എന്ന ചോദ്യത്തിന് അന്നുമിന്നും ഒറ്റ ഉത്തരമേ ഉള്ളൂ: അതവര്‍ ലോകത്തെ ഏറ്റവും മികച്ച സൈനികശക്തിയായത് കൊണ്ടല്ല. ഇസ്രയേലിന് ഒരു യുദ്ധംപോലും തോല്‍ക്കാനാവില്ല.