വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു


‘ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍, വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് എതിരെയും നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ക്ക് ഈ സമൂഹം നല്‍കിയ അംഗീകാരത്തിന്റെ കൂടി പിന്‍ബലത്തോടെയാണ്. വ്യക്തിസ്വാതന്ത്ര്യം എന്ന നിലയില്‍ നിങ്ങള്‍ ഈ കാണിക്കുന്നത് വളരെ മോശമാണ് എന്ന് പറയാതെ വയ്യ. മിസ് ബിന്ദു അമ്മിണീ, നിങ്ങള്‍ ഇതുവഴി പരിഹസിക്കുന്നത് ഈ രോഗവ്യാപനം തടയാന്‍ വേണ്ടി രാപകല്‍ അദ്ധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും, പോലീസിനെയും, സന്നദ്ധ പ്രവര്‍ത്തകരെയും, രാഷ്ട്രീയ പ്രവര്‍ത്തകരെയും ഒക്കെയാണ്. – ടോമി സെബാസ്റ്റ്യൻ എഴുതുന്നു
തീ കൊണ്ട് കളിക്കുന്നവര്‍!

കോവിഡിനു മുന്നില്‍ ലോകം നിശ്ചലമായിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. ഇതിനോടകം നൂറുകണക്കിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ നമ്മുടെ മുന്നിലൂടെ കടന്നുപോയി. ഇന്ത്യയില്‍ ആര്‍സെനിക് ആല്‍ബം ഉപയോഗിച്ച് ഒരു സംസ്ഥാനത്തു തന്നെ കോവിഡ് പ്രതിരോധം തീര്‍ത്തു എന്ന് അവകാശപ്പെട്ട സംസ്ഥാനം ഗുജറാത്ത് ആയിരുന്നു. അധികം വൈകാതെ ഗുജറാത്ത് ഇന്ത്യയിലെ കോവിഡ് രോഗികളില്‍ ഒന്നാം സ്ഥാനത്ത് എത്തി. അതിനെ തുടര്‍ന്ന് ഗുജറാത്തിലെ ചീഫ് സെക്രട്ടറി തന്റെ മുന്‍ പ്രസ്താവന പിന്‍വലിക്കുകയും ശാസ്ത്രീയമായ ചികിത്സ രീതികള്‍ അവലംബിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇഞ്ചിയും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം, ചെറുനാരങ്ങയുടെ തൊലി ചവച്ചരച്ച് തിന്നുക, ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക, ഗോമൂത്രം , മനുഷ്യ മൂത്രചികിത്സ നടത്തുക, ചാണകത്തില്‍ കുളിക്കുക, ചാണകം തിന്നുക, കാഞ്ഞിരക്കുറ്റിയില്‍ ആണി അടിക്കുക, മങ്കൂസ് ചൊല്ലുക, കുര്‍ബാനയില്‍ സമര്‍പ്പിച്ച പ്രാര്‍ത്ഥിക്കുക, പ്രത്യേകതരം വിളക്ക് കത്തിക്കുക, ധൂമസന്ധ്യ ആചരിക്കുക, ഹോമം നടത്തുക, മൂക്കില്‍ ഗ്ലൂക്കോസ് ലായനി കലക്കി ഒഴിക്കുക, ഒരു മൂക്കിലൂടെ ശ്വസിക്കുക, ശ്വാസം വലിച്ച ശേഷം ചുമച്ചു കമിഴ്ന്നു കിടക്കുക, യോഗ ചെയ്യുക, കൊറോണില്‍ കുടിക്കുക ഇങ്ങനെ ആയിരക്കണക്കിന് ഒറ്റമൂലികള്‍ ആണ് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികള്‍ വഴി കറങ്ങി എത്തിയത്. ഇതൊക്കെ വിശ്വസിച്ച പലരും ഇന്ന് പരലോകത്തില്‍ ഹൂറികളോടൊപ്പം മദ്യപുഴയില്‍ നീന്തി കുളിക്കുകയാണ്. മൂന്നാറില്‍ ധ്യാനം കൂടിയ കുറച്ചുപേര്‍ അബ്രഹാമിന്റെ മടിയിലും, കുംഭമേളയില്‍ പങ്കെടുത്ത വേറെ കുറച്ചുപേര്‍ അടുത്ത ജന്മത്തില്‍ നായായും നരിയായും ജനിക്കാന്‍ കാത്തുനില്‍ക്കുന്നു.

ആധുനിക ശാസ്ത്രം അന്നും ഇന്നും പറയുന്നത് ഇതിന് കൃത്യമായ ഒരു ചികിത്സയില്ല. പക്ഷേ പ്രതിരോധമാര്‍ഗങ്ങള്‍ ഉണ്ട്. മാസ്‌ക് ഉപയോഗിക്കുക, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക, ആള്‍അകലം പാലിക്കുക എന്നീ കാര്യങ്ങളിലൂടെ രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കാം എന്നീ കാര്യങ്ങള്‍ അവര്‍ ജനങ്ങളോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു. ഇനി രോഗം വന്നാല്‍ അതിനെ എങ്ങനെ മാനേജ് ചെയ്യാം എന്ന നിലയിലും ശാസ്ത്രത്തിന് വ്യക്തമായ ഉത്തരം ഉണ്ട്.

അപ്പോഴെല്ലാം ഉയര്‍ന്നുകേട്ട മറ്റൊരു ചോദ്യം ശാസ്ത്രം ഇത്ര വലിയ സംഗതിയാണ് എങ്കില്‍ എന്തുകൊണ്ട് വാക്‌സിന്‍ ഉണ്ടാക്കുന്നില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ അല്ല അതിനേക്കാള്‍ വേഗതയിലാണ് വാക്‌സിനു വേണ്ടിയുള്ള കഠിന ശ്രമങ്ങള്‍ മുന്നോട്ടു പോയത്. ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ നിര്‍മ്മിച്ചു. എല്ലാ കാലവും ശാസ്ത്രം നേരിടുന്ന വെല്ലുവിളി കപടശാസ്ത്രത്തിന്റെ ഭാഗത്തുനിന്നുമാണ്. കൊറോണ എന്ന ഒരു രോഗമേ ഇല്ല; അത് ഒരു ആഗോള തട്ടിപ്പ് ആണ് എന്ന് പറഞ്ഞു നടന്ന കൂട്ടര്‍ പിന്നീട് രോഗമുണ്ട് വൈറസ് ഇല്ല എന്ന് മാറ്റി പറഞ്ഞു. വൈറസ് ഇല്ല എന്ന് പറഞ്ഞവര്‍ വൈറസിനെ കണ്ടിട്ടില്ല എന്ന് മാത്രമേ പറഞ്ഞുള്ളൂ എന്ന് വീണ്ടും മാറ്റിപ്പറഞ്ഞു. കപടശാസ്ത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ മാറ്റിപ്പറയല്‍ ഒരു വിഷയമല്ല.

https://www.facebook.com/bindhu.ammini/posts/2241001106037096

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്. പക്ഷേ അതിന്റെ ഗ്രാവിറ്റി വ്യത്യാസമുണ്ട്. സമൂഹത്തില്‍ നാലുപേര്‍ അറിയപ്പെടുന്ന ആളുകള്‍ ഇത്തരം വിഡ്ഢിത്തം പറയുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന ദോഷങ്ങള്‍ വളരെയേറെയാണ്. അതുകൊണ്ട് അതിനെ എതിര്‍ക്കേണ്ടതുണ്ട്. കേരളത്തിലെ സാമൂഹ്യ രംഗത്ത് പുരോഗമനപരമായ ഒരുകാര്യം ചെയ്തതിലൂടെ പ്രശസ്തയായ വ്യക്തിയാണ് ബിന്ദു അമ്മിണി. സ്ത്രീ പക്ഷത്തു നിന്നും ഇത്ര ശക്തമായി ആ ഒരു വിഷയത്തെ നേരിട്ട ബിന്ദു അമ്മിണിയെ ആ തരത്തില്‍ അഭിനന്ദിക്കുന്നു. പക്ഷേ ഇപ്പോള്‍ ബിന്ദു ചെയ്യുന്നത് തീ കൊണ്ടുള്ള കളിയാണ്.

ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍ , വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് എതിരെയും നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ക്ക് ഈ സമൂഹം നല്‍കിയ അംഗീകാരത്തിന്റെ കൂടി പിന്‍ബലത്തോടെയാണ്. വ്യക്തിസ്വാതന്ത്ര്യം എന്ന നിലയില്‍ നിങ്ങള്‍ ഈ കാണിക്കുന്നത് വളരെ മോശമാണ് എന്ന് പറയാതെ വയ്യ. മിസ് ബിന്ദു അമ്മിണീ, നിങ്ങള്‍ ഇതുവഴി പരിഹസിക്കുന്നത് ഈ രോഗവ്യാപനം തടയാന്‍ വേണ്ടി രാപകല്‍ അദ്ധ്വാനിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും, പോലീസിനെയും, സന്നദ്ധ പ്രവര്‍ത്തകരെയും, രാഷ്ട്രീയ പ്രവര്‍ത്തകരെയും ഒക്കെയാണ്. നിങ്ങള്‍ക്ക് അറിവും ബോധവും ഉള്ള മേഖലകള്‍ ഉണ്ടാവാം. അവിടെ പ്രവര്‍ത്തിക്കൂ. ആരോഗ്യ കാര്യങ്ങള്‍ അതാത് രംഗത്തെ വിദഗ്ധര്‍ പറയട്ടെ.


Leave a Reply

Your email address will not be published. Required fields are marked *