മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നത് അപകടകരമായ അന്ധവിശ്വാസമാണ്; നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക; സി രവിചന്ദ്രന്‍ എഴുതുന്നു – നേര്‍ച്ചക്കോഴികള്‍


നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവിലില്‍ എല്ലുവിള നവീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്. ബാങ്കില്‍ അസി. മാനേജര്‍ തസ്തികയില്‍ ജോലിക്ക് കയറാന്‍ തക്ക ശേഷിയുള്ള ഒരാളാണ് ജീവനൊടുക്കുയത് എന്നോര്‍ക്കണം. മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്ന അപകടരമായ അന്ധവിശ്വാസമാണ് ക്രൂരതകളുടെയും അനീതികളുടെയും മുഖ്യ സ്രോതസ്സുകളിലൊന്ന് – സി രവിചന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
നേര്‍ച്ചക്കോഴികള്‍

നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവിലില്‍ എല്ലുവിള നവീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്… (https://www.manoramanews.com/news/india/2020/10/31/youth-suicide-at-chennai.html). മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായിരുന്നു ഇയാള്‍. ജോലി ലഭിച്ചാല്‍ ജീവന്‍ നേര്‍ച്ച നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവത്തോട് വാഗ്ദാനം ചെയ്തെന്നും അതിപ്പോള്‍ നിറവേറ്റുകയാണെന്നുമായിരുന്നു മൃതദേഹത്തോടൊപ്പം കണ്ട മരണക്കുറിപ്പില്‍…

How sad! ബാങ്കില്‍ അസി മാനേജര്‍ തസ്തികയില്‍ ജോലിക്ക് കയറാന്‍ തക്ക ശേഷിയുള്ള ഒരാള്‍! തീര്‍ച്ചയായും നേര്‍ച്ച സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടാവില്ല അയാള്‍ ജോലി നേടിയത്.  വാര്‍ത്ത അവിശ്വസനീയമായി തോന്നുന്നുവോ? തോന്നാം. സമൂഹത്തില്‍ എത്രയോ വിശ്വാസികള്‍, എത്രയോ പേര്‍ നേര്‍ച്ച നേരുന്നുണ്ട്!  പലരും നേര്‍ച്ചയ്ക്ക് പ്രതിഫലം കിട്ടിയതായി സങ്കല്‍പ്പിക്കുകയും കൂടുതല്‍ നേരുകയും ചെയ്യാറുണ്ട്. സ്വന്തം അത്യാഗ്രഹം തന്നോട് തന്നെ പിറുപിറുക്കുന്നു എന്നല്ലാതെ വിശേഷിച്ച് ഗുണമൊന്നും അവിടെയില്ല. പക്ഷെ നഷ്ടമോ? ചിലപ്പോള്‍ സ്വന്തം ജീവന്‍വരെയാകാം. അല്ലെങ്കില്‍ മതകഥയിലെ പോലെ സ്വന്തം മകന്റെ ജീവന്‍!

നേര്‍ച്ച തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും സ്വന്തം ജീവന്‍ നേര്‍ച്ചയായി വാഗ്ദാനം ചെയ്യാറില്ല. ഏകലവ്യന്‍ പെരുവിരല്‍ കൊടുത്തത് ദ്രോണര്‍ ചോദിച്ചതുകൊണ്ടാണെന്ന് കഥയുണ്ട്. ഇവിടെ നേര്‍ച്ച സ്വീകരിച്ചുവെന്ന് കരുതപെടുന്ന സാങ്കല്‍പ്പിക കഥാപാത്രം ജീവന്‍ ചോദിച്ചോ എന്ന മണ്ടന്‍ ചോദ്യം ചോദിക്കുന്നില്ല. പക്ഷെ കുറഞ്ഞപക്ഷം ജീവന്‍ നല്‍കാതെ ദൈവം പ്രസാദിക്കില്ലെന്ന ബോധ്യം നവീന്റെ വിശ്വാസിമസ്തിഷ്‌കത്തിന് ഉണ്ടായിരുന്നു. ഇയാളെ പരിഹസിക്കുകയും ഞെട്ടല്‍ രേഖപെടുത്തുകയും ചെയ്യുന്നവരില്‍ ഭൂരിപക്ഷവും സമാനമായ പലതും സ്വന്തം ജീവിതത്തില്‍ കാട്ടിക്കൂട്ടുന്നവര്‍ തന്നെയാണ്. എങ്കിലും ജീവന്‍ നേര്‍ച്ചയായി നല്‍കാനുള്ള യുക്തിരാഹിത്യം തങ്ങള്‍ കാട്ടിയില്ലല്ലോ എന്നാവും അവരുടെ മറുചോദ്യം. മതബാധയെ അതിജീവിച്ച ബാക്കി വന്ന യുക്തിബോധമാണ് ഓരോ വിശ്വാസിയുടെയും അതിജീവനം ഉറപ്പാക്കുന്നത്. മതം നേര്‍പ്പിച്ചും ഇല്ലാതെയും ജീവിക്കാം, പക്ഷെ യുക്തിബോധം വെടിഞ്ഞാല്‍ ടയറ് പൊട്ടും.

ഇത് നവീന്റെ ആദ്യത്തെ നേര്‍ച്ചയാകാന്‍ സാധ്യതയില്ല. ഈ അവസ്ഥയിലേക്ക് മൂക്കുന്നതിന് മുമ്പ് മറ്റ് പല നേര്‍ച്ചകളും നടത്തിയിട്ടുണ്ടാവാം. മദ്യപാനം പോലെ വളരെ ചെറിയ നിരക്കിലാവും തുടങ്ങിയിട്ടുണ്ടാവുക. പിന്നെ ക്രമേണ ഡോസ് കൂട്ടേണ്ടിവന്നു. മതവിശ്വാസം എന്ന മനോരോഗത്തിന്റെ ഭേദപെട്ട അവസ്ഥകളാണ് മനുഷ്യരെ സാധാരണക്കാരെപോലെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതായത് വെള്ളമൊഴിച്ച വിശ്വാസം അഥവാ താങ്ങാനാവുന്ന അന്ധവിശ്വാസം. അവിടെ കൈവിട്ട കളിയില്ല. പ്രമേഹത്തിന്റെ കാര്യത്തിലെന്നപോലെ ജീവിതകാലം മുഴുവന്‍ രോഗനിയന്ത്രണം ഉണ്ടാവും. രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും വിശ്വാസശുദ്ധി ആര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ നരഹത്യയൊക്കെ കുട്ടിക്കളിയായി മാറും. ഒന്നുകില്‍ സ്വയംകൊല്ലും, അല്ലെങ്കില്‍ അന്യന്റെ കഴുത്ത് കണ്ടിക്കും. രണ്ടും അവനില്‍ നിറയ്ക്കുന്നത് മതനിര്‍വൃതിയാണ്, സായൂജ്യമാണ്.

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്ന അപകടകരമായ അന്ധവിശ്വാസമാണ് ക്രൂരതകളുടെയും അനീതികളുടെയും മുഖ്യ സ്രോതസ്സുകളിലൊന്ന്. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിച്ച് പറയാറുണ്ട്. എന്തോ വ്യത്യാസമുണ്ടെന്നും വിലയിരുത്താറുണ്ട്. ആ വ്യത്യാസം ഇല്ലാതാക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് മതവും അനുബന്ധവിശ്വാസങ്ങളും. കുറഞ്ഞപക്ഷം രോഗനിയന്ത്രണമെങ്കിലും സാധ്യമായില്ലെങ്കില്‍ ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യന്‍ സ്വയം പരാജയപെടുത്തും.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *